കിളിനോച്ചിയിലെ ശലഭങ്ങൾ

2009 മെയ്‌മാസത്തിലെ ഒരു സായാഹ്‌നം. രംഗം ദുബായ്‌ നഗരത്തിലെ ഇരുപതു നില കെട്ടിടത്തിലെ ഫ്‌ളാറ്റ്‌.

“അമ്മാ, റ്റിവിയിലെ ന്യൂസ്‌ പോടലമാ…..?”

അത്‌ പറഞ്ഞത്‌ ലക്ഷ്‌മിയാണ്‌. ലച്ചൂന്നാണ്‌ അപ്പാ അവളെ ഇഷ്‌ടത്തോടെ വിളിക്കാറ്‌. അവൾക്ക്‌ അമ്മയില്ല. കുഞ്ഞായിരുന്നപ്പോൾ തന്നെ അവൾക്ക്‌ അമ്മയെ നഷ്‌ടമായി. ഉമ്മറത്ത്‌ തൂങ്ങുന്ന ഫോട്ടോയിൽ ചുണ്ടിൽ പുഞ്ചിരിയുമായി ലച്ചൂവിനെ മടിയിൽ വച്ചിരിക്കുന്ന അമ്മയുടെ മുഖം മനസ്സിലൊരിടത്ത്‌ അവൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്‌. ബാല്യത്തിൽ, അപ്പാവിന്റെ മാറിലെ ചൂടു പറ്റിയുറങ്ങിയ തണുപ്പുള്ള രാത്രികളിൽ സ്വപ്‌നത്തിൽ വന്നെത്തി ഉമ്മ വച്ച്‌ പറന്നകലാറുള്ള അമ്മയുടെ വിരൽതുമ്പിലെങ്കിലും ഒന്നു തൊടുവാൻ അവളുടെ പിഞ്ചുഹൃദയം ഏറെ പിടഞ്ഞിരുന്നു.

പിന്നെയവൾക്കുള്ളത്‌ ഒരേയൊരു അണ്ണനാണ്‌. ലച്ചുവിന്റെ പുന്നാരയണ്ണൻ. കഷ്‌ടപ്പെട്ടാ അപ്പാ അവനെ പഠിപ്പിച്ചത്‌. പറഞ്ഞിട്ടെന്താ, അപ്പാവെപോലെ അവനും കൂലിവേലക്കു തന്നെ ഇറങ്ങേണ്ടി വന്നു. പഠിപ്പുള്ള തമിഴർക്കൊക്കെ ലങ്കയിൽ എവിടെ ജോലി കിട്ടാനാ! സിംഹളർക്ക്‌ കൊടുത്തീർത്ത്‌ പിന്നെ അവസരങ്ങൾ ബാക്കിയുണ്ടാവണ്ടെ! അപ്പായുടെ ആരോഗ്യവും ക്ഷയിച്ചുതുങ്ങി. അപ്പായെ അറിയിക്കാതെ ലച്ചുവും അണ്ണനും പട്ടിണി കിടന്ന്‌ മിച്ചം വച്ചിട്ടും മരുന്നിനും മന്ത്രത്തിനും പണം തികയാതെയായി. അങ്ങനെയാണ്‌ ഒരുപാട്‌ പ്രതീക്ഷകളുമായി ലക്ഷ്‌മി ഗൾഫിലെത്തിച്ചേരുന്നത്‌. അവളിന്ന്‌ ഇന്ദുവിന്റെ വേലക്കാരിയാണ്‌.

ഓഫീസ്‌ വിട്ടു വന്ന്‌ ലക്ഷ്‌മി ഉണ്ടാക്കി കൊടുത്ത ഒരു കപ്പ്‌ ചായയുമായി സിറ്റിങ്ങ്‌ റൂമിൽ വിശാലമായിരുന്ന്‌ വിശ്രമിക്കുകയാണ്‌ ഇന്ദു. കൂട്ടത്തിൽ ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ മറിച്ച്‌ നോക്കുന്നുമുണ്ട്‌.

“അമ്മ, ന്യൂസ്‌ പോടലമാ….” ലക്ഷ്‌മി പിന്നെയും പറഞ്ഞു. ഇന്ദു പൂസ്‌തകത്തിൽ നിന്ന്‌ തലയുയർത്തി. റ്റിവിസ്‌ക്രീനിൽ യുദ്ധക്കാഴ്‌ചകൾ തന്നെ. ലക്ഷ്‌മിയുടെ മുഖം വാടി. ശ്രീലങ്കയിൽ പ്രശ്‌നങ്ങൾ രൂക്ഷമായതു മുതൽ അവളിങ്ങനെയാണ്‌. ഒന്നിലുമൊരു ഉത്സാഹവുമില്ല. എപ്പോഴും ചിന്ത തന്നെ. ജോലി കഴിഞ്ഞു വന്നു കയറുമ്പോൾ ഇന്ദു കാണുന്നത്‌ കഴുകാതെ കൂട്ടിയിട്ട പാത്രങ്ങളും തുടച്ച്‌ വൃത്തിയാക്കാത്ത തറയുമൊക്കെയാണ്‌. ലക്ഷ്‌മിയുടെ മനസ്സ്‌ പോലെ…..!

“എനക്ക്‌ ഒരു വേലയും ഓടലാ. എനക്ക്‌ റൊൻപ ഭയമാ ഇരിക്ക. എന്നൊട അപ്പാ അണ്ണന്‌ എല്ലാം കിളിനോച്ചിയിൽ ഇരിക്കങ്ക്‌.” അവളുടെ മനസ്സ്‌ ഒരു നെരിപ്പോടാണ്‌. എന്തു പറഞ്ഞവളെ ആശ്വസിപ്പിക്കാൻ! “ഇല്ല കുട്ടീ…. അവർക്കൊന്നും പറ്റില്ല. ഈശ്വരൻ കാത്തുരക്ഷിക്കും.”

മനം മടുപ്പിക്കുന്ന ചാനൽ കാഴ്‌ചകൾ. ജന്‌മങ്ങൾക്കിടയിലെ നൂൽപാലത്തിലൂടെ അഭയാർത്ഥികളുടെ പ്രവാഹം. വെയിലിലും യുദ്ധത്തിലും ഉണങ്ങിയ മനുഷ്യക്കോലങ്ങൾ. തെരുവോരത്ത്‌ കൂടിക്കിടക്കുന്നത്‌ ജീവനുള്ളവരോ അതോ ജീവനറ്റവരോ! ബാക്കിയായവർ മുഖം പൊത്തിക്കരയുന്നു. ചിലർ മരവിച്ചിരിക്കുന്നു. അവർക്കിടയിലൂടെ വിതുമ്പിക്കരഞ്ഞുകൊണ്ട്‌ ഏന്തിവലിഞ്ഞു നടക്കുന്ന ഒരു പെൺകുട്ടി. പാവം! അവളുടെ കാലിനു മുറിവേറ്റിട്ടുണ്ടെന്നു തോന്നുന്നു. അരികിലിരുന്ന അഞ്ചു വയസ്സുകാരി മീനുക്കുട്ടിയെ ഇന്ദു മാറോടു ചേർത്തു. ഒരു നടുക്കത്തോടെ…

“അമ്മേ, ആ വാവയെന്തിനാ കരയുന്നെ?” റ്റിവിയിലേക്ക്‌ കൈചൂണ്ടി മീനുക്കുട്ടിയുടെ ചോദ്യം. എന്തുപറയണം? പറയാതിരിക്കണം? കുഞ്ഞുങ്ങൾ ഈ ദൃശ്യങ്ങളൊന്നും കാണാതിരിക്കുകയാ നല്ലത്‌.

“വാവ അവളുടെ അമ്മയെ തിരയുവായിരിക്കും മുത്തേ.”

“നോ…..നോ……നോ…… വാവയുടെ അമ്മയതാ അവിടെയിരിക്കുന്നു. ദാ….. നോക്കിയേ.” ശരിയാണ്‌. മീനുക്കുട്ടിയുടെ ഊഹം ശരിയെങ്കിൽ പ്രിയപ്പെട്ടവന്റെ മൃതദേഹത്തിൽ വീണ്‌ പൊട്ടിക്കരയുന്ന എല്ലും തോലുമായ ആ സ്‌ത്രി വാവയുടെ അമ്മയാകാം. അപ്പോൾ മരിച്ച്‌ കിടക്കുന്നത്‌ അവളുടെ അച്‌ഛനാവാം. കഷ്‌ടം ഏത്‌ പോരാട്ടത്തിന്റെയും ബാക്കിപത്രം ഇങ്ങനെയാക്കെത്തന്നെയല്ലെ?

“അവങ്ക കൊന്നുടുവങ്ക…. എല്ലാരെയും കൊന്നുടുവങ്ക…. കൊലൈകാര സോൾജിയേഴ്‌സ്‌ എല്ലാത്തെയും കൊന്നുടുവങ്ക….. ലക്ഷ്‌മിയിൽ നിന്നും ഒരു നിലവിളിയുയർന്നു. ഒരിക്കലും മഴയെത്താത്ത മരുഭൂമിയിലെ ചൂടുകാറ്റായി അവൾ മാറി.

”ലക്ഷ്‌മീ, പാട്ടാളമാണോ പുലികളാണോ അവരെ വെടിവച്ചത്‌ എന്ന്‌ ആർക്കറിയാം. പുലികൾ സിവിലിയൻ കേന്ദ്രങ്ങളിൽ ഒളിച്ചിരിക്കുവല്ലെ. രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ അവർ വെടിവെക്കുന്നുമുണ്ട്‌.“

ഇന്ദുവിന്റെ വാക്കുകൾ കേട്ട്‌ ലക്ഷ്‌മിയുടെ മുഖം ചുവന്നു തുടുത്തു. കണ്ണുകളിലെ അനിർവചനീയഭാവം ദേഷ്യമോ സങ്കടമോ? അത്‌ ഇന്ദുവിന്റെ വായനക്കപ്പുറമായിരുന്നു. അടക്കിവച്ചതെല്ലാം അണപൊട്ടിയൊഴുകുകയായി…… ”സോഷ്യലിസ്‌റ്റുകളാ അവർ. വിപ്ലവകാരികൾ. നിങ്ങൾ പുലികളെന്നു വിളിച്ച്‌ അവരെ വെറും ഭീകരന്മാരാക്കുന്നു. അടിച്ചമർത്തലും ചൂഷണവും സഹിക്കാൻ വയ്യാഞ്ഞിട്ടല്ലെ അവർ സംഘടിച്ചത്‌. അടിമൈയാക്കപ്പെട്ടതാലതാന അവങ്ക ഒന്ന സെർന്തങ്ക. അവരെ കൊന്നൊടുക്കിയാൽ മാത്രം തീരുമോ തമിഴരുടെ പ്രശ്‌നങ്ങൾ?“

ഇന്ദു തരിച്ചിരുന്നു പോയ്‌. ഇവൾ ആര്‌! സോഷ്യലിസത്തെയും വിപ്ലവത്തെയും പറ്റി പറയുന്നവൾ! അവൾ ലക്ഷ്‌മിയുടെ ഈ മുഖം ആദ്യമായ്‌ കാണുകയാണ്‌. അവൾക്ക്‌ അത്യാവശ്യം പഠിപ്പും ബുദ്ധിയുമുണ്ടെന്ന്‌ നേരത്തെ മനസ്സിലായിരുന്നു. അല്ലെങ്കിൽ മാസങ്ങൾക്കുള്ളിൽ ഈ തമിഴ്‌ പെൺകുട്ടി മണിമണിയായ്‌ മലയാളം പറയാൻ പഠിക്കുമൊ! മാത്രമല്ല ഇംഗ്ലീഷ്‌ പത്രങ്ങളൊക്കെ വായിക്കുന്നതും കാണാം. ഒരു മൂളിപ്പാട്ടുമായ്‌ പാറിനടന്നു ജോലി ചെയ്യുന്ന ആ കറുത്ത പൂമ്പാറ്റയെ എല്ലാവരും ഇഷ്‌ടപ്പെട്ടിരുന്നു.

എങ്കിലും ലക്ഷ്യം നേടാൻ നിരപരാധികളെ ചുട്ടുകരിക്കുന്ന പുലികളെ ഇവൾ ന്യായികരിക്കുന്നതെന്തിന്‌ രാജീവ്‌ജിയുടെയും ഒരുപാടൊരുപാട്‌ ലങ്കൻ നേതാക്കളുടെയും ജീവൻ മാത്രമല്ല, ഒന്നുമറിയാത്ത സാധാരണക്കാരന്റെ സ്വപ്‌നങ്ങളെയും വിസ്‌ഫോടനങ്ങളിൽ തകർത്തെറിയുന്നവരെ അംഗീകരിക്കാൻ പറ്റിയ മനസ്സായിരുന്നില്ല ഇന്ദുവിന്റേത്‌. സായുധവിപ്ലവമൊന്നും തലയിൽ കയറാത്ത ഒരു ഗാന്ധിഭക്തായിരുന്നു അവൾ. തനിക്ക്‌ പിഴുതെറിയാൻ കഴിയാത്തവണ്ണം ആഴത്തിലെന്തോ ലക്ഷ്‌മിയിൽ വേരൂന്നിയിട്ടുണ്ടെന്ന്‌ അവൾക്ക്‌ തോന്നി. അതോ തിരുത്തപ്പെടേണ്ടത്‌ സ്വയം ധാരണകളോ!

ചാനലിലെ ന്യൂസവറിൽ യുദ്ധവിരുന്ന്‌ തുടർന്നു കൊണ്ടെയിരുന്നു. ഭക്ഷണവണ്ടിയെത്തുമ്പോൾ ഒരു തുണ്ടം റൊട്ടിക്കായി മത്സരിച്ചോടുന്നവർ. ദാഹമകറ്റാൻ കുടിനീരുപോലുമില്ലാതെ…. മരുന്നില്ലാതെ… വസ്‌ത്രമില്ലാതെ…. പാവങ്ങൾ! അക്ഷരാർത്ഥത്തിൽ ചെകുത്താനും കടലിനുമിടയിൽ. ജീവൻ പണയം വെച്ച്‌ അവർ പലായനം ചെയ്യുകയാണ്‌. ഒരു ബൈബിൾ കഥ ഇന്ദുവിന്റെ ഓർമയിലെത്തി. ഇസ്രായേൽക്കാരുടെ കഥ. ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനം. പിറകിൽ ഫറവോന്റെ സൈന്യം. മുന്നിൽ ചെങ്കടൽ. അന്ന്‌ ചെങ്കടൽ പിളർന്ന്‌ പാതയൊരുക്കാൻ അവർക്ക്‌ ദൈവമുണ്ടായിരുന്നു കൂട്ടിന്‌. ഇന്നൊ!

”ഇന്ന്‌ പലായനം ചെയ്യുന്നവരോടൊപ്പമല്ല, ദൈവം മർദ്ദകരോടൊപ്പമാണെന്നു തോന്നുന്നു ലക്ഷ്‌മി. ആകാശത്ത്‌ നിന്ന്‌ മന്നാ വർഷിക്കുന്നതിനു പകരം ബോംബ്‌ ഷെല്ലുകളല്ലെ ചൊരിയണത്‌.“

ഇന്ദു പറഞ്ഞ്‌ തീരും മുമ്പെ ലക്ഷ്‌മി പുകഞ്ഞു തുടങ്ങി.

”അൻപത്തിയെട്ടിൽ സിംഹളർ തമിഴരെ ചുട്ടുകൊന്നപ്പം ദൈവമെവിടെയായിരുന്നു? അന്തനേരം തെയ്‌വം എങ്ക ഇരുന്നത്‌? തൂങ്കികിട്ട്‌ ഇരുന്നതാ? അന്ന്‌ അനാഥനായതാ എന്റെയപ്പാ…..“ ലക്ഷ്‌മി ഒരു പൊട്ടിക്കരച്ചിലിന്റെ വക്കോളമെത്തി. ഒരിക്കലുമുറങ്ങാത്തെ ദൈവത്തെ പറ്റി പറഞ്ഞ്‌ ഇനിയുമവളെ ആശ്വസിപ്പിക്കാനാവില്ലെന്ന്‌ ഇന്ദുവിനു തോന്നി. ലക്ഷ്‌മി അപ്പായുടെ കഥ പറഞ്ഞുതുടങ്ങി. അവളുടെ സങ്കടങ്ങളെല്ലാം പെയ്‌തൊഴിയട്ടെ. ഇന്ദു കേട്ടിരുന്നു.

പണ്ട്‌ പണ്ട്‌….. വർഷങ്ങൾക്കുമുൻപ്‌…… സിംഹളർ തമിഴർക്കെതിരെ ആയുധമെടുത്തകാലം. അന്നൊരിക്കൽ….. കത്തിപ്പടരുന്ന അഗ്നിനാമ്പുകൾക്കിടയിൽ നിന്ന്‌ ഒരു പത്തുവയസ്സുകാരൻ ഇറങ്ങിയോടി. കത്തിയമരുന്ന വീട്ടിനുള്ളിൽ കുടുങ്ങിപ്പോയ അച്ഛനെയും അമ്മയെയും വിളിച്ച്‌ അവൻ അലറിക്കരഞ്ഞു. അക്രമികളുടെ അട്ടഹാസങ്ങൾക്കിടയിലൂടെ പെങ്ങളുടെ കയ്യും പിടിച്ച്‌ അവൻ ഓടി. പിന്നാലെ പാഞ്ഞെത്തിയവർ അവന്റെ കൈകളിൽ നിന്നും അവളെ വലിച്ചു പറിച്ചെടുത്തു. അവളുടെ കൊച്ചു ശരീരത്തോട്‌ ചെയ്യാൻ പാടില്ലാത്തതെല്ലാമവർ ചെയ്യുമ്പോൾ അവൻ പേടിച്ചു വിറച്ച്‌ ഒരു പൊന്തക്കാട്ടിൽ ഒളിച്ചിരുന്നു. പിന്നെ, പാതിജീവൻ പോയ കുഞ്ഞുപെങ്ങളെ തിളച്ച ടാറിലേക്ക്‌ വലിച്ചെറിയുന്നത്‌കണ്ട്‌ അവൻ ബോധം കൊട്ടുവീണു.

പിന്നീട്‌ കണ്ണു തുറന്നത്‌ ഒരു സിംഹളത്തിയുടെ മടിയിലാണ്‌. ആ വിധവ അവനു ജീവൻ പകർന്നു. ഉറക്കത്തിൽ അമ്മയെ വിളിച്ച്‌ കരയുമ്പോൾ ഞാൻ നിന്റെ അമ്മതന്നെയാ മോനെ എന്നു പറഞ്ഞ്‌ അവൾ അവനെ കെട്ടിപ്പിടിച്ചു. പക്ഷെ, അവിടെയുമവന്‌ രക്ഷയുണ്ടായില്ല. താൻ കാരണം ആ സ്‌നേഹമയിയുടെ ജീവൻ കൂടി അപകടത്തിലാവുമെന്നറിഞ്ഞ്‌, ഒരു രാത്രിയിൽ, ആ കാലുകളിൽ കണ്ണുനീരോടെ വീണു വണങ്ങി, അവൻ ഇറങ്ങിയോടി. ദൂരെ ദൂരേക്ക്‌…. രക്തദാഹികളുടെ കണ്ണെത്താത്ത ദൂരത്തിലേക്ക്‌. തെരുവുകൾ അവനു വേണ്ടി കാത്ത്‌കിടപ്പുണ്ടായിരുന്നു. അങ്ങനെ ലക്ഷ്‌മിയുടെ അപ്പാവും തെരുവിന്റെ മക്കളിൽ ഒരുവനായി.

ലക്ഷ്‌മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അപ്പാവിന്റെ ഓർമകൾ കണ്ണൂനീരിലൊഴുകിയിറങ്ങി. ദൂരെ കിളിനോച്ചിയിലെ ഒരു തുണ്ട്‌ ഭൂമിയിൽ അപ്പാ അവൾ തിരികെയെത്തുന്ന നാളുമെണ്ണിയിരിക്കുകയാവും. പലപ്പോഴുമവൾ അരികിലില്ലാത്ത അപ്പായോട്‌ മിണ്ടിയും പറഞ്ഞും നടക്കണ കാണാം. പരിഭവിക്കും പിണങ്ങും. അതുകണ്ട്‌ മീനുക്കുട്ടി കളിയാക്കാറുണ്ട്‌…. ലച്ചൂന്‌ വട്ടു പിടിച്ചു….ദാ…. തനിയെ മിണ്ടിക്കൊണ്ട്‌ നടക്കുന്നൂന്ന്‌.

”അമ്മേ, ചാനലൊന്നു മാറ്റാമോ? ഐ.പി.എൽ. ക്രിക്കറ്റ്‌മാച്ച്‌ നടക്കുന്നുണ്ടമ്മെ. ഇന്ന്‌ ജയസൂര്യയും സച്ചിനും അടിച്ചുപൊളിക്കും, അമ്മ നോക്കിക്കൊ.“ അത്‌ ഇന്ദുവിന്റെ മോനാണ്‌. എട്ടാം ക്ലാസുകാരൻ. പലായനമൊന്നും അവനൊരു വിഷയമേയല്ല. മുറിവേറ്റവരുടെ പിടച്ചിലോ സകലതും നഷ്‌ടമായവരുടെ കണ്ണീരോ അവനെ കരയിക്കുന്നില്ല. യുദ്ധവും വിപ്ലവവും ഒന്നുമറിയാതെ സ്വസ്‌ഥമായിരുന്ന്‌ അവൻ കമ്പ്യൂട്ടറിൽ ചാറ്റ്‌ ചെയ്യുന്നു. അവനും കൂട്ടുകാർക്കും ചർച്ച ചെയ്യാൻ ബോളിവുഡും ക്രിക്കറ്റും തന്നെ ധാരാളം. അതിനിടയിലെന്തു ശ്രീലങ്ക!

”മോനെ, ഈ വാർത്തയൊന്നു കാണെടാ. ലങ്കയിലെ പ്രശ്‌നങ്ങൾ….“

”ഓ…..ലങ്ക. പണ്ട്‌ രാവണൻ സീതാദേവിയെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ച സ്‌ഥലം, അല്ലെ അമ്മേ? അവിടെയിപ്പോഴും യുദ്ധം തീർന്നിട്ടില്ലെ? വാനരസേന ജയിച്ച നാട്ടിൽ പുലിസേന തോറ്റുതുന്നമ്പാടുവാ…. അല്ലെ.“ അവൻ കുടുകുടാ ചിരിച്ചു. ചിരിച്ചപ്പോൾ കവിളിൽ തെളിഞ്ഞ നുണക്കുഴിയുടെ നിഷ്‌കളങ്കതയിൽ ഇന്ദുവിന്റെ നോട്ടമുടക്കി.

”പിന്നെ, ഹിസ്‌റ്ററി ബുക്കിലുണ്ട്‌, അശോക ചക്രവർത്തിയുടെ മകൾ സംഗമിത്ര ബോധിവൃക്ഷക്കമ്പ്‌ നട്ടുപിടിപ്പിച്ച നാട്‌. അശോകന്റെ മകൻ മഹേന്ദ്രൻ ബുദ്ധമതമെത്തിച്ച നാട്‌…. എനിവേസ്‌…. ട്രബിൾ ആൻഡ്‌ പെയിൻ എവെരിവേർ…..! ഐ ഡോൺ വാണ്ടു വെയിസ്‌റ്റ്‌ മൈ റ്റൈം ഓൺ ദിസ്‌ അഗ്ലി മാറ്റേസ്‌. സോ….. ലെറ്റസ്‌ തിങ്ക്‌ ഓഫ്‌ സംതിങ്ങ്‌ പ്ലെസന്റ്‌. നല്ല കുട്ടിയായ്‌ ചാനലൊന്നു മാറ്റമ്മേ….“

അവനോട്‌ എന്തു പറയാൻ! കരിഞ്ഞുണങ്ങിയ നൂറായിരം ബോധിവൃക്ഷക്കമ്പുകൾ ഇന്ദുവിന്റെ മനസ്സിൽ അടർന്നു വീണു. എങ്ങോ നഷ്‌ടമായ ബോധോദയങ്ങൾ…..

ജയസൂര്യയുടെ സിക്‌സറുകൾ ഉയരത്തിൽ പറക്കുകയാണ്‌. മുംബൈ ഇൻഡിയൻസ്‌ വിജയത്തിലേക്ക്‌. മോൻ കയ്യടിച്ചു. ഉയർന്നുപൊന്തിയ പന്തിനൊപ്പം അവനും എടുത്തു ചാടി.

”സിക്‌സ്‌…….സിക്‌സ്‌…..“ അവൻ ആർത്തുവിളിച്ചു.

ലക്ഷ്‌മിയുടെ മൊബൈൽ ഒന്നനങ്ങി. ”ഹായ്‌……അണ്ണൻ“ പുഞ്ചിരിയോടെ അവൾ അകത്തേക്ക്‌ വലിഞ്ഞു. ഭാവം കണ്ടാലറിയാം, അവൾ കാത്തിരിക്കുകയായിരുന്നു ആ വിളി.

ഇന്ദു വീണ്ടും ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളിലൂടെ യാത്ര തുടർന്നു. വെസ്‌റ്റർ ബോർക്‌, ഓഷ്വിറ്റ്‌സ്‌…. ജർമ്മർ കോൺസണ്‌ട്രേഷൻ ക്യാമ്പുകൾ. ക്യാമ്പുകളിലേക്ക്‌ നീങ്ങുന്ന കുത്തിനിറച്ച കന്നുകാലി വണ്ടികൾ. ആ വണ്ടികളിലൊന്നിൽ ആൻഫ്രാങ്ക്‌ എന്ന പെൺകുട്ടിയുമുണ്ടായിരുന്നു. ജർമ്മൻ പട്ടാളത്തിന്റെ പിടിയിൽ പെടുന്നതിനു മുമ്പ്‌ ഒളിത്താവളത്തിലിരുന്ന്‌ അവളെഴുതിയ ഡയറികുറിപ്പുകൾ. വേട്ടയാടപ്പെട്ട ഒരു സമൂഹത്തിന്റെ രോദനം. വംശീയമേധാവിത്വത്തിനു കീഴിൽ ഉയരുന്ന സാർവലൗകികമായ വിലാപം. ഈ കോൺസെൺട്രേഷൻ ക്യാമ്പുകളും അഭയാർത്ഥികേന്ദ്രങ്ങളും തമ്മിൽ എവിടെയാണ്‌ അകലം? ചിന്തകൾ മുടക്കി മീനുക്കുട്ടി കരഞ്ഞുകൊണ്ട്‌ ഓടി വന്നു.

”അമ്മേ…..വാ അമ്മേ. ദാ…. ലച്ചു വാതിൽ തുറക്കണില്ല. ലച്ചു കരയുവാ അമ്മേ.“

അകത്ത്‌ നിന്ന്‌ ലക്ഷ്‌മിയുടെ ഏങ്ങലടികൾ കേൾക്കാം. നാട്ടിൽ നിന്ന്‌ എന്തോ ദുഖവാർത്തയെത്തിരിക്കുന്നു! ഈശ്വരാ…. അവളുടെ അപ്പാക്കെന്തെങ്കിലും…..! അവൾക്കതു സഹിക്കാനാവില്ലാ സങ്കടത്തിൽ അവൾ എന്തെങ്കിലും അവിവേകം കാട്ടിയാൽ……. പൂട്ടിയിട്ട വാതിലിനു പുറത്ത്‌ ഇന്ദു പരിഭ്രമത്തോടെ നിന്നു. അറബ്‌ നാടിന്റെ നിയമങ്ങൾ കഠിനമാണ്‌. അധികം നാളുകളായിട്ടില്ല ഒളിച്ചോടിയ ഒരു ഹൗസ്‌മെയ്‌ഡിന്റെ ശവം അനാഥപ്രേതമായ്‌ കണ്ടെത്തിയതും അവൾക്ക്‌ ജോലി കൊടത്തവർ ചെയ്യാത്ത കുറ്റത്തിന്‌ ജയിലഴിക്കുള്ളിലായതും…. നടുക്കത്തോടെ ഇന്ദു വിളിച്ചു.

”ലക്ഷ്‌മീ, വാതിൽ തുറക്കൂ.“

വാതിൽ തുറക്കപ്പെട്ടില്ല. ഇന്ദുവിന്റെ ശബ്‌ദം രൂക്ഷമായി. വാതിൽ തുറക്കാനാ പറഞ്ഞത്‌.

”വേണ്ടമ്മേ, ലച്ചൂനെ വഴക്കു പറയണ്ടമ്മെ. ലച്ചു പാവമല്ലെ.“ അമ്മയുടെ ഭാവമാറ്റം കണ്ട്‌ മീനുക്കുട്ടി കരയാൻ തുടങ്ങി. കരച്ചിലിനിടയിൽ അവൾ വിളിച്ചുകൊണ്ടേയിരുന്നു….

”ലച്ചു, ഒന്നു പുറത്തു വാ ലച്ചു. മീനുക്കുട്ടി അല്ലെങ്കിൽ പിണങ്ങൂട്ടോ. മീനുക്കുട്ടിക്ക്‌ വാനമ്പാടിയുടെ കഥ പറഞ്ഞു താ ലച്ചൂ….“

മീനുക്കുട്ടിയുടെ കരച്ചിലിനു മുന്നിൽ ലക്ഷ്‌മി വാതിൽ തുറന്നു. ആ കണ്ണുകളിൽ സങ്കടത്തിന്റെ കടൽ ഇരമ്പിക്കൊണ്ടിരുന്നു. അലമാലകളിൽ ആടിയുലയുന്ന തോണി. വിദൂരതയിലെങ്ങോ മിഴിയും നട്ട്‌ അവൾ നിന്നു.

”എന്തു പറ്റി ലക്ഷ്‌മീ? നിന്റെ അണ്ണന്റെ ഫോണല്ലെ വന്നത്‌?“

”അവങ്ക കൊന്നങ്ക… എന്നൂട ശെൽവത്തെയ്‌ കൊന്നങ്ക….“ കൊടുങ്കാറ്റുലച്ച ഹൃദയത്തിൽ നിന്നും പൊന്തിയ നിലവിളിയായിരുന്നു അത്‌. കടൽ ആർത്തലക്കുന്നു. തോണി മുങ്ങുകയാണ്‌. തോണിക്കാരനും. രക്ഷക്കായ്‌ ഉയരുന്ന കൈകൾ…… മുങ്ങിത്താണ്‌…. മുങ്ങിത്താണ്‌…..

”ആരാ ശെൽവം? ആരാ അവനെ കൊന്നത്‌? പുലികളാ? അതോ അവൻ പുലിയായിരുന്നുവൊ?“

അറിയാതെ എന്തൊക്കെയോ ഇന്ദു ചോദിച്ചു പോയി. ലക്ഷ്‌മിയിലെ തീ ആളികത്തിക്കാൻ അത്‌ ധാരാളമായിരുന്നു.

”പേശാതിങ്ക. മിണ്ടിപ്പോവരുത്‌. എന്നുടെ ശെൽവം പുലിതാൻ. നാനും പുലി താൻ. എന്നാ….. എന്നൈ ഉങ്കൾക്ക്‌ കൊല്ലണമെന്ന്‌ തൊന്നുതാ….. കൊല്ലണന്നു തോന്നുതാ.?“ അവൾ പൊട്ടിത്തെറിച്ചു.

”ലച്ചൂ…. വഴക്കു കൂടല്ലെ ലച്ചു.“ മിനുക്കുട്ടി ചിണുങ്ങി.

അവളെ കെട്ടിപ്പിടിച്ച്‌ ലക്ഷ്‌മി കരഞ്ഞു. കരച്ചിലടങ്ങിയപ്പോൾ അവൾ ഒരു കഥ പറഞ്ഞു. വാമ്പാടിയുടെ കഥയല്ല. എന്നെങ്കിലുമൊരിക്കൽ സ്വാതന്ത്ര്യത്തിന്റെ പുലരി പിറക്കുമ്പോൾ അവൾക്കരികിൽ പറന്നെത്തുമെന്ന്‌ പറഞ്ഞ്‌ പോയവന്റെ കഥ…. ഒടുവിൽ പട്ടാളത്തിന്റെ വെടിയുണ്ടകൾ തകർത്ത ബോട്ടിൽ നിന്ന്‌ തീരത്തടിഞ്ഞ ശവങ്ങളിൽ ഒന്ന്‌… അത്‌ അവളുടെ ശൽവം ആയിരുന്നു.

കടൽ ആർത്തലച്ചുകൊണ്ടിരുന്നു. പിന്നെയും….. പിന്നെയും….. ലക്ഷ്‌മിയുടെ കണ്ണൂനീരിൽ ലങ്ക മുങ്ങിപ്പോകുമെന്ന്‌ ഇന്ദുവിനു തോന്നി. ഇവിടെ ജയിക്കുന്നത്‌ ആര്‌? തോൽക്കുന്നത്‌ ആര്‌?

ഇന്ദുവിന്റെ മോൻ അപ്പോഴും തുള്ളിച്ചാടുകയായിരുന്നു. അതാ, ജയസൂര്യയുടെ സിക്‌സർ കോലാഹലങ്ങളെ ഭേദിച്ച്‌ പറന്നു പറന്നു വരുന്നു.! അപ്പോളും കിളിനോച്ചിയിലെ ശലഭങ്ങളുടെ പാലായനം തുടർന്നുകൊണ്ടേയിരുന്നു.

Generated from archived content: story1_feb9_10.html Author: sheela_tomy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here