ജാലകപ്പടിയിലെ
ബ്ലേഡുകൾ
എന്നെ നോക്കി
കണ്ണു ചിമ്മുമ്പോൾ
കൈത്തണ്ടയിലെ
ഞരമ്പുകൾ
പുഞ്ചിരിക്കുന്നു.
മോടിയിൽ
അണിനിരത്തിയിരിക്കുന്ന
വിവിധതരം കൊലക്കയറുകൾ
കഴുത്തിനെ വശീകരിക്കുന്നു.
ഉറപ്പുളള
അച്ചുതണ്ടുകളുമായി
പൊട്ടിവീഴാത്ത പങ്കകൾ
അഹങ്കരിക്കുന്നു.
വിഷദ്രാവകക്കുപ്പികൾ
ചില്ലലമാരകളിലിരുന്ന്
കൊതിപ്പിക്കുന്നു.
പഞ്ചഭൂതങ്ങളുടെ
പേരുപറഞ്ഞ്
മണ്ണെണ്ണയും
പാചകവാതകവും
പോരടിക്കുന്നു.
ഉയരവും ആഴവും
തമ്മിൽത്തല്ലുന്നു.
സ്വയംഹത്യോപകരണങ്ങൾ
മത്സരവിപണനം തുടരുന്നു.
മരണമൊഴിച്ച്
മറ്റൊന്നും വിനിമയം ചെയ്യാനില്ലാത്ത
നഗ്നനും ക്ഷീണിതനുമായ
രാജാവ് പകച്ചുനിൽക്കുന്നു.
Generated from archived content: poem2-aug25.html Author: shane-mangattukara
Click this button or press Ctrl+G to toggle between Malayalam and English