സെൽഫ്‌ റിയലൈസേഷൻ

തിസീസിന്റെ ലിറ്ററേച്ചർ കളക്ഷനു വേണ്ടി ഗൂഗ്‌ളിൽ പോയി, ‘നിയാൺഡർതാൽമാൻ’ എന്ന്‌ ടൈപ്പ്‌ ചെയ്‌ത്‌, ‘സേർച്ച്‌ എന്ന്‌ കമാൻഡു കൊടുക്കാൻ മൗസ്‌ ക്ലിക്ക്‌ ചെയ്യുമ്പോൾ ’ക്ലിക്ക്‌‘ എന്നൊരു ശബ്ദം തലയിലും കേട്ടുവോ, എന്ന്‌ സാന്ദ്രാമേരിജോയ്‌ ഈപ്പനു സംശയം

തോന്നി.

വളരെ നേർത്ത, എന്നാൽ വളരെ വ്യക്തമായി കേട്ട ഒരു ’ക്ലിക്‌‘. സംശയത്തിന്റെ നേർത്ത മഞ്ഞുപാളി അടുത്ത അഞ്ചുമിനിട്ടിൽത്തന്നെ ഉരുകിയൊലിച്ചു. ആദ്യത്തെ പേജ്‌ കഴിഞ്ഞ്‌ രണ്ടാമത്തെ പേജിലേയ്‌ക്ക്‌ പോകാൻ ’2‘ എന്നതിനടുത്തുചെന്ന്‌ മൗസ്‌ രണ്ടാമത്‌ ’ക്ലിക്ക

​‍ിയപ്പോൾ‘ അതാ തലച്ചോറിൽ രണ്ടാമത്തെ ’ക്ലിക്‌‘.

മൂന്നാമത്‌ ’ക്ലിക്കാൻ‘ ധൈര്യമില്ലാതെ മൗസിൽ നിന്ന്‌ കൈയെടുത്ത്‌, കണ്ണിലേക്കു പറന്നുവീണ, മുമ്പിൽ മാത്രം വെട്ടിയിട്ട, മുടിയിഴകൾ ഒരു പ്രത്യേക തലവെട്ടിയ്‌ക്കലോടെ (അത്‌ സാന്ദ്ര പിന്നീട്‌ ഉണ്ടാക്കിയെടുത്ത ഒരു ശീലമാണ്‌, കമ്പ്യൂട്ടറിൽ തനിക്ക്‌ ചേരുന്ന ഹെയർസ്‌റ്റൈൽ

’സെലക്ട്‌‘ ചെയ്തതിനുശേഷം) പിന്നിലേയ്‌ക്ക്‌ തട്ടിയൊതുക്കുമ്പോഴാണ്‌ ’തലയ്‌ക്കുളളിലെന്തോ ഒരു മാറ്റം നടക്കുന്നുണ്ടല്ലോ‘ എന്ന്‌ സാന്ദ്രാമേരിജോയ്‌ ഈപ്പനു തോന്നിയത്‌.

ശരിയാണ്‌, സ്‌ക്രീനിൽ ടൈറ്റിലുകൾ തെളിയുമ്പോൾത്തന്നെ, അതിനെ സംബന്ധിച്ച സകല വിവരങ്ങളും മനസ്സിൽ തെളിയുന്നു.!

അതു മാത്രമോ? മുമ്പിൽ കണ്ട ’നിയാൺഡർതാൽ‘ മനുഷ്യരുടെ കൂട്ടത്തിന്റെ ചിത്രത്തിലേയ്‌ക്ക്‌ ഒന്നു കണ്ണോടിച്ചതോടെ, ഒറ്റനോട്ടത്തിൽ വളരെ നിരുപദ്രവികളാണെന്നു തോന്നിപ്പിക്കുന്ന അവരുടെ ഓരോരുത്തരുടെയും മനസ്സിലിരുപ്പ്‌ സാന്ദ്രയ്‌ക്ക്‌ വെളിവായി!

തല പെരുക്കുന്നു എന്നു തോന്നിയ ഒരു നിമിഷത്തിൽ, തൊട്ടപ്പുറത്തെ കമ്പ്യൂട്ടറിനരികിൽ ഇരുന്നു ബ്രൗസ്‌ ചെയ്യുന്ന ജാനറ്റിനോട്‌ എന്തെങ്കിലും രണ്ടു കൊച്ചുവർത്തമാനം പറയാം എന്നോർത്ത്‌ അവളെ നോക്കുമ്പോഴേയ്‌ക്ക്‌ സാന്ദ്ര ഞെട്ടിപ്പോയി! ജാനറ്റിന്റെ തലച്ചോറിൽ

ആ നേരത്തുണ്ടായിരുന്ന ചിന്താതരംഗങ്ങളത്രയും ഒരു വീഡിയോ സി.ഡി.യിലെന്നപോലെ സാന്ദ്രയുടെ മനസിൽ തെളിഞ്ഞുവരാൻ തുടങ്ങി.

ക്യാമറ കൊണ്ട്‌ എടുത്ത വ്യക്തമായ ചിത്രങ്ങൾ പോലെ ഓരോ രംഗവും മിഴിവുളളതായിരുന്നു. ജാനറ്റ്‌ വളരെ നല്ല, എല്ലാം തുറന്നു പറയാവുന്ന -അതായത്‌ ജോയിയ്‌ക്കും തനിയ്‌ക്കുമിടയിലുളള കാര്യങ്ങൾ പോലും പറയാവുന്ന – ഏതുകാര്യവും ശരിയായ രീതിയിൽത്തന്നെ

മനസ്സിലാക്കുന്ന ഒരു സുഹൃത്തായിരുന്നു സാന്ദ്രയ്‌ക്ക്‌.

പക്ഷെ, ഇപ്പോൾ,

ഈ രണ്ടു മിനുട്ടുകൊണ്ട്‌ എല്ലാ ധാരണകളും തകിടം മറഞ്ഞിരിക്കുന്നു.

അവൾക്ക്‌ തന്നെപ്രതിയുളള വിചാരങ്ങൾ അവൾ പുറത്തുകാട്ടുന്ന തരത്തിലുളളതല്ല എന്ന്‌ വ്യക്തമായതോടെ കൊച്ചുവർത്തമാനത്തിനു കണ്ടുവെച്ച വിഷയങ്ങൾ ’വാനിഷ്‌ഡ്‌ ഇൻറ്റു തിൻ എയർ‘ എന്നു പറഞ്ഞതുപോലെ ആവിയായിപ്പോയി!

അതോടൊപ്പം തന്നെ സാന്ദ്രാമേരി ജോയ്‌ ഈപ്പൻ എന്ന ’ചന്തു‘ വെറുമൊരു ’സാദാ പെണ്ണായി‘ ഇന്നുവരെയുളള സൗഹൃദത്തിന്റെ ജാനറ്റ്‌ തന്നോടു കാണിച്ച എല്ലാ ’നെറികേടുകളും‘ ഓർമ്മിച്ചെടുത്ത്‌ ’കാളകൂടത്തിന്റെ ഫസ്‌റ്റ്‌ഡോസ്‌‘ അവളിൽ ഇഞ്ചക്ട്‌ ചെയ്യാൻ പറ്റിയൊരവസരത്തിലേയ്‌ക്കായി മനസ്സിലെ സിറിഞ്ചിൽ നിറച്ചുവെയ്‌ക്കുകയും ചെയ്‌തു.

നമുക്കിനി കഥ തീരുന്നതുവരെ സാന്ദ്രാ മേരി ജോയ്‌ ഈപ്പനെ ’ചന്തു‘ എന്നു വിളിയ്‌ക്കാം. ’കഥ തീരുന്നതുവരെ‘, എന്നു പറയുന്നതിൽ ഒരുർത്ഥവുമില്ല അല്ലേ? നമ്മൾ കഥ പറഞ്ഞുതീർന്നാലും ഇല്ലെങ്കിലും ’ചന്തു‘ ഈ കണ്ട ജോലികളൊക്കെ ചെയ്‌തുകൊണ്ട്‌ മുകളിൽ നിന്ന്‌ ഒരു കമാൻഡുവരുന്നതുവരെ ഇതിലെയൊക്കെ നടക്കും –

തിസീസ്‌ എഴുതി സബ്‌മിറ്റ്‌ ചെയ്യും –

അരുണിന്റെയോ, ഹാരീസിന്റെയോ, ജോജോയുടെയോ ഒപ്പം ജ്യൂസ്‌ പോയന്റിൽ പോയി സ്‌ട്രോബറി ഷെയ്‌ക്കിന്‌ ഓർഡർ ചെയ്യും – പിന്നത്‌ ഒരു മണിക്കൂറിരുന്നു കുടിയ്‌ക്കും.

ഇടയ്‌ക്ക്‌ ജോജോയുടെ കാറിൽ, തളർന്നകിടക്കുന്ന അവന്റെ അമ്മാമ്മയുടെ വീട്ടിൽപോയി, കട്ടിലിന്നടുത്ത്‌ കസേരയിട്ട്‌, അവരുടെ കൈ മടിയിലേയ്‌ക്കെടുത്ത്‌ പിടിച്ച്‌, മധുരമായ ശബ്ദത്തിൽ, ’തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ നാവെനിയ്‌ക്കെന്തിനു നാഥാ‘, എന്ന്‌ നീട്ട

​‍ിപ്പാടും –

നാഴികയ്‌ക്ക്‌ നാല്‌പത്തെട്ടു പ്രാവശ്യം ’എടാ, എടാ‘ എന്നുറക്കെ ജോജോയെ വിളിച്ച്‌ അവന്റെ അമ്മച്ചിയെ അരിശം പിടിപ്പിക്കും –

അരുണിന്റെ അനിയത്തി അനിതയുടെ കൂടെ മുണ്ടും നേര്യതുമിട്ട്‌ അവരുടെ മുത്തശ്ശിയെ കാണാൻ പോകും. ’ഒരു നസ്രാണിച്ചിയാണെന്ന്‌ ആരും പറയില്ലാട്ടോ‘, എന്ന്‌ അവരെക്കൊണ്ടു പറയിയ്‌ക്കും –

ഹാരിസിന്റെ വീട്ടിൽപ്പോയി, അവന്റെ ഉമ്മയുടെ കൂടെ, അടുപ്പത്ത്‌ കുണ്ടൻചെമ്പിൽ നല്ല മണമുളള കോഴിബിരിയാണി ഉണ്ടാക്കും –

അങ്ങനെ ഒരു ’വിശ്വപൗര‘യായി സർവ്വമതസമന്വയത്തിന്‌ ജീവിയ്‌ക്കുന്ന തെളിവായി, കർത്താവ്‌ വിളിയ്‌ക്കുന്നതുവരെ ജോയിയുടെ ഭാര്യയും, ഈപ്പൻ ജോയി ഈപ്പന്റെ അമ്മയും, ഈപ്പൻ ഫെർണാണ്ടസിന്റെയും റോസമ്മയുടെയും മരുമകളുമായി സാന്ദ്രാമേരി ജോയ്‌ ഈപ്പൻ ഈ ഭൂമിയിൽ അനേകം വർഷങ്ങൾ വാഴും –

അതുകൊണ്ട്‌ ’കഥ തീരുന്നതുവരെ‘ എന്നതു പിൻവലിച്ച്‌ ’ഇനിമുതൽ‘ എന്നു മാത്രമാക്കി ചുരുക്കി ഞാനാവാചകം.

ഇനിമുതൽ നമുക്ക്‌ സാന്ദ്രാ മേരി ജോയ്‌ ഈപ്പനെ ’ചന്തു‘ എന്നു വിളിയ്‌ക്കാം – (ഇടയ്‌ക്ക്‌ സാന്ദ്രാ എന്നും വിളിയ്‌ക്കാം, അല്ലേ? ഒരാൾക്ക്‌ രണ്ടുപേരുണ്ടാകുന്നത്‌ എന്തുകൊണ്ടും സൗകര്യമാണ്‌. വല്ലാതെ മടുക്കുമ്പോൾ!)

’ചന്തു‘ എന്നത്‌ സുഹൃത്തുക്കൾ അവളെ വിളിക്കുന്ന പേരാണ്‌. രണ്ടും തമ്മിൽ വലിയ സാമ്യമൊന്നുമില്ല എന്ന്‌ തോന്നുമെങ്കിലും ’മൂന്നാവർത്തി പറഞ്ഞീടിൽ മുഹൂർത്തം മൂത്രമായിടു‘ന്നതു പോലെ, സാന്ദ്ര എന്നത്‌ ’ശാന്ത‘യും ’ചന്ത‘യും പിന്നെ ഒരിത്തിരി ഓമനത്തത്തിൽ ’ചന്തു‘വും ആവുമെന്നത്‌ തീർച്ച! പക്ഷെ ’ചന്തു‘ എന്ന വിളികേട്ടാൽ സാന്ദ്രയുടെ അപ്പൻ ഈപ്പന്‌ കലിയിളകും. പല പല കാര്യങ്ങൾ മനസിൽ കണ്ടാണ്‌ ഈ നീണ്ട പേരിട്ടതെന്ന്‌ ’ചന്തു‘വിന്‌ ഒരുവിധം അറിവുവെച്ചപ്പോൾത്തന്നെ അപ്പൻ മനസിലാക്കാൻ മാത്രം വിശദീകരണങ്ങളോടെ പറഞ്ഞു കൊടുത്തിട്ടുണ്ട്‌ –

മണാലിയിൽ മിലിട്ടറി അക്കാദമിയിലായിരുന്നു ഈപ്പന്‌ ജോലി. തന്റെ ജീവിതത്തിലെ യൗവനം മുഴുവനും കഴിച്ചുകൂട്ടിയ സ്ഥലമെന്ന നിലയിൽ, ഈപ്പന്‌ ഏറ്റവും പ്രിയപ്പെട്ട ഒരിടമാണത്‌ ഇന്നും –

വീണുറഞ്ഞുകിടക്കുന്ന മഞ്ഞും, മിലിട്ടറി ബാരക്കുകളിലെ കർശനമായ ചിട്ടകളും, റോസമ്മയെ കല്യാണം കഴിച്ചുകൊണ്ടുപോയ ശേഷമുളള ദിവസങ്ങളുടെ ആ ഒരു പുതുമയും മധുരവും പിണക്കങ്ങളും –

ഒറ്റയടിയ്‌ക്ക്‌ ഇതെല്ലാം ഓർമ്മയിൽ കൊണ്ടുവരുന്ന വാക്കാണ്‌ ’സാന്ദ്ര‘, ഈപ്പന്‌. അതിനൊരു കാരണമുണ്ട്‌ –

ഈപ്പന്റെ സുഹൃത്ത്‌ ടോമിന്റെ ഹിന്ദിക്കാരിയായ ഭാര്യ മേഘന അഗർവാൾ അവരുടെ നാട്ടിൽ നിന്നു കൊണ്ടുവന്ന്‌ സഹായത്തിനായി നിർത്തിയിരുന്നു സാന്ദ്ര എന്ന ഒരു പെൺകുട്ടിയെ.

ക്ലബ്ബിൽ വെച്ച്‌ ചിലപ്പോഴൊക്കെ അവരുടെ കുട്ടികളുടെ കൂടെ കാണാറുണ്ട്‌ സാന്ദ്രയെ – മഞ്ഞുപോലെ വെളുത്ത, സുന്ദരിയായ ഒരു കൗമാരക്കാരി. നാണംകുണുങ്ങിയായിരുന്നു ആദ്യമാദ്യം – പിന്നെ വലിയ അടുപ്പമായി. ദൂരെയുളള അവളുടെ ഗ്രാമത്തിലെ കൊച്ചുവീട്ടിൽ

ഇവിടെനിന്നയയ്‌ക്കുന്ന പണം കൊണ്ടുമാത്രം ജീവിതം കഴിയ്‌ക്കുന്ന രോഗിയായ അച്ഛനും അനിയന്മാരും –

അവരുടെ കാര്യം പറയാൻ തുടങ്ങുമ്പോഴേയ്‌ക്കും അവളുടെ വെളുവെളുത്ത മുഖം ഒന്നുകൂടി വിളറും, കണ്ണുകൾ ചുവക്കും – വലിയ സങ്കടം തോന്നും അതുകണ്ടാൽ – റോസമ്മ കല്യാണം കഴിഞ്ഞെത്തിയ നാളുകളിൽ ഇടയ്‌ക്ക്‌ സഹായത്തിന്‌ മേഘന അഗർവാൾ സാന്ദ്രയെ

പറഞ്ഞുവിടും.

കോളിങ്ങ്‌ ബെല്ലമർത്തി, അടച്ച വാതിലിനു മുമ്പിൽ അറച്ചറച്ച്‌ നിൽക്കുന്ന സാന്ദ്രയെ കണികണ്ടാണ്‌ പല ദിവസങ്ങളിലും എഴുന്നേറ്റുവരുക –

സത്യം പറയാമല്ലൊ, ആ ദിവസങ്ങളൊക്കെ ഐശ്വര്യപൂർണ്ണമായിത്തന്നെയാണ്‌ കഴിഞ്ഞുപോയത്‌. ആ ഓർമ്മകളെ സജീവമായി നിർത്താനുളള ഒരേയൊരുപാധിയാണ്‌ ഈപ്പന്‌, മകൾക്കിട്ട സാന്ദ്ര എന്ന പേര്‌!

“അപ്പോളെന്റെ ’മേരിയോ‘? അതാരാ?” മടിയിലിരുന്ന്‌ കുണുങ്ങുന്ന സാന്ദ്രയെ അതു പറഞ്ഞു മനസ്സിലാക്കുന്നതിൽ ഈപ്പൻ വിജയിച്ചില്ല എന്നതാണ്‌ സത്യം –

“ഉണ്ണീശോയുടെ അമ്മയെ നിനക്കങ്ങോളം കൂട്ടായിത്തരാനാണ്‌ അപ്പച്ചൻ ആ പേരും കൂടെ ഇട്ടത്‌” എന്ന ഒറ്റവാചകം മാത്രം മനസിലുണ്ട്‌. ജീവിതത്തിൽ ദൈവത്തിന്റെയും ചെകുത്താന്റെയും സ്വാധീനങ്ങളെപ്പറ്റിയൊന്നും വലിയ പിടിപാടില്ലാതിരുന്നതുകൊണ്ട്‌ അതുകേട്ട്‌ അന്ന്‌ തലയാട്ടുകയും ചെയ്‌തു. –

ഈപ്പന്റെ ഉറ്റസുഹൃത്തായ ജോയിയാണ്‌ ’ചന്തു‘വിന്റെ തലതൊട്ടപ്പൻ. ജോയിയ്‌ക്കും, ഭാര്യ സാറയ്‌ക്കും അവൾ തന്നെയാണ്‌ മകൾ, വേറെ കുട്ടികളില്ല. ’സാന്ദ്രമേരി ജോയ്‌ ഈപ്പൻ‘ എന്ന പേര്‌ അവളുടെ മേൽ ഈപ്പനുളളത്ര തന്നെ അവകാശം ജോയിയ്‌ക്കുമുണ്ടന്ന്‌ തെളിയിക്കാനുളള രജിസ്‌റ്റർ ചെയ്യാത്ത ഒരുടമ്പടിയാണ്‌! അത്‌ അതേ സ്പിരിട്ടിൽ എടുത്തിട്ടുളള ജോയി, സാറ ദമ്പതിമാർ സ്നേഹം കൊണ്ട്‌ സാന്ദ്രയെ ഇരിയ്‌ക്കാനും നിൽക്കാനും വയ്യാത്ത സ്ഥിതിയിലാക്കിയിട്ടുമുണ്ട്‌​‍്‌!

അങ്ങനെ വടക്കേ ഇന്ത്യയിൽ, ഹിമാലയൻ താഴ്‌വാരത്തിലെങ്ങോ ഉളള ഒരു പ്രദേശത്തിന്റെയും –

അവിടെ കഴിച്ചുകൂട്ടിയ യൗവനത്തിന്റെയും –

സാന്ദ്ര എന്ന വെളുത്ത കൊലുന്നനെയുളള ഒരു പെൺകുട്ടിയുടെയും –

ഓർമ്മകൾ ഈപ്പനിൽ ഒരേസമയം ഉണർത്തി, കന്യാമറിയത്തിന്റെയും, തലതൊട്ടപ്പന്റെയും, അപ്പന്റെയും സംരക്ഷണയിൽ സാന്ദ്രാമേരി ജോയ്‌ ഈപ്പൻ അഥവാ ’ചന്തു‘ ഇരുപത്തിനാലു വയസുവരെ വളർന്നു. ഇരുപത്തിനാലാം വയസ്സിൽ തന്നെ യു.ജി.സി.-സി.എസ്‌.ഐ.ആർ

നെറ്റ്‌ പരീക്ഷ പാസായതിന്റെ പിൻബലത്തിൽ സെന്റ്‌ തെരേസാസിൽ ആന്ത്രപ്പോളജിയിൽ ലക്‌ചററാവുകയും ചെയ്‌തു.

സ്‌ത്രീധനം കൊടുക്കേണ്ട തുക സാന്ദ്രയുടെ ശമ്പളത്തിൽ നിന്ന്‌ സ്വരൂപിച്ചു വെയ്‌ക്കേണ്ട ആവശ്യം ഇല്ലാതിരുന്നതുകൊണ്ട്‌ അപ്പൻ ആറുമാസത്തിനകം തന്നെ,

കൃത്യമായി പറഞ്ഞാൽ ആയിരത്തിതൊളളായിരത്തിതൊണ്ണൂറ്റൊമ്പത്‌ ജനുവരി 26ന്‌,

കാഞ്ഞിരപ്പളളിയിൽ എസ്‌റ്റേറ്റും, വയനാട്ടിൽ കാപ്പിത്തോട്ടങ്ങളും, ഇടുക്കിയിൽ തേയിലത്തോട്ടങ്ങളുമുളള ഈപ്പൻ ഫെർണാണ്ടസിന്റെ ഇളയമകൻ ജോയി ഈപ്പനെന്ന കമ്പ്യൂട്ടർ വിദഗ്‌ദ്ധനെ വരനാക്കി….

സാന്ദ്രയ്‌ക്ക്‌ സ്വയം ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിക്കാനുളള അവസരമുണ്ടാക്കുകയും ചെയ്‌തു. (കല്യാണം കഴിഞ്ഞാൽപ്പിന്നെ, സ്‌ത്രീ ഒരു റിപ്പബ്ലിക്കാണ്‌ എന്ന്‌ അറിയില്ലെ? പിന്നെ അനാവശ്യ സ്വാധീനങ്ങളൊന്നും അവളുടെയടുത്ത്‌ വിലപ്പോവുകയില്ല. അദൃശ്യമായ ഒരു

സംരക്ഷണവലയമുണ്ടെന്ന അഭിമാനത്തിലല്ലേ നമ്മൾ ജീവിയ്‌ക്കുന്നത്‌)

ജോയി ഈപ്പൻ എന്ന ഭർത്താവിനും, വീട്ടുകാർക്കും –

പ്രത്യേകിച്ച്‌ ജോയിയുടെ അപ്പൻ ഈപ്പന്‌ സാന്ദ്ര കണ്ണിലുണ്ണിയായി മാറിയതെങ്ങനെ? എന്തൊക്കെ കാര്യങ്ങളാണ്‌ അതിനവളെ സഹായിച്ചത്‌ എന്നാലോചിക്കുമ്പോൾ ’എന്റീശോയേ എന്നുറക്കെ വിളിച്ചു പോയേക്കാവുന്ന ചില സംഗതികൾ നമ്മളെയിട്ട്‌ ഞെരിയ്‌ക്കും!

ഞാനിതു വെറുതെ പറയുകയല്ല കെട്ടോ. കളിയാട്ടത്തിൽ സുരേഷ്‌ഗോപി തലയിൽ കൈവെച്ച്‌ ‘ന്റെ ദൈവേ’ എന്നു വിളിച്ചപോലൊരു വിളി ഇതൊക്കെ കേട്ടപ്പോൾ അരുണിന്റെ തൊണ്ടയിൽ നിന്നു പുറത്തുചാടി എന്ന്‌ ഹാരിസും ജോജോയും അനുഭവസാക്ഷ്യം

നിരത്തിയതിന്റെ ഓർമ്മയിലാണ്‌ ഇതെല്ലാം പറയുന്നത്‌ –

ഒന്നാമത്തെ സംഗതി –

പേരു തന്നെ. എവിടെനിന്നോ വന്നുചേർന്ന്‌ ഒന്നുചേർന്ന രണ്ടാളുടെയും അപ്പന്മാരുടെ പേരുകൾ ഒന്നുതന്നെ! അമ്മമാരുടേതും!

അതും പേരിന്‌ മഹത്വം കല്പിക്കുന്ന ഒരു കുടുംബത്തിലേയ്‌ക്ക്‌ ഒരു പെണ്ണ്‌ വന്നുകയറുമ്പോൾ! എത്ര പ്ലാൻഡ്‌ ആയിട്ടാണ്‌ ദൈവം രണ്ടപ്പന്മാർക്കും ഒരേ പേരിട്ടത്‌. സാന്ദ്രയുടെ അപ്പൻ കൊല്ലത്തുനിന്ന്‌ പുല്ലൂരാമ്പാറയ്‌ക്ക്‌ കുടിയേറിയ ജോസഫിന്റെ അഞ്ചാം തലമുറയിലെ

മൂത്ത സന്തതി ഈപ്പൻ. ജോയിയുടെ അപ്പൻ എങ്ങോട്ടും കുടിയേറാൻ പോകാതെ കാഞ്ഞിരപ്പളളിയിൽത്തന്നെ ഉറച്ചുനിന്ന ഫെർണാണ്ടസിന്റെ, മകൻ ജോർജ്ജിന്റെ, മകൻ ഫെർണാണ്ടസിന്റെ, മകൻ ജോർജ്ജിന്റെ, മകൻ ഫെർണാണ്ടസിന്റെ മകൻ

ഈപ്പൻ.

ഇതുവരെയുണ്ടായ തലമുറകളിലൊക്കെ ഒരാൺകുട്ടിയും ബാക്കിയൊക്കെ പെൺകുട്ടികളുമായിരുന്നതു കൊണ്ട്‌ എന്തു പേരിടണം എന്ന്‌ ആലോചിയ്‌ക്കേണ്ടിവന്നില്ല, ആർക്കും.

ഈപ്പന്റെ അച്ഛൻ ഫെർണാണ്ടസിന്‌ ഭാര്യ കളംമാറിച്ചവിട്ടിയതു കാരണം പേരിടൽ ഒരു പ്രശ്‌നമായി മാറി. ഒറ്റപെൺകുട്ടികളെയും പ്രസവിയ്‌ക്കാതെ, ‘മൂന്നാൺകുട്ടികളുടെ അമ്മ’ എന്ന പദവിയിലേയ്‌ക്ക്‌ വാഴ്‌ത്തപ്പെട്ടവളായി അന്നാമ്മ അഥവാ, ഈപ്പൻ

ഫെർണാണ്ടസിന്റെ അമ്മ.

മൂത്തവന്‌ കുടുംബത്തിൽ ഭയഭക്തികളോടെ കൈമാറിവരുന്ന ജോർജ്ജ്‌ എന്ന പേരിട്ടു ആശ്വാസത്തോടെ ഇരിയ്‌ക്കുമ്പോഴേയ്‌ക്ക്‌ അന്നാമ്മവീണ്ടും പ്രസവിച്ചു. ‘അവന്‌ അവളുടെയപ്പന്റെ പേര്‌ ’ജോസ്‌‘ എന്നുതന്നെയിരിയ്‌ക്കട്ടെ’ എന്ന്‌ അതിരറ്റ കാരുണ്യത്തോടും സ്നേഹത്തോടും ഫെർണാണ്ടസിന്റെയപ്പൻ അരുളിച്ചെയ്‌തു. അപ്പച്ചന്‌ ‘വാ തുവർന്നു വരളുമ്പൊ’ കാപ്പികൊണ്ട്‌ നനച്ചും കപ്പ പുഴുങ്ങി തടയിട്ടും അന്നാമ്മ നേടിയെടുത്ത വാത്സല്യമായിരുന്നു ആ പറച്ചിലിനു പുറകിൽ എന്ന്‌ ഫെർണാണ്ടസിന്‌ മനസ്സിലായിരുന്നു. അതിലയാൾ വളരെയധികം

അഭിമാനിക്കുകയും ചെയ്‌തു. പക്ഷെ, ആ അഭിമാനം അധികകാലം നീണ്ടുനിന്നില്ല.

മൂന്നാമതും അന്നാമ്മ ആൺകുട്ടിയെ പ്രസവിച്ചതോടെ അപ്പച്ചൻ വീട്ടിൽ നിന്ന്‌ പിണങ്ങിയിറങ്ങിപ്പോയി!

‘ഇതെന്തോന്നാടാ, ഇവനിടാനിനി എന്നാ പേരാ ഒളളത്‌?“ എന്നായിരുന്നു അപ്പച്ചൻ പിണങ്ങിയിറങ്ങുമ്പോൾ മുറ്റത്തിറങ്ങി നിന്ന്‌ ഫെർണാണ്ടസിനെ നോക്കി വിളിച്ചുചോദിച്ചത്‌. ആ വിഷമത്തിൽ രണ്ടുരാവും രണ്ടുപകലും ആലോചിച്ചെടുത്ത തീരുമാനമാണ്‌ ഈപ്പൻ

എന്ന പേരിടാമെന്ന്‌ (ഇടവകപ്പളളിയിലെ അച്ചന്റെ പേരായിരുന്നു അത്‌). കുറച്ചുദിവസം ബന്ധുവീടുകളിലൊക്കെ കറങ്ങി ഈപ്പന്റെ മാമ്മോദീസയുടെ തലേന്ന്‌ വൈകുന്നേരം അപ്പൻ തിരിച്ചെത്തി. ഒട്ടും പരിഭവം കാണിയ്‌ക്കാത്ത ഫെർണാണ്ടസ്‌ അപ്പച്ചനെ സ്വീകരിച്ചിരുത്തുകയും, ’അപ്പച്ചന്‌ കഞ്ഞികുടിയ്‌ക്കാൻ പഴുത്ത പ്ലാവിലയാണോ, പച്ച പ്ലാവിലയാണോ കൂടുതലിഷ്ടം‘ എന്ന്‌ പെട്ടെന്നോർമ്മ വരാത്തതു കൊണ്ട്‌ രണ്ടും കോട്ടിക്കുത്തി മുമ്പിൽവച്ച്‌ കൊടുക്കുകയും ചെയ്‌തു. ഈപ്പന്‌ ’ഈപ്പൻ‘ എന്ന പേര്‌ ഏറ്റുവാങ്ങി സന്തോഷിക്കുകയേ നിവൃത്തിയുണ്ടായിരുന്നുളളൂ എന്ന്‌ ഇതിനകം മനസ്സിലായിക്കാണുമല്ലോ.

പക്ഷെ, ഓരോ തവണ ആ പേര്‌ വിളിച്ചു കേൾക്കുമ്പോഴും തങ്ങളുടെ കുടുംബപാരമ്പര്യത്തിൽ നിന്നും മഹിമയിൽനിന്നും ആരോ തന്നെ മനഃപൂർവ്വം അടിച്ചുതെറിപ്പിക്കുകയായിരുന്നെന്ന തോന്നലാണ്‌ ഈപ്പനുണ്ടായിരുന്നത്‌.

പക്ഷെ, കുറച്ചുകൊല്ലം കഴിഞ്ഞപ്പോൾ, ഈപ്പനും അതേ കടുംകൈ ചെയ്യേണ്ടിവന്നു. റോസമ്മ നാലാമതു പ്രസവിച്ചതും ആൺകുട്ടിയായപ്പോഴായിരുന്നു അത്‌.

മൂത്തവന്‌ ജോർജ്ജ്‌ എന്നും, രണ്ടാമന്‌ ഫെർണാണ്ടസ്സെന്നും, മൂന്നാമന്‌ കഴിഞ്ഞ തലമുറയിൽ കുടുംബത്തിലേയ്‌ക്ക്‌ കടന്നുകയറിയ ജോസ്‌ എന്നും ഇട്ടുകഴിഞ്ഞതോടെ ഈപ്പൻ ചിന്താക്കുഴപ്പത്തിലായിരുന്നു.

’അഥവാ, ഇനിയും ഒരാൺകുട്ടി…” ചിന്ത അത്രത്തോളമെത്തുമ്പോഴേയ്‌ക്ക്‌ ദേഹമാകെ ഒരു വിറയൽ പായും. പക്ഷെ ഒടുവിൽ, അതു തന്നെ സംഭവിച്ചു. ഒടുവിൽ അവന്‌ ഈപ്പന്റെ ഉറ്റസുഹൃത്ത്‌ ജോയിയുടെ പേരിട്ടു! അഞ്ചാമത്തെ പ്രസവത്തിൽ ഭാഗ്യം! ഒരു പെൺകുഞ്ഞ്‌!

ജോയിയായിരുന്നു ജോയിമോന്റെ തലതൊട്ടപ്പൻ.

“എന്റീശോയേ” എന്നെങ്ങനെ വിളയ്‌ക്കാതിരിക്കും. സാന്ദ്രയുടെ അപ്പൻ ഈപ്പൻ, തലതൊട്ടപ്പൻ അപ്പന്റെ സുഹൃത്തായ, ജോയി – ജോയിയുടെ അപ്പൻ ഈപ്പൻ, അപ്പന്റെ സുഹൃത്ത്‌ ജോയി തന്നെ ജോയിയുടെ തലതൊട്ടപ്പൻ – രണ്ടമ്മമാരും റോസമ്മമാർ ഭാര്യയുടെയും

ഭർത്താവിന്റെയും കുടുംബപ്പരുത്തത്തിന്‌ ഇനിവേറെ എന്തെങ്കിലും തെളിവു വേണൊ?

വരും തലമുറകൾ ഈപ്പൻ എന്നും ജോയി എന്നും ഉളള പേരുകളിലൂടെ കുടുംബമഹിമ ഉയർത്തുന്നത്‌ ഈപ്പൻ സ്വപ്നം കണ്ടു. അതോടെ സാന്ദ്രയോട്‌ വാത്സല്യമേറുകയും ചെയ്‌തു. ഭർത്താവ്‌ ജോയിയുടെ പേര്‌ മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച നിലയിൽ സാന്ദ്രയുടെ പേരിനോടു

ചേർത്തത്‌. പിന്നെ, മാസം പതിനായിരത്തിലും മേലെ ശമ്പളം –

നല്ല തറവാടിത്തം, സൗന്ദര്യം, ഒന്നാന്തരം പാചകം –

ചില്ലറക്കാര്യമാണോ ഇത്‌. അതുമല്ല, ചോദിക്കേണ്ട താമസം 50 ലക്ഷം പുഷ്പം പോലെയല്ലേ കൈയിൽ വന്നത്‌? സ്‌ത്രീധനം സാന്ദ്രയുടെ പേരിൽ ‘ബാങ്കിലിടും’ എന്നോ ‘ഇടണം’ എന്നോ ഒരക്ഷരം പോലും മിണ്ടാതെ-

ഈപ്പന്‌ സ്നേഹം കൂടാൻ വേറൊരു കാര്യം കൂടിയുണ്ട്‌, കേട്ടോ. നമുക്കതു കേട്ടാൽ ‘ഓ ഇതിലിപ്പം ഇത്രയ്‌ക്കെന്നാ’ എന്ന്‌ തോന്നുമായിരിക്കും – ‘ഇതെല്ലാം വെറും നാട്യമാണെന്നേ’ എന്നും പറഞ്ഞേക്കാം ചിലർ. സാന്ദ്രയുടെ അപ്പൻ ഈപ്പൻ മിലിട്ടറി ക്വാട്ട കിട്ട

​‍ുമ്പോൾ കൊണ്ടു കൊടുക്കുന്ന മറ്റേ കുപ്പിയോട്‌ ബന്ധപ്പെട്ട കാര്യമാണത്‌ –

രാത്രി വളരെ വൈകി, എല്ലാവരും ഉറക്കം പിടിച്ചശേഷം അരങ്ങേറുന്ന പാനോത്സവത്തിന്റെ മധ്യത്തിൽ ഈപ്പന്റെ മുമ്പിൽ, ടീപ്പോയിൽ നിരന്നിരിക്കുന്ന ഗ്ലാസ്‌, കുപ്പി, മീൻ വറുത്തത്‌, മിക്‌സർ എന്നീ ഐറ്റംസിനെ ഒരു കൈചലനത്തിൽ അപ്രത്യക്ഷമാക്കി,

‘ഇതെന്തോന്നാ പപ്പാ’ എന്നു കൊഞ്ചി,

തോളിൽ കൈയിട്ട്‌ താങ്ങി,

മുറിയിൽ കൊണ്ടു കിടത്തി, പുതപ്പിച്ച്‌,

പോരാൻ നേരത്ത്‌ നെറുകയിൽ വാത്സല്യത്തോടെയൊന്നു തലോടി, പിന്നെ കുനിഞ്ഞ്‌ നെറ്റിയിൽ പതുക്കെയൊരുമ്മ വെച്ച്‌ –

അതാണ്‌ സാന്ദ്രയുടെ കുസൃതി. അപ്പോൾ –

‘ഇതമേരിക്കേലൊളള എന്റെ പൊന്നുമോൾ റോസല്ലിയോ?’ എന്നൊരു തോന്നൽ ഈപ്പനുണ്ടാകാറുണ്ട്‌.

ഒരു സാധാരണ അമ്മായിയമ്മയെപ്പോലെ, മരുമകളോട്‌ പല ദേഷ്യങ്ങളും ഉളളിൽ പ്രകടിപ്പിക്കാതെ കിടപ്പുണ്ടെങ്കിലും, “എന്തോരം സ്നേഹാ ഇവടുളളില്‌, നമ്മള്‌ ഭാഗ്യം ചെയ്‌തോരാ, ഈപ്പച്ചായാ, അല്ലേല്‌ നോക്കിക്കേ, നമ്മുടെ മറ്റേ മരുമക്കൾക്കാർക്കേലും നമ്മളോടിത്രയ്‌ക്കെ

​‍ാരടുപ്പമുണ്ടോ” എന്ന്‌ റോസമ്മയും പറയാറുണ്ട്‌.

അപ്പോൾ, നമ്മളെന്തായിരുന്നു പറഞ്ഞു തുടങ്ങിയത്‌ ? ങാ – തലയിലെ ക്ലിക്‌ ശബ്ദം. ജാനറ്റിനെ അധികം നോക്കിയിരിക്കാൻ ക്ഷമയില്ലാത്തതുകൊണ്ട്‌ ‘ചന്തു’ (സാന്ദ്ര എന്ന്‌ വിളിച്ച്‌ വിളിച്ച്‌, എനിക്ക്‌ മുഷിഞ്ഞു. ഇനി കുറച്ചുനേരം ഈ പേര്‌ – കുഴപ്പമില്ലല്ലോ)

സിസ്‌റ്റം ഷട്ട്‌ഡൗൺ ചെയ്‌ത്‌ എ.സി റൂമിൽ നിന്ന്‌ പുറത്തെ തിളയ്‌ക്കുന്ന വെയിലിലേക്ക്‌ കുതിച്ചുചാടി. പിന്നെ പൊളളുന്ന ചൂടിൽ സാൻ​‍്രടോയിൽ ജോയിയുടെ ഓഫീസ്‌ ലക്ഷ്യമാക്കി ഓടിച്ചുപോയി. മനസ്സ്‌ അസ്വസ്ഥമായിരുന്നതുകൊണ്ട്‌ വഴിയിൽ കണ്ട ഒന്നിലും

ചന്തുവിന്‌ താല്പര്യം തോന്നിയില്ല.

ലിഫ്‌റ്റിന്‌ കാത്തുനിൽക്കാതെ ഓഫീസ്‌ കെട്ടിടത്തിന്റെ അഞ്ചുനിലകളിലും കൂടിയുളള നൂറ്റമ്പത്‌ പടികളും ചന്തു ഓടിക്കയറി. കിതച്ചുകിതച്ച്‌ ജോയിയുടെ കാബിനിലെത്തുമ്പോഴേയ്‌ക്ക്‌ അവൾ തളർന്നുപോയിരുന്നു. പക്ഷെ. വരേണ്ടിയിരുന്നില്ല എന്ന്‌ അടുത്ത നിമിഷം

തന്നെ അവൾക്ക്‌ തോന്നി.

മുമ്പിൽ പുഞ്ചിരിയോടെയിരിക്കുന്ന ജോയിയുടെ തലച്ചോറിന്റെ അപ്പോൾ ലഭിച്ച രേഖാചിത്രങ്ങളിൽ, ചിന്തകളുടെ വ്യക്തമായ ചിത്രങ്ങളിലൊന്നും തന്നെ സാന്ദ്ര എന്ന ഭാര്യയോടുളള സ്നേഹമോ ആകർഷണമോ ഉണ്ടായിരുന്നില്ല.

പവർപോയിന്റിലുണ്ടാക്കിയ മികച്ച സ്ലൈഡുകളുടെ നിരപോലെ കിടന്ന ഓരോന്നും ചന്തു സൂക്ഷ്‌മമായി പരിശോധിച്ചു.

ചില ചിത്രങ്ങളിൽ ജോയിയുടെ രണ്ടു സീറ്റിനപ്പുറം ഇരിക്കുന്ന സീമയുടെ രൂപമാണ്‌ തെളിഞ്ഞത്‌.

വേറെ ചിലതിൽ ജോയിയുടെ തറവാടുവീടിനടുത്ത്‌ താമസിക്കുന്ന ജെയിംസിന്റെ ഭാര്യ റോസിലിയുടേത്‌.

അവസാനത്തെ നാലെണ്ണത്തിൽ ചന്തുവിനെ ഞെട്ടിച്ചുകൊണ്ട്‌ ജാനറ്റിന്റെ ചിത്രങ്ങൾ –

എല്ലാ ചിത്രങ്ങളിലും ബാക്ക്‌ ഗ്രൗണ്ടിൽ സ്നേഹത്തിന്റെയും ആസക്തിയുടെയും നിറങ്ങളുടെ കുത്തൊഴുക്ക്‌ –

ചന്തു കണ്ണുകളിറുക്കിയടച്ചു.

“നീയെന്താ വല്ലാതിരിക്കുന്നത്‌” ജോയി കൈനീട്ടി ചന്തുവിന്റെ നെറ്റിയിൽ തൊട്ടുനോക്കാനാഞ്ഞു. ഏതോ ഇംഗ്ലീഷ്‌ സിനിമയിൽ കണ്ടതുപോലെ ജോയിയുടെ വിരലുകൾ മാഞ്ഞുപോയി പകരം ഇരുമ്പുകൊണ്ടുണ്ടാക്കിയ, അറ്റം കൂർത്ത, തിളങ്ങുന്ന കുന്തമുനപോലൊരു സാധനം സാന്ദ്രയ്‌ക്ക്‌ നേരെ നീണ്ടു.

“അയ്യോ,” ഒരൊറ്റച്ചാട്ടത്തിന്‌ സാന്ദ്ര (ഇനി ഇടയ്‌ക്കിടയ്‌ക്ക്‌ രണ്ടുപേരും കേൾക്കും നിങ്ങൾ. കേട്ടുകേട്ട്‌ ഒന്നായ നിന്നെ രണ്ടായി കാണുന്ന ആ ഇണ്ടൽ മാറട്ടെ! രണ്ടും ഒന്നെന്ന്‌ മനസിലാവട്ടെ!) കാബിനിൽ നിന്ന്‌ പുറത്തുകടന്നു. പിന്നെ ലിഫ്‌റ്റിനു നേരെ പാഞ്ഞു! ലിഫ്‌റ്റ്‌

വരുന്നതുവരെ കാത്തുനിൽക്കാൻ ക്ഷമയില്ലാതെ നൂറ്റമ്പത്‌ പടികളും ഓടിയിറങ്ങി. വീണ്ടും സാൻട്രോയിൽ ചുട്ടുപഴുത്ത വെയിലിലൂടെ യാത്ര –

പാർക്കിനടുത്തു നിന്ന്‌ ഇലക്‌ട്രിസിറ്റി ഓഫീസിലേക്കുളള വഴിയിലൂടെ കാറോടിച്ച്‌ ഇടത്തോട്ടുളള കുറുക്കുവഴിയിലൂടെ കടന്ന്‌ ചന്തു അരുണിന്റെ ഓഫീസിനടുത്തെത്തുമ്പോഴേക്ക്‌ ലഞ്ച്‌ടൈം കഴിഞ്ഞ്‌ എല്ലാവരും സീറ്റിലെത്തിയിരുന്നു. ഇവിടെ ജോലി

ചെയ്യുന്നതുകൊണ്ടാവും അരുണിന്‌ ഇത്ര കൃത്യനിഷ്‌ഠ എന്ന്‌ ചന്തുവിന്‌ തോന്നി.

ഒരു മൾട്ടിനാഷണൽ കമ്പനിയുടെ അടിമകൾക്ക്‌ കൃത്യനിഷ്‌ഠയും അച്ചടക്കവും വളരെ പ്രധാനമാണല്ലോ.

ഒരു സർക്കാർ ഓഫീസിലാണെങ്കിൽ അരുണും ഈ നേരത്ത്‌ പതുക്കെ, സമയമെടുത്ത്‌ ഊണുകഴിച്ച്‌, പത്രങ്ങളിലെ ചരമക്കോളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ,

അല്ല, മുഖലേപനങ്ങളുടേയും മുടിനീട്ടാനുളള എണ്ണയുടെയും വരെ പരസ്യങ്ങൾ അരിച്ചുപെറുക്കി.

സകല സുഹൃത്തുക്കളുടെയും കുടുംബവിശേഷങ്ങൾ പങ്കുവെച്ച്‌, ‘ഇനി ബാക്കി ഒന്നുമില്ല ചെയ്യാൻ’ എന്ന്‌ ഉറപ്പുവരുത്തിയ ശേഷമേ സീറ്റിലെത്തുകയുണ്ടാവൂ.

അരുൺ വളരെയടുപ്പമുളള സുഹൃത്തായതുകൊണ്ട്‌, ഈ പ്രത്യേകസാഹചര്യത്തിൽ മനസ്സിനിത്തിരി ആശ്വാസം കിട്ടാൻ അരുണേയുളളൂ ശരണം എന്ന്‌ തോന്നിയതുകൊണ്ട്‌ മാത്രമാണ്‌ ഈ നട്ടുച്ച വെയിലത്ത്‌ അരുണിനെക്കാണാൻ ചന്തു പുറപ്പെട്ടത്‌. അവളുടെ വിഷമം നിറഞ്ഞ മുഖം കണ്ട ഉടനെതന്നെ അരുൺ ഒരു അരലീവെടുത്ത്‌ അവളുടെ കൂടെയിറങ്ങുകയും ചെയ്‌തു.

പാർക്കിൽ ഇത്തിരിനേരം തണലിലിരുന്ന്‌ വർത്തമാനം പറയാമെന്നു കരുതി ഗേറ്റുകടന്ന്‌ ഒരു വാര നടന്നതേയുളളൂ

‘ഇത്ര വിഷമിക്കാനെന്താ ഉളളത്‌’ എന്നു ചോദിച്ച്‌ തിരിഞ്ഞുനോക്കിയ അവന്റെ കണ്ണുകളിൽ പ്രകടമായ സഹതാപം വാസ്‌തവത്തിലുളളതല്ല എന്ന്‌ ചന്തുവിന്‌ മനസ്സിലായി. മാത്രവുമല്ല, സാന്ദ്ര എന്ന വ്യക്തിയെപ്പറ്റി അല്പം മുമ്പ്‌ അവൻ ഹാരിസുമായി നടത്തിയ ‘മൊബൈൽ’ സംഭാഷണത്തിന്റെ മുഴുവൻ ഡീറ്റെയിൽസും ചന്തുവിന്റെ മനസിൽ തെളിഞ്ഞു-

അരുൺ ഹാരിസിനോട്‌ പറഞ്ഞതിന്റെ ആകെത്തുക ഇത്രമാത്രം –

സാന്ദ്രാമേരിജോയ്‌ ഈപ്പൻ എന്ന ചന്തു വെറും ഒരു മണുങ്ങൂസാണ്‌, പറ്റിയ ഒരവസരത്തിൽ അവളെ ഞാൻ മുതലെടുക്കുമെന്ന്‌ അവൾക്കറിയില്ല –

ഒന്നൂറിച്ചിരിച്ച്‌ ഹാരീസും ഏതാണ്ട്‌ അതേ വേവ്‌ലങ്ങ്‌ത്തിലുളള തന്റെ ചിന്തകൾ അരുണുമായി പങ്കുവെച്ചു.

ഹാരിസ്‌ തലേന്ന്‌ ജോജോയോട്‌ നടത്തിയ ഏതാണ്ടിതേ രീതിയിലുളള സംഭാഷണങ്ങളുടെ വിശദമായ ഒരു ചിത്രവും ചന്തുവിന്‌ അരുണിന്റെ മുഖത്ത്‌ സൂക്ഷിച്ചു നോക്കുകവഴി കിട്ടുന്നുണ്ടായിരുന്നു.

കാരണം അരുണിന്റെ മനസുനിറയെ ആ സംഭാഷണങ്ങളുടെ രസവും തലയിൽ ആ ചിന്തകളുമായിരുന്നു.

വിഡ്‌ഢിവേഷം കെട്ടിയത്‌ ഇത്രമതി എന്നുറപ്പിച്ച്‌ സാന്ദ്ര വന്നവഴിയേ തിരിഞ്ഞുനടന്നു. (സാന്ദ്ര എന്നും ചന്തു എന്നും രണ്ടുപേരുകൾ മാറിമാറിക്കേട്ട്‌ കൺഫ്യൂഷനായോ? എന്നാൽപ്പിന്നെ അരുണിന്റെയും ഹാരീസിന്റെയുമൊക്കെ ഡബിൾപേഴ്‌സണാലിറ്റി കണ്ട്‌ സാന്ദ്ര എത്ര

കൺഫ്യൂസ്‌ഡ്‌ ആയിക്കാണും? ഒന്നാലോചിച്ചുനോക്കൂ)

ഒടുവിൽ ഒരിത്തിരി ആശ്വാസത്തിന്‌ ചന്തു മകൻ ഈപ്പൻ ജോയി ഈപ്പന്റെ സ്‌കൂളിലേയ്‌ക്ക്‌ വെച്ചുപിടിച്ചു. കാർ ഗേറ്റിനു പുറത്ത്‌ ഒതുക്കിയിട്ട്‌ ഹെഡ്‌മിസ്‌ട്രസിന്റെ മുറിയിലെത്തി. അവരുടെ മുഖം കാണേണ്ട താമസം – അതാ ചിന്താ തരംഗങ്ങൾ ചിത്രങ്ങളായി

മനസ്സിലേയ്‌ക്ക്‌ –

സാന്ദ്രയോടുളള അവരുടെ പുച്ഛവും, ദേഷ്യവും ഒറ്റനിമിഷത്തിൽത്തന്നെ അവൾക്ക്‌ വെളിവായി. മുഖത്ത്‌ കൃത്രിമമായ ഒരു ചിരിവരുത്തി. അത്യാവശ്യമായി ഒരിടത്തു പോകാനുളളതുകൊണ്ട്‌, ഞാൻ മോനെ കൊണ്ടുപോകാൻ വന്നതാണ്‌.‘ എന്നു പറഞ്ഞൊപ്പിച്ചു – പത്തു മിനിട്ട

​‍ിനുളളിൽ ഈപ്പൻ ജോയി ഈപ്പൻ എന്ന നാലരവയസ്സുകാരൻ യു.കെ.ജി. വിദ്യാർത്ഥി സാന്ദ്രയുടെ മുമ്പിലെത്തി –

അടുത്ത നിമിഷം സാന്ദ്ര ഒരലർച്ചയോടെ പിന്നോട്ടു ചാഞ്ഞു.

ഈപ്പൻ ജോയി ഈപ്പൻ എന്ന ’നാലരവയസുകാരൻ‘ യു.കെ.ജി വിദ്യാർത്ഥിയുടെ തലയിൽ നിന്നു പുറപ്പെട്ട ചിന്തകളുടെ ചിത്രങ്ങളിൽ ഒന്നിലും സാന്ദ്ര മേരിജോയ്‌ ഈപ്പൻ എന്ന പേരിലെ വ്യക്തികളായ, സാന്ദ്ര, മേരി, ജോയി, ഈപ്പൻ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന

അവന്റെ അമ്മയോ, ഈശോയുടെ അമ്മയോ, അവന്റപ്പനോ, അവന്റെ രണ്ട്‌ അപ്പാപ്പന്മാരിലാരെങ്കിലുമോ ഉണ്ടായിരുന്നില്ല –

പകരം ബാറ്റ്‌മാൻ, സ്‌പൈഡർമാൻ, ഇ-മാൻ, സൂപ്പർമാൻ, ഷോക്ക്‌മാൻ തുടങ്ങിയ എല്ലാ മാൻമാരും സ്‌കൂബിഡു, പിക്കാച്ചു, ടോം, ജെറി, സ്‌റ്റുവാർട്ട്‌ തുടങ്ങി അവന്റെ അസംഖ്യം സുഹൃത്തുക്കളുമായിരുന്നു –

ഒരഞ്ചു മിനിട്ടിനകം സമനില വീണ്ടെടുത്ത്‌ സാന്ദ്ര മകൻ ഈപ്പൻ ജോയി ഈപ്പനേയും കൊണ്ട്‌ ഹോട്ടൽ നക്ഷത്ര ഇന്റർനാഷണനലിലേയ്‌ക്ക്‌ പുറപ്പെട്ടു. വിശപ്പ്‌ വല്ലാതെ ആക്രമിക്കാൻ തുടങ്ങിയിരിയ്‌ക്കുന്നു എന്ന തിരിച്ചറിവിലായിരുന്നു അത്‌ –

രണ്ട്‌ മസാലഗോബിയ്‌ക്കും, ഫ്രൈഡ്‌ റൈസിനും പിന്നെ, ഈപ്പൻ ജോയി ഈപ്പന്‌ സ്പെഷ്യലായി ഒരു ’ബ്ലഡിമേരി‘യ്‌ക്കും ഓർഡർകൊടുത്ത്‌, ഒന്നു ടോയ്‌ലറ്റിൽ പോയി, കൈകളും മുഖവുമൊക്കെ കഴുകി ഫ്രെഷ്‌ ആവാം എന്നു കരുതി ബാത്ത്‌റൂമുകളുളള ഭാഗത്തേയ്‌ക്ക്‌

പോയതായിരുന്നു സാന്ദ്ര –

മുമ്പിലെ ആൾക്കണ്ണാടിയിൽ തെളിഞ്ഞ രൂപത്തിന്റെ കണ്ണുകളിൽ നിന്ന്‌ പുറത്തേയ്‌ക്കു ചാടിയ ചിന്താതരംഗങ്ങളുടെ ഫോട്ടോകൾ മനസിൽ അണിനിരക്കുമ്പോൾ സാന്ദ്ര വിറച്ചുപോയി – ആ ചിത്രങ്ങളിലൊന്നും തന്നെ മറ്റു മനുഷ്യരുണ്ടായിരുന്നില്ല –

സാന്ദ്രയുടെ അപ്പൻ ഈപ്പനോ –

തലതൊട്ടപ്പൻ ജോയിയോ –

ഭർത്താവ്‌ ജോയിയോ-

മകൻ ഈപ്പനോ-

അമ്മായിയപ്പൻ ഈപ്പനോ-

ചന്തുവിന്റെ സുഹൃത്തുക്കളായ അരുണോ, ഹാരിസോ, ജോജോയോ-ജാനറ്റോ-ആരും –

എല്ലാ ചിത്രങ്ങളും സാന്ദ്രാമേരിജോയ്‌ ഈപ്പന്റെ അഥവാ ചന്തുവിന്റെ പലപല പോസുകളിലുളള ദൃശ്യങ്ങളായിരുന്നു – ചിലത്‌ ക്ലോസപ്പിൽ മുഖത്തെ മുഖക്കുരു വരെ എടുത്തുകാണിക്കുന്നത്‌ – മറ്റു ചിലത്‌ ഉടലിന്റെ വടിവും, ഭംഗിയും എടുത്തുകാണിയ്‌ക്കുന്ന

നൈറ്റ്‌ഗൗണുകളിലുളളതും –

Generated from archived content: story1_novem9_07.html Author: shakunthala_c

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here