മൃണാളിനിയുടെ കഥ, താരയുടേയും

‘മനസ്സിനുള്ളിൽ ഒളിച്ചുവച്ചിരുന്ന തെളിനീരുറവയെ ഞാനിതാ തുറന്നുവിടുന്നു. കുണുങ്ങിച്ചിരിച്ചുകൊണ്ട്‌ എന്റെ കൊച്ചരുവി നിങ്ങൾക്കരികിലും ഒഴുകിയെത്തും. കൈക്കുമ്പിളിൽ കോരിയെടുത്ത്‌ ആ മധുരവും കയ്‌പും നിങ്ങളും നുകരില്ലെ?“

വായനക്കാരുടെ സ്‌നേഹസന്ദേശങ്ങൾക്ക്‌ താര ഒരുക്കിവച്ചിരുന്ന ആ മറുപടി വിഷ്‌ണുദാസ്‌ പലവട്ടം വായിച്ചു. ’കൊള്ളാം കൊള്ളാം പെണ്ണേ…. ഈ അരുവിയിങ്ങനെ ഒഴുകിതുടങ്ങിയാലെയ്‌….. എനിക്കാ ഇവിടെ വെള്ളം കിട്ടാതാവുന്നെ. കുറേ നേരമായി കീബോർഡുമായ്‌ ഞാൻ ഗുസ്‌തി തുടങ്ങിയിട്ട്‌. കഥയുടെ കൂടെ നീ ഈമെയിൽ വിലാസം വച്ചതു പാരയായത്‌ ഈ പാവം പ്രിയതമനാ… നിന്റെ പേഴ്‌സണൽ ഈമെയിൽ വായിച്ച്‌ റിപ്ലൈ ചെയ്യണ്ട ജോലി കൂടി ഇപ്പൊ എനിക്കല്ലെ! എന്തു ചെയ്യാം…. വ്യവസായ വകുപ്പ്‌ സെക്രട്ടറി താരാറാണി ഐ.എ. എസിന്റെ ഭർത്താവായ്‌ പോയില്ലെ ഈ പാവം കോളജ്‌ അധ്യാപകൻ. വിഷ്‌ണു മനസ്സില്‌ പരിഭവം പറഞ്ഞു. ഉണ്ണി ഉണർന്ന്‌ കരയാതിരൂന്നാൽ മതി. താര വരാൻ ഇന്നും ലേറ്റാവുന്ന ലക്ഷണാ. അമ്മ ഐ.എ.എസുകാരിയാ. അമ്മക്ക്‌ വല്യ ഉത്തരവാദിത്വങ്ങളുണ്ട്‌ എന്നൊക്കെ ഉണ്ണിക്ക്‌ അറിയില്ലല്ലൊ.!

ഇൻബോക്‌സിലെ മൂന്നമത്തെ കത്താണ്‌ തുറക്കാൻ പോകുന്നത്‌. തുറന്നു വായിച്ച രണ്ടെണ്ണത്തിലും താരയുടെ പുതിയ കഥയെക്കുറിച്ചുള്ള അഭിപ്രായങ്ങളായിരുന്നു. ഒന്നാമത്‌ സ്‌പർശിച്ചത്‌ കൊച്ചുകേരളത്തിന്റെ ഇമ്മിണി ബലിയ ദുഃഖങ്ങളാണ്‌.

”കൊച്ചുകൊച്ചു കാര്യങ്ങളുടെ തമ്പുരാട്ടി, എവിടേക്കാണ്‌ ഈ ഗ്ലിസറിൻ പുരട്ടിയ കണ്ണുനീര്‌ തൂവുന്നത്‌? കുഞ്ഞുങ്ങളുടെ പശിയകറ്റാൻ പച്ചമാംസത്തിനു വിലപേശുന്ന പാവം സ്‌ത്രീജന്മങ്ങളുടെ ഇടയിലേക്കോ? മണ്ണുചതിക്കുമ്പോൾ കടക്കെണിയുടെ കയറിൽ സ്വയം കുരുങ്ങുന്ന പട്ടിണിപരിഷകളുടെ ഇടയിലേക്കൊ? അതൊ ഒരു കൂട്ടം രോഗങ്ങളും സീറൊ ബാങ്ക്‌ ബാലൻസും പേറുന്ന ലഗേജുമായ്‌ വിമാനമിറങ്ങിയ പീഢിത പ്രവാസിയുടെ ഇടയിലേക്കൊ? – വായനക്കാരന്റെ യുവചേതന അങ്ങനെ തിളക്കുകയാണ്‌. താരയുടെ കഥയിലെ പെൺദുഃഖങ്ങൾ ഗ്ലിസറിൻ പുരട്ടിയ കണ്ണുനീരാണത്രെ! ഒരു കഥയെഴുതിപോയാൽ എന്തിനൊക്കെ മറുപടി പറയണം! എഴുത്തുകാരികൾ എന്തെഴുതിയാലും അത്‌ സ്വന്തം കഥയാണൊ എന്നാണ്‌ ചില വായനക്കാർക്ക്‌ ആദ്യസംശയം എന്നാ താര പറയാറുള്ളത്‌. എഴുത്തുകാരന്‌ എന്തുമെഴുതാം. പെണ്ണ്‌ എഴുതുമ്പോളാ പ്രശ്‌നം.!

ഒന്നാമന്റെ വിമർശനങ്ങൾക്ക്‌ തെല്ല്‌ ആശ്വാസമേകാൻ രണ്ടാമന്റെ മെസേജിൽ ഒരു സമാനഹൃദയത്തിന്റെ സ്‌പന്ദനം…. ‘ കരയുന്ന കുഞ്ഞിനു അമ്മിഞ്ഞ നിഷേധിക്കപ്പെടും പോലെ… ആത്മാവിനു നഷ്‌ടമായ എന്തോ.. എവിടെയോ….“ റിപ്ലൈ ഐകണിലേക്ക്‌ നിരങ്ങി നീങ്ങിയ ംസ്‌ അതിനു മറുപടി കുറിച്ചു. ”കാലമെത്ര കൊഴിഞ്ഞു വീണാലും പാർശ്വവൽകൃതരുടെ നൊമ്പരം എന്നും പച്ചയായ്‌ തന്നെ നിൽക്കുകയല്ലെ, സഹൃദയാ’.

മൂന്നാമത്തെ മെസേജ്‌ കണ്ടെടുക്കുമ്പോൾ എലി ഒന്നു വിറച്ചുവോ ആ തണുത്ത സന്ധ്യയിലും വിഷ്‌ണുദാസ്‌ വിയർക്കുവാൻ തുടങ്ങി…. ‘ഇത്‌ അയാൾ തന്നെയാ…. അതെ അയാൾ തന്നെയാ…. അയാൾ എഴുതിയിരിക്കുന്നതു കണ്ടില്ലേ…. “ ഏതു തൂലികപേരിൽ ഒളിച്ചിരുന്നാലും നിന്നെ ഞാൻ തിരിച്ചറിയും…. പിന്നെ… എനിക്കെതിരെയുള്ള ഉണ്ണിയാർച്ചയുടെ അങ്കപ്പുറപ്പാടാണ്‌ ഇതെങ്കിൽ… ഓർത്തോളൂ… വച്ചേക്കില്ല ഞാൻ….” എന്ന്‌ നിന്റെ പഴയ രവി.

വിഷ്‌ണുവിന്റെ ചിന്തകളിൽ ഒരു നടുക്കം പടർന്നുകയറി. “ എന്താ…. എന്താ എന്റെ പെണ്ണേ നീ എഴുതിയിരിക്കുന്നെ? അയാളെ ശുണ്‌ഠി പിടിപ്പിക്കാൻ? വിഷ്‌ണുദാസ്‌ ബുക്ക്‌ ഷെൽഫിൽ നിന്നും ആ വാരിക തപ്പിയെടുത്തു. താര ഒതുക്കി വച്ചിരുന്ന പുസ്‌തകങ്ങളെല്ലാം അയാളുടെ കൈതട്ടി തറയില്‌ വീണതൊന്നും അയാൾ അറിഞ്ഞതേയില്ല. രവിയെ ചൊടിപ്പിച്ച താരയുടെ അക്ഷരങ്ങളിലൂടെ അയാൾ യാത്ര തുടങ്ങി…. മൃണാളിനിയുടെ കഥയിലൂടെ…

ഭാഗം ഒന്ന്‌ – ഞാൻ മൃണാളിനി

ആരാണ്‌ അടുക്കള വാതിലിലൂടെ എത്തി നോക്കുന്നത്‌? അകത്തേക്കു വരൂ … നിങ്ങൾക്ക്‌ എന്റെ ലോകത്തിലേക്ക്‌ സ്വാഗതം. ഞാൻ മൃണാളിനി…. ഒത്തിരി വലിയ സ്വപ്‌നങ്ങൾ കണ്ട കൗമാരം പിന്നിട്ടു വന്നവൾ….. പ്രസിദ്ധ സാഹിത്യകാരൻ രവീന്ദ്രനാഥിന്റെ കൂട്ടുകാരി. രവീന്ദ്രനാഥിന്റെ പത്‌നി എന്ന പദം ഒഴിവാക്കിയത്‌ മനഃപൂർവമാണ്‌ട്ടൊ. കാരണം അതു തെളിയിക്കാൻ എന്റെ കൈയിൽ രേഖകളൊന്നുമില്ല.

ഇതാണെന്റെ ലോകം. ഈ പാത്രങ്ങളും പച്ചക്കറികളും നീറുന്ന കുറെ മസാലപ്പൊടികളും ഒക്കെയാണെന്റെ കൂട്ടുകാർ ഇതാ.. ഈ അടുപ്പിൽ വേവുന്നത്‌ എല്ലാവർക്കുമുള്ള വിഭവങ്ങളാണ്‌. ഒപ്പം എന്റെ കിനാവുകളും…..! എന്റെ കിനാവുകളൊക്കെ എന്നേ പൊലിഞ്ഞു കഴിഞ്ഞു! മാർഗം തെറ്റിയപ്പോൾ ലക്ഷ്യവും അകലെയായി എന്നു പറഞ്ഞാൽ മതിയല്ലൊ. പക്ഷിക്കൊപ്പം പറന്നുയരാൻ കൊതിച്ചതുകൊണ്ട്‌ മാത്രം കാര്യമില്ലല്ലൊ. മനസ്സുണ്ടെങ്കിൽ മാർഗവുമുണ്ട്‌ എന്നൊക്കെ പറയുന്നതു വെറുതെയാണെട്ടോ. ചുറ്റുമുള്ളവക്കെല്ലാം നേരെ കണ്ണടച്ച്‌ ലക്ഷ്യത്തിലേക്ക്‌ കുതിക്കാൻ കഴിയണ്ടെ…..! ആ കുതിപ്പില്‌ പ്രിയതരമായ പലരും ത്യജിക്കേണ്ടി വരും എന്നറിയുമ്പോൾ ആശക്കിളിയുടെ ചിറകെടുക്കുവാൻ നാം നിർബന്ധിതരാവും. അല്ലെ?

എന്റെ വേദാന്തം കേട്ട്‌ ബോറടിച്ചൊ? ദാ….എണ്ണയിലിട്ട എന്റെ കട്‌ലെറ്റും കരിഞ്ഞുട്ടൊ! ഇതിലെ ചേരുവുകൾ അറിയണൊ നിങ്ങൾക്ക്‌? പറയാം…. എഴുതപ്പെടാതെ പോയ ഏതേതൊ കഥകളിൽ പിറവികൊടുക്കുവാൻ ഞാൻ കാത്തുവച്ച കഥാപാത്രങ്ങളുടെ മാംസരക്തങ്ങൾ…. പിന്നെ, വരാനിരിക്കുന്ന ശാസ്‌ത്രനേട്ടങ്ങൾക്കായ്‌ മാറ്റിവച്ചിരുന്ന മൃണാളിനി എന്ന മിടുക്കിയായ വിദ്യാർത്ഥിനിയുടെ തലച്ചോറ്‌…. എന്താ…നിങ്ങള്‌ നടുങ്ങുകയാണൊ? ആ നടുക്കമകറ്റാൻ ഞാൻ ചിരിക്കാം…. കൈകളിൽ കിലുങ്ങുന്ന സ്‌പൂണിനും ഫോർക്കിനുമൊപ്പം ഉയരട്ടെ നഷ്‌ടവർഗ്ഗങ്ങളുടെ ഈ മണികിലുക്കം. ഏതോ മാധവിക്കുട്ടി കഥയിൽ നിന്നും ഇറങ്ങിപ്പോന്ന അസംതൃപ്‌തയായ ഭാര്യാമണിയുടെ പ്രേതമാണ്‌ ഞാൻ എന്നു ധരിക്കല്ലെ കൂട്ടരെ. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇരുളടഞ്ഞ ചില ഫ്ലാറ്റ്‌ മുറികളിൽ നിങ്ങൾക്കെന്നെ കണ്ടെത്താം.

അതെയ്‌, കൂടും കിളിക്കുഞ്ഞുങ്ങളും മാത്രമായിരിക്കണം കിളിപ്പെണ്ണിന്റെ ലോകം എന്നു കരുതുന്ന ആളാണൊ നിങ്ങൾ? എങ്കിൽ ഒന്നു ചോദിച്ചോട്ടേ, സർഗപ്രവാഹത്തെ അണകെട്ടി നിർത്തി ടറൈബൻ കറക്കിയാൽ കുടുംബത്തിൽ വെളിച്ചമെത്തുമൊ? കിടപ്പുമുറിയിലെ ഡിം ലൈറ്റ്‌ പോലും തെളിഞ്ഞെന്നു വരില്ല. സത്യമല്ലെ? നിങ്ങൾ മേല്‌പറഞ്ഞ വകുപ്പിൽ പെടുന്നയാൾ അല്ലെങ്കിൽ സാദരം ക്ഷമിക്കുക. എന്റെ ചോദ്യരശ്‌മി ഇനിയും വെളിച്ചമെത്താത്ത മനസ്സുകളിലേക്ക്‌ മാത്രം കടന്നു പോകട്ടെ.

നിങ്ങൾക്കറിയുമൊ, എന്റെ വയറിനുള്ളിൽ ഇക്കിളിയാക്കി ചവിട്ടി രസിക്കുന്നുണ്ട്‌ രണ്ടു കുഞ്ഞിക്കാലുകൾ. സ്വപ്‌നത്തിൽ വന്ന്‌ അവന്റെ പാൽചുണ്ടുകൾ എന്റെ കണ്ണീരൊപ്പുമ്പോൾ ഞാൻ സങ്കടങ്ങൾ മറക്കുന്നു. എല്ലാം മറക്കുന്നു. എന്റെ ഉണ്ണിയെ പിറക്കാനും കൂടി അയാൾ അനുവദിക്കുമോന്ന്‌ അറിയില്ല…. എനിക്കറിയില്ല. അയ്യൊ… അദ്ദേഹമെത്താൻ നേരമായ്‌… ബാക്കി കഥകൾ പിന്നെ പറയാം. അദ്ദേഹത്തിനു പറയാനുണ്ടാവും ഞങ്ങളുടെ കഥ. മറക്കല്ലെ, സ്‌ത്രീ സ്വാതന്ത്ര്യത്തിന്റെ കാഹളമൂതുന്ന എഴുത്തുകാരനാണ്‌ അദ്ദേഹം! പിന്നെ, നല്ല ലഹരിയിൽ ആണെങ്കിൽ, സ്‌ത്രീ ശരീരത്തിന്റെ അനന്തസാധ്യതകളെ പറ്റി പരമരഹസ്യമായ്‌ ഒരു ക്ലാസെടുത്തു തരാനും മടിക്കില്ല അദ്ദേഹം.

ഭാഗം രണ്ട്‌ – രവീന്ദ്രനാഥിനു പറയാനുള്ളത്‌.

(തോളിൽ തൂങ്ങിയ സഞ്ചി ഒരു മൂലയിലേക്ക്‌ വലിച്ചെറിഞ്ഞ്‌, ഉള്ളിൽ പതയുന്ന ലഹരിയിൽ വേച്ച്‌ വേച്ച്‌ അയാൾ ചാരുകസേരയിലേക്ക്‌…. കണ്ടാലറിയാം, ആൾ ബുദ്ധിജീവിയാണ്‌).

വായനക്കാരാ, നിങ്ങൾ എന്താണെന്നെ തുറിച്ച്‌ നോക്കുന്നത്‌? ഞാൻ രവീന്ദ്രനാഥ്‌. അറിയാമല്ലൊ എന്നെ നിങ്ങൾക്ക്‌. എങ്ങനെ അറിയാതിരിക്കും. അല്ലെ? എന്റെ കഥാപാത്രങ്ങളെ കാമ്പസുകളിലും കഥയരങ്ങുകളിലും വീരപരിവേഷം ചാർത്തി ആടിച്ചതല്ലെ നിങ്ങൾ, നിങ്ങളുടെ സിരകളിൽ അഗ്നിയായ്‌ പടർന്നതല്ലെ എന്റെ ആദർശ സങ്കല്‌പ ജാലങ്ങൾ. എന്റെ സഖി നിങ്ങളോട്‌ വല്ലതും പറഞ്ഞുവോ? പറഞ്ഞു കാണും. അതൊന്നും കാര്യമാക്കണ്ടാട്ടൊ. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത പെണ്ണാണവൾ. അവൾ പറയുന്നത്‌ കേൾക്കണൊ – യുവതലമുറയെ വഴി തെറ്റിക്കുന്ന ആഭാസന്‌മാരാണു പോലും എന്റെ കഥാപാത്രങ്ങൾ. എന്റെ തൂലികതുമ്പിൽ വിടർന്ന വിസ്‌മയങ്ങളിലൂടെ പാറിപറന്ന്‌, ഒരു താലിചരടിന്റെ സുരക്ഷിതത്വം പോലും ആവശ്യപ്പെടാതെ എന്റെ പിന്നാലെ വന്നവളാണ്‌ അവൾ. എന്നിട്ടിപ്പോൾ ഞാൻ കൊള്ളരുതാത്തവൻ.

എന്റെ ഭാവനയെ തഴുകിയുണർത്തേണ്ടവൾ പറയുന്ന കേട്ടില്ലെ – എന്റെ അക്ഷരങ്ങളുടെ ചൂടിൽ വെന്തെരിഞ്ഞത്‌ ആയിരമായിരം അച്ഛനമ്മമാരുടെ പ്രതീക്ഷകളാണെന്ന്‌ – ഞാൻ പകരുന്ന വിപ്ലവവും പ്രണയവും നിരർത്ഥകജീവിതത്തിന്റെ വിത്ത്‌ വിതക്കുകയാണെന്ന്‌ – സമൂഹ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ഹിമപാതകളാണു പോലും എന്റെ കഥകളുടെ നടക്കാവ്‌. പച്ചമലയാളത്തിൽ പറഞ്ഞാൽ ഞാൻ ഒരു സാമൂഹ്യദ്രോഹിയാന്നാ അവൾ പറയുന്നെ.

നിങ്ങൾക്ക്‌ കേൾക്കണോ. ഇന്നു ഞാനിത്തിരി ഓവറാ. കാര്യമെന്തന്നൊ? ഇന്നലെ രാത്രി ഞാൻ കാത്തിരുന്നു. അവളുടെ സുഗന്ധത്തിൽ എന്റെ ഭാരങ്ങൾ അലിയിക്കാൻ. അപ്പോൾ അവൾ കൊഞ്ചിയതെന്തെന്നോ? രവിയേട്ടന്‌ വേഗം ഒരു താരാട്ടു മൂളാൻ പഠിച്ചോളൂന്ന്‌. അവൾ അമ്മയാകാൻ പോകുന്നത്രെ! മണ്ണാങ്കട്ട. അവൾക്കു പറയാൻ കണ്ട ഒരു സുവിശേഷം! ഇതൊക്കെ കേട്ട്‌ അവളെ വാരി പുണരാനേ, ഞാൻ ഒരു ചോകളേറ്റ്‌ നായകനൊന്നുമല്ല. ആ നാശം ഇപ്പോൾ വേണ്ടാന്ന്‌ ഞാൻ പലകുറി പറഞ്ഞതാ. കേൾക്കണ്ടെ. മഹതി. പിന്നെ അവൾക്ക്‌ ഒറ്റപ്പെടലാ പോലും ഇവിടെ മേ…. മേ….. ന്ന്‌ കരയണ ഒരു സാധനമുണ്ടായാല്‌ അവൾക്ക്‌ കൂട്ടാകും പോലും. നിങ്ങൾ തന്നെ പറ. എന്താ അവൾക്കിവിടെ ഒരു കുറവ്‌…. ഇഷ്‌ടപ്പെട്ട ഭക്ഷണങ്ങൾ… ഒരു പാട്‌ വസ്‌ത്രങ്ങൾ… ആഭരണങ്ങൾ.. അല്ല.. രണ്ടു മനുഷ്യന്മാരുടെ മുൻപിൽ ഞാനല്ലെ കൊണ്ടു നടക്കേണ്ടത്‌. അതുകൊണ്ട്‌ എല്ലാം മുറപോലെ ഞാൻ ചെയ്യുന്നില്ലെ. പിന്നെ അവളോട്‌ സാഹിത്യമൊന്നും വേണ്ടാന്നു പറഞ്ഞു. അതുപിന്നെ… ഇവളൊക്കെ എഴുതാൻ തുടങ്ങിയാൽ പെണ്ണെഴുത്തെന്നും പറഞ്ഞ്‌ ഓരോന്ന്‌ എഴുതി തുടങ്ങിയാൽ…. പിന്നെ അഭിമാനമുള്ള ആണുങ്ങൾ തലയിൽ മുണ്ടുമിട്ട്‌ നടക്കേണ്ടിവരും….. നിങ്ങൾക്കറിയുവൊ? പിന്നെ കുഞ്ഞിന്റെ കാര്യം… ഈ ബേബിഫുഡ്‌ സോപ്പ്‌ പൗഡറ്‌ ഇതൊന്നും എന്റെ ബഡ്‌ജറ്റിൽ ഒതുങ്ങില്ല കൂട്ടരെ. ഞാൻ ഒരു പാവം അക്ഷരതൊഴിലാളിയല്ലെ.

എന്റെ തിരക്കഥയിൽ പിറവിയെടുക്കാൻ പോകുന്ന പുതിയ സിനിമ മാത്രമാണ്‌ ഇപ്പോൾ എന്റെ സ്വപ്‌നം. അജിത്‌കൗറിന്റെ കൂപ്പത്തൊട്ടിയെയും അതിശയിക്കുന്ന എന്റെ കഥയിലെ നായികയെനിങ്ങളും നെഞ്ചിലേറ്റും. ങാ… അതിനിടയിലാ…. ഈ മൃണാളിനി തമ്പുരാട്ടിയുടെ ഒരു… ഒരു…. എന്താ പറയുക… അവൾ ഒട്ടും പ്രാക്‌ടിക്കല്‌ അല്ലാന്നെയ്‌. ഞങ്ങൾ തമ്മിൽ ചേരില്ലാന്ന്‌ ഒരു നൂറു വട്ടം പറഞ്ഞതാ. മനസ്സുകൊണ്ട്‌ ചേരാത്തവർ ഒരുമിച്ച്‌ ജീവിക്കണൊ? പക്ഷെ, ഒഴിഞ്ഞു തരേണ്ടേ ഈ നാരീരത്നം. അടിച്ചിറക്കാനും വയ്യല്ലൊ. ഗാർഹികപീഢന നിരോധനനിയമം പല്ലിളിച്ച്‌ നിൽക്കുകയല്ലെ. മാത്രമല്ല സ്‌ത്രീ ദേവതയാന്ന്‌ വാതോരാതെ പ്രസംഗിക്കുന്ന ഒരു സാംസ്‌കാരികനായകൻ ആയ്‌ പൊയില്ലെ ഈ പാവം ഞാൻ….

അങ്ങനെ പെയ്‌തൊഴിഞ്ഞ്‌ അയാൾ….

ഭാഗം മൂന്ന്‌ – മഴ പിന്നെയും മഴ

അതൊരു കർക്കിടകരാവായിരുന്നു. തല്ലിയലച്ചു പെയ്യുന്ന ആകാശം. മഴ പിന്നെയും മഴ. കൊടുങ്കാറ്റിന്റെ താണ്ഡവത്തിൽ ഒടിഞ്ഞുവീഴുന്ന മരച്ചില്ലകൾ. നഗരവീഥിയുടെ വിജനതയിലൂടെ അവൾ തെന്നി നീങ്ങി. മുറിവുകൾ പേറുന്ന മനവും തനുവുമായ്‌ – മഴ അവൾക്കു മേൽ ആർത്തലച്ചു പെയ്‌തുകൊണ്ടേയിരുന്നു. വീടു വിട്ടിറങ്ങിയത്‌ തെറ്റായൊ? അല്ലെങ്കിൽ തന്റെ ജീവിതത്തിൽ തെറ്റെന്ത്‌ ശരിയെന്ത്‌? ഇനിയുമവിടെ നിന്നാൽ പിറക്കാത്ത ഉണ്ണിയെ കൂടി അയാൾ.. ആ ദുഷ്‌ടന്‌ അയാൾക്ക്‌ സ്‌ത്രീ ആസ്വദിക്കാൻ മാത്രമുള്ള സാധനമാ….. ഇരുട്ടിൽ ഒരു ലക്ഷ്യവുമില്ലാതെ അലയുമ്പോൾ കഴിഞ്ഞുപോയ മണിക്കൂറുകൾ വെറുപ്പായി അവളിൽ തികട്ടി വന്നു. ചന്ദ്രഗർത്തങ്ങളുടെ ആഴമളക്കുന്ന രവീന്ദ്രനാഥിന്റെ പ്രായോഗികതക്കുമുൻപിൽ എന്നെങ്കിലും നിലാവുദിക്കുമൊ? ഒരു പൂവിരിയും പോലെ ആസ്വദിക്കപ്പെടേണ്ട നിമിഷങ്ങൾ. മദ്യത്തിന്റെ ലഹരിയിൽ…. അയാളെന്നെ…. മൃഗം…. മൃഗമാണയാൾ…. കൃഷ്‌ണാ… തളർന്നു പോകുന്നു ഞാൻ….

വില്ലാളി വീരന്മാരായ കാന്തന്മാരുടെ മുന്നിൽ വച്ച്‌ അപമാനിതയായവർക്ക്‌ പുടവയുമായ്‌ വന്നവനെ, നീ എവിടെ….?… നീ എവിടേ…. കൃഷ്‌ണാ… വയ്യ… ഇനിയുമീ ജീവിതം…. എനിക്കു വയ്യ… വയ്യ….” അവളുടെ തേങ്ങലുകൾ മഴത്തുള്ളികൾ ഏറ്റുവാങ്ങി. തമസ്സിന്റെ തടാകത്തിൽ സൂര്യനുപേക്ഷിച്ച്‌ താമരകുമ്പിൾ… മൃണാളിനി. വാരികയിൽ താരയുടെ കഥയുടെ ഒന്നാം ലക്കം അങ്ങനെ അവസാനിക്കുകയാണ്‌. അയ്യൊ… താരാ… നീ ഇന്നെന്താ ഇത്ര വൈകുന്നെ… വിഷ്‌ണു വാരിക തിരികെ വച്ച്‌ ഉറങ്ങുന്ന ഉണ്ണിയെ നോക്കിയിരുന്നു. രവിയുടെ മെസേജിലെ ഭീഷിണിയുടെ സ്വരം ചുവരുകൾ പോലും ഏറ്റു ചൊല്ലുന്ന പോലെ അയാൾക്കു തോന്നി. വരൂ നമുക്ക്‌ താരയെ തേടിയിറങ്ങാം.

കഥാകാരിയിലേക്ക്‌

കോൺഫറൻസ്‌ പ്രതീക്ഷിച്ചതിലും നീണ്ടു പോയ്‌. പ്രസന്റേഷന്‌ അവസാന സ്‌റ്റേജിലെത്തിക്കഴിഞ്ഞു. പ്രോജ്‌ടിന്റെ ഭാരം പേറുന്ന കടലാസുകൾ ഒതുക്കി വക്കുമ്പോളാണ്‌ വിദഗ്‌ദ്ധ കമ്മിറ്റിയിൽ ഒരു യുവാംഗത്തിന്റെ സംശയം.

’മാഡം….. ഈ പ്രൊജക്‌റ്റ്‌ പ്ലാൻ ചെയ്‌തപോലെ നടക്കണമെങ്കിൽ വിഭവ സമാഹരണമാണല്ലൊ ആദ്യപടി. എൻ ആർ ഐ സിനെ കൂടുതൽ ഇൻവോൾവ്‌ ചെയ്യിക്കനല്ലെ പരിപാടി. ഇന്നത്തെ അവസ്‌ഥയിൽ അവര്‌ പണം മുടക്കാൻ മുന്നോട്ട്‌ വരുമൊ? ആ ചോദ്യം ഏത്‌ പരാജിതസംരംഭകന്റെയും സ്‌ഥിരം പല്ലവികളായ ട്രേഡ്‌ യൂണിയൻ പ്രശ്‌നങ്ങളിലേക്കും ഇന്ധനക്ഷാമത്തിലേക്കും നാട്ടിലെ വിദ്യാഭ്യാസ തൊഴിൽ പരിശീലന സംവിധാനങ്ങളുടെ പോരായമയിലേക്കും സാമ്പത്തികമാന്ദ്യത്തിലേക്കുമെല്ലാം ചർച്ചയുടെ ഗതി തിരിച്ച്‌ വിട്ടപ്പോൾ താര ഇടപെട്ടു. ‘ലുക്ക്‌ ജന്റിൽമാൻ… സാഹചര്യങ്ങളിൽ ഉടനടി ഒരു മാറ്റം അസാധ്യമാണ്‌. എന്നാൽ നാടിന്റെ നന്മക്കായ്‌ നമ്മുടെ വിഭവങ്ങളും സമ്പാദ്യങ്ങളും ഉപയോഗപ്പെടുത്തിയാലേ നമുക്ക്‌ പിടിച്ചു നിൽക്കാനാവൂ. ബാക്കി ചർച്ചകൾ കമ്മിറ്റിയംഗങ്ങൾക്ക്‌ വിട്ടുകൊടുത്ത്‌ താര എഴുന്നേറ്റു. തന്റെ കിളിക്കൂട്ടിലെ കലപിലശബ്‌ദങ്ങളിൽ ലയിക്കാൻ അവൾക്ക്‌ തിരക്കായി.

താര എത്തുമ്പോൾ ഉണ്ണി നല്ല ഉറക്കമാ. തൊട്ടിലിൽ നിന്നും പുറത്തേക്ക്‌ കിടന്ന കുഞ്ഞിക്കാലിൽ ഉമ്മവച്ചപ്പോൾ അവളുടെ മാറിൽ മാതൃത്വം വിങ്ങിയൊലിക്കാൻ തുടങ്ങി. ’പാവം കുട്ടി! കൊതി തിരും വരെ അമ്മിഞ്ഞ നുകരാൻ ഇവനാവുന്നില്ലല്ലൊ, മാഷെ അമ്മയുടെ ശബ്‌ദം കേട്ടപ്പോൾ ഉണ്ണി ഉറക്കത്തിൽ പുഞ്ചിരിച്ചു. മഞ്ഞു പെയ്യുന്ന ആ രാത്രിയിൽ അവരുടെ മാത്രമായ നിമിഷങ്ങളിൽ വിഷ്‌ണു അവളെ തന്നോടു ചേർത്തു. രവിയുടെ കാര്യം താരയോട്‌ എങ്ങനെ പറയും എന്ന ചിന്തയിലായിരുന്നു അപ്പോളയാൾ. സിഡി. പ്ലെയറിൽ ഭാർഗവിക്കുട്ടി പാടുകയാണ്‌…. ‘പൊട്ടാത്ത പൊന്നിൻ കിനാവുകൊണ്ടാരു, പട്ടുനൂലൂഞ്ഞാല്‌ കെട്ടീ ഞാൻ….’

അരണ്ടവെളിച്ചത്തിൽ വിഷ്‌ണു തപ്പിയെടുത്ത വാക്കുകൾ പാതിവഴിയിൽ നിന്നു വിറച്ചു. അവളുടെ കാതിൽ അതിമധുരമായി അയാൾ വിളിച്ചു. “താരാ…..” സുഖദമായ ഒരു ആലസ്യത്തിൽ അവൾ മൂളി…..“ ഉം എന്താ…. മാഷേ” ‘താര നീ ഇനിയത്‌….. ഇനിയത്‌ ബാക്കി എഴുതണ്ടാട്ടൊ. ആ കഥ…. മൃണാളിനിയുടെ കഥ…..’ അതുകേൾക്കെ താര പൊട്ടിച്ചിരിച്ചു…. ‘അപ്പോൾ ഇതു പറയാനായിരുന്നോടാ ഈ വിമ്മിഷ്‌ടം…..! ഞാൻ വന്നപ്പോളെ ശ്രദ്ധിച്ചതാ….. എന്റെ മാഷിനെന്തോ ഒരു മൂഡോഫ്‌….’ വിഷ്‌ണുവിനോട്‌ ചേർന്നിരുന്ന്‌ അവൾ പറഞ്ഞു. ‘നോക്കൂ മാഷെ മൃണാളിനിമാരെ ഇരുട്ടിൽ ഉപേക്ഷിക്കുന്നതാ നാട്ടുനടപ്പ്‌. വഴിതെറ്റിപ്പോയവൾ. പരിത്യക്‌തയായവൾ. കുറ്റങ്ങൾ എന്നും അവളുടേതുമാത്രം. ഏതു നീതി പീഠമുണ്ട്‌ അവൾക്ക്‌ വേണ്ടി വാദിക്കാൻ? കഥയിൽ എങ്കിലും ആ താമര പൊയ്‌കയിൽ പുതിയ പൂക്കൾ വിരിയട്ടെ മാഷെ. വിദ്യാസമ്പന്നയായ സ്‌ത്രീക്ക്‌ ഏകയായും പോരാടി മുന്നേറാൻ ആവുമെന്ന്‌ അവൾ തെളിയിക്കട്ടെ മാഷെ…..’ വിഷ്‌ണു അവളുടെ നെറുകയിൽ തലോടി. ‘ നിന്റെ ആവേശം എനിക്ക്‌ മനസ്സിലാവും കുട്ടീ. പക്ഷെ… നീ എഴുതുന്നത്‌ നിനക്ക്‌ വിനയായാൽ…. ഇനിയും എനിക്കു നിന്നെ നഷ്‌ടപ്പെടുമോന്ന്‌ – “ഈ മാഷിന്റെ ഒരു പേടി….” വീണ്ടും താര ചിരിച്ചു. ’ പോ പെണ്ണേ…. എനിക്ക്‌ പേടിയൊന്നുമില്ല. പക്ഷെ നിന്റെയീ സ്‌ത്രീപക്ഷ ചിന്ത ശുദ്ധ പൊട്ടത്തരമാ… നീ തന്നെ പറ…. ഏതു പൂവിനും പൂർണതയേകാൻ ചുംബിക്കാനണയുന്ന ശലഭവും വേണമെന്ന്‌ കവിപാടിയത്‌ ശരിയല്ലെ? നീയിപ്പോൾ നുകരുന്ന ഈ സ്‌നേഹസൗരഭ്യം, സുരക്ഷിതത്വം…. മൃണാളിനിയുടെ വിദൂരസ്വപ്‌നങ്ങളിൽ പോലും ഉണരില്ലാന്ന്‌ നിനക്ക്‌ പറയാനാവുമൊ? നീ സൃഷ്‌ടിക്കുന്ന കഥാപാത്രത്തിന്റെ മനസ്സും നിന്റെ കയ്യിൽ അല്ലെ താരെ. താരയും വിട്ടുകൊടുക്കാൻ തയ്യാറായില്ല. ‘ശരിയാ മാഷെ ഈശ്വരൻ പോലും പുരുഷന്റെ ഭാഗത്തായ്‌പോയ്‌. പൂർണ്ണതക്കു വേണ്ടിയുള്ള അടങ്ങാത്ത ദാഹം പെൺമനസ്സിൽ നിക്ഷേപിച്ച ദൈവം എത്ര സൂത്രശാലിയാ! അല്ലെങ്കിൽ; പണ്ടെ ഈ ലോകത്തിന്റെ മുഖഛായ തന്നെ മാറ്റിയേനെ പെണ്ണുങ്ങൾ. ഗിതാജ്ഞലിയിലെ ഒരു കാവ്യശകലമാണ്‌ ഉടൻ വിഷ്‌ണുവിന്റെ നാവിൽ എത്തിയത്‌. അയാൾ മൂളി.

’പഴകിയ നിങ്ങടെ വീണകമ്പികൾ

പാടെ നിങ്ങളഴിക്കൂ, ഈ വല്ലകിയൊന്നു പുതുക്കൂ….‘

ആ വാക്കുകളുടെ കുത്തൊഴുക്കിൽ പഴയ കുറേ ഓർമകളുടെ പെരുവെള്ളത്തിൽ ഒരു തേങ്ങലായ്‌ താര വിഷ്‌ണുവിന്റെ മാറിലേക്ക്‌ ചേർന്നു.

’മാഷേ….. എന്റെ മാഷേ….‘ അവൾ വിതുമ്പി. പൊട്ടിയടർന്ന വീണകമ്പിയുടെ നാദം തിരിച്ചറിയാൻ വിഷ്‌ണുവിനു കഴിഞ്ഞു. അയാൾക്കല്ലാതെ മറ്റാർക്കാണ്‌ അതിനാവുക! സാന്ത്വനത്തിന്റെ ആലിംഗനത്തിൽ അവളെയാതുക്കി അയാൾ. ’അയ്യോ എന്തായിത്‌? വീരകേസരിമാരായ ബ്യൂറൊക്രാറ്റ്‌സിനെ വിരൽതുമ്പിൽ നിർത്തുന്ന താരാറാണി ഐ.എ.എസ്‌ ആണൊയിത്‌! കേരളത്തിന്റെ വ്യവസായ ഭൂപടം മാറ്റിയെഴുതാൻ ശ്രമിക്കുന്ന ധീരവനിതയായിത്‌! കഷ്‌ടം…. ഡോൺബി സില്ലി ഡാർലിംങ്ങ്‌… ആ മനസ്സിലുള്ളതെല്ലാം എനിക്കു തന്ന്‌ ശാന്തമായ്‌ ഉറങ്ങൂ കുട്ടീ….“

താര അപ്പോൾ ഒരു കർക്കിട രാവിലെ പെരുമഴയി​‍്രൽ നനയുകയായിരുന്നു. മഴ എവിടെയും മഴ. മഴയിൽ ഒരു പെൺകുട്ടി തനിയെ. വിഷ്‌ണുദാസ്‌ എന്ന കോളജ്‌ അധ്യാപകൻ എന്നും നന്മകൾ നേർന്ന്‌ അനുഗ്രഹിച്ചിരുന്ന കുട്ടി. ഗണിതസൂത്രങ്ങളുടെ നൂലാമാലകൾക്കിടയിലും അയാളുടെ മനസ്സിൽ ഉദിക്കുമായിരുന്ന താര. ഉറക്കത്തിൽ വളകിലുക്കി അയാളുടെ ഉറക്കം കെടുത്തിയിരുന്ന താര. അയാൾ പറയാതെ അരുമയായ്‌ മനസ്സിൽ സൂക്ഷിച്ച പ്രണയം തിരിച്ചറിയാതെ ഏതോ ആകാശം തേടി അകന്നു പോയ താര. പിന്നീടൊരിക്കൽ ആകാശം വലിച്ചെറിഞ്ഞ താര. മഴയുള്ള ഒരു രാത്രിയിൽ വിഷ്‌ണുദാസിന്റെ കാറിനുമുന്നിൽ ഒരു നിയോഗം പോലെ വന്നു വീണ താര. മരണം കാത്ത്‌ അവൾ എടുത്തു ചാടിയത്‌ ജീവിതത്തിലെക്കായിരുന്നു. അന്നു വിഷ്‌ണുവിന്റെ കൈയിൽ കിട്ടിയ കറപുരണ്ട മുത്തിനെ അയാൾ മാണിക്യമായ്‌ മിനുക്കിയെടുക്കുകയായിരുന്നു.

ചിന്തകൾക്കിടയിൽ ഉണ്ണി ഉണർന്നു കരയാൻ തുടങ്ങി. അവനെ വാരിയെടുത്ത്‌ ഉമ്മവച്ച്‌ താര പറഞ്ഞു….‘ ശരിയാ മാഷേ… മൃണാളിനിയുടെ കഥ ഇനി ഞാൻ എഴുതുന്നില്ല. അത്‌ വായനക്കാർ തന്നെ പൂർത്തിയാക്കട്ടെ അല്ലെ? മൃണാളിനിയുടെ കഥ താരയുടേയും കഥയാണെന്ന്‌ ന്റെ മാഷ്‌ മാത്രം അറിഞ്ഞാല്‌ മതി…. ന്റെ മാഷ്‌ മാത്രം അറിഞ്ഞാൽ മതി.’

പുറത്ത്‌ പാൽനിലാമഴ…. താരയുടെ മനസ്സിലും. രാത്രിയുടെ ഏകാന്തയാമത്തിൽ കൊക്കൂണ്‌ പൊട്ടി ചിത്രശലഭങ്ങൾ പറന്നുയരുന്നത്‌ അവൾ സ്വപ്‌നം കണ്ടു. അവയെല്ലാം പൂവാടികൾ തേടി പറക്കുകയായിരുന്നു. പക്ഷെ… ഒരു പുഷ്‌പം പോലും വിരിഞ്ഞു പരിലസിക്കുന്നുണ്ടായില്ല. അവരുടെ പൂവനത്തിൽ.

Generated from archived content: story1_may19_09.html Author: sheela_tomy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here