മരണം മൗനമാണ്
ശൂന്യതയിലുഴലുന്ന മൗനം!
തിരയുടെ താളങ്ങൾക്കപ്പുറം
മേഘ വലയങ്ങൾക്കിടയിൽ
എരിഞ്ഞു തീരുന്ന ചുകപ്പു വെളിച്ചത്തിൽ
നിന്നുമുയരുന്ന ആത്മാവിന്റെ
നേർത്ത സംഗീതം
ഹൃദയത്തിൽ ആർത്തലക്കുമ്പോൾ
പതഞ്ഞു പൊങ്ങുന്ന തിരകൾക്കിടയിൽ
മരണത്തിന്റെ തണുത്ത വിരലുകൾ തൊട്ടു!
മൗനം മന്ത്രിക്കുന്ന മനസ്സിൽ
ജീവിതത്തിന്റെ ഹൃദയമിടിപ്പുകൾ
ദ്രുതതാളത്തിലാടിയ ജുഗൽ ബന്ദിയുടെ
അവസാനത്തിൽ
കടൽ ഉമ്മവെക്കുന്ന
നേർത്ത സംഗീതത്തിൽ
ഒരിറ്റു മൗനം പോലെ നില്‌ക്കുന്നു!
തിരി മുനിഞ്ഞമരുന്ന മൂകതയിൽ
കൊറ്റികൾ ചിറകടിക്കുന്ന നിഴലുകൾ!
തിരയടിക്കുന്ന കാറ്റിൽ
സമയത്തിന്റെ മൗനരോദനമുയരുന്നു;
ഇനി നിന്റെ കാല്‌പ്പാടുകൾ
കടലെടുക്കട്ടെ…..
മഞ്ഞു മനസ്സിലേറ്റി നടക്കുന്നവന്റെ
ഉള്ളിലെ തിരയടി
ഒരിറ്റു നൂലിഴ പൊട്ടിച്ചു
ആത്മാവിന്റെ ചിറകടിച്ചുയരട്ടെ
നക്ഷത്രങ്ങൾ തപസ്സിരിക്കുന്ന
മൗനത്തിന്റെ നിത്യതയിലേക്ക്……….
Generated from archived content: poem2_jan21_11.html Author: shareef_thirur