ഭാഗം ഃ അഞ്ച്‌

മാസങ്ങൾ കഴിഞ്ഞ ഒരു ദിവസം അത്താഴം ഉണ്ടുകൊണ്ടിരിക്കുമ്പോൾ രമേഷ്‌ പറഞ്ഞു. “ഇവിടെക്കിടന്ന്‌….രാപ്പകലില്ലാതെ അദ്ധ്വാനിച്ചിട്ടെന്താ ഫലം?….ഇങ്ങിനെ അങ്ങു കഴിഞ്ഞുപോകാം…..അത്രതന്നെ. ഫോറിനിലാണെങ്കിൽ എന്താ ശമ്പളം ഒരു ഫിസിഷ്യന്‌…പിന്നെ കൂടുതൽ കൂടുതൽ പഠിക്കാനും എന്തൊക്കെ സകര്യങ്ങളാണവിടെ”.

ഗീത പറഞ്ഞു. “ശങ്കരമ്മാമേടെ മകന്‌ ഒന്നരലക്ഷം ഉറുപ്പ്യാ ശമ്പളം. പിന്നെ ഫ്രീ ക്വാർട്ടേഴ്‌സ്‌….കാർ…രണ്ടുകൊല്ലം കൂടുമ്പോ നാട്ടിലേക്കു വരാനും പോകാനും എയർടിക്കറ്റ്‌. എല്ലാം ഉണ്ട്‌”.

“ഒരു പത്തുകൊല്ലം ഫോറിനിലെവിടെങ്കിലും പോയി പണിയെടുത്താൽ ആയുഷ്‌ക്കാലത്തേക്കുളള സമ്പാദ്യവുമായിങ്ങു പോരാം”.

ഞാനും ദേവകിയും മുഖത്തോടു മുഖം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. “ഇപ്പോൾ നല്ല ഒരു ഓഫറുണ്ട്‌……എന്താ വേണ്ടതെന്നാ….ആലോചിക്കണെ”. എന്നു പറഞ്ഞുകേട്ടപ്പോൾ ഇടനെഞ്ചു പിടഞ്ഞു. അത്രയ്‌ക്കൊന്നും കൊടുക്കാൻ ഞങ്ങളെക്കൊണ്ടാവില്ലല്ലോ….പിന്നെന്തു പറയാൻ. ഏട്ടൻമാരുടെ പണവും പ്രതാപവും ഫോറിൻ സാധനങ്ങളും ഒക്കെ അവരെ ശരിക്കു മയക്കിക്കളഞ്ഞു.

അന്നു രാത്രി ദേവകി കരഞ്ഞു. “എന്നാലും…ഈ കുട്ടിയെ അവർ കൊണ്ടുപോകാൻ…..ഞാൻ സമ്മതിക്കില്ല. അവിടെ കാറും ക്വാർട്ടേഴ്‌സും ഒക്കെയല്ലെ ഫ്രീ കിട്ടുന്നത്‌….അമ്മയേയും അച്ഛനെയും ഫ്രീ കിട്ടുമോ? ഈ മോൾക്ക്‌ ഒരു മുത്തശ്ശനെയും മുത്തശ്ശിയേയും ഫ്രീ കിട്ടുമോ?”

ഞാൻ പറഞ്ഞു അവരുടെ സൗഭാഗ്യങ്ങളൊന്നും നമ്മളായിട്ടു തടയരുത്‌. അവർക്കു പണം സമ്പാദിക്കാൻ പോകണമെന്നാണെങ്കിൽ പോയി വരട്ടെ…നിനക്കു ഞാനും…എനിക്കു നീയും ഉണ്ടല്ലൊ….അതുമതി. മക്കളെക്കണ്ടും മാമ്പൂകണ്ടും മോഹിക്കരുതെന്നാ…ചൊല്ല്‌“.

പാസ്‌പോർട്ടും വിസായും എല്ലാം അവർ ശരിയാക്കിയിട്ടാണ്‌ ഞങ്ങളോട്‌ ഇക്കാര്യം സൂചിപ്പിക്കുന്നതുതന്നെ. അവൻ മടങ്ങി വരുന്നതുവരെ ഒരു ഡോക്ടറെവച്ച്‌ ആശുപത്രി നടത്തിക്കോളാൻ പറഞ്ഞു ഞങ്ങളുടെ മകൻ. കുറച്ചുനാൾ അങ്ങിനെയൊക്കെ നടത്തി. അതും ഒരു ഭാരമായി….ആ ഭാരം താങ്ങാനും വയ്യാതായപ്പോൾ ഒരു ദിവസം അതങ്ങട്‌ അടച്ചുപൂട്ടി. ഇനി എന്തെങ്കിലും അവൻ ചെയ്‌തോട്ടെയെന്നു വിചാരിച്ചു.

ഈയിടെ ഒരു ദിവസം കുട്ടപ്പനോടൊപ്പം കാറിൽ പോകുമ്പോൾ ഒന്നവിടെ ഇറങ്ങി. പിന്നീടു തോന്നി…..അവിടെ ഇറങ്ങേണ്ടിയിരുന്നില്ലെന്ന്‌. ഒരാൾ പൊക്കത്തിലാണ്‌ കാടും പടലും വളർന്നുപൊങ്ങിയിരിക്കുന്നത്‌. കെട്ടിടം കാണാൻമേല. Dr. Remesh M.B.B.S.M.D (General Physician) എന്നൊക്കെ എഴുതിയ ബോർഡ്‌ കാട്ടുവളളികൾ പടർന്നു കയറി ഒടിഞ്ഞു തൂങ്ങിക്കിടക്കുന്നു. ഒന്നേ നോക്കിയുളളൂ…..പുറകുവശത്തേക്കൊന്നും പോകാനേ സാധിക്കില്ല. വേഗം തന്നെ കാറിൽ കയറി മടങ്ങി. അവിടമൊന്നു ചെത്തിവാരി വൃത്തിയാക്കാൻ ഇനി ആരുടെ കാലാണ്‌ പിടിക്കേണ്ടത്‌ എന്ന ചിന്തയായിരുന്നു മടങ്ങുമ്പോൾ. ംലാനമായ എന്റെ മുഖം ശ്രദ്ധിച്ചിട്ടാകാം….”രണ്ടുദിവസത്തെ ചെത്തിവാരൽ കൊണ്ടെല്ലാം വൃത്തിയാകും. ഒരു പെയിന്റിംഗ്‌ കൂടി നടത്തിയാൽ എല്ലാം ജോറാകും“.

”അതേ….കുട്ടപ്പാ….അതുമതി….പക്ഷെ…..അതിനൊക്കെ ആരേക്കൊണ്ടാവും“

”അതമ്മാമ വിഷമിക്കേണ്ട….ഞാനേർപ്പാടാക്കിത്തരാം….“

അവിടെ കണ്ട കാഴ്‌ചയൊന്നും ദേവകിയോടു പറഞ്ഞില്ല. എന്തിനു വെറുതെ അവളെക്കൂടി വിഷമിപ്പിക്കുന്നു.

മുടങ്ങാതെ രമേഷ്‌ വലിയ വലിയ തുകകൾക്കുളള ഡ്രാഫ്‌റ്റ്‌ അയച്ചുതന്നു. കൃത്യമായി വിളിച്ചു സുഖവിവരങ്ങളന്വേഷിച്ചുകൊണ്ടിരുന്നു. ഇടയ്‌ക്കിടെ ഗീതയുടെ ദീർഘമായ കത്തുകളും കിട്ടുന്നുണ്ട്‌. അവരും അവിടെ അവർ ജീവിക്കുന്ന ചുറ്റുപാടും അവിടുത്തെ രീതികളും ഒക്കെ ഞങ്ങൾക്കു പരിചിതമാണ്‌. അതൊക്കെയാണല്ലോ ഞങ്ങൾക്കു പരസ്‌പരം സംസാരിക്കാനുള്ളതും.

മണി ഒൻപതാകുന്നു. ഇനി ഉടുപ്പ്‌ മാറ്റി റെഡിയാകാൻ നോക്കാം. കുട്ടപ്പനു പല കാര്യങ്ങളും ഉളളതല്ലെ. അവനെ മിനക്കെടുത്തേണ്ട.

തമ്പി അലക്കിയ മുണ്ടെടുത്തു നിവർത്തുമ്പോൾ ഓർത്തു ”കഴിഞ്ഞ പ്രാവശ്യം ഉടുത്തതുതന്ന പോരെ….എന്തിനാ വെറുതേ….അലക്കിയതൊക്കെ എടുത്തു നിവർത്തുന്നത്‌“. പിന്നെ ഓർത്തു….”ആ….എന്തിനാ ഇങ്ങനെ അലക്കി മടക്കി….മടക്കി….വച്ചിട്ടു കാര്യം. മാസത്തിലൊരിക്കലല്ലേയുള്ളൂ…ഒന്നുപുറത്തേക്കിറങ്ങൽ….അതു ടിപ്പായിട്ടു തന്നെ ആയിക്കോട്ടെ“.

അലക്കിയ മുണ്ടും ഷർട്ടുമൊക്കെ മാറുന്നതിനു മുൻപ്‌ ദേവകിയെ ഒന്നു പോയി നോക്കിയേക്കാം. രാവിലെ അവൾ ഒരു കുരുത്തക്കേടു കാണിച്ചു. പണിക്കാരി വാരിക്കൂട്ടിയിട്ടിരുന്ന ചപ്പുചവറുകൾക്ക്‌ തീയിട്ടു. തളത്തിലും അടുക്കളയിലുമെല്ലാം പുക….കിടക്കമുറിയിലും പുകയെത്തിയപ്പോഴാണ്‌ ഞാനറിയുന്നത്‌. ഓടി ചെല്ലുമ്പോഴത്തേക്കും അവൾ വലിച്ചു തുടങ്ങി.

”ഇതറിയാവുന്നതല്ലേ….നിനക്ക്‌ പുകയേറ്റാൽ വലിവ്‌ അധികമാവുംന്ന്‌. പിന്നെന്തിനീ വേണ്ടാത്ത വേലയ്‌ക്കൊക്കെ പോകുന്നു“.

അവൾ വലിച്ചു….വലിച്ചു….വന്നു കിടന്നു. വേഗം ഒരു ഡെറിഫിലിൽ എടുത്തു കൊടുത്തു. വലിവിന്‌ കുറവ്‌ കാണാത്തതുകൊണ്ട്‌ വീണ്ടും ഒരെണ്ണം കൂടി കൊടുത്തു. വലിവിന്‌ അൽപം ശമനം കിട്ടിയെങ്കിലും അവൾ മയങ്ങിത്തുടങ്ങി. ഇനി മയക്കം വിടണമെങ്കിൽ ഉച്ചകഴിയണം.

”ഇനിയിപ്പൊ ഉപ്പുമാവുണ്ടാക്കാനോ…മൈദ കലക്കി ചുടാനോ ഒന്നും എന്നേക്കൊണ്ടാവില്ല“. ഒരു ചായ ഉണ്ടാക്കി കുടിച്ചു. മനം മടുപ്പോടെ ഉണക്കറൊട്ടി എടുത്തു നോക്കിയിട്ടു…..തിരിച്ചുവച്ചു.

”ഇന്നു പുറത്തേക്കു പോകുന്ന ദിവസമല്ലേ. പുറത്തൂന്നു കഴിക്കാം. മസാലദോശയും സാമ്പാറും കഴിക്കാം. ഓർത്തപ്പോൾ തന്നെ തമ്പിയുടെ വായിൽ വെള്ളമൂറിത്തുടങ്ങി. ടിഫിൻ കരിയറും ഒരു സ്‌റ്റീൽ ഡമ്പയും രണ്ടു ഫ്ലാസ്‌ക്കുകളും എടുത്തു ബാഗിൽ വച്ചു. ഒരു ഫ്ലാസ്‌കിൽ നിറയെ നല്ല ചായ…ഒരു ഫ്ലാസ്‌കിൽ നല്ല ബ്രൂകാപ്പി…കാപ്പിയും ചായയും ഒന്നും വാങ്ങുക പതിവില്ല…ഏതായാലും ഇന്നിനി ഒന്നും വയ്യ. ദേവകിയ്‌ക്കു കാപ്പിയാണിഷ്ടം….ഇപ്പോൾ കിട്ടുന്നതെന്തും കുടിക്കും. എന്നാലും മുൻപ്‌ അവൾ ചായ കുടിക്കുകയേയില്ലായിരുന്നു.

പിന്നെ ഒരു ചിക്കൻ…കറിയോ? റോസ്‌റ്റോ…..? വേണ്ട… റോസ്‌റ്റ്‌ വേണ്ടാ….കറി മതി. റോസ്‌റ്റു ചിലപ്പോൾ ദഹിക്കാതെയെങ്ങാനും വന്നാലോ?..ദൈവാധീനം കൊണ്ട്‌ ഇതുവരെ അങ്ങിനെ ഒരു കുഴപ്പോമില്ല. നല്ല വിശപ്പും ദഹനവും രൂചിയുമൊക്കെയുണ്ട്‌. വേണ്ടത്ര പണവുമുണ്ട്‌. വച്ചുണ്ടാക്കിത്തരാനൊരാളില്ലെന്നു മാത്രം. ദേവകിയ്‌ക്കും വിശപ്പില്ലായ്മയൊന്നുമില്ല. മാംസം കഴിക്കാറില്ലെന്നുമാത്രം. മത്സ്യം വലിയ ഇഷ്ടമാണുതാനും. വാല്യക്കാരെ കിട്ടാതായപ്പോൾ പിന്നെ അവൾ തന്നെയെനിക്കു മാംസവും പാകം ചെയ്തു തന്നിരുന്നു…പാടില്ലാതാകുന്നതുവരെയും.

തമ്പി അടുക്കളഭാഗമെല്ലാം അടച്ചുപൂട്ടി…..വസ്‌ത്രം മാറ്റി….താക്കോലും എടുത്തുകൊണ്ട്‌ സ്വീകരണമുറിയിൽ വന്നിരുന്നു…കുട്ടപ്പനേയും കാത്ത്‌. മണി പത്തു കഴിഞ്ഞു….പതിനൊന്നു കഴിഞ്ഞു. കുട്ടപ്പൻ അങ്ങിനെ വൈകാറില്ലല്ലോ…..എന്തെങ്കിലും അസൗകര്യമുണ്ടായാൽ അവൻ വിളിക്കുമായിരുന്നു…പിന്നെന്തുപറ്റി“?

തമ്പി ഇരുപ്പുറക്കാഞ്ഞ്‌ സ്വീകരണമുറിയിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിത്തുടങ്ങി…അങ്ങിനെ മണി പതിനൊന്നര കഴിഞ്ഞപ്പോൾ കുട്ടപ്പന്റെ വീട്ടിലേക്ക്‌ ഫോൺ ചെയ്തു. മണി അടിയ്‌ക്കുന്നതല്ലാതെ ആരും എടുക്കുന്നില്ല. ”ഇനി…എവിടെയെങ്കിലും പോയതാവുമോ? അങ്ങിനെയാണെങ്കിൽ വിവരം അറീയ്‌ക്കാതിരിക്കില്ല. ഞാനിവിടെ കാത്തിരിക്കുമെന്നറിയാമല്ലൊ“. പലപ്രാവശ്യം ഫോൺ ചെയ്തുനോക്കി. മണി ഒന്നു കഴിഞ്ഞപ്പോൾ വിശപ്പു വയറു മാന്തിപ്പൊളിച്ചു തുടങ്ങി. ഏതായാലും ഒരിത്തിരി കഞ്ഞിവെയ്‌ക്കാം. അതു ദേവകി പഠിപ്പിച്ചു തന്നിട്ടുണ്ട്‌. ഒരു ഗ്ലാസ്സ്‌ അരി രണ്ടുമൂന്നു പ്രാവശ്യം കഴുകി വൃത്തിയാക്കിയിട്ട്‌ കുക്കറിൽ ഇട്ടു. കുക്കറിന്റെ ഏകദേശം മുക്കാൽഭാഗം വെള്ളമൊഴിച്ച്‌ അടച്ച്‌ അടുപ്പിൽവച്ചു. എന്നിട്ട്‌ സ്‌റ്റോർ മുറിയും ഫ്രിഡ്‌ജും എല്ലാം അരിച്ചുപെറുക്കി അച്ചാറു കുപ്പി കണ്ടുപിടിച്ചു. അപ്പഴത്തേക്കും കുക്കറിനു വിസ്സിൽ വന്നുകഴിഞ്ഞു. ഗ്യാസ്‌ അണച്ചിട്ട്‌ വീണ്ടും വന്നു പടിയ്‌ക്കലേക്കും നോക്കിയിരുന്നു. അങ്ങിനെയിരിക്കുമ്പോൾ ഫോണിന്റെ മറ്റേത്തലയ്‌ക്കൽ കുട്ടപ്പന്റെ ശബ്ദം. അവൻ മസൃണമായ ശബ്ദത്തിൽ പറഞ്ഞു. ”അമ്മാമ എന്നെ കാത്തിരുന്നു കാണും…സോറി അമ്മാമെ…ഇന്നലെ രാത്രി ഒരു മണിയായിക്കാണും…വീട്ടിൽ നിന്നും ഒരു ഫോൺ. അമ്മയ്‌ക്ക്‌ പെട്ടെന്ന്‌ ഒരു വല്ലായ്‌മ എന്നു പറഞ്ഞിട്ട്‌….അമ്മുവായിരുന്നു വിളിച്ചത്‌. അവിടെ ആരും ഇല്ലല്ലോ….അതുകൊണ്ട്‌ കേട്ടപാതി കേൾക്കാത്തപാതി….ഓടി ഇങ്ങോട്ടുപോന്നു. ഞാൻ വന്നിട്ട്‌ ഉടനേ അമ്മയെ ആസ്‌പത്രിയിലാക്കി. ഇന്റൻസീവ്‌ കെയറിലാണ്‌. അതിനിടെ ഒന്നു ഫോൺ ചെയ്യാനും പറ്റിയില്ല“.

”അതു സാരമില്ല കുട്ടപ്പാ…..സുഭദ്രചേച്ചിയ്‌ക്കിപ്പോഴെങ്ങിനെയുണ്ട്‌. എന്താ പറ്റീത്‌?“

”ഒരു സ്‌റ്റ്രോക്ക്‌ ആണ്‌. 48 മണിക്കൂർ കഴിയണമെന്നാ പറഞ്ഞത്‌“.

”മോനേ…നീ…ഞങ്ങളുടെ കാര്യം ഒന്നുമോർത്തു വിഷമിക്കേണ്ട…ഇവിടെയിപ്പോൾ അത്യാവശ്യമായിട്ടൊന്നുമില്ല. സുഭദ്രചേച്ചിക്കു വേഗം സുഖമാവാൻ ഞങ്ങൾ പ്രാർത്ഥിക്കാം. ഇടയ്‌ക്കു വിളിച്ചു വിവരം അറീയ്‌ക്കണേ“.

ഓഹോ…അപ്പോൾ അതായിരുന്നു കാര്യം….ശരി…അപ്പോൾ പിന്നെ ഇന്നിനി ഈ കഞ്ഞി തന്നെ ശരണം. മസാലദോശയ്‌ക്കും ചിക്കൻകറിക്കുമെല്ലാം….ഒരാഴ്‌ചത്തെ അവധികൂടി കൊടുക്കാം. എന്നു വിചാരിച്ചപ്പോൾ തോന്നി അങ്ങിനെ വിചാരിച്ചതു സ്വാർത്ഥതയായിപ്പോയില്ലേ എന്ന്‌. സുഭദ്രചേച്ചി…..അവരുടെ ജീവനേക്കാൾ വിലപ്പെട്ടതാണോ….മസാലദോശയും ചിക്കൻകറിയുമൊക്കെ…പാവം സുഭദ്രചേച്ചി…എന്നേക്കാൾ അഞ്ചുവയസിന്റെ മൂപ്പുണ്ടവർക്ക്‌….വല്ല്യമ്മയുടെ മകൾ. എനിക്ക്‌ വയസ്സ്‌ എൺപത്തിരണ്ടായിരിക്കുന്നു. അപ്പോൾ അവർക്ക്‌ വയസ്സെൺപത്തിയേഴ്‌. ആറ്റിൽ കുളിക്കാൻ പോകുമ്പോഴും അമ്പലത്തിൽ പോകുമ്പോഴുമെല്ലാം എന്റെ കൈപിടിച്ചുകൊണ്ടുപോയിരുന്ന സുഭദ്രചേച്ചി. അവരുടെ യീ….മകൻ…കുട്ടപ്പനാണ്‌…ഇപ്പോൾ ഞങ്ങൾകേക ആശ്രയം. കഴിഞ്ഞൊരു ദിവസം അവൻ സൂചിപ്പിച്ചിരുന്നു…..ഇനി ഒരാറു മാസംകൂടി കഴിഞ്ഞാൽ പിന്നെവിടേയ്‌ക്കാകുമോ എടുത്തു തട്ടുക…ഒന്നുമറിയില്ല…എന്ന്‌. അവൻകൂടി പോയാലത്തെ കഥ….അതൊന്നും ഇപ്പോൾ ഓർക്കാതിരിക്കാം.

ദേവകിയെ വിളിച്ചുണർത്തി. എണീക്കൂ ദേവകീ…ഇനി ഇത്തിരി കഞ്ഞി കുടിച്ചിട്ടു കിടക്കാം.

ചൂടുകഞ്ഞി രണ്ടു പാത്രങ്ങളിൽ പകരുമ്പോൾ അവൾ ചോദിച്ചു. ”കുട്ടപ്പൻ വന്നില്ലേ?…എന്താ നിങ്ങൾ കഞ്ഞി കുടിക്കുന്നത്‌“

”ങ്ങാ….ഇല്ല…അവനു വരാൻ പറ്റില്ലാന്നു ഫോണുണ്ടായിരുന്നു“.

”എന്നെ വിളിയ്‌ക്കാരുന്നില്ലേ…ഞാൻ ഇതു വാർത്തു തരായിരുന്നല്ലോ….നിങ്ങളെന്തിനാ വെറുതെ കഞ്ഞി കുടിക്കുന്നത്‌. ഒന്നു മൂത്രമൊഴിച്ചു കഴിയുമ്പോഴത്തേയ്‌ക്കും പിന്നെയും വിശന്നു തുടങ്ങും. നിങ്ങൾക്കെപ്പോഴും വിശപ്പു തന്നെയല്ലേ?“.

”ഈ ചൂടുസമയത്തു കഞ്ഞി തന്നെയാ നല്ലത്‌. ദാഹവും ക്ഷീണവും എല്ലാം മാറും…ഒരച്ചാറു മതീതാനും.

Generated from archived content: vezhambalukal5.html Author: shakuntala_gopinath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English