വാൾത്തലപ്പിനാൽ യുവത്വമാഘോഷിക്കുന്നവർ

അജിത്‌, വയസ്‌ 28. ഇഷ്‌ടം, മധുസൂദനൻ നായരുടെ കവിതകൾ ഉറക്കെ ചൊല്ലുന്നത്‌. നാടകങ്ങൾ അഭിനയിക്കണമെന്ന്‌ ഏറെ ആഗ്രഹം. വിദ്യാഭ്യാസകാലത്ത്‌ മികച്ച സംഘാടകനായ വിദ്യാർത്ഥി. സ്‌കൂൾ ലീഡർ എന്ന നിലയിൽ അധ്യാപകർക്കും സഹപാഠികൾക്കും പ്രിയങ്കരനായിരുന്നു. നാട്‌ എറണാകുളം ജില്ലയിലെ ഒരു തീരദേശ ഗ്രാമം. മത്സ്യബന്ധനമേഖലയിൽ തൊഴിൽ. വരുമാനം ദിവസേന അഞ്ഞൂറ്‌ രൂപയിലേറെ.

കുറച്ചുനാൾമുമ്പ്‌, തന്റെ പ്രതിശ്രുത വധുവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ, ഒരു സംഘം ആളുകൾ കാറിടിപ്പിച്ച്‌ ഇവരെ വീഴ്‌ത്തുകയും അതിക്രൂരമായി അജിത്തിനെ വധിക്കുകയും ചെയ്‌തു. മഴുവിന്റെ വെട്ടേറ്റ്‌ ഉടലിൽ നിന്നും തല അറ്റുപോകാതിരുന്നത്‌ കഴുത്തിലെ തൊലിയുടെ അവസാന പിടുത്തം കൊണ്ടുമാത്രം.

അജിത്‌-മറ്റൊരു മുഖം-ആറടിയിലേറെ ഉയരം, അരയിൽ സുരക്ഷയ്‌ക്കായി സന്തതസഹചാരിയായ റിവോൾവർ. ക്വട്ടേഷൻ ഏൽപ്പിക്കുന്നവർക്ക്‌ വിശ്വസ്തനായ ഗുണ്ട. കൃത്യമായി ശത്രുവിനെ ആക്രമിക്കുന്നതിൽ പരിചിതൻ. എത്രപേർ വന്നാലും ചങ്കുറപ്പോടെ പൊരുതാനുളള ആത്മവിശ്വാസം.

പകയുടെ പിന്നിൽ

ഉണ്ണി, വയസ്‌ 29, അജിത്തിന്റെ കളികൂട്ടുകാരൻ. മദ്യപാനം, പുകവലി എന്നീ ശീലങ്ങൾ ഇല്ല. ദൈവഭക്തൻ. സൗമ്യമായ മുഖഭാവം. എന്നാൽ കേരളത്തിലെയും തമിഴ്‌നാട്ടിലെയും അറിയപ്പെടുന്ന ഏറ്റവും വലിയ ഗുണ്ടാനേതാക്കളിൽ ഒരുവൻ.

ബാല്യകാലം ഇരുവരും ഒരുമിച്ചുതന്നെ. ഒരേ പാത്രം, ഒരേ പായ. കൂട്ടുകാരന്റെ ദേഹത്ത്‌ പോറലേറ്റാൽ പോലും ചങ്കുപിടയുന്ന പ്രകൃതക്കാർ. മാറ്റം പെട്ടെന്നായിരുന്നു. കേരളത്തിലെ മറ്റെല്ലായിടങ്ങളിലും എന്നപോലെ ഈ ഗ്രാമത്തിലും പുതിയ കാലത്തിന്റെ ദുരന്തപൂർണമായ ചലനങ്ങൾ എത്തിത്തുടങ്ങി. ബ്ലേഡ്‌ മാഫിയ, ചിട്ടിക്കമ്പനികൾ, മദ്യമാഫിയക്കാർ, അഴിമതി രാഷ്‌ട്രീയത്തിന്റെ ഇടപെടലുകൾ… പ്രശ്‌നങ്ങൾ ‘ഒത്തുതീർപ്പാക്കാൻ’ ചാവേറുകളെ തേടുന്ന കാലം. കൈനിറയെ പണം. നക്ഷത്ര സമാനമായ ജീവിതം. അജിത്തും ഉണ്ണിയും വലിയ മോഹങ്ങളുമായി പുതിയ ചാലിലേയ്‌​‍്‌ക്ക്‌. പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ ഉണ്ണി കേമനായിരുന്നു. ഓപ്പറേഷനുകൾ നടത്തുന്നതിൽ അജിതും. പിന്നീടിവരുടെ രാജവാഴ്‌ചയായിരുന്നു. നാട്ടിലെ തണ്ടും തടിയുമുളള ചെറുപ്പക്കാരെല്ലാം ഇവരുടെ കൂടെ. വല്ലാതെ ഒഴുകിയെത്തിയ പണം ഇവരുടെ ജീവിതത്തിൽ നിന്നും ആത്മബന്ധത്തിന്റെ കണക്കില്ലാത്ത സ്‌നേഹം തുടച്ചു കളഞ്ഞു. പണമെറിയുന്നവന്റെ കൈകളിൽ അമ്മാനമാടാനുളള പാവകളായി മാറിയത്‌ പോലും ഇരുവരുമറിഞ്ഞില്ല. ചില്ലറ പിണക്കങ്ങൾ. എരിവ്‌ കയറ്റാൻ കൂടെ നില്‌ക്കുന്നവരും സ്വാർത്ഥലാഭക്കാരും. പകയുടെ പുതിയ കണക്കുകൾ ഇരുവരും എഴുതിത്തുടങ്ങി. നാട്ടിലെ ചിട്ടിക്കമ്പനിക്കാരും രാഷ്‌ട്രീയക്കാരും പറയുന്നത്‌ ഇവർക്ക്‌ വേദവാക്യമായി. അജിത്തിനെ തട്ടിക്കളയുമെന്ന്‌ ഉണ്ണിയുടെ ഭീഷണി. മറുപടി ഒരു ബോംബിന്റെ രൂപത്തിലായിരുന്നു. കാലുതകർന്ന നീറ്റലിന്‌ പകരം ഉണ്ണിയെടുത്തത്‌ അജിത്തിന്റെ തല.

എവിടെയാണ്‌ നമുക്ക്‌ പിഴയ്‌ക്കുന്നത്‌. കേരളത്തിലെ യൗവനങ്ങളിൽ വലിയൊരു വിഭാഗം ക്രിമിനലുകളാകുന്നു എന്ന പഠനം നമ്മുടെ തലയ്‌ക്കുമേൽ വലിയൊരു വാളായി തൂങ്ങുകയാണ്‌. ബാല്യത്തിൽ ഏവർക്കും പ്രിയങ്കരരായിരുന്ന അജിത്തും ഉണ്ണിയും, മുപ്പത്‌ വയസ്‌ തികയും മുമ്പേ കേരളത്തിലെ ഏറ്റവും വിലകൂടിയ ക്രിമിനലുകളായി മാറിയതെങ്ങനെ. ഇവർ ഉദാഹരണങ്ങൾ മാത്രം. ഓരോ നാട്ടിലും എത്രയോ പേർ ഇങ്ങനെ. നമുക്ക്‌ കുറ്റവാളികളായി കാണാൻ ചിട്ടികമ്പനികളുണ്ട്‌, ബ്ലേഡ്‌ മാഫിയകളുണ്ട്‌, അഴിമതി രാഷ്‌ട്രീയക്കാരുണ്ട്‌. പ്രത്യക്ഷത്തിൽ ഇവർ തന്നെ കാരണക്കാർ. എന്നാൽ മറ്റൊരു ചോദ്യമുയരുന്നുണ്ട്‌. ഇവർ വിളിച്ചാൽ ഇറങ്ങിപ്പോകാൻ മാത്രം വിഡ്‌ഢികളാണോ കേരളത്തിലെ യുവാക്കൾ. അങ്ങിനെയല്ലെങ്കിൽ ഇറങ്ങിപ്പോകുവാനുളള മാനസികാവസ്ഥ സൃഷ്‌ടിക്കുന്ന എന്താണ്‌ നമ്മുടെ കുട്ടികളുടെ ഉളളിലുളളത്‌?

ഉപഭോഗസംസ്‌കാരം

ഒരു ഇടത്തരം തമിഴന്റെയോ, കർണാടകന്റെയോ ജീവിതരീതിയാണോ മലയാളിയുടേതെന്ന്‌ നാമൊന്ന്‌ താരതമ്യപ്പെടുത്തേണ്ടത്‌ നല്ലതാണ്‌. ഒരു നല്ല ഷർട്ടും മുണ്ടും, കൈയ്യിൽ വാച്ച്‌, ഇത്തിരി സിനിമ ഇതിലൊതുങ്ങുന്നു ഇടത്തരക്കാരനായ ഒരു അന്യസംസ്ഥാനക്കാരന്റെ മോഹങ്ങൾ. മലയാളിയാകട്ടെ നേർവിപരീതവും. ആളോഹരി വരുമാനത്തിലേറെ കടത്തിനുമേൽ കടം കയറ്റിവച്ച്‌ ജീവിതം ആസ്വദിക്കാൻ പഠിച്ചവരാണ്‌ നമ്മൾ. ധരിക്കുന്ന വസ്‌ത്രത്തിന്‌ തുണിയുടെ ഗുണത്തേക്കാളേറെ ബ്രാന്റ്‌ നെയിമിന്റെ വാല്യു കാണുന്നവർ. ജീവിതാസ്വാദനത്തിന്‌ പണത്തിന്റെ വലിയ സാധ്യതകൾ കൃത്യമായും തിരിച്ചറിഞ്ഞവരാണ്‌ നമ്മുടെ ചെറുപ്പക്കാർ. വഴിവിട്ട വലിയ മോഹങ്ങളിൽ ദിവസവരുമാനം ആയിരം രൂപയാണെങ്കിലും ഒന്നിനും തികയാത്തവിധം ജീവിതത്തെ ഇവർ മാറ്റിയെടുത്തിരിക്കുന്നു. എളുപ്പം പണം കൂടുതൽ ആസ്വാദനം. ഒരു തലവെട്ടിന്‌ ഇത്ര, കൈയിനിത്ര, കാലിന്‌ ഇത്ര.. പണം ഒരുപാട്‌. ഇത്തിരി ചങ്കുറപ്പുണ്ടെങ്കിൽ ജീവിതം കുശാൽ…. എന്നാൽ തന്റെ പിറകിലും മറഞ്ഞിരിക്കുന്ന ഒരു വാൾത്തലയുണ്ടെന്ന്‌ ഇവർ ചിന്തിക്കുന്നുണ്ടോ എന്ന്‌ സംശയം… എല്ലാം ആവേശം…. പണം തരുന്ന ആവേശം. ഇത്‌ നശിച്ചൊരു ഉപഭോഗ സംസ്‌കാരം തിരിച്ചു നല്‌കിയ പങ്കിലൊന്ന്‌, ക്രിമിനലിസം. കടം വാങ്ങി ഒടുവിൽ ആത്മഹത്യ ചെയ്യുന്നതിനുപകരം കണക്കു പറഞ്ഞ്‌ കാശുവാങ്ങാവുന്ന ഈ ജോലി എത്ര സുഖകരം.

റോൾമോഡലുകൾ ഇല്ലാത്ത കാലം

‘ഞാൻ ആരെ കണ്ട്‌ പഠിക്കണം?’ ഒരു ചെറുപ്പക്കാരൻ ഉയർത്തുന്ന വലിയ ചോദ്യമാണിത്‌. രാഷ്‌ട്രീയക്കാരെ, സാംസ്‌കാരിക പ്രവർത്തകർ എന്നു വിളിക്കുന്നവരെ, എഴുത്തുകാരെ, അഞ്ചുംപത്തും ലക്ഷം കോഴകൊടുത്ത്‌ അധ്യാപകരായവരെ. ഇടയ്‌ക്കിടെ അവിടവിടെയായി ചെറിയ വെളിച്ചങ്ങൾ കാണാമെങ്കിലും പൊതുവെ ഇവരൊക്കെയും നമുക്ക്‌ നല്‌കുന്നത്‌ തികച്ചും തലകീഴ്‌മറിഞ്ഞ അനുഭവങ്ങൾ മാത്രം. കോടികളുടെ അഴിമതിക്കഥകൾ, പെൺവാണിഭം, നെറിവുകെട്ട സ്വകാര്യജീവിതം, നാടിന്റെ നന്മയേക്കാളുപരി, തന്റെ തട്ടകം ഉറപ്പിക്കുവാനുളള ഗ്രൂപ്പ്‌ പോരാട്ടങ്ങൾ. നമ്മുടെ പേരുകേട്ട നേതാക്കൾ ഇങ്ങനെയെങ്കിൽ കുറച്ചു ചില്ലറയ്‌ക്കുവേണ്ടി ‘ക്വട്ടേഷൻ’ പണിക്കുപോകുന്നതിൽ തെറ്റില്ല എന്ന്‌ ഒരുത്തൻ കരുതുന്നതിൽ എന്താണപാകത? ഈയിടെ പ്രശസ്തനായ ഒരെഴുത്തുകാരൻ പറയുകയുണ്ടായി ‘എനിക്ക്‌ ആരുടേയും വോട്ട്‌ വേണ്ട’ എന്ന്‌. നിങ്ങളുടെ വോട്ട്‌ വേണ്ട എന്ന്‌ നമ്മോട്‌ പറയുമ്പോൾ അത്‌ നമ്മെ നിഷേധിക്കലാണ്‌. എഴുത്തുകാരനെ ഒരു ആക്‌ടിവിസ്‌റ്റായി കാണുവാൻ പഠിച്ച മലയാളിയുടെ നെഞ്ചിലേയ്‌ക്കാണിവർ വോട്ടുവേണ്ട എന്നു പറയുന്നത്‌. എഴുത്തുകാരൻ സാമൂഹ്യപ്രവർത്തകനാകണം എന്ന്‌ പഠിപ്പിച്ച കുമാരനാശാന്റെയും വളളത്തോളിന്റെയും കുഞ്ഞിരാമൻ നായരുടെയുമൊക്കെ ഇടത്തിലേക്ക്‌ വഴിതെറ്റി വന്നവരാണ്‌ വിഴുപ്പലക്കാൻ വേണ്ടി മാത്രം വായ തുറക്കുന്ന ചില മഹാഎഴുത്തുകാർ. മുനിഞ്ഞുകത്തുന്ന വിളക്കുകളേയും കെടുത്തിക്കളയും എന്നതുമാത്രമാണ്‌ ഇവർ ചെയ്യുന്ന മഹാകാര്യം.

ഒരു പ്രത്യയശാസ്‌ത്രവും തനിക്കൊപ്പമല്ല എന്ന ചിന്തയും ഓരോ ചെറുപ്പക്കാരനിലുമുണ്ട്‌. നീക്കുപോക്കുകളും വിട്ടുവീഴ്‌ചകളും സീമാതീതമാകുമ്പോൾ പ്രത്യയശാസ്‌ത്ര ആദർശമുളള ഒരുവനായി സമൂഹത്തിൽ ഇടപെടാൻ കഴിയുന്നതെങ്ങിനെ. ആരെങ്കിലും ഇടപെടുന്നുണ്ടെങ്കിൽ പ്രത്യയശാസ്‌ത്രത്തിന്റെ കച്ചവടസാധ്യതയെ കണ്ടുകൊണ്ടുമാത്രമാണെന്ന്‌ പുതിയ യാഥാർത്ഥ്യം.

നമ്മളൊന്ന്‌ ചുറ്റും നോക്കണം. സാമൂഹ്യപ്രശ്‌നങ്ങളിൽ ഇടപെടുന്നു എന്ന മേൽവിലാസമുളളവരിൽ ആരുണ്ട്‌ സാമാന്യമായെങ്കിലും നീതി പുലർത്തുന്നവർ. ഇതൊരടച്ചാക്ഷേപിക്കലല്ല. മറിച്ച്‌ ബഹുഭൂരിപക്ഷവും നിസ്വാർത്ഥതയുടെ കുപ്പായമൂരി കളഞ്ഞ്‌ കച്ചവടത്തിന്റെ പുതിയ കളിക്കളത്തിൽ ആടുമ്പോൾ തുച്ഛം ബാക്കി നില്‌ക്കുന്നവർക്ക്‌ എന്ത്‌ പ്രസക്തി?

ഇവിടെ, ചെയ്യേണ്ട തങ്ങളുടെ ജോലി സത്യസന്ധമായി ചെയ്‌ത്‌ പണം പറ്റി വീരന്മാരെപോലെ ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന അജിത്തും ഉണ്ണിയുമൊക്കെ പുതിയ ബാല്യങ്ങൾക്ക്‌ മാതൃകാരൂപങ്ങളാകും എന്നത്‌ ചില കോണുകളിലൂടെ നോക്കുമ്പോൾ ശരിയാണെന്നു തോന്നിയേക്കാം. ഗാന്ധിയും, നെഹ്‌റുവുമൊക്കെ കഥകളിലൊതുങ്ങിക്കഴിഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യം കിട്ടിയിട്ട്‌ പത്തമ്പത്തെട്ട്‌ വർഷങ്ങൾ കഴിഞ്ഞില്ലേ.

എന്റെ ഊർജ്ജം ഞാൻ എവിടെ ചിലവഴിക്കണം?

ഓരോ ചെറുപ്പത്തിന്റെയും ഉളളിൽ വലിയൊരു ഊർജ്ജത്തിന്റെ സംഭരണമുണ്ട്‌. ഒരു മനുഷ്യൻ അവന്റെ നിലപാടുകളിൽ, ആശയങ്ങളിൽ, വിശ്വാസങ്ങളിൽ ഉറച്ചു നില്‌ക്കുന്നത്‌ അവന്റെ യൗവ്വനത്തിലാണ്‌. കാരണം ഈ യൗവന കാലത്താണ്‌ അവന്റെ മനസ്സിലെ ഊർജ്ജം അതിന്റെ ശക്തി പൂർണ്ണമായും വെളിവാക്കുന്നത്‌. നമ്മുടെ ചെറുപ്പം കൃത്യമായി വിനിയോഗിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. നമ്മുടെ ഉളളിലെ ക്രിയേറ്റിവിറ്റി എന്ന ഊർജ്ജരൂപം കൃത്യമായി തന്നെ പ്രതിഫലിപ്പിക്കാൻ അന്ന്‌ നമുക്ക്‌ കഴിഞ്ഞിരുന്നു. അവധിക്കാലങ്ങളിലെല്ലാം നമ്മൾ ക്ലബ്ബ്‌ വാർഷികങ്ങൾ നടത്തിയിരുന്നു, നാടകങ്ങൾ കളിച്ചിരുന്നു, കഥാപ്രസംഗം അവതരിപ്പിച്ചിരുന്നു. നാമെല്ലാം ഒത്തുച്ചേർന്നിരുന്നു. കവിത ചൊല്ലുവാനും കഥ പറയാനും വേദികൾ കിട്ടിയിരുന്നു. ബാലവേദികൾ ഉണ്ടായിരുന്നു. സമൂഹത്തിന്റെ പ്രശ്‌നങ്ങൾ അനുഭവിച്ച്‌ തിരിച്ചറിഞ്ഞിരുന്നു. നമ്മൾ അറിഞ്ഞോ അറിയാതെയോ ആക്‌ടിവിസ്‌റ്റുകളായിരുന്നു.

ഇന്ന്‌ അവധിക്കാലം നിർജ്ജീവം. ഓണമാകട്ടെ ചന്തകളുടെ കൊഴുപ്പിൽ മാത്രം. ക്രിസ്‌തുമസിനും മറ്റാഘോഷങ്ങളിലും നുരയ്‌ക്കുന്നത്‌ മദ്യം മാത്രം. ഒരു ഗ്രാമീണ കലാവേദിയും കാഴ്‌ചയ്‌ക്കുപോലുമില്ല. കുട്ടികൾ വീടുകളിൽ നിന്നും പുറത്തിറങ്ങുന്നില്ല. അവധിക്കാലങ്ങളും വിദ്യാഭ്യാസത്തിന്റെ വലിയ ഭാരങ്ങൾ നിറഞ്ഞതുതന്നെ. കുട്ടികളുടെ മനസ്സിലെ ക്രിയേറ്റിവിറ്റി എന്ന ഊർജ്ജരൂപം അടിച്ചമർത്തപ്പെട്ടിരുന്നു. തന്റെ ഊർജ്ജരൂപം കൃത്യമായി അടയാളപ്പെടുത്താനാവാതെ വളരുന്ന കുട്ടികൾ, പിന്നീട്‌ സ്വതന്ത്രരാകുമ്പോൾ എളുപ്പവഴികൾ തേടുകയായി. താൻ എന്ന ബോധം അവതരിപ്പിക്കാൻ ഏറ്റവും നല്ല മാർഗ്ഗമായി, ക്രിമിനലിസത്തെ അവർ തിരഞ്ഞെടുക്കുന്നു. അതിൽ സായൂജ്യമടയുന്നു. തന്റെ ക്രിയേറ്റിവിറ്റി ഇപ്പണിയിൽ സമർത്ഥമായി ഉപയോഗിക്കാനും ഇവർക്കു കഴിയുന്നു. ഇത്തരമൊരു അവസ്ഥയ്‌ക്കു കാരണം കുട്ടികളുടെ മനസ്സ്‌ കൃത്യമായി മനസ്സിലാക്കാൻ തയ്യാറാകാത്ത രക്ഷിതാക്കളാണ്‌. അവരുടെ മനസ്സിന്റെ ആഴവും പരപ്പും തിരിച്ചറിയുന്നതിനുളള സംവിധാനങ്ങളും വേണം. ശാസ്‌ത്രസാഹിത്യ പരിഷത്തും ഇടതുപക്ഷ യുവജനപ്രസ്ഥാനങ്ങളും ഒരുപരിധിവരെ മുൻകാലങ്ങളിൽ ഇത്തരം ദൗത്യം ഏറ്റെടുത്തിരുന്നു. നാടകം കളിക്കാൻ, ചിത്രം വരയ്‌ക്കാൻ, ശില്പം നിർമ്മിക്കാൻ, ശാസ്‌ത്രത്തെ, മാനുഷിക അവബോധത്തെ മനസ്സിലാക്കാൻ എല്ലാത്തിനും ഇവരുടെ വേദികൾ കുട്ടികൾക്ക്‌ തുണയായിരുന്നു. മാറിയ അജണ്ടകളുടെ ഭാഗമായി ആയിരിക്കണം ഏതാണ്ട്‌ മുഴുവനായും ഇവർ ഇത്തരം ദൗത്യങ്ങൾ മറന്നുകഴിഞ്ഞു.

ഇങ്ങനെ ദൗത്യങ്ങൾ മറന്നും മറന്നതായി ഭാവിച്ചും മലയാളികളൊക്കെയും ചില ഇടുങ്ങിയ ചുവരുകൾക്കുളളിൽ ജീവിക്കുകയാണ്‌. മറ്റുളള ഇടങ്ങളിലെന്നപോലെ നഗരകേന്ദ്രീകൃതമായ ക്രിമിനലിസമോ രാഷ്‌ട്രീയപ്രേരിതമായ ക്രിനിനലിസമോ മാത്രമല്ല മലയാളി ഇന്ന്‌ നേരിടുന്നത്‌. മറിച്ച്‌ കൊച്ചുഗ്രാമങ്ങളിൽ പോലും ചെറിയ കുട്ടികൾ വടിവാളിന്റെയും മഴുവിന്റെയും മൂർച്ച നോക്കുന്നു. ഇടയ്‌ക്കിടെ തോക്കുകളും ബോംബുകളും സഹായത്തിനെത്തുന്നു. കൂടെ കിടന്നുറങ്ങിയവനെ വെട്ടിനുറുക്കാനുളള മനഃസാക്ഷിക്കുത്തില്ലായ്‌മ ഇവരിൽ പടർന്നു കയറുന്നു. ഇന്ന്‌ മോഷണങ്ങളും പിടിച്ചുപറിയും നടത്തുന്നതിൽ എൺപതു ശതമാനവും മുപ്പതു വയസ്സിൽ താഴെയുളളവരാണ്‌. ഇവരിൽ ബഹുഭൂരിപക്ഷവും വിദ്യാസമ്പന്നരും. ബ്ലേഡ്‌ മാഫിയയും, ചിട്ടികമ്പനികളുമെല്ലാം നിമിത്തങ്ങൾ മാത്രമാണ്‌. അടിസ്ഥാന കാരണങ്ങൾ നമ്മുടെ മുന്നിലുണ്ട്‌. അത്‌ മാറ്റിയെഴുതാതെ ഇതിനൊരറുതി വരുമെന്ന്‌ വിചാരിക്കാൻ വയ്യ. കേരളത്തെ സ്‌നേഹിക്കുന്നവർക്കാർക്കും ഈ ദുര്യോഗം ഉൾക്കൊളളാൻ കഴിയില്ല.

Generated from archived content: essay1_may24_06.html Author: shameer

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here