എന്നാണ് നമ്മൾ രാഷ്ര്ടീയത്തിലെ ആദർശങ്ങളെ കുറിച്ച് സംസാരിച്ചിരുന്നത്! മറന്നു പോയി. ഇന്ന് നമ്മുടെ സമുദായത്തിലെ ഒരു മേഖലയിലും ആരും, രാഷ്‌ട്രീയക്കാർ അവർ ലിഖിതവും അലിഖിതവുമായി പ്രഖ്യാപിച്ചു പോന്ന ആദർശങ്ങൾ പാലിക്കുന്നുണ്ടോ എന്നു ചോദ്യം ചെയ്യുന്നില്ല. സെൻസേഷണലൈസിത്തിന്റെ മാധ്യമ പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകുന്ന മാധ്യമങ്ങളും ഇതിൽ നിന്നും മാറി നിന്നു കൊണ്ട് ഒന്നും ചെയ്യുന്നില്ല എന്നത് നമ്മുടെ നിസ്സഹായ സഹനത്തിന്റെ മറ്റൊരു പക്ഷം. അതൊക്കെ നമ്മുടെ ജീവിതത്തിൽ നിന്നു തന്നെ അകന്നു പോയിരിക്കുന്നു എന്ന നിലയിൽ തന്നെയാണ് ‘പൊതുജനം’ ഇതിനെ സ്വികരിച്ചിരിക്കുന്നതെന്ന് തോന്നുന്നു. ഇതൊരാഗോളികരണത്തിന്റെ ഭാഗമാണോ അതോ വ്യവസായവൽകരണത്തിന്റെ ഭാഗമാണോ എന്നത് സംശയകരമായ ചോദ്യമൊന്നുമല്ല.
ഇവിടെ ഇന്ന് രാഷ്ര്ടീയത്തിലെ സൗകര്യപ്രദമായ കൂട്ടുകെട്ടുകളെ കുറിച്ചോ ഇവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ചോ ചിന്തിക്കുന്നതും സംസാരിക്കുന്നതും അനാവശ്യമായിരിക്കാം. കാരണം എന്നും മാറി മറിയാവുന്ന രാഷ്ര്ടീയ കൂട്ടുകെട്ടുകളെ കുറിച്ചും മുന്നണികളെ കുറിച്ചും നമുക്കൊരുറപ്പുമില്ലല്ലോ! ഇലക്ഷനു ശേഷം ഒരു സർക്കാർ രൂപീകൃതമാകുന്നതു വരെ നമുക്കൊരു രൂപവും കിട്ടിയിരുന്നുമില്ലല്ലൊ. അതുപോലെ അത്തരം ദേശീയ വിലപേശലുകളും അല്ലെങ്കിൽ പുതിയ രാഷ്ര്ടീയ സമവാക്യങ്ങളും എന്നും മാറിമറിഞ്ഞ് കൊണ്ടേയിരിക്കും, ഒരു പ്രത്യേക ആദർശവുമില്ലാതെ. ചെറിയ പാർട്ടികളെ കുറിച്ചും ചില പ്രാദേശിക പാർട്ടികളെ കുറിച്ചും പണ്ട് നമുക്ക് അധികം വേവലാതിപ്പെടേണ്ട കാര്യമുണ്ടായിരുന്നില്ല. കാരണം ഇത്തരം പല പാർട്ടികളും കാലാകാലങ്ങളിൽ വലിയ ദേശീയ പാർട്ടികളുടെ ഭാഗമായിരിക്കുകയും സ്വന്തം സമുദായത്തിന്റെയോ ചില വ്യക്തികളുടേയൊ താൽപര്യങ്ങൽക്കു വേണ്ടിയോ മുറിഞ്ഞു പോയ വാൽ കഷണങ്ങളോ ആണെന്നതാണ്. അതു കൊണ്ടു തന്നെ ഇത്തരം പാർട്ടികൾക്ക് അധികാര മോഹത്തിന്റെയും അഴിമതിയുടെയും മുഖം മാത്രമേയുള്ളു എന്നതാണ് സത്യം. പക്ഷെ ഇത്തരം ചെറു പാർട്ടികൾക്കും പ്രസ്ഥാനങ്ങൾക്കും ദേശീയരാഷ്ര്ടീയത്തിൽ ഇന്നു കൈ വന്നിരിക്കുന്ന സ്ഥാനം അവഗണിക്കാനാകാത്തതാണ്. അതുകൊണ്ടു തന്നെ അവരുടെ വിലപേശലിനുള്ള കരുത്ത് കൂടുകയും മറ്റു രാഷ്ര്ടീയ പ്രസ്ഥാനങ്ങൽ തങ്ങളുടെ ആദർശ്‌ശങ്ങൾ പൂട്ടി വച്ച് ഇവർക്കു പുറകേ പോകേണ്ടി വരികയും ചെയ്തിരിക്കുന്നു. കഴിഞ്ഞ ഒരു രണ്ടു ദശാബ്ദത്തിനിടക്ക് ഇത്തരം വിലപേശലുകളും കൂടിചേരലുകളും നമ്മുടെ രാഷ്ര്ടീയത്തിൽ അധികരിക്കുകയും ഒടുവിൽ ഒരനിവാര്യതയായി തീരുകയും ചെയ്തിരിക്കുന്നു എന്നതല്ലേ സത്യം. പക്ഷെ ഇത് മതത്തിന്റെ പേരിലാകുമ്പോൾ ഇത്തരം കൂട്ടുകെട്ടലുകളും അതിനെ ന്യായീകരിക്കാനുള്ള പാർട്ടികളുടെ തന്റേടവും സമാധാനം ആഗ്രഹിക്കുന്ന നമ്മുടെ മനസ്സുകളിൽ ഭയത്തിന്റെ വല്ലാത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇതൊടുവിൽ എവിടെ എത്തി നിൽക്കും എന്ന ഭീതിജനകമായ ചിന്തയുടെ അവസാനത്തെ ചോദ്യ ചിഹ്നമാകുന്നു ഡി എച്ച് ആർ എസ് എന്ന ദളിത് സംഘടന. നാളെ അവർ ഒരു സാമുദായിക സംഘടനയായി നമ്മുടെ രാഷ്ര്ടീയത്തിന്റെ അധികാരാവകാശങ്ങളിലേക്കും സമൂഹത്തിന്റെ ഒരു സമാന്തര ശക്തിമാർഗ്‌ഗമായും തീരില്ലെന്നും പ്രതീക്ഷിക്കാം. നാളെ ഇത്തരം ഒരു സംഘടനക്ക് ശക്തിയുണ്ടെന്നും അതിന് നാലു വോട്ടിന്റെ വിലയുണ്ടെന്നും തോന്നിയാൽ ഇവരെ കൂടെ നിർത്താൻ നമ്മുടെ പ്രബല പ്രസ്ഥാനങ്ങൾ മൽസരിച്ചാലും നമുക്കതിശയിക്കാനാവില്ല.
രാഷ്ര്ടീയത്തിൽ സമുദായത്തിന്റെ സ്വാധീനം എന്നുമുണ്ടായിരുന്നു. എല്ലാകാലവും ആദർശങ്ങൾ മാറ്റി വച്ച് രാഷ്ര്ടീയ പ്രസ്ഥാനങ്ങൾ സമുദായത്തിന്റെ സഹായം തേടിയിരുന്നു. ആദർശങ്ങളെ കുറിച്ച് ഘോരമായി വിളിച്ചു പറഞ്ഞിരുന്ന ചിലർക്കെങ്കിലും പണ്ടൊക്കെ ഇത് രഹസ്യമായിട്ടായിരുന്നുവെങ്കിൽ ഇന്നിത് വളരെ പരസ്യമായിട്ടു തന്നെയാണ്. അതിനർത്ഥം പണ്ടൊക്കെ അവർ ജനത്തെ ഭയപ്പെട്ടിരുന്നു എന്നും ഇന്നീ ഭയം പാടെ ഇല്ലാതായിരിക്കുന്നു എന്നുമല്ലേ! എന്തു കൊണ്ടാണിത് സംഭവിച്ചതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷെ ജനത്തിനിത്തരം കാര്യങ്ങളിൽ പ്രതികരണ ശേഷി ഇല്ലാതായിരിക്കുന്നു എന്ന് നമ്മുടെ പാർട്ടികൾക്ക് “തിരിച്ചറിവ്” ഉണ്ടായിരിക്കുന്നുവോ. അതോ ജനം രാഷ്ര്ടീയത്തിലെ കച്ചവടത്തിന്റെ കൂടെയാണന്നാണോ നമ്മുടെ രാഷ്ര്ടീയക്കാർ കരുതുന്നത്. ചില നേതാക്കൻമാർ സമുദായത്തെ കുറ്റം പറയുമ്പോൾ തന്നെ മറു വശത്ത് മറ്റു ചിലരെ കൊണ്ട് അതിന്റെ ആഘാതം പരിഹരിക്കുകയും അതു വഴി എല്ലാ സമുദായങ്ങളുടെയും സ്നേഹം പിടിച്ചു പറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു. ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിലും പ്രകടമായ അവസരവാദവും സമുദായ പ്രീണനവും നമ്മൾ കണ്ടതാണല്ലോ. ദേശീയ രാഷ്ര്ടീയത്തിൽ മൂന്നാം മുന്നണിയും നാലാം മുന്നണിയുമൊക്കെ ദിനം പ്രതി രൂപപ്പെടുകയും രൂപം മാറുകയും ചെയ്തപ്പോൾ നമ്മുടെ ഈ കേരളത്തിൽ സംഭവിച്ച സമുദായപ്രീണനങ്ങളും നമ്മൾ കണ്ടതാണല്ലോ.
പി ഡി പി എന്ന പാർട്ടിയും എൻ ഡി എഫ് എന്ന പാർട്ടിയും കേരളത്തിലെന്തായിരുന്നു എന്നിവിടുത്തെ ജനത്തിനെല്ലാമറിയുന്നതാണ്. എല്ലാ കാലവും ഇവർ സംശയത്തിന്റെ കരി നിഴലിലായിരുന്നു, കേരളത്തിൽ മുസ്ലിം മതത്തിന്റെ നില നിൽപിനും സംരക്ഷണത്തിനും മേൽ ആശങ്കയായി വളർന്നു വന്ന ആർ എസ് എസിനും ശിവ സേനക്കും ഒരുത്തരമായി പി ഡി പി രൂപഭേദം പ്രാപിച്ചപ്പോഴും അതിന് ഒരു തീവ്രവാദ സംഘടനയുടെ രൂപവും ഭാവവും അന്നു തന്നെ ഉണ്ടായിരുന്നു. പി ഡി പിയുടെ പ്രവർത്തനം കേരളത്തിൽ വ്യാപിക്കാൻ അധികകാലം വേണ്ടി വന്നില്ല. പി ഡി പി സമുദായത്തിന്റെ അനിഷേധ്യമായ ഒരു ശക്തി സ്രോതസ്സായി മാറുകയായിരുന്നു. മുസ്ലിം യുവത്വത്തിന്റെ മനസ്സിലേക്ക് പ്രതിവിപ്ലവത്തിന്റെയും സ്വയം സംരക്ഷണത്തിന്റെയും വിത്തുകൾ പാകി പ്രസ്ഥാനത്തെ വളർത്താൻ മദനി എന്ന നേതാവിനു കഴിഞ്ഞു. ഇത് കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ സംരക്ഷകരായി വർത്തിച്ചിരുന്ന മുസ്ലിം ലീഗിന് വലിയ അടിയായി മാറി. അതുകൊണ്ടു തന്നെ പി ഡി പി മുഖ്യധാര രാഷ്ര്ടിയത്തിൽ വരുന്നതിനെ ലീഗ് എന്നും ഭയപ്പെട്ടിരുന്നു. ലീഗിന് സമുദായ സ്നേഹത്തെക്കാളേറെ രാഷ്ര്ടീയ താല്പര്യങ്ങളും അതിനകത്തെ വ്യക്തി സംരക്ഷണവുമാണ് അജണ്ടയെന്നത് കേരളത്തിലെ സാധാരണ ജനങ്ങൾക്കെല്ലാമറിയുന്നതാണ്. ഒരു പക്ഷെ സമുദായത്തിലെ യാഥാസ്ഥിതിക പോക്കറ്റുകൾക്കൊഴികെ. ഈ മദനിക്കും പി ഡി പി ക്കും ക്ലീൻ ചിറ്റ് നൽകിയാണ് മാർക്സിസ്‌റ്റ് പാർട്ടി ഇവരെ തങ്ങളുടെ കൂടെ നിർത്തിയിരുന്നത്. ഇതിന്റെ പിന്നിലെ യഥാർത്ഥ ഉദ്ദ്യേശം എന്താണെന്നത് പി ഡി പി ക്കും അതു പോലെ കേരളത്തിലെ ജനത്തിനും അറിയുന്നതായിരുന്നു. ആദർശത്തിന്റെ കാവൽ പടയാളികളെന്ന് വിളംബരം ചെയ്ത് ലോക കമ്മ്യൂണിസത്തിന്റെ പ്രയോക്താക്കളായി സ്വയം വർത്തിച്ചു വന്നിരുന്ന മാർക്സിസ്‌റ്റ് പാർട്ടിയിൽ വോട്ടിനു വേണ്ടിയുള്ള സമുദായ പ്രീണനം തന്നെയായിരുന്നുവെന്നത് ആർക്കാണറിയാത്തത്. മാർക്സിസ്‌റ്റ് പാർട്ടിയിലെ കമ്മ്യൂണിസ്‌റ്റ് മുതലാളിമാരുടെ കണക്കു കൂട്ടലുകൾ വളരെ വ്യക്തമായിരുന്നു. കേരളത്തിൽ ഇടഞ്ഞു നിന്നിരുന്ന നായർ സമുദായത്തിന്റെയും ക്രിസ്ത്യൻ സഭകളുടെയും വോട്ടിനു പകരമായി മുസ്ലിം വോട്ട് മുഴുവനായി കിട്ടണമെങ്കിൽ മദനി തന്നെയാണ് വേണ്ടതെന്ന് മുതലാളിമാർ ക്യത്യമായി കണക്കു കൂട്ടിയിരുന്നു. മദനിക്ക് വേണ്ടത് തന്റെ തീവ്രവാദ ലേബലുകളിൽ നിന്നും മോചനവൂം തനിക്കെതിരെയുള്ള കേസുകളിൽ നിന്നുള്ള രക്ഷപെടലുമായിരുന്നു താനും. തന്റെ പേരിൽ കേരളത്തിലെ മുസ്ലീം വോട്ടായിരുന്നു പാർട്ടിയുടെ ലക്ഷ്യമെന്ന് മദനിക്ക് നന്നായി അറിയാമായിരുന്നു. അതു കൊണ്ടു തന്നെ തന്റെ സംരക്ഷണം വില പേശി വാങ്ങിയ ഒരവകാശമായിരുന്നിരിക്കണം, ഒരു കാര്യം മാത്രമേ ഇനി കണ്ടറിയാനുള്ളൂ. കാര്യം കഴിഞ്ഞ സ്ഥിതിക്ക് പിന്നെ എത്രകാലം കൂടി വേണ്ടി വരും പാർട്ടിക്കും പാട്ടിയിലെ ഇന്നത്തെ സംരക്ഷകർക്കും ഇവർ അനഭിമതനരായി തീരാനെന്ന്. അസംബ്ലി ഇലക്ഷനെത്തട്ടെ.
ഇതിനിടയിൽ പി ഡി പിയുടെ സമുദായ സ്വാധിനത്തെ ഭയപ്പാടോടെ നോക്കി കാണുന്ന മുസ്‌ലിം ലീഗൂം കോൺഗ്രസ്സും കാണിച്ചു കൂട്ടിയ തമാശകൾ വേറെയും. മദനിയെ തങ്ങളുടെ കൂടെ നിർത്താൻ കഴിയാത്തതിലുള്ള കുണ്‌ഠിതമായിരുന്നു കോൺഗ്രസ്സിനും ലീഗിനും. പി ഡി പി ഒരു വർഗ്ഗീയ പാർട്ടിയാണെന്ന് വിലപിക്കുന്ന ലീഗിന്റെയും നേതാക്കളുടെയും തൊലിക്കട്ടി കണ്ട് അമ്പരക്കേണ്ട കാര്യമില്ല. കേരളം കണ്ട ഏറ്റവും ലജ്‌ജാവഹമായ പെൺവാണിഭത്തിന്റെ മറകളിൽ നിന്നു പൂറത്തു വന്നു നിന്ന് സമുദായത്തിന്റെ അപ്പോസ്തലനായി വിരാചിക്കുന്ന നേതാക്കൻമാരെ ചുമക്കുന്ന അത്തരം പാർട്ടികൾക്ക് ഇതൊരു വിഷയമേയാവില്ല.
ഇത് നമ്മുടെ രാഷ്ര്ടീയക്കാരന്റെ മിമിക്രി കലാപരിപാടിയല്ലെന്നും നമ്മുടെ ജീവിതത്തിന്റെ തല വഴികൾക്കു മീതെ സ്വാർത്ഥത നിറഞ്ഞ താന്തോന്നിത്തത്തിന്റെ അധിനിവേശമാണെന്നും ഇനിയും നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആദർശ രഹിത രാഷ്ര്ടീയത്തിന്റെ ഇന്നത്തെ മുഖങ്ങളെ കുറിച്ച് നിരാശയോടെയും അമർഷത്തോടെയും പറയാനിരിക്കുമ്പോൾ സമുദായ പ്രീണനത്തിന്റെയും മരിച്ചു വീണ ആദർശത്തിന്റെ ശവങ്ങൾക്കു മീതെ ധാർഷ്ട്യത്തോടെ ചവിട്ടി മെതിച്ച് ഗർവ്വോടെ മദിച്ചു നിൽക്കുന്ന പാർട്ടികളുടെ കൊള്ളരുതായ്മയെയും കണ്ണടച്ചു കാണുന്നതെങ്ങനെ… എത്ര പറഞ്ഞാലും തീരാത്തതാണെങ്കിലും വീണ്ടും വീണ്ടും പറയാം, ഒരാശ്വാസം പോലെ. നമ്മുടെ രാഷ്ര്ടീയത്തിലിനി ആദർശങ്ങൾക്കു വേണ്ടി ആരും തിരയേണ്ട കാര്യമില്ല. പഴയ ഒരു കടം കഥ പോലെ അതെവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. രാഷ്ര്ടീയമീമാംസകളെ കുറിച്ചുള്ള പാഠങ്ങളും വിദ്യാഭാസ കരിക്കുലവും തിരുത്തിയെഴുതേണ്ട സമയമായിരിക്കുന്നു. ജനത്തിനിനി രാഷ്ര്ടീയത്തിൽ ഏറ്റവും നല്ല കച്ചവടക്കാരനെ തിരിച്ചറിയാനുള്ള മനസ്സും യുക്തിയുമാവാം വേണ്ടത്. രാഷ്ര്ടീയ കച്ചവടങ്ങൾക്കിടയിൽ തങ്ങൾക്കെന്താണ് ലാഭം എന്ന ചിന്തയാവാം നമ്മെ ഇനി ഭരിക്കാൻ പോകുന്നത്. അല്ലെങ്കിൽ കള്ളൻമാർക്കിടയിലെ ഏറ്റവും ‘നല്ല’ കള്ളനെ തിരയുന്ന ജനാധിപത്യപ്രക്രിയകളിൽ വെറും വോട്ടുപകരണങ്ങളായി മാത്രം എത്ര കാലം നമുക്ക് തുടരാനാവും.
Generated from archived content: essay1_oct7_09.html Author: shammi_abudabi