പിന്നെ ഞങ്ങളുടെ ആശ മുഴുവനും രമേഷിലായിരുന്നു. ഞാൻ മനസിൽക്കണ്ടതുപോലെ ദേവകിയും പറഞ്ഞു. “സ്വത്തും പണവും ഒന്നും വേണ്ടാ……അവന് നമ്മളെപ്പോലെ ഒരു സാധാരണ കുടുംബത്തിൽ നിന്നും അൽപം വിദ്യാഭ്യാസമുളള ഒരു പെണ്ണുമതി. തന്നിലെളിയ ബന്ധു എന്നല്ലേ പ്രമാണം. അതു നേര് തന്ന്യാണ്. അവനേം നോക്കി നമ്മുടെ മകളായിട്ട് ഇവിടെ കഴിയണം.”
“ഒളളത് വിറ്റുപെറുക്കി ഒരു ആശുപത്രിയുണ്ടാക്കാം……അവനിവിടെയിരുന്നോട്ടെ…..എങ്ങും പോകണ്ടാ……”
രമേഷ് പരീക്ഷ പാസായി വന്നപ്പോഴത്തേക്കും അവനുവേണ്ടി ഒരാസ്‌പത്രി ഞങ്ങൾ പണിതു. ഈ ബംഗ്ലാവൊഴികെ ഉളളതെല്ലാം വിറ്റു പെറുക്കി ആസ്‌പ്രതി കെട്ടി ഉയർത്തുമ്പോൾ എന്തുൽസാഹമായിരുന്നു. ഡോക്‌ടർ രമേഷിനെ കാണാൻ ക്യൂ നിൽക്കുന്ന രോഗികളേയും ധൃതിയിൽ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്ന നേഴ്‌സുമാരേയും എല്ലാം മനക്കണ്ണുകൊണ്ടു കണ്ടു. അവന്റെ പ്ലാൻ അനുസരിച്ചു തന്നെയാണ് എല്ലാം പണിതുയർത്തിയത്.
അവൻ ഒരിടത്തരം കുടുംബത്തിൽ നിന്നും ഒരു സാധാരണ പെൺകുട്ടിയെ വിവാഹം കഴിച്ചു. ഞങ്ങളോടൊപ്പം താമസം തുടങ്ങിയപ്പോൾ ഞങ്ങൾ ഞങ്ങളുടെ ആദ്യനാളുകൾ ഓർത്തുപോയി. താമസിയാതെ അവനു നല്ല ജനസമ്മതിയും പ്രാക്‌ടീസുമൊക്കെയായപ്പോൾ ഇനി എന്നും ഞങ്ങളുടെ അവസാനം വരെയും ഞങ്ങൾക്കു കൂട്ടായി….താങ്ങായി….തണലായി….അവർ രണ്ടുപേരും അവരുടെ കുഞ്ഞുങ്ങളും ഉണ്ടാകുമെന്നാശിച്ചു. അവരുടെ മുറിയിലും താഴെ ഊണുമുറിയിലും ഞങ്ങളുടെ കൊച്ചുമകൾക്ക് തൊട്ടിൽ തൂക്കിയ ദിവസം ആനന്ദം കൊണ്ടു കണ്ണുനിറഞ്ഞുപോയി. കൊച്ചുമോളെ….ഞങ്ങളുടെ പേരക്കിടാവിനെ…..ഈ വീട്ടിലെ ആദ്യത്തെ പെൺകുഞ്ഞിനെ ആ തൊട്ടിലിൽ കിടത്തി…..ഞാൻ പാടിയുറക്കി. ജീവിതത്തിലൊരിക്കൽപോലും ഒരു മൂളിപ്പാട്ടുപോലും പാടിയിട്ടില്ലാത്ത എനിക്ക് എങ്ങിനെ പാടാൻ കഴിഞ്ഞു….എനിയ്‌ക്കറിയില്ല. ഞാൻ പാടി……കുഞ്ഞുറങ്ങുകയും ചെയ്‌തു. അവളുടെ ചലനങ്ങൾക്കൊപ്പമായി ഞങ്ങളുടെ ജീവിതം. രമേഷും ഗീതയും അവളെ പൂർണ്ണമായും ഞങ്ങൾക്കു വിട്ടുതന്നു. അവളെ കളിപ്പിച്ചിരിക്കുമ്പോൾ ഏറ്റവും ഭാഗ്യവാന്മാരായ മുത്തച്ഛനും മുത്തശിയും ഞങ്ങളാണെന്ന് തോന്നി.
അവൾ കമിഴ്‌ന്നുവീണത്…മുട്ടുകുത്തിയത്….പിച്ചവച്ചത്….അവ്യക്തമായി അക്ഷരങ്ങൾ പറഞ്ഞു തുടങ്ങിയത്…….ഒക്കെ ഓർമ്മയിലിന്നും ആനന്ദം പകരുന്നു.
ഞങ്ങളുടെ ജീവിതത്തിലെ ആനന്ദപൂർണ്ണമായ ദിനങ്ങളായിരുന്നു അതൊക്കെ. മോൾക്ക് എന്നും ടാറ്റാ പോകണം. രമേഷിനു തിരക്കായാലും അവൻ കൃത്യസമയത്തു കാർ അയച്ചുതരും. ഞാനും ദേവകിയും മോളും ഗീതയുമൊപ്പം അമ്പലത്തിലും വെറുതേ ഒന്നു കറങ്ങാനും ഒക്കെ നിത്യവും പോയിരുന്നു. വൈകിട്ട് കുളിപ്പിച്ച് ഡ്രസ്സുമാറ്റി കഴിഞ്ഞാലുടനേ മോൾ ടാറ്റാ പറഞ്ഞു തുടങ്ങും. പിന്നെ നോട്ടം ഗേറ്റിലേയ്‌ക്കാണ്. ദൂരെ കാർ കാണുമ്പോഴേ രണ്ടു കൈയ്യും കുലുക്കി ഉച്ചത്തിൽ ചിരിച്ചു തുടങ്ങും. ഞങ്ങളുടെ മൂന്നുമക്കളുടേയും ചിരിയും കളിയും ഒന്നും ഞങ്ങളെ ഇത്രയധികം സന്തോഷിപ്പിച്ചിട്ടില്ല.
സുരേഷിന്റെ കത്തുവന്നു. അവനും ഭാര്യയും കുട്ടിയും മൂന്നുമാസത്തെ അവധിയ്‌ക്കു നാട്ടിൽ വരുന്നു. “ഞങ്ങൾ എന്തൊക്കെയാണ് കൊണ്ടുവരേണ്ടത്. ഒന്നും മടിക്കേണ്ട….പറഞ്ഞോളൂ. ഒരു ബുദ്ധിമുട്ടും ഇല്ല. ആർക്കൊക്കെ എന്തൊക്കെ വേണംന്ന് അറീച്ചാൽ മാത്രം മതി”. ആദ്യമായിട്ടാണ് അവന്റെ ഭാര്യ വരുന്നത്. അവൾ ഈ നാടു കാണുന്നതും ആദ്യമായിട്ടാണ്. പിന്നെ അവരെ സ്വീകരിക്കുന്നതിനുളള തയ്യാറെടുപ്പായി. രമേഷും ഗീതയും ഞങ്ങളേക്കാൾ ശുഷ്‌കാന്തിയോടെ അവരെ വരവേൽക്കാനുളള തയ്യാറെടുപ്പിലായിരുന്നു. അവൻ തന്നെ സതീഷിനെഴുതി. “ഏട്ടാ….എത്ര നാളായി നമ്മൾ മൂന്നുപേരും ഒരുമിച്ചു വീട്ടിൽ ഉണ്ടായിട്ട്. അച്ഛനും അമ്മയും ഒക്കെ വയസായിരിക്കുകയല്ലേ. വല്ല്യേട്ടൻ മൂന്നുമാസത്തെ അവധിക്കുവരുന്നു. അതിനിടയിൽ അച്ഛന്റെ പിറന്നാളും വരുന്നുണ്ട്. അതിനോടടുപ്പിച്ച് ഏട്ടൻ ഒരുമാസത്തെ അവധിയെങ്കിലും എടുത്തുവരണം. നമുക്ക് മൂന്നുപേർക്കും നമ്മുടെ കുടുംബവും കൂടി ഒത്തുകൂടണം. നമ്മുടെ മക്കൾ ഒന്നിച്ചു കളിച്ചു ചിരിച്ചു ഈ മുറ്റത്തെല്ലാം ഓടി നടക്കുന്നതു കാണണ്ടെ”?
സതീഷും റാണിയും വന്നു. ഞങ്ങൾ എല്ലാവരും കൂടി മൂന്നു കാറുകളിലായിട്ടാണ് സുരേഷിനെയും മാഗിയേയും കൊച്ചുപാച്ചുവിനെയും സ്വീകരിക്കാൻ പോയത്. ഒരു പിക്‌നിക്ക് പോലെയായിരുന്നു ആ യാത്ര. വിമാനം ഇറങ്ങിവരുന്ന അവരുടെ കയ്യിലിരിക്കുന്ന പാച്ചുവിനെ കണ്ണിമയ്‌ക്കാതെ ഞങ്ങൾ നോക്കി നിന്നു. അവനെ ദേവകിയുടെ കയ്യിൽ കൊടുത്തിട്ട് മാഗി ഞങ്ങളെയെല്ലാവരേയും കെട്ടിപ്പിടിച്ച് ഉമ്മവച്ചു. അനിയൻമാരെ ഉമ്മ വയ്‌ക്കുന്നതു കണ്ടപ്പോൾ ദേവകിയ്‌ക്ക് ഒരു വല്ലായ്‌ക. ഞാൻ ശബ്ദമടക്കി പറഞ്ഞു. “അതൊക്കെ അവരുടെ രീതികളാ ദേവകീ. അതു നമ്മൾ മനസ്സിലാക്കണം”.
അവരും കൂടി എത്തിക്കഴിഞ്ഞപ്പോൾ ഇവിടെ എന്തായിരുന്നു ബഹളം. ഒച്ചയും അട്ടഹാസവും ചിരിയുംകൊണ്ട് ഈ വീട് നിറഞ്ഞു മുഴങ്ങി. മൂന്നാളും കൂടി എന്നെ പൊക്കിയെടുത്ത് വീടിനു ചുറ്റും കൊണ്ടുനടന്ന് ആർപ്പു വിളിച്ചു. അവരുടെ ഭാര്യമാർ, ഞങ്ങളുടെ മക്കൾ അതുകണ്ടു ചിരിച്ചു. കാണുന്നതും കേൾക്കുന്നതുമൊക്കെ മാഗിക്ക് അപ്പപ്പോൾത്തന്നെ ആരെങ്കിലും ഇംഗ്ലീഷിൽ പറഞ്ഞുകൊടുത്തു. മുറ്റത്തെ ചക്കരച്ചി മാവിന്റെ കൊമ്പിൽ ഒരു വലിയ ഊഞ്ഞാലുകെട്ടി.. മദാമ്മയെ അതിലിരുത്തി ഉണ്ടയിട്ടു. കൊച്ചുകുട്ടികളെപ്പോലെ അവർ ഊഞ്ഞാലിനു വേണ്ടി പിടിയും വലിയും നടത്തുന്നതു നോക്കി ഞാനും ദേവകിയും കുടുകുടെ ചിരിച്ചു.
മദാമ്മ എല്ലാവരോടും ഇണക്കമുളളവളായിരുന്നു. എല്ലാത്തിനും അവൾ മുന്നിലുണ്ടായിരുന്നു. നമ്മുടെ പാചകം ഒന്നും അറിയിലെങ്കിലും “അതു ഞാൻ ചെയ്യാം” എന്നു പറഞ്ഞുകൊണ്ട് അടുക്കളയിലും എല്ലാം ദേവകിയോടൊപ്പം നിന്നു. “ഇവിടുത്തെ ഭക്ഷണമൊന്നും പിടിക്കുന്നില്ലായെങ്കിൽ വേണ്ടതെന്താച്ചാൽ ഞാൻ വാങ്ങിക്കൊണ്ടുവരാം. എന്നു രമേഷ് പറഞ്ഞപ്പോൾ ‘നോ ഐ എൻജോയ് മമ്മാസ് കുക്കിംഗ്’ എന്നു പറഞ്ഞ് അവൾ എല്ലാം നമ്മെപ്പോലെ കൈകൊണ്ടുതന്നെ കഴിച്ചു.
റാണിയും മദാമ്മയോടടുപ്പം കാണിച്ചു. ഒരിയ്‌ക്കലും ഇങ്ങോട്ടൊന്നെത്തി നോക്കുകപോലും ചെയ്യാത്ത ബന്ധുക്കളും സ്വന്തക്കാരുമെല്ലാം ഓടിയെത്തി…..മദാമ്മയെ കാണാൻ. അവർ ഒരത്ഭുത വസ്‌തുവെപ്പോലെ അവളെ നോക്കി നിൽക്കുന്നതുമാത്രം ഞങ്ങളെ അലോസരപ്പെടുത്തി.
എന്റെ പിറന്നാൾ ഞങ്ങൾ ശരിക്കും കൊണ്ടാടി. എല്ലാവരും ഒത്തുച്ചേർന്നതല്ലേ. കസവുസെറ്റുമുണ്ടുടുത്ത് മദാമ്മയും വന്നു അമ്പലത്തിലും മറ്റും. കുട്ടികളേയും എന്നെയും തുലാഭാരം തൂക്കുന്നതുമെല്ലാം അവൾ കാസറ്റിലാക്കി. ആ ദിവസത്തെ ഓരോരുത്തരുടെയും ചലനങ്ങൾ……അമ്പലത്തിലേക്കു പോകാനിറങ്ങുന്നത്…..മാഗിയെ മുണ്ടുടുപ്പിക്കുന്നത്….പാച്ചുവിന് ചോറു കൊടുക്കുന്നത്….തുലാഭാരം തൂക്കുന്നത്…..കറിയ്‌ക്കരിയുന്നത്….ദേവകിയും ഗീതയും മാഗിയുമെല്ലാം അടുക്കളയിൽ ഊണു തയ്യാറാക്കുന്നത്……എല്ലാവരും ഒരുമിച്ച് നിലത്ത് ഇലവച്ചുണ്ണുന്നത്…..എല്ലാം കാസറ്റിലാക്കി. സന്തോഷത്തിമിർപ്പ് അതിന്റെ മൂർദ്ധന്യത്തിൽ എത്തിനിൽക്കുമ്പോൾ……സുരേഷിന്റെ അവധി തീരുന്നതിന് ഏതാനും നാൾ മുൻപ്….അർദ്ധരാത്രിയിൽ ഒരു ഫോൺ….മാഗിക്ക്. അവളുടെ മൂത്ത കുട്ടിക്ക് അസുഖം കൂടുതലാണെന്നും ഉടനേ പുറപ്പെടണമെന്നും. ഫോൺ കിട്ടിയപ്പോൾ അവൾ ഉച്ചത്തിൽ നിലവിളിച്ചു. എല്ലാവരും ഓടിക്കൂടി. സുരേഷ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അടുത്ത ദിവസത്തെ ഫ്‌ളയിറ്റിനു തന്നെ അവർ പോയി. പോകുമ്പോൾ അവൾ എന്നെയും ദേവകിയേയും കെട്ടിപ്പിടിച്ചു കരഞ്ഞു. ഞങ്ങളുടെ കവിളിൽ ചുംബിച്ചു. അവധി തീരും മുമ്പേ പോകേണ്ടിവന്നതിനു ക്ഷമ ചോദിച്ചു. വിമാനം അവരേയും കൊണ്ടു പറന്നകലുമ്പോൾ മനസ്സിന്റെ ഒരു ഭാഗം പറിഞ്ഞുപോയതുപോലെ.
അവളോടു ഞങ്ങൾക്കു സ്‌നേഹമുണ്ട്…..എന്നാലും അവൾക്ക് ഒരു മൂത്തമകൻ….സുരേഷിന്റെതല്ലാത്ത ഒരു മകൻ…അവന്റെ തലയ്‌ക്കുമീതെ ഒരു വാൾമുന തലനാരിഴയിൽ തൂങ്ങുന്നതുപോലെ. മനസ്സു മരവിച്ചുപോയി. പിന്നെ എല്ലാവർക്കും ഒരു ംലാനതയായിരുന്നു.
കുറച്ചു ദിവസം കഴിഞ്ഞ് സതീഷും റാണിയും പോയി. എല്ലാവരും വന്നുപോയതിന്റെ വല്ലായ്‌മയായിരുന്നു പിന്നെ കുറച്ചു ദിവസത്തേയ്‌ക്ക്.
സുരേഷ് കൊണ്ടുവന്ന ഓരോ സാധനങ്ങൾ കാണുമ്പോഴും രാത്രി ഊണുകഴിക്കാനിരിക്കുമ്പോഴുമെല്ലാം ഗീതയും രമേഷും അവിടുത്തെയും ഇവിടുത്തെയും സാധനങ്ങളെ താരതമ്യം ചെയ്‌തുകൊണ്ടിരുന്നു.
Generated from archived content: vezhambalukal4.html Author: shakuntala_gopinath