ശേഷം

നീട്ടിയുള്ള ചൂളം വിളിയോടെ കിതച്ചും തളർന്നും ട്രെയിൻ മുമ്പോട്ട്‌ നീങ്ങി. നീളൻ തുണിസഞ്ചി തോളിൽ തൂക്കി രമേശൻ ബോഗിക്കുള്ളിലൂടെ മുൻപോട്ടു നടന്നു. യാത്രക്കാർ കുറവാണ്‌. അതുകൊണ്ടു തന്നെയാണ്‌ രമേശൻ ഈ ട്രെയിനിൽ കയറിയതും. തമാശകൾ പറഞ്ഞു രസിച്ചിരിക്കുന്ന നാലു യുവതികൾ ഒരു സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു…. രമേശൻ അവരുടെ എതിർവശത്തെ ഒഴിഞ്ഞസീറ്റിൽ ഇരുന്നു. തങ്ങളുടെ സ്വകാര്യതനഷ്‌ടപ്പെട്ടതിന്റെ അതൃപ്‌തിയിൽ ആ യുവതികൾ രമേശനെ നോക്കി മുഖം ചുളിച്ചു. യാതൊരു ഭാവഭേദവും കൂടാതെ തന്റെ സഞ്ചിയിൽ നിന്നും രമേശൻ ഒരു പേപ്പറും പെൻസിലും പുറത്തേക്കെടുത്തു. ‘നിങ്ങളുടെ ചിത്രം വരച്ചുതരാം അഞ്ചു മിനിറ്റിനുള്ളിൽ. ഉള്ളതുപോലെ എന്തെങ്കിലും പ്രതിഫലം തന്നാൽ മതി.’ നാലുയുവതികളും പരസ്‌പരം മുഖത്തോടു മുഖംനോക്കി. കൂട്ടത്തിൽ ചുരുണ്ടമുടിയും കവിളിൽ വലിയൊരു കറുത്ത മറുകുമുള്ള യുവതി ‘എന്റെ മുഖം വരച്ചോളൂ’ എന്നു പറഞ്ഞു തയ്യാറായി മുൻപോട്ടു വന്നു. രമേശന്റെ കൈവിരൽതുമ്പിലെ പെൻസിൽമുന ആ മുഖം ഭംഗിയായി പകർത്തികൊണ്ടേയിരുന്നു. കുറച്ചുദൂരെ വാതിലിനരികെയുള്ള സീറ്റിലിരിക്കുന്ന പ്രായമുള്ള സ്‌ത്രീയും അവരുടെ കൂടെയുള്ള ചെറുപ്പക്കാരനും തന്നെ ശ്രദ്ധിക്കുന്നത്‌ രമേശന്റെ കണ്ണുകൾ കണ്ടുപിടിച്ചു. കൃത്യം അഞ്ചുമിനിറ്റുകൊണ്ടുതന്നെ രമേശൻ ആ ചുരുണ്ടമുടിക്കാരിയെ തന്റെ കടലാസ്സിലേക്കു പകർത്തിയിരുന്നു. തന്റെ മുഖത്തിന്റെ ഫോട്ടോകോപ്പികണ്ട്‌ യുവതി അവിശ്വസനീയതയോടെ രമേശനെ നോക്കി. രമേശൻ കരുതിയതിലും കൂടുതൽ തുക അവർ പ്രതിഫലമായി നൽകുകയും ചെയ്‌തു. ഇന്നത്തെ കൈനീട്ടമാണ്‌. രമേശൻ പ്രാർത്ഥിച്ചുകൊണ്ട്‌ ആ തുക പോക്കറ്റിൽ നിക്ഷേപിച്ചു.

ശേഷം തന്നെ ശ്രദ്ധിച്ചിരിക്കുന്ന മദ്ധ്യവയസ്‌കയായ ആ സ്‌ത്രീയുടെയും യുവാവിന്റെയും അടുത്തേക്ക്‌ രമേശൻ ചെന്നു. ‘അമ്മയുടെ മുഖമൊന്നു വരയ്‌ക്കുമോ?’ ചെറുപ്പക്കാരൻ താല്‌പര്യത്തോടെ തിരക്കി. ‘പിന്നെന്താ….’ രമേശൻ സന്തോഷത്തോടെ അവരുടെ ഒപ്പമിരുന്നു. നിർവികാരയായി ഒരേ ഇരിപ്പായിരുന്നു ആ സ്‌ത്രീ. രമേശൻ തന്റെ മുഖം വരച്ചെടുക്കുന്നതിന്റെ സന്തോഷമൊന്നും അവരുടെ മുഖത്തു കണ്ടില്ല. പക്ഷേ ആ സ്‌ത്രീ രമേശനെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകളാണ്‌ രമേശൻ ആദ്യം വരച്ചത്‌. ആ കണ്ണുകൾ തന്നോടെന്തൊക്കയോ ചോദ്യങ്ങളെറിയുന്നതായി രമേശനു തോന്നി. തന്റെ അമ്മയുടെ അതേ പ്രായം കാണും ഈ സ്‌ത്രീക്ക്‌.

തന്റെ അമ്മ…. ഓർമ്മയുടെ ഒരറ്റത്ത്‌ അവ്യക്തമായ ഒരു രൂപം. ട്രെയിൻ ചൂളം വിളിച്ചുകൊണ്ടു മുൻപോട്ടു കുതിച്ചുകൊണ്ടിരുന്നു. വെന്റിലേഷനിലൂടെയുള്ള പുറംകാഴ്‌ചകൾ പിന്നോട്ടോടി.

റെയിൽപാളത്തിനപ്പുറത്തേക്കു വലിച്ചെറിയപ്പെട്ട തന്റെ ബാല്യം. ഇത്രയും നാളുകളായി താൻ തന്നോടു തന്നെ ചോദിച്ചുകൊണ്ടിരിക്കുന്ന ഒരേ ഒരു ചോദ്യം. അവർ എങ്ങോട്ടാണ്‌ പോയതെന്നല്ല. അവർ തന്നെ എന്തിനാണ്‌ ഉപേക്ഷിച്ചത്‌ എന്നതായിരുന്നു ആ ചോദ്യം. ചുണ്ടുകൾക്കിടയിൽ നിന്നും പെൻസിലിൽ ലക്ഷ്യം തെറ്റി വരച്ചു തീരാത്ത അവരുടെ കവിളിൽ ഒരു വര വീഴ്‌ത്തി. അതുമായ്‌ക്കുവാനൊരുങ്ങിയ രമേശൻ പെട്ടന്നു മടിച്ചു നിന്നു. ആ വരയുടെ അതേ സ്‌ഥാനത്ത്‌ അവരുടെ കവിളിലൊരു ചുളിവ്‌. ട്രെയിൻ ചൂളം വിളിയോടെ അടുത്ത സ്‌റ്റേഷനിൽ നിന്നു. ആ സ്‌ത്രീയുടെ കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരൻ രമേശന്റെ തൊഴിലിനെ ശല്യം ചെയ്യാതെ പുറത്തേക്കിറങ്ങി. രമേശന്റെ ശ്രദ്ധ മുഴുവൻ വരയിലായി. അവരുടെ മുടിയിഴകൾ രമേശന്റെ പെൻസിൽ തുമ്പിലൂടെ വരകളായി ചുരുണ്ടിറങ്ങി……

വലിച്ചെറിയപ്പെട്ടപ്പോൾ, തനിച്ചാക്കപ്പെട്ടപ്പോൾ രക്ഷകനായതു ജോസേട്ടൻ മാത്രമായിരുന്നുവെന്ന നനവുള്ള ഓർമ്മ ഇടയ്‌ക്കിടക്ക്‌ കയറിവരാറുണ്ട്‌. തന്നിൽ ഒരു കലാകാരനുണ്ടെന്നതു കണ്ടെടുത്തതും ജോസേട്ടനായിരുന്നു. ആ ജോസേട്ടൻ ഇപ്പോൾ മുനയൊടിഞ്ഞ പെൻസിൽപോലെ മുറിയുടെ ഒരറ്റത്ത്‌…. ആകെ ആശ്രയം താൻ മാത്രം.

ട്രെയിൻ വീണ്ടും പുറപ്പെടുന്നുവെന്ന അനൗൺസ്‌മെന്റ്‌ വന്നതോടെ രമേശന്റെ ശ്രദ്ധ വരയിൽ നിന്നും പുറത്തെ ആൾതിരക്കിലൊന്നുപാളി. നീങ്ങിതുടങ്ങുന്ന ട്രെയിനിലേക്ക്‌ ആളുകൾ ചാടിക്കയറുന്നുണ്ട്‌.

ആ ചെറുപ്പക്കാരനെവിടെ? അയാൾ കയറിക്കാണുമോ? കൂടെയുള്ളത്‌ മകനാണോ? രമേശൻ ആ സ്‌ത്രീയുടെ മുഖത്തേക്കു ചോദ്യമെറിഞ്ഞു. മറുപടി ദയനീയമായ ഒരു നോട്ടത്തിലൊതുങ്ങി. കിതച്ചും തളർന്നും ട്രെയിൻ മുൻപോട്ടു നീങ്ങിക്കൊണ്ടിരുന്നു. രമേശന്റെ കണ്ണുകൾ വീണ്ടും ബോഗിയിലേക്കു കയറിയ ആളുകൾക്കിടയിൽ ചെറുപ്പക്കാരനെ തിരഞ്ഞു. അയാൾ എവിടെ? അയാൾ വരുമോ വന്നില്ലെങ്കിൽ ഈ ചിത്രത്തിനാരാണ്‌ പ്രതിഫലം തരിക. രമേശൻ ആ സ്‌ത്രീയുടെ മുഖത്തേക്കു നോക്കി; ശേഷം, വരച്ചു തീർന്ന അവരുടെ ചിത്രത്തിലേക്കും. ആ ചിത്രത്തിന്‌ എന്തോ അപൂർണ്ണത പോലെ. പൂർത്തിയാകുവാൻ എവിടെയോ ഒരു വര വിട്ടു നിൽക്കുന്നു….

Generated from archived content: story1_may25_11.html Author: shameer_pattarumadom

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here