മെലിഞ്ഞു നീണ്ട ശരീരത്തില്‍ നിന്നും രണ്ടു കൈകള്‍ അതിശീഘ്രം ഉയര്‍ന്നു പൊങ്ങി താഴേക്കു പതിച്ചപ്പോള്‍ മണ്‍വെട്ടിയുടെ മൂര്‍ച്ചയേറിയ വക്കിനു താഴെ ആയിരമായിരം മണല്‍ത്തരികളുടെ നിലയ്ക്കാത്ത നിലവിളികള്‍ ബാപ്പൂട്ടി തിരിച്ചറിഞ്ഞു . ബാപ്പൂട്ടിക്കറിയാം മണല്‍ത്തരികളുടെ ഭാഷ. അടര്‍ത്തിമാറ്റപ്പെടുന്നതിന്റെ അമര്‍ഷമാണ് മൂര്‍ച്ചയേറിയ ആയുധങ്ങള്‍ക്കു കീഴെ മണല്‍ത്തരികള്‍ പ്രകടിപ്പിക്കുന്നത്. അതു തിരിച്ചറിയാമെങ്കിലും അവയെ നോവിക്കാതിരിക്കാന്‍ ബാപ്പൂട്ടിക്കു കഴിയില്ല. കാരണം അത് ബാപ്പൂട്ടിയുടെ തൊഴിലിന്റെ ഭാഗമാണ് . ഒരിക്കല്‍ എവിടേ നിന്നോ ഇവിടെ എത്തിച്ചേര്‍ന്ന ഒരു മധ്യവയസ്കന്‍. ഈ പള്ളിയിലെ ഖബറുകള്‍ക്കു കുഴിവെട്ടുന്ന ജോലിക്കാരനായി മാറി. അത്രയേ ബാപ്പുട്ടിയെ കുറിച്ചീ നാട്ടുകാര്‍ക്കറിയു. ആറടി അളവില്‍ കുഴിവെട്ടി മണല്‍ത്തരികള്‍ മുകളിലേക്ക് എറിയവേ പെട്ടന്നാണ് ബാപ്പൂട്ടിയുടെ ഹൃദയം നുറുങ്ങുന്ന ആ കാഴ്ച കണ്ടത്. ഖബറിനുള്ളില്‍ ഒരു വശത്ത് മണല്‍ത്തരികള്‍ ഇടിഞ്ഞു വീണ് ഉള്ളിലേക്ക് അഗാധമായ ഒരു ഗര്‍ത്തം രൂപം കൊണ്ടിരിക്കുന്നു. ഒരു ഗുഹയുടെ ഉള്‍ഭാഗം പോലെ ബാപ്പൂട്ടിയുടെ ഉള്ളൊന്നു പിടഞ്ഞു. മുഖം കുത്തി വീണു കിടക്കുന്ന ഗ്രാമത്തിലെ വീടുകള്‍ . ഒരു വലിയ തുരങ്കത്തിനുള്ളിലെ ഇരുട്ടിലൂടെ ആരൊക്കെയോ ഓടുന്നു , അലറിക്കൊണ്ട്….
ഭയചകിതനായ ബാപ്പുട്ടി കുഴിയില്‍ നിന്നും മുകളിലേക്ക് ചാടിക്കയറി. കിതച്ചും തളര്‍ന്നും മുന്‍പോട്ടു നടക്കവേ, ഒരു പിന്‍ വിളി ബാപ്പുട്ടിയെ പിടിച്ചു നിര്‍ത്തി, ബാപ്പുട്ടി..
ഭൂമിയിലെ ഒരു അവകാശിയുടെ ശബ്ദം.
മണ്ണെണ്ണ വിളക്കിന്റെ അരണ്ട വിളിച്ചത്തില്‍ ആമിനുവിന്റെ നാവില്‍ നിന്നും ഉതിര്‍ന്നു വീണ ആ വാക്കുകളായിരുന്നു അപ്പോള്‍ ബാപ്പുട്ടിയുടെ മനസില്. ‘’ ലോകാലോകങ്ങളുടെ സ്രഷ്ടാവേ … എന്നെ രക്ഷിക്ക്, എനിക്കിതെന്നില്‍ ഉള്‍ക്കൊള്ളാന്‍ തീരെ കഴിയുന്നില്ല നിന്റെ ഈ മഹാപ്രഭാവം… ഈ മഹാത്ഭുതം… ഞാന്‍ വളരെ ചെറിയ ഒരു ജീവിയാണല്ലോ എനിക്കു വയ്യ എന്നെ രക്ഷിക്ക്…’‘
ആമിനുവിന്റെ മലയാളം പാഠപുസ്തകത്തിലെ വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകളിലെ വരികള്‍ അതിലെ ഓരോ വാക്കും ആമിനുവിന്റെ ശബ്ദത്തില്‍ ചെവിക്കുള്ളില്‍ മുഴങ്ങുന്നുണ്ട്. ബാപ്പൂട്ടി …ഒരിക്കല്‍ കൂടി അദ്ദേഹമങ്ങനെ വിളിച്ചുവോ…?
അനുസരണയുള്ള കുട്ടിയേപ്പോലെ ബാപ്പുട്ടി അദ്ദേഹത്തിന്റെ ഖബറിനടുത്തേക്കു ചെന്നു. പച്ച തളിര്‍ത്ത കടലാവണക്കു ചെടിക്കു താഴെയുള്ള ശിലാഫലകത്തില്‍ വൈക്കം മുഹമ്മദു ബഷീര്‍ എന്ന പേര്‍ കൊത്തി വച്ചിരുന്നു. ബാപ്പുട്ടിയുടെ ജര കവര്‍ന്നു തുടങ്ങിയ കൈകള്‍ അ കടലാവണക്ക് ചെടിയില്‍ മുറുകെ പിടിത്തമിട്ടു. ഉള്ളില്‍ അതൊരു തരിപ്പായി ശരീരത്തിലേക്കിറങ്ങി . ഒരു ഞെട്ടല്‍ വേരുകള്‍ക്കു കീഴെ മണല്‍ത്തരികള്‍ സംസാരിക്കുകയാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയില്‍….
‘’ ഞാന്‍ വിളിച്ചപ്പോള്‍ എവിടെയായിരുന്നു…?’‘
മതിലുകളില്‍ നാരായണിയോട് ചോദിച്ച് അതേ ചോദ്യം.
” ഇവിടെ തന്നെയുണ്ടായിരുന്നു…’‘
ഉത്തരമായി നാവിന്‍ തുമ്പില്‍ വന്നതും മതിലുകളിലെ അതേ മറുപടി.
‘’ സുഖമല്ലേ?’‘
ചോദ്യം അങ്ങോട്ടായിരുന്നു.
‘ സുഖം …പരമസുഖം…’ ഉത്തരവും പെട്ടന്നു കിട്ടി.
‘ എന്തെക്കെയുണ്ടെടോ ബാപ്പുട്ടി തന്റെ വിശേഷങ്ങള്‍…?’‘
വിശേഷങ്ങള്‍.. അതും തനിക്ക്? എന്തു വിശേഷം…?
ഉണരുന്നതു മുതല്‍ ഉറക്കം വരെ ഇവിടുത്തെ മണല്‍ത്തരികളോടു മിണ്ടിക്കഴിയുന്നതല്ലാതെ തനിക്കു മറ്റെന്തു വിശേഷം . ‘ എന്താടോ കള്ള ബടുക്കൂസെ മറുപടി പറയത്തെ…?’ ഉത്തരം കിട്ടാത്തതിന്റെ നീരസം ആ ചോദ്യത്തിലുണ്ട് . ഓരോ ദിവസത്തേയും പോലെ എന്റെ വിശേഷങ്ങള്‍ ഇതൊക്കെത്തന്നെ . അല്ലാതെ പുതുതായി എനിക്കൊരു വിശേഷവുമില്ല.
” എങ്കില്‍ പഴയ വിശേഷങ്ങളാവട്ടെ… തന്റെ നാട്… ഭാര്യ.. മക്കള്‍.. അതൊക്കെ എന്നോട് പങ്കു വച്ചു കൂടെ ?’’
പെട്ടന്ന് മണല്‍ത്തരികള്‍ അകന്നു മാറി . തന്നെയാരോ താഴേക്കു പിടിച്ചു വലിച്ചു കൊണ്ടു പോകുന്നതായി ബാപ്പുട്ടിക്കു തോന്നി.
നാട്.. വീട്.. ഭാര്യ… മക്കള്‍ … ഓര്‍മ്മയിലെ അടര്‍ത്തിമാറ്റാനാവാത്ത വേദനകള്‍.
‘’ഒരു ചെറു ഗ്രാമം , പിന്നെയങ്ങോട്ട് ആയിരമായിരം മൈല്‍ വെറും പൊടിമണല്‍ നിറഞ്ഞ മരുഭൂമി . ചക്രവാളം . മഹാചക്രവാളം നിറയെ ഇതുപോലുള്ള ഒരു സന്ധ്യ. ഞാന്‍ ആ മരുഭൂമിയിലേക്കിറങ്ങി. ഏതാണ്ട് ഒരു മൈല്‍ നടന്നു കാണും. ചുറ്റും വെണ്‍പട്ടു വിരിച്ചതുപോലെ. മണല്‍പ്പരപ്പു മാത്രം. ഞാന്‍ ആ മഹാപ്രപഞ്ചത്തിന്റെ ഒത്ത നടുക്കു തനിച്ച് …തലക്കു മീതെ കൈകൊണ്ട് തൊടാവുന്ന ഉയരത്തില്‍ തെളിവേറിയ പൂര്‍ണ്ണചന്ദ്രന്‍’‘
”നോക്കിക്കോ ബാപ്പുട്ടി ഇക്കൊല്ലം നിന്റെ ആമിനുവിന് എസ്. എസ്. എല്‍. സി ക്ക് ഒരു ഡിസ്റ്റിംഗ്ഷന്‍ ഉറപ്പാ- മിടുക്കിയാ അവള്‍” തന്റെ തോളില്‍ തട്ടി ആമുനുവിന്റെ ഹൈസ്കൂളിലെ ഹരീന്ദ്രന്‍ മാഷ് അങ്ങനെ പറഞ്ഞപ്പോള്‍ ശരിക്കും സന്തോഷം കൊണ്ട് തന്റെ കണ്ണുകള്‍ നിറഞ്ഞു പോയി.
.ആമിനു …തന്റെ വിയര്‍പ്പിന്റെ പ്രതീക്ഷ മുഴുവന്‍ അവളിലാണ്.
ഫാത്തിമയുടെ മരണത്തിനു ശേഷം മറ്റൊരു വിവാഹത്തിനു തന്നെ പലരും നിര്‍ബന്ധിച്ചതാണ്. പക്ഷെ, താന്‍ സ്നേഹ പൂര്‍വം അതൊക്കെ നിരസിച്ചു.
ആമിനു …അവളാണ് തന്റെ ലക്ഷ്യം. അവളെ പഠിപ്പിച്ച് വലിയൊരാളാക്കണം. ഫാത്തിമ മരിക്കുമ്പോള്‍ ആമിനുവിന് അഞ്ചു വയസായിരുന്നു. ഫാത്തിമയുടെ മരണം ഏല്‍പ്പിച്ച ആഘാതം തന്റെ മനസിന്റെ സമനില തെറ്റുന്ന ഒരവസ്ഥയില്‍ വരെ എത്തിച്ചിരുന്നു . പക്ഷെ ആമിനുവിനെ പറ്റിയുള്ള ചിന്തകള്‍ തന്നെ മറ്റൊരു മനുഷ്യനാകുവാന്‍ പ്രേരിപ്പിച്ചു. വേദനകള്‍ ഉള്ളില്‍ കരഞ്ഞു പുറമെ ചിരിച്ചു കാട്ടുന്ന ഒരു മുഖം മൂടി അങ്ങനെ തനിക്കിടുത്തണിയേണ്ടി വന്നു.
ആമിനു വളര്‍ന്നു വരുന്തോറും ഫാത്തിമയെക്കുറിച്ചുള്ള വേദന ക്രമേണ കുറഞ്ഞു വന്നു. ‘ എന്താ ബാപ്പുട്ടി ഇന്നു പണിക്കൊന്നും പോകേണ്ടേ…?’‘
പിന്നില്‍ പരിചിതമായ ആരുടേയോ ശബ്ദമാണ് ഓര്‍മ്മകളില്‍ നിന്നുമുണര്‍ത്തിയത്.
നോക്കുമ്പോള്‍ …രാഘവന്‍ …കല്ല് രാഘവന്‍…തന്റെ ഉറ്റ മിത്രം.
‘‘ഇന്നാട്ടില്‍ തൂമ്പാപ്പണി ഇല്ലാണ്ടാവാ. പച്ച കിളുര്‍ക്കാന്‍ സ്ഥലമില്ല. സ്ഥലമൊക്കെ മനുഷേരു കയ്യടക്കി കെട്ടിടം പണിയാല്ലേ കാലം കഴീമ്പം തൂമ്പാപ്പണീന്ന് പറേണത് നമ്മടെ വര്‍ത്താനത്തീക്കൂടെ ഇല്ലാണ്ടാവും’’
രാഘവനെ കണ്ടപ്പോള്‍ ബാപ്പുട്ടിക്ക് പെട്ടന്നങ്ങനെ പറയാനാണു തോന്നിയത്. രാഘവന്‍ അതു ശരി വക്കും പോലെ തലകുലുക്കി.
‘’ അല്ലാ…. താനിന്നു പൊഴേ ചാടാന്‍ പൊയില്ലേ രാഘവാ…..?’‘ ബാപ്പുട്ടി ചോദിച്ചു. സാധാരണ കാണുന്നതില്‍ നിന്നും വിപരീതമായി നനയാത്ത വേഷത്തില്‍ രാഘവനെ കണ്ടപ്പോള്‍ ഉള്ളില്‍ തോന്നിയ സംശയം . ‘ ഇനി കൊറച്ചു നാളത്തെക്കു പൊഴേ ചാട്ടമൊക്കെ ഞാന്‍ നിര്‍ത്താന്‍ പോവ്വ ബാപ്പുട്ടി-ചേലമ്പ്രയിലെ വാസൂന്റെ വക ഒരുഗ്രന്‍ കോളൊത്തുവന്നിട്ടുണ്ട് . നിനക്കു പണി കൊറവാണേല്‍ എന്നോടു കൂടിക്കോ . മുടങ്ങാതെ ഒരഞ്ചാറു മാസത്തെ പണി തരാം . എന്താ… നല്ല കാശും കിട്ടും. ‘’
വളരെ ശബ്ദം താഴ്ത്തി രഹസ്യമെന്നോണമാണ് രാഘവനതു പറഞ്ഞത്.
‘അഞ്ചാറുമാസത്തെ പണീയോ …അതെന്താ എത്ര വല്യ കോള്‍…?’‘
സംശയത്തിനുത്തരമായി രാഘവന്‍ ചുണ്ടുകള്‍ ബാപ്പുട്ടിയുടെ ചെവിയിലേക്കടുപ്പിച്ചു വളരെ നേര്‍ത്ത ശബ്ദത്തില്‍ പറഞ്ഞു.
‘ പണ്ട് കാളിന്ദിപ്പൊഴ വഴി മാറിയൊഴുകിയ സ്ഥലത്ത് ഭൂമിക്കടിയിലെവിടെയോ രത്നങ്ങള്‍ കാണാന്‍ സാധ്യതയുണ്ടെത്രെ . വാസൂന്റെ ഒരനന്തരവനില്ലേ തിരുവ്ന്തോരത്തു പുരാവസ്തു വകുപ്പില്‍ ജോലിയുള്ള ആദിത്യന്‍. അവന്റെ കണ്ടുപിടിത്താത്രെ. ഇപ്പോള്‍ ഭൂമി തുരന്നു ആ രത്നങ്ങള്‍ കണ്ടെത്താന്‍ ഒരു പരിപാടി . വളരെ രഹസ്യമാ പുറത്താരും അറിയരുത്. അറിഞ്ഞാല്‍ എന്റെ മാത്രമല്ല ബാപ്പുട്ടിയുടേയും തല കാണില്ല ”. കേട്ടപ്പോള്‍ ബാപ്പുട്ടിക്ക് അവിശ്വസനീയതയും അമ്പരപ്പും തോന്നി. അതിനു മേലെ ഭയത്തിന്റെ ചിലന്തി വലകള്‍ കെട്ടിവരിഞ്ഞുകൊണ്ടിരുന്നു. ‘ ആലോയിച്ചു പതുക്കേ പറഞ്ഞാ മതി’. അങ്ങനെ കൂടി പറഞ്ഞിട്ടാണ് രാഘവന്‍ പോയത് . രാത്രി മുഴുവന്‍ ഉറങ്ങിയില്ല . ആമിനുവിന്റെ മുന്നോട്ടുള്ള പഠനത്തിന് തന്റെ തൂമ്പ തരുന്ന കാശു മതിയാകില്ല . രാഘവന്‍ ഇപ്പോള്‍ വച്ചു നീട്ടുന്നത് ഒരു കോളാണ്. അത് തട്ടിക്കളയാതിരിക്കുന്നതാണ് ബുദ്ധി.
ഒടുവില്‍ അങ്ങനെയൊരു തീരുമാനത്തില്‍ എത്തിച്ചേരെണ്ടി വന്നു . ഇളം തിണ്ണയിലെ പഠിപ്പു മതിയാക്കി ആമുനു മണ്ണെണ്ണ വിളക്ക് ഊതിക്കെടുത്തിയപ്പോള്‍ കരിഞ്ഞ മണത്തോടെ മുകളിലേക്കുയര്‍ന്ന പുകപടലത്തിനുമപ്പുറത്ത് , കുറച്ചു ദൂരെ കാളിന്ദിപ്പുഴയുടെ നനവറിഞ്ഞിട്ടുണ്ട്. കാളിന്ദിപ്പുഴയുടെ അടി ത്തട്ടില്‍ നിറയെ രത്നക്കല്ലുകളുണ്ടെന്നാണ് ഇവിടുത്തെ നാട്ടുകാരുടെ വിശ്വാസം. രത്നം മോഹിച്ചു കാളിന്ദിപ്പുഴയില്‍ ജീവന്‍ അര്‍പ്പിച്ചവരും രത്നങ്ങള്‍ സ്വന്തമാക്കി സമ്പന്നരായവരും ഏറെയുണ്ട്. അതിലൊരാണ് ചേലമ്പ്ര വാസു.
പക്ഷെ വാസു സമ്പന്നനായതിനു പിന്നില്‍ രാഘവന്റെ കഠിനാധ്വാനം കൂടിയുണ്ടെന്നുള്ളതാണ് ശരി. രാഘവന്‍ കാളിന്ദി പുഴയില്‍ ചാടുമ്പോഴൊക്കെ കയ്യില്‍ ഒന്നോ രണ്ടോ രത്നങ്ങള്‍ കിട്ടാറുണ്ടെത്രെ. ആ രത്നങ്ങള്‍ ചുളു വിലക്ക് സ്വന്തമാക്കുകയാണ് ചേലാമ്പ്ര വാസുവിന്റെ പണി. രത്നക്കല്ലിന് പകരമായി കാശുതന്നെ വേണമെന്ന് രാഘവനു നിര്‍ബന്ധമില്ല . ഒരു കുപ്പി മദ്യം കിട്ടിയാലും മതി. രാഘവനതു ധാരാളം . മദ്യത്തോടുള്ള രാഘവന്റെ ആര്‍ത്തി ശരിക്കും ചൂഷണം ചെയ്തിട്ടുണ്ട് ചേലമ്പ്ര വാസു.
‘‘ഉപ്പയെന്താ ആലോചിക്കുന്നത്….?’’
ആമിനുവിന്റെ ആ ചോദ്യത്തിനു മുന്‍പില്‍ ഉത്തരം പറയാനാവാതെ ബാപ്പുട്ടി ഒന്നു പരുങ്ങി. ഒന്നുമില്ല എന്ന അര്‍ത്ഥത്തില്‍ തലയാട്ടി തല്‍ക്കാലം ഉറക്കത്തിലേക്കു വീഴാന്‍ തുടങ്ങി.
പതിവില്ലാതെ രാവിലെ പുഴയിലേക്കാണു ശരീരം തണുപ്പിക്കാനെത്തിയത്. പുഴയിലിപ്പോള്‍ പ്രഭാത സൂര്യന്റെ ഓറഞ്ചു വെട്ടം ഓളപ്പരപ്പിനു മുകളില്‍ പകര്‍ന്നാടുന്നുണ്ട് . ഒന്നു ശ്രമിച്ചു നോക്കിയാല്‍ തനിക്കും കാളിന്ദിപ്പുഴ രത്നങ്ങള്‍ നല്‍കി അനുഗ്രഹിച്ചാലോ ..?.
ആ ചോദ്യമാണ് അതിരാവിലെ കാളിന്ദിപ്പുഴയിലടിയിലേക്കു ബാപ്പുട്ടിയെ വലിച്ചുകൊണ്ടു പോയത്. പക്ഷെ ഉത്തരമായി കിട്ടിയത് അഴുക്കുകലര്‍ന്ന കുറച്ചു ചെളി മണല്‍ . കുറച്ചു ദൂരെ വെള്ളത്തിനടിയിലേക്ക് ഊളിയിട്ട് കക്കകള്‍ വാരുന്ന സ്ത്രീകള്‍ ഇടക്കിടെ അയാളെ നോക്കി എന്തോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. താന്‍ ഭാഗ്യം പരീക്ഷിക്കാന്‍ വന്നവനാണെന്ന് അവര്‍ കരുതിയിരിക്കുന്നു. ഒന്നു രണ്ടു പ്രാവശ്യം കൂടി താന്‍ അതിനു വേണ്ടി ശ്രമിച്ചെങ്കിലും അവസാനം തോറ്റു പിന്മാറുകയായിരുന്നു. തന്റെ സ്ഥാനത്ത് രാഘവനായിരുന്നെങ്കില്‍ രത്നക്കല്ല് കൈക്കലാക്കിയിട്ടേ ഇവിടെ നിന്നും മടങ്ങുമായിരുന്നുള്ളു. കാളിന്ദിപ്പുഴയുടെ മകനാണു രാഘവന്‍ എന്ന് ഇവിടുത്തുകാര്‍ കളിയാക്കി പറയാറുണ്ട്. പുഴയുടെ ഓളപ്പരപ്പിനു മുകളില്‍ അനങ്ങാതെ മലര്‍ന്നു കിടക്കുമ്പോള്‍ അമ്മയുടെ മടിത്തട്ടില്‍ കിടക്കുന്ന കൊച്ചുകുട്ടിയുടെ പോലെയാണ് താനെന്ന് രാഘവന്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുള്ളതു ബാപ്പുട്ടി വെറുതെ ഓര്‍ത്തു.
ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവില്‍ തുരങ്കത്തിന്റെ പണി ആരംഭിച്ചു. ബാപ്പുട്ടിയും രാഘവനുമൊഴികെ ബാക്കിയുള്ള ജോലിക്കാരൊക്കെ പുറം നാട്ടുകാരാണ്. രഹസ്യ സ്വഭാവം ഉള്ള ജോലി ആയതിനാലാവണം വാസു പുറത്തു നിന്നും ആളെ ഇറക്കിയത്. രാഘവന്റെ കടുത്ത നിര്‍ബന്ധത്തിനു വഴങ്ങി മാത്രമാണ് തന്നെ ആ സംഘത്തില്‍ ഉള്‍പ്പെടുത്തീയത്. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ഏഴുമണിവരെയാണ് തുരങ്കത്തിന്റെ പണി നടക്കുന്നത്. ഇരുട്ടു വീണു കഴിഞ്ഞാല്‍ പിന്നെ ബുദ്ധിമുട്ടാണ്. ആദിത്യന്‍ പറഞ്ഞതു വെച്ചു കണക്കാക്കുമ്പോള്‍ ഏകദേശം രണ്ടു കിലോമീറ്റര്‍ നീളമെങ്കിലും ഭൂമി തുരക്കേണ്ടി വരും.
തുരങ്കം നിര്‍മ്മിക്കുവാന്‍ വേണ്ടി പുഴയുടെ തീരത്തുള്ള അഞ്ചേക്കറോളം വരുന്ന വസ്തുവും അതിലെ ചെറിയ വീടുകളും ചേലമ്പ്ര വാസു വിലക്കെടുക്കുകയായിരുന്നു. അതില്‍ ഒരു വീടിനുള്ളില്‍ നിന്നാണ് തുരങ്കത്തിന്റെ പണി ആരംഭിച്ചിരിക്കുന്നത്. അപരിചിതരായ ആരേയും ആ സ്ഥലത്തേക്ക് പ്രവേശിപ്പിച്ചില്ല.
തുരങ്കത്തിന്റെ പണി പുരോഗമിച്ചുകൊണ്ടെയിരുന്നു. ദിവസങ്ങള്‍ പണിക്കാരെ തുരങ്കത്തിലെ നീളത്തിനുള്ളിലേക്കു കൂട്ടിക്കൊണ്ടു പോയി. ഇപ്പോള്‍ ഇരുട്ടാണ്. കൂരിരുട്ട്. പരസ്പരം കണ്ണില്‍ നോക്കിയാല്‍ പോലും കാണാനാവില്ല. അത്രക്കിരുട്ട്. എങ്കിലും റാന്തല്‍ വിളക്കുകളും ഇലട്രിക് വിളക്കുകളും സഹായത്തിനെത്തിക്കൊണ്ടിരുന്നു. ഇടക്കു ജനറേറ്റര്‍ വച്ചു പരീക്ഷിച്ചു നോക്കിയതാണ് . പക്ഷെ അതിന്റെ അസഹ്യമായ ശബ്ദവും കറുത്ത പുകയും പണിക്കു തടസ്സമായി മാറി. പലര്‍ക്കും ശ്വാസം മുട്ടലുണ്ടായി. അതോടെ ജനറേറ്റര്‍ പുറത്തേക്കു കടത്തി. ഇടക്കു ഒന്നോ രണ്ടോ രത്നക്കല്ലുകള്‍ കയ്യില്‍ തടഞ്ഞത് പണിയുടെ ആവേശത്തിന് ആക്കം കൂട്ടി.
ഭൂമി ഇപ്പോള്‍ ഏകദേശം ഒന്നര കിലോ മീറ്റര്‍ നീളത്തില്‍ തുരന്നു കഴിഞ്ഞു. കൂടെയുണ്ടായിരുന്ന മറുനാടന്‍ പണിക്കാരന്റെ പക്കലുള്ള വടക്കുനോക്കിയന്ത്രത്തിന്റെ ദിശാബോധം കൊണ്ട് മനക്കണക്കു കൂട്ടിയ ബാപ്പുട്ടി ഒന്നു നടുങ്ങി. ഇപ്പോള്‍ ഏകദേശം തന്റെ വീടിന്റെ തൊട്ടു താഴെയെത്തിയിട്ടുണ്ടാവണം ഈ തുരങ്കം. നെഞ്ചില്‍ ആളിക്കത്തിയ അഗ്നിയില്‍ ചിന്തകള്‍ കനല്‍ കോരിയിട്ടുകൊണ്ടിരുന്നു. കാലുകള്‍ നഷ്ടപ്പെട്ട ശരീരങ്ങള്‍ കണക്കെ ഗ്രാമത്തിലെ വീടുകള്‍ നേര്‍ക്കാഴ്ചകള്‍ മനസിനേല്‍പ്പിച്ച ആഘാതവും പണി കഴിഞ്ഞു വന്നതിന്റെ വര്‍ദ്ധിച്ച ക്ഷീണവും ആമിനു വിളമ്പി തന്ന കഞ്ഞിയും പയറും ആര്‍ത്തിയോടെ കോരിക്കഴിക്കുവാന്‍ പ്രേരിപ്പിച്ചു. നിലത്തു പായ വിരിച്ചു അതിലേക്ക് തളര്‍ച്ചയോടെ തല ചായ്ക്കുമ്പോള്‍ ആമിനു പഠിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു.
‘’കാറ്റും ഇടികുടുക്കവുമുള്ള ഘോരരാത്രി വന്നു . വെളിച്ചത്തില്‍ മുങ്ങിയ ഇരുമ്പഴിക്കൂട്ടില്‍ ഞാന്‍ ഇരിക്കുന്നു. സ്ഫടിക കമ്പികള്‍ പോലെ മഴവെള്ളം വീഴുന്നുണ്ട്. ചരല്‍ വാരി എറിയുന്നതു പോലെ ഈശ്വരന്റെ അനുഗ്രഹം. പെയ്യട്ടെ മഴ. കൊടുങ്കാറ്റേ വീശിയടിച്ചോളൂ . പക്ഷെ മരങ്ങള്‍ ഒന്നും പിഴുതുതെറിയല്ലേ മേഘങ്ങളെ പതുക്കെ പതുക്കെ ഗര്‍ജ്ജിക്കുക’‘
ആമിനുവിന്റെ തട്ടിയുള്ള വിളിയാണ് ഉറക്കത്തില്‍ നിന്നും ഉണര്‍ത്തീയത്. പുറത്തു തിമിര്‍ത്തു പെയ്യുന്ന മഴയുടെ ശബ്ദം. വാതിലിനു പുറത്തു നനഞ്ഞ വേഷത്തില്‍ നില്‍ക്കുന്ന രാഘവനെ മിന്നല്‍ വെളിച്ചത്തില്‍ കണ്ടു . ഭയവും പരിഭ്രമവും നിറഞ്ഞ രാഘവന്റെ മുഖഭാവം ബാപ്പുട്ടിയോട് എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. ആമിനുവിനെ തനിച്ചാക്കി രാഘവനോടൊപ്പം അവിടെക്കു മഴ നനഞ്ഞു നടക്കുമ്പോള്‍ അകലെങ്ങോ പൊട്ടി വീണ മഴക്കാറിന്റെ ഗര്‍ജനം തന്റെ നെഞ്ചിലാണു മുഴങ്ങുന്നതെന്നു ബാപ്പുട്ടിക്കു തോന്നി. നിനച്ചിരിക്കാതെ പെയ്ത പെരുമഴയില്‍ തുരങ്കത്തിനുള്ളിലേക്കു വെള്ളം കേറിയിരിക്കുന്നു . അങ്കലാപ്പോടെ അവിടേക്കു ചെല്ലുമ്പോള്‍ പുറമ്പണിക്കാര്‍ പുറത്തേക്കു വെള്ളമൊഴുകിപ്പോകാന്‍ ചാലു വെട്ടി കൊടുക്കുന്നതാണു കണ്ടത് . ഉള്ളിലേക്കു കയറാന്‍ അവര്‍ക്കു ഭയം. തുരങ്കമെങ്ങാനും മഴയില്‍ ഇടിഞ്ഞു വീണാലോ. മനസിന്റെ സമനിലതെറ്റിയമാതിരി അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്ന ചേലാമ്പ്ര വാസുവും അനന്തരവന്‍ ആദിത്യനും . വീശിയടിച്ച കാറ്റ് റാന്തലില്‍ന്റെ അവസാന വെട്ടവും കെടുത്തി കടന്നു പോയി. തുരങ്കത്തിനുള്ളില്‍ കയറിയ വെള്ളം പുറത്തേക്കൊഴുക്കി വിട്ടില്ലെങ്കില്‍ ഒരു വലിയ ദുരന്തം തന്നെ ഉണ്ടായേക്കാം. ഇപ്പോഴെത്തെ അവസ്ഥയില്‍ തുരങ്കത്തിനുള്ളില്‍ കയറാനുള്ള ധൈര്യം കൂട്ടത്തില്‍ ആര്‍ക്കുമുണ്ടെന്നു തോന്നുന്നില്ല. ഒരു തിരുമാനമെടുക്കാന്‍ സമയം കിട്ടുന്നതിനു മുമ്പേ രാഘവന്‍ ബാപ്പുട്ടിയുടെ കയ്യില്‍ മുറുകെ പിടിച്ചു തുരങ്കത്തിനുള്ളിലേക്കു നടന്നു. രാഘവന്റെ കയ്യിലെ ചെറിയ ടോര്‍ച്ചു വെട്ടത്തില്‍ മുന്‍പോട്ടു നടക്കവെ വെള്ളത്തിന്റെ അളവ് ക്രമേണ കുറഞ്ഞുവരുന്നതായി ബാപ്പുട്ടിക്കു തോന്നി. കൂരുരുട്ടില്‍ രാഘവന്‍ തെളിച്ചു തന്ന ചെറിയ വെളിച്ചത്തില്‍ വെള്ളമൊഴുകി മാറാന്‍ ഇരുവശവും ചാലുവെട്ടികൊടുക്കെ , പെട്ടന്ന് ആരോ പിടിച്ചു കുലുക്കിയതു പോലെ … തെറിച്ചു വീണ ടോര്‍ച്ചിന്റെ വെട്ടത്തില്‍ കുറച്ചു മാറി ആരോ എടുത്തെറിഞ്ഞതു പോലെ രാഘവന്. അവിടേക്ക് ഓടിയെത്താന്‍ കഴിഞ്ഞില്ല. അതിനു മുന്‍പേ ബാപ്പുട്ടിയും മലര്‍ന്നടിച്ചു വീണിരുന്നു . താഴെക്കുള്ള വീഴ്ചയില്‍ മുകള്‍തട്ടിളകുന്നതും മണ്ണു വകഞ്ഞു മാറ്റി മഴവെള്ളം ശക്തിയോടെ അകത്തേക്കിരച്ചു വന്നതും അയാളുടെ ഓര്‍മ്മയിലുണ്ട്. ചിലപ്പോള്‍ അങ്ങിനെയാണ് . തയ്യാറെടുപ്പുകള്‍ ഇല്ലാതെ മരണത്തെ മുന്‍പില്‍ കാണുമ്പോള്‍ അങ്കലാപ്പുകള്‍ ഇല്ലാതെ നാം അതിനെ സ്വീകരിക്കും . അത്തരമൊരവസ്ഥയില്‍ ആയിരുന്നു ബാപ്പുട്ടിയും.
പക്ഷെ മരണം ബാപ്പുട്ടിയെ മാത്രം കൈവിട്ടു പോയി . തിരിച്ചു കിട്ടിയ ബോധം കണ്ണുകളെ തുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുട്ടു തന്നെയായിരുന്നു മുന്‍പില്‍ . കണ്ണില്‍ കയറിയിരുന്ന മണല്‍ത്തരികളെ ചാറ്റല്‍ മഴ തട്ടിത്തെറുപ്പിച്ചപ്പോള്‍ മുന്‍പില്‍ തെളിഞ്ഞത് നടുക്കുന്ന കാഴ്ചയായിരുന്നു. തുരങ്കത്തിനുള്ളിലേക്കാഴ്ന്നു പോയ വീടുകള്‍ക്കിടയില്‍ നിന്നും ചതഞ്ഞ മനുഷ്യരുടെ ദീനരോദനങ്ങള്‍. അരക്കൊപ്പം പൊങ്ങിയ മലവെള്ളത്തില്‍ കാളിന്ദിപ്പുഴയുടെ സംഹാരതാണ്ഡവം . പൊങ്ങുതടികള്‍ പോലെ ഒഴുകി വരുന്ന ശവശരീരങ്ങള്‍ തനിക്കു ചുറ്റും വട്ടമിട്ടപ്പോള്‍ അവരുടെ നടുവില്‍ ഒരു ചോദ്യചിഹ്നം പോലെ മുഖം കുനിച്ചു നിന്നു. ഒഴുകി വന്ന വടക്കു നോക്കിയന്ത്രം ദിശയറിയാതെ വട്ടം കറങ്ങിക്കൊണ്ടിരുന്നു.
ചെളിയില്‍ പൂണ്ട കാലുകളെ പുറത്തേക്കു വലിച്ചെടുത്തു മുമ്പോട്ടു നീന്തി നടക്കവെ ഹൃദയത്തെ നെടുകെ പിളര്‍ന്നുകൊണ്ടുള്ള ആ കാഴ്ച കണ്ടു. തുരങ്കത്തിനുള്ളിലേക്കു മുഖം പൂഴ്ത്തി സ്വന്തം വീട്.
‘റബ്ബേ… എന്റെ ആമിനുമോള്‍… ആമിനു… മോളേ…ആമിനൂ…’ ബാപ്പുട്ടിയുടെ വാക്കുകള്‍ മുറിഞ്ഞു വീണു . പ്രകൃതിയേപ്പോലും നടുക്കുന്ന ശബ്ദത്തില്‍ വേദനയോടെ നിലവിളിച്ചപ്പോള്‍ അതിനുത്തരമെന്നോണം കാറ്റില്‍ പറന്നു വന്ന ഒരു കീറിയ പേപ്പര്‍ കഷ്ണം ബാപ്പുട്ടിയുടെ കയ്യിലെത്തപ്പെട്ടു. ‘’ മരുഭൂമിയില്‍ ദാഹിച്ചു തളര്‍ന്ന യാത്രക്കാരന്‍ കാണുന്ന തെളിനീര്‍ തടാകം വെറും മരീചിക. അതുപോലെ എല്ലാം മറഞ്ഞു പോയി. പക്ഷെ ഉണര്‍ന്ന ആത്മാവ്. പൊട്ടാന്‍ പോകുന്ന ഹൃദയം’‘
അരക്കുമുകളിലേക്കുയര്‍ന്നിരച്ചു വന്ന മഴവെള്ളം ആ പേപ്പര്‍ കവര്‍ന്നെടുത്തുകൊണ്ടുപോയി അപ്പോള്‍ പ്രകൃതി കരയുന്നുണ്ടായിരുന്നു. നഷ്ടപ്പെട്ടവരെയോര്‍ത്ത്.
കടലാവണക്കു ചെടിയുടെ പച്ചിലത്തുമ്പില്‍ തങ്ങി നിന്ന ഒരിറ്റു ജലകണം ബാപ്പുട്ടിയുടെ കൈകളില്‍ തട്ടിച്ചിതറിപ്പോയി. മെല്ലെ വീശി ബാപ്പുട്ടിയെ തഴുകികടന്നു പോയ കാറ്റില്‍ ആത്മാവിന്റെ അടക്കിയ തേങ്ങല്‍ . വേദനകളുടെ ഭാരം ഇറക്കിവെച്ചു തിരികെ നടക്കുമ്പോള്‍ മുന്‍പില്‍ ആരോ ഇട്ടുതന്ന പോലെ ഒരു റോസാപ്പൂവ്. അന്നേരം ബാപ്പുട്ടിയുടെ മനസില്‍ ആമിനു വായിച്ചു പൂര്‍ത്തിയാക്കിയ മതിലുകളിലെ അവസാന വരികള്‍ തെളിഞ്ഞു.
‘’ ഞാന്‍ തനിച്ചായി. ഞാന്‍ ആ സുഗന്ധം പരത്തുന്ന ചുവന്ന റോസാപ്പു കയ്യിലെടുത്ത് നോക്കിക്കൊണ്ട് ആ പെരുവഴിയില്‍ സ്തബ്ധനായി വളരെ നേരം നിന്നു.’‘
Generated from archived content: story1_may10_12.html Author: shameer_pattarumadom