ഒൻപത്‌

വീടുവിട്ടു പോരുമ്പോൾ ഞാൻ ഒന്നു തിരിഞ്ഞുനോക്കിപ്പോയി. വാടിക്കരിഞ്ഞുപോയ ചെടികളുടെ അവശിഷ്‌ടങ്ങളും… വെള്ളമില്ലാതെ… ഉണങ്ങിവരണ്ട വൃത്താകൃതിയിലുള്ള പോണ്ടും… നിറയെ പുല്ലുവളർന്നു നിൽക്കുന്ന ഡ്രൈവ്വേയും അംബാസിഡറിന്റെ പ്രേതം പോലെ പൊടിപിടിച്ച്‌ മുൻവശം കുത്തികിടക്കുന്ന ഒരു കാറും… കരിപായലു പിടിച്ച ചുമരുകളുള്ള ഒരു കൂറ്റൻ മാളികയും… “കണ്ണിന്‌ ഒരു മുടൽപോലെ ഒരു നിമിഷം” പൂത്തു തളിർത്തു നിൽക്കുന്ന തോട്ടം… നടുവിൽ താമര പൂക്കൾ വിടർന്നു നിൽക്കുന്ന പോണ്ട്‌…. വൃത്തിയായി ചെത്തിയൊരുക്കിയ ഡ്രൈവ്‌ വേ… മുറ്റത്തും മാവിന്റെ ചോട്ടിലുമെല്ലാം ചീഫ്‌ എഞ്ചിനീയർ പത്മനാഭൻ തമ്പിയെ കാത്തുകിടക്കുന്നവരുടെ വലിയ വലിയ കാറുകളും ജീപ്പുകളും… കൈത്തണ്ടയിൽ വിറയാർന്ന ഒരു തണുത്ത…നേർത്ത…കൈപ്പത്തി. അവളൊന്നും മിണ്ടിയില്ല. നേര്യതിന്റെ കോന്തലകൊണ്ട്‌ വായപൊത്തിപ്പിടിച്ച്‌ തേങ്ങലടക്കുകയായിരുന്നു.

“വരൂ…അങ്കിൾ…ആന്റി വരൂ…മഹേഷ്‌ ഞങ്ങൾക്ക്‌ കാറിന്റെ ഡോർ തുറന്നു തന്നു.

ഈ സ്‌നേഹാലയത്തിൽ വന്ന ദിവസം ഒരു ബോർഡിംഗിൽ വന്നുപെട്ട കുട്ടികളുടെ മാനസികാവസ്ഥയായിരുന്നു ഞങ്ങളുടേത്‌. മഹേഷ്‌ മടങ്ങിപ്പോകുമ്പോൾ ഒന്നേ നോക്കിയുള്ളൂ. അന്നു ഞങ്ങൾ പരസ്‌പരം ഒന്നും സംസാരിച്ചില്ല. സംസാരിച്ചാൽ എന്റെ ശബ്‌ദത്തിലെ വിങ്ങലുകൾ അവൾ തിരിച്ചറിയുമെന്നും അവൾ നിയന്ത്രണം വിട്ടു തേങ്ങിപ്പോകുമോ എന്നുമുള്ള ഭയമായിരുന്നു എനിയ്‌ക്ക്‌.

അടുത്ത മുറികളിലുള്ളവർ ദുഃഖന്വേഷിച്ചു വരുന്നതുപോലെ വന്നു ദയനീയമായി നോക്കിനിന്നിട്ടുപോയി. ”തുല്യ ദുഃഖിതരാണു നമ്മൾ“ എന്നു പറയുമ്പോലെയായിരുന്നു അവരുടെ മുഖഭാവം. പിന്നെ സൂപ്രണ്ട്‌ വന്നു. മുറിയിലെ സൗകര്യങ്ങളെക്കുറിച്ചൊക്കെ ആരാഞ്ഞു. ഈ സൗകര്യങ്ങളൊക്കെ ധാരാളം മതി… എന്നു പറഞ്ഞെങ്കിലും ഞങ്ങൾ വന്നിരുന്ന കട്ടിലല്ലാതെ മറ്റൊന്നും കണ്ടില്ല. ഭക്ഷണം….മുറിയിലെത്തിയ്‌ക്കണോ?- എന്നു ചോദിച്ചപ്പോൾ -ഇന്നത്തേക്കതുമതി – എന്നു പറഞ്ഞു.

ഒരു പരിചാരിക ഭക്ഷണം കൊണ്ടുവന്നു മേശപ്പുറത്തുവച്ചു എന്നിട്ട്‌ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‌ ദേ….ഈ ബെല്ലൊന്നടിച്ചാൽ മതി…ഞാൻ വരാം എന്നു പറഞ്ഞു.

”ഊം…“

”ഫ്ലാസ്‌കിൽ ചൂടുവെള്ളം വേണമെങ്കിൽ കൊണ്ടെന്നു തരാം“.

”ആയിക്കോട്ടെ…ഫ്ലാസ്‌ക്ക്‌…ആ ചൂരൽകൂടയിലുണ്ട്‌“.

പിന്നെപ്പോഴോ…അവൾ ഫ്ലാസ്‌കും കൊണ്ടുവരുമ്പോൾ ചോദിച്ചു. ”അയ്യോ…കഞ്ഞി കുടിച്ചില്ലേ…ഒക്കെ ആറിത്തണുത്തു കാണുമല്ലോ… എല്ലാരുമിങ്ങിനെയാ…വരുന്ന ദിവസം ഒരു മൗനാ…പിന്നെ പിന്നെ…അതൊക്കെയങ്ങുമാറും“.

അവൾ പോയി കഴിഞ്ഞപ്പോൾ ആ മരവിപ്പിൽ നിന്നും എഴുന്നേറ്റു. ”ദേവകീ…വരൂ…നമുക്കൽപ്പം കഞ്ഞി കുടിക്കാം…മണി പത്തു കഴിഞ്ഞു…എന്നിട്ടൽപ്പം ഉറങ്ങാൻ നോക്കാം“

കഞ്ഞി കുടിക്കുമ്പോഴും അവളൊരക്ഷരം മിണ്ടിയില്ല. മുഖമുയർത്തി നോക്കുകപോലും ചെയ്‌തില്ല. തൊണ്ടയിലെ മാംസപേശികൾ വരിഞ്ഞുമുറുകിയിരിക്കുകയാൽ കഞ്ഞിയിറങ്ങാനും ബുദ്ധിമുട്ടുണ്ടായി. ഈ പിരിമുറുക്കം ഒന്നയയാനായി ഒന്നുരിയാടാൻ വേണ്ടി ഫാൻ ഓൺ ചെയ്‌തുകൊണ്ടു ഞാൻ പറഞ്ഞു. ”ഒരിലപോലും അനങ്ങുന്നില്ലാ…എന്തുഷ്‌ണാ…ല്ലേ?“

അതിന്റെ മറുപടി ഒരു തേങ്ങലായിരുന്നു. അവളെ ഒന്നാശ്വസിപ്പിയ്‌ക്കാൻ പോലുമാവാതെ ഞാൻ വിറങ്ങലിച്ചിരുന്നു. എന്റെ മനസു പറഞ്ഞു. ”കരഞ്ഞോട്ടെ മനസിന്റെ ഭാരമൽപം കുറയും… ഈ വിഷമമെല്ലാം കുറച്ചു ദിവസം കൊണ്ടു മാറികിട്ടും. ഉണങ്ങാത്ത മുറിവുകളുണ്ടോ?“

അവളുടെ അമർത്തിയ തേങ്ങലുകൾ കേട്ടുകൊണ്ട്‌ തളർന്നു കിടന്നു ഞാനെപ്പോഴോ മയങ്ങിപ്പോയി. രാവിലെ വാതിലിൽ മൃദുവായ മുട്ടുകേട്ടാണുണർന്നത്‌. പരിചാരിക ഒരു ജഗ്ഗിൽ കാപ്പി കൊണ്ടുവന്നുവച്ചിട്ട്‌ തലേന്നാളത്തെ പാത്രങ്ങളും എടുത്തുകൊണ്ടുപോയി.

ചൂടുള്ള നേർത്ത കാപ്പി മൊത്തി കുടിക്കുമ്പോൾ ദേവകി പറഞ്ഞു. ”ഞങ്ങൾക്കു ചായയല്ലേ വേണ്ടത്‌. അതു പറഞ്ഞാലിവിടെ കിട്ടില്ലേ?“

”കിട്ടും.. .ഇന്നിപ്പോ ഇതുമതി. ബെസ്‌റ്റ്‌ കോഫീന്നല്ലേ പറയാ… അതോണ്ടാവും കാപ്പി കൊണ്ടന്നത്‌. ഏതായാലും താനേപോയി പാലും വെള്ളവും അളന്നുവച്ച്‌ നോക്കിനിന്ന്‌ ഒന്നും ഉണ്ടാക്കി കഴിയ്‌ക്കണ്ടാല്ലോ… .ഇരിയ്‌ക്കണോടത്തു കിട്ടൂല്ലോ… അതു തന്നെ വല്ല്യ കാര്യം“. പിന്നെ മനസിൽ പറഞ്ഞു ഇതു രണ്ടിനും പോന്നതാണേ… കാപ്പീന്നു വിചാരിച്ചാ.. കാപ്പി… ചായാന്നു വിചാരിച്ചാൽ ചായ. ഇനി ഇതൊക്കെ അങ്ങട്ടു ശീലിയ്‌ക്കാം… അത്രതന്നെ”.

പ്രഭാതകൃത്യങ്ങളൊക്കെയും കഴിഞ്ഞപ്പോൾ സൂപ്രണ്ടു വന്നു. അവർ പ്രായമുള്ള ഒരു സ്‌ത്രീയാണ്‌. കുശലങ്ങൾ അന്വേഷിച്ചുകൊണ്ട്‌ നിറഞ്ഞ ചിരിയോടെ അവർ വന്നു. ദേവകിയ്‌ക്കു സമീപം ഇരുന്നുകൊണ്ടു പറഞ്ഞു.

“സ്വയം പരിചയപ്പെടുത്തേണ്ടയാവശ്യമൊന്നുമില്ല. ഡോക്‌ടർ മഹേഷ്‌ അഡ്‌മിഷന്റെ കാര്യത്തിനു വന്നിരുന്നപ്പോൾ തന്നെ ഞാനെല്ലാം ചോദിച്ചറിഞ്ഞു. ആരാണ്‌ എന്താണ്‌ എന്നൊക്കെ ഞങ്ങൾക്കും അറിയണമല്ലോ. ഇവിടെ ഇങ്ങനെ പത്തിരുപതു ദമ്പതിമാരും പിന്നെ പത്തിരുപതു ഒറ്റപ്പെട്ടു പോയവരും താമസിക്കുന്നുണ്ട്‌. എന്നെ സ്വന്തം സഹോദരിയെപ്പോലെ കരുതിയാൽ മതി. എന്താവശ്യമുണ്ടെങ്കിലും എന്തു പോരായ്‌മ ഉണ്ടെങ്കിലും തുറന്നു തന്നെ പറയണം. അതാണു ഞങ്ങളുടെ ആവശ്യം. വയസുകാലത്ത്‌ മക്കളുമൊത്ത്‌ താമസിക്കാൻ പറ്റാത്ത ഒരവസ്ഥയിലാണല്ലോ ഇവിടെ വരുന്നത്‌. ആ കുറവു നികത്തുക…അവർക്കു വേണ്ടത്ര പരിചരണവും ആശ്വാസവും കൊടുക്കുക എന്നതാണ്‌ ഞങ്ങളുടെ ലക്ഷ്യം”.

Generated from archived content: vezhambalukal9.html Author: shakuntala_gopinath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here