ശബ്ദവും വെളിച്ചവും

സഖാക്കളെ … റഷ്യയില്‍ എന്താണ്സംഭവിച്ചത്…..? കാള്‍മാക്സ് എന്താണ് പറഞ്ഞത്…? ഇവിടെ എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത്…..?

തന്നേപ്പോലെ തന്റെ മുന്‍പില്‍ നീണ്ടുവളഞ്ഞു നില്‍ക്കുന്ന മൈക്കിലൂടെ ആ നേതാവ് ഉത്തരം പറയാത്ത ചോദ്യങ്ങള്‍ അലറി ചോദിക്കവേ സദസ്സിന്റെ മുന്‍ നിരയില്‍ സ്ഥാനം പിടിച്ചിരുന്ന അയാളുടെ ഭാര്യയും മകളും മുഖത്തോടു മുഖം നോക്കി. രണ്ടുപേര്‍ക്കുമിടയില്‍ ഒരു പരിഹാസച്ചിരി സ്ഥാനം പിടിച്ചത് മൈക്കുസെറ്റുകാരന്‍ ആന്റണി മാത്രം കണ്ടുപിടിച്ചു. നേതാവിന്റെ ശബ്ദത്തിന്റെ ഗാംഭീര്യം കൂട്ടുകയും കുറയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അയാള്‍. വര്‍ഷങ്ങളായി ഈ മൈക്കിനു മുന്‍പില്‍ വന്നുനില്‍ക്കുന്ന പലരുടേയും ശബ്ദം അയാളുടെ കൈകളില്‍ നിയന്ത്രണവിധേയമായിക്കൊണ്ടിരുന്നു. ശബ്ദത്തിന്‍ എന്തെങ്കിലും പാളിച്ച സംഭവിച്ചാല്‍ ചാക്കോച്ചന്‍ മുതലാളി തന്റെ കൂലിയുടെ പകുതി കട്ടു ചെയ്യുമെന്ന് തനിക്കല്ലേ അറിയൂ. പിശുക്കനാണ് ചാക്കോച്ചന്‍ മുതലാളി. താനല്ലാതെ മറ്റൊരു ജോലിക്കാരനും സ്ഥിരമായി അയാളുടെ കൂടെ നിന്നിട്ടില്ല. നല്ലൊരു തുകയ്ക്കാണ് പാ‍ര്‍ട്ടിയുടെ ഇന്നത്തേ പരിപാടി ചാക്കോച്ചന്‍ ക്വട്ടേഷന്‍ പിടിച്ചിരിക്കുന്നത്. നേതാക്കളുടെ പ്രസംഗങ്ങള്‍ക്കു ശേഷം പാര്‍ട്ടിയുടെ അരങ്ങേറ്റ നാടകവുമുണ്ട്. നിങ്ങളെന്നെ കള്ളനാക്കി.

പാര്‍ട്ടിയുടെ പരിപാടി അവസാനിച്ച ശേഷം കര്‍ട്ടനു പിന്നില്‍ നാടകത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നു.

കലാസംവിധായകന്‍ വിനായകന്‍ നാടകത്തിനായുള്ള രംഗപടം തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.

ആന്റണിയുടെ ശ്രദ്ധ അയാളിലേക്കായി.

രംഗപടം പൂര്‍ത്തിയായപ്പോള്‍ അതൊരു ഹോസ്പിറ്റലാണെന്നു ആന്റണിക്കു മനസിലായി.

ശരിക്കുമൊരു ഹോസ്പിറ്റല്‍ തന്നെ.

പെട്ടെന്ന് ആന്റ്ണിയുടെ ഉള്ളൊന്നു പിടഞ്ഞു.

ഹോസ്പിറ്റല്‍ … ഓടി നടക്കുന്ന സിസ്റ്റര്‍മാര്‍. ഡോക്ടറുടെ പരിഭ്രാന്തി നിറഞ്ഞ മുഖഭാവങ്ങള്‍ ഓപ്പറേഷന്‍ റൂമിലേക്കു അതിവേഗത്തില്‍ തള്ളിക്കയറ്റിയ സ്ട്രെക്ചറില്‍ നിന്നും അപ്പാ എന്നൊരു നിലവിളി … തേന്‍ മൊഴിയുടേത്…

തേന്‍ മൊഴി… ഓരോ നിമിഷവും മരണത്തോടു പോരാടി തളരുകയാണ് ആ പെണ്‍കുട്ടി.

തേന്മൊഴി … തനിക്കവള്‍ ആരാണ് …? മകളേപ്പോലെ … അല്ല …മകള്‍ തന്നെ അതിനുമപ്പുറം അറ്റൊരു വാക്കില്ല .

വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ഉത്സവപറമ്പില്‍ നിന്നാണ് അവളെ തനിക്കു ലഭിച്ചത്.

ആല്‍മരത്തിനു മുകളില്‍ കെട്ടിവച്ചിരുന്ന കോളാ‍മ്പിയഴിച്ച് വയറുകള്‍ ചുരുട്ടി ചുരുട്ടി മരത്തില്‍ നിന്നും ഊര്‍ന്നിറങ്ങവെയാണ് ആ കാഴച കണ്ടത് . നാലഞ്ചു തടിമാടന്മാര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ… പത്തോ പന്ത്രണ്ടോ വയസ്സു പ്രായം കാണും ആ കുട്ടിക്ക് ഒന്നു നിലവിളിക്കാന്‍ പോലുമാകാതെ കിടന്നു പിടയുകയാണവള്‍. ചുറ്റും ചിതറിക്കിടക്കുന്ന കപ്പലണ്ടി നിറച്ച പേപ്പര്‍ കുമ്പിളുകള്‍.

പെട്ടന്നാണ് തനിക്കൊരു ബുദ്ധി തോന്നിയത് . അല്ലെങ്കില്‍ കര്‍ത്താവ് അങ്ങനെയൊരു ബുദ്ധി തോന്നിപ്പിച്ചത്. കോളാമ്പിയുടെ പിറകില്‍ ചുണ്ടുകള്‍ ചേര്‍ത്ത് താന്‍ ഉറ‍ക്കെ നിലവിളിച്ചു. ശരിക്കും മൈക്കിലൂടെയുള്ള ശബ്ദം പോലെ തോന്നിച്ചിരുന്നു അത്.

എവിടെ നിന്നൊക്കെയോ ഓടിക്കൂടിയ രക്ഷകര്‍..

കീറിയ വസ്ത്രങ്ങല്‍ വാരിച്ചുറ്റി തന്നെ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു അവള്‍.

അവളൊരു അനാഥയാണെന്നും അവളുടെ പേര്‍ തേന്മൊഴിയാണെന്നുമൊക്കെ അറിയുന്നത് അപ്പോഴാണ്.

പിന്നെയവള്‍ തന്റെ ജീവിതത്തിന്റെ ഭാഗമായി വാത്സല്യവും സ്നേഹവും കൊണ്ടവള്‍ തന്നെ പരിചരിച്ചു സ്വന്തം പിതാവിനേപ്പോലെ തന്നെ.

കുടുംബവും കുട്ടികളുമൊന്നുമില്ലാതെ അലക്ഷ്യമായി വളര്‍ന്ന തനിക്കവള്‍ ശരിക്കും വഴികാട്ടിയായി മാറി. ഒരു മകളുടെ സ്നേഹമെന്താണെന്നു താനറിഞ്ഞു അവളിലൂടെ. സന്തോഷം നിറഞ്ഞ നാളുകള്‍.

പക്ഷെ കര്‍ത്താവിന്റെ തീരുമാനം മറ്റൊന്നായിരുന്നു. അല്ലെങ്കിലും അവനാനല്ലോ കഥയെഴുതുന്നവന്‍. നമ്മള്‍ കഥയറിയാതെ ആടിത്തിമിര്‍ക്കുന്ന കഥാപാത്രങ്ങള്‍ മാത്രം.

ഒരു നാള്‍ അവള്‍ നിര്‍ത്താതെ ചുമച്ചു ചോര തുപ്പിയപ്പോള്‍ വലിയൊരു ദുരന്തത്തിന്റെ പടിവാതില്‍ക്കലാണ് തങ്ങളെന്ന് അറിഞ്ഞിരുന്നില്ല.

ബ്ലഡ് ക്യാന്‍സറിന്റെ രൂപത്തില്‍ മരണം അവളെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം ഡോക്ടറുടെ വാക്കുകളിലൂടെ തിരിച്ചറിഞ്ഞപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയായിരുന്നു താന്‍.

നിറഞ്ഞു കവിഞ്ഞ സദസ്സിനു മുന്‍പില്‍ പെട്ടന്നു ശബ്ദവും വെളിച്ചവും പോയാല്‍ എന്താണു സംഭവിക്കുക? ലോകം മുഴുവന്‍ കേള്‍ക്കുമാറുച്ചത്തിലുള്ള കൂവലുകള്‍‍ക്കു മുന്‍പില്‍ എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷത്തേക്കെങ്കിലും പകച്ചു പോകുന്ന മൈക്കുസെറ്റുകാരന്റെ അങ്കലാപ്പ്. ആ ഭാവത്തിനുമപ്പുറത്തായിരുന്നു താ‍നപ്പോള്‍.

അവളുടെ ജീവന്‍ നിലനിര്‍ത്താനുള്ള ഓട്ടത്തിലായിരുന്നു പിന്നീട് താന്‍. ചില സന്നദ്ധ സംഘടനകള്‍ മുടങ്ങാതെ എത്തിക്കുന്ന സഹായമാണ് കുറച്ചെങ്കിലും തന്റെ ആശ്വാസം.

ഇപ്പോളവളുടെ നില തീര്‍ത്തും വഷളായിരിക്കുന്നു. ഒരു മേജര്‍ ഓപ്പറേഷന്‍ വേണ്ടി വരും അതും ഒരാഴ്ചക്കുള്ളില്‍ … മൂന്നു ലക്ഷം രൂപ വേണം ഈ ചുരുങ്ങിയ ദിനങ്ങള്‍‍ക്കുള്ളില്‍.

ഒരു അട്ടഹാസം മൈക്കിലൂടെ ഒഴുകിയെത്തി ചിന്തകളില്‍ നിന്ന് അയാളെ കുത്തിയുണര്‍ത്തി. ക്രൂരതയുടെ ഒടുക്കത്തെ ചിരി .ആന്റണി ഒരു നിമിഷത്തേക്കെങ്കിലു ഞെട്ടിത്തരിച്ചു… എവിടെയാണ് ആ വാക്കുകള്‍ കേട്ടത്.

ഒരിക്കല്‍ കൂടി കേട്ട അട്ടഹാസത്തിനു പുറമെ ബെല്‍ ശബ്ദം കേട്ടപ്പോഴാണ് നാടകത്തിന്റെ ഇടവേളയെത്തിയെന്ന് ആന്റണിക്കു മനസിലായത്.

സ്റ്റേജിലേക്കു കയറുന്ന ചവിട്ടു പടിയില്‍ അസ്വസ്ഥമായ മനസുമായി ആന്റണീയിരുന്നു.

സ്റ്റേജിലേക്കു പടികയറി വരുന്ന നേതാവിന്റെ ഭാര്യയും മകളും അവരെകണ്ട് ഒതുങ്ങി മാറുന്നതിനായ് എഴുന്നേറ്റതാണ്. പക്ഷെ ബാലന്‍സ് തെറ്റി വേദിയുടെ മുന്‍പിലേക്കു വീണു പോയി.

സദസ്സില്‍ ഉയര്‍ന്ന പരിഹാസ ചിരികളില്‍ നിന്നും രക്ഷ നേടാനായി ആന്റണി സ്റ്റേജിനു പിന്നിലെയ്ക്കു വലിഞ്ഞു.

ഗ്രീന്‍ റൂമിലെ നാടകത്തിലെ ആര്‍ട്ടിസ്റ്റുകളോടു കുശലം പറയുകയാണ് നേതാവിന്റെ ഭാര്യയും മകളും ശ്രദ്ധ അവരിലേക്കായി.

തടിച്ചുരുണ്ട ശരീരങ്ങളില്‍ അവിടെയുമിവിടെയുമെത്താന്‍ മടി കൂട്ടുന്ന വസ്ത്രങ്ങള്‍ക്കു മീതെ കഴുത്തിനെ ചുറ്റും ഞെരിച്ച് ശ്വാസം മുട്ടിക്കുമാറ് പിടിച്ചു ഞാണു കിടക്കുന്ന വിലകൂടിയ ആഭരണങ്ങള്‍.

ആന്റണിയുടെ മനസ് വീണ്ടും അസ്വസ്ഥമായി .

ഇടവേളക്കു ശേഷം നാടകം ആരംഭിക്കാന്‍ ബെല്‍ മുഴങ്ങി.

പെട്ടന്നാണ് ആഡിറ്റോറിയം മുഴുവന്‍ ഇരുട്ടു വീണത്.

നിത്താതെയുള്ള കൂവലുകള്‍ …തെറിവിളികള്‍ …

നിമിഷങ്ങള്‍ക്കു ശേഷം ആളുകളുടെ കൂവലുകള്‍ക്കു മേല്‍ വെട്ടം വീണു.

നാടകം വീണ്ടും തുടങ്ങി. സ്റ്റേജിനുള്ളില്‍ വിനായകന്‍ ഹോസ്പിറ്റലിന്റെ രംഗപടം മാറ്റി അവിടെ ഒരു പോലീസ് സ്റ്റേഷന്‍ ആക്കി രൂപാന്തരപ്പെടുത്തിയിരുന്നു.

ഒരു മധ്യവയസ്ക്കനെ മര്‍ദ്ദിക്കുന്ന പോലീസുകാര്‍.

അ രംഗം കണ്ട് അസ്വസ്ഥനായ ആന്റണി സ്റ്റേജിനു പിന്നില്‍ നിന്നും ഇരുട്ടിലേക്ക് ഇറങ്ങി നടന്നു.

പിന്നില്‍ ഓടി വരുന്ന ആ‍രുടെയൊക്കെയോ കാലൊച്ചകള്‍

ഒരു നിമിഷം ഞെട്ടിത്തിരിഞ്ഞു നോക്കി പോയി … പോലീസ് യൂണിഫോമണിഞ്ഞ കുറച്ചു ചെറുപ്പക്കാര്‍ കൂട്ടത്തില്‍ ആ നേതാവുമുണ്ട് അയാളുടെ ഭാര്യയും മകളും.

ആന്റണിയുടെ മുഖമടച്ച് ഒരടി വീണു.

താഴേക്കു വേച്ചു വീഴുവാനൊരുങ്ങിയ അയാളുടെ അഴുക്കു പുരണ്ട ഉടുമുണ്ട് അവര്‍ പറിച്ചെടുത്തു.

മടിക്കുത്തില്‍ നിന്നും താഴേ വീണു തിളങ്ങുന്ന ആഭരണങ്ങള്‍.

താഴേയ്ക്കു വീണ കര്‍ട്ടനു പിറകില്‍ ആരുടേയോ ശബ്ദം മൈക്കിലൂടെ മുഴങ്ങി.

അടുത്ത ഒരു രംഗത്തോടെ ‘’ നിങ്ങളെന്നെ കള്ളനാ‍ക്കി’‘ എന്ന നാടകം ഇവിടെ പൂര്‍ണ്ണമാകുന്നു.

Generated from archived content: story1_feb25_12.html Author: shameer_pattarumadom

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here