നിയന്ത്രണരേഖ

ഹൃദയം കരിയുന്ന അസഹനീയമായ ഗന്ധത്തിനും ആര്‍ത്തലച്ചു കരയുന്ന പ്രകൃതിയുടെ കണ്ണീരിനുമിടയില്‍ നനഞ്ഞു കിടക്കുന്ന തീവണ്ടിയുടെ നിയന്ത്രണരേഖ. അപ്പോള്‍ അതുവഴി വന്ന പാസഞ്ചര്‍ ട്രെയിനിന്റെ ഇരുമ്പു ചക്രങ്ങള്‍ പാളത്തില്‍ അവശേഷിച്ചിരുന്ന ചോരത്തുള്ളികളും നക്കിത്തുടച്ച് കടന്നുപോയി. നടുക്കത്തോടെയുണര്‍ന്ന്, നിസ്സംഗതയോടെ തീവണ്ടിയെ ഒന്ന് നോക്കിയശേഷം അയാള്‍ മരണപന്തലില്‍ ഒറ്റയായി കിടന്നിരുന്ന കസേരകളിലേക്കു വീണ്ടും തളര്‍ന്നിരുന്നു.

എരിഞ്ഞുതീരാന്‍ മടിക്കുന്ന ചിതയില്‍ നിന്നും മുകളിലേക്കുയരുന്ന പുകപടലങ്ങള്‍ക്കിടയിലൂടെ കാണുന്ന അവ്യക്തമായ കാഴ്ചകള്‍… സഹതാപത്തോടെ തന്നെ നോക്കി കടന്നു പോകുന്ന വിഷാദമുഖങ്ങള്‍ …കരഞ്ഞു തളര്‍ന്നു കിടക്കുന്ന ഭാനുവിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ബന്ധുക്കള്‍. യാഥാര്‍ത്ഥ്യത്തിലേക്കിനിയും തിരിച്ചു വരാന്‍ മടിച്ച് വിറങ്ങലിച്ച് നില്‍ക്കുന്ന അനന്തുമോന്‍.

ചിതക്ക് തീ കൊളുത്താനാകാതെ ‘’ചേച്ചീ’‘ എന്നു വിളിച്ചുകൊണ്ട് ഹൃദയം നടുങ്ങിവിറച്ച് അവന്‍ തിരിഞ്ഞോടുമ്പോള്‍ മറഞ്ഞതായിരുന്നു തന്റെ ബോധം. ബോധം തിരിച്ചുകിട്ടുമ്പോള്‍ മോളുടെ ജീവന്‍ നിലച്ച് ശരീരത്തെ അഗ്നി പൊതിഞ്ഞു തുടങ്ങിയിരുന്നു.

ദൂരെ… അല്‍പ്പം ദൂരെ അറ്റമന്വേഷിച്ചുപോയിരിക്കുന്ന ഇരുമ്പുപാളങ്ങള്‍ കാണാം. ഇന്നലെ ഇതേ നേരത്തായിരുന്നു മോളുടെ ജീവന്‍ ആ പാളത്തില്‍ ചിതറിത്തെറിച്ചത്.

രാവിലെ കോളേജിലേക്ക് പോകുവാനൊരുങ്ങി നില്‍ക്കുന്ന അവളുടെ മുഖം ഇപ്പോഴും മുന്‍പിലുണ്ട്. നാളെ മുതല്‍ തന്റെ ജോലി നഷ്ടപ്പെടുകയാണെന്ന സങ്കടത്തെ ആശ്വസിപ്പിച്ചുകൊണ്ടാണ് അവള്‍ കോളേജിലേക്ക് യാത്രയായത്. ‘’അപ്പനെന്തിനാ പേടിക്കുന്നത് ഒരു ജോലി പോയാല്‍ മറ്റൊരു ജോലി. പണിയെടുക്കാനാളെക്കിട്ടാത്ത ഈ നാട്ടില്‍ എന്റ്പ്പനേപ്പോലെ വിയര്‍ത്തുപണിചെയ്യുന്ന ഒരാള്‍ക്ക് ജോലികിട്ടാനാണോ പ്രയാസം’‘. തന്നെ ആശ്വസിപ്പിച്ചുകൊണ്ട് മോളങ്ങനെ പറയുമ്പോള്‍ വാതില്‍ ചാരിനിന്നിരുന്ന ഭാനുവിന്റെ മുഖത്ത് അപ്പോള്‍ നിറഞ്ഞ ആശങ്ക തന്റെ അങ്കലാപ്പ് വര്‍ദ്ധിപ്പിച്ചതേയുള്ളു.

പാസഞ്ചര്‍ ട്രയിനുള്ളിലെ ചായക്കച്ചവടം കൊണ്ടാണ് താനിത്രയും നാളും പിടിച്ചുനിന്നത്. നാളെമുതല്‍ പുതിയ നിയമം റയില്‍വേ നടപ്പിലാക്കുകയാണ് . അംഗീകൃത റയില്‍വേ കാന്റീന്‍ ജീവനക്കാര്‍ക്കു മാത്രമേ ട്രയിനിനുള്ളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ പാടുള്ളുവെന്ന നിയമം. മറ്റൊരു ജോലി കിട്ടാഞ്ഞിട്ടല്ല. കട്ടിയുള്ള ജോലികള്‍ ചെയ്യെരുതെന്നുള്ള ഡോക്ടറുടെ വാക്കുകള്‍ അതിനു തടസ്സമായി നില്‍ക്കുന്നു. ആ വാക്കുകളോര്‍ത്തിട്ടാവാം ഭാനുമതിയുടെ മുഖത്ത് ആശങ്കയുണ്ടായതും . മക്കള്‍ക്കറിയില്ലല്ലോ കടം വീട്ടാനായി അച്ഛന്റെ അടിവയറ് കീറി ഒരെണ്ണം വിറ്റുവെന്നുള്ള സത്യം. ‘’ മോളേ… എന്റെ പൊന്നു മോളേ … നീയെന്തിനാണീ ചതി ഞങ്ങളോട് ചെയ്തത്.’‘ ഇടക്ക് ബോധം തെളിഞ്ഞ ഭാനുവിന്റെ പൊള്ളിയ വാക്കുകളാണ്. ഇന്നലകളില്‍നിന്നും വീണ്ടും ഞെട്ടിയുണര്‍ത്തിച്ചത്.

നെഞ്ചത്തടിച്ച് ഏറെ നേരം കരഞ്ഞതിനു ശേഷം ഭാനു വീണ്ടും അബോധാവസ്ഥയിലേക്കു തിരിച്ചു പോയി. മോളുടെ സഹപാഠികള്‍ ദു:ഖം ഉള്ളിലൊതുക്കിയും കരഞ്ഞു തീര്‍ത്തും അവിടിവിടെയായി നില്‍പ്പുണ്ട്.

‘’മോള്‍ക്ക് കോളേജില്‍ വല്ല പ്രണയബന്ധവും ഉണ്ടായിരുന്നോ’‘ മോര്‍ച്ചറിക്കു പുറത്ത് തുന്നിക്കെട്ടിയ മോളുടെ ശരീരം ഏറ്റുവാങ്ങാന്‍ നില്‍ക്കുമ്പോള്‍ ഇന്‍ക്വസ്റ്റിനെത്തിയ ഒരു പോലീസുകാരനാണ് തന്നോടാ ചോദ്യമെറിഞ്ഞത്.

മറുപടി പറയാനാകാതെ ദൈന്യതയോടെ താഴേക്കു കണ്ണുകളൂന്നി നില്‍ക്കുമ്പോള്‍ ആ പോലീസുകാരന്‍ തന്നെ അതിന്റെ ബാക്കി പൂരിപ്പിച്ചു

‘’എല്ലാത്തിനും ഒരു കാരണം വേണമല്ലോ. ഇത്തരമൊരവസ്ഥയില്‍ ചോദിച്ചതു ശരിയല്ലന്നറിയാം . പക്ഷെ കുട്ടികളാകുമ്പോള്‍ പക്വതയില്ലാത്ത പ്രായമല്ലേ. പൊരാത്തതിന് എടുത്തു ചാട്ടവും . മൊബൈലില്‍ സംസാരിച്ചുകൊണ്ട് ട്രെയ്നിനു മുന്‍പിലേക്കെടുത്തു ചാടിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ‘’

നെഞ്ചിനുള്ളിലൂടെ തീവണ്ടി ചക്രങ്ങള്‍ അതിവേഗത്തില്‍ പാഞ്ഞുപോയ ഭീതിയാണ് അപ്പോള്‍ ആ പോലീസുകാരന്റെ മുഖത്തേക്കു താന്‍ നോട്ടമെറിഞ്ഞത്. ‘’മൊബൈലോ …. അതിന് എന്റെ മോള്‍ക്ക് മൊബൈല്‍ ഫോണ്‍ ഇല്ലല്ലോ.’‘

തന്നില്‍ നിന്നും വിറച്ചുവീണ വാക്കുകളെ പോലീസുകാരന്‍ സഹതാപത്തോടെ നോക്കുന്നുണ്ടായിരുന്നു.

‘’ അപ്പോള്‍ ഞാനൂഹിച്ചതു ശരിയാണ് . നിങ്ങളുടെ മോള്‍ക്ക് ഒരു കാമുകനുണ്ട്. അയാള്‍ അവള്‍ക്കൊരു മൊബൈല്‍ ഫോണും സമ്മാനിച്ചിട്ടുണ്ട്. വീട്ടുകാരറിയാതെ ബാഗിനുള്ളീലോ, വസ്ത്രങ്ങള്‍ക്കിടയിലോ ഫോണൊളിപ്പിച്ചുവെച്ച് അവര്‍ രഹസ്യങ്ങള്‍ കൈമാറിയിരുന്നു. എന്തായാലും പോസ്റ്റുമാര്‍ട്ടം കഴിഞ്ഞു ഗൈനിക്കിന്റെ കൂടി റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഒരു കാര്യം ഉറപ്പാ നിങ്ങളുടെ മകള്‍ ഗര്‍ഭിണിയായിരിക്കും ….. അതുതന്നെയായിരിക്കും മരണത്തിന്റെ ഉത്തരവും.’‘

ബാക്കി കേള്‍ക്കുവാന്‍ ശേഷിയില്ലാതെ കണ്ണിലിരുട്ട് വീണതോര്‍മ്മയുണ്ട്. മുന്‍പില്‍ നനഞ്ഞവെട്ടം വീഴുമ്പോള്‍ ആംബുലന്‍സിനുള്ളില്‍ നിന്നും വീടിനു മുന്‍പിലെ തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയിലെ കണ്ണീരിനൊപ്പം ഒഴുകി വീടിനകത്തേക്ക്…ഒടുവില്‍ മരണം തണുത്തു വിറപ്പിച്ച മോളുടെ ശരീരത്തിലെ പൊട്ടല്‍ വീഴാത്ത കവിളുകളിലെവിടെയോ നല്‍കിയ അന്ത്യചുംബനം.

പുറത്തു മഴയുടെ ശക്തികുറഞ്ഞു വരവെ ശവസംസ്ക്കാരത്തിനെത്തിയവര്‍ കുറേശ്ശെ കൊഴിയാന്‍ തുടങ്ങി. മോളുടെ സഹപാഠികള്‍ തങ്ങളില്‍നിന്നും ഒരാള്‍ നഷ്ടപ്പെട്ടതിന്റെ ദു:ഖത്തില്‍ തിരികെ മടങ്ങുന്നതു നോക്കി നില്‍ക്കെ അവരുടെ കൂട്ടത്തില്‍ ഒരു പയ്യന്‍ തിരിഞ്ഞ് നിയന്ത്രണം വിട്ടതുപോലെ ചിതക്കരികിലേക്ക് ഓടിയെത്തി.

എന്തൊക്കെയോ വിളിച്ചു പറയാന്‍ ശ്രമിച്ച അവന്റെ വാ പൊത്തിയ ശേഷം കൂടെയുള്ള കുട്ടികള്‍ അവനെ ശാസിച്ച് വലിച്ചിഴച്ച് തിരികെ കൂട്ടികൊണ്ടുപോയി. അല്‍പ്പം ദൂരെ ഇരുമ്പുപാളങ്ങള്‍ ഒന്നാടിയുലഞ്ഞു. കൂടെയുള്ളവരെ കുതറിത്തെറുപ്പിച്ച് ആ പയ്യന്‍ ഇരുമ്പുപാളത്തിലേക്ക് ഓടിയെത്തി. അലറി വിളിച്ചുവന്ന ഒരായിരം ഇരുമ്പുചക്രങ്ങള്‍ അവനെ കടന്ന് നിയന്ത്രണ രേഖയിലൂടെ മുന്‍പോട്ട് ..വളരെ ദൂരം മുന്‍പോട്ട് പോയി.

Generated from archived content: story1_oct21_11.html Author: shameer_pattarumadom

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here