ഐഡിയ സ്‌റ്റാർ സിംഗറിലെ പക്ഷപാത നിലപാടുകൾ

മലയാളത്തിൽ ഈ അടുത്ത കാലത്ത്‌ കണ്ട ഏറ്റവും പ്രിയമുള്ള ഒരു ‘റിയാലിറ്റി ഷോ’യാണ്‌ ഏഷ്യാനെറ്റിലെ ഐഡിയ സ്‌റ്റാർ സിംഗർ. വിഷ്വൽ നിലവാരത്തിന്റെ കാര്യത്തിൽ ഇത്തരം മറ്റു പരിപാടികളെ ഇതു ഒരുപാടു പിന്നിലാക്കിയിരിക്കുന്നു. ഇന്ന്‌ മലയാളചാനലുകളിൽ റേറ്റിംഗിൽ മുന്നിൽ നിൽക്കുന്ന പരിപാടിയും ഇതത്രെ. ആദ്യം തന്നെ ഈ പരിപാടിയെ കുറിച്ച്‌ (അസൂയക്കാരും മറ്റു ചാനലുകാരും?) പറഞ്ഞു പരത്തിയിരുന്ന ഒരു കിംവദന്തി ഇതിലെ സ്‌റ്റാർ സിംഗറെ നേരത്തെ തന്നെ നിശ്ചയിച്ചിരിക്കുന്നു എന്നാണ്‌. അതു സത്യമായതു കൊണ്ടോ അതോ അതു സത്യമല്ല എന്ന്‌ വരുത്തി തീർക്കാനോ എന്നറിയില്ല ഇപ്പോൾ പരിപാടിയിലെ എറ്റവും നിഷ്പക്ഷം എന്ന്‌ കൊട്ടിഘോഷിക്കപ്പെടുന്ന ജഡ്‌ജുമെന്റ്‌ തികഞ്ഞ പക്ഷപാതപരമായി മാറിയിരിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. നേരത്തെ പുഴയിൽ പ്രസിദ്ധീകരിച്ചു വന്ന ‘റിയാലിറ്റി തട്ടിപ്പുകൾ’ക്കു ഒരു അനുബന്ധമായി ജഡ്‌ജസിന്റെ ഇത്തരം പക്ഷപാതപരമായ സമീപനത്തെ വിശകലനം ചെയ്യാമെന്ന്‌ തോന്നുന്നു.

പല ഘട്ടങ്ങളിലായി (സ്‌റ്റേജുകൾ) വിവിധ റൗണ്ടുകളിലൂടെ പരിപാടി അതിന്റെ എട്ടാം സ്‌റ്റേജു പിന്നിടുന്നു. ഗൾഫിലെ മലയാളികളിൽ നല്ലൊരു പങ്കും ഈ പരിപാടി കാണുകയും വിലയിരുത്തുകയും ചെയ്യുന്നവരാണ്‌. അവർക്കിടയിൽ തികച്ചും നിരാശയുണ്ടാക്കിയ ജഡ്‌ജുമെന്റുകളായിരുന്നു ഈ കഴിഞ്ഞ സ്‌റ്റേജുകളിൽ കണ്ടത്‌. സാങ്കേതികത്വത്തിന്റെ പേരു പറഞ്ഞും പറയാതെയും ചിലരെ ഉയർത്താനും ചിലരെ താഴ്‌ത്താനും വ്യക്തമായ ശ്രമം നടക്കുന്നതായി ഈ പരിപാടി കണ്ടാൽ മനസ്സിലാകും. അതിന്‌ ശാസ്ര്തീയ സംഗീതം മനസ്സിലാക്കേണ്ട കാര്യമില്ല. എന്നും മലയാളി കേൾക്കുകയും പാട്ടുകാരല്ലെങ്കിലും കൂടെ പാടുകയും ചെയ്യുന്ന പാട്ടുകളാണ്‌ ഇതിൽ പങ്കെടുക്കുന്നവർ പാടേണ്ടത്‌. ഈ പരിപാടിയുടെ വിജയത്തിനുള്ള നല്ല ഒരു കാരണവും അതു തന്നെയാണ്‌. അതിനാൽ സംഗീതാസ്വാദകർക്ക്‌ വളരെ എളുപ്പം മനസ്സിലാക്കാൻ കഴിയും ജഡ്‌ജുമെന്റിലെ കള്ളകളികൾ.

പാട്ടിന്റെ നിലവാരത്തിൽ രണ്ടറ്റങ്ങളിൽ നിൽക്കുന്ന രണ്ടു മത്സരാർത്ഥികളുടെ ജഡ്‌ജുമെന്റുകൾ മാത്രമെടുത്തു പരിശോധിച്ചാൽ ഇതു മനസ്സിലാക്കാവുന്നതേയുള്ളു. ആദ്യ റൗണ്ടുകളിലൊക്കെ ഏറ്റവും മുന്നിൽ നിന്നിരുന്ന ഒരു മത്സരാർത്ഥിയാണ്‌ ഇതിലെ ഏറ്റവും നല്ല പാട്ടുകാരനെന്ന്‌ എന്നും എല്ലാപേരും വിശേഷിപ്പിച്ചിരുന്ന നജീം അർഷാദ്‌. പക്ഷെ ഈ കഴിഞ്ഞ റൗണ്ടുകളിൽ നജീമിന്റെ പ്രകടനങ്ങൾക്ക്‌ ജൂറി അംഗങ്ങൾ നൽകിയ മാർക്ക്‌ തികഞ്ഞ നിരാശയാണ്‌ പ്രേക്ഷരിലുണ്ടാക്കിയത്‌.

നാടൻപാട്ടുകളുടെ വിഭാഗത്തിൽ നജീമായിരുന്നു ആദ്യം പാട്ടവതരിപ്പിച്ചത്‌. ആ വിഭാഗത്തിൽ ഏറ്റവും നന്നായി അവതരിപ്പിച്ച ഒരു ഗാനമായിരുന്നു അത്‌. പള്ളിക്കലപ്പന്റെ മോളേ…..എന്ന ഗാനം സ്‌റ്റേജിൽ കസറി. നജീം നന്നായി നൃത്തം ചെയ്യുകയും ചെയ്തു. ഒരു റിയൽ സ്‌റ്റേജ്‌ ഷോ ! നജീമിനൊപ്പം നാടൻ നൃത്തം അവതരിപ്പിച്ചത്‌ മ്യൂസിക്ക്‌ കോളേജിൽ നിന്നൂം വന്ന സഹപാഠികൾ. തൊണ്ട അൽപം അടഞ്ഞതിനാൽ ഒരു കട്ട താഴ്‌ത്തി പാടി എന്ന പരാമർശം ഒഴിച്ചാൽ മറ്റൊരു കുറ്റവും ജൂറിക്കു പറയുവാനുണ്ടായിരുന്നില്ല. കുറച്ചു കൂടി നൃത്തം ആകാമായിരുന്നു എന്ന പരാമർശം പക്ഷെ അതിനു ശേഷം വന്നവർക്കൊന്നും ബാധകമായില്ല. ഒരു തെറ്റും പറയാത്ത

പാട്ടിനു നൽകിയത്‌ 50 മാർക്ക്‌. ആകെ 75. അതിനു തൊട്ടു പിറകെ വന്ന ഡോ. ബിനീതയുടെ പാട്ടിന്‌, ഒരു ജഡ്‌ജിന്റെ ഭാഷയിൽ പാട്ടിൽ ഏറെ ‘പ്രശ്നങ്ങ’ളുണ്ടായിരുന്നിട്ടും നേടിയത്‌ 51, പിന്നെ തുടർന്നു വന്നവരൊക്കെ പാട്ടിൽ ‘പ്രശ്ന’ങ്ങൾ ഉണ്ടായിട്ടും, അതിനും മുകളിൽ മാർക്കു നേടി. 57 വരെ. തുടർന്നുള്ള റൗണ്ട്‌ ശോകഗാനത്തിന്റേതയിരുന്നു. പാടാൻ വളരെ പ്രയാസമുള്ള ഇളയരാജയുടെ ‘ദേവ സംഗീതം നീയല്ലേ…’ എന്നു തുടങ്ങുന്ന പാട്ടാണ്‌ നജീം പാടിയത്‌. നന്നായി എത്രയും ഭാവത്തോടെയാണ്‌ നജീം അതു പാടിയത്‌. എല്ലാ പ്രശംസയും ഇളയരാജയ്‌ക്ക്‌ കൊടുത്ത്‌ അതവതരിപ്പിച്ച നജീമിന്‌ പറ്റിയ ചെറിയ പിഴവുകൾ എടുത്തു പറഞ്ഞു. പക്ഷെ മൊത്തം മാർക്ക്‌ പിന്നെയും 75 തന്നെ. പിന്നാലെ പ്രയാസമുള്ള പാട്ടുകൾ പാടിയ മറ്റു പാട്ടുകാരുടെ തെറ്റുകൾ പാട്ടിന്റെ കോംപ്ലക്സിറ്റിക്കു മുന്നിൽ ഒഴിച്ചു നിർത്തപ്പെട്ടു. യേശുദാസ്‌ ഹിറ്റ്‌സ്‌ റൗണ്ടിൽ ഏറ്റവും നന്നായി അവതരിപ്പിച്ച ‘പ്രമദവന’ത്തിന്‌ നൽകിയത്‌ 79, പാട്ടിനു മാത്രം, 72. ജൂറി തന്നെ വിലയിരുത്തിയിട്ടുള്ളതു പോലെ, ടെക്നിക്കലായി പെർഫക്ടാണ്‌ നജീമിന്റെ ആലാപനം.

അവസാന ഇരുപതിൽ പോലൂം എത്താൻ യോഗ്യതയില്ലാതിരുന്ന വിജയ്‌ മാധവ്‌ എട്ടാം സ്‌റ്റേജിൽ ശോകഗാനം പാടിയത്‌ തികഞ്ഞ പരാജയമായിരുന്നു. പാട്ടിൽ നിറയെ ഫ്ലാറ്റും ഷാർപ്പും ആയിരുന്നു. പക്ഷെ ജഡ്‌ജസൊന്നും അതു കേട്ടില്ല. പാട്ടിന്റെ ഭാവവും ഹൈനോട്ടുകളുടെ പ്രകടനവും (പൊളിവ്‌) പറഞ്ഞ്‌ വിജയ്‌ മാധവ്‌ അന്ന്‌ ഉയർന്ന മാർക്കു നേടി. അടുത്ത യേശുദാസ്‌ ഹിറ്റ്‌സ്‌ റൗണ്ടിലും വിജയ്‌ മാധവ്‌ പാടിയ ‘രാമ കഥാ ഗാനലയം…..’ ഒരു പാട്‌ ‘ഫ്ലാറ്റ്‌സും ഷാർപ്പും’ നിറഞ്ഞതായിരുന്നു. ആദ്യം മുതൽ അവസാനം വരെ പാട്ട്‌ മുറിച്ചുമുറിച്ച്‌ പാടി വികൃതമാക്കി… എന്നിട്ടും ആ പാട്ട്‌ തിരഞ്ഞെടുത്തത്‌ കൊണ്ടു മാത്രം കൊടുത്തു 80 ! പാട്ടിന്‌ മാത്രം 73. ഒരിക്കലും ന്യായീകരിക്കാനാകാത്തത്‌…. ഇതിനു മുൻപ്‌ വിജയ്‌ നോൺ ഫില്മി സോംഗ്സ്‌ റൗണ്ടിൽ പാടിയ മാമാങ്കം… എന്നു തുടങ്ങുന്ന എന്നത്തെയും യേശുദാസ്‌ ഹിറ്റും വികൃതമായിരുന്നു…. അതിനും കിട്ടിയിരുന്നു 78. ഇതു കാണുമ്പോൾ ജഡ്‌ജസ്‌ വളരെ പക്ഷപാതപരമായാണ്‌ പെരുമാറുന്നതെന്ന്‌ ആർക്കും മനസ്സിലാകും. തികച്ചും അന്യായമായ മാർക്കിടലായിരുന്നു അത്‌. തികച്ചും അനർഹമായ സ്ഥാനമാണ്‌ വിജയ്‌ക്ക്‌ നൽകപ്പെടുന്നത്‌.

ഈ റൗണ്ടിൽ ഏതൊരു വിഭാഗം എടുത്തു പരിശോധിച്ചാലും വിജയ്‌ക്കാണ്‌ നജീമിനെക്കാൾ മാർക്കു നൽകിയിരിക്കുന്നത്‌. എന്നാൽ നജീമായിരുന്നു ഏറ്റവും നന്നായി പാടിയതെന്ന്‌ പാട്ട്‌ ആസ്വദിക്കാൻ കഴിയുന്ന ഏതൊരു വ്യക്തിക്കും തിരിച്ചറിയാം. യേശുദാസ്‌ ഹിറ്റ്‌സ്‌ റൗണ്ടിലെ പാട്ടു മാത്രമെടുത്തു പരിശോധിച്ചാൽ മതിയാകും ജൂറി എത്ര പക്ഷപാതപരമായാണ്‌ വിജയുടെ കാര്യത്തിൽ പെരുമാറിയതെന്ന്‌ തിരിച്ചറിയാൻ.

മറ്റു പാട്ടുകാരൊക്കെയൂം ഇതിനിടയിൽ കൂടിയും കുറഞ്ഞും മാർക്കു വാങ്ങി രംഗത്ത്‌ സജീവമാണ്‌. എല്ലാ പേരും ആദ്യം വന്നതിനേക്കാൾ വളരെയധികം മെച്ചപ്പെട്ടു എന്നത്‌ ജൂറി അംഗങ്ങൾ പറയുന്നത്‌ പോലെ തന്നെ സത്യമാണ്‌. അവരൊക്കെയും തമ്മിൽ നേർത്ത വ്യത്യാസമേയുള്ളു എന്നതും സത്യം. പക്ഷെ ചിലരോടുള്ള പ്രതികരണവും ചില പൊളി പ്രകടനങ്ങളെ മഹത്തരമാക്കാനുള്ള ശ്രമവും കാണുമ്പോൾ ആരെയൊക്കെയോ നിർത്താനോ ഉയർത്തി കാണിക്കുവാനോ നിയോഗിക്കപ്പെട്ടവരെ പോലെയാണ്‌ ജൂറി പെരുമാറുന്നതെന്ന്‌ ആർക്കും തോന്നി പോകും. അതു പോലെ വരൂണിനോടുള്ള ജഡ്‌ജസിന്റെ പല തവണയായുള്ള പ്രതികരണങ്ങളും പരിപാടിയുടെ നിറം കെടുത്തുന്നു.

ഇത്തരം ഒരു പരിപാടിയുടെ പോപ്പൂലാരിറ്റി പരിഗണിച്ചെങ്കിലൂം ഏഷ്യാനെറ്റ്‌ പോലൊരു സ്ഥാപനം ഇത്തരം പക്ഷപാതപരമായ സമീപനം കലാരംഗത്ത്‌ നിന്നും മാറ്റി നിർത്താൻ തയ്യാറാകണം. ഇതു കാണാൻ ‘വിഡ്‌ഢിപ്പെട്ടി’യുടെ മുന്നിലിരിക്കുന്ന മലയാളി വെറുമൊരു വിഡ്‌ഢിയായതു കൊണ്ടല്ല ഇതു കാണുന്നതെന്നും കൊമേർഷ്യൽ വാല്യുവിനും മുകളിൽ കലയ്‌ക്ക്‌ അവന്റെ മനസ്സിൽ ഒരു സ്ഥാനമുണ്ടെന്നും നല്ലത്‌ സ്വീകരിക്കാൻ എന്നും അവൻ തയ്യാറാകുമെന്നും ഇവിടുത്തെ ചാനലുകൾക്ക്‌ നന്നായി അറിയാം. അതിനാൽ കള്ളകളി നടത്തുകയാണെങ്കിൽ തന്നെ പ്രേക്ഷകന്റെ മസ്തിഷ്‌കത്തിന്‌ കൂടി സ്വീകരിക്കാവുന്ന തരത്തിൽ കള്ളകളി നടത്താനുള്ള ഒരു സാമാന്യ ബോധം ഏഷ്യാനെറ്റ്‌ കാണിക്കുന്നത്‌ നന്നായിരിക്കും.

Generated from archived content: essay1_dec16_07.html Author: shammi_abudabi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here