”എന്റെ കാലിലെ ചിലങ്കകള്‍ കിലുങ്ങുന്നത് മാത്രം ഞാന്‍ കേട്ടു. ഞാന്‍ സ്നേഹിച്ചു. സ്നേഹമെന്റെ മതമായി തീര്‍ന്നു. ”(മാധവിക്കുട്ടി)
ജീവിതം സ്വപ്നത്തേക്കാള്‍ സുന്ദരമാകുന്നത് പ്രണയിക്കുമ്പോള്‍ മാത്രം. എങ്ങിനെ ജീവിക്കണമെന്ന് അറിയുമ്പോള്‍ മാത്രം. തുറന്നിട്ട ജാലകത്തിലൂടെ അറിയാതെ കടന്നു വരുന്ന സുഗന്ധം. അത് ആസ്വദിക്കുവാന്‍ മനസ്സു തുറന്നു വയ്ക്കണം എന്നു മാത്രം. ബ്ലെസ്സി കഥയും തിരക്കഥയും സം വിധാനവും ചെയ്ത ‘പ്രണയം’കണ്ടു പുറത്തിറങ്ങിയപ്പോള്‍ ഒരു നല്ല പുസ്തകം വായിച്ചു തീര്‍ത്തപോലെ മനസ്സ് വിമലീകരിക്കപ്പെടുന്ന പ്രതീതി.ജീവിതം പ്രശ്നഭരിതമെന്നു വിലപിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് പ്രണയിക്കാനാകുമോ! അവിടെയാണ് ഒരു വശം തളര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്ന ഫിലോസഫി പ്രൊഫസറായ മാത്യൂസും ഭാര്യ ഗ്രേസും നമുക്കു മുന്നില്‍ എത്തുന്നത്. അറുപതു കഴിഞ്ഞിട്ടും പ്രണയത്തിന്റെ നൂലിഴകള്‍ അവരെ കോര്‍ത്തിണക്കുന്നു. ഒരു ദിവസം പതിവുകള്‍ മറന്ന് ഉറങ്ങാന്‍ കിടന്ന ഗ്രേസിനോട് മാത്യൂസ് പറയുന്നതു നോക്കു’ ഇന്ന് ഉമ്മ തന്നില്ല പ്രാര്‍ഥിച്ചില്ല. എന്റേ ഇന്നിങ്ങനെ.’ പ്രണയമൊരു പ്രാര്‍ഥന പൊലെയാണ് അവര്‍ക്കിടയില്‍. യുവമിഥുനങ്ങള്‍പോലും തോറ്റുപോകും അവര്‍ക്കു മുന്നില്‍.
പ്രണയത്തിനുപ്രായത്തിന്റെ അതിരുകള്‍ നിശ്ചയിക്കാത്ത ബ്ലെസ്സിയുടെ കഥയിലും പ്രമേയത്തിലും പുതുമയുണ്ട്. ‘കൊതി തീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ’ എന്ന് കവി പാടിയത് ഓര്‍മ്മിച്ചു പോകും.പ്രണയത്തിന്റെ വിശുദ്ധിയും കുടുംബബന്ധങ്ങളുടെ മാധുര്യവും കാവ്യാത്മകമായ് പറയുന്നതില്‍ ബ്ലെസ്സി വിജയിച്ചു എന്ന് തന്നെ പറയാം. ഭാര്യാഭര്‍തൃ ബന്ധം മാത്രമല്ല അച്ഛനും മകനും അമ്മയും മകനും ഒക്കെ തമ്മില്‍ തമ്മില്‍ തേടുന്ന സ്നേഹം ജീവിതഗന്ധിയായ ഈ ചിത്രത്തിന്റെ ചാരുതയാണ്.
പക്ഷെ തന്മാത്രയും കാഴ്ചയും പോലെ എല്ലാതരത്തില്‍ പെടുന്ന പ്രേക്ഷകര്‍ക്കും രുചിക്കുമെന്നു തോന്നുന്നില്ല ഈ കഥ. തമാശ കഥകള്‍ കണ്ടു റിലാക്സ് ചെയ്യാനായ് മാത്രം സിനിമ കാണുന്നവര്‍ക്കും ഇഷ്ടമായ് എന്നു വരില്ല. കാരണം ഓരോവരിയും ആസ്വദിക്കേണ്ട കവിത പോലെ ആണ് ‘പ്രണയം’
ക്യാമറയുടെ ഓരോ ഷോട്ടിലും കാണാം ദൃശ്യ ചാരുത. സതീഷ് കുറുപ്പിന്റെ സിനിമാടോഗ്രഫി കഥയുടെ മൂഡിനും ഭാവങ്ങള്‍ക്കും മിഴിവേകുന്നതായി. പല സീനുകളിലും ചുവരില്‍ തൂക്കാവുന്ന പെയ്ന്റിഗ് പോലെ! മഴയും കടലും പൂമ്പാറ്റകളും…..
നിഗൂഡമായ അര്‍ഥതലങ്ങള്‍ കാണാം പലപ്പോഴും. ഇതാ ഒരു ഉദാഹരണം. ആദ്യ ഭര്‍ത്താവിനെ icu വില്‍ ആക്കി പുറത്തു കാത്തുനില്‍ക്കുന്ന ഗ്രെസിനു മുന്നില്‍ തെളിയുന്ന ബോര്‍ഡ്…’ സന്ദര്‍ശകരെ അനുവദിക്കുന്നതല്ല’ ഒരിക്കല്‍ എല്ലാമായിരുന്നവള്‍ക്ക് ഒരു സന്ദര്‍ശകയായി പോലും അകത്തു കടക്കാന്‍ ആവാത്ത വിധി വൈപരീത്യം!
മോഹന്‍ലാല്‍, ജയപ്രദ, അനുപംഖേര്‍ ഇവര്‍ മൂവരും അസുലഭ അഭിനയ മുഹൂര്‍ത്തങ്ങളാണ് കാഴ്ച വയ്ക്കുന്നത്. മലയാളിത്തമില്ലാത്ത മുഖവുമായി അനുപം ഖേര്‍ അച്യുതമേനോന്‍ എന്ന കഥാപാത്രത്തോട് ഇണങ്ങാതെ നില്‍ക്കുന്നതായ് തോന്നി. പക്ഷെ ധീരവും ഊര്‍ജസ്വലവുമായ ഭാവാര്‍ദ്രവുമായ അഭിനയത്തില്‍ കഥാപാത്രത്തെ അദ്ദേഹം ഉള്‍ക്കൊള്ളുക തന്നെ ചെയ്തു. ഇനിയും മരിക്കാത്ത പ്രണയവുമായ് നില്‍ക്കുന്ന ആദ്യ ഭര്‍ത്താവിനും ജീവനു തുല്യം സ്നേഹിക്കുന്ന രണ്ടാം ഭര്‍ത്താവിനും ഇടയില്‍ നിസ്സഹായ ആവുന്ന ഗ്രേസിന്റെ ഭാവങ്ങള്‍ ജയപ്രദ അവിസ്മരണീയമാക്കി.
കഥാസാരം ഇങ്ങനെ. അറുപത്തിയേഴുകാരനായ അച്യുതമേനോന്‍ ഒരു അറ്റാക്ക് കഴിഞ്ഞ് നാട്ടിന്‍ പുറം വിട്ടു മരുമകളോടൂം പേരക്കുട്ടിയോടും ഒപ്പം താമസിക്കാന്‍ നഗരത്തില്‍ എത്തുന്നു. മകന്‍ സുരേഷ് (അനൂപ് മേനോന്‍) വിദേശത്തു ജോലി ചെയ്യുന്നു. ഫുട്ബോള്‍ താരം ആയിരുന്ന അച്യുതമേനോന്‍ സ്റ്റേറ്റ് ടീമില്‍ അംഗം ആയിരുന്നെങ്കിലും ഒരിക്കലും സ്റ്റേറ്റിനു വേണ്ടി കളിക്കാന്‍ പറ്റിയില്ല. ജീവിതവും അതുപോലെ നഷ്ടങ്ങളുടെ കഥയാണ്. ആദ്യ മകന്‍ പിറന്ന ശേഷം വീട്ടുകാരുടെ ചില തന്ത്രങ്ങളില്‍ പെട്ട് ഭാര്യയെ ഉപേക്ഷിച്ചു പോകേണ്ടി വരുന്നു. തിരികെ അവളെ തേടി വന്നപ്പോള്‍ അവള്‍ മാത്യൂസിന്റെ ഭാര്യയായി കഴിഞ്ഞിരുന്നു. ഒടുവില്‍ ജീവിത സായാഹ്നത്തില്‍ നഗരത്തില്‍ എത്തിയ അച്യുതമേനോന്‍ ഗ്രേസിനെ വീണ്ടും കാണുകയാണ്. വീല്‍ ചെയറില്‍ കഴിയുന്ന മാത്യൂസിനും അച്യുതമേനോനും ഇടയില്‍ സൗഹൃദം വളരുന്നു. പക്ഷെ,ശരീരത്തിന് അപ്പുറം വളര്‍ന്ന ആത്മീയ പ്രണയം ഉള്‍ക്കൊള്ളാന്‍ മക്കള്‍ക്കാവുന്നില്ല. ഗ്രേസിനെ ‘പാഞ്ചാലി’ എന്ന് നാട്ടുകാര്‍ വിളിക്കുന്നു എന്ന് വരെ മക്കള്‍ പറയുന്ന അവസ്ഥയില്‍ അവര്‍ മൂവരും വീട് വിട്ടു യാത്ര പോകുന്നു. വഴിയില്‍ വച്ച് ഗ്രേസ് മരിക്കുന്നതാണ് ക്ലൈമാക്സ്.അതിനു മുന്‍പേ സുരേഷ് ഫോണിലൂടെ എങ്കിലും ആദ്യമായ് അമ്മയോട് സ്നേഹപൂര്‍വ്വം മിണ്ടുന്നതും മാപ്പ് ചോദിക്കുന്നതും ഹൃദയ സ്പര്‍ശിയായ് ചിത്രീകരിച്ചിരിക്കുന്നു.
ഗ്രെസിന്റെ മരണം ബ്ലെസ്സിയിലെ കഥാകാരന്റെ വിജയമാണ്. പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത അന്ത്യമാണ്. മരണം കാത്തിരിക്കുന്ന വൃദ്ധന്‍മാരില്‍ ആരു മരിച്ചാലും കഥ അപൂര്‍ണ്ണമായേനെ. ചിത്രം അവസാനിക്കുമ്പോള്‍ മനസ്സില്‍ പ്രണയം മാത്രം ബാക്കിയാവുന്നു!
അച്യുതമേനോന്റെയും ഗ്രേസിന്റെയും ചെറുപ്പം ചിത്രീകരിച്ച് ഫ്ലാഷ് ബാക് രംഗങ്ങള്‍ മനോഹരമായെങ്കിലും ചിത്രത്തിന്റെ പൊതുവേയുള്ള മൂഡിനു ചേരാത്ത നാടകീയത കടന്നു കൂടിയത് ഒഴിവാക്കാമായിരുന്നു എന്നു തോന്നി. പഴയ കാലത്തിന്റെ അടയാളമായ സ്റ്റീം എഞ്ചിന്‍, പ്രണയം പെയ്യുന്ന മഴ.. അങ്ങനെ ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരുപാട് ദൃശ്യങ്ങള്‍ onv-m jayachandran ടീമിന്റെ ഗാനങ്ങളില്‍ പാട്ടില്‍ ഈ പാട്ടില്‍… ശ്രദ്ധേയമായി.
പ്രശസ്ത കാനഡ്യന്‍ പാട്ടുകാരന്‍ leonard cohen ന്റെ ആല്‍ബത്തില്‍ നിന്നുമുള്ള ‘iam your man….’ മോഹന്‍ലാല്‍ പാടുന്ന രംഗം വികാര തീവ്രമായി. സന്ദര്‍ഭോചിതവും. ചലിക്കവാന്‍ വയ്യാത്ത അവസ്ഥയിലും മാത്യൂസിന്റെ ഭാവങ്ങള്‍ക്ക് മിഴിവേകി മോഹന്‍ലാലിന്റെ പ്രതിഭ.
പ്രണയത്തിന്റെ നിര്‍മ്മല ഭാവങ്ങളുടെ ഉപാസകരെ ബ്ലസ്സിയുടെ ചിത്രം തൃപ്തിപ്പെടുത്തിയിട്ടുണ്ട്. യഥാര്‍ഥ പ്രണയത്തെ മായ്ക്കുവാന്‍ കാലപ്രവാഹത്തിന് ആവില്ല എന്ന് നാം അറിയുന്നു. അത് തന്നെ ആവാം ബ്ലസ്സി ഉദ്ദേശിച്ചതും;
Fragrant Nature Filmsnte ബാനറില്‍ സജീവ് പി കെ നിര്‍മ്മിച്ച് ചിത്രത്തിന്റെ എഡിറ്റിംഗ് രാജ മുഹമ്മദ്, ആര്‍ട്ട് ഡയറക്ടര്‍ പ്രശാന്ത് മാധവ്, ധന്യ മേരി, നിയാസ്,നയന, അപൂര്‍വ്വ ബോസ്, ആര്യന്‍, നിവേദിത ഇവരാണ് മറ്റു താരങ്ങള്‍.
കൂട്ടുകാരെ, ബ്ലസ്സിയുടെ ‘പ്രണയം’ നിങ്ങളെ എങ്ങിനെ സ്പര്‍ശിച്ചു എന്നെഴുതുമല്ലോ… അനുകൂലമാകിലും പ്രതികൂലമാകിലും….
Generated from archived content: essay1_sep13_11.html Author: sheela_tomy