സ്‌നേഹിച്ച്‌ സ്‌നേഹിച്ച്‌ കൊതി തീരാതെ…….

ആ സ്‌നേഹതാരകം പൊലിഞ്ഞു. “ജീവിതം മന്ത്രജലമാണ്‌. അതു കുടിക്കുന്തോറും ദാഹം വർദ്ധിക്കുന്നു. ഈ ജീവിതവും ഈ പ്രേമവും എനിക്കു വേണ്ടിടത്തോളമായി എന്നു പറയാൻ എനിക്കൊരിക്കലും പറ്റില്ല. ”ദശകങ്ങൾക്കു മുമ്പ്‌ രോഗശയ്യയിൽ കിടന്ന്‌ അവളെഴുതി. സ്വർഗത്തിലെ ഭഗവാന്‌ ഭൂമിപുത്രിയുടെ വാക്കുകളിൽ മനമലിഞ്ഞു. സ്‌നേഹത്തിന്റെ കഥാകാരിക്ക്‌ നീർമാതളത്തിന്റെ സൗരഭ്യം പൊഴിക്കുവാൻ ഒരുപാടൊരുപാട്‌ വർഷങ്ങൾ വീണ്ടും പതിച്ചു കിട്ടി. പക്ഷെ ഒരു കാല്‌ ജീവിക്കുന്നവരുടെ ലോകത്തും മറുകാൽ മരിച്ചവരുടെ ലോകത്തും ചവിട്ടിയ അശരണയുടെ അഗാധമായ ഉൾക്കാഴ്‌ചകൾ സാരവത്തായി വായിച്ചെടുക്കാൻ മലയാളി മനസ്സിനായില്ല. അതറിഞ്ഞാവണം അവൾ പറഞ്ഞത്‌ “ഇപ്പോൾ ജീവിക്കുന്നൂവർക്കു വേണ്ടിയല്ല, നാളെ ജീവിക്കാനിടയുളളവർക്കുവേണ്ടിയാണു ഞാൻ എഴുതുന്നത്‌” എന്ന്‌. “ മരണത്തിന്റെ മണിമുഴക്കം കേട്ട്‌ ആ തിവണ്ടി ഫ്ലാറ്റ്‌ഫോം വിട്ട്‌ കിതച്ച്‌ കിതച്ച്‌ മുന്നോട്ട്‌” നീങ്ങിയപ്പോൾ നഷ്‌ടപ്പെട്ട നീലാംബരിയെ‘യോർത്ത്‌ കണ്ണീർവാർക്കാനെ നമുക്കായുള്ളു. അവൾ ഹൃദയരക്തം കൊണ്ടെഴുതിയ വാക്കുകളെ ഒളിഞ്ഞും ആക്രമിച്ചവരും ഇക്കൂട്ടത്തിലുണ്ടുയിരിക്കാം.!

തന്റെ ശരീരത്തിലെ അഗ്നിയിലും വായുവിലും നീരിലും അലിഞ്ഞുചേർന്നിരുന്ന ഈശ്വരൻ അവൾക്കു സ്‌നേഹമായിരുന്നു. “ എന്റെ കാലിലെ ചിലങ്കകൾ കിലുങ്ങുന്നതു മാത്രം ഞാൻ കേട്ടു. ഞാൻ സ്‌നേഹിച്ചു. സ്‌നേഹം എന്റെ മതമായ്‌തീർന്നു. അതെ, സ്‌നേഹം അവളുടെ മതമായിരുന്നു. അമ്പലത്തിലും പള്ളിയിലും മാത്രമായ്‌ ദൈവത്തെ ഒതുക്കിയിരുന്നവർക്ക്‌ അവൾ ഒരു പ്രഹേളികയായി. മതത്തിന്റെ മാത്രമല്ല, ഭാഷയുടെയും വേഷത്തിന്റെയും പേരിന്റെയും പോലും അതിരുകൾ ലംഘിച്ചവൾ അല്ലെ അവൾ! അമ്മയുടെ വാത്സല്യം, കുട്ടിയുടെ നിഷ്‌കളങ്കത, ബുദ്ധിയുടെയും ഭാവനയുടെയും സൗന്ദര്യത്തിന്റെയും മൂർത്തിമത്ഭാവമായ ജീനിയസ്‌… വിടയോതുന്നവരുടെ ചുണ്ടുകളിൽ വിശേഷങ്ങളുടെ പ്രവാഹമായിരുന്നു. അവളുടെ ആത്മാവ്‌ അതെല്ലാം കേട്ട്‌ മന്ദഹസിച്ചിട്ടുണ്ടാവണം. കാരണം, ”മാൻപേടക്കു പിറന്ന കുരങ്ങുകുട്ടിയാ“ താനെന്ന്‌ കാപട്യമേശാതെ പറഞ്ഞവളല്ലെ അവൾ!

കഥകളിൽ ഒരിക്കലും അവൾ ഒരു ദേവതയായിരുന്നില്ല. നാലപ്പാടിന്റെയും ബാലാമണിയമ്മയുടെയും പാരമ്പര്യങ്ങളുടെ ബന്ധനം തകർത്ത്‌ സ്വതന്ത്രയായ്‌ പറന്നു പൊങ്ങിയ ആ ’പക്ഷിയുടെ മണം‘ ആസ്വാദകരെ ഉന്‌മത്തരാക്കി. എങ്കിലും മരണത്തിന്റെ മണം നുകരുമ്പോൾ അവൾ ഏകയായിരുന്നു. ആസ്വാദകരിൽ നിന്നും ദൂരെ ദൂരെ…

’ഗീതാഗോവിന്ദത്തിലും സോളമന്റെ ഉത്തമഗീതത്തിലും അശ്ലീലം കാണുന്നവരോട്‌ സഹതാപമേയുള്ളു‘ എന്നു പറയാൻ അവൾ മടിച്ചില്ല. മലയാളികളുടെ കാപട്യങ്ങളുടെ മുഖം മൂടി പിച്ചിചീന്തിയവളുടെ വൈരുദ്ധ്യം നിറഞ്ഞ തുറന്നുപറച്ചിലുകൾ കേൾവിക്കാർക്കു തലവേദനയായി. അവളുടെ ജീവിതത്തെയും കഥയെയും വേർതിരിക്കുന്ന നേർത്ത അതിർവരമ്പുതേടി അലഞ്ഞവർ നിരാശരായി മടങ്ങി. എഴുത്ത്‌ ഒരു പെൺകുട്ടിയുടെ സമാന്തരജീവിതമാണെന്ന്‌ അവൾ പറഞ്ഞപ്പോഴും ജീവിക്കുന്നത്‌ എഴുതുകയും എഴുതുന്നത്‌ ജീവിക്കുകയും ചെയ്‌തവളെ നമ്മൾ ഉൾക്കൊണ്ടില്ല.

അമ്മയെന്ന ഭാവമാണ്‌ സ്‌ത്രീയുടെ ഏറ്റവും ശ്രേഷ്‌ഠമായണഭാവമെന്ന്‌ ജീവിതം കൊണ്ട്‌ കാണിച്ചുതന്നു. അടുത്തു വരുന്നവരെ വാത്സല്യം കൊണ്ട്‌ വീർപ്പുമുട്ടിച്ചു. കാണാനെത്തുന്നവർക്ക്‌ വാരിക്കോരി കൊടുത്തവളാണവൾ. സമ്മാനമായ്‌ കൊടുക്കുന്നത്‌ കാറാവാം, പണമാവാം, പുസ്‌തകമാവാം. എല്ലാത്തിനും അവൾ ഒരേ വിലയിട്ടു. സ്‌നേഹത്തിന്റെ വില. ”യഥാർത്ഥ സ്‌ത്രീയുടെ ഹൃദയത്തിൽ അയൽക്കാരും നാട്ടുകാരും ജീവജാലങ്ങളും അഭയം കണ്ടെത്തണം. വാത്സല്യമായിരിക്കണം അവളുടെ സത്ത.“ ഇത്‌ അവളുടെ അക്ഷരവുംജീവിതവുമായിരുന്നില്ലെ! ഏതു സദാചാരബോധത്തിന്റെ പേരിൽ നിങ്ങൾ ഈ മനസ്സിനെ കല്ലെറിയും?

”സമുദായത്തിന്റെ സദാചാര നിയമങ്ങൾ നശ്വരമായ മനുഷ്യശരീരത്തെ അടിസ്‌ഥാനമാക്കിയാണെന്നും അനശ്വരമായ മനുഷ്യാത്മാവിൽ, അല്ലെങ്കിൽ മനസ്സിൽ എങ്കിലും കെട്ടിപ്പടുത്തതാവണം ഉത്തമമായ സദാചാരമെന്നും “ പറയാൻ അവൾക്കു കഴിഞ്ഞു. ” ഞാൻ ഒരു പെണ്ണിനെയും നോക്കില്ലെന്നു പറയുന്നവനെ വെടി വച്ചു കൊല്ലണമെന്ന്‌“ പറയാൻ ഇനി എന്നെങ്കിലും മറ്റൊരു മാധവിക്കുട്ടി പിറക്കുമൊ! സെക്‌സിനെ അവൾ പ്രാർത്ഥനപോലെ കണ്ടു. സ്‌ത്രീയുടെ കാമുക സങ്കല്‌പം രതിയിൽ മാത്രം ഒതുങ്ങുന്നതല്ല, അത്‌ ഈശ്വരസങ്കൽപം തന്നെയെന്ന്‌ വരച്ചു കാട്ടുവാൻ അവളുടെ എഴുത്തും ജീവിതവും പരസ്‌പരം മത്സരിച്ചു.

അസംതൃപ്‌ത ദാമ്പത്യത്തിന്റെ കാരണം സ്‌നേഹശൂന്യതയാണെന്ന്‌ കഥകളിൽ കാണുമ്പോഴും ദാസേട്ടന്റെ പ്രിയപ്പെട്ട ആമിയായിരുന്നു അവൾ. അവൾ എഴുതിയത്‌ ചുറ്റുമുള്ളവരുടെ നോവുകാളണ്‌. പെണ്ണെഴുത്തെന്നൊക്കെ കേട്ടു തുടങ്ങും മുമ്പെ പെണ്ണിന്റെ മനസ്സ്‌ തുറന്നെഴുതിയവളാണു അവൾ. പെണ്ണ്‌ പറയാൻ മടിച്ചവയെല്ലാം പറഞ്ഞവൾ. ” എന്റെ ഉള്ളിലെ ചോരപ്പുഴയുടെ തീരത്ത്‌ നായാടിത്തളർന്ന രാജാവിനെപോൽ നീ വിശ്രമിക്കുന്നു. “(രാജാവിന്റെ പ്രേമഭാജനം) പ്രേമത്തിന്റെ ചോരപ്പുഴയിൽ, ആ ശക്തിയേറിയ സ്‌ത്രീപുരുഷസ്‌നേഹത്തിൽ നീന്തിയ എത്രയോ കഥാപാത്രങ്ങൾ! സ്‌നേഹം കൊതിച്ച്‌ കൊതിച്ച്‌ ദുരന്തത്തിൽ പതിക്കുന്ന എത്രയെത്ര നായികമാർ!

കാമാതുരയെന്ന്‌ പഴി കേട്ടപ്പോഴും, സ്‌നേഹത്തിനായ്‌ കൊതിച്ച്‌ ഈശ്വരനിൽ, അള്ളാഹുവിൽ അഭയം കണ്ടെത്തിയവളെ സ്‌നേഹിക്കാതിരിക്കാൻ നമുക്കാവുമൊ! ”കലകൾക്കെന്ന പോലെ സ്‌നേഹിക്കാനും വാസന വേണം. ചിലർക്കത്‌ ജനിക്കുമ്പോളെ കുറവായിരിക്കും. “(തോണികൾ) എത്രയോ സത്യം! ”പ്രമേഹരോഗി മധുരത്തെയെന്ന പോലെ നിന്റെ മക്കൾ നിന്നെയുമോർക്കും. പ്രമേഹരോഗിക്ക്‌ മധുരം വിലക്കു കല്‌പിക്കുന്നു. മുഴുവൻ നുണയാൻ നൽകാത്ത വ്യക്തിത്വത്തിന്റെ നിഗൂഢത അതിലുണ്ട്‌.“ ” അവളുടെ ജീവിതവും അക്ഷരവും ഒരു നിഗൂഢതയുടെ മധുരമായി നമ്മെ എന്നും വശീകരിച്ചു നിർത്തും.

വൃദ്ധമാനസങ്ങളുടെ ഒറ്റപ്പെടൽ, കുഞ്ഞുമനസ്സുകളുടെ നൊമ്പരങ്ങൾ, സാധാരണക്കാരന്റെ വിലാപങ്ങൾ, പ്രകൃതി ബിംബങ്ങളുടെ മേളനങ്ങൾ, ഗ്രാമീണതയുടെ നൈർമല്യം, ഭക്തി, രതി, സ്‌നേഹം, വാത്സല്യം…. എന്തെല്ലാമാണു ആ കഥകളിലേക്ക്‌ നമ്മെ ആകർഷിക്കുന്നത്‌! “നാട്ടിൽ ഇങ്ങനെ കുഴപ്പങ്ങൾ നടക്കുമ്പോൾ പ്രേമത്തെപ്പറ്റി എഴുതുന്നൊ? പ്രേമത്തിനു എന്തു വില?” (ഗ്യാൻ ചന്ദ്‌) സ്വന്തം കഥാപാത്രത്തെക്കൊണ്ടു തന്നെ അവൾ ചോദിപ്പിക്കുന്നു. അതിനുള്ള മറുപടിയെന്നോണം എത്രയെത്ര കഥകൾ! പഴയതിനെ, ഉപയോഗമില്ലാത്തതിനെ എല്ലാം കീറിക്കളയുന്ന, വൃദ്ധനായ അച്ഛനെ മറക്കുന്ന മകൾ (കാളവണ്ടികൾ), ഭർത്താവിനും കുഞ്ഞുങ്ങൾക്കും വേണ്ടി എരിഞ്ഞെരിഞ്ഞ്‌ പേക്കോലമാകുന്ന സ്‌ത്രീ (കോലാട്‌), പട്ടിണി കിടന്ന കുട്ടിയുടെ കയ്യിൽ നിന്ന്‌ താഴെ വീഴുന്ന ഖുർ ആൻ (വിശുദ്ധഗ്രന്ഥം), കുറച്ച്‌ മണ്ണ്‌, മനോമി, മാനസി, രുഗ്മിണി, താര…… സാമൂഹ്യ വിമർശനങ്ങളുടെ നിരയങ്ങനെ നീണ്ടുപോകുകയല്ലെ!

“തെക്കെപറമ്പിൽ മരിച്ചവരെ ദഹിപ്പിക്കുമ്പോൾ നടുന്ന തെങ്ങുകൾക്കിടയിൽ ഒരു വരമ്പിനോടു ചേർന്നു നിൽക്കുകയായിരുന്നു ഈ ഞാവൽമരം. ഞാൻ ഇവിടെ വരേണ്ടവളല്ല, പക്ഷെ എന്നെ നശിപ്പിക്കരുത്‌ എന്ന്‌ ഞങ്ങളോട്‌ അത്‌ പറയുന്നതായി തോന്നി. ഇനിയത്തെ കൊല്ലം വരുമ്പോഴേക്ക്‌ ഇത്‌ വലുതായിട്ടുണ്ടാവോ? മുത്തശ്ശിയൊ? മുത്തശ്ശി വലുതായിട്ടുണ്ടാവോ? മുത്തശ്ശി ഇനി ചെറുതാവാ ചെയ്യ. ചുളിഞ്ഞ്‌ ചുളിഞ്ഞ്‌ ചെറുതാവ. അത്ര തന്നെ” (വേനലിന്റെ അവധി)

ഒരിക്കലും ചുളിഞ്ഞ്‌ ചെറുതാവാതെ സ്‌നേഹത്തിന്റെ ഈ ഞാവൽ മരം അക്ഷരസ്‌നേഹികളുടെ മനസ്സിലുണ്ട്‌. അവൾ ഉറങ്ങുന്ന പള്ളിപ്പറമ്പിലെ മഹാഗണിക്കും വാകക്കുമൊക്കെയിടയിൽ അതും പൂ ചൂടി നിൽക്കട്ടെ. ആ ഓർമകളുടെ പരിശുദ്ധിയെ നമുക്ക്‌ കെടാതെ സൂക്ഷിക്കാം.’നെയ്‌പായസ‘ത്തിലെ രാജനെപ്പോലെ ചിരിച്ചുകൊണ്ട്‌ നമുക്കും പറയാം “ശരിയാ, അമ്മ അസ്സൽ നെയ്‌പായസം ഉണ്ടാക്കി വച്ചിട്ടാ പോയത്‌. സ്‌നേഹത്തിന്റെ നെയ്‌പായസം.

സൃഷ്‌ടിയുടെ സൗന്ദര്യമറിയാൻ നഗ്നപ്രതിമകളെ ഉണ്ടാക്കിയവളെ ആക്ഷേപിച്ചവരാണു നമ്മൾ. (പലായനം) എല്ലാത്തിനും മാപ്പു തന്നില്ലെ ആ സ്‌നേഹതാരകം. സ്‌നേഹിച്ച്‌ സ്‌നേഹിച്ച്‌ കൊതി തീരാതെപോയവളെ, അമ്മേ, പ്രണാമം. സ്വീകരിക്കൂ എന്റെ ആത്മാവിന്റെ ഈ ബാഷ്‌പാഞ്ജലി. അനന്ത വിദൂരതയിലിരുന്ന്‌ നീ ഈ വാക്കുകളുടെ സ്‌പന്ദനം വായിച്ചെടുക്കുമല്ലൊ!

Generated from archived content: essay4_jun11_09.html Author: sheela_tomy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here