കുട്ടപ്പൻ പോയി കുറച്ചുനാളത്തേയ്‌ക്ക് കൃഷ്ണൻ വിളിക്കുമ്പോഴെല്ലാം ഓടി വന്നു. വിശേഷബുദ്ധിയില്ലാത്തവൻ. നാലുകാര്യം ഏൽപ്പിച്ചാൽ രണ്ടുകാര്യം തോന്നുന്നതുപോലെ ചെയ്‌തിട്ട് ബാക്കി പിന്നെയാവാം എന്നു പറഞ്ഞുപോയി.
പിന്നെ പിന്നെ അവന്റെ വരവിലുള്ള ശുഷ്‌കാന്തി കുറഞ്ഞുവന്നു. നാലു പ്രാവശ്യം വിളിച്ചാലേ ഒന്നു വരികയൊള്ളൂ എന്നായി. എന്നാലും അവനെ പിണക്കാൻ പറ്റില്ലല്ലോ… അവന്റെ സൗകര്യത്തിനനുസരിച്ച് ഞങ്ങൾ ഞങ്ങളുടെ ആവശ്യങ്ങൾ ചുരുക്കി….ചുരുക്കി…..അവസാനം വളയമില്ലാതെ ചാടുന്ന അവസ്ഥയിലായി. അങ്ങിനെ കഴിയവെ ഒരു ദിവസം ഒരു ഫോൺ…ലക്‌നൗവ്വിൽ നിന്ന്…
ഫോൺ ബെല്ലടിച്ചാൽ ഞാനും ദേവകിയും പ്രായംകൂടി മറന്ന് ഓടിച്ചെല്ലും. അങ്ങിനെ ചെന്നെടുക്കുമ്പോൾ അങ്ങേത്തലയ്‌ക്കൽ “സതീഷിന്റെ ശബ്ദം. അച്ഛനും അമ്മയ്‌ക്കും സുഖമാണോ?…. എന്തുണ്ട് വിശേഷം?…..കൃഷ്ണൻ വരുന്നുണ്ടോ? എന്നുള്ള പതിവു ചോദ്യം.
സുഖമാണു മോനേ…..എന്നു പറയുമ്പോൾ എന്നു രാവിലെ മുതൽ മധുരമില്ലാത്ത ചായയും ഹോർലിക്സുമൊക്കെയാണ് ഞങ്ങൾ കുടിക്കുന്നത് എന്നോർത്തു.
വീണ്ടും അവന്റെ ശബ്ദം ”അച്ഛനും അമ്മയ്‌ക്കും ഒരു സന്തോഷവാർത്ത. ഞങ്ങൾ ഒരു മാസത്തെ അവധിയിൽ വരുന്നു“.
”എന്നത്തേക്കെത്തും നിങ്ങൾ“.
”രണ്ടാഴ്‌ചക്കകം“
അന്നു ഞങ്ങൾക്ക് ഉറക്കില്ലാത്ത ഒരു രാത്രിയായിരുന്നു. കിടക്കമുറിയിൽ നിന്നും പുറത്തു കടന്നു. സ്വീകരണമുറിയിലെ ലൈറ്റുകളെല്ലാം തെളിയിച്ചു. സ്വീകരണമുറിയുടെ മധ്യത്തായി തൂക്കിയിരിയ്‌ക്കുന്ന ഷാൻഡ്‌ലിയറിൽ അങ്ങിങ്ങു മാത്രമേ ബൾബുകൾ കത്തുന്നുള്ളൂ.
”ഈ ഫ്യൂസായ ബൾബുകളൊക്കെ ഒന്നു മാറ്റണം“.
ദേവകി പറഞ്ഞു ”വീടാകെ നാശമായി കിടക്കുകയല്ലേ….സതീഷും റാണിയും മോളും വരുമ്പോഴത്തേക്കും എല്ലാം ഒന്നു വൃത്തിയാക്കണം“.
”ദേവകീ…ഒരിത്തിരി ഹോർലിക്സ് കലക്ക്……ചൂടായിട്ടെന്തെങ്കിലും കുടിക്കാൻ തോന്നുന്നു“.
ചൂടുള്ള ഹോർലിക്്സ് കുടിച്ചുകൊണ്ട് തമ്പി വീണ്ടും പറഞ്ഞു. ”കൃഷ്ണനെത്തന്നെ പിടിച്ചു നിർത്താം….മാറാല അടിച്ച്…..കഴുകി തുടച്ച്….ഒക്കെ വൃത്തിയാക്കുമ്പോൾ കൂട്ടത്തിൽ പെയിന്റിംങ്ങും ചെയ്യണം. രമേശിന്റെ കല്യാണത്തിനു ചെയ്‌തതല്ലെ…..വർഷം നാലായി. കട്ടനുകളും മാറ്റണം“.
”പെയിന്റിംങ്ങിന് കുമാരനെ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. അവൻ കരാറെടുത്ത് ചെയ്‌തോളും…പിന്നെ ഒന്നും അറിയേണ്ടല്ലോ“.
”എങ്ങിനെയാ….അവനെ….ഒന്നു വിളിക്ക്യാ?
“ജാനുവിനെ ചാക്കിടാം…ഒരു പത്തുറുപ്യ കൈയ്യിൽ വച്ചുകൊടുത്തിട്ടു പറഞ്ഞാലവളു പോവാണ്ടിരിയ്‌ക്കൂല”
പത്തല്ല…നൂറു കൊടുത്താലും അവൾ പോവില്ല….അതാ….സാധനം. വയ്യാന്നു പറഞ്ഞാൽ പിന്നീടതു ബുദ്ധിമുട്ടാകും. എന്നാൽ പിന്നവൻ വരട്ടെ…അല്ലാതെന്താ ചെയ്‌ക.
അവനു വന്നാലവരുടെ മുറീലേക്കൊന്നു കയറണ്ടേ….പിന്നവനെക്കാണാനോരോരുത്തർ വന്നു തുടങ്ങും. എങ്ങിനെയെങ്കിലും അവരു വരണേനു മുമ്പേ ഒക്കെ ഒന്നു വൃത്തിയാക്കാനും പറ്റില്ല. അവർ രണ്ടുപേരും അക്ഷമയോടെ നേരം ഒന്നു വെളുത്തു കിട്ടാൻ കാത്തിരുന്നു…വീടു വൃത്തിയാക്കാൻ വേണ്ടി….മോനേയും കുടുംബത്തേയും വരവേൽക്കാനുള്ള തയ്യാറെടുപ്പിനു വേണ്ടി. അന്നു പകൽ മുഴുവനും കൃഷ്ണനെ ഫോൺ വിളിച്ചും പൊറുതിയില്ലായ്‌മ കാരണം വെരുകിനെപ്പോലെ മുറിക്കുള്ളിൽ ചുറ്റിത്തിരിഞ്ഞും കൃഷ്ണന്റെ വരവു കാത്തിരുന്നു.
അവസാനം രണ്ടാം ദിവസമാണ് കൃഷ്ണൻ എത്തിയത്. കൃഷ്ണനെ കണ്ടതും രണ്ടുപേരും കൂടി ഓടി കിതച്ചെത്തി നിറഞ്ഞ ചിരിയോടെ പറഞ്ഞു. “സതീഷു വരുന്നു….ഒരുമാസത്തെ….അവധിക്ക്. കൃഷ്ണാ…ഈ വീടൊക്കെ ഒന്നു വൃത്തിയാക്കണമല്ലോ. മുകളിൽ മുഴുവനും പൊടിപിടിച്ചു…പൂപ്പൽ പിടിച്ച് ഒക്കെ കിടക്കുകയാ…എല്ലാം ഒന്നു വൃത്തിയായി കഴുകി തുടച്ചു…..കർട്ടനുകളും ഒന്നു മാറ്റണം….നീ…..ആരെയെങ്കിലും ഒരാളെക്കൂടി വിളിക്ക്. പെയിന്റിംഗ് കുമാരനെ കരാറേൽപ്പിക്കാം”.
“കുമാരനോ….കൊള്ളാം….അയാൾക്ക് ഒരു ദിവസം ഒഴിവില്ല”.
“അതായിക്കോട്ടെ….ഞാൻ വിളിയ്‌ക്കുന്നൂന്നൊന്നു പറഞ്ഞാൽ മതി…..നീയ്യ്”.
അവസാനം കുമാരൻ വന്നു. അവനു തിരക്കിട്ട പണിയാത്രെ. അതുകൊണ്ട് തൽക്കാലം സതീഷിന്റെ മുറിയും ഹാളും താഴെ സ്വീകരണമുറിയും സിറ്റൗട്ടും പെയിന്റ് അടിച്ചു കഴുകിത്തുടച്ചു വൃത്തിയാക്കിത്തന്നു. അത്രയുമെങ്കിലും ചെയ്‌തു കിട്ടിയ ആശ്വാസത്തോടെ ഞങ്ങൾ അവരുടെ അവരും കാത്തിരുന്നു. ഇന്നുരാവിലെ മുതൽ ദേവകി പടിയ്‌ക്കലേക്കും നോക്കിയിരിപ്പാണ്. അവൾ കാണാതെ ചാഞ്ഞും ചരിഞ്ഞും ഞാനും നോക്കിപ്പോകുന്നു….അവരുടെ കാർ പടി കടന്നു വരുന്നുണ്ടോ എന്ന്.
വൈകിയാണവനെത്തിയത്. അവൻ മാത്രം കാറിൽ നിന്നും ഇറങ്ങുന്നതു കണ്ടപ്പോൾ ദേവകിയുടെ മുഖം ംലാനമായി. ഞങ്ങൾ ചോദിക്കും മുമ്പേ അവൻ പറഞ്ഞു. “മോളുറങ്ങിപ്പോയി…..അതുകൊണ്ടു റാണിയുടെ വീട്ടിലിറങ്ങി….മോളുണർന്നാലുടനെ അവരിങ്ങെത്തും. നിങ്ങളിതുവരെ ഊണു കഴിച്ചില്ലേ…? വൈകിയതു കാരണം ഞാനൂണു കഴിച്ചു. വരൂ…ഞാൻ വിളമ്പിത്തരാം” അവൻ തന്നെ ഞങ്ങൾക്കു വിളമ്പിത്തന്നു. അവർക്കുവേണ്ടി ഞാനും ദേവകിയും കൂടി ഇഴഞ്ഞും വലിഞ്ഞും വച്ചുണ്ടാക്കിയത് രാത്രി കഴിച്ചോളാമെന്ന് പറഞ്ഞു.
വൈകിട്ട് റാണിയും മോളും മോളുടെ ആയയും കൂടി വന്നു. മോള് ആയയുടെ കയ്യിലായിരുന്നു. ഞാനും ദേവകിയും കൂടി ഓടിച്ചെന്ന് ഞങ്ങളുടെ കുഞ്ഞുമകളെ വാരിയെടുക്കുമ്പോൾ ആയ പറഞ്ഞു. “കുട്ടിയ്‌ക്ക് ഫീഡിംഗ് ടൈം ആയിരിക്കുന്നു. ഫീഡ് ചെയ്‌തിട്ട് തരാം. അവർ കുട്ടിയേയും കൊണ്ടു മുകളിലേയ്‌ക്കു പോയി. റാണി പഴയപടി തന്നെ…താഴേയ്‌ക്ക് ഇറങ്ങി വരുന്നതേയില്ല.
സതീഷ് ഹോട്ടലിൽ നിന്നും പകർച്ച കൊണ്ടുവന്നു. രണ്ടുദിവസം കഴിഞ്ഞപ്പോൾ റാണിയുടെ വീട്ടിൽ നിന്നും ഒരു വാല്യക്കാരി വന്നു. അടുക്കളയിൽ നിന്നും പുകയും മണവും എല്ലാം ഉയർന്നപ്പോൾ വീടിനു തന്നെ ജീവൻ വച്ചതുപോലെ. ഇടയ്‌ക്കിടെ കുഞ്ഞിന്റെ കളിയും ചിരിയും കരച്ചിലും….കാറു വരുന്നതിന്റെയും പോകുന്നതിന്റെയും ശബ്ദവും….സതീഷിനെ അന്വേഷിച്ചു വരുന്നവരുടെ സംസാരവും അവന്റെ പൊട്ടിച്ചിരിയും….ഞങ്ങളുടെ വീടുണർന്നു…ഏറെ നാളത്തെ നിദ്രയ്‌ക്കും….മൗനത്തിനും ശേഷമുള്ള ഒരുണർവ്വ്….ഞങ്ങൾക്ക് യൗവ്വനം വീണ്ടു കിട്ടിയതുപോലെ ഒരു ഉന്മേഷം. റാണിയുടെ ആരോടും ഒരടുപ്പവുമില്ലാത്ത പെരുമാറ്റമോ…ആയയുടെ ദാർഷ്ട്യമോ….ഒന്നും ഞങ്ങളെ അലോസരപ്പെടുത്തിയില്ല. അവസാന നാളുകളിൽ കുറച്ചു ദിവസത്തേക്കെങ്കിലും ഒരു സുരക്ഷിതബോധം….വീട്ടിൽ ഒരുണർവ്വ്….സമയാസമയങ്ങളിൽ രുചിയുള്ള ഇത്തിരി ഭക്ഷണം. കുഞ്ഞുമകളെ അപൂർവ്വമായി കയ്യിൽ കിട്ടുമ്പോൾ മടിയിലിരുത്തി ലാളിച്ചു കൊണ്ടും ഞങ്ങൾ ഭാഗ്യവാന്മാരാണെന്നു പരസ്‌പരം പറഞ്ഞു സന്തോഷിച്ചു. അങ്ങിനെ സന്തോഷപൂർണ്ണമായ ദിനങ്ങൾ വളരെ വേഗം പറന്നുപോയി. അവർ അവരുടെ സാധനങ്ങളും കാറിൽ കയറ്റി കുഞ്ഞുമോളേയും കൊണ്ട് ഓടി മറയുമ്പോൾ മനസ്സിൽ വീണ്ടും ഇരുട്ടു കയറി.
ഒരു ദിവസം അവൻ വിളിക്കുമ്പോൾ ദേവകി തീരെ അവശയായിരുന്നു. അപ്പോഴവൻ പറഞ്ഞു. ”ഞാൻ അടുത്തു തന്നെ അങ്ങോട്ട് വരുന്നുണ്ട്. നിങ്ങളെ ഇങ്ങോട്ട് കൊണ്ടുപോരാൻ. കുറെ കൂടി സൗകര്യമുള്ള ഒരു വീടു പറഞ്ഞുവച്ചിട്ടുണ്ട്. അതു കിട്ടിയാലുടനെ വരും. നിങ്ങൾ തയ്യാറായിരിക്കണം. ഇനി നിങ്ങൾക്കു തനിയെ ഇങ്ങനെ കഴിയാൻ പറ്റില്ല. ഇവിടെയാകുമ്പോൾ ജോലിക്കാരുമൊക്കെയുണ്ടല്ലോ…തനിയെ പാചകം ചെയ്യേണ്ടിയൊന്നും വരില്ലല്ലോ. വല്ല്യേട്ടനും രമേഷും അങ്ങിനെതന്ന്യാ പറഞ്ഞത്“.
സുരേഷ് വിളിച്ച് ”അച്ഛനും അമ്മയും ഇനി തനിച്ചങ്ങിനെ അവിടെത്താമസിക്കുന്നതു ശരിയാവില്ല. നാട്ടിലുള്ളത് സതീഷ് മാത്രമാണല്ലോ….അവന്റെ കൂടെപ്പോയി താമസിക്കണം“.
”വീടവിടെക്കിടന്നോട്ടെ….ഞങ്ങളാരെങ്കിലും വരുമ്പോൾ നമുക്കൊന്നിച്ചുക്കൂടാം“. രമേഷ് വിളിച്ചു. ”അച്ഛനും അമ്മയും വല്യേട്ടന്റെ കൂടെ പോകണം. തനിച്ചു താമസിയ്‌ക്കാൻ പാടില്ല. ഞങ്ങൾ മടങ്ങി വന്നിട്ട് നമുക്കൊന്നിച്ചു നമ്മുടെ വീട്ടിൽ വന്നു താമസിയ്‌ക്കാം“.
എപ്പോൾ വേണമെങ്കിലും മടങ്ങി വരാമല്ലോ…എന്നു മനസു പറഞ്ഞെങ്കിലും എന്തോ….? എന്തോ ഒരു വല്ലായ്‌ക. ജീവിതം തുടങ്ങിയനാൾ മുതൽ ഞങ്ങൾ സ്വതന്ത്രരായാണു ജീവിച്ചത്… ഇണക്കത്തിലും…പിണക്കത്തിലും….പരിമിതമായ വരുമാനത്തിലും പിന്നെ സമൃദ്ധിയിലും… ആരോഗ്യത്തിലും….അനാരോഗ്യത്തിലും. ഇനി ഇപ്പോൾ ഒരു ആശ്രയത്വം…അതു മകന്റെ കൂടെയല്ലേ…എന്നു മനസു വീണ്ടും പറഞ്ഞു. മനസ്സില്ലാമനസ്സോടെയാണു ഞങ്ങൾ വീടുപൂട്ടി മകന്റെ കൂടെ പോയത്.
അവിടെ ഞങ്ങൾക്കായി ഒരു മുറി സജ്ജമാക്കിയിരുന്നു. ഞങ്ങൾ ചെന്നു കയറുമ്പോൾ റാണി അവിടെയുണ്ടായിരുന്നില്ല. മോൻ തന്നെയാണ് സാധനങ്ങളൊക്കെ മുറിയിൽ കൊണ്ടുതന്നതും എല്ലാം. പാചകക്കാരി മറിയ വന്നു ചോദിച്ചു. ഭക്ഷണം എടുത്തുവയ്‌ക്കട്ടെ എന്ന്.
”റാണിമോളെവിടെ…? അവളും കൂടി വരട്ടെ“.
”ക്ലബ്ബിൽ പോയിരിക്കുകയാ…വരുമ്പോൾ വൈകും. അമ്മച്ചിയും അപ്പാപ്പനും കഴിച്ചോ“.
മറിയയാണു ഞങ്ങൾക്കെപ്പോഴും വിളമ്പിത്തന്നത്. റാണി ഒരിയ്‌ക്കലും ഞങ്ങളുടെ കൂടെ ഭക്ഷണം കഴിക്കാൻ വന്നിരുന്നില്ല എന്നു മാത്രമല്ല ഞങ്ങളുടെ മുറിയിലേക്കൊന്നു വരികയോ എന്തെങ്കിലും കുശലം പറയുകയോ ചെയ്യാറേയില്ല. അവൾ ഒരു മിന്നായം പോലെ പാഞ്ഞു കയറിവരുന്നതും പോകുന്നതും മാത്രമേ കണ്ടിട്ടുള്ളൂ. ചില സമയം അവളും അവളുടെ കൂട്ടുകാരും പലപല വേഷങ്ങളിൽ തുള്ളിച്ചാടി വരുന്നതു കാണാം. നേർക്കുനേരെ കാണാൻ ഇടവന്നാലും ഞങ്ങളെ ഒന്നു പരിചയപ്പെടുത്തിയില്ല. ഒന്നും ശ്രദ്ധിക്കുക കൂടി ചെയ്യാതെ ഞങ്ങളുടെ ഇടയിലൂടെ പാഞ്ഞുപോയി. ക്ഷണിക്കപ്പെടാതെ വലിഞ്ഞുകയറി വന്ന അതിഥികളെപ്പോലെയായി അവിടെ ഞങ്ങൾ. പല പ്രാവശ്യം ഞങ്ങളെ അങ്ങു കൊണ്ടാക്കു മോനേ എന്നു പറയാൻ നാവോളം വന്നതാണ്. പക്ഷെ അവന്റെ മുഖത്തേക്കു നോക്കുമ്പോൾ അങ്ങിനെ പറയാനാവുന്നില്ല.
ഒരു ദിവസം… കുട്ടി വല്ലാതെ കരയുന്നു. നിർത്താതെയുള്ള അവളുടെ കരച്ചിൽ കേട്ടുകൊണ്ട് ദേവകി കുട്ടിയുടെ മുറിയിൽ ചെന്ന് ചാരിയിരുന്ന കതക് പതുക്കെ തുറന്നു നോക്കുമ്പോൾ കുട്ടി ഞെരിപിരിക്കൊണ്ടു കരയുന്നു. ആയ കട്ടിലിൽ കിടന്ന് പൈങ്കിളി വായനായാണ്. ദേവകി സൗമ്യമായി ചോദിച്ചു. ”കുട്ടി കുറേ നേരായി കരയണല്ലോ…എന്താ അവൾക്കു വല്ല അസുഖോം….“
”കുട്ടികളായാലങ്ങിനെയൊക്കെയാണു….ചിലപ്പോൾ കരയും….ചിലപ്പോൾ ചിരിക്കും…അതു പതിവാ“. ആയ ഈർഷ്യയോടെ തിരിഞ്ഞു കിടന്നു വീണ്ടും വായന തുടർന്നു. ദേവകി കുട്ടിയെ എടുക്കാൻ തുനിഞ്ഞപ്പോൾ അവൾ തടഞ്ഞു. ”വേണ്ടാ…..വേണ്ടാ….കുട്ടി അവിടെ കിടന്നോട്ടെ…കുട്ടിയുടെ ചുമതല എനിക്കാണ്…ഞാൻ നോക്കിക്കോളാം. എല്ലാവരും ഇങ്ങിനെ കൈമാറി….കൈമാറി എടുത്തിട്ടാണതു കരയുന്നത്“.
ദേവകി പറഞ്ഞു ”അതെന്റെ മകന്റെ കുട്ട്യാ…ഞാനവളെ എടുക്കണ്ടാന്നു പറയാൻ നിങ്ങൾക്കെന്താ….അധികാരം“.
”കുട്ടിയെ എന്നെയാണേൽപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് അതിന്റെ അമ്മയിങ്ങു വരട്ടെ. ഞാനങ്ങു തിരിച്ചേല്പിക്കാം. പിന്നെ നിങ്ങളു തന്നെയങ്ങെടുത്തോ“.
അതൊരു വീട്ടുവഴക്കിന്റെ തുടക്കമായിരുന്നു. റാണി വന്നപ്പോൾ അവൾ ഒന്നിനു പത്തായി പറഞ്ഞു കേൾപ്പിച്ചു. ”ആയമ്മയും ഞാനും കൂടി ഇവിടെ പറ്റുകില്ല….ഒന്നുകിൽ ആയമ്മ അല്ലെങ്കിൽ ഞാൻ…എന്നായാലും പോകേണ്ടവൾ ഞാനല്ലെ…ഞാൻ പൊയ്‌ക്കോളാം. റാണി നാവെടുത്ത് ഒന്നും പറഞ്ഞില്ലായെങ്കിലും അവൾക്ക് ദേവകിയേക്കാൾ വേണ്ടത് ആയയെ ആയിരുന്നു. ഞങ്ങളുടെ മകൻ ചെകുത്താനും കടലിനുമിടയിൽ നിന്നു പരുങ്ങുന്നതു കണ്ടപ്പോൾ ഞങ്ങൾക്കു പിന്നെ അവനെ രക്ഷിക്കാൻ അവന്റെ കുടുംബത്തിന്റെ കെട്ടുറപ്പു കാത്തു സൂക്ഷിക്കാൻ ഒരേ ഒരു മാർഗ്ഗമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ അവനെ വിളിച്ചുവരുത്തി ആർദ്രമായ സ്വരത്തിൽ പറഞ്ഞു. “മോനേ…നീയും നിന്റെ ഭാര്യയും ഒന്നിച്ചു കഴിയേണ്ടവരാണ്”. ദേവകി പറഞ്ഞു.
“അവളെ കുറ്റം പറയണ്ടാ…അവൾക്കു കുട്ടിയെ നോക്കാനറിയോ? അവൾക്കതു ശീലൊണ്ടോ…പിന്നെ എനിയ്‌ക്കാവുമോ..? വിശ്വസ്തയായ ഒരായയല്ലേ അവർ…..അങ്ങിനൊരാളെ ഇപ്പൊ കിട്ടുമോ?
”മോളു വല്ലാതെ കരഞ്ഞപ്പോൾ ഞാൻ അവരെ കുറ്റപ്പെടുത്തിയതു തെറ്റായീപ്പോയീന്നു ഇപ്പൊ തോന്നുന്നു. എങ്കിലും എനിക്കും ബി.പി. ഒക്കെ ഉള്ളതല്ലേ….ചിലപ്പോൾ ദേഷ്യം വന്നുപോകും. പിന്നെ നമ്മുടെ വീടവിടെക്കിടന്നു കുറേനാളായില്ലേ….നശിക്കുന്നു. ഞങ്ങളെ അങ്ങു കൊണ്ടുചെന്നാക്കൂ….മോനേ…“
ഞങ്ങൾ നിർബന്ധിച്ചപ്പോൾ പിന്നെ അവൻ ഞങ്ങളെ ഞങ്ങളുടെ വീട്ടിൽ കൊണ്ടുവന്നാക്കി. കൈകാലുകളിലെ ചരടില്ലാതെയുള്ള ബന്ധനം അഴിഞ്ഞതുപോലെ…
Generated from archived content: vezhambalukal7.html Author: shakuntala_gopinath