ഭാഗം ഃ ആറ്‌

ഞങ്ങൾ അങ്ങനെ കുട്ടപ്പന്റെ ഏക ആശ്രയത്തിൽ കഴിഞ്ഞുവരുമ്പോൾ ഒരു ദിവസം അവൻ വന്നു. കൂടെ അവന്റെ ഭാര്യയും ഉണ്ടായിരുന്നു. അവർ ദേവകിയേയും നിർബന്ധിച്ച്‌ കാറിൽ കയറ്റി കൊണ്ടുപോയി. അവരുടെ വീട്ടിലേക്കാണു പോയത്‌. ഞങ്ങൾക്കു വിഭവസമൃദ്ധമായ ഒരൂണു തന്നു. അപ്പോൾ ഞാൻ ചോദിച്ചു. “എന്തായിന്നു വിശേഷം? ഇവിടെ സദ്യയൊരുക്കാൻ…ആരുടെ പിറന്നാളാണിന്ന്‌?

അവൻ എന്റെ കൈപിടിച്ചുകൊണ്ട്‌ ഒരു വിളറിയ ചിരിയോടെ പറഞ്ഞു. രേണു നാലഞ്ചു ദിവസത്തെ ലീവിൽ വന്നിരിക്കുകയാണ്‌. എനിക്കും എന്നും സ്വയം പാചകവും പുറത്തുനിന്നും അവിടന്നും ഇവിടന്നും ഒക്കെയല്ലേ ആഹാരം. അതുകൊണ്ട്‌ ഒരു ഊണൊരുക്കിക്കളയാം എന്നു കരുതി. നമുക്കെല്ലാവർക്കും കൂടി അത്രതന്നെ”.

അടുത്ത ദിവസവും രാവിലെ കുട്ടപ്പനും രേണുകയും വന്നു. അവൾ തന്നെ അടുക്കളയിൽ കയറി ഞങ്ങൾക്കെല്ലാവർക്കും വേണ്ടതു പാചകം ചെയ്‌തു. കുറേ അച്ചാറുകളും കൊണ്ടാട്ടങ്ങളും ഒക്കെ കൊണ്ടുവന്ന്‌ സ്‌റ്റോറിൽ ഷെൽഫിൽ അടുക്കിവച്ചു. ഞങ്ങൾ ഉപയോഗിക്കുന്ന ഭാഗമത്രയും ഒന്നടുക്കി പെറുക്കിയൊക്കെ വൃത്തിയാക്കി. അത്താമൂണു കഴിഞ്ഞിട്ടാണവർ പോയത്‌. പോകാനിറങ്ങിയിട്ടും രണ്ടുപേരും മുഖത്തോടുമുഖം നോക്കി…ഞങ്ങളെ ചുറ്റിപ്പറ്റിയൊക്കെ…എന്തോ പറയാൻ വെമ്പി നിൽക്കുന്നതുപോലെ തോന്നുകയാൽ ഞാൻ ചോദിച്ചു. “ എന്താ….കുട്ടപ്പാ…ഒരു വല്ലായ്മ പോലെ?”

അവൻ നിർത്തി നിർത്തിപ്പറഞ്ഞു. “അത്‌….അമ്മാമ്മെ…എന്നെ…ഡെൽഹീലേയ്‌ക്കാ…എടുത്തടിച്ചേക്കണെ.”

രേണുവിനും മാറ്റം കിട്ടിയേക്കും…പക്ഷെ കുട്ടികൾ…അവരുടെ പഠിത്തം…വയസ്സായ അമ്മ…അമ്മാമ്മ….അമ്മായി…എല്ലാം ഓർക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു.

അവന്റെ ചുമലിൽ തട്ടി ആശ്വസിപ്പിയ്‌ക്കുമ്പോൾ തേങ്ങിയത്‌ എന്റെ മനസ്സായിരുന്നു. ആ തേങ്ങലോടെ പറഞ്ഞു. “അതൊന്നും സാരമില്ല…കുട്ടപ്പാ…അമ്മയ്‌ക്കിവിടെ..അമ്മുവില്ലെ”.

ദേവകി പറഞ്ഞു “രേണുവിന്റെ അമ്മയ്‌ക്കത്ര വയ്യായ്‌ക ഒന്നുമില്ല…കുട്ടികളെ നോക്കിക്കോളും…അവർ സമർത്ഥരല്ലെ…പഠിപ്പിലാരും സഹായിക്കുകയൊന്നും വേണ്ടല്ലോ”.

“നീ…സമാധാനമായിട്ടു പോകൂ…മൂന്നുകൊല്ലം…അതു ദാ..ന്ന്‌ പറയണമുൻപേ തീരില്ലേ?” അവന്റെ കണ്ണുകളെ നേരിടാനാവാതെ ഞാൻ പുറത്തേക്കും നോക്കിയിരുന്നു.

“ഓഫീസിലെ പ്യൂൺ കൃഷ്ണനെ അറിയില്ലെ…അമ്മാമയ്‌ക്ക്‌…ഞാനയാളെ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്‌…ഇടയ്‌ക്കിടെ വന്നന്വേഷിയ്‌ക്കാൻ. അയാൾ വേണ്ടതു ചെയ്തുതരും…വരുമ്പോൾ പത്തോ ഇരുപതോ കയ്യിൽ വച്ചുകൊടുത്താൽ മതി…സന്തോഷാവും.”

“ഇരുപതോ….ഇരുപത്തിയഞ്ചോ എത്രാച്ചാൽ കൊടുക്കാം. അപ്പോൾ നിനക്കെന്നാ മോനേ പോകേണ്ടത്‌?”

“ഉടനേ പുറപ്പെടണം. നാളെ പതിനഞ്ചായില്ലേ. രണ്ടുദിവസം കുട്ടികളേയും കൂട്ടിവന്ന്‌ അമ്മയുടെ കൂടെ…എല്ലാവരുമായി ഇവിടെയും വരുന്നുണ്ട്‌”. അവർ പരുമി പരുമി നിന്നിട്ട്‌ മണി പത്തുകഴിഞ്ഞപ്പോൾ പോയി.

അന്നുരാത്രി ഞങ്ങൾക്കുറങ്ങാൻ കഴിഞ്ഞില്ല. രമേഷും ഗീതയും മോളും പോയ ദിവസത്തെപ്പോലെ തന്നെ. അന്നു മനസു നുറുങ്ങുന്ന ദുഃഖമായിരുന്നുവെങ്കിൽ ഇന്ന്‌ ആകെ തളർത്തുന്ന നിസ്സാഹയത.

കുട്ടപ്പനും രേണുവും കുട്ടികളും കൂടി ഞങ്ങളെ കാണാൻ വന്ന ദിവസം…ശബ്ദമുഖരിതമായി…..ഈ വീടും അന്തരീക്ഷവും. കുട്ടികൾ ഓടിച്ചാടി നടന്നു കളിച്ചു. അവരുടെ ശബ്ദവും സന്തോഷത്തിമിർപ്പും…കണ്ണുകൾ ഈറനാക്കി. എത്രനാളുകൾ കൂടിയാണിവിടെ ഒച്ചയും അനക്കവും…കുട്ടികളുടെ കളിയും ചിരിയും. ദേവകിയ്‌ക്ക്‌ പത്തുവയസ്സു കുറഞ്ഞതുപോലെ….അവളുടെ വയ്യായ്‌കയൊക്കെ എവിടെയോ പോയി മറഞ്ഞു. ഉത്സാഹത്തോടെ രേണുവിനെ സഹായിച്ചും കൊണ്ട്‌ അടുക്കളയിലും ഊണുമുറിയിലുമെല്ലാം ചൊടിയോടെ നടക്കുന്നു. ഇനി അവർ പോയിക്കഴിഞ്ഞാൽ രാത്രി മുഴുവനും കരച്ചിലും പറച്ചിലുമായിരിക്കും.

അതുപോലെ തന്നെ അവൾ തുടങ്ങി. “സുരേഷിനെ ശീമേലയച്ചു പഠിപ്പിക്കണ്ടാന്നു ഞാനെത്ര പറഞ്ഞു. അതോണ്ടല്ലേ…അവനിപ്പോ….അവിടന്നു കല്യാണം കഴിച്ച്‌ അവിടെത്തന്ന്യായത്‌. ഇനി വന്നുകണ്ടാൽപ്പറയാം കണ്ടൂന്ന്‌…നൊന്തു പെറ്റവർക്കേ അറിയൂ അതിന്റെ ദെണ്ണം. എന്റെ തോളത്തു കിടന്നു വളരേണ്ട കുട്ടിയല്ലേ പാച്ചു…..അവനെ ആകെ ഒരു പ്രാവശ്യാ ഞാൻ കണ്ടേക്കണെ”.

അതെന്റെ കുറ്റം തന്ന്യാണ്‌ന്ന്‌​‍്‌ വച്ചോളൂ…..അപ്പൊ പിന്നെ സതീഷോ….അവനുണ്ടോ…..നമ്മുടെയടുത്ത്‌ ?“

”അവന്റെ തലേലെഴുത്തങ്ങിനെയായി. രമേഷിനെ തടയണ്ടാന്നു നിങ്ങളു തന്ന്യല്ലെ പറഞ്ഞത്‌“

അവർക്കു പോകേണ്ടിടത്തു പോകട്ടെ…ദേവകീ…നമ്മളെ കാത്തുകിടക്കണംന്നു പറയാൻ പറ്റ്വോ?

”വേണ്ടാ…പറയണ്ടാ…ഇവിടെക്കിടന്നു….വെള്ളമിറങ്ങാണ്ട്‌…..“.

”ഒന്നു….നിർത്തുന്നുണ്ടോ നീയ്യ്‌“. തമ്പിയ്‌ക്കരിശം വന്നു. ”സ്വൈരം…തരില്ലാന്നുവച്ചാൽ….“

”മിണ്ടണില്ലാ….ഞാനൊന്നും മിണ്ടണില്ലാ….അല്ലെങ്കിലും ഞാൻ മിണ്ടണതൊന്നും നിങ്ങൾക്കു പിടിയ്‌ക്കൂലല്ലൊ…പണ്ടും അങ്ങിനെതന്ന്യാരുന്നല്ലൊ…“ അതു മുനവച്ചുള്ള വർത്തമാനമാണ്‌. മിണ്ടാതിരിക്ക്യാ ഭേദം.

ദേവകി ഒരു തലയണ എടുത്തുകൊണ്ട്‌ സ്വീകരണമുറിയിൽ ചെന്നുകിടന്നു. തമ്പി ദേവകി കാണാതെ ഒന്നു തലതിരിച്ചു നോക്കി. അവൾ അരിശം മൂത്ത്‌…സങ്കടം മൂത്ത്‌…വെറും കാർപെറ്റിലാണ്‌ കിടക്കുന്നത്‌. അതിൽ ഒരിഞ്ചു ഘനത്തിൽ പൊടിയാണ്‌. ഇനി അതുമതി വലിച്ചു തുടങ്ങാൻ. എന്തെങ്കിലുമാവട്ടെ…അനങ്ങാതിരിക്ക്യാ ഭേദം. ദേവകിയുടെ ചലനങ്ങൾ ശ്രദ്ധിച്ചുകൊണ്ട്‌ തമ്പി ഉറക്കം നടിച്ചുകിടന്നു. പണ്ട്‌ ഇങ്ങിനെയൊന്നുമായിരുന്നില്ല. ദേവകിയ്‌ക്ക്‌ ഒരരിശം വന്നാൽ തമ്പിയ്‌ക്ക്‌ നൂറരിശം വരുമായിരുന്നു. കയ്യിൽ കിട്ടിയതൊക്കെയും വലിച്ചെറിയുമായിരുന്നു. അവളെ പിടിച്ചുലയ്‌ക്കുമായിരുന്നു. ഒരിക്കൽ….കരണത്തൊന്നു പുകയ്‌ക്കുകകൂടി ചെയ്തിട്ടുണ്ട്‌. കാരണം…കാരണം…ആ സ്‌റ്റെല്ലയായിരുന്നു. മാമച്ചൻ മുതലാളിയുടെ സ്‌റ്റെനോ…ആ മാദകത്തിടമ്പ്‌. സ്വർണ്ണനിറമുള്ള സ്‌കോച്ചും സ്‌റ്റെല്ലയേയും കാണിച്ച്‌ അയാൾ തന്നെക്കൊണ്ട്‌ എത്രയെത്ര ബില്ലുകൾ ഒപ്പിടുവിച്ചു…..എത്ര കോൺട്രാക്ടുകൾ മറികടന്നു തട്ടിയെടുത്തു.

ഞാനും ദേവകിയും ഞങ്ങളുടെ മൂന്നു കുഞ്ഞോമനകളും അടങ്ങുന്ന കൊച്ചുകുടുംബം ചുഴികളും മലരികളുമില്ലാതെ സരളമായൊഴുകുന്നൊരു നദിപോലെ ശാന്തമായി…സംതൃപ്തമായി…കഴിയവേ പുതിയ ഒരിടത്തേയ്‌ക്ക്‌ ചീഫ്‌ എഞ്ചിനീയർ ആയി പ്രമോഷൻ ട്രാൻസ്‌ഫർ.

ഒരു ദിവസം മാമച്ചനെന്ന കോൺട്രാക്ടർ…പി.ജി. സിൽക്കുജുബ്ബായിട്ട്‌ കട്ടിയുള്ള സ്വർണ്ണചെയിൻ കഴുത്തിലണിഞ്ഞ്‌ നേരിയ കസവുകരയുള്ള ഡബിളുടുത്ത്‌…അവിടമാകെ പരിമളം പരത്തിക്കൊണ്ട്‌ ബെൻസുകാറിൽ ഓഫീസ്‌ മുറ്റത്തു വന്നിറങ്ങി. ഓഫീസ്സു മുഴുവനും പഞ്ചപുഛമടക്കി എഴുന്നേറ്റു നിന്നയാളെ വരവേൽക്കുന്നു.

”ആരാണിയാൾ?“

അയാൾ ഹൃദ്യമായി ചിരിച്ചുകൊണ്ട്‌ നല്ല ഉച്ചാരണശുദ്ധിയുള്ള ഇംഗ്ലീഷിൽ സ്വയം പരിചയപ്പെടുത്തി…ഹസ്തദാനം ചെയ്തു. പിന്നെ എന്റെയാഹസ്തം ഏറെ നാൾ അയാളുടെ കക്ഷത്തിലായിരുന്നു.

മിക്കവാറും ദിവസങ്ങളിൽ മാമച്ചൻ ഫോണിൽ വിളിച്ചു…ഒന്നിച്ചുകൂടി…ഹോട്ടൽ മുറികളിലും…ഗസ്‌റ്റ്‌ ഹൗസുകളിലും ഡിന്നറുകളിലും….പാർട്ടികളും….വിലപിടിപ്പുള്ള സമ്മാനങ്ങളും ഘനമുള്ള കവറുകളും ഇടയ്‌ക്കിടെ ബാഗിൽവച്ചു തന്നു. വേറെ കരാറുകാരേയുമൊക്കെ പരിചയപ്പെടുത്തിത്തന്നു. കാറ്റുള്ളപ്പോൾ തൂറ്റണം എന്നു പഠിപ്പിച്ചുതന്നു. ഓഫീസിൽ നിന്ന്‌ വീട്ടിലേക്ക്‌ എന്നുള്ള പതിവ്‌ മാറി. മാമച്ചന്റെ ഓഫീസിലേക്കും വലിയ വലിയ ഹോട്ടലുകളിലെ ശീതീകരിച്ച മുറികളിലേക്കുമായി പോക്ക്‌. രാത്രി വൈകി എത്തുമ്പോൾ ദേവകിയുടെ മൂടിക്കെട്ടിയ മുഖവും പരിഭവം പറച്ചിലുകളും ചൊടിപ്പിച്ചു. സ്‌റ്റെല്ലയുടെ കഥ അവളുടെ ചെവിയിലുമെത്തി.. അവൾക്ക്‌ അവളുടെ വഴി…..എനിക്കെന്റെ വഴി എന്ന മട്ടിൽ കഴിയവെ ഒരു ദിവസം മാമച്ചനും കൂട്ടരും തീർത്തുതന്ന പറുദീസ്സായിൽ നിന്നും ഞാൻ പൊടുന്നനെ നിലംപതിച്ചു. പെൻഷൻ….ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒരവസ്ഥ. മാമച്ചനും മറ്റു കരാറുകാരും കൂടി എനിയ്‌ക്ക്‌ വളരെ ഹൃദ്യമായ ഒരു സെന്റ്‌ഓഫ്‌ തന്നു. സ്ഥലത്തെ മുന്തിയ ഒരു ഹോട്ടലിലെ ശീതീകരിച്ച ഡിന്നർ ഹാളിൽവച്ച്‌ ഒരു യാത്രയയപ്പ്‌…സ്‌കോച്ച്‌ വിസ്‌കികൊണ്ട്‌ ഒരു തുലാഭാരം…ആ വിസ്‌കി അത്രയും കുടിച്ചു തീർത്തു. ശേഷിച്ചത്‌ മാമച്ചന്റെ ബെൻസുകാറിൽ കയറ്റി വീട്ടിലും എത്തിച്ചുതന്നു.

പിന്നെ കരാറുകാരാരും വീട്ടിലോട്ടുവന്നില്ല. കാറുകളും ജീപ്പുകളും നിറഞ്ഞു കിടന്നിരുന്ന മുറ്റവും മാവിൻചോടുമെല്ലാം ശൂന്യമായിക്കിടന്നു. തുടരെത്തുടരെ മണി മുഴങ്ങിയിരുന്ന ഫോൺ നിശബ്ദമായി. അങ്ങോട്ടു വിളിക്കുമ്പോഴെല്ലാം അവരുടെ സെക്രട്ടറിമാരും സ്‌റ്റെനോയും പഠിപ്പിച്ചതുമാതിരി പറഞ്ഞു. ”മുതലാളി ഇവിടെയില്ലല്ലോ….എവിടെ പോയതാണെന്നറിഞ്ഞുകൂടാ“ എന്ന്‌. വഴിമുട്ടി…മൊഴിമുട്ടി….ഏകാകിയായി….നിഷ്‌ക്രിയനായി…..ഏകാന്തത….എവിടെയും കൊല്ലുന്ന ഏകാന്തതമാത്രം. സ്വന്തം വീട്ടിൽ വഴിതെറ്റി വന്നവനെപ്പോലെയായി. ഞാൻ വർഷങ്ങൾക്കുശേഷമാണ്‌ ദേവകിയെ ശരിക്കും കാണുന്നത്‌ തന്നെ. അവളുടെ മുടി മിക്കവാറും നരച്ചു…കവിളുകളിൽ വാർദ്ധക്യം ചാലുകീറി….ആകെ ക്ഷീണിതയായതുപോലെ….എന്റെ മക്കൾ വളർന്നു വലുതായിരിക്കുന്നു.

മൂത്തമകന്‌ ഇംഗ്ലണ്ടിൽ പോകണം…ഉപരിപഠനത്തിന്‌. രണ്ടാമൻ എം.എ.യ്‌ക്കായി. മൂന്നാമന്‌ മെഡിസിന്‌ പഠിക്കാൻ മോഹം. ദേവകി ഒന്നിനും ഒരഭിപ്രായവും പറയാതെ അകന്നകന്നു കഴിഞ്ഞു…വീട്ടിലെ ഒരു വാല്യക്കാരിയെപ്പോലെ എല്ലാവരുടേം ഇഷ്ടത്തിനു പാചകം ചെയ്‌തു….സമയാസമയങ്ങളിൽ വിളമ്പിത്തന്നു. കുട്ടികളോടവൾ കളിച്ചും ചിരിച്ചും സംസാരിയ്‌ക്കുന്നതു കണ്ടുകൊണ്ടങ്ങോട്ടു ചെന്നാലുടനെ അവളെങ്ങോട്ടെങ്കിലും തെന്നിമാറി. അഭിപ്രായം ചോദിച്ചാൽ മുള്ളുവച്ച മറുപടി പറഞ്ഞെന്നെ കൂടുതൽ കഷ്ടത്തിലാക്കി.

”എനിയ്‌ക്കെന്തഭിപ്രായം…അഭിപ്രായം പറയാൻ ഞാനാരാ ഇവിടെ?“

പിന്നെ എന്നാണു ഞങ്ങൾക്കു നഷ്ടമായ ഒരുമ വീണ്ടുകിട്ടിയത്‌. മക്കൾ മൂന്നുപേരും പഠിത്തത്തിനായി ഓരോ ദിക്കിലേക്കു പോയപ്പോഴോ?….പിന്നെ വീട്ടിൽ ഞങ്ങൾ രണ്ടാളും മാത്രമായപ്പോഴോ?….അപ്പോഴും സ്‌റ്റെല്ലാ തീർത്ത ഇടമതിൽ ഞങ്ങളെ വേർപ്പെടുത്തിത്തന്നെ നിർത്തിയിരുന്നു. ഒന്നും ചെയ്യാനില്ലാത്ത പകലുകൾ…ഉറക്കം കുറഞ്ഞ രാവുകൾ….മനസ്സു തുറന്നൊന്നുരിയാടാനാകാത്തതിലുള്ള വിങ്ങലുകൾ….എല്ലാം കൂടി എന്റെ അഹന്ത തകർത്തുകളഞ്ഞ ദിവസം….ഞാൻ ദേവകിയുടെ മുറിയിൽച്ചെന്നു. അവളുടെ കട്ടിലിൽ കയറിയിരുന്നുകൊണ്ട്‌ ചുമലിൽ കൈവച്ചു. ഞെട്ടിത്തെറിച്ചവൾ എഴുന്നേറ്റിരുന്നു. ”എന്താ…. നിങ്ങൾക്കെന്താ വേണ്ടത്‌?“

ഇടറുന്ന ശബ്ദത്തിൽ ഞാൻ പറഞ്ഞു. ”ദേവകീ…ഞാൻ നിന്നെ ഒരുപാട്‌ വേദനിപ്പിച്ചിട്ടുണ്ട്‌….ഒന്നും മനഃപൂർവ്വമായിരുന്നില്ലാ എന്നു മാത്രം…നീ മനസ്സിലാക്കിയാൽ മതി. അന്നത്തെ ചോരത്തിളപ്പും പണമോഹവും കൊണ്ട്‌….കാര്യസാധ്യത്തിനുവേണ്ടി ഓരോരുത്തർ കൊണ്ടുനടന്ന വഴിയൊക്കെ ഞാൻ നടന്നു. അന്നും എന്റെ മനസിൽ നീ മാത്രമേ ഉണ്ടായിരുന്നുള്ളൂ….അവസാനംവരെയും നീ മാത്രമേ ഉണ്ടാവുകയുള്ളൂ. അവൾ എന്റെ നെഞ്ചിൽ മുഖംചേർത്ത്‌ തേങ്ങി…തേങ്ങിക്കരഞ്ഞു.

ദേവകി….ആവശ്യങ്ങൾക്കല്ലാതെയും സംസാരിച്ചുതുടങ്ങി. ഒരു മുറിയിൽ ഉറങ്ങിത്തുടങ്ങി. പിന്നെ ഞങ്ങളുടെ മക്കളുടെ വിവാഹം….പുത്രവധുക്കളുടെ ആഗമനം…എല്ലാം ഞങ്ങളെ കൂടുതൽ കൂടുതൽ അടുപ്പിച്ചു. ഇപ്പോൾ അനാരോഗ്യവും വാർദ്ധക്യവും ഞങ്ങളെ തളർത്തിയപ്പോൾ….മക്കൾ പണം വാരിക്കൂട്ടാൻ അന്യഭൂഖണ്ഡങ്ങളിലേക്ക്‌ പറന്നകന്നപ്പോൾ…ഞങ്ങൾ തീർത്തും നിരാലംബരായി…നിസ്സഹായരായി.

ഈ നിസ്സഹായത ഞങ്ങളുടെ മനസ്സുകളെ ഒന്നാക്കി വിളക്കിച്ചേർത്തു. എനിയ്‌ക്കു ദേവകിയും ദേവകിയ്‌ക്കു ഞാനും മാത്രമായി.

Generated from archived content: vezhambalukal6.html Author: shakuntala_gopinath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here