ഹൈദരാലിയ്‌ക്ക്‌

‘മരിച്ചൂ ഹൈദരാലി,

പത്രത്തിലിതാ വാർത്ത’,

മകനാ പത്രം നീട്ടി,

കണ്ടീല ഞാനക്ഷരം,

‘നമ്മുടെ കഥകളി-

പ്പാട്ടുകാരനാണത്‌’,

മൂത്തവനിളയവനോടോർമ്മ

പുതുക്കുന്നു.

കുട്ടികൾ ചെറുതാണ-

തെങ്കിലും പരിചിതം,

മുദ്രയിൽ കഥ ചൊല്ലും

കളിയാം കഥകളി!

അമ്പലപ്പറമ്പിലാ-

ണരങ്ങ്‌ പണ്ടെന്നാകിൽ

മുമ്പിലാണിന്ന്‌ ടി.വി.,

കഥയും കളിയുമായ്‌!

‘എന്തിഹ മന്മാനസേ’……

തെളിയും കളിവിള-

ക്കത്ഭുത പ്രഭയാർന്നു

വിളങ്ങും ഗാനാലാപം!

രാഗമോ, ആലാപമോ

ഭാവമോ ശ്രേഷ്‌ഠം? ഞങ്ങ-

ളാകെ വിസ്‌മയം പൂണ്ടു

നിർന്നിമേഷരായ്‌ നിന്നൂ!

ഗംഭീരഭാവം വായ്‌ക്കും

നിൻമുഖം കാൺകെ, പൊട്ടും

ഗദ്‌ഗദം; ഹൃദയത്തിൻ

സ്‌പന്ദനം നിലച്ചുവോ?

കരകൾ തകർത്തേറി-

യലറുന്നലകൾ തൻ

കദനമൊരു കണ്ണീർ-

ത്തുളളിയിലൊതുങ്ങിയോ?

പാടുവാനാശ തീരും

മുമ്പെ, യീയരങ്ങിലെ

പിന്നണി നിർത്തി, തിര-

ശ്ശീലയ്‌ക്കു പിന്നിലായോ?

നിറയും നിലാവിന്റെ

നറുംപാലൊരു ഞൊടി-

യിടയിലിരുളിനു

വഴിമാറിയോ? കഷ്ടം

‘മറിമാൻ കണ്ണി’…………ബാക്കി

വെച്ചു നീ മറയവേ

അറിയുന്നകമ്പടി

യില്ലിനി, ഭാവരാഗം!

അരങ്ങു നിറഞ്ഞു നീ

പാടവേ, ക്ഷണികമാ-

മൊരു മിന്നലിൻ ദീപ്തി!

യിരുണ്ടൂ താരാപഥം!

ജാതിയും മതങ്ങളും

തീർത്തിടുമതിർവര-

മ്പൊക്കെയുമലിഞ്ഞുപോയ്‌

ഗാനപ്രവാഹത്തിലായ്‌,

വിശ്വമാനവനായീ-

യാലാപമമൃതായീ

വിസ്‌മയം! നമ്മളൊന്നാ-

യേവരും സഹോദരർ!

മധുരം സ്വരം, ഗീതം

ഭാവുകം, രാഗം ശ്രേഷ്‌ഠം!

വദനം ഭാവപൂർണ്ണം!

ആലാപ മതി കേമം!

‘മണ്ണിതിൽ വാസം മതി’,

ഈശ്വരൻ ചൊന്നതാവാം,

വിണ്ണവർക്കാസ്വദിക്കാ-

നീനാദനവനീതം!

ഹൃസ്വമാമൊരു വേള-

യെങ്കിലും മറക്കില്ല,

ഹൃദ്യമാം സംഭാഷണം,

ചിരിതൻ മായാജാലം

ഓർത്തുപോയ്‌ വീണ്ടുമെല്ലാം

ഇന്നലെയെന്നപോലെ

വാർത്തയായ്‌ മാറീട്ടൊരു

വത്സരം കഴിഞ്ഞുവോ?

(കലാമണ്ഡലം ഹൈദ്രാലി നമ്മെ വേർപിരിഞ്ഞിട്ട്‌ ഒരുവർഷം തികയുന്നു)

Generated from archived content: poem1_jan06_07.html Author: shakunthala_c

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here