പ്രയാണങ്ങൾ

അന്ന്‌ ആംസ്‌റ്റർഡാമിലെ ഷിഫോൾ എയർപോർട്ടിൽ വിമാനമിറങ്ങുമ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു. നഗരത്തിനുളളിലെ മറ്റൊരു നഗരം പോലെ വിശാലമായ എയർപോർട്ടിനുള്ളിലെ ട്രാൻസിറ്റ്‌ ലോഞ്ചിൽ അയാളിരുന്നു. ചില്ലു കൊണ്ടു തീർത്ത ചുമരുകൾക്കപ്പുറം മഴയുടെ നൂലിഴകൾക്കിടയിലൂടെ ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ള വിമാനങ്ങൾ വന്നിറങ്ങുന്നതും പോകുന്നതും കാണാം. പുറത്തു നിന്നും മഴയുടെ ആരവം ചില്ലിട്ട ചുമരുകളും കടന്ന്‌ അകത്തു വരുന്നുണ്ടായിരുന്നു… തണുപ്പിനെ തരണം ചെയ്യാൻ എയർപോർട്ടിനുള്ളിലെ അന്തരീക്ഷത്തിൽ നേർത്ത ചൂടിന്റെ അലകൾ !

നാല്പത്തിരണ്ട്‌ വർഷങ്ങൾ നീണ്ട ഒരു കാത്തിരിപ്പിന്‌ അവസാനമാകാൻ പോകുകയാണ്‌… മാറത്തു ചേർത്തു പിടിച്ച പുസ്തകങ്ങളുമായി നിഷ്‌കളങ്കമായ ഒരു ചിരിയോടെ പണ്ട്‌ ഒരു ഗ്രാമത്തിന്റെ ഹരിത ചിത്രത്തിൽ നിന്നും അടർത്തിയെടുത്ത്‌ മനസ്സിൽ സൂക്ഷിച്ച ഭസ്മക്കുറിയണിഞ്ഞ ഒരു നാടൻ പെൺകുട്ടിയുടെ മിനുങ്ങുന്ന മുഖവും തിളങ്ങുന്ന കണ്ണുകളും അയാളുടെ മുന്നിൽ വീണ്ടും ജീവൻ വയ്‌ക്കുവാൻ പോകുന്നു. അയാളെ സംബന്ധിച്ച്‌ അതൊരു സാധനയായിരുന്നു…. അവളെ ഒന്നു കാണാൻ, സംസാരിക്കാൻ ഒരായുഷ്‌കാലത്തിന്റെ നീണ്ട നാല്പത്തിരണ്ട്‌ വർഷങ്ങൾ മനസ്സിൽ അവളെയും പേറി കാത്തിരുന്നു, ഒരിക്കലും മങ്ങി പോകാത്ത ഒരു ചിത്രം മനസ്സിൽ സൂക്ഷിച്ചു കൊണ്ട്‌. വർഷങ്ങൾ നീണ്ട തിരച്ചിലിനിടയിൽ അവളെ കുറിച്ചോർക്കാത്ത ഒരു ദിവസം പോലും ജീവിതത്തിൽ ഉണ്ടായിരുന്നില്ല എന്നത്‌ അയാൾക്കെന്നും സന്തോഷം പകർന്നിരുന്ന ഒരു സത്യമായിരുന്നു. ഒരു ഊർജ്ജ സ്രോതസ്സായി അവളെന്നും അയാളുടെ മനസ്സിലുണ്ടായിരുന്നുവെല്ലോ…

കലാലയ ജീവിതത്തിന്റെ അവസാനദിനങ്ങളിലൊന്നിൽ അവൾ അയാളോട്‌ യാത്ര പറഞ്ഞതാണ്‌.. അതൊരു പൈങ്കിളിപ്രേമമായിരുന്നില്ല. ഒരു പക്ഷെ അങ്ങനെയായിരുന്നുവെങ്കിൽ തന്നെ അയാൾ അതിനെ അങ്ങിനെ കാണാനല്ല ഇഷ്ടപെട്ടിരുന്നത്‌. അവൾ പത്താം തരത്തിൽ പഠിക്കുമ്പോഴാണ്‌ അയാൾ അവളെ ആദ്യം കണ്ടത്‌. അന്നവൾ വെളുത്ത്‌ നീണ്ട്‌, മെലിഞ്ഞ ഒരു കൊച്ചുപെൺകുട്ടിയായിരുന്നു. ഗ്രാമത്തിന്റെ എല്ലാ നൈർമല്ല്യവും ഏറ്റു വാങ്ങിയ ഒരു നാടൻ പെൺകുട്ടി. അങ്ങനെയൊന്നും ആകുമെന്ന്‌ അയാൾ ഒരിക്കലും കരുതിയിരുന്നില്ല. പക്ഷെ എന്തു കൊണ്ടോ ആ പെൺകുട്ടി അയാളെ എന്തെന്നില്ലാതെ ഇഷ്ടപ്പെട്ടു. അതു കൊണ്ട്‌ തന്നെ അയാൾ അവളെയും. കാരണങ്ങൾക്കതീതമായ ഒരു പ്രേമബന്ധമായിരുന്നു അത്‌. രണ്ടു ദിവസങ്ങൾ പോലെ കഴിഞ്ഞു പോയ രണ്ടു വർഷം അവർ ഒരുപാടു സ്നേഹം പങ്കിടുകയും ഒരുപാടൊരുപാട്‌ ജീവിതത്തെ കുറിച്ചു സ്വപ്നം കാണുകയും ചെയ്തു. നിലാവുള്ള രാത്രികളിൽ അകലങ്ങളിലിരുന്ന്‌ ആകാശത്ത്‌ നോക്കി അവർ പരസ്പരം കാണുമായിരുന്നു. എന്നും ഒരു പോലെയൊഴുകുന്ന പുഴയുടെ രണ്ട്‌ കരകളിലിരുന്ന്‌ അവർ സ്വപ്നങ്ങൾ കൈമാറുമായിരുന്നു. അവർക്കു സംവദിക്കാൻ കാറ്റ്‌ അകലങ്ങളിലിരിക്കുമ്പോഴും എന്നും അവർക്കിടയിലുണ്ടാകുമായിരുന്നു. ഒരു കുടക്കീഴിൽ ഒരുമിച്ചു ചേർന്ന്‌ നടക്കുമ്പോൾ മഴ അവർക്കു വേണ്ടി മാത്രമായി പെയ്യുമായിരുന്നു.

പിന്നെ ഒരു ദിവസം അയാളുടെ മനസ്സിനെ ദുഃഖത്തിന്റെ ഒരു കടലിലേക്കു വലിച്ചെറിഞ്ഞു കൊണ്ട്‌ അവൾ അയാളെ പിരിയുവാൻ തീരുമാനിച്ചു. മാതാപിതാക്കളുടെ സ്നേഹം മുറിയുന്നതിന്റെ തിരിച്ചറിവ്‌ പോലെ അവളന്ന്‌ ഒരു വേർപിരിയലിനെ കുറിച്ച്‌ സംസാരിച്ചു. മണിക്കൂറുകളും ദിവസങ്ങളും അവർ വേർപിരിയലിന്റെ ഭാഷ പങ്കിട്ടു. മറ്റാരെയും വേദനിപ്പിക്കുവാൻ കഴിയാത്തതിനാൽ അവർ മാത്രം വേർപാടിന്റെ വേദന പങ്കിട്ടെടുക്കാൻ തീരുമാനിക്കുകയായിരുന്നു. എക്കാലത്തേക്കുമായി നല്ല സുഹൃത്തുക്കളായി മാത്രം തുടരാം എന്ന വാഗ്ദാനത്തോടെ…

അന്ന്‌, അവളുടെ മനസ്സ്‌ ഒരു കടലിലേക്കാണ്‌ ഒഴുകി പോയത്‌. എന്നൊടുങ്ങുമെന്നറിയാത്ത പ്രളയത്തിന്റെ ഒരു കടലിലേക്ക്‌. പ്രക്ഷുബ്ദമായ കടലിന്റെ അപാരതകളിൽ എത്രകാലം നീന്തിയിരിക്കണം ഒന്നു കരയ്‌ക്കടുക്കുവാൻ…..

അയാളുടെ മനസ്സ്‌ ഇരുണ്ട്‌ വിങ്ങുന്ന അകാശത്തിന്റെ അപാരതകളിൽ നിന്നും കാർമേഘങ്ങൾ ഇറങ്ങി വന്നു നിറഞ്ഞു. എന്നു തോരുമെന്നറിയാത്ത ഒരു വർഷമായി അന്നയാളുടെ മനസ്സിൽ കാർമേഘങ്ങൾ പെയ്തിറങ്ങി. ആ മഴയുടെ ഭാരം കൊണ്ടു കനത്ത മനസ്സുമായി എത്ര കാലം…. ഇതിനിടയിൽ കര തേടിയുള്ള പ്രയാണത്തിൽ ജീവിതത്തിന്റെ പൂറം കടലുകളിൽ നങ്കൂരമിട്ട്‌ നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്കുള്ള പ്രവാസം…

പക്ഷെ മനസ്സിലെ കാർമേഘങ്ങൾക്കുമപ്പുറം ഒരു സൂര്യകിരണം പോലെ അയാളെന്നും അവളുടെ മുഖം സൂക്ഷിച്ചിരുന്നു, ഒരിക്കലും മങ്ങി പോകാതെ…എന്നെങ്കിലും വീണ്ടും കാണുമെന്നും ഒരു നല്ല സുഹൃത്തായി അവൾ തനിക്കു വേണ്ടി തിരിച്ചു വരുമെന്നും അയാളെന്നും കരുതിയിരുന്നു. അതു കൊണ്ടു തന്നെ അയാളെന്നും അവളെ തിരഞ്ഞു കൊണ്ടേയിരുന്നു. അയാളുടെ പ്രയാണ പഥങ്ങളിലെവിടെയെങ്കിലും എന്നെങ്കിലും അവളെ കണ്ടെത്താൻ കഴിയുമെന്ന്‌ അയാൾക്ക്‌ ഉറപ്പായിരുന്നു.

നീണ്ട തിരിച്ചലിനൊടുവിൽ ഇരുപതു വർഷങ്ങൾക്കു മുമ്പ്‌ അവസാനം അയാളവളെ കണ്ടെത്തി…. പ്രവാസ ജീവിതത്തിനിടയിലും മറ്റേതോ ദേശത്തായിരുന്നിട്ടും വർഷങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ അവളെ കണ്ടെത്താൻ കഴിഞ്ഞത്‌ അവർക്കിടയിലെ സ്നേഹം സത്യമായിരുന്നതു കൊണ്ടു മാത്രമാണെന്ന്‌ അയാൾ വിശ്വസിച്ചു. അവൾ ഭർത്താവുമൊത്ത്‌ വലിയൊരു വിദേശ നഗരത്തിൽ താമസിക്കുന്നു. അവിടെ തന്നെ ജോലിയും! അവളുടെ ഔദ്യോഗിക വിലാസത്തിലേക്ക്‌ കത്തയക്കുമ്പോൾ അതു വായിച്ച്‌ അതിശയത്തോടെ അവൾ സന്തോഷിക്കുമെന്ന ധാരണ തെറ്റി. മറുപടി വൈകിയപ്പോൾ ഒരു പക്ഷെ അവൾക്കാ കത്തു കിട്ടുന്നുണ്ടാവില്ലേയെന്ന്‌ സംശയിച്ചു. ഒരു പക്ഷെ അത്‌ അവളുടെ ഭർത്താവിന്റെ കൈയിലെങ്ങാനും കിട്ടിയിരിക്കുമോ എന്നും ഭയപ്പെട്ടു. എന്നും അവളുടെ നന്മ മാത്രമേ ആഗ്രഹിച്ചിരുന്നുള്ളു. ആ കത്ത്‌ അവളുടെ ഭർത്താവെങ്ങാനും ഏതെങ്കിലും വഴിയിൽ കണ്ടെത്തിയാൽ… ആ ചിന്ത പോലും അയാൾക്ക്‌ ദുസ്സഹമായിരുന്നു. അവൾ സന്തോഷത്തോടെ കഴിയുന്നു എന്നറിയാനാണ്‌ അയാളെന്നും ആഗ്രഹിച്ചിരുന്നത്‌​‍്‌… ആ കത്ത്‌ അവളുടെ സന്തോഷത്തെ തകർത്തേക്കുമോ എന്ന്‌ അയാൾ വല്ലാതെ ഭയപ്പെട്ടിരുന്നു. അന്ന്‌ അയാളുടെ ദിനരാത്രങ്ങൾ അസമാധാനത്തിന്റെ മണൽകാറ്റിനാൽ വരണ്ടു. എല്ലാ ദിവസവും ഓഫീസിലെ മെയിലുകളിൽ അയാൾ ആദ്യം തിരഞ്ഞിരുന്നത്‌ അവളുടെ കത്തായിരുന്നു. ഒടുവിൽ മനസ്സിനെ തണുപ്പിച്ചു കൊണ്ട്‌ അയാൾ അയച്ച നാലാമത്തെ കത്തിന്‌ അവളുടെ മറുപടി വന്നു…

അയാൾ അവളെഴുതിയ വരികളിലോടെ വെമ്പലോടെ കണ്ണോടിച്ചു… പക്ഷെ ആ കത്ത്‌ വളരെ ഹ്രസ്വമായിരുന്നു. ഭർത്താവും കുട്ടികളുമൊത്തുള്ള ജീവിതത്തിന്റെ ഭദ്രതക്ക്‌ ആ സൗഹ്യദം ഭീഷണിയാണെന്ന ആശങ്ക നിറഞ്ഞ കത്ത്‌… ഒടുവിൽ ഭാര്യയെയും കുട്ടികളെയും കുറിച്ചുള്ള സ്‌നേഹാന്വേഷണവും. അയാൾക്ക്‌ ആദ്യം തോന്നിയത്‌ വല്ലാത്ത മനസ്സമാധാനമാണ്‌… അയച്ച കത്തുകൾ അവൾക്കു തന്നെയാണ്‌ കിട്ടിയെന്നറിഞ്ഞതിലുള്ള ആശ്വാസം. പക്ഷെ പിന്നീട്‌ വല്ലാത്ത നിരാശ തോന്നി… ഒരു നീണ്ട കാത്തിരിപ്പിനൊടുവിൽ അവളയാളെ ഒരു സുഹൃത്തായി പോലും തിരിച്ചറിയുന്നില്ലല്ലോയെന്ന നിരാശ. ഇനിയൊരിക്കലും പരസ്പരം എഴുതാതിരിക്കാം എന്നവൾ പറയുമ്പോൾ അതെന്തുകൊണ്ടാണെന്ന്‌ അയാൾ അവളോട്‌ ആവർത്തിച്ചു ചോദിച്ചു… രണ്ടോമൂന്നോ മറുപടികളിൽ അവൾ കത്തുകൾ അവസാനിപ്പിച്ചു… സൗഹ്യദങ്ങൾ ഇഷ്ടമല്ലാത്ത, എന്നാൽ സ്നേഹസമ്പന്നനായ ഭർത്താവുമൊത്തുള്ള ജീവിതത്തിന്റെ സുരക്ഷിതത്വത്തിനൊരു ഭീഷണിയായി ഇനിയൊരിക്കലും എഴുതരുതെന്നാവശ്യപ്പെട്ട്‌… ഇത്‌ പറയുവാൻ വേണ്ടിമാത്രമാണ്‌ വീണ്ടും എഴുതുന്നതെന്നും ഇനിയൊരിക്കലും എഴുതില്ലെന്നും പറഞ്ഞു കൊണ്ട്‌… വല്ലപ്പോഴും കത്തെഴുതാനുള്ള സൗഹൃദം പോലും സൂക്ഷിക്കാൻ അവൾ തയ്യാറാകാത്തതിൽ അയാൾക്ക്‌ വല്ലാത്ത നിരാശ തോന്നി. വർഷങ്ങൾ മനസ്സിൽ കൊണ്ടു നടന്നിരുന്ന, എന്നും സ്വന്തമായി കരുതിയിരുന്ന ഒരു കൂട്ടുകാരിയെ നഷ്ടപ്പെടുന്നു എന്നത്‌ അയാൾക്ക്‌ ഒരിക്കലും സഹിക്കാൻ കഴിയുമായിരുന്നില്ല… അയാളവളോട്‌ ഒന്നു കൂടി മാത്രം ആവശ്യപ്പെട്ടു… ഒരിക്കൽ കൂടി ഒന്നു കാണാൻ…ഒരിക്കൽ കൂടി മാത്രം… പിന്നീടൊരിക്കലും കാണില്ലെന്നും എഴുതില്ലെന്നും അയാൾ അവൾക്ക്‌ വാക്കു കൊടുത്തു… ലോകത്തെവിടെയാണെങ്കിലും വന്നു കണ്ടു കൊള്ളാമെന്നും

ഒരിക്കൽ മാത്രം നേരിൽ കാണണമെന്നും… പക്ഷെ, അവൾ മറുപടി അയച്ചതേയില്ല… ഒടുവിൽ അവസാനത്തെ കത്തായി അയാൾ ഒന്നു മാത്രം എഴുതി… ഏത്ര വർഷങ്ങൾ കഴിഞ്ഞാലും എന്നെങ്കിലും ഒരിക്കൽ അവൾ കാണാമെന്ന്‌ പറയുമെന്ന പ്രതീക്ഷയോടെ ജീവിച്ചിരിക്കുന്ന ഓരോ ദിവസവും അവളുടെ കത്തിനായി കാത്തിരിക്കുമെന്ന്‌….

പിന്നെയും ജീവിതത്തിന്റെ എത്രയോ വസന്തങ്ങളിലും വർഷങ്ങളിലും ശിശിരങ്ങളിലും ഒരോ ദിവസവും അവളുടെ ഒരു കത്തിനായി അയാൾ കാത്തിരുന്നു… റിട്ടയർമെന്റിനെക്കുറിച്ച്‌ ആലോചിച്ചു തുടങ്ങിയപ്പോൾ അവളെ പിന്നീടൊരിക്കലും കാണാൻ കഴിയില്ലെന്നാണ്‌ അയാൾ ആദ്യം വ്യാകുലപ്പെട്ടത്‌​‍്‌. നാട്ടിലേക്കു മടങ്ങിയാൽ ഒരുപക്ഷെ ഇനിയൊരിക്കലും എങ്ങോട്ടും യാത്ര ചെയ്തുവെന്നു വരില്ല…. കുറെ വായിക്കാനുണ്ട്‌… കുറച്ചെന്തെങ്കിലും എഴുതണം… ജീവിതത്തിന്റെ തിരക്കിനിടയിൽ എല്ലാം എവിടെയോ ഉപേക്ഷിച്ചതാണ്‌…… ജീവിതത്തിന്റെ അവസാനത്തെ ഇരുട്ടിനെ കൂടി ഇപ്പോൾ ഭയന്നു തുടങ്ങിയിരിക്കുന്നു. റിട്ടയർമെന്റും നാട്ടിലേക്കുള്ള മടങ്ങി പോക്കും അയാൾക്കിഷ്ടമായിരുന്നു… നാല്പതു വർഷങ്ങൾ നീണ്ട പ്രവാസം പെട്ടെന്ന്‌ കഴിഞ്ഞു പോകുന്നു… മക്കൾ അമേരിക്കയിലെ രണ്ടു നഗരങ്ങളിലായി കുടിയേറി കഴിഞ്ഞിരിക്കുന്നു…. ഭാര്യ മക്കളുടെ അടുത്തും നാട്ടിലെ വീട്ടിലും ചിലവിടാൻ സമയം കിട്ടാത്തതിലുള്ള കുണ്‌ഠിതത്തോടെ വല്ലപ്പോഴും യാത്രക്കിടയിൽ വന്നു പോകുന്നു…. പക്ഷെ റിട്ടയർമെന്റിനു മുമ്പായി ചെയ്യാൻ ഒന്നു മാത്രം അയാൾ ആഗ്രഹിച്ചിരുന്നു… അവളെ ഒന്നു കൂടി കാണാൻ… ഒരിക്കൽ കൂടി മാത്രം… അവൾ ഒരു പക്ഷെ തന്നെ മറന്നു പോയിരിക്കും എന്നയാൾ ദുഃഖിച്ചു. മടങ്ങി പോകുന്നതിനു മുമ്പ്‌ അവൾക്കെഴുതണമെന്ന്‌ അയാൾ ഏറെ ആഗ്രഹിച്ചതാണെങ്കിലും അവളുടെ സമാധാന ജീവിതത്തിനിടയിൽ ഇനിയൊരിക്കലും എഴുതില്ലെന്നും അവളുടെ കത്തിനായി കാത്തിരിക്കുകയേയുള്ളു എന്നും അവൾക്കു കൊടുത്ത വാക്കു തെറ്റിക്കാൻ അയാൾക്ക്‌ തീരെ തോന്നിയില്ല… പക്ഷെ അജ്ഞാതമായ വിദൂരതയിലെവിടെയോ ഇരുന്ന്‌ അയാളുടെ ഗാഢമായ ആഗ്രഹങ്ങളുടെ സ്പന്ദനം തിരിച്ചറിഞ്ഞിട്ടെന്ന പോലെ ഒടുവിലൊരു ദിവസം അവളുടെ കത്തു വന്നു…

ഒരുപാടുനേരം ആ കത്ത്‌ തുറക്കാതെ അയാൾ അതിനു മുകളിലെ ടൈപ്പു ചെയ്ത സ്വന്തം മേൽവിലാസത്തിൽ നോക്കിയിരുന്നു… എന്തായിരിക്കാം കത്തിലെന്ന ആശങ്ക വല്ലാതെ വീർപ്പുമുട്ടിച്ചു തുടങ്ങിയപ്പോൾ അയാൾ അതു തുറന്നു വായിച്ചു. വർഷങ്ങൾക്കു മുമ്പ്‌ അയാളയച്ച അവസാനത്തെ കത്തിനുള്ള മറുപടിയായിരുന്നു അത്‌… ആ ഒരു മറുപടിയെഴുതാൻ മറ്റൊരു ഇരുപത്തിരണ്ട്‌ വർഷങ്ങൾ അവൾ അയാളെ സ്നേഹത്തോടെ ഓർത്തിരുന്നു എന്ന യാഥാർത്ഥ്യം അയാളെ കരയിച്ചു. വായിച്ചു കഴിഞ്ഞപ്പോൾ അവൾ ആദ്യമായി പ്രേമത്തെ കുറിച്ചു പറഞ്ഞു കേട്ടപ്പോഴുണ്ടായ വികാരത്തള്ളിച്ചയായിരുന്നു അയാൾക്ക്‌… അയാൾ പണ്ട്‌ ആവശ്യപ്പെട്ടിരുന്നത്‌​‍്‌ പോലെ ഒരിക്കൽ കൂടി കാണാമെന്നും, ജോലി ഉപേക്ഷിച്ച്‌ അമേരിക്കയിലുള്ള മക്കളുടെ അടുത്തേക്ക്‌ സ്ഥിരതാമസത്തിനുള്ള യാത്രക്ക്‌ തയ്യാറെടുക്കുകയാണെന്നും… ! അവൾ യാത്രാ ദിനങ്ങൾ കുറിച്ചിരുന്നു… ഭർത്താവ്‌ പിന്നീടേ പോകുന്നുള്ളു. ഒറ്റക്കാണ്‌ യാത്ര. ഇനിയൊരു പക്ഷെ ഒരിക്കലും നാട്ടിലേക്ക്‌ പോലും മടങ്ങിയേക്കില്ല. ജീവിതത്തിനിടയിലെന്നെങ്കിലും എവിടെയെങ്കിലും വച്ച്‌ ഇനി കാണാൻ കഴിയുമോയെന്നുമറിയില്ല.. അതിനാൽ അതിനു മുമ്പ്‌ ഒന്നു കാണണമെന്നാഗ്രഹിക്കുന്നു. കത്തു കിട്ടുകയാണെങ്കിൽ ഒന്നു വന്നു പോകാമോയെന്ന്‌ ചോദിച്ച്‌ അവൾ ഔദ്യോഗിക വിലാസം എഴുതിയിരിക്കുന്നു, മറുപടിക്ക്‌ കാത്തുകൊണ്ട്‌.

അയാൾക്ക്‌ എന്തെന്നില്ലാത്ത സന്തോഷം തോന്നി… മറുപടി അയക്കാൻ തുടങ്ങിയതാണ്‌. പക്ഷെ പിന്നെ അത്‌ വേണ്ടെന്നു വച്ചു…..അയാൾ അതേ തിയ്യതികളിൽ മകൻ താമസിക്കുന്ന നഗരത്തിലേക്ക്‌ യാത്രക്ക്‌ തീരുമാനിച്ചു. മക്കൾക്കും ഭാര്യക്കും ഏറെ സന്തോഷമായി. ഏറെ കാലമായി മക്കളും ഭാര്യയും അയാളെ അമേരിക്കയിലേക്ക്‌ ഒരിക്കലെങ്കിലും പോകാൻ

വിളിക്കുന്നു… അയാൾക്കത്‌ തീരെ താല്പര്യമില്ലാതിരുന്നതാണ്‌… പക്ഷെ അവളെ വീണ്ടും കാണാമെന്ന പ്രതീക്ഷ മാത്രമാണ്‌​‍്‌ അയാളെ ആ യാത്രക്ക്‌ പ്രേരിപ്പിച്ചതും ഇപ്പോൾ ഇവിടെ എത്തിച്ചിരിക്കുന്നതും……

അയാൾ ലോകത്തിന്റെ പല ദിക്കിൽ നിന്നും വന്നിറങ്ങുന്ന വിവിധ മുഖഛായകളുടെ കൂട്ടത്തിനിടയിൽ അവളുടെ മുഖം തിരയുകയായിരുന്നു. അവളെ പെട്ടെന്ന്‌ തിരിച്ചറിയാൻ കഴിയും എന്നയാൾക്ക്‌ നല്ല ഉറപ്പായിരുന്നു. നാല്പത്തിരണ്ട്‌ വർഷങ്ങൾ അവളിൽ എന്തു മാറ്റമാണ്‌ വരുത്തിയിരിക്കുക എന്നയാൾ മനസ്സിൽ ചിത്രങ്ങൾ വരച്ചു. ഒരമ്മയായി ഒരു പക്ഷെ ഒരമ്മൂമ്മയായി നരച്ച മുടിയും ഒരല്പം പ്രായമായ ഗൗരവം നിറഞ്ഞ മുഖവും സങ്കല്പിക്കാൻ ശ്രമിച്ചപ്പോൾ അയാൾ അറിയാതെ ചിരിച്ചു പോയി. അവൾ അയാളെ അവിടെ പ്രതീക്ഷിക്കാൻ വകയില്ലെന്നയാൾ ഓർത്തു, ഒരിക്കലും കറുപ്പിക്കാത്ത തലമുടി ഇപ്പോൾ മുഴുവനായി

നരകയറിയിരിക്കുന്നു…. പണ്ടില്ലാതിരുന്ന കണ്ണട ഇപ്പോൾ മുഖത്തിന്റെ ഭാഗമാണ്‌. പക്ഷെ കാണുമ്പോൾ തീർച്ചയായും അവൾക്കയാളെ തിരിച്ചറിയാൻ കഴിയും എന്നയാൾക്കുറപ്പുണ്ടായിരുന്നു…

പെട്ടെന്നാണ്‌ ഒരു മിന്നലായി കടുംനീല സാരി ധരിച്ച ഒരു മദ്ധ്യ വയസ്സോടടുത്ത പ്രൗഢയായ സ്ര്തീ വിമാനമിറങ്ങി വരുന്നവരുടെ കൂട്ടത്തിനിടയിൽ നിന്നും നടന്നു വരുന്നത്‌ അയാൾ കണ്ടത്‌… സാരിയുടുത്തിരുന്നതു കൊണ്ട്‌ തന്നെ അവർ ആൾക്കൂട്ടത്തിൽ വേറിട്ടു നിന്നു… അല്ലെങ്കിൽ ഒരയുഷ്‌കാലത്തിന്റെ നീണ്ട നാല്പത്തിരണ്ടു വർഷങ്ങൾ മനസ്സിൽ ഒരിക്കലും മങ്ങാതെ കൊണ്ടു നടന്നിരുന്ന അയാളുടെ മാത്രം പെൺകുട്ടിയായതിനാലാവണം അയാളുടെ മനസ്സ്‌ അവരെ പെട്ടെന്ന്‌ തിരിച്ചറിഞ്ഞത്‌… ആ കടും നീല കോട്ടൺ സാരിയിൽ അവർ പഴയതു പോലെ തന്നെ സുന്ദരിയായിരുന്നു. അവരുടെ മുടിയിഴകളിൽ വലതു വശത്തേക്കു കയറി വരുന്ന നര അവർക്കൊരു അലങ്കാരമായിരുന്നു… ആ പഴയ സ്വപ്നം മയങ്ങുന്ന അല്പം കൂമ്പിയ കണ്ണുകൾ ആരെയോ തിരയുന്നു… അല്പം താണ താടിയിൽ ആ വിനയവും നേർത്ത പുഞ്ചിരിയിൽ ഇപ്പോഴും നഷ്ടപ്പെടാത്ത ലജ്ജയും സൂക്ഷിച്ചിരിക്കുന്നു. അയാളവിടെ വരുമെന്ന്‌ ഒരിക്കലും അവരറിഞ്ഞിരുന്നില്ല, എന്നിട്ടും ഒരോ ചുവടിലും അവരയാളെ പ്രതീക്ഷിക്കുന്നു എന്നു തോന്നി. ആവേശത്തോടെ അവരുടെയടുത്തേക്ക്‌ മനസ്സോടിയെത്തിയെങ്കിലും കാലുകൾ അനങ്ങിയില്ല… അയാളവിടെ തന്നെ നിന്നു… ആൾകൂട്ടത്തിനിടയിൽ തിരയുന്ന അവരുടെ കണ്ണുകൾ അയാളിൽ തറച്ചു… ഒരു നിമിഷം അവർ നിന്നു… അനങ്ങാതെ, മിഴിയിളക്കാതെ… പിന്നെ, വിറക്കുന്ന അധരത്തിൽ ഒരു ചിരി വിടർന്നു… പണ്ടെന്നോ അയാൾക്ക്‌ നഷ്ടപ്പെട്ട ലജ്ജയാർന്ന ആ പുഞ്ചിരി. ആൾക്കൂട്ടത്തിനിടയിലും അവർ ഏകരായി… അവർക്കു മുകളിൽ മഴയുടെ ആരവം ശക്തിയായി. ആ മഴ

അവർക്കിടയിലേക്കിറങ്ങി വന്നു. പണ്ടൊരു പുഴ കടവിലെ സന്ധ്യയിൽ ഓർക്കാപുറത്തു പെയ്ത മഴയിൽ വാഴയില കുടയിൽ നില്‌കാതെ വശങ്ങളിൽ വീണ നനവിന്റെ തണുപ്പേറ്റ്‌ അവർക്കു കുളിർത്തു..

അവർ പതിയെ അയാളുടെ സമീപത്തേക്ക്‌ നടന്നു. അവരെയൊന്ന്‌ പുണർന്ന്‌ ആ നിറുകയിൽ ഒരു ചുംബനം നൽകാൻ അയാൾ കൊതിച്ചു… പക്ഷെ എന്നത്തെയും പോലെ അതിനയാൾക്കു കഴിഞ്ഞില്ല. ഒന്നും മിണ്ടാതെ കുറച്ചു നേരം അവർ പരസ്പരം നോക്കിനിന്നു. പിന്നെ അയാൾ ആ കൈയ്യിൽ നിന്നും ഹാന്റ്‌ബാഗ്‌ വാങ്ങി മറുകൈയിൽ അവരുടെ കൈ പിടിച്ച്‌ തിരക്കിൽ നിന്നും നടന്നകന്നു… ഒരു മഴയിലേക്ക്‌…

Generated from archived content: story1_nov3_08.html Author: shammi_abudabi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English