തുഷാരഭൂമിയിലൂടെ

മഞ്ഞുമൂടിയ ആൽപ്‌സ്‌ പർവതനിരകളുടെ മടിത്തട്ടിൽ മയങ്ങുന്ന സുന്ദര ഭൂമിയാണ്‌ സ്വിറ്റ്‌സർലണ്ട്‌. ആർതർ കോനൽ ഡോയ്‌ലിന്റെ കഥാപാത്രമായ ഷെർലക്‌ഹോംസിനോടൊപ്പം സ്വിറ്റ്‌സർലണ്ടിലെ മെരിഞ്ഞ്‌ജൻ കുന്നുകളിലെ റെയ്‌ചൻബാച്ച്‌ വെള്ളച്ചാട്ടത്തിനരികിലേക്ക്‌ പറന്നെത്തുവാൻ ബാല്യത്തിൽ ഞാൻ കൊതിച്ചിട്ടുണ്ട്‌.

ദിൽവാലേ ദുൽഹനിയ ലേ ജായേങ്കേ, ബച്ച്‌നാ യേ ഹസീന തുടങ്ങി പല സിനിമകളിലേയും ദൃശ്യഭംഗി കാണുമ്പോൾ സ്വിറ്റ്‌സർലണ്ട്‌ ഒരിക്കലെങ്കിലും കാണാൻ ആരും മോഹിച്ചുപോകും.

ഒടുവിൽ ആ യാത്ര യാഥാർത്ഥ്യമായി. ദോഹയിൽ നിന്ന്‌ ഞങ്ങൾ രണ്ടു കുടുംബങ്ങൾ അവധിക്കാലം ആസ്വദിക്കാൻ സ്വിറ്റ്‌സർലണ്ടിലേക്ക്‌ പുറപ്പെട്ടു. യാത്രക്ക്‌ വളരെ മുമ്പേ തന്നെ സ്വിറ്റ്‌സർലണ്ടിനെ അടുത്തറിയാൻ ഞങ്ങൾ പഠനം തുടങ്ങിയിരുന്നു. സൂറിച്‌, ജനീവ, ബേൺ, മുസേ, ബേസൽ തുടങ്ങിയ മഹാനഗരങ്ങളെ കുറിച്ച്‌ ഞങ്ങൾ വായിച്ചു എന്നാൽ ഞങ്ങൾ കാണുവാൻ കൊതിച്ചത്‌ സ്വിറ്റ്‌സർലണ്ടിന്റെ നഗരപ്രൗഡിയല്ല, മറിച്ച്‌ ആ നാടിന്റെ പർവതഭംഗികളാണ്‌.

19-​‍ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബെർണീസ്‌ ആൽപ്‌സിലെ കൊടുമുടികൾ ബ്രിട്ടീഷ്‌ പർവതാരോഹകർ കീഴടക്കിയതു മുതലാണ്‌ സ്വിസ്‌ ടൂറിസത്തിനു തുടക്കമിടുന്നത്‌. കാലം പിന്നിട്ടപ്പോൾ ബെർണീസ്‌ ഒബർലാൻസ്‌ അഥവാ ബെർണീസ്‌ ഹൈലാൻഡ്‌ ടൂറിസ്‌റ്റുകളുടെ വിഹാരകേന്ദ്രമായി. കുളിരു ചൊരിയുന്ന ആൽപൈൻ ക്ലൈമറ്റ്‌, മനോഹരമായ ലാൻഡ്‌ സ്‌കേപ്‌സ്‌, സ്‌കീമിങ്ങിനും മൗണ്ടനിയറങ്ങിനുമുള്ള സൗകര്യങ്ങൾ അങ്ങനെ പലതും അവിടേക്കു നമ്മെ ആകർഷിക്കുന്നു.

പര്യടനത്തിനു വേണ്ട ഷെങ്കൻ വിസ എയർ ടിക്കറ്റ്‌, ഹോട്ടൽ ബുക്കിംങ്ങ്‌സ്‌, റൂട്ട്‌ മാപ്പ്‌സ്‌ എന്നിവയെല്ലാം മുൻകൂട്ടി തന്നെ ഞങ്ങൾ തയ്യാറാക്കി. ദോഹയിൽ നിന്നും ലണ്ടനിലെ ഹിത്രോ വിമാനത്താവളം വഴി സ്വിറ്റ്‌സർലണ്ടിലെ സൂറിച്ചിലേക്ക്‌ ഞങ്ങൾ വിമാനം കയറി. നീണ്ട യാത്രക്കൊടുവിൽ സൂറിച്ചിലിറങ്ങിയപ്പോൾ മഴ നനഞ്ഞുനിൽക്കുന്ന വിമാനത്താവളം നാടിന്റെ പ്രതീതിയുണർത്തി. എയർപോട്ടിനോട്‌ തൊട്ടടുത്തുതന്നെയാണ്‌ ബാൺഹോഫ്‌. (Bahn hof) സ്വിസ്‌ ഭാഷയിൽ ബാൺ ഹോഫ്‌ എന്നാൽ സ്‌റ്റേഷൻ എന്നാണ്‌ അർത്ഥം. അവിടെ നിന്ന്‌ ഞങ്ങൾ ട്രെയിൻ യാത്രകൾക്കായി സ്വിസ്‌പാസ്‌ എടുത്തു. സ്വിസ്‌പാസ്‌ എടുത്തില്ലായെങ്കിൽ സ്വിറ്റ്‌സർലണ്ടിൽ യാത്രകൾ വളരെ ചിലവേറിയതായിരിക്കും. സൂറിച്ച്‌ സെൻട്രൽ സ്‌റ്റേഷനിൽ നിന്ന്‌ ഞങ്ങൾ ലുസോൺ നഗരം ലക്ഷ്യമാക്കി ട്രെയിൻ യാത്ര തുടങ്ങി.

സ്വിറ്റ്‌സർലണ്ടിലെ ട്രെയിൻ യാത്രകൾ അവിസ്‌മരണീയങ്ങളാണ്‌. അത്യന്തം വൃത്തിയും ഭംഗിയുമുള്ള ട്രെയിനുകൾ. വശങ്ങളിൽ പൂർണമായും കണ്ണാടി ജനാലകൾ. ഗോൾഡൻപാസ്‌ പനോരമിക്‌ എക്‌സ്‌പ്രസ്‌ പ്രകൃതി ഭംഗി മുഴുവൻ പകർന്നു തരുന്ന രീതിയിലാണ്‌ ഡിസൈൻ ചെയ്‌തിരിക്കുന്നത്‌. വളരെ കുറഞ്ഞ വേഗതയിൽ അതു നമ്മെ വഴിയോര കാഴ്‌ചകളിലൂടെ കൂട്ടിക്കൊണ്ടു പോകുന്നു. ഇരുവശവും അണിനിരന്ന പ്രകൃതി ഭംഗിയിൽ വിസ്‌മയഭരതരായി ദൈവത്തിന്റെ കരവിരുതിനെ ഞങ്ങൾ സ്‌തുതിച്ചു. ഇത്ര വിസ്‌മയചിത്രങ്ങൾ എഴുതിയ ദൈവം എത്രയോ വലിയ കലാകാരനാണ്‌! മലകളുടെയും തടാകങ്ങളുടെയും നാട്‌. തടാകക്കരയിൽ പച്ചക്കുന്നുകളിൽ കൊച്ചുകൊച്ചു പട്ടണങ്ങൾ. പച്ചയും മഞ്ഞയും കാവിയും ഇലകൾ ചൂടി കൈവീശുന്ന മരങ്ങൾ. സ്വ്‌പനത്തിലെന്നപോല ഇലകൊഴിച്ച്‌ ശില്‌പ രൂപമാർന്നു നിൽക്കുന്ന മേപ്പിൾ മരങ്ങൾ ദൂരെ മലമുകളിൽ തുഷാരപടലങ്ങൾ. താഴേക്ക്‌ നീളുന്ന പൈൻമരക്കൂട്ടങ്ങൾ. മലമുകളിലെ മഞ്ഞ്‌ കണ്ട്‌ ചോക്കലേറ്റ്‌ കേക്കിനുമേൽ ഐസിങ്ങ്‌ കൊടുത്തതുപോലെ എന്നു പറഞ്ഞ്‌ കുട്ടികൾ ചിരിച്ചു. പുൽത്തകിടികളിൽ മേയുന്ന കാലിക്കൂട്ടങ്ങളയും ഇടയിൽ കാണാം. ഈ രാജ്യം മുഴുവൻ മനോഹരമായ ഒരു പൂന്തോട്ടമാണല്ലോ എന്ന്‌ ആരോ പറഞ്ഞു.

ട്രെയിൻയാത്രക്കിടയിൽ പരിചയപ്പെട്ട ബിയാസ്‌ട്രോസ്‌കി എന്ന സ്വിറ്റ്‌സർലണ്ടുകാരി അവരുടെ നാടിനെക്കുറിച്ച്‌ വാചാലയായി. അവർ ഒരു അധ്യാപികയായിരുന്നു. മനോഹരമായ ഈ ലാൻഡ്‌സ്‌കേപ്‌സ്‌ ഈവണ്ണം സൂക്ഷിക്കുന്നത്‌ ഗവൺമെന്റാണോ എന്നു ഞങ്ങൾ ചോദിച്ചു. ‘അല്ല. അത്‌ ഓരോ പൗരന്റെയും കടമയാണ്‌.’ അവർ മറുപടി പറഞ്ഞു. ഓരോരുത്തരും അവരുടെ ഭൂമി ഏറ്റവും സുന്ദരമായി ഒരുക്കിനിർത്തുന്നു. കുറ്റിച്ചെടികൾ വളരാനനുവദിക്കാതെ പുൽത്തകിടികൾ നിരപ്പാക്കുന്നു. മാലിന്യക്കൂമ്പാരങ്ങൾ അവിടെയുമുവിടെയും വലിച്ചെറിയുന്ന നമ്മുടെ നാടിന്‌ അനുകരിക്കുവാൻ സ്വിസ്‌മണ്ണ്‌ ഒരു മാതൃകയാണ്‌. ദൈവം കനിഞ്ഞു നൽകിയ പ്രകൃതിയെ നമ്മൾ നശിപ്പിക്കുകയല്ലേ.

ഞങ്ങൾ ലുസേൺ നഗരത്തിൽ ട്രെയിനിറങ്ങി. ലുസേൺ തടകത്തിന്റെ കരയിലെ സുന്ദരനഗരമാണ്‌ ലുസേൺ. 2010-ൽ ട്രിപ്‌അഡ്‌വൈസർ എന്ന സൈറ്റ്‌ അഞ്ചാമത്തെ വലിയ ടൂറിസം ഡെസ്‌റ്റിനേഷനായി തെരഞ്ഞെടുത്ത നഗരം. നഗരവീഥികൾ ആൽപ്‌സ്‌ പർവതത്തിലെ മൗണ്ട്‌ പിലാറ്റസിനെ ചുംബിച്ചു നിൽക്കുകയാണ്‌. നല്ല തണുപ്പുണ്ട്‌. താപനില പൂജ്യം ഡിഗ്രിയോട്‌ അടുത്തിരിക്കണം. ഞങ്ങൾ കമ്പിളിക്കുപ്പായങ്ങളും കൈയുറകളും ധരിച്ചു. തണുപ്പേറും മുമ്പേ ലക്ഷ്യസ്‌ഥാനത്തെത്തുവാൻ ഓട്ടത്തിലായിരുന്നു ഞങ്ങളെ കടന്നുപോയവരെല്ലാം. പ്രായമായവർപോലും ചുറുചുറുക്കോടെ ഓടി നടക്കുന്നു. ഈ വേഗത കൊണ്ടാണ്‌ ഈ നാട്‌ തണുപ്പിനെ അതിജീവിക്കുന്നത്‌ എന്നു തോന്നിപ്പോയി.

ലുസേൺ നഗരത്തിൽ 14-​‍ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട മരത്തിന്റെ തീർത്ത ചാപൽ ബ്രിഡ്‌ജിനു മുകളിലൂടെ ഞങ്ങൾ നടന്നു. ബ്രിഡ്‌ജിനുള്ളിൽ 17-​‍ാം നൂറ്റാണ്ടിലെ ചരിത്രം ചിത്രീകരിക്കുന്ന പെയിന്റിങ്ങുകൾ. ചാറ്റൽമഴയിലൂടെ റൂസ്‌നദി കടന്ന്‌ ഞങ്ങൾ അക്കരെയെത്തി. റൂസ്‌ നദിയിൽ കുളിക്കുന്ന അരയന്നങ്ങളോട്‌ കഥകൾ പറഞ്ഞു. ഈ പാലം ലൂസേണിലെ ഒരു പ്രധാന ലാൻഡ്‌മാർക്ക്‌ ആണ്‌. ലുസേൺ മുഴുവൻ കാണുവാൻ കൊതിയുണ്ട്‌. പക്ഷെ, ഇന്റർലേക്കൺ എന്ന മനോഹരതീരത്തിലേക്ക്‌ ഞങ്ങൾ യാത്ര തുടരേണ്ടിയിരുന്നു. ലുസോൺ തടാകക്കരയിലെ ദീപാലംകൃതമായ കെട്ടിടങ്ങളോട്‌ വിടപറഞ്ഞ്‌, സ്‌റ്റേഷനിലെ ലോക്കറിൽ സൂക്ഷിച്ച ലഗേജുമെടുത്ത്‌ ഇന്റർലേക്കണിലേക്കുള്ള ട്രെയിനിന്റെ രണ്ടാം നിലയിൽ ഞങ്ങൾ കയറിയിരുന്നു.

ജോലി കഴിഞ്ഞു മടങ്ങുന്നവർ ട്രെയിനിൽ വായനയിലും ജോലികളിലും മുഴുകിയിരിക്കുന്നത്‌ ഞങ്ങൾ കണ്ടു. ഇവർക്കു നഷ്‌ടമാക്കുവാൻ ഒട്ടും സമയമില്ല. ഈ അധ്വാനശീലം തന്നെയായിരിക്കാം ഈ നാടിന്റെ പുരോഗതിയുടെ അടിസ്‌ഥാനവും.

ഇന്റർലേക്കൺ ഈസ്‌റ്റിൽ ഞങ്ങൾ ട്രെയിനിറങ്ങുമ്പോൾ രാത്രി 8 മണി കഴിഞ്ഞു. സ്‌റ്റേഷൻ വിജനമായിരുന്നു. ഇന്റർലേക്കൺ വെസ്‌റ്റിലാണ്‌ ഞങ്ങളുടെ ഹോട്ടൽ. അവിടേക്കുള്ള ട്രെയിൻ കയറുവാൻ ഭൂഗർഭ അറയിലൂടെ ഞങ്ങൾ നടന്നു. മരവിപ്പിക്കുന്ന തണുപ്പ്‌. അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിൻ വെസ്‌റ്റിലേക്കായിരിക്കാം, ഞങ്ങൾ ഊഹിച്ചു. പക്ഷെ ട്രെയിൻ പുറപ്പെടുവാൻ ഇനിയും അരമണിക്കൂർ കാത്തുനിൽക്കണം. പുറത്തെ തണുപ്പ്‌ ഞങ്ങൾക്ക്‌ അസഹ്യമായി തോന്നി. ‘ഈ ട്രെയിൻ വെസ്‌റ്റിലേക്കല്ലേ’ ഒരു ഉദ്യോഗസ്‌ഥനോട്‌ ഞങ്ങൾ ചോദിച്ചു. ‘തീർച്ചയായും. നിങ്ങളെ ഈ തണുപ്പിൽ ഉപേക്ഷിക്കാൻ ആവില്ലല്ലോ. നിങ്ങളെ ലക്ഷ്യസ്‌ഥാനത്ത്‌ എത്തിക്കേണ്ടത്‌ ഞങ്ങളുടെ ഡ്യൂട്ടിയാണ്‌. ഊഷ്‌മളമായ ചിരിയോടെ ട്രെയിനിനകത്തെ ചൂടിലേക്ക്‌ അയാൾ ഞങ്ങളെ ക്ഷണിച്ചു. സ്വിസ്‌ദേശക്കാരുടെ ആതിഥ്യമര്യാദ ഞങ്ങൾ തൊട്ടറിയുകയായിരുന്നു. അസമയത്ത്‌ നമ്മുടെ നാട്ടിലെ ഒരു റെയിൽവേസ്‌റ്റേഷനിൽ ഇറങ്ങുന്ന ഒരു വിദേശ ടൂറിസ്‌റ്റിന്റെ അവസ്‌ഥ എന്തായിരിക്കുമെന്ന്‌ ഒരു നിമിഷം ഞാനോർത്തു.

സ്വിറ്റ്‌സർലണ്ടിലെ രണ്ടാം ദിവസം. ഹോട്ടലിലെ പ്രഭാതഭക്ഷണത്തിനുശേഷം എട്ടുമണിയോടെ ഞങ്ങൾ പുറത്തിറങ്ങി. പ്രഭാതവെട്ടത്തിൽ ഇന്റർലേക്കന്റെ സൗന്ദര്യം കണ്ട്‌ ഞങ്ങൾ വിസ്‌മയിച്ചു നിന്നുപോയി. ഗിരിശൃംഗങ്ങളിൽ മഞ്ഞുവീണു കിടക്കുന്ന മലനിരകളാൽ വലയം ചെയ്യപ്പെട്ട സുന്ദരി. മലനിരകളുടെ താഴ്‌വാരത്തേക്ക്‌ പൈൻ മരങ്ങളുടെയും ഫിർ മരങ്ങളുടെയും വർണഭംഗി. മഞ്ഞുപാളികൾ സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്നു. ഇന്റർലേക്കൻ എന്നാണ്‌ സ്വിസ്‌ ഭാഷയിൽ ഈ സ്ഥലനാമം ഉച്ചരിക്കുന്നത്‌. പേരു സൂചിപ്പിക്കുന്നപോലെ രണ്ടു തടാകങ്ങൾക്കിടയിൽ കിടക്കുന്ന നഗരമാണ്‌ ഇന്റർലേക്കൻ. പടിഞ്ഞാറ്‌ തൂൺ തടാകവും(Thun) കിഴക്ക്‌ ബ്രീൻസ്‌ (Brienz) തടാകവും. ജുംങ്ങ്‌ഫ്രോ മൗണ്ടൻ ഈ താ​‍ാഴ്‌വാരത്തെ ചുറ്റി കാവൽ കിടക്കുന്നു. ആൽപ്‌സിലെ മൂന്നു പ്രധാന ഗിരിശൃംഖങ്ങളായ എയ്‌ഗർ (Eiger), മോഞ്ച്‌ (Monch) ജുംങ്ങ്‌ഫ്രോ (Jungfran) എന്നിവ തൊട്ടുതൊട്ടു കിടക്കുകയാണ്‌.

വളരെ കുറവ്‌ സ്വദേശികളേ ഈ നഗരത്തിലുള്ളു. പിന്നെ ടൂറിസ്‌റ്റുകളുടെ നിലക്കാത്ത പ്രവാഹമാണ്‌. ഗ്രാമ്യശാലീനത തുളുമ്പുന്ന ശാന്തമായ ഈ നഗരത്തെ ആരും പ്രണയിച്ചു പോകും. പരമ്പരാഗത രീതിയിൽ മരങ്ങളാൽ നിർമ്മിതമായ മനോഹര ഹർമ്യങ്ങൾ. ഓടിട്ടുമേഞ്ഞ ചരിഞ്ഞ മേൽക്കൂരകൾ. ഓരോ വീടിനു മുന്നിൽ പൂന്തോട്ടം. ഹലോവിൻ ഫെസ്‌റ്റിവലിന്റെ അടയാളങ്ങളായ മത്തങ്ങയും മറ്റു അലങ്കാരങ്ങളും പലയിടത്തും കണ്ടു. കോൺക്രീറ്റ്‌സൗധങ്ങൾ കാണാനേയില്ല. മഞ്ഞുവീഴ്‌ചയും മഴയും ഉണ്ടാകുന്ന മലയടിവാരത്തിൽ കാലാവസ്‌ഥക്ക്‌ അനുയോജ്യമായ കെട്ടിടനിർമ്മിതി തന്നെ. പരിഷ്‌കാരത്തിനു പിന്നാലെ പോയി കോൺക്രീറ്റ്‌ മാളികകളിലിരുന്ന്‌ ചുട്ടുപൊള്ളുന്ന നമുക്ക്‌ അനുകരണിയമായ ഒരു മാതൃകതന്നെയാണ്‌ ഇത്‌.

നഗരമെന്നേ തോന്നിക്കാത്ത ഈ നഗരം ശാന്തമായ അവധിദിനങ്ങൾ കൊതിക്കുന്ന ഏവർക്കും ഏറ്റവും അനുയോജ്യമായ ഒരു destination ആണ്‌. ഇവിടെ ട്രെയിൻ സ്‌റ്റേഷനോട്‌ ചേർന്നു കണ്ടത്‌ ബസ്‌റ്റാൻഡും ഒരു സൈക്കിൾ സ്‌റ്റാൻഡുമാണ്‌. മുതിർന്നവരും കുട്ടികളും സൈക്കിളിൽ യാത്ര ചെയ്യുന്നു. സൈക്കിൾ വാടകക്കെടുത്ത്‌ ഇന്റർലേക്കൻ തെരുവുകളിലൂടെ ഞങ്ങളും സൈക്കിൾ സവാരി ആസ്വദിച്ചു. ബ്രീൻസ്‌ തടാകത്തിലെ കുളിരുള്ള കാറ്റ്‌ ഞങ്ങളെ തഴുകി കടന്നുപോയി. സീബ്രാ ക്രോസിങ്ങിലേക്ക്‌ നമ്മൾ നടന്നെത്തുന്നതിനു മുമ്പുതന്നെ അവരുടെ വാഹനങ്ങൾ നിർത്തിയിട്ട്‌ നമുക്കായി വഴിയൊരുക്കുന്ന നാട്ടുകാർ. ശാന്തമായ ഈ നഗരത്തിൽ ആരും തിടുക്കത്തിലല്ല. അവിടെ കണ്ട മറ്റൊരു കാഴ്‌ച കാർവാഷിങ്ങ്‌, പെട്രോൾ തുടങ്ങി പല കാര്യങ്ങളും സെൽഫ്‌ സർവീസ്‌ ആണ്‌ എന്നതാണ്‌. വെയിങ്ങ്‌മെഷീനിൽ പണമടച്ചശേഷം ഓരേരുത്തരും സ്വന്തം കാറിൽ സ്വയം പെട്രോൾ അടിക്കുന്നു. എല്ലാത്തിലും ഒരു സ്വയം പര്യാപ്‌തത ഈ നാട്ടുകാർക്കുണ്ട്‌.

12-​‍ാം നൂറ്റാണ്ടിൽ അഗസ്‌റ്റേനിയൻ കോൺബന്റ്‌ ആണ്‌ ഈ നഗരം നിർമ്മിച്ചത്‌. 19-​‍ാം നൂറ്റാണ്ടിൽ ഇതൊരു സ്‌പാ റിസോർട്ടായി പ്രശസ്‌തമായി. പിന്നെ പ്രിന്റിങ്ങ്‌, ടെക്‌സ്‌റ്റൈൽസ്‌, വാച്ച്‌ മേക്കിംഗ്‌, അങ്ങനെ പല നിലകളിൽ പ്രശസ്‌തമായി. എന്നാൽ ഇന്ന്‌ ഈ ടൂറിസ്‌റ്റ്‌ റിസോർട്ട്‌ സ്വിറ്റ്‌സർലണ്ടിലെ കിരീടത്തിലെ മുത്താണ്‌ എന്നു പറയാം.

രണ്ടാം ദിവസം മൗണ്ട്‌ പിലാറ്റസിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. ഞങ്ങളുടെ കമ്പാർട്ട്‌മെന്റിൽ കൂട്ടിനായി ഇന്ത്യക്കാരായ രണ്ടു മാനേജ്‌മെന്റ്‌ വിദ്യാർത്ഥികളുമുണ്ടായിരുന്നു. ഹരിയാനക്കാരനായ രാഹുലും ഹൈദബാദിൽനിന്നുള്ള വിശ്വാനാഥനും. അവരുടെ യാത്രാനുഭവങ്ങൾ അവർ പങ്കുവച്ചു. ബ്രിൻസ്‌ തടാകക്കരയിലൂടെ ട്രെയിൻ നീങ്ങി. പ്രകൃതി ഭംഗിയിൽ അഭിരമിച്ച്‌ ഞങ്ങൾ പറഞ്ഞു. ഇതാണ്‌ ഭൂമിയിലെ സ്വർഗം. ഷെർലക്‌ഹോംസിന്റെ കഥയുറങ്ങുന്ന മെരിഞ്ഞ്‌ജൻ കുന്നിലേക്ക്‌ ഹെയർപിൻ വളവുകൾ പിന്നിട്ട്‌ ട്രെയിൻ കയറി. ഇരുപുറവും പൈൻ മരങ്ങൾ മഞ്ഞൂകട്ടകൾ ചൂടി നിന്നു. വീടുകളുടെ മേൽക്കൂരയും പുൽത്തകിടികളും മഞ്ഞുമൂടി ശുഭ്രവർണംതൂകി നിന്നു. അൽപ്‌ന സ്‌റ്റഡിൽ (Alpnachsted) ഞങ്ങളിറങ്ങി. അവിടെ നിന്നാണ്‌ അവിസ്‌മരണീയമായ പിലാറ്റസ്‌ പർവതയാത്ര ആരംഭിച്ചത്‌. ക്രോളർ ട്രെയിനിൽ മലമുകളിലേക്ക്‌. രണ്ടായിരം മീറ്ററിനുമേൽ ഉയരത്തിലേക്ക്‌ പൈൻ കാടുകൾക്കു നടുവിലൂടെ 60ഡിഗ്രി ചരിവിൽ ട്രെയിൻ ഇഴഞ്ഞുകയറുകയാണ്‌ ഒരു വശത്ത്‌ അഗാധമായ കിടങ്ങുകൾ മഞ്ഞുമൂടിക്കിടക്കുന്നു. ഏതു റോളർകോസ്‌റ്റർ യാത്രയേക്കാളും ത്രസിപ്പിക്കുന്ന യാത്ര. പൽചക്രത്തിനുമേൽ തിരിഞ്ഞ്‌ തിരിഞ്ഞ്‌ മൗണ്ടൻ ട്രെയിൻ ഞങ്ങളേയും വഹിച്ചുകൊണ്ട്‌ ഉയരത്തിലേക്ക്‌. വയനാടൻ ചുരം കയറുവാൻപോലും പേടിക്കുന്ന കുട്ടികൾ യാത്രയുടെ ഹരത്തിൽ ആർത്തു വിളിച്ചു. ഇതൊരു ഫയറി ലാന്റ്‌ പോലെ എന്നവർ പറഞ്ഞു. അരമണിക്കൂർ നീണ്ട യാത്രക്കൊടുവിൽ ഞങ്ങൾ മൗണ്ട്‌പിലാറ്റസിൽ കാലുകുത്തി.

പർവതമുകളിൽ മഞ്ഞുപാളികളിലൂടെ ഞങ്ങൾ തെന്നിനീങ്ങി. കുട്ടികൾ മഞ്ഞുമനുഷ്യനെ ഉണ്ടാക്കുവാൻ ശ്രമം നടത്തി. പരസ്‌പരം മഞ്ഞുകട്ടകൾ വാരിയെറിഞ്ഞു കളിച്ചു. മുഖവും ചുണ്ടും മരവിച്ചു തുടങ്ങിയപ്പോൾ മൗണ്ടൻസ്‌റ്റേഷനിലെ ചൂടിൽ ഞങ്ങൾ അഭയം തേടി. തണുപ്പുമാറിയപ്പോൾ മിത്തുകൾ ഉറങ്ങുന്ന ബിയാറ്റസ്‌ ഗുഹയിലേക്ക്‌ മെല്ലെ നടന്നു. സ്വിറ്റ്‌സർലണ്ടിലെ മിത്തുകളിൽ ഒന്നാണ്‌ ഒരു ഡ്രാഗൺകഥ. ഈ ഗുഹക്കുള്ളിൽ വച്ച്‌ ദുഷ്‌ടനായ ഒരു ഡ്രാഗൺ സെയിന്റ്‌ ബിയാറ്റസിനാൽ വധിക്കപ്പെട്ടു എന്നാണ്‌ അവരുടെ വിശ്വാസം. ഗുഹയുടെ ചുവരുകളിൽ ആ കഥാചിത്രങ്ങൾ ഞങ്ങൾ കണ്ടു. ഗുഹയിൽ നിന്നു നോക്കുമ്പോൾ താഴെ മഞ്ഞിന്റെ സമുദ്രത്തിൽ ഒരു പള്ളി കാണാം. ബിയാറ്റസിന്റെ ദേവാലയം. ആ പള്ളിയിലെത്താൻ മഞ്ഞുപാളികളിലൂടെ ദീർഘദൂരം നടക്കണം. ആ സാഹസികശ്രമം ഞങ്ങൾ ഉപേക്ഷിച്ചു.

പിന്നീട്‌ പിലാറ്റസ്‌ മലയിറങ്ങിയത്‌ മറ്റൊരു വിസ്‌മയാനുഭവമായിരുന്നു. മലയുടെ മറുപുറത്തേക്ക്‌, ലൂസേൺ നഗരപ്രാന്തത്തിലേക്ക്‌ കേബിൾ കാർ ഞങ്ങളെയിറക്കിക്കൊണ്ടുപോയി. പർവതഭംഗിയുടെ മാസ്‌മരികതയിലൂടെ മുപ്പതുമിനിറ്റു നീണ്ട ആകാശയാത്ര. ഇരുപുറവും തൊട്ടു തൊട്ടില്ല എന്നോണം നിൽക്കുന്ന പൈൻമരങ്ങൾക്കിടയിലൂടെ പതിയെ പറക്കുകയായിരുന്നു. ആൽപ്‌സ്‌ പർവതത്തിന്റെ വെൺമയും നിശബ്‌ദതയും തുളുമ്പുന്ന ഏകാന്തസംഗീതം കേട്ട്‌ താഴേക്ക്‌ എത്തിയപ്പോൾ പുൽത്തകിടികളിൽ മേയുന്ന ചെമ്മരിയാടിൻ കൂട്ടങ്ങൾ. ഓടുമേഞ്ഞ വീടുകൾ. ലുസേണിൽ ഞങ്ങൾ തിരിച്ചിറങ്ങി.

മൂന്നാം ദിവസം ഞങ്ങളുടെ ലക്ഷ്യം ജുംങ്ങ്‌ഫ്രോ മലനിരകളായിരുന്നു. ഇന്റർലേക്കനിൽ നിന്ന്‌ ഗ്രിന്റൽവാൾഡിലേക്ക്‌ ട്രെയിൻ യാത്ര. സ്വിറ്റ്‌സർലാണ്ടിലെ മറ്റൊരു ഹിൽസ്‌റ്റേഷനാണ്‌ ഗ്രിന്റൽവാൾഡ്‌. സ്വിസ്‌മണ്ണിൽ ഏതു ഭൂപ്രദേശമാണ്‌ കൂടുതൽ സുന്ദരമെന്ന തീരുമാനത്തിലെത്താൻ നമുക്കാവില്ല. ഒന്നിനൊന്നു ഭംഗിയേറിയവയാണ്‌ ഓരോ ഭൂപ്രദേശങ്ങളും. ഹാരിപോട്ടർ സീരിസിലെ dark wizard ന്റെ നാടാണ്‌ കുട്ടികൾക്ക്‌ Grimdelwald. ജയിംസ്‌ ബോണ്ട്‌ ഫിലിമായ ‘on her Majety’s secret service ഇവിടെയാണ്‌ ചിത്രീകരിച്ചത്‌. വിന്റർ ഹൈക്കിങ്ങ്‌ ട്രാക്കുകളും സമ്മർ ആക്‌ടിവിറ്റി റിസോട്ടുകളും ഇവിടെയുണ്ട്‌.

ഗ്രിണ്ടൽവാൾഡിന്റെ ഭംഗിയിൽ നിന്ന്‌ യൂറോപ്പിലെ ഏറ്റവും ഉയർന്ന മലനിരയിലേക്ക്‌ ഞങ്ങൾ യാത്ര തിരിച്ചു. ട്രെയിൻ ഞങ്ങളെ ക്ലിനെ ഷെഡെഗ്ഗിൽ എത്തിച്ചു. അവിടെ നിന്ന്‌ തുരങ്കത്തിലൂടെ പ്രത്യേക മൗണ്ടൻ ട്രെയിൻ വഴി ജുംങ്ങ്‌ഫ്രോ പീക്കിലേക്ക്‌. 4158മീ. ഉയരത്തിലാണ്‌ ജുംങ്ങ്‌ഫ്രോപിക്‌. ഹിമാലയത്തിന്റെ പകുതി ഉയരം. 50 മിനിറ്റു നീണ്ട ടണൽയാത്രക്കൊടുവിൽ യൂറോപ്പിലെ ഏറ്റവും ഉയരത്തിലുള്ള ട്രെയിൻസ്‌റ്റേഷനായ (Jungfranjauch) ജുംങ്ങ്‌ഫ്രോജോച്‌ സ്‌റ്റേഷനിൽ ഞങ്ങളിറങ്ങി. ‘we are on top of Europe’. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ ആർത്തുവിളിക്കുന്നുണ്ടായിരുന്നു. പുറത്തെ മഞ്ഞു കാടുകളിലേക്ക്‌ ഇറങ്ങിയപ്പോൾ പുഷ്‌പവൃഷ്‌ടിപോലെ മഞ്ഞുപൂക്കൾ ഞങ്ങളെ വന്ന്‌ മൂടിക്കൊണ്ടിരുന്നു. അധികം നേരം ആ തുഷാര സ്‌പർശമേറ്റു നിൽക്കുവാൻ നമുക്കാവില്ല. ഞങ്ങൾ ഐസ്‌ പാലസുകാണുവാൻ നടന്നു. ഐസുകൊണ്ടു തീർത്ത കൊട്ടാരം. അതിനുള്ളിൽ നിറയെ ഐസിൽ തീർത്ത ശിൽപങ്ങൾ. ശിൽപികളുടെ കരവിരുതിനെ മനസാസ്‌തുതിച്ചുപോയി. ഐസുകൊട്ടാരത്തിന്റെ ഇടുങ്ങിയ ഇടനാഴികളിലൂടെ ഒരു സ്വപ്‌നലോകത്തെന്നപോലെ നടന്നു.

ജുംങ്ങ്‌ഫ്രോയിലെ സ്‌ഫിങ്ങ്‌സ്‌ ഒബ്‌സർവേറ്ററിയിൽ നിന്നാൽ മഞ്ഞുമലകളുടെ ഭംഗി മുഴുവൻ ആസ്വദിക്കാം അലിഷെ ഗ്ലേസിയർ (Alitche Glacier) എന്ന കൂറ്റൻ മഞ്ഞുമലയെ അത്‌ഭുതത്തോടെ നോക്കിക്കണ്ടു. ജുംങ്ങ്‌ഫ്രോ മല തിരികെയിറങ്ങാൻ ഇതുവരെ കാണാത്ത മറ്റൊരു മലയടിവാരത്തിലൂടെയുള്ള ട്രെയിനിൽ കയറാൻ ഞങ്ങൾ ത്രസിച്ചു. ലറ്റർ ബ്രൂണിൽ (lauterbrunmen) വഴിയായിരുന്നു ആ യാത്ര. ചെത്തിയെടുത്തപോലെ തിരശ്ചീനമായ പാറക്കൂട്ടങ്ങൾ രണ്ടുപുറവും കാവൽ നിൽക്കുന്ന ഒരു താഴ്‌വാര നഗരമായിരുന്നു അത്‌. മലയടിവാരത്തിൽ എത്തിയപ്പോഴേക്കും എല്ലാവരും തളർന്നിരുന്നു. മലമുളിലെ മർദ്ദവ്യതിയാനവും പ്രാണവായുവിന്റെ കുറവും തലവേദനയുണ്ടാക്കി. ഇനി മലകളെ വിട്ട്‌ നഗരങ്ങളിലൂടെ യാത്രയാവാം എന്നു ഞങ്ങൾ തീരുമാനിച്ചു.

ഇന്റർലേക്കനിൽ നിന്ന്‌ സ്വിസ്‌തലസ്‌ഥാനമായ ബേണിലേക്ക്‌ ഞങ്ങൾ ട്രെയിൻ കയറി. ജർമ്മനിയിലെ ഫ്രാങ്ക്‌ഫർടിക്ക്ള്ള ഇന്റർസിറ്റി ട്രെയിനായിരുന്നു അത്‌. സ്‌പീസ്‌, തൂൺ, ബേൺ, ബേസിൽ ഈ നഗരങ്ങൾ പിന്നിട്ടാണ്‌ ജർമ്മനിയിലേക്കുള്ള യാത്രാ. ഹരിതാഭമായ കൃഷിഭൂമികളും ഇലക്കൊഴിഞ്ഞ ആപ്പിൾ തോട്ടങ്ങളും വ്യവസായശാലകളും പിന്നിട്ട്‌ ഒരു മണിക്കൂർ യാത്രക്കൊടുവിൽ ഞങ്ങൾ ബേൺ നഗരത്തിലിറങ്ങി. ജർമ്മനും ഫ്രഞ്ചും ഇംഗ്ലീഷും സംസാരിക്കുന്ന നഗരം. 1983-ൽ ബേണിന്റെ ഹൃദയഭാഗത്തുള്ള ’ഹിസ്‌റ്റോറിക്‌ ഓൾഡ്‌ ടൗൺ‘ യുനെസ്‌കോയുടെ വേൾഡ്‌ ഹെറിറ്റേജ്‌ സൈറ്റ്‌ ആയിമാറിയ ജീവിതനിലവാരത്തിൽ മുൻപന്തിയിലുള്ള ലോകത്തിലെ പത്തുരാജ്യങ്ങളിലൊന്നാണ്‌ ബേൺ. മിഡീവൽ ആർകിടെക്‌ചറിന്റെ ഉദാഹരണമായി ഇന്നും നിലനിൽക്കുകയാണ്‌ ബേൺസിറ്റിസെന്ററും, ടൗൺഹാളും, 15th century ഗോഥിക്‌ കതീഡ്രലുമെല്ലാം. ശ്‌മശാന ഭൂമിയിൽ നിന്നും പൂന്തോട്ടമായിമാറിയ Garden of roses നമ്മെ സന്തോഷിപ്പിക്കും.

ബേൺ നഗരത്തിൽ ഞങ്ങൾ ഒരു ട്രാം യാത്ര നടത്തി. പാളത്തിൽ ഓടുന്ന നീളമുള്ള ഇലക്‌ട്രിക്‌ ബസുകളാണ്‌ ട്രാമുകൾ. ട്രാമുകൾക്ക്‌ ഓടുവാനുള്ള പാളങ്ങളും കാറുകളുടെ ട്രാക്കുകളും ഒരേ വീഥിയിൽ തന്നെയായിരുന്നു. സ്വിസ്‌പാസ്‌ കൈവശമുണ്ടെങ്കിൽ എവിടെയും നമുക്ക്‌ സ്വതന്ത്രമായി യാത്രചെയ്യാം. പരസ്‌പരവിശ്വാസം ഈ നാടിന്റെ മുഖമുദ്രയാണ്‌. ആരും ആരെയും വഞ്ചിക്കുന്നില്ല. രാജ്യത്തിന്റെ നിയമങ്ങൾ യഥാവിധം പാലിക്കുന്നു.

അടുത്ത ദിവസം ഞങ്ങൾ ഇന്റർലേക്കണിൽ ഒരു കാൽനടയാത്ര നടത്തി. പരാഗ്ലൈഡിങ്ങ്‌ സകൈഡൈരിങ്ങ്‌, സ്‌കീയിങ്ങ്‌ തുടങ്ങി പല സ്‌പോർട്ട്‌ ഇനങ്ങൾക്കും ഗൈഡ്‌ സർവീസുകൾ ഇവിടെയുണ്ട്‌. വിന്റർ തുടങ്ങിയതിനാൽ പല പാർക്കുകളും അടച്ചിട്ടിരിക്കുകയാണ്‌. മിസ്‌റ്ററി പാർക്ക്‌, സീൽപാർക്‌ ഒക്കെ അതിൽപെടും. മിസ്‌റ്ററിപാർക്കിൽ രാമായണത്തിലെ ’വിമാന‘ എന്നൊരു മിസ്‌റ്ററി ഇന്ത്യയുടേതായി ഡെപിക്‌ട്‌ ചെയ്‌തിട്ടുണ്ട്‌. സീൽ പാർക്കിൽ മരങ്ങളിൽ നിന്ന്‌ മരങ്ങളിലേക്കു തീർത്തിരിക്കുന്ന മരപ്പാലങ്ങളും കൂടാരങ്ങളും നമ്മുടെ വനപ്രദേശങ്ങളിൽ പരീക്ഷിക്കാവുന്ന ഒരു സംഭവമായി തോന്നി. നമ്മുടെ നാടിന്റെ സാധ്യതകൾ പകുതിപോലും നമ്മൾ ഉപയോഗപ്പെടുത്തിയിട്ടില്ലല്ലോ. ബോണിഗൻ (Bonigan) തടാകതീരത്ത്‌ ഒരു സന്ധ്യ മറക്കാനാവാത്ത അനുഭവമായി. ആ ഭംഗിയുള്ള പിന്നലുപേക്ഷിച്ച്‌ യാത്ര തുടരേണ്ടിയിരുന്നു.

അടുത്ത ദിവസം ഇന്റർലേക്കിനോടു വിട പറയാൻ സമയമായി. സ്വിറ്റ്‌സർലണ്ടിലെ മഹാനഗരമായ ജനീവയിലേക്കായിരുന്നു ആ യാത്ര. പനോരമിക്‌ എക്‌സ്‌പ്രസ്സിലെ യാത്ര കൂടുതൽ മനോഹരമായ പ്രദേശങ്ങളെ തഴുകി നീണ്ടുപോയി. ഒരു കുന്നിന്റെ മുകളിൽ നിന്നു താഴെ തടാകതീരത്തു ഒരു വലിയ നഗരം ദൃശ്യമായി. മോൺട്രക്‌സ്‌ (Montranx) എന്ന സുന്ദരിയായിരുന്നു അത്‌. ജനീവയെത്തും മുമ്പേയുള്ള മലമടക്കിലെ ദൃശ്യവിസ്‌മയമാണ്‌ മോൺട്രക്‌സ്‌. ആധുനികനഗരമായ ജനീവ ഞങ്ങളെ വരവേറ്റു. ജനീവ എന്ന ഗ്ലോബൽ സിറ്റി ഒരു ഫിനാൻഷ്യൽ സെന്ററാണ്‌. ന്യൂയോർക്കിനെപോലെ അന്താരാഷ്‌ട്ര സഹകരണത്തിന്റെ ആസ്‌ഥാനമാണ്‌ ജനീവയും. യു.എന്നിന്റെ പല ഏജൻസികളുടെയും റെഡ്‌ക്രോസിന്റെയും ഹെഡ്‌ക്വർട്ടേഴ്‌സ്‌ ഇവിടെയാണ്‌. സമാധാനത്തിന്റെ ആസ്‌ഥാനം എന്നറിയപ്പെടുന്ന ജനീവ വളരെ ജനസാന്ദ്രമായ നഗരമാണ്‌. ജീവിതനിലവാരത്തിൽ മൂന്നാംസ്‌ഥാനത്താണ്‌ ഈ നഗരം. വളരെ ചിലവേറിയ നഗരം തന്നെയാണ്‌ ജനീവ.

മറക്കാനാവാത്ത അനുഭവങ്ങളും ഹൃദയത്തിൽ സൂക്ഷിച്ച്‌ ജനീവ വിമാനത്താവളത്തിൽ നിന്നും പറന്നുയരുമ്പോൾ ആൽപ്‌സ്‌ മല നിരകളിലെ തുഷാരവർഷം മനസ്സിൽ പെയ്‌തിറങ്ങുന്നുണ്ടായിരുന്നു.

Generated from archived content: essay2_jan18_11.html Author: sheela_tomy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English