ചിതറിയ കുറെ ആനുകാലിക ചിന്തകള്‍

സഹയാത്രികരേ, ഈ എഴുതുന്നത് ഒരു കേവലമലയാളിയുടെ രാഷ്ട്രീയ ആശങ്കകളാണ്… ദയവായി അരാഷ്ട്രീയമായി കാണാതിരിക്കണമെന്ന അപേക്ഷയോടെ…

ഒരു ദിവസത്തിന്റെ അവസാനത്തില്‍ തളര്‍ന്നു വീട്ടിലെത്തുന്ന നിങ്ങളുടെ സ്വകാര്യതയിലേക്കൊന്നു അതിക്രമിച്ചു കിടന്നോട്ടെ.. നമ്മുടെ ദിനാന്ത്യങ്ങളില്‍ ദൃശ്യമാധ്യമങ്ങള്‍ ഒരവിഭാജ്യ ഘടകമായിരിക്കുന്നു എന്നത് കൊണ്ട് തന്നെ നമ്മുടെ വൈകുന്നേരങ്ങളിലേക്ക് അവ എന്താണ് പകര്‍ന്നു തരുന്നതെന്ന് ഒന്നു ചിന്തിക്കാമെന്നു തോന്നുന്നു. ഇന്ന് ഒരു നിമിഷവും സംഭവിക്കുന്ന വാര്‍ത്തകളുടെ തള്ളിച്ചയില്‍ ആശങ്കപൂണ്ട് നമ്മള്‍ വാര്‍ത്താ ചാനലുകളായിരിക്കണം ആദ്യം തപ്പി പോകുന്നത്…

നമ്മുടെ മുന്നിലേക്ക് ഒരേ വിഷയം നിറച്ച് രൂപം മാത്രം മാറുന്ന ചര്‍ച്ചകളും ഫീച്ചറുകളും ആക്ഷേപ ഹാസ്യങ്ങളും എറിഞ്ഞു തരുന്നത് കണ്ടുകണ്ട് മടുത്ത് ചാനലില്‍ നിന്നു ചാനലിലേക്കു എന്തെങ്കിലും വ്യത്യസ്ത കാഴ്ചപ്പാടും ദൃശ്യവും തിരഞ്ഞ് പരാജയപ്പെട്ട് തിരിച്ച് ഏതെങ്കിലും റിയാലിറ്റി ഷോയിലെ ജഡ്ജിമാരുടെ മടുപ്പിക്കുന്ന കോപ്രായങ്ങളിലേക്ക് മൂക്കുകുത്തി വീണു പോകാറുണ്ടോ നിങ്ങള്‍..

അവിടെ നിന്നും ഒരുവിധം രക്ഷപെട്ട് ഏതെങ്കിലും ഒരു എന്റര്‍ടെയിന്‍മെന്റ് കാഴ്ച തപ്പി പോകാറുണ്ടോ.. ? എന്നിട്ട് അടുത്ത കാലത്ത് സിനിമയില്‍ പ്രസവിച്ച അമ്മമാരുടെയും കുട്ടിയുടെയും ഗര്‍ഭവിശേഷങ്ങളും അര്‍ഥമില്ലാത്ത കുടുംബകാര്യങ്ങളുമാണ് മലയാളികളുടെ ഏറ്റവും വലിയ ആകാംക്ഷ എന്ന ധാരണയില്‍, ചാനലുകള്‍ വലിച്ചെറിഞ്ഞു തരുന്ന കുറെ സിനിമാക്കാരുടെ കാഴ്ചകള്‍ കണ്ടു മനം മടുത്ത് കാശുകൊടുത്ത് വാങ്ങിയ ടിവി തല്ലിപ്പൊട്ടിക്കാനാവാത്തതില്‍ പലപ്രാവശ്യം ദേഷ്യത്തിന്റെ വേദന സഹിച്ച് റിമോട്ട് ബട്ടണില്‍ തന്നെ പിന്നെയും അമര്‍ഷം അവസാനിപ്പിക്കാറുണ്ടോ…?

എല്ലാത്തിനുമവസാനം ഒരു വിധം നടുനിവര്‍ത്തി അന്നത്തെ പത്രത്തിന്റെ പേജുകളില്‍ അഭയം പ്രാപിക്കാന്‍ നോക്കുമ്പോള്‍ ചാനലുകളെ തോല്‍പ്പിക്കുന്ന രചനകളുടെ ആക്ഷേപങ്ങളുടെ ആവര്‍ത്തനങ്ങളില്‍ നിന്നു പാലായനം ചെയ്തു ഒടുവില്‍ ചാനലുകളും പത്രങ്ങളും ഉപേക്ഷിച്ച് വിളക്കണച്ച് മുറിയുടെ ഇരുട്ടില്‍ ശൂന്യമായി വയ്ക്കാവുന്ന ഒരു മനസിന്റെ നിസംഗജാലങ്ങളുടെ ശീലുകളിലേക്ക് ചാഞ്ഞ് എല്ലാ ചിന്തകളുമുപേക്ഷിക്കാന്‍ ശ്രമിക്കാറുണ്ടോ…

എങ്കില്‍ ഒന്നു ചോദിച്ചോട്ടെ സുഹൃത്തേ.. എപ്പോഴാണ്, നിതാന്തമായ അശാന്തിയുടെ കൊടുങ്കാറ്റ് നിന്നെ നിലതെറ്റിക്കുന്നത്. ..ഏതു ചതുപ്പ് നിലങ്ങളിലേക്കാണ് നിരാശയുടെ നീരാളി ഹസ്തങ്ങള്‍ നിന്നെ വലിച്ചു താഴ്ത്തുന്നത്… നാടിന്റെ എല്ലാ നന്മയുടെയും നട്ടെല്ലായി വര്‍ത്തിക്കേണ്ട രാഷ്ട്രീയത്തിന്റെ അപചയക്കാഴ്ചകള്‍ ഏതു നിസ്സഹായതയുടെ കുഴിമാടങ്ങളിലേക്കാണ് നിന്നെ വലിച്ചുകൊണ്ടു പോകുന്നത്. … അല്ല.. നമ്മെ വലിച്ചുകൊണ്ടുപോകുന്നത്…

കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ രാഷ്ട്രീയമെന്നത് ഭരണവും ഭരണവിമര്‍ശനവും മാത്രമാണല്ലോ. അതിനപ്പുറം എന്താണ് രാഷ്ട്രീയം എന്ന ചിന്തപോലും നമ്മള്‍ ഉപേക്ഷിച്ചിരിക്കുന്നു.

ഈ അടുത്ത കാലത്ത് ഏറ്റവും കൊടുമ്പിരിക്കൊണ്ടിരുന്ന സോളാര്‍ സമരത്തിന് എന്താണ് സംഭവിച്ചത്. പക്ഷം പിടിച്ചു വാശിയോടെ വാദിക്കുന്ന ചാനലുകളിലോ ഉദ്ദ്യേശ്യ ലക്ഷ്യങ്ങളോടെ എഴുതിവിടുന്ന പത്രവാര്‍ത്തകളിലോ നമുക്ക് സത്യങ്ങള്‍ കണ്ടെത്താനാവില്ല. ആരാണ് സത്യം പറയുന്നത് എന്ന് നമുക്ക് കണ്ടെത്താന്‍ കഴിയില്ല. എന്നതു തന്നെയാണ് കാര്യം. ഒരു പക്ഷെ എക്‌സ്‌ക്ലൂസിവിനും ബ്രേക്കിങ് ന്യൂസിനുമുള്ള മത്സരങ്ങളില്‍ ഇന്നു പറഞ്ഞത് പാടെ മറന്ന് മറ്റൊന്നു പറയാന്‍ യാതൊരു മടിയുമില്ലാത്ത ഇന്നത്തെ ചാനല്‍ പ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കാതെ വയ്യ. പുതിയ വാര്‍ത്തയുടെ ആവേശോജ്വലമായ അവതരണരീതികൊണ്ടു തന്നെ അവര്‍ പണ്ടു പറഞ്ഞതെന്നാണെന്നു പ്രേക്ഷകനെ വിസ്മരിപ്പിക്കുന്നു. പിന്നെ ഏതാണ് സത്യം, ആരാണ് ശരി എന്നു കണ്ടെത്തുന്നതെങ്ങനെ… അകക്കാഴ്ചകളും യാഥാര്‍ഥ്യങ്ങളും നമുക്ക് അപ്രാപ്യമായ സത്യങ്ങളായി അവശേഷിക്കുമെന്നു മാത്രമാണ് സത്യം. ഇപ്പോഴും പത്രങ്ങള്‍ അത്രയ്ക്കും തരംതാണുപോയിട്ടില്ല എന്നതില്‍ ആശ്വസിക്കാം. ഒരുപക്ഷെ അവര്‍ക്ക് ബ്രേക്കിങ് ന്യൂസുകള്‍ക്കിടം നഷ്ടപ്പെട്ടുപോയതുകൊണ്ടാകാം…

എന്തായാലും നമ്മള്‍ പൊതുജനത്തിന്റെ പ്രതികരണവും പ്രതിഷേധവും ആരോടാണ് എവിടെയാണ് എങ്ങനെയാണ് പ്രതിഫലിപ്പിക്കേണ്ടത് .. രാപ്പകല്‍ സമരം എന്ന പേരില്‍ പ്രതിപക്ഷത്തിന്റെ ആചാര്യന്മാര്‍ തെരുവില്‍ നടത്തിയ നാടകത്തിന്റെ അന്ത്യം എന്തായിരുന്നു എന്നു നമ്മള്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ.. എന്തുപറഞ്ഞായിരുന്നു തുടക്കം… എന്തുപറഞ്ഞായിരുന്നു അവസാനം… അതിനെ തുടര്‍ന്നുണ്ടായ ഉപരോധസമരം എന്താണ് നമുക്ക് കാട്ടിത്തന്നത്… നിങ്ങള്‍ നിഷ്പക്ഷ ചിന്തകരോ രാഷ്ട്രീയ ചിന്തകരോ ആയിക്കോട്ടെ, നമ്മള്‍ മലയാളികളുടെ യുക്തിക്കും ബുദ്ധിക്കും നേരെയുള്ള ഒരു കൊഞ്ഞനം കുത്തലായിരുന്നില്ലേ അത്.. ഒരു ലക്ഷമില്ലെങ്കിലും അതില്‍ പകുതിയെങ്കിലും തൊഴിലാളി വര്‍ഗത്തിനെ തെരുവില്‍ കൊണ്ടുവന്ന് ഭക്ഷണവും ശൗചാല്യവുമില്ലാതെ നരകിപ്പിച്ച് റോഡില്‍ അടുക്കികിടത്തി ഉപരോധസമരം എന്ന ‘മഹത’് കര്‍മം നിര്‍വഹിച്ച പാര്‍ട്ടി സെക്രട്ടറിയുടെ രാഷ്ട്രീയ ധാര്‍ഷ്ട്യം നിശബ്ദരായി സഹിക്കേണ്ടി വന്നത് നമ്മള്‍ ഏതു ജനാധിപത്യ പ്രക്രിയയുടെ അടിമകളായതു കൊണ്ടാവാം…

ഭരണസിരാകേന്ദ്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുറിയായ തന്റെ ഭരണാലയത്തിന്റെ അധിപനായ മുഖ്യമന്ത്രി അവിടെ നടന്നതൊന്നും താനറിഞ്ഞില്ല എന്നും അതിനൊന്നും താന്‍ ഉത്തരവാദിയല്ല എന്നും പറയുമ്പോള്‍ ഈ നാടിന്റെ ഭരണത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഏല്‍പ്പിച്ചു കൊടുത്തയാള്‍ക്ക് എങ്ങനെ അത് നിറവേറ്റാന്‍ കഴിയും എന്ന ഒരു കൊച്ചുകുട്ടിയുടെ ചോദ്യം ആരോടാണ് ചോദിക്കുക… ഇപ്പോഴും പുച്ഛത്തോടെ നോക്കി ചിരിച്ച് നമ്മെ പൊട്ടന്മാരാക്കി തനിക്കൊന്നിലും ഒരു പങ്കുമില്ലെന്നു പറഞ്ഞ് വേഗത്തില്‍ നടന്നുപോകുമ്പോള്‍ നമ്മുടെ പ്രതിഷേധം എങ്ങനെയാണ് വിളിച്ചുപറയുക…

സ്വന്തം മന്ത്രിമാരെ പോലും നല്ല നിലയില്‍ കൊണ്ടുപോകാന്‍ കഴിയാത്ത ഒരു നേതാവാണ് നമ്മുടെ മുഖ്യമന്ത്രി എന്നത് നമുക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നു ഒരു കാര്യമേയല്ല തന്നെ, അതൊരു അപമാനമായി നമ്മള്‍ കാണാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കിലും ന്യൂനപക്ഷങ്ങളുടെ പേരില്‍ വിദ്യാഭ്യാസക്കച്ചവടവും വ്യവസായ ചൂഷണവും നടത്തുന്ന പാര്‍ട്ടികളുടെ മുന്നില്‍ മുട്ടുമടക്കി വിധേയനാകുന്ന മുഖ്യമന്ത്രി നമ്മുടെ വല്ലാത്ത ഗതികേടാണ്. ജനാധിപത്യം വോട്ടുചെയ്യുന്നതോടു കൂടി ജനത്തിന്റെ നിയോഗമായി മാറുന്നു. അതൊരു വോട്ടിങ്ങില്‍ അവസാനിക്കുന്നില്ല, ഈശ്വര വിശ്വാസിയാണെങ്കില്‍ നല്ല ഭരണഫലങ്ങള്‍ക്ക് നേര്‍ച്ചയും പ്രാര്‍ഥനയും തുടരുക. നിരീശ്വര വിശ്വാസിയാണെങ്കില്‍ നല്ല ഭരണഫലങ്ങള്‍ക്ക് നേര്‍ച്ചയും പ്രാര്‍ഥനയും തുടരുക. നിരീശ്വര വിശ്വാസിയാണെങ്കില്‍ ഏതെങ്കിലും ദാര്‍ശനിക സാഹിത്യത്തില്‍ അഭയം പ്രാപിക്കുകയേ നിവൃത്തിയുള്ളൂ… അല്ലെങ്കില്‍ കഴിവുറ്റ ഒരു ഭരണാധികാരിയാണെങ്കില്‍ ഇവിടുത്തെ വിദ്യാഭ്യാസ മേഖല വിദ്യാഭാസമേഖലയായി മാറുന്നതും പൊതുമരാമത്ത് വകുപ്പ് പതുമരണ വകുപ്പായി മാറുന്നതും നമുക്ക് കാണേണ്ടിവരില്ലായിരുന്നു. ഇന്നത്തെ മാനെജ്‌മെന്റ് യുഗത്തില്‍ ഭരണസമ്പ്രദായങ്ങള്‍ ഒരു കമ്പനിപോലെ വര്‍ത്തിക്കണം. മുഖ്യമന്ത്രി ഒരു ചീഫ് എക്‌സിക്യൂട്ടിവ് ഒഫിസറും ഓരോ മന്ത്രിമാരും അവരവരുടെ വകുപ്പിന്റെ എക്‌സിക്യൂട്ടിവ് ഓഫിസര്‍മാരും , നന്നായി പ്രവര്‍ത്തിക്കാന്‍ കഴിവില്ലാത്ത മേധാവികളെ മാറ്റി പകരം കഴിവുള്ളവരെ നിയമിക്കാന്‍ പറ്റുന്നവനായിരിക്കണം തലപ്പത്തുള്ള ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍, എങ്കില്‍ എന്നേ ലാഭകരമായും നന്നായും നടത്താന്‍ പറ്റുന്ന നമ്മുടെ ഇലക്ട്രിസിറ്റി വകുപ്പും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പും മരാമത്ത് വകുപ്പുമൊക്കെ രക്ഷപെട്ടു പോയേനെ…

ഒരു വര്‍ഷത്തെ വിചാരണയ്ക്കു ശേഷം ടിപി വധത്തിലെ പ്രതികളില്‍ പകുതിപ്പേരെ വെറുതെ വിട്ടുകൊണ്ടു ആദ്യവിധി വന്നപ്പോള്‍ നമ്മള്‍ മൊഴിമാറ്റത്തിന്റെ രാഷ്ട്രീയവും സര്‍ക്കാരിന്റെ പിടിപ്പുകേടും ഒപ്പം അതിനകത്തെ രഹസ്യനീക്കുപോക്കുകളെയുംക്കുറിച്ച് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. ഒരു വര്‍ഷം മുമ്പ് അമ്പത്തൊന്നു വെട്ടു കൊണ്ടു മരിച്ച ഒരു മനുഷ്യന്റെ കൊലപാതകത്തിന്റെ കാരണങ്ങളെന്താണെന്ന് അറിയാനുള്ള അടിസ്ഥാന വിവരാവകാശം പോലും നിഷേധിക്കപ്പെടുകയാണ്. ഡല്‍ഹിയിലെ നിര്‍ഭയ കേസില്‍ രാഷ്ട്രീയക്കാരും കാശുള്ള സ്വാധീനശക്തിക്കളും ഇല്ലാതിരുന്നതിനാല്‍ ആ വിധിയെ ഒരു മാതൃകാ വിധിയായി കോടതി മുറിക്കുള്ളില്‍ ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്യാനായി .. അതില്‍ രാഷ്ട്രീയത്തിലെ പ്രമുഖരോ വ്യവസായ പ്രമുഖരോ ഉണ്ടായിരുന്നെങ്കില്‍ ആ വിധി നമ്മെ സന്തോഷിപ്പിക്കുമായിരുന്നോ എന്നു സംശയമാണ്… സൂര്യനെല്ലിയും ഐസ്‌ക്രീമുമൊക്കെ നമ്മുടെ മനസില്‍ നിന്നു ഇനിയും പോയിട്ടില്ലെല്ലോ..

പച്ചയായ യാഥാര്‍ഥ്യങ്ങളില്‍ നിയമസംഹിതയുടെ മുഖംമൂടി വിരിച്ച് നമ്മുടെ രാഷ്ട്രീയക്കാര്‍ ജനങ്ങളെ കളിയാക്കുകയും അവര്‍ക്ക് ചെയ്യേണ്ടത് ചെയ്യാന്‍ ഒന്നും ഒരു തടസമാവില്ല എന്ന് അഹങ്കാരത്തോടെ നമ്മോട് പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍ നമുക്ക് തലകുനിക്കാം. .. നമ്മുടെ തന്നെ മനസിന്റെ മതിലുകള്‍ക്കുള്ളില്‍ മാത്രം അടച്ചിടാന്‍ കഴിയുന്ന അമര്‍ഷത്തിന്റെയും നിസ്സഹായവസ്ഥയുടെയും സങ്കടം ഉള്ളിലൊതുക്കി, അല്ലെങ്കില്‍ നമുക്കെന്തുചെയ്യാനാകും.. തെരുവിലേക്കിറങ്ങി നിന്ന് കൂട്ടത്തോടെ ആക്രോശിക്കുവാനോ… അതോ , സ്വന്തം മുറിയുടെ ഇരുട്ടില്‍ മുഖം പൂഴ്ത്തിയിരുന്നു പൊട്ടിക്കരയുവാനോ…

ഈ ചിന്തകള്‍ക്ക് ഒരു അടുക്കും ചിട്ടയുമില്ലായിരുന്നുവെങ്കില്‍ ക്ഷമിക്കുക…

നമുക്ക് ചുറ്റുമുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ചിട്ടയും ശീലവും നഷ്ടപ്പെട്ടിരിക്കുന്നു എന്ന സത്യം മുന്‍നിര്‍ത്തി ഇതങ്ങനെ തന്നെ വായിക്കുക.

അല്ലെങ്കില്‍ തന്നെ എന്തിനാണിപ്പോ അടുക്കും ചിട്ടയുമുള്ളത്… ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ രാഷ്ട്രീയ ഭാവി എന്ത് എന്ന് അന്തംവിട്ട് ചിന്തിക്കുമ്പോള്‍ പോലും നമ്മുടെ മുന്നില്‍ അടിസ്ഥാന ആദര്‍ശങ്ങള്‍ നഷ്ടപ്പെട്ട് അഴിമതിയുടെയും കോര്‍പ്പറേറ്റ് അജന്‍ഡകളുടെയും വര്‍ഗീയതയുടെയും പല രൂപത്തിലുള്ള കണ്ണികളിലൂടെ മാത്രം കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്ന പുതിയ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് എങ്ങനെയാണ് ഒരടുക്കും ചിട്ടയും നമുക്ക് പ്രതീക്ഷിക്കാനാവുക.. സാമ്പത്തിക ഭാവിയെക്കുറിച്ചും ഇതു വ്യത്യസ്തമാകുന്നതെങ്ങനെ.. ഓരോ ദിവസവും വില മാറുന്ന പെട്രോളിന്റെയും ഡീസലിന്റെയും വില നിര്‍ണയ സാമ്പത്തിക ശാസ്ത്രം മനസിലാക്കാന്‍ കഴിയാത്ത ഇന്ത്യന്‍ പൗരന്റെ നിസ്സഹയാവസ്ഥയും സാമ്പത്തിക ശാസ്ത്രജ്ഞനല്ലാത്ത അവന് അതിന്റെ പേരില്‍ ഇപ്പോള്‍ പ്രതിപക്ഷ ഹര്‍ത്താലുകള്‍ക്കു എങ്കിലും ഉണ്ടാകുന്നില്ലെല്ലോ എന്ന് ആശ്വസിക്കാന്‍ മാത്രമേ കഴിയൂ.. ദൈനംദിന വില വിവരപ്പട്ടികയിലെ ഒരിനമായി പെട്രോളും ഡീസലും. ഇന്നത്തെ പെട്രോള്‍ വില എന്ന ശീര്‍ഷകത്തിലോ വിദേശരാജ്യങ്ങളിലെ പോലെ ഗ്യാസ് സ്‌റ്റേഷനുകളിലെ വിലവിവര പലകയിലേക്കോ മാത്രമായി പ്രത്യക്ഷപ്പെടുന്ന കാലം വിദൂരമല്ല എന്ന് തിരിച്ചറിയുമ്പോഴും നമ്മുടെ അവശ്യ സാധനങ്ങളുടെ വില ഒരു ചിട്ടയുമില്ലാതെ വര്‍ധിക്കുകയാണെന്നും ജീവിതം ഒരു അടുക്കും ചിട്ടയുമില്ലാതെ ആയിത്തീരുകയാണെന്നതും ഇവിടെ അടുക്കും ചിട്ടയുമില്ലാതെ കാര്യങ്ങള്‍ പറയുന്നതിനുള്ള ഒരു ന്യായീകരണവുമാകാം… സദയം ക്ഷമിക്കുക….

Generated from archived content: essay1_oct16_13.html Author: shammi_abudabi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English