കാലാകാലങ്ങളായി, എന്നും, കേരളത്തിന്റെ മാറി മാറി വരുന്ന ഭരണങ്ങൾ നമ്മുടെ പ്രതീക്ഷകളായിരുന്നു. അല്ലെങ്കിൽ ഒരു പക്ഷെ നമ്മുടെ സ്ഥായിയായ പ്രതീക്ഷകളാണ് കേരളത്തിൽ സർക്കാരുകളെ മാറി മാറി ഭരണത്തിലേറ്റുന്നത് എന്നും പറയാം. ഓരോ പ്രാവശ്യവും നമ്മുടെ പ്രതീക്ഷകൾക്കു മേൽ ആഴത്തിൽ മുറിവേൽപ്പിച്ച് ഓരോ ഭരണകൂടവും പടിയിറങ്ങുമ്പോൾ നമ്മൾ അടുത്ത കുപ്പായക്കാരനെ തിരയുന്നു. പക്ഷെ അവരും നിരാശയുടെ നടുകയത്തിലേക്ക് നമ്മെ തള്ളിയിട്ട് പടിയിറങ്ങുകയും അടുത്തൊരു ഇടവേളയിലെ വിശ്രമാന്തം വീണ്ടും കയറുകയും ചെയ്യുന്നു.
നമ്മുടെ രാഷ്ര്ടീയക്കാരൻ കേരളത്തിന്റെ മനഃശാസ്ര്തം ശരിക്കും കണ്ടറിഞ്ഞ കള്ളനാണ്. ഇവിടെ നാണയം ഒന്നേയുള്ളു. ഓരോ പ്രാവശ്യവും അത് തിരിച്ചും മറിച്ചും ഇടുവാൻ മാത്രമേ നമുക്കാവുന്നുള്ളു. ജനാധിപത്യത്തിന്റെ മഹത്വത്തെ കുറിച്ചും അതിന്റെ സാധുതയെ കുറിച്ചും വാകീറി നിലവിളിക്കുന്നവന് ഭരണത്തിൽ കയറി കഴിഞ്ഞാൽ പിന്നെ ജനത്തിനു മേലുള്ള ആധിപത്യമാണ് അധികാരം. അതുവരെ ജനാധിപത്യത്തെ കുറിച്ചും സോഷ്യലിസത്തെ കുറിച്ചും ഘോരഘോരം പ്രസംഗിച്ചവർ ജനത്തിനൂ നേരെ വെല്ലു വിളിയോടെ നീയാരെടാ എന്ന ഭാവത്തോടെ പുച്ഛിക്കുന്നു. നിന്റെയൊന്നും വോട്ട് ഇനി വേണ്ടെന്ന് കയർക്കുന്നു. പിന്നിലൂടെ പിണിയാളുകളെ അയച്ച് മുഖപടങ്ങൾ അണിയേണ്ടി വന്നതിന്റ നിസ്‌സഹായതയെ കുറിച്ച് പരിതപിച്ച് മാപ്പപേക്ഷിക്കുന്നു.
സമൂഹത്തിന്റെ നടവരമ്പുകളിലൂടെ സമുദായത്തെ കൂട്ടു പിടിച്ച് സ്വന്തമായ പാതവെട്ടി പിടിക്കാനുള്ള ശ്രമമാണ് എല്ലാപേരും. ഇതിനിടയിൽ സാധാരണക്കാരന്റെ പ്രതീക്ഷകളാണ് എന്നും കീറി മുറിക്കപ്പെടുന്നത്. ഈ പറയുന്നത് ഒരു പുതിയ കാര്യമല്ല. ഒരു പാടു പറഞ്ഞു പഴഞ്ചനായ ഒരു സാധാരണ സംഗതി, ചിലതൊക്കെ കാണുമ്പോൾ ആവർത്തനങ്ങളുടെ മടുപ്പോടെയാണെങ്കിലും പറയാതിരിക്കുന്നതെങ്ങനെ! ഇത് കൊണ്ട് വ്യക്തി നേട്ടങ്ങളിലൂടെയും വ്യാപാര നേട്ടങ്ങളിലൂടെയും സാമ്പത്തികവും രാഷ്ര്ടീയവുമായ ലാഭങ്ങളുണ്ടാക്കുന്ന പ്രസ്ഥാനങ്ങളുമൊഴിച്ചാൽ പിന്നെ ലാഭം ഇവിടുത്തെ വാർത്താമാദ്ധ്യമങ്ങൾക്കു മാത്രം. അവരെ എന്നും തത്സമയത്തിൽ നിർത്താൻ കുറെ വാർത്തകൾ. വിശകലനങ്ങളുടെയും അനുമാനങ്ങളുടെയും നിലക്കാത്ത സ്പോൺസേർഡ് മണിക്കൂറുകൾ. എക്സ്‌ക്ലുസീവുകളുടെ ഉടമസ്ഥാവകാശങ്ങളുടെ തീരാത്ത മത്സരങ്ങൾ. അത്രയെങ്കിലും നന്ന്.
എന്തായാലും ഒരു രാഷ്ര്ടീയപക്ഷവും ജനത്തെ കബളിപ്പിക്കുന്നതിൽ പിന്നിലല്ല എന്നതാണ് യാഥാർത്ഥ്യം. സത്യസന്ധതയും ആത്മാർത്‌ഥതയും ഇന്ന് വെറും കിന്റർഗാർട്ടൻ ഉപന്യാസ വിഷയങ്ങൾ മാത്രമായി മാറിയിരിക്കുന്നു. രാഷ്ര്ടീയത്തിലും ബ്യൂറോക്രസിയിലും പരസ്പര പൂരകങ്ങളായി നിൽക്കുന്ന രണ്ടു പ്രധാന ഘടകങ്ങളെയുള്ളു ഇന്ന്, അഴിമതിയും സ്വജനപക്ഷപാതവും.
നമ്മുടെ നാട്ടിൽ ജനം ഇത് ഇങ്ങനെയൊക്കെ തന്നെയെന്ന് അംഗികരിക്കുകയും ചെയ്തിരിക്കുന്നു. ഇതിങ്ങനെയേ സംഭവിക്കൂ എന്നെനിക്കറിയാമായിരുന്നു എന്ന പ്രതികരണമാണ് പുതിയ ജനപാഠം. സ്വന്തം പ്രസ്‌ഥാനത്തിനു വേണ്ടി ചെയ്യുമ്പോൾ അഴിമതി അവകാശം തന്നെ എന്ന ഭാവമാണ് എന്നും ഭരണത്തിലിരിക്കുന്നവർക്ക്. കേരളത്തിൽ ഇന്നു കേൾക്കുന്ന എല്ലാ അഴിമതിയുടെ നൂലിഴകളിലും ഇതു വ്യക്തമാവുകയും ചെയ്യുന്നു. അഴിമതിയുടെയും കൊള്ളരുതായ്മകളുടെയും എല്ലാ തലങ്ങളിലും ഇതു വേരിറങ്ങിയിരിക്കുന്നു എന്നതാണ് ഏറെ കഷ്ടം.
കഴിഞ്ഞ കുറച്ചു കാലങ്ങളിൽ കേരളത്തിൽ മാത്രം സംഭവിച്ച കുറച്ചു കാര്യങ്ങൾ ഓർത്തെടുക്കുമ്പോൾ ചിലതൊക്കെ നമ്മെ ലജ്ജിപ്പിക്കുകയും ചിലതൊക്കെ നമ്മെ അരിശപ്പെടുത്തുകയും ചിലതൊക്കെ നമ്മെ നിസ്‌സഹായതയോടെ ഒന്നു ചിരിക്കുവാനോ കരയുവാനോ പ്രേരിപ്പിക്കുകയും ചെയ്തേക്കും. ഒരു പക്ഷെ എല്ലാത്തിന്റെയും ഒടുവിൽ ഒരു ന്യൂസ് മാഗസിന്റെ റിപ്പീറ്റിൽ സ്വയം അപ്‌ഡേറ്റഡാകാനുള്ള കാഴ്‌ചയുടെ നിസ്‌സംഗതയാവാം അത് സൃഷ്ടിക്കുന്നത്.
ഓരോ പുതിയ പെൺവാണിഭ വാർത്തയും നമ്മുടെ മനസ്‌സിലേക്ക് വലിച്ചിഴക്കുന്ന ഒരു മുഖമുണ്ട്. അതിശക്തനായ ഒരു ‘സാമൂഹ്യ’ (പ്രതി)നായകന്റെ മുഖം. കഥകൾ ഇവിടെ ഓർമിപ്പിക്കുക എന്നത് അപ്രസക്തം തന്നെ. പക്ഷെ ഒന്നുണ്ട്. ഈ വ്യക്തിയുടെ പങ്കാളിത്തത്തെ കുറിച്ച് കേരളത്തിലാർക്കും സംശയമുണ്ടാവാൻ തരമില്ലെങ്കിലും കേരളത്തിലെ ജനതയുടെ അഭിമാനത്തിനു മേലെ വീണ്ടും പുച്ഛത്തോടെ തലയുയർത്തി നിൽക്കുകയും നമ്മുടെ രാഷ്ര്ടീയസാമൂഹികസാംസ്‌കാരിക മണ്‌ഡലങ്ങളുടെ സിരകളിലൂടെ ഞാൻ തന്നെയാണെല്ലാം എന്ന ഗർവ്വോടെ ഇയാൾ ഇടപെടുകയും ചെയ്യുന്നത് നാം കാണുന്നു. സംരക്ഷിക്കപ്പെടേണ്ട സദാചാരമൂല്യങ്ങൾ പ്രമാണമായ ഒരു സമുദായത്തിന്റെ സംരക്ഷകനായി ഈ മാന്യദേഹം അവതരിപ്പിക്കപ്പെടുകയും അത് സ്വികരിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് അതിലേറെ കഷ്ടം.
പാർട്ടികൾക്ക് ഫാരിസ് അബൂബക്കറുമാർ എണ്ണി കൊടുക്കുന്ന കാശിന് കൈ നീട്ടുവാൻ ഇന്ന്് ഒരു സങ്കോചവുമില്ലാതായിരിക്കുന്നു. അതിനു നൽകപ്പെടുന്ന വിശദീകരണവും ന്യായീകരണവുമാണ് ഏറ്റവും പരിഹാസ്യം. കേൾക്കുന്നവനും കാണുന്നവനും ഇതിലെ കളികൾ നന്നായി മനസ്‌സിലാകും എന്നറിയുമെങ്കിലും കേരളത്തിലെ എല്ലാമറിയുന്ന ജനതയുടെ മുഖത്തു നോക്കി തലയുയർത്തി വായിൽ തോന്നിയതു വിളിച്ചു പറയാനുള്ള തന്റേടം കാണുമ്പോൾ നമുക്കിവരെയോർത്ത് നാണിക്കാതെ വയ്യ. അതു പോലെ തന്നെയാണ് ലാവ്‌ലിനും മൂന്നാറും നൽകുന്ന അറിവുകളും.
ഒന്നുമറിയാഞ്ഞിട്ടല്ല ജനം ഒന്നും മിണ്ടാതെ വാർത്തകളിൽ മാത്രം കണ്ണും നട്ടിരിക്കുന്നത്. പൂച്ചകൾ എലികളെ പിടിക്കുന്നതും കണ്ണടച്ചു പാലു കുടിക്കുന്നതും ജനം കാണുന്നുണ്ട്. ഒരു പക്ഷെ കണ്ണു തുറന്നു പാലു കുടിക്കാനും ഇന്നാർക്കും മടിയില്ല എന്നതായിരിക്കണം അവസ്ഥ. … ഞങ്ങൾ ഭരിക്കും ഞങ്ങൾ മുടിക്കും, തടുക്കാമെങ്കിൽ തടുത്തോളൂ…ഞങ്ങളിൽ ഒന്നിനെ തൊട്ടെന്നാൽ അക്കളി തീക്കളി സൂക്ഷിച്ചോ…. എന്നു മുദ്രാവക്യങ്ങൾ നിശ്‌ശബ്ദമായി മുഴങ്ങുന്നത് നമ്മൾ കേൾക്കുന്നില്ലെ… ഇവിടെ ഓരോ പ്രാവശ്യവും ഭരണത്തിലിരിക്കുന്നവൻ അടുത്ത പ്രാവശ്യത്തെ ഇലക്ഷനിലൂടെ വീണ്ടും ഭരണത്തിൽ വരാമെന്ന് തീരെ പ്രതീക്ഷയില്ലാത്തവനാണ്. അതു കൊണ്ട് തന്റെ തലമുറക്കും അടുത്ത എത്രയോ തലമുറകൾക്കും ജീവിക്കാനുള്ള വക സമ്പാദിക്കുന്ന തിരക്കിലാണ് ഭരണത്തിലിരിക്കുന്നവനും പാർട്ടിക്കാരനും. ഇതിപ്പോൾ ജനവും സമ്മതിച്ചു കൊടുത്തിരിക്കുന്ന മട്ടാണ്. അല്ലെങ്കിൽ നമ്മുടെ മണ്ണിൽ കുരുവിളമാർക്കു കുരുക്കാൻ വളം ലഭിക്കില്ലായിരുന്നു. വിപ്ലവപാർട്ടികൾക്കുള്ളിലെ കസേരകളിയും അടിയും കാണുമ്പോൾ ചില ഉത്തരേന്ത്യൻ ഉൾനാടുകളിലെ പ്രാദേശിക പാർട്ടികളിലെ അധികാര വടം വലികൾ എത്ര മാന്യം എന്നു തോന്നിപോകും. ഇതും സോഷ്യലിസത്തിന്റെ ഭാഗമത്രെ !
എൻ സി പി യിൽ നിന്നിട്ട് ഒരു കാര്യവുമില്ലെന്നു മനസ്‌സിലായ കാരണവർ തിരിച്ചെത്തുമ്പോൾ എന്തൊരു സ്വീകരണമാണ്….! നേതാക്കളുടെ ഉള്ളിലെ പുകയുന്ന അമർഷവും അസ്വസ്ഥതയും മനസ്‌സിലാക്കാൻ നമുക്കു മനഃശാസ്ര്തഞ്ഞരാകേണ്ട കാര്യമില്ല. മകനെയും കൂടി കൊണ്ട് വന്ന് അധികാരവും അവകാശവും ഉറപ്പിച്ച് നേടേണ്ടത് എത്രയും പെട്ടെന്ന് നേടിയെടുക്കാനുള്ള വെപ്രാളം കാണുമ്പോൾ പൊതുജനം കയ്യടിക്കുന്നത് സന്തോഷം കൊണ്ടല്ല എന്നത് തീർച്ച. അധികാരകസേരകളന്വേഷിച്ച് കറങ്ങി നടന്ന് നിരാശരായി തിരിച്ച് പഴയ ആലയത്തിലേക്ക് പാരമ്പര്യത്തിന്റെ കഥകളും പറഞ്ഞ് മടങ്ങി വരുന്നതിനെ മഹത്വവൽക്കരിക്കാൻ ആ പാർട്ടിയിലുള്ളവർ പോലും ശ്രമിക്കുമെന്ന് തോന്നുന്നില്ല. ഇതു കാണുന്നവന്റെ മനസ്‌സിൽ പുച്ഛമോ പരിഹാസമോ…
എന്തിനേറെ പറയുന്നു… എല്ലായിടത്തും പരസ്പരം വെട്ടി നിരത്തലും കുടിയൊഴിപ്പിക്കലും കയ്യിട്ടു വാരലും ഒഴിഞ്ഞ നേരമില്ല. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം അഴിമതയുടെ നാറുന്ന കൊടിക്കൂറകൾ എന്നതാണ് കുറച്ചു നാളായി കേരളത്തിലെ അവസ്ഥ. ഇതിന്റെ നിറം ത്രിവർണ്ണമായാലും ചുവപ്പായാലും പച്ചയായാലും കാവിയായാലുമൊക്കെ ഇവയിൽ നിന്നു വമിക്കുന്നത് ഒരേ ദുർഗ്‌ഗന്ധം തന്നെ. നമ്മുടെ വിദ്യാഭ്യാസകേന്ദ്രങ്ങളും വ്യവസായ സ്ഥാപനങ്ങളും സാമൂഹ്യസംഘങ്ങളും എല്ലാമെല്ലാം എന്തിനു സഭകളും പള്ളികളും ക്ഷേത്രങ്ങളും വരെ ഇതിൽ എത്തിനിൽക്കുന്നു എന്നതല്ലേ സത്യം !
ഇതിൽ നിന്നൊക്കെ എന്നെങ്കിലും നമുക്കൊരു മോചനമുണ്ടാകുമോ എന്നതാണ് ഒരു സ്വപ്നം…. ചോദ്യമല്ല… കാരണം, ചോദ്യങ്ങൾ ആരും ചോദിക്കുന്നില്ല… ആരും ഉത്തരവും പറയുന്നില്ല.
നമ്മൾ പൊതുജനം വെറും സ്വപ്നജീവികൾ മാത്രം. നമുക്കു സ്വപ്നം കാണാം…
എന്നെങ്കിലൂം ആ സ്വപ്നത്തിലെങ്കിലും ഒരു പക്ഷെ ഒരു തീപ്പൊരി അടർന്നു മനസ്‌സിലേക്കു വീണെങ്കിലോ….
Generated from archived content: politics1_feb8_08.html Author: shammi_abudabi