വ്യത്യസ്തനാമൊരു ബാർബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞീല….
ചുമരിലെ 52“ എൽ. സി. ഡി. ടി വി യിൽ തെളിഞ്ഞ ശ്രീനിവാസനെയും നോക്കി ഹൈ വോട്ടേജ് ഹോം തിയേറ്ററിൽ നിന്നൊഴുകിയെത്തിയ പാട്ട് കേട്ടിരിക്കുമ്പോൾ അകത്തു നിന്നും എന്റെ കൂട്ടുകാരൻ ഡ്രിങ്കക്സുമായി വന്നു. പലപ്പോഴും ഞങ്ങളുടെ സംഭാഷണത്തിൽ കടന്നു വന്നിരുന്ന മലയാള സിനിമയുടെ പ്രതിസന്ധിയും അതിന്റെ കാരണങ്ങളുമായതിനാൽ സംഭാഷണം അതിലേക്കു തന്നെ തിരിഞ്ഞു. മലയാളത്തിൽ അടുത്ത കാലത്തു വിജയിച്ച ഒരു സിനിമ, അതിന്റെ കാരണങ്ങളന്വേഷിക്കാനുള്ള ഒരു ശ്രമം കൂടി രസകരമായ ഒരാവർത്തനമായി മാറുമ്പോൾ കൂട്ടുകാരൻ ടി വി ഓഫ് ചെയ്തു.
നന്നായി, ഇപ്പോൾ എവിടെ കയറി ചെന്നാലും വാതിൽ തുറക്കുമ്പോൾ തന്നെ ആതിഥേയന്റെ കയ്യിൽ അതിഥിയെ സ്വീകരിക്കാനെന്നോണം ഒരു റിമോട്ടുണ്ടാവും. ചിലപ്പോൾ ശത്രുവിനെ പ്രതിരോധിക്കാനുള്ള ഒരായുധം പോലെയും…. സംഭാഷണത്തിനിടയിൽ ടി വിക്കു നേരെ ചൂണ്ടി ചാനലുകൾ മാറ്റി മാറ്റി പിടിക്കുന്നതിനിടയിൽ നിങ്ങൾക്കു നേരെ നീട്ടി ഒരു ഇൻഫ്രാറെഡ് തോക്കു പ്രയോഗവും അദ്ദേഹം നടത്തിയേക്കാം… ജാഗ്രതൈ !
എന്തായാലും എന്റെ സുഹൃത്ത് ടി വി ഓഫ് ചെയ്തു. അല്ലെങ്കിൽ ഞങ്ങളുടെ സംഭാഷണത്തെ തന്ന് അത് ഹനിച്ചേക്കാം എന്നദ്ദേഹം തിരിച്ചറിഞ്ഞു. അല്ലെങ്കിൽ തന്നെ ഞങ്ങളുടെ ഉദ്ദേശ്യം ടി വി കാണുക എന്നതായിരുന്നില്ലല്ലൊ.. പതിവു പോലെ സംഭാഷണത്തിന് കുറച്ചു നേരം മലയാള സിനിമയുടെ തകർച്ചയും കഥയില്ലായ്മയുമൊക്കെ വിഷയമായി. വ്യാജ സി.ഡി യുടെ പ്രചരണമാണൊരു ഒഴിവാക്കാനാകാത്ത കാരണമായി വർത്തിക്കുന്നതെന്നും നമ്മൾ സംസ്‌കാര സമ്പന്നരെങ്കിലും ഇതൊന്നും ചെയ്തേക്കരുതെന്നും വഴി തെറ്റി പോയേക്കാവുന്ന നമ്മുടെ മക്കളെയും ബോധവൽകരിക്കേണ്ടതുണ്ടെന്നും ആത്മരോഷത്തോടെ ഏന്റെ സുഹൃത്ത് പറഞ്ഞതിനോട് ഞാനും യോജിച്ചു… എന്റെ സുഹൃത്ത് വളരെ അഡ്‌വാൻസ്‌ഡ് തിങ്കിങ്ങ് ഉള്ള ഒരു സഹൃദയൻ….
എന്തായാലും സമയം വൈകിയതിനാലും തൊട്ടടുത്ത എമിറേറ്റിലേക്കുള്ള എന്റെ പതിനഞ്ച് കിലോമീറ്റർ ദൂരമുള്ള മടക്കയാത്രയുടെ സമയം രണ്ടു മണിക്കൂർ (ഞാൻ ഭാഗ്യവാനാണെങ്കിൽ) ആയതിനാലും വന്ന വിഷയം സംസാരിച്ച് തീർത്ത് ഞാൻ ധൃതിയിൽ പുറപ്പെടാൻ തയ്യാറാകുമ്പോൾ കുടുംബത്തെ കുറിച്ചുള്ള സ്നേഹാന്വേഷണങ്ങളുമായി സുഹൃത്തിന്റെ ഭാര്യ വന്നൂ. അങ്ങോട്ടുമിങ്ങോട്ടും വന്നു പോകുന്നതിനെ കുറിച്ച് പറയുന്നതിനിടക്കാണ് സുഹൃത്തിന്റെ ഭാര്യ പറഞ്ഞത്…..
”കുട്ടികൾക്കിപ്പൊ പഠിക്കാനൊക്കെ എന്തു മാത്രമാ…. ഒരു സിനിമക്ക് പോലും പോകാറില്ല…. വീട്ടിലിരുന്ന് കാണുന്നത് മാത്രേള്ളൂ…..“
ശരിയാണ്, ഞാനും അതിനോട് യോജിച്ചു, തിയേറ്ററിൽ പോയി ഒരു സിനിമ കാണുന്നത് തീരെയില്ല…. സമയവും മെനക്കേടും…
അത് കേട്ട് അവർ എന്റെ സുഹൃത്തിനു നേരെ തിരിഞ്ഞു… ”അല്ല കൂട്ടുകാരന് വേണമെങ്കിലാ സി ഡി കൊടുക്കരുതോ…“ അവർ എനിക്കു നേരെ തിരിഞ്ഞു തുടർന്നു…. ”കുട്ടികൾ അവരുടെ കൂട്ടുകാരുടേന്ന് വാങ്ങി കൊണ്ടു വന്നതാ… പുതിയ സിനിമയാ, തിയേറ്ററീ കളിക്കണതേയുള്ളു… നല്ല സിനിമയാ, നാളെ തിരിച്ച് കൊടുത്താ മതി, വേണമെങ്കി….“
പെട്ടെന്ന് സുഹൃത്തിന്റെ മുഖത്തു നിന്നും രക്തം മുഴുവൻ വാർന്നൊലിച്ചു പോയി. എന്ത് പറയണമെന്നറിയാതെ ഞാനൊന്ന് പതറി.
സുഹൃത്ത് ഭാര്യയുടെ ചോദ്യം കേൾക്കാത്ത പോലെ നിശ്‌ശബ്ദനായിരുന്നു.
”വേണ്ട, സിനിമ കാണാനൊന്നും ഇപ്പോ തീരെ സമയമില്ല എന്നതാണ് സത്യം….“
ഞാനെന്റെ സുഹ്യത്തിന്റെ മുഖത്തു നോക്കിയില്ല, …. സുഹൃത്തിന്റെ മുന്നിൽ നിന്നും ഓടി താഴേക്കു കുതിക്കാൻ തുറന്ന ലിഫ്‌റ്റിലേക്കു കയറുമ്പോൾ പുറകേ ഓടിയെത്തിയത് ആ ബാർബറായിരുന്നു. പക്ഷെ….
”വ്യത്യസ്തനാമൊരു ബാർബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞീല….“
Generated from archived content: story1_jun27_11.html Author: shammi_abudabi