മുംബൈ തീവ്രവാദി ആക്രമണവും അതിനെ തുടർന്നുണ്ടായ രാഷ്ര്ടീയ കോലാഹലങ്ങൾക്കുമിടയിൽ നഷ്ടമുണ്ടാക്കിയവരും നേട്ടമുണ്ടാക്കിയവരും നിരവധിയാണ്. നമ്മുടെ രാജ്യാന്തര സുരക്ഷിതത്വത്തിന്റെ നേരെയുള്ള വെല്ലുവിളികൾക്കും അരക്ഷിതാവസ്ഥയ്‌ക്കുമെതിരെ ഒറ്റകെട്ടായി നില കൊള്ളണമെന്ന ചിന്ത എല്ലാ നല്ലവരായ ഇന്ത്യാക്കാരനിലുമുള്ള വികാരമാണെന്നത് സമ്മതിക്കുമ്പോളും അതിന്റെ അനന്തരസാധ്യമായ ചില നേട്ടങ്ങൾ ഉണ്ടാക്കാനുള്ള രാഷ്ര്ടീയക്കാരുടെ ശ്രമങ്ങൾ കാണാതിരിക്കാനാവില്ല. ഒരു ദോഷൈകദൃക്കിന്റെ കാഴ്‌ചകളായി തോന്നുന്നുവെങ്കിൽ സദയം ക്ഷമിക്കുക. കേരളത്തിലെ രാഷ്ര്ടീക്കാരന്റെ സ്വാർത്ഥതയെ എന്നും ഭയപ്പാടൊടെയും ആശങ്കയോടെയും വീക്ഷിച്ചിട്ടുള്ള ഒരു മലയാളിയുടെ ചിന്തകൾ പങ്കു വയ്‌ക്കുക എന്ന ഒരുദ്ദേശ്യം മാത്രമേ ഇതെഴുതുന്നവനുള്ളു എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ.
മുംബൈ തീവ്രവാദി ആക്രമണത്തിന്റെ പൊള്ളിക്കുന്ന വാർത്തകൾക്കിടയിലാണ് ആദ്യമായി ഒരു വിമർശനം കേരളത്തിൽ നിന്ന് കേട്ടത്. സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട് സന്ദർശനത്തിന് മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ പോയില്ല എന്നതാണ് അത്. എന്തായാലൂം വിമർശനങ്ങൾക്കൊടുവിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സന്ദീപിന്റെ വീടു സന്ദർശിക്കുന്നു. സന്ദർശനാന്ത്യം സംഭവിച്ചതൊക്കെ നമ്മൾ കണ്ടു, കേട്ടു…! സന്ദീപിന്റെ അച്ഛന്റെ നഷ്ടം നമുക്കു തുലനം ചെയ്യാനാവില്ല എന്നത് സത്യം. മകൻ നഷ്ടപ്പെട്ട ഒരച്ഛന്റെ ദുഃഖം തിരിച്ചറിയാൻ ഒരു മലയാളിയെ ആരൂം ഓർമ്മിപ്പിക്കേണ്ടതില്ല. നമ്മുടെ മഹത്തായ രാജ്യത്തിനു വേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ച സന്ദീപിന്റെ ഉജ്ജ്വലമായ ആ ത്യാഗത്തേയൂം നമുക്കൊരിക്കലും വിസ്മരിക്കാനാവില്ല. നമുക്കൊരിക്കലും ഒന്നും പകരം നൽകി വീട്ടാനാവില്ല ആ പ്രഗൽഭമായ ജീവന്റെ ത്യാഗം നമുക്കായി നൽകിയ ദാനം. സഹതാപമല്ല, അനുകമ്പയാണ് നമ്മുടെ ഹൃദയത്തിൽ. സന്ദീപിന്റെ കുടുംബാംഗങ്ങളെ കാണുമ്പോൾ നമ്മുടെ മനസ്സിൽ കുറ്റബോധമോ നിസ്സഹായതയാ ആണ് തലപൊക്കുന്നത്. സംസ്‌കാരം കഴിഞ്ഞിട്ടാണെങ്കിലും നമുക്കൊക്കെ വേണ്ടി, നമ്മുടെയൊക്കെ പ്രതിനിധിയായാണ് നമ്മുടെ മുഖ്യമന്ത്രി തന്നെ അവിടെ ചെന്നത്. പക്ഷെ നമ്മൾ കണ്ടത് നമ്മുടെ നാടിന്റെ മുഖ്യമന്ത്രിയെ ആട്ടി പായിക്കുന്ന സന്ദിപിന്റെ അച്ഛനെയാണ്. അടി കിട്ടിയത് നമ്മുടെ മുഖത്ത് തന്നെയല്ലെ! അതു വരെ ആരോടും മോശമായി പെരുമാറതെയിരുന്ന ഉണ്ണികൃഷ്ണൻ എന്തു കൊണ്ടാണങ്ങനെ പെരുമാറിയതെന്ന് എത്ര ചിന്തിച്ചിട്ടൂം മനസ്സിലായില്ല. പക്ഷെ കേരളത്തിന്റെ മുഖ്യമന്ത്രിയോടുള്ള അപഹാസ്യമായ ആ പെരുമാറ്റം മകൻ നഷ്ടപ്പെട്ട ഒരച്ഛന്റെ ദുഃഖമായി കാണാൻ ശ്രമിച്ചപ്പോഴും തീരെ നിരാകരിക്കപ്പെട്ട ഒരു മലയാളിയുടെ മനസ്സാണ് അതിനു മീതെ അനുഭവപ്പെട്ടത്. അപ്പോൾ സഹതാപം തോന്നിയത് നമുക്കു വേണ്ടി അവിടെ എത്തി ഭൽസനം കേൾക്കേണ്ടി വന്ന പ്രായം ചെന്ന ആ മനുഷ്യനോടാണ്. പത്രപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി തന്നെ എത്ര പക്വതയോടെയായിരുന്നു! മകൻ നഷ്ടപ്പെട്ട ഒരച്ഛന്റെ ദുഃഖം താൻ മനസ്സിലാക്കുന്നു എന്ന് പറഞ്ഞ ആ നേതാവിനെ നമ്മൾ കണ്ടില്ലെ. പക്ഷെ അതിലൊന്നും നിർത്താതെ സെൻസേഷണലൈസ് ചെയ്യപ്പെടാനായി വാർത്തകൾ സൃഷ്ട്ടിക്കാനുള്ള വാർത്താ മാധ്യമങ്ങളുടെ കുതന്ത്രങ്ങളിൽ ഒരു സ്വാഭാവികമായ പ്രതികരണത്തിൽ മുഖ്യമന്ത്രി വീണു. തങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ നാവിലിട്ടു കൊടുത്തു തിരിച്ചു പറയിക്കുന്ന മാധ്യമപ്രവർത്തകരെ കുറിച്ച് ദൃശ്യ മാധ്യമങ്ങളുടെ ഈ ഘോഷങ്ങളുടെ കാലയളവിൽ എടുത്തു പറയേണ്ട കാര്യമില്ലല്ലൊ.
എന്തായാലും അങ്ങനെ ആ പട്ടി പ്രയോഗം വന്നു. അതു കേട്ടപ്പോൾ നമുക്കു തോന്നിയ വികാരം, മറ്റൊന്നല്ല. ശ്ശെ! നമ്മുടെ മുഖ്യമന്ത്രിയിൽ നിന്നത്് വേണ്ടിയിരുന്നില്ല എന്നു തന്നെയാണ്. ദേശീയ പ്രശ്നങ്ങൾ പോകട്ടെ, നമ്മുടെ കേരളത്തിലെ നൂറു നൂറു പ്രശ്നങ്ങൾക്കു നേരെ സൗകര്യം പോലെ കണ്ണടക്കുകയും കണ്ണു തുറക്കുകയും ചെയ്യുന്ന പ്രതിപക്ഷത്തിന് ഇതിനപ്പുറം മറ്റൊന്നും വേണ്ടിയിരുന്നില്ല. അവരത് കേരളത്തിന്റെ ശബ്ദമാക്കി ചിത്രീകരിച്ച് മുഖ്യമന്ത്രിയെ കൊണ്ട് മാപ്പ് പറയിച്ചു. മറുപടിയെന്നോണം ഉണ്ണികൃഷ്ണനും ഖേദപ്രകടനം നടത്തി.. അതിനു മുമ്പ് കേരളത്തെ അപഹസിച്ച ഉണ്ണികൃഷ്ണന്റെ വാക്കുകളോടുള്ള മൗനം മുഖ്യമന്ത്രി പറഞ്ഞത് പോലെ ഒരച്ഛന്റെ ദുഃഖത്തിനോടുള്ള അനുഭാവവൂം സന്ദീപിനോടുള്ള ബഹുമാനവും വീട്ടിതീർക്കാനാവാത്ത കടപ്പാടിന്റെ ബാധ്യതയും പേറുന്ന ഒരു ജനതയുടെ സഹനമായി നമുക്കു കണക്കാക്കാം.
എന്തായാലും ഏറെ രസകരമായ സംഗതി ഇതെവിടെ എത്തി നിൽക്കുന്നു എന്നതാണ്, അല്ലെങ്കിൽ ഇനി എന്തിലേക്കാണ് ഇതു തുടരുന്നത് എന്നതാണ്. മുഖ്യമന്ത്രിയെ പട്ടി പ്രയോഗത്തിലേക്ക് നയിച്ച സാഹചര്യങ്ങളുടെ വിശകലനങ്ങൾ കൊടുമ്പിരി കൊള്ളുന്നതിനിടയിലാണ് അനുമാനങ്ങളും ചർച്ചകളും അഭിപ്രായസർവ്വേകളും മൽസരിച്ച് നടക്കുന്നതിനിടയിലാണ്, മൂന്നാറിൽ നിന്നും യാത്ര പറയേണ്ടി വന്ന പഴയ സുരേഷ് കുമാറിനെ സൗകര്യമായി പത്രക്കാർക്ക് കിട്ടിയത്. അല്ലെങ്കിൽ സുരേഷ്‌കുമാർ തന്നെ സൗകര്യമായി പ്രത്യക്ഷപ്പെട്ടത്! പട്ടി പ്രയോഗത്തിൽ ക്ഷീണം പറ്റിയിരുന്ന മുഖ്യമന്ത്രിയെ ന്യായീകരിക്കാനും അദ്ദേഹത്തിന്റെ നിഷ്‌കളങ്കതയെ ഒന്നുയർത്തി കാണിക്കാനുവെന്നോണം സുരേഷ് കുമാർ പറഞ്ഞതൊക്കെ നമ്മൾ കണ്ണും കാതും തുറന്നു വച്ചു കേട്ടു. സാന്ദർഭികമായി പറയേണ്ടതിലുമുപരിയായി പക്ഷെ അനുബന്ധമായി അദ്ദേഹം മറ്റു ചിലതു കൂടി പറഞ്ഞു. അദ്ദേഹം ഔദ്യോഗികമായി പറയാൻ പാടില്ലാത്തത്! മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നത് മുഖ്യമന്ത്രിയുടെ ഇഷ്ടത്തിനല്ല എന്ന സത്യം(?) അദ്ദേഹം വിളിച്ചു പറഞ്ഞു. പറഞ്ഞത് വളരെ വ്യക്തവും പ്രകടവുമായിരുന്നു. സന്ദർഭങ്ങളും കാര്യങ്ങളും കാരണങ്ങളും ഒക്കെ വളരെ വിശദമാക്കി കൊണ്ട് സുരേഷ്‌കുമാർ പറഞ്ഞത് കേട്ട് നമ്മൾ നടുങ്ങിയോ…! എന്തെല്ലാം അന്യായങ്ങളാണ് ഇവിടെ നടക്കുന്നതെന്ന് അന്തിച്ചോ…! സിനിമയിലൂം സീരിയലുകളിലും കാണുന്ന തരത്തിൽ രാഷ്ര്ടീയ നെറികേടിന്റെ കാര്യാലയങ്ങൾ നമ്മുടെയൊക്കെ നീതിക്കുമേൽ എങ്ങിനെയാണ് വാളോങ്ങുന്നതെന്നോർത്ത് ഭയന്ന് പോയോ…!
എന്തായാലും സുരേഷ് കുമാർ പറഞ്ഞത് സത്യമാണോ അല്ലയോ എന്നതിനെക്കാൾ ചർച്ചാവിഷയമായത് അദ്ദേഹം പറഞ്ഞതിലെ വിമർശനസ്വഭാവമാണ്. ചട്ടപ്രകാരം അദ്ദേഹം അത് പറയാൻ പാടുണ്ടോ എന്നതും ചോദ്യം. ഒരു കാര്യം എന്തായാലും വ്യക്തമാണ്. താൻ പറയുന്നതെന്താണെന്ന് സുരേഷ്‌കുമാറിന് നന്നായി അറിയാമായിരുന്നു. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്ഥനായ ഉദ്യോഗസ്ഥൻ. കൂർമ്മബുദ്ധിയുള്ള ഒരു ബ്യൂറോക്രാറ്റ്! തന്റെ ഔദ്യോഗിക ജീവിതത്തിൽ ഒരുപാടു പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വന്നിട്ടുള്ളവനാണ് ഈ ഐ എ എസ് ഉദ്യോഗസ്ഥൻ, ഔദ്യോഗികമായും രാഷ്ര്ടീയമായും. തന്റെ പ്രവർത്തനങ്ങൾ വഴി ഭരിക്കുന്ന പാർട്ടിയുടെ എല്ലാവിധ ശത്രുതയും നേടി കഴിഞ്ഞു. പ്രതിപക്ഷത്തിനും അനഭിമതൻ! ഏത് പ്രവർത്തിയുടെയും പരിണതഫലം എന്തായിരിക്കുമെന്ന് അദ്ദേഹത്തെ ആരും പറഞ്ഞ് മനസ്സിലാക്കേണ്ടതില്ല. അപ്പോൾ പിന്നെ അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫിസിൽ നടക്കുന്നതിനെ കുറിച്ച് വിളിച്ച് പറഞ്ഞത് അതുണ്ടാക്കവുന്ന കോളിളക്കങ്ങളെ കുറിച്ചറിയാതെയല്ല. ബോധപൂർവ്വമായ ഒരു വിളിച്ചുപറയലാണതെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു സുരേഷ്‌കുമാർ പിന്നീട് പത്രപവർത്തകരോട് പറഞ്ഞതും. ഒരു പക്ഷെ മുഖ്യമന്ത്രിക്ക് തന്റെ ഓഫീസിൽ നടക്കുന്നതെന്താണെന്ന് സ്വയം വിളിച്ചു പറയുവാൻ കഴിയാത്തത് കൊണ്ട് തന്റെ വിശ്വസ്ഥനെ കൊണ്ടു പറയിച്ചതാണെന്ന് തോന്നും സുരേഷ് കുമാർ പറഞ്ഞതു കേട്ടാൽ. തന്റെ ഓഫീസിൽ നടക്കുന്നതൊന്നും തന്റെ ഇഷ്ടപ്രകാരമല്ലെന്നും തന്റെ പാർട്ടി നേതൃത്വം തനിക്കു മേൽ നിയന്ത്രണം ചെലുത്തുകയാണെന്നും വിളിച്ചു പറയാൻ എന്തായാലും അച്ചടക്കമുള്ള ഒരു പാർട്ടി പ്രവർത്തകനെന്ന നിലയിൽ മുഖ്യമന്ത്രിക്കു കഴിയില്ലല്ലൊ. സ്വാഭാവികമായും സുരേഷ് കുമാർ പറഞ്ഞത് തെറ്റാണെന്ന് പറയാനുള്ള ബാധ്യതയും മുഖ്യമന്ത്രിക്കുണ്ട്, അദ്ദേഹം അത് നിറവേറ്റുകയും ചെയ്തു. പക്ഷെ നമ്മുടെ മുഖ്യമന്ത്രിക്കു കൂച്ചു വിലങ്ങിട്ട് ഭരണം അധികാരസ്ഥാനത്തിലില്ലെങ്കിലും പാർട്ടിയുടെ തലപ്പാവുകൾ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്ന് സുരേഷ് കുമാർ വിളിച്ചു പറഞ്ഞിരിക്കുന്നു. സുരേഷ്‌കുമാറിന്റെ വിശദീകരണം മുഖ്യമന്ത്രിക്കു നൽകിയത് ആയുധം നഷ്ടപ്പെട്ട് യുദ്ധക്കളത്തിൽ നിസ്സഹായനായി പോയ ഒരു ഭടന്റെ ഇമേജാണ്. പൊതുജനത്തിനിടയിൽ സഹതാപം ജനിപ്പിക്കുന്ന ഒരിമേജ്.
മുങ്ങിപോയ ഫയലുകളുടെ കഥയും ആരോപണവിധേയക്കർക്കെതിരെയുള്ള പൊതു താൽപര്യ ഹർജിയും കേസെടുക്കുവാനൂള്ള കോടതി വിധിയുമൊക്കെ അനുബന്ധ കഥകൾ… സുരേഷ്‌കുമാറിനെതിരെയുള്ള ഷോകോസ് നോട്ടീസും മറുപടിക്ക് മുൻപുള്ള സസ്പെൻഷനും അഡ്മിനിസ്ര്ടേറ്റീവ് ട്രിബ്യൂണലിലേക്കു നീങ്ങുന്ന കേസുകളും പുതിയ വർത്തമാനങ്ങൾ. പാർട്ടി പ്രവർത്തകന്റെ പരാമർശങ്ങൾക്കെതിരെയുള്ള സുരേഷ്‌കുമാറിന്റെ നീക്കവും മറുപടിയായി ലാവ്‌ലിൻ കേസിൽ സുരേഷ്‌കുമാറിന് പങ്കുണ്ടെന്ന പുതിയ ആരോപണവും ഏറ്റവും പുതിയ വിവാദങ്ങൾ. ഹരം പിടിപ്പിക്കുന്ന വാർത്തകൾക്കും വിശകലനങ്ങൾക്കും മുകളിൽ രസം പിടിച്ചിരുന്ന് ഒടുവിൽ ഉറങ്ങാൻ കിടക്കുമ്പോളാണ് ഉറക്കം വരാതെ പേടി സ്വപ്നങ്ങളാൽ നമ്മുടെ രാത്രികൾ ഭീകരങ്ങളാകുന്നത് നമ്മൾ തിരിച്ചറിയുന്നത്. പാർട്ടികളുടെയും പാർട്ടികൾക്കുള്ളിലെ പക്ഷക്കാരുടെയും കളികളിൽ മുങ്ങി പോകുന്നത് നമ്മുടെ ജനാധിപത്യാവകാശങ്ങളാണെന്ന തിരിച്ചറിവ് നമ്മെ പ്രകോപിപ്പിക്കുന്നുവോ.. അതോ നിസ്‌സഹായതയുടെ ആഴകയങ്ങളിലേക്ക് നമ്മെ വലിച്ചെറിയുകയാണോ… സ്വാർത്ഥതയുടെയും വർഗ്‌ഗീയ തീവ്രവാദത്തിന്റെയും അവസരവാദത്തിന്റെയും അധികാരമോഹത്തിന്റെയും മാത്രം രാഷ്ര്ടീയം നമ്മുടെ നാടിനെ ഒടുവിലെവിടെയെത്തിക്കും എന്ന് നമ്മെ ആശങ്കപ്പെടുത്തുമ്പോൾ രാഷ്ര്ടീയക്കാർക്കെതിരെ ഒരു രാജ്യത്ത് മുഴുവൻ അലയടിച്ചുയരുന്ന അഹിതങ്ങളുടെ വേലിയേറ്റമോർത്ത് നാം കുണ്‌ഠിതപ്പെടുന്നതെങ്ങനെ…..
Generated from archived content: politices1_dec16_08.html Author: shammi_abudabi
Click this button or press Ctrl+G to toggle between Malayalam and English