വിപ്ലവാത്മക ചിന്തകളിൽ മിന്നാമിനുങ്ങുകളുടെ പ്രസക്തി

സുകുമാരനു മുന്നിൽ നേർത്ത മഴ നൂലുകൾ ആകാശത്തു നിന്നും വീഴുന്നുണ്ടായിരുന്നു. അപരാഹ്നത്തിന്റെ വരണ്ട മാറിൽ വീണ്‌, പുകഞ്ഞ മണ്ണിനു നനവേകാൻ വിഫലമായി ശ്രമിച്ചുകൊണ്ട്‌ ഒരു വിങ്ങലായി അവ നഷ്ടപ്പെട്ടു.

കഴിഞ്ഞു പോയ കാലത്തിന്റെ ഓർമ്മപ്പുസ്തകത്തിന്റെ ഏടുകളിലൂടെ എന്നുമെന്ന പോലെ ഒരു യാത്ര…. മദ്ധ്യാഹ്നത്തിന്റെ ശാന്തി മന്ത്രങ്ങൾക്കു ശേഷം സന്ധ്യയിലെ സർവ്വമത പ്രാർത്ഥനയ്‌ക്കു മുമ്പ്‌ നിഷ്‌ക്രിയത്വത്തിന്റെ കുറച്ചു മണിക്കൂറുകൾ…. സുകുമാരൻ എന്നും ഭയപ്പെട്ടിരുന്നത്‌ ശൂന്യമായ അത്തരം മണിക്കൂറുകളെയാണ്‌. ദിവസത്തിന്റെ ഭൂരിഭാഗവും നിർത്താതെ ഓടികൊണ്ടിരുന്ന ഒരു മനുഷ്യയന്ത്രത്തെ പോലെയായിരുന്നു സുകുമാരൻ. ചിന്തയുടെയും ബുദ്ധിയുടെയും പ്രവർത്തന മണ്ഡലങ്ങളിലൂടെയുള്ള കുതിപ്പിനിടയിൽ ആരോ തള്ളിയിട്ടതു പോലെ വിധിയുടെ അടിത്തട്ടിലേക്കു സുകുമാരൻ വീഴുകയായിരുന്നു. പിടിവള്ളി കിട്ടാത്ത അഗാധതകളിലേക്ക്‌ കൂപ്പുകുത്തുമ്പോൾ അയാൾ ആദ്യമായി ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. കാരുരുക്കിന്റെ കരുത്തുള്ള കൈകളുയർത്തി ആയിരക്കണക്കിന്‌ ജനങ്ങളെ കോരിത്തരിപ്പിക്കുമാറ്‌ അക്ഷരങ്ങൾ പെറുക്കിയെടുത്ത്‌ വാക്കുകൾ കോർത്ത്‌ ഘോരഘോരം പ്രസംഗിച്ച നാവ്‌ ഇന്ന്‌ തളർന്നു പോയിരിക്കുന്നു. വെയിലേറ്റു പഴുത്ത പറമ്പിലെ വിപ്ലവത്തിന്റെ ഒറ്റയടി പാതയിലൂടെ എന്നൊക്കെയൊ നടന്നുപോയിരുന്ന ദൃഢമാർന്ന കാലടികൾ ഇന്നു വിണ്ടു വൃണമായിരിക്കുന്നു. ദൈവമേ….എന്നതു ഒരു നിലവിളിയായിരുന്ന കാലം കഴിഞ്ഞൂ പോയിരുക്കുന്നു. ഇപ്പോൾ ഇതൊരു വിലാപം മാത്രം!

മനസ്സിലെ വിപ്ലവത്തിന്റെ ചൂടും ചൂരും ഇപ്പോഴും ഒരു ലാവയായി കണ്ണുകളിലൂടെ പൊട്ടിയൊലിക്കുന്നതു സുകുമാരൻ അറിയുന്നൂ. കൺതടങ്ങളിൽ ഉരുകിയൊലിച്ച ലാവ തീർത്ത മുറിവിന്റെ ചാലുകളിൽ നീറ്റലായി വിപ്ലവപാടങ്ങളിൽ വിലപിച്ച്‌ വിവശരായ അമ്മമാരുടെ കണ്ണു നീരിപ്പോഴും പടരുന്നതും സുകുമാരൻ അറിയുന്നു. ഹൃദയത്തിന്റെ കൽചുമരുകൾ ഇപ്പോളൊരു കോട്ടമതിലു പോലെ പണ്ടു കേട്ട വിലാപങ്ങളുടെ പ്രതിധ്വനികളാൽ അടക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ മനസ്സിൽ മാവോ സേതൂങ്ങോ ചെഗുവെരയൊ ലെനിനോ കാറ്റിലുലയുന്ന വലിയ നീളൻ ളോഹ പറത്തി പറന്നുയർന്നു നിറയുന്നില്ല. ദാസ്‌കാപ്പിറ്റലും മാനിഫെസ്‌റ്റോയും സ്‌റ്റേറ്റ്‌ ആന്റ്‌ റവല്യൂഷനുമൊക്കെ മനസ്സിന്റെ പുകയുന്ന നെരിപ്പൊടിൽ പുകയറകൾ സൃഷ്ടിച്ചിരിക്കുന്നു. ഒരിക്കലും ലക്ഷ്യം കണ്ടെത്താനാകാത്ത വഴിയാത്രക്കാരന്റെ അവസാനിക്കാത്ത യാത്ര പോലെ അയാളിന്ന്‌ ഒരു അഭയത്തിനു വേണ്ടിയുഴറുന്നു. മരണമെന്ന അഭയം !

വിപ്ലവവും പ്രസ്ഥാനവും ചുമലിലേറ്റി അഹങ്കാരത്തിന്റെ തലയെടുപ്പോടെ നടക്കുമ്പോൾ കാലത്തിന്റെ കുത്തൊഴുക്കിൽ ഒരിക്കൽ എത്തിപ്പെടാനിടയുള്ള വിധിയുടെ അവസാനിക്കാത്ത ചതുപ്പിന്റെ അനിവാര്യതയെ കുറിച്ച്‌ ഒരിക്കലും ഓർത്തില്ല. ആദർശം മനസ്സിലും വിപ്ലവവീര്യം ശരീരത്തിലും കൊണ്ടു നടന്നിരുന്ന ഒരു കാലം. പൊൻകുന്നത്തിന്റെ കഥകളിലും ഭാസ്‌കരൻ മാഷിന്റെ സിനിമകളിലും കണ്ടിരുന്ന കഥാപാത്രങ്ങളെ മനസ്സിലേറ്റി നടന്നിരുന്ന കാലം. കൂടെയുണ്ടായിരുന്നവരെ പോലെ ഒന്നും നേടാൻ ഒരിക്കലും ശ്രമിച്ചിരുന്നില്ല. ആദർശത്തിന്റെ പുകമറക്കുള്ളിൽ കൂടെയുണ്ടായിരുന്നവരൊക്കെ എല്ലാം നേടിയപ്പോൾ നേരിയ ചിരിയായിരുന്നു മനസ്സിൽ. മറ്റുള്ളവരുടെ മുന്നിൽ അഭിമാനത്തോടെ ഞാൻ മാത്രം എല്ലാവരിൽ നിന്നും വ്യത്യസ്തനാണെന്ന്‌ ഊറ്റം കൊണ്ടു. കൂടെയുണ്ടായിരുന്നവരൊക്കെ അതംഗീകരിക്കുകയും ചെയ്തിരുന്നു. ഒന്നും വേണ്ട എന്നഭിമാനത്തോടെ പറഞ്ഞതു കേട്ട്‌ കുടുംബത്തിന്റെയും പ്രാരാബ്ദത്തിന്റെയും പേരു പറഞ്ഞ്‌ എല്ലാം മറ്റുള്ളവർ നേടിയപ്പോൾ നിസ്വാർഥനെന്ന വലിയ പദവിയുടെ പൊലിമയിൽ ജീവിച്ചു. ഒടുവിലെത്തിപ്പെട്ടത്‌ എന്നും പരിഹസിക്കുകയും ഉറക്കെ വിമർശിക്കുകയും ചെയതിരുന്ന ഈ ആലയത്തിൽ. ഒരു പക്ഷെ ഇത്‌ വിധിയായിരിക്കണം.

പണ്ടൊരിക്കലും വിധിയിൽ സുകുമാരൻ വിശ്വസിച്ചിരുന്നില്ല. താന്താങ്ങൾ തന്നെയാണ്‌ വിധിയുടെ വക്താക്കൾ എന്നായിരുന്നു സുകുമാരന്റെ മതം. എല്ലാ കാലവും അയാൾ അങ്ങനെ തന്നെയായിരുന്നു. വിപ്ലവാശയങ്ങളുടെ ഒരു തലച്ചോറായാണ്‌ സഹപ്രവർത്തകർ അയാളെ കണ്ടിരുന്നത്‌. എല്ലാ പ്രധാന മുന്നേറ്റങ്ങളിലും സുകുമാരൻ ഒരു അനിവാര്യത തന്നെയായിരുന്നു. സ്ഥാനമാനങ്ങൾ കാംക്ഷിക്കാത്ത സുകുമാരന്റെ സ്ഥാനം ഒരു ബുദ്ധിജീവിയുടേതാകാനേ വഴിയുള്ളു. പക്ഷെ പിന്നീടെപ്പോഴോ പ്രത്യയശാസ്ര്തത്തിന്റെ പ്രതിലോമകത അധികാരത്തിന്റെ ഇടനാഴികളിലും അനുശീലരുടെ വികാരപരതകളിലും ഇടകലർന്നു പുതിയ മുദ്രാവാക്യങ്ങൾ സ്യഷ്ടിച്ചപ്പോൾ പഴയ വാചകങ്ങൾ ശ്വാസം മുട്ടി മരിച്ചു. കൊല ചെയ്യപ്പെട്ട ആദർശങ്ങളുടെ ശവദാഹത്തിനെതിരെ പ്രതികരിച്ചതിനു പുതിയ സോഷ്യലിസത്തിന്റെ വക്താക്കൾ, കണ്ണു മൂടികെട്ടി പ്രസ്ഥാനത്തെ വളർത്താനിറങ്ങിയ യുവാക്കളെ കൊണ്ട്‌ മറുപടി പറയിച്ചു. ആ മറുപടിയുടെ ആഘാതത്തിൽ ശരീരം തകർന്ന്‌ നട്ടെല്ലിൽ വീണ പൊട്ടലിൽ നിന്നും നിലയ്‌ക്കാത്ത രക്തം…. തകർക്കേണ്ടതെന്താണെന്ന്‌ അവർക്ക്‌ നന്നായി അറിയാമായിരുന്നു എന്നതു പോലെ…

ആ രക്തത്തിന്‌ ചുവപ്പു നിറമായിരുന്നു. പക്ഷെ ആരും അതു തിരിച്ചറിഞ്ഞില്ല. അല്ലെങ്കിൽ തിരിച്ചറിഞ്ഞവർ അതിനു വൈരുദ്ധ്യത്തിന്റെ നിറം നൽകി. ആദ്യമൊക്കെ ചിലർക്കെങ്കിലും സഹതാപമായിരുന്നു. മാധ്യമങ്ങളും പ്രസ്ഥാനത്തെ വിമർശിക്കാൻ കാത്തു നിന്നവരുമൊക്കെ കുറച്ചു കാലം ആഘോഷിച്ചു. മറ്റു പ്രസ്ഥാനങ്ങളിലേക്ക്‌ നിർലോഭമായ ക്ഷണങ്ങൾ! ഒന്നും സ്വീകരിച്ചില്ല. സ്വീകരിച്ചിരുന്നെങ്കിൽ അന്നു തന്നെ അതൊരു ആത്മഹത്യയായി തീരുമായിരുന്നു. പക്ഷെ ജീവിച്ചു.

ആർക്കും വേണ്ടാതെ… പ്രസ്ഥാനത്തിനു വേണ്ടി ജീവിക്കുന്നതിനിടയിൽ ബന്ധുക്കളെ മറന്നു പോയിരുന്നു… പുതിയ ബന്ധങ്ങളൊന്നും ഉണ്ടാകാതെ നോക്കിയിരുന്നു. അതിനിടയിൽ പഴയതൊക്കെ വിസ്മരിക്കപ്പെട്ടു പോവുകയും ചെയ്തു. ബന്ധുക്കളുടെ കാഴ്‌ചപ്പാടിൽ എന്നുമൊരു അഹങ്കാരിയായ ഒറ്റയാനായി നിന്നു. എത്രയോ പേരുടെ സഹായാഭ്യർഥന ആദർശത്തിന്റെ പേരിൽ തിരസ്‌കരിച്ചു! ഇന്നു വടി കുത്തി നടക്കുവാൻ കൂടി പ്രയാസമായ ശരീരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഈ ആതുരാലയത്തിലെ നഴ്സുമാരുടെ സഹായം ചിലപ്പൊൾ ലഭിക്കുന്നു. അതും പഴുത്തഴുകിയ വൃണവുമായി തെരുവിൽ ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ടപ്പോൾ ശരീരത്തിന്റെ വേദനയുടെ അലകൾക്കു മീതെ ഒരു തണുത്ത കാറ്റിന്റെ ശീലുമായി ഇവരെത്തിയതു കൊണ്ട്‌….. അല്ലെങ്കിൽ തെരുവിൽ തന്നെ അഴുകിത്തീരുമായിരുന്നു…… ഒരു അതിഥിയെ പോലെ ശരീരം കഴുകി

വൃത്തിയാക്കി, പുതിയ വസ്ര്തങ്ങളും ഭക്ഷണവും നൽകി… കിടക്കനൊരിടവും. ഒരിക്കൽ കല്ലു വലിച്ചെറിഞ്ഞ സന്നിധികളിൽ തന്നെ അഭയം! ആരാണവർക്കാ മനസ്സു കൊടുത്തെന്ന്‌ മനസ്സിൽ കേണു… മാപ്പപേക്ഷിക്കാൻ മടിയുണ്ടായിരുന്നില്ല. പക്ഷെ അവർ പറഞ്ഞത്‌ വിധിയെ കുറിച്ചാണ്‌…. പഴയ വിപ്ലവത്തിന്റെ മണമുള്ള ആവേശം നിറഞ്ഞ ശബ്ദത്തിന്റെ അഗാധതകളിൽ

സ്പർശിക്കുവാനെന്നോണം ഒരു ശാന്തി മന്ത്രണമായി ഘനഗംഭീരമായ ശബ്ദത്തിൽ ആരോ ഒരു പ്രതിപുരുഷനെപോലെ സംസാരിച്ചു കൊണ്ടിരുന്നു… അന്ന്‌ അതിഭയങ്കരമായി മഴപെയ്ത ഒരു ദിവസമായിരുന്നു, രാത്രി മുഴുവൻ…തോരാത്ത മഴ പോലെ ആ ശബ്ദധാര തുടർന്നു കൊണ്ടിരുന്നു… ആ മഴയിൽ മനസ്സിലെ അഴുക്കുചാലുകൾ കഴുകപ്പെട്ടതു പോലെ… അല്ലെങ്കിൽ പോകാൻ മറ്റൊരിടമില്ലാത്തിനാലോ… അതോ, തെരുവിൽ നിന്നും ഒരു വിഴുപ്പു ഭാണ്ഡത്തെ പേറാൻ കാണിച്ച സൻമനസ്സിനോടുള്ള വിധേയത്വമോ…. അറിയില്ല…. ഒന്നു മാത്രം, പറഞ്ഞതൊക്കെ കേട്ടിരുന്നു… അടുത്ത പ്രഭാതം സുന്ദരമായിരുന്നു…. വളരെ കാലത്തിനു ശേഷം ഒരു മനോഹരമായ സൂര്യോദയം കണ്ടു…. എന്നും അദൃശ്യനായി നോക്കി നിന്നിരുന്ന ദൈവത്തിന്റെ കാഴ്‌ച്ചപ്പാടുകൾ പോലെ സൂര്യകിരണങ്ങൾ മനസ്സിൽ വീണു. അന്നു സുകുമാരൻ ദൈവത്തിന്റെ സാന്നിദ്ധ്യമറിഞ്ഞു!

പകൽ മുഴുവൻ നിറയുന്ന ഒരു സാന്ത്വനമായി….

പിന്നീടെന്നും സന്ധ്യകളിൽ സുകുമാരൻ മനസിൽ ചേക്കേറുന്ന ഇരുട്ടിലൂടെ എപ്പോഴെങ്കിലും വിളക്കു തെളിച്ചെത്തുന്ന മിന്നാമിനുങ്ങുകളെ തിരഞ്ഞു കൊണ്ടിരുന്നു.

നേരമിരുണ്ടു. തുടർച്ചയായി പെയ്തിരുന്ന മഴനൂലുകൾ ഏതോ ആകാശങ്ങളിൽ നഷ്ടപ്പെട്ടിരുന്നൂ… പകരം സന്ധ്യയുടെ ഇരുട്ടു പതിയെ മണ്ണിലേക്കിറങ്ങി വന്നു. സന്ധ്യാപ്രാർത്ഥനക്കുള്ള മണിമുഴങ്ങി. സുകുമാരൻ വടിയുടെ സഹായത്താൽ പതിയെ എണീറ്റു. എല്ലുകളിൽ കത്തിപടരുന്ന വേദന……

മനസ്സിൽ ഇരുട്ടു വീഴുന്നു… അകത്തെ പ്രാർത്ഥനാമുറിയിൽ അടക്കംപറച്ചിലുകൾ പോലെ പ്രാർത്ഥനയുടെ മന്ത്രം. അവയ്‌ക്കിടയിലിരിക്കുമ്പോൾ സുകുമാരന്റെ മനസ്സിലെ ഇരുട്ടിലെവിടെ നിന്നോ പെട്ടെന്ന്‌ ഒരു മിന്നാമിനുങ്ങ്‌…! അകക്കണ്ണു കൊണ്ട്‌ സുകുമാരൻ ഇരുട്ടിൽ തപ്പിതടഞ്ഞു…. പതിയെ മറ്റൊന്നു കൂടി… പിന്നെ മറ്റൊന്ന്‌…. ഒന്നൊന്നായി മിന്നാമിനുങ്ങുകൾ ഇരുട്ടിന്റെ കാണാപ്പുറങ്ങളിൽ നിന്നും മനസ്സിലേക്കിറങ്ങി വരുന്നു…. സുകുമാരന്റെ മനസ്സിൽ പ്രാർത്ഥനയുടെ ശീലായി മിന്നാമിനുങ്ങുകളുടെ ഒരു നിര…. സുകുമാരൻ കണ്ണുകളടച്ചു…..

അന്ന്‌, മനസ്സിൽ പതിയെ പ്രകാശത്തിന്റെ ഒരു പ്രളയം ഉയരുന്നത്‌, സുകുമാരൻ സന്തോഷത്തോടെ അറിഞ്ഞു.

Generated from archived content: story1_apr1_08.html Author: shammi_abudabi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here