വെറുക്കപ്പെട്ടവന്റെ “വാർത്ത”

ഒടുവിൽ നേരത്തെ അറിവുള്ളതാണെങ്കിലും അപ്രതീക്ഷിതമായി(?) അത്‌ പുറത്തു വന്നിരിക്കുന്നു. വാർത്ത! ഫാരിസ്‌ അബൂബക്കർ എന്ന വെറുക്കപ്പെട്ടവന്റെ അല്ലെങ്കിൽ വെറുക്കപ്പേടേണ്ടവന്റെ വർത്തമാനം. നഷ്ടത്തിലോടിയിരുന്ന ദീപിക ദിനപത്രം ഏറ്റെടുക്കുമ്പോൾ അത്‌ തനിക്ക്‌ ലാഭത്തിലെത്തിക്കാൻ പറ്റും എന്ന ആത്മവിശ്വാസം കൈമുതലായുണ്ടായിരുന്ന ഫാരിസ്‌

തന്നെയാണ്‌ ഇപ്പോൾ വാർത്തക്കു പിന്നിലും എന്നത്‌ ഈ പത്രത്തിന്റെ ഭാവിയിൽ നമുക്കുള്ള പ്രതീക്ഷ വളർത്തുന്നു. താൻ പറഞ്ഞതിന്റെ ആദ്യപടി നടപ്പിലാക്കിയിരിക്കുന്നു എന്നത്‌ ഫാരിസ്‌ അബൂബക്കറിന്റെ ഒരഹങ്കാരമായിരിക്കാം, എങ്കിലും നമുക്ക്‌ ഒരു പത്രം കൂടി ലഭിക്കുന്നു എന്നത്‌ സ്വികാര്യം തന്നെ. ഇപ്പോൾ ഒരു മദ്ധ്യാഹ്ന പത്രമായി കൊച്ചിയിൽ നിന്നും പുറത്തു വന്നിരിക്കുന്ന മെട്രൊ വാർത്ത അധികം താമസിയാതെ കേരളത്തിലുടനീളമിറങ്ങുന്ന ഒരു വർത്തമാനപത്രമാക്കുക എന്നതത്രെ ഉദ്യമം. അതും വളരെ പെട്ടെന്ന്‌ തന്നെ രണ്ടാം സ്ഥാനത്ത്‌ നിലയുറപ്പിക്കുന്ന ഒന്നായി മാറും എന്ന്‌ ഫാരിസ്‌ പറയുന്നു.

എപ്പോഴും പറഞ്ഞു കേൾക്കുന്ന ഒരുകാര്യമുണ്ട്‌. കേരളത്തിലെ ചെറുപ്പക്കാരൊക്കെ മടിയൻമാരും അലസൻമാരുമാണെന്ന്‌! അതിലെ സത്യാവസ്ഥ വിശകലനം ചെയ്യുന്നില്ല. എങ്കിലും അത്തരം വിചാരങ്ങൽക്കു നിദാനമായി, ഒരു പണിയുമെടുക്കാതെ വ്യവസ്ഥിതിയെയും കുറ്റം പറഞ്ഞ്‌ സർക്കാർ ചിലവിൽ മാത്രമേ ജീവിക്കൂ, അല്ലെങ്കിൽ വിദേശത്ത്‌ പോയാൽ എന്തും ചെയ്യാം എന്ന്‌ പറഞ്ഞ്‌ നടക്കുന്ന പ്രിയ കൂട്ടുകാരാ, നിങ്ങളുടെ മുന്നിൽ ഫാരിസ്‌ അബൂബക്കർ ഒരു പ്രചോദനശക്തിയായി വളരട്ടെ എന്നാഗ്രഹിക്കാതെ വയ്യ. വെറുക്കപ്പെടേണ്ടവനാണൊ അല്ലയോ എന്ന ചോദ്യത്തിലുപരിയായി, അംഗീകരിക്കപ്പേടേണ്ട ഒരു കാര്യം ഫാരിസ്‌ അബൂബക്കറിന്റെ നിശ്ചയദാർഢ്യമാണ്‌. ഏതൊരു ചെറുപ്പക്കാരനും വേണ്ട നല്ല ഒരു “ക്വാളിറ്റി”. ഈ പറയുന്നതിനോട്‌ യോജിക്കുന്നവരും വിയോജിക്കുന്നവരും നിരവധിയുണ്ടാകുമെന്നറിയാം. പ്രത്യേകിച്ച്‌ പ്രത്യയശാസ്ര്തത്തിന്റെ

ആവി പാത്രങ്ങളിൽ നിന്നും മൂടിയിളകാതെ കാക്കാൻ നിയുക്തരായ രാഷ്ര്ടീയത്തിലെ ഇവിടുത്തെ യുവസംരക്ഷകർ. നമ്മുടെ രാഷ്ര്ടീയ വാർദ്ധക്യം വെറുക്കപ്പെട്ടവനെന്നും സാംസ്‌കാരിക വാർദ്ധക്യം അഹങ്കാരി എന്നും വിശേഷിപ്പിച്ച ഫാരിസ്‌ അബൂബക്കർ ഒരു കള്ള നാണയമാണെന്ന പ്രചരണം ഏതൊക്കെ ഭാഗത്തു നിന്നുണ്ടായതാണെങ്കിലും ഫാരിസ്‌ അബൂബക്കർ എന്ന വ്യക്തിത്വത്തിന്‌ നമുക്കിടയിലുണ്ടായിരിക്കുന്ന പ്രസക്തി നമുക്കു തള്ളി കളയാനാവില്ല.

ഫാരിസിന്റെ പണത്തിന്റെ സ്രോതസ്സിനെ കുറിച്ചൊ അയാളുടെ അവിശുദ്ധ ബിസിനസ്സ്‌ ബന്ധങ്ങളെ കുറിച്ചൊ ഒരന്വേഷണമല്ല ഇവിടെ ഉദ്ദേശിക്കുന്നത്‌. ഫാരിസ്‌ അബൂബക്കർ എന്താണെന്ന്‌ കണ്ടേത്താനുള്ള ശ്രമവുമല്ല. രഞ്ജി പണിക്കരുടെ സിനിമാകഥകളിലെ നായകനെ പോലെ ഒരു ഷാജി കൈലാസ്‌ സംവിധാനത്തിൽ അഭ്രപാളികളിൽ നാം കാണുന്ന ഒരു നടനകഥയല്ല ഇവിടെ സംഭവിച്ചത്‌. ഇത്‌ ഒരു യഥാർത്ഥ ചിത്രമായി ജീവനും ഓജസ്സും ഒരധികം ആവേശവും ജനിപ്പിക്കും വിധം നമുക്കു മുന്നിൽ സംഭവിച്ചു എന്നതാണ്‌ അംഗീകരിക്കേണ്ടത്‌. എന്താണ്‌ നമുക്ക്‌ വായിച്ചെടുക്കാവുന്ന നന്മ എന്ന്‌ തിരിച്ചറിയുകയാണ്‌ വേണ്ടത്‌. ഇതിന്റെ പിന്നിലെ തിന്മയുടെ പ്രഘോഷങ്ങളെ കുറിച്ച്‌ തൽകാലം കൂടുതലറിയാത്തതിനാൽ പറയുന്നില്ല. പക്ഷെ ഒന്നുണ്ട്‌. ഫാരിസ്‌ അബൂബക്കർ എന്ന ചെറുപ്പക്കാരനായ ബിസിനസ്സുകാരന്റെ താല്പര്യങ്ങൾ, അത്‌ നാടിനു വേണ്ടിയായാലും, സ്വന്തം വാശിയുടെ വ്യക്തിത്വ പ്രകടനമായാലും പത്രപ്രവർത്തന മേഘലയിൽ ഒരു തന്റേടമുള്ള വികാരമായി അത്‌ പുറത്തു വന്നിരിക്കുന്നു.

ഫാരിസിന്റെ ആത്മവിശ്വാസവും നിശ്ചയദാർഢ്യവും നമ്മൾ കണ്ടതാണ്‌. അയാളുടെ ദാർഷ്ട്യം നിറഞ്ഞ സംസാരത്തിൽ ഒരഹങ്കാരിയുടെ ഹുങ്ക്‌ കണ്ടെത്താനുള്ള ശ്രമങ്ങളായിരുന്നു നടന്നത്‌ എന്നത്‌ ഒരല്പം നിരാശാജനകമായിരുന്നു. വെറുമൊരു ബിസിനസ്സുകാരനിലുപരിയായി കേരള രാഷ്ര്ടീയത്തിലും സാമൂഹിക വ്യവസ്ഥിതിയിലും താല്പര്യമുള്ള ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളും നിരാശയിൽ നിന്നുടലെടുത്ത ഉൽക്കടമായ ആഗ്രഹവും, ആഗ്രഹിച്ചത്‌ നടത്താനുള്ള തന്റേടവുമായി ഫാരിസിന്റെ മേഖലകളെ കാണാമായിരുന്നില്ലെ… ഫാരിസ്‌ എന്ന ബിസിനസ്സുകാരന്റെ രാഷ്ര്ടീയ താല്പര്യങ്ങളെയും ബന്ധങ്ങളെയും വിസ്മരിക്കുകയല്ല. ഏതൊരു വ്യവസായിക്കുമുള്ളതു പോലുള്ള താല്പര്യങ്ങളും ബന്ധങ്ങളും ഫാരിസിനുണ്ടാവും എന്നതുറപ്പ്‌. യുവത്വത്തിന്റെയും വിജയമുന്നേറ്റത്തിനുള്ള അദമ്യമായ ആവേശത്തിന്റെയും രക്തതിളപ്പുള്ള ഒരു ചെറുപ്പക്കാരന്‌ ഇതൊന്നുമില്ലാതിരിക്കുന്നതെങ്ങിനെ! ഈ രാജ്യത്തെയും പുറംരാജ്യത്തെയും വ്യവസായ പ്രമുഖരുടെ രാഷ്ര്ടീയ താല്പര്യവും സമ്മർദ്ദങ്ങളും പിടിച്ചെടുക്കലുകളും സ്വാർത്ഥ താല്പര്യങ്ങളും നിത്യേന കാണുന്ന നമുക്ക്‌ ഫാരിസ്‌ മാത്രമെന്തേ അനഭിമതനാകണം. അയാളുടെ വളർച്ചക്കു പിന്നിൽ ആരോപിക്കപ്പെട്ട ക്രിമിനൽ പശ്ചാത്തലത്തിന്റെ സത്യസന്ധത അന്വേഷിക്കുകയല്ല. ഒരു പക്ഷെ സത്യമാണെങ്കിൽ അതിനെ ന്യായികരിക്കുകയുമല്ല. പക്ഷെ ഫാരിസ്‌ എന്ന ബിസിനസ്സുകാരനിൽ അംഗീകരിക്കപ്പെടേണ്ട ഒരു ‘ക്യാരക്ടർ’ ഉണ്ട്‌. പറയുന്നത്‌ പ്രവർത്തിക്കുവാനുള്ള ഒരാർജ്ജവമുണ്ട്‌.

എന്തും തന്റേടത്തോടെ വെട്ടി തുറന്നു പറയാനുള്ള നിർഭയതയുണ്ട്‌. ആ ഒരു നിർഭയത്വവും ധൈര്യവുമാണ്‌ ഏതൊരു മാധ്യമ മേഖലക്കും അത്യാവശ്യം. ഫാരിസിന്റെ ബിസിനസ്സ്‌ താൽപര്യം പത്രപ്രവർത്തന മേഖലയിലും വേരൂന്നിയിരിക്കുന്നു എന്നത്‌ അയാളുടെ സ്വഭാവത്തിന്റെ സവിശേഷമായ ഒരു വിലോപമായിരിക്കാം. എന്തായാലും നമുക്കു ഒരു പത്രം കൂടി ലഭിക്കുന്നു എന്നത്‌ ഏറെ സന്തോഷകരം. ഒന്നു മാത്രം! പെരുമാറ്റത്തിലെ സവിശേഷമായ നിർഭയത്വവും ഉയരങ്ങൾ കീഴടക്കാനുള്ള യുവത്വത്തിന്റെ കുതിപ്പും എത്രമാത്രം യഥാർത്ഥവും മെട്രൊ വാർത്തയുടെ ആദ്യലക്കത്തിൽ ഫാരിസ്‌ പറഞ്ഞിരിക്കുന്ന വാചകങ്ങളിലെ ആത്മാർത്ഥതയും ആർജ്ജവവും എത്രമാത്രം സത്യസന്ധവുമാണെന്ന്‌ കണ്ടെത്താനാവുക എന്നതാണ്‌ മലയാളിയെ സംബന്ധിച്ച്‌ ഇപ്പോൾ പ്രസക്തം.

ഈ പത്രത്തിന്റെ സ്വികാര്യത തീർച്ചയായും രഞ്ജി പണിക്കർ എന്ന സിനിമാക്കാരനെയോ എം. ഡി. യെയോ ആശ്രയിച്ചാവില്ല എന്നത്‌ തീർച്ച. പക്ഷെ ഫാരിസിനും രൺജിക്കും സമൂഹത്തോടുള്ള പ്രതിബദ്ധത ഈ പത്രമിറങ്ങുന്നതോടൊപ്പം തീർച്ചയായും വർദ്ധിക്കുകയും അതിന്റെ വികസനത്തിനൊപ്പം വ്യാപിക്കുകയും ചെയ്യും. അതവർ തീർച്ചയായും തിരിച്ചറിയുമെന്നും മലയാളിയുടെ മനസ്സും ആത്മാവും വ്യാപരിക്കുന്ന സചേതന സംസ്‌കാരത്തിനും നിലവാരത്തിനുമൊപ്പം നിലനിർത്താൻ ശ്രമിക്കുമെന്നും വിശ്വസിക്കാം.

Generated from archived content: essay2_oct29_08.html Author: shammi_abudabi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here