ദുഃഖിക്കുവാനുള്ള അവകാശം

വഴിയുടെ ഒരവസാനത്തെ ചുവടായി കാലം നിന്നു.

ആശുപത്രിയിൽ നിന്നുള്ള മടക്കയാത്രയിൽ മക്കളുടെയും കുടുംബാംഗങ്ങളുടെയും നിലവിളി കേട്ട്‌ ചീരങ്കണ്ടത്തിൽ അവറാച്ചൻ എന്ന പരേതൻ ചെവി പൊത്താനാകാതെ നിസ്‌സഹായനായി.

നാലു മക്കളിൽ മൂന്നു പേർ സ്ഥലത്തെത്തിയിട്ടുണ്ട്‌. നാലാമൻ വരുമോയെന്ന്‌ ആശുപത്രിയിൽ നിന്നിറങ്ങുമ്പോൾ മൂത്തവനോടാരോ ചോദിക്കുന്നതു കേട്ടു. അറിയില്ലെന്നായിരുന്നു മറുപടി. അറിയുവാനാകാംഷയുണ്ടായിരുന്നു. അവൻ വരില്ലേ…. എന്തേ അവനു വരാൻ കഴിയാഞ്ഞത്‌.. ആശുപത്രിയിലായിരുന്നപ്പോഴും അവൻ വന്നില്ല. ആരും വന്നില്ല. രണ്ടു വർഷമായി ആർക്കും വന്നൊന്നു നോക്കുവാൻ സമയമുണ്ടായിരുന്നില്ലല്ലൊ! ഒടുവിൽ എല്ലാപേരേയും കാണാനുള്ള ആഗ്രഹം കൊണ്ട്‌ തന്നെ മരിക്കണേയെന്ന്‌ ആത്മാർത്‌ഥമായി ആഗ്രഹിച്ചിരുന്നു. പക്ഷെ ആ ആഗ്രഹത്തിനൊടുവിലും അവൻ വരുന്നില്ലെന്നോ…. മക്കളെ കാണാൻ മാത്രമായെങ്കിലും അമേരിക്കയിൽ പോകാമെന്ന്‌ അവസാനം കരുതിയതാണ്‌. അവർക്കൊന്നും നാട്ടിലേക്കുവരാൻ സമയമില്ലാത്ത അവസ്ഥയിൽ അവരെ കാണാൻ അങ്ങോട്ട്‌ പോകാൻ തന്നെ ഒടുവിൽ സമ്മതിച്ചതാണ്‌. പക്ഷെ വൈകി പോയി. അതിനു മുമ്പ്‌ തന്നെ ജീവിതത്തിൽ നിന്നും യാത്രയാകേണ്ടി വന്നിരിക്കുന്നു.

മക്കൾക്കു മുന്നിൽ വാശിക്കാരനായ അച്ഛനായി ജീവിതം അവസാനിച്ചിരിക്കുന്നു.

മകൾ ആരോടോ കരഞ്ഞു കൊണ്ട്‌ പറയുന്നത്‌ കേട്ടു… അപ്പന്‌ അവസാനംവരെയും വാശിയായിരുന്നുവത്രെ! എത്രയോ വിളിച്ചതായിരുന്നു, അമേരിക്കക്ക്‌ പോരാൻ, എല്ലാ മക്കളെയും ഒരുമിച്ചു കാണാം… കുറെ കാലമെങ്കിലും മക്കളോടൊപ്പം നിൽക്കാം… എല്ലാം ഉപേക്ഷിച്ചു നാട്ടിലേക്കു വരാൻ പറ്റുമോ… അപ്പനോടു സ്നേഹമില്ലാഞ്ഞിട്ടല്ല….. ലോകത്തുള്ള ഏത്‌ മക്കളേക്കാളും അപ്പനെ സ്നേഹിച്ചിട്ടേയുള്ളു… പക്ഷെ വീടും കുട്ടികളുടെ പഠിത്തവും ഒക്കെ മാറ്റി നിർത്തി ഇറങ്ങാൻ പറ്റണ്ടേ… ഇളയവൾ കരഞ്ഞു കൊണ്ട്‌ കൂട്ടി ചേർക്കുന്നത്‌ കേട്ടു… അപ്പൻ കുറച്ചു നാളെത്തേക്കെങ്കിലും അമേരിക്കക്കു വന്നിരുന്നുവെങ്കിൽ കുട്ടികൾക്കാ സ്നേഹം കുറച്ചു നാളെങ്കിലൂം അനുഭവിക്കാൻ കഴിഞ്ഞേനെ…

മകൾ പറഞ്ഞതും സത്യം. കൊച്ചു മക്കൾ എന്നും ഇന്റർനെറ്റ്‌ ഛായാചിത്രങ്ങൾ മാത്രമായിരുന്നു. അപ്പാപ്പനെ കാണാൻ നിർബന്ധിച്ച്‌ വെബ്‌കാമിനു മുന്നിലെത്തിക്കുമ്പോൾ അപ്പാപ്പനെ നിരാശനാക്കാതിരിക്കാൻ എങ്ങനെ പെരുമാറണമെന്നറിയുന്ന നല്ല കുട്ടികളായിരുന്നു അവർ. മക്കളെ സ്നേഹിച്ചിരുന്നതു പോലെ അവരെ ലാളിക്കാനും സ്നേഹിക്കാനും കഴിഞ്ഞില്ലല്ലോ….നിങ്ങൾ നിങ്ങളുടെ മക്കളെ സ്നേഹിച്ചാൽ മതി, എനിക്കൊന്നും വേണ്ട എന്ന്‌ കെറുവിച്ചതായിരുന്നില്ല… പക്ഷെ മനസ്‌സിൽ മുള്ളു കൊണ്ടു പായ വിരിച്ച്‌ അതിൽ കിടന്ന്‌ അണ കെട്ടിയ സ്നേഹം കൊണ്ട്‌ കരയുകയായിരുന്നു.

രണ്ടു വർഷങ്ങൾക്കു മുമ്പ്‌ ഇളയവന്റെ ഭാര്യയുടെ പ്രസവ ശുശ്രൂഷക്ക്‌ അന്നാമ്മ അമേരിക്കക്ക്‌ പോകുമ്പോഴും എല്ലാമക്കളും മരുമക്കളും ഒരു പോലെ നിർബന്ധിച്ചതാണ്‌…. എന്നിട്ടും പോയില്ല. മുപ്പത്തഞ്ച്‌ വർഷങ്ങളുടെ നീണ്ട സർക്കാർ സർവീസിൽ നിന്നും സമ്പാദിച്ച വീടിനെ കുറിച്ചും പെൻഷനായപ്പോൾ വാങ്ങിയ പറമ്പിനെ കുറിച്ചും വല്ലാതെ വികാരപരതയോടെ ആശങ്കപ്പെട്ട്‌ ഒറ്റക്ക്‌ വീട്ടിൽ തന്നെ നിന്നു. മക്കളയച്ച ഡോളർ അവരുടെ പേരിൽ തന്നെ അഞ്ചു പൈസ പോലും എടുക്കാതെ നിക്ഷേപിച്ച്‌ എന്നെങ്കിലൂം അവർക്ക്‌ ഈ മണ്ണിലേക്ക്‌ മടങ്ങി വന്നേ പറ്റൂ എന്ന അഹങ്കാരത്തോടെ അഞ്ചേക്കർ പറമ്പിൽ സ്വർണ്ണം വിളയിക്കാനുള്ള ശ്രമമായിരുന്നു. അന്നാമ്മയുടെ യാത്ര ഒരിക്കലും മടങ്ങി വരാനാകാത്ത ഒരു വേർപാടായി തീർന്നപ്പോഴായിരുന്നു ഒറ്റപ്പെടലിന്റെ നിതാന്ത സ്വത്വമായി ആദ്യം അനുഭവപ്പെട്ടത്‌. ജീവനോടെ കൊണ്ടു പോയ അമ്മയുടെ ശരീരം ജീവനില്ലാതെ നാട്ടിലേക്കു കൊണ്ടു വരുമ്പോൾ കൂടെ മക്കൾക്കെല്ലാപേർക്കും വരേണ്ടി വരും എന്നതിനാൽ അപ്പൻ അമേരിക്കയിലേക്കു ചെന്നാൽ മതി എന്ന്‌ കൂട്ടായി തീരുമാനമെടുത്ത്‌ മക്കൾ വിളിച്ചപ്പോഴും പോയില്ല…. ഒരു ജീവിതം മുഴുവൻ കൂടെ കഴിഞ്ഞ അന്നാമ്മക്കു നൽകാൻ വെറും പ്രാർത്ഥനകൾ മാത്രം അവശേഷിച്ചു, അവസാനമായി ഒന്നു കാണാൻ പോലും കിട്ടാതെ…

ജീവനില്ലാത്ത ശരീരം ആംബുലൻസിൽ നിന്നും ഒരു ആയുഷ്‌കാലത്തിന്റെ മുഴുവൻ പ്രയത്നം കൊണ്ടു കെട്ടി പൊക്കിയ വീടിന്റെ പൂമുഖത്തേക്കു നീക്കുമ്പോൾ മകന്റെ സെൽ ഫോൺ മുഴങ്ങി. ആ വിളിക്കുന്നത്‌ ഇളയവനാണെന്ന്‌ അവറാച്ചന്‌ മനസ്‌സിലായി. അപ്പനെ കിടക്കയിലേക്ക്‌ പതുക്കെ വച്ച്‌ ഫോൺ വീണ്ടുമെടുത്ത്‌ മകൻ കയർക്കുന്നത്‌ അവറാച്ചൻ കേട്ടു. അവൻ വരില്ലെന്നു പറയുകയായിരിക്കുമോ… ഇനിയും എത്ര നേരം കൂടി ഇങ്ങനെ വച്ചു കൊണ്ടിരിക്കും… അവനു വേണ്ടി കാത്തിരിക്കാതെ ഇവർ കുഴിയിലേക്കടക്കം ചെയ്തേക്കുമോ…. മറ്റു മക്കൾക്കൊക്കെ വന്നെത്താൻ കഴിഞ്ഞു. പക്ഷെ അവനു മാത്രം എന്താണിത്ര തിരക്ക്‌… അവനെ കൂടി ഒന്ന്‌ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ സന്തോഷത്തോടെ ഇരുട്ടിലേക്കൊളിക്കാമായിരുന്നു എന്ന്‌ പരേതൻ ഒരിതൾ ശ്വാസത്തിനെന്ന പോലെ ആഗ്രഹിച്ചു പോയി.

കല്ലറയിലെ ഇരുട്ടിലിനി എത്ര നാൾ കിടന്നാലാവും ദൈവത്തിന്റെ മാലാഖമാർ വരികയെന്നറിയില്ല. കല്ലറയിലെ മരണശേഷമുള്ള കാത്തിരിപ്പിനെ കുറിച്ച്‌ ജീവിതത്തിനിടയിൽ കേട്ടതൊക്കെ സത്യമാണോ എന്നുമറിയില്ല. എങ്കിലും ഇപ്പോൾ ഭയം തോന്നുന്നില്ല. സ്വർഗ്‌ഗമോ നരകമോ എന്ന ആശങ്കയുമില്ല. വെറും ശൂന്യമാണ്‌ മനസ്‌സ്‌. പക്ഷെ അവൻ കൂടി വന്നൊന്ന്‌ കണ്ടിരുന്നെങ്കിൽ… ശവകല്ലറയിലെ ഇരുട്ടിൽ മറഞ്ഞാൽ പിന്നീടൊരിക്കലും ഇവരെയൊന്നും കാണാൻ കഴിയില്ലല്ലൊ… എന്നൂം കൂടെ ഉണ്ടാകണമെന്ന്‌ ആഗ്രഹിച്ച മകനാണ്‌ ഇനിയും വന്നെത്തിയിട്ടില്ലാത്തത്‌.

മൂത്തവൻ ആദ്യമേതന്നെ പഠിക്കാനും പിന്നെ ജോലിക്കുമായി അന്യ നാട്ടിലായിരുന്നു. ഇളയവനായിരുന്നു എന്നും അരികിലുണ്ടായിരുന്നത്‌. പഠിക്കുമ്പോഴും ദൂരെയൊന്നും അവനെ വിട്ടില്ല. പെൺമക്കളെ എന്നായാലും കെട്ടിച്ചു വിടേണ്ടി വരുമെന്നതിനാൽ ഇളയവൻ എന്നും അടുത്തുണ്ടാകാനായി എല്ലാം അവനു വേണ്ടി ചെയ്തു. പക്ഷെ വിധി അവനെയും അവസാനം അമേരിക്കയിൽ തന്നെ എത്തിച്ചു. അവന്റെ കല്ല്യാണം ഒരു ഡോക്ടറുമായി നടത്തുമ്പോൾ മരുമകൾ നാട്ടിൽ തന്നെ പ്രാക്ടീസ്‌ ചെയ്യുമെന്നായിരുന്നു കരുതിയിരുന്നത്‌…. പക്ഷെ അവൾക്ക്‌ ഉന്നതവിദ്യാഭാസത്തിന്‌ സ്‌റ്റേറ്റ്‌സിൽ പോകാനാണ്‌ താൽപര്യമെന്നും മകൻ കൂടി പോകേണ്ടി വരുമെന്നും അന്നു തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഒടുവിൽ ഭാര്യയുടെ ജോലി സംരക്ഷിക്കാൻ അവനവിടെ തന്നെ നിൽക്കേണ്ടി വരുമെന്നും! അവനെങ്കിലും സ്വന്തം മണ്ണിലേക്കും മനസ്സിലേക്കും മടങ്ങി വരുമെന്ന്‌ ഒരു പാട്‌ പ്രതീക്ഷിച്ചിരുന്നു. നാട്ടിലെ മണ്ണും മണവുമാണ്‌ അവനേറ്റവും ഇഷ്ടം എന്ന വിശ്വാസവും തെറ്റി. ഫോൺ ദേഷ്യത്തോടെ ഡിസ്‌കണക്ട്‌ ചെയ്ത്‌ മകൻ പെങ്ങളോട്‌ പറയുന്നത്‌ കേട്ടു… ആൾക്കാരെയെങ്കിലും നോക്കണ്ടെ… അവന്റെ ഭാര്യക്ക്‌ പരീക്ഷയാണത്രെ…! അമേരിക്കയിലെ പരീക്ഷകളും വളരെ പ്രധാനപ്പെട്ടതായിരിക്കുമെന്ന്‌ അവറാച്ചന്‌ തോന്നി… അല്ലെങ്കിൽ അവൻ വരാതിരിക്കില്ല… എന്നും ഒരു നിഴലു പോലെ കൂടെ നടന്നിരുന്ന മകൻ അവസാനമായി ഒന്നു കാണാൻ പോലും വരാതിരിക്കുന്നത്‌ ആ പരീക്ഷ അത്രക്ക്‌ ഒഴിവാക്കാൻ പറ്റാത്തതിനാലാവണം. പക്ഷെ അതെങ്ങിനെയാണ്‌ മൂത്തവനെ പറഞ്ഞ്‌ മനസ്സിലാക്കുന്നത്‌! അവൻ പറഞ്ഞത്‌ കേട്ട്‌ പെങ്ങൻമാർ നാത്തൂനെ കുറിച്ച്‌ പറഞ്ഞു തുടങ്ങി… അവളാണ്‌ അവനെ വിടാത്തതെന്നും അവൻ ഒരു പെൺകോന്തനായി അധഃപതിച്ചിരിക്കുന്നു എന്നുമൊക്കെയായി മൂത്ത മരുമകളുമായി ചേർന്ന്‌ കുറ്റപ്പെടുത്തലിന്റെ വിനോദത്തിലേർപ്പെട്ടു… അവരെ ഒന്നു വിലക്കുവാൻ പോലും കഴിയാതെ അവറാച്ചൻ അസ്വസ്ഥനായി കിടന്നു.

വൈകുന്നേരമായപ്പോൾ പരേതനെ സന്ദർശിക്കുന്നവരുടെ തിരക്കും ബഹളവും കൂടി. രാത്രിയാണ്‌ തിരക്കൊന്നൊഴിഞ്ഞത്‌… വരുന്നവരൊക്കെ ഇളയമകൻ വരുന്നുണ്ടൊ എന്നാണ്‌ അന്വേഷിക്കുന്നത്‌… അവൻ മാത്രമാണല്ലൊ അവിടെ ഇല്ലാതിരുന്നത്‌. അതിരാവിലെ പള്ളിയുണരുമ്പോൾ സംസ്‌കാരം നടത്തുമെന്ന്‌ മകൻ എല്ലാപേരോടും പറയുന്നുണ്ടായിരുന്നു… അവറാച്ചന്‌ ദുഃഖം തോന്നി. കരയുവാൻ പരേതന്‌ കണ്ണീരുണ്ടായിരുന്നില്ല. എല്ലാം ഉപേക്ഷിച്ച്‌ പോകുകയാണ്‌… എല്ലാപേരും കൂടി ഏല്ലാത്തിൽ നിന്നും അടർത്തിയെടുത്ത്‌ ഈ ലോകത്ത്‌ നിന്ന്‌ മുഴുവനായി ഒഴിപ്പിക്കുകയാണ്‌… അമേരിക്കയിലെ ഏതോ മണ്ണിനടിയിൽ അലിഞ്ഞു പോയ പ്രിയതമയുടെ ഓർമ്മകൾ അവറാച്ചനിൽ പ്രകാശത്തിന്റെ പ്രവാഹത്തിലിരിണ്ടു പോയ നിഴൽ ചിത്രമായി വല്ലാത്തൊരു അവ്യക്ത രൂപം തീർത്തു.

രാത്രി ഏറെ വൈകി ഒഴിഞ്ഞ അകത്തളത്തിലെ പ്രേതാത്മാക്കളുടെ നിശ്ശബ്ദസഞ്ചാരത്തിനിടയിലേക്ക്‌ മൂത്ത മകൻ വന്നു. അവന്റെ സെൽ ഫോൺ അപ്പോൾ ശബ്ദിക്കുന്നുണ്ടായിരുന്നു… വശത്തു വച്ചിരുന്ന പഞ്ഞിയെടുത്ത്‌ പരേതന്റെ മൂക്കും കണ്ണുകളും തുടക്കുമ്പോൾ മകൻ ഫോൺ എടുത്തു. അതു കേട്ടാവണം അടുത്ത മുറിയിൽ കുടുംബക്കാർക്കിടയിൽ സംസാരിച്ചു കൊണ്ടിരുന്ന മക്കളും മരുമക്കളും കൂടി വന്നു…. അതിളയവൻ തന്നെയല്ലേ എന്നാണ്‌ എല്ലാപേരും പ്രതീക്ഷയോടെ കാതോർത്തത്‌. അവറാച്ചനും… അതവൻ തന്നെയായിരുന്നു… ഇനിയൊരു പക്ഷെ അവൻ അവസാന നിമിഷം വരാമെന്ന്‌ കരുതിയിരിക്കുമോ… എല്ലാപേരും അതാണല്ലോ കാത്തിരുന്നത്‌… അവന്‌ വരാതിരിക്കാനാകില്ലെന്ന്‌ അവറാച്ചൻ അപ്പോഴും വിശ്വസിച്ചിരുന്നു… പക്ഷെ ഇനിയും എത്ര നേരം ഇവർ തന്നെ വച്ചു കൊണ്ടിരിക്കും എന്ന ആശങ്കയോടെ അവറാച്ചൻ അപ്പോഴും നിലയ്‌ക്കാത്ത ഘടികാരത്തിന്റെ മാത്രകൾക്ക്‌ ചെവിയോർത്തു.

മൂത്തവൻ അങ്ങേതലയ്‌ക്കൽ നിന്നും ഇളയവൻ പറയുന്നത്‌ കേട്ട്‌ മൂളുക മാത്രം ചെയ്തു… പിന്നെ എല്ലാം സമ്മതിച്ചതു പോലെ എന്നാലങ്ങനെയാകട്ടെ എന്ന്‌ പറഞ്ഞ്‌ ഫോൺ നിർത്തി ദീർഘശ്വാസം വിട്ടു… ആകാംഷയോടെ മറ്റുള്ളവർ അവൻ എന്തു പറഞ്ഞു എന്ന്‌ ചോദിക്കുമ്പോൾ അവറാച്ചന്റെ മനസ്സിലും അതു തന്നെയായിരുന്നു ഉണ്ടായിരുന്നത്‌. അവൻ വരാമെന്ന്‌ പറഞ്ഞിരിക്കില്ലേ… അതു വരെ സംസ്‌കാരം നടത്തരുതെന്ന്‌ പറഞ്ഞിരിക്കില്ലേ…

മൂത്തവന്റെ മുഖത്ത്‌ ആശ്വാസത്തിൽ നിന്നുള്ള ഒരു നേർത്ത ചിരിയുണ്ടായിരുന്നു… അവൻ കയ്യിലിരുന്ന പഞ്ഞി അപ്പന്റെ പെട്ടിയുടെ വശത്ത്‌ വച്ച്‌ പതിയെ അവരോട്‌ പറഞ്ഞത്‌ അവറാച്ചന്‌ ആദ്യം മനസ്സിലായില്ല. അവൻ എല്ലാം സമ്മതിച്ചുവത്രെ… എല്ലാവരും കൂടി നിശ്ചയിച്ച്‌ ആളിനെ കണ്ടെത്തി ഡീലുറപ്പിച്ചു കഴിഞ്ഞാൽ ഒരു ദിവസത്തേക്കെങ്കിലും അവൻ വരാമെന്ന്‌… പക്ഷെ ഒപ്പിട്ടു കഴിഞ്ഞാൽ അടുത്ത ദിവസം തന്നെ കാശുമായി അവന്‌ തിരികെ പോകണം… അവൾക്കു പരീക്ഷയാണ്‌…! എല്ലാവർക്കും ആശ്വാസമായി. എന്തായാലും എല്ലാം അവരോട്‌ തന്നെ തീരുമാനിക്കാൻ പറഞ്ഞല്ലോ, ഒപ്പിടാൻ സമയത്തെത്താമെന്നും…

സമാധാനത്തോടെ അടക്കം പറച്ചിലുകളുമായി എല്ലാപേരും മുറിയിൽ നിന്നും ഇറങ്ങി പോകുമ്പോൾ ഒരു വിശാലമായ കൂറ്റൻ ശവകല്ലറയിലുപേക്ഷിക്കപ്പെട്ടവനെ പോലെ അവറാച്ചൻ മുറിയിലെ എയർകണ്ടീഷനറിന്റെ തണുത്ത ഇരുളിമയിൽ എവിടെയോ ഒളിഞ്ഞിരുന്ന ദൈവത്തെ തിരയുകയായിരുന്നു, പരേതനെന്തിനാണ്‌ ദുഃഖിക്കുവാനുള്ള അവകാശം നല്‌കിയതെന്ന്‌ ദൈവത്തോട്‌ കയർക്കാൻ !

Generated from archived content: story1_april8_09.html Author: shammi_abudabi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English