ഇത്രയും പാടില്ലാതാകുന്നതിനു മുൻപ് മാസത്തിൽ ഒരിക്കൽ……..ഒരിയ്‌ക്കലെങ്കിലും……..ഞങ്ങൾക്കു കുശാലായിരുന്നു. പെൻഷൻ വാങ്ങാൻ പോകുന്ന ദിവസം അന്നു രാവിലെ മുതൽ ഞങ്ങൾ ഒരുക്കങ്ങൾ തുടങ്ങും. പത്തുമണിയ്‌ക്ക് ട്രഷറിയിൽ എത്തേണ്ടതിന് ആറുമണിയ്‌ക്കേ തുടങ്ങും ഒരുക്കം. അലക്കിയ മുണ്ടും ഷർട്ടും ഒക്കെ എടുത്തു പുറത്തുവച്ച്……..ചെരുപ്പ് തുടച്ച് മിനുക്കി…….ഷേവു ചെയ്‌ത് കുളിച്ച് ഒക്കെ ഞാനൊരുങ്ങുമ്പോൾ ദേവകി കസവു നേര്യതു മടക്കി ശരിയാക്കുകയായിരിക്കും. മുടി ചീകി ഒരു പുന്നക്കയോളം കെട്ടിവച്ച് സിന്ദൂരം തൊട്ട് അവളൊരുങ്ങുന്നതു കാണുമ്പോൾ കുട്ടിക്കാലത്ത് പഠിച്ച “മിസ് – തോംസൺ ഗോസ് ഷോപ്പിങ്ങ്” എന്ന പാഠഭാഗം ഓർത്തുപോകും.
അന്നത്തേയ്‌ക്ക് ഒരു ഡ്രൈവറെ കൂലിക്കെടുക്കും. എന്നിട്ട് ഞാനും ദേവകിയും കൂടി ഒരു ഔട്ടിംഗ്. ഞാൻ പെൻഷൻ വാങ്ങാൻ ട്രഷറിയിൽ കയറുമ്പോൾ അവൾ കാറിലിരിക്കും. പിന്നെ ഒരു ഷോപ്പിംങ്ങ്. പച്ചക്കറികളും മരുന്നും ബേക്കറി സാധനങ്ങളും വേണ്ടതെല്ലാം വാങ്ങിക്കൂട്ടും. എന്നിട്ട് ഇന്ത്യൻ കോഫീ ഹൗസിൽ കയറി ഒരു തീറ്റ. അവിടുത്തെ കാപ്പിയുടെ മണം മൂക്കിൽ അനുഭവപ്പെടുന്നു. അതുപോലെ കട്ട്‌ലറ്റിന്റെയും മട്ടൻ ഓംലെറ്റിന്റെയും ഒക്കെ മണം. വൈകിട്ടത്തേയ്‌ക്ക് ഒരു പാഴ്‌സൽ. ആ ഒരു ദിവസം വരാൻ കാത്തിരിക്കും ഞങ്ങൾ. വല്ലപ്പോഴുമൊക്കെ ഞങ്ങളെ പുറത്തുകൊണ്ടുപോയിരുന്ന ഡ്രൈവർക്ക് കെ.എസ്.ആർ.ടി.സിയിൽ ജോലി കിട്ടിയപ്പോൾ പിന്നെ അതിനും ആളില്ലാതായി. അയാൾക്ക് ഒരു ജോലി തരപ്പെടുത്താൻ ഞാനും കഴിവതൊക്കെ ചെയ്‌തുകൊടുത്തു. പിന്നെ കുട്ടപ്പനാണ് ഇപ്പോൾ ഏക ആശ്രയം.
രാത്രി പത്തും പതിനൊന്നും മണിയ്‌ക്കൊക്കെയാണ് മക്കളുടെ ഫോൺ വരാറ്. നേരത്തെ ഉറങ്ങാൻ കിടന്നാലും ഉളളിന്റെയുളളിൽ ആ മണിയൊച്ചയ്‌ക്കുവേണ്ടി കാതോർത്തിരിക്കും. രാത്രിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ടുളള ആ മണിയൊച്ച ഞങ്ങൾക്ക് ശ്രുതിമധുരമാണ്. മക്കളുടെ ശബ്ദം കേൾക്കുമ്പോൾ……….അവരെ നേരിൽ കാണുന്നതുപോലെ………അവരുടെ സാമീപ്യം ശരിക്കും ഞങ്ങൾ അനുഭവിക്കുന്നു. ആ ഫോണിലൂടെ ഞങ്ങളുടെ കുഞ്ഞുമക്കളുടെ അവ്യക്തമായ ശബ്ദം അവർ കേൾപ്പിച്ചു തരുമ്പോൾ കൈക്കുളളിലിരിക്കുന്ന ഇയർപീസ്സിനുളളിൽ കുഞ്ഞുമോനുണ്ടെന്ന തോന്നലാണ്. അവൻ ജനിച്ചപ്പോൾ സുരേഷ് അമേരിക്കയിൽ നിന്നും വന്ന ഒരാൾ വശം ഒരു ടേപ്പും കുറച്ചു ഫോട്ടോകളും കൊടുത്തയച്ചു. ആ ടേപ്പിൽ ഞങ്ങളുടെ കുഞ്ഞുമോന്റെ ആദ്യത്തെ കരച്ചിലും. കുറച്ചുനാൾ കൂടി കഴിഞ്ഞ് അവന്റെ ശാഠ്യം പിടിച്ചുളള കരച്ചിലും പിറന്നയുടനെയുളള ഫോട്ടോകളും മറ്റുമായിരുന്നു. അവനയച്ചു തരുന്ന വലിയ വലിയ തുകകളുടെ ഡ്രാഫ്‌റ്റിനേക്കാൾ എത്രയോ വിലപ്പെട്ടതായിരുന്നു ആ ഫോട്ടോകളും കാസറ്റും. കുഞ്ഞുമോന്റെ ആദ്യത്തെ കരച്ചിൽ കേട്ടപ്പോൾ ഞങ്ങൾ കേട്ടത് സുരേഷ്‌മോന്റെ ആദ്യത്തെ കരച്ചിലാണ്. അന്ന് അതു കേട്ടപ്പോൾ പ്രസവമുറിക്കപ്പുറത്ത് കാത്തുനിന്നിരുന്ന തന്റെ മേലാകെ കോരിത്തരിച്ചുപോയി. അതുപോലെ വീണ്ടും ഒരു കോരിത്തരിപ്പ്. അന്ന് എത്ര പ്രാവശ്യം ഞങ്ങളാ കാസറ്റിട്ട് ആ കരച്ചിൽ കേട്ടു. ഫോട്ടോ കാണാൻ പ്രായംകൂടി മറന്നു ഞങ്ങൾ പിടിയും വലിയും നടത്തി. ആകെ ഒരു വെളളത്തുണിയിൽ പൊതിഞ്ഞ് ഒരു ചോരപ്പൊട്ടുപോലെ മുഖം മാത്രം കാണാം. ആ പൊട്ടിൽ ഞങ്ങളുടെ മകന്റെ കണ്ണും മൂക്കും തിരഞ്ഞുപിടിക്കുകയായിരുന്നു ഞങ്ങൾ. ദേവകി പറഞ്ഞു “സുരേഷിനെ പെറ്റപ്പോൾ ഇതുപോലിരുന്നു”.
അവളെ ഒന്നു ചൊടിപ്പിക്കാനായി ഞാൻ വെറുതെ പറഞ്ഞു “ഊം…….പൂച്ചക്കണ്ണും…….ചെമ്പൻമുടിയുമൊക്കെയായിരുന്നോ അവന്”.
അവൾ കണ്ണടയെടുത്ത് രണ്ടാംമുണ്ടിന്റെ തുമ്പുകൊണ്ട് തുടച്ച് വീണ്ടും കണ്ണിൽവച്ചു നോക്കി. “ഇവന്റെ പൂച്ചക്കണ്ണു നിങ്ങളെങ്ങിനെ കണ്ടു? തല മൂടിപ്പൊതിഞ്ഞു വച്ചിരിക്ക്വാ…….മുടിയും കാണാൻ പറ്റണേയില്ല”
“അമേരിക്കേല്………മദാമ്മ പെറ്റ കുട്ടിയ്‌ക്കു പൂച്ചക്കണ്ണും………ചെമ്പൻമുടിയുമല്ലേ ഉണ്ടാവുക. അതു കണ്ടിട്ടുവേണോ മനസ്സിലാക്കാൻ”?
“അമേരിക്കയിലായാലും……….മദാമ്മ പെറ്റതായാലും അവൻ സുരേഷിന്റെ മോനല്ലെ……..അവന്റെ ഛായതന്ന്യാണ്………….അപ്പോൾ കണ്ണും മുടിയും അവന്റേതുപോലെ തന്ന്യായിരിക്കും”. എന്നു പറഞ്ഞെങ്കിലും അവളുടെ മുഖം ംലാനമായി. അവളുടെ നരച്ച മുടിയിഴകൾ തടവിയൊതുക്കി കൊണ്ട് താൻ പറഞ്ഞു. “ഞാൻ വെറുതേ……പറഞ്ഞതല്ലേ………..ദേവകീ………അവൻ സുരേഷിനെപോലെ തന്ന്യാണ്. എന്നു പറഞ്ഞാൽ എന്നെപ്പോലെ”.
ദേവകി പറഞ്ഞു “അവൻ വന്നുപോയിട്ട് ഈ കർക്കിടകത്തിൽ നാലുകൊല്ലാവണ്. അടുത്ത കർക്കിടകാവുമ്പോഴേക്കും വരും. മേലേ കിഴക്കേതിലെ അവറാച്ചന്റെ മോൻ അമേരിക്കയിലല്ലെ. അവൻ അഞ്ചുകൊല്ലം കൂടുമ്പോഴാണ് വരാറ്. അമേരിക്കേല് പോണോരു അഞ്ചുകൊല്ലം കൂടുമ്പോഴാണ് വരണതെന്നു ആ മേരി പറഞ്ഞു. ആദ്യം സുരേഷ് വന്നതും അഞ്ചാംകൊല്ലത്തിലാ. ഇനി അവൻ വരുമ്പോഴേക്കും മോന് ഒരു വയസ് കഴിയും. അപ്പോൾ ഗുരുവായൂര് ചോറും കൊടുത്തിട്ട് പോകാം.
അവൾ ഒരു മാല കൊണ്ടന്നു കൈയ്യിൽ തന്നിട്ടു പറഞ്ഞു. അവനു കുട്ടികളുണ്ടാകാൻ വൈകിയല്ലോ…….ഞാൻ നേർന്നതാണ്……..ഗുരുവായൂരപ്പന് ഒരരമണി……………അതിന് അരപ്പവൻ വേണ്ടിവരും………..പിന്നെ ഒരരഞ്ഞാണം കുട്ടിക്കും തീർക്കാം. അവനരഞ്ഞാണം ഇടേണ്ടത് മുത്തശ്ശിയല്ലെ.
ഇപ്പോൾ നീയിതലമാരിയിൽ കൊണ്ടുപോയി വയ്‌ക്കൂ………..ദേവകീ………..നമ്മൾ ഇനി പെൻഷൻ എടുക്കാൻ പോകുന്ന കൂട്ടത്തിലതും ശരിപ്പെടുത്താം. അതിന് നിന്റെ മാല എടുക്കണോ? വേറെ വാങ്ങിയാൽപ്പോരെ.
പെൺകുട്ടികളില്ലാത്ത………നമ്മളെന്തിനാ………ഇനി ഇതും കാത്തുവച്ചുകൊണ്ടിരിയ്‌ക്കണെ? എന്നു പറഞ്ഞപ്പോൾ അവളുടെ ശബ്ദം ചിലമ്പിച്ചു. രണ്ടാമതു സതീഷ് പിറന്നപ്പോൾ പിന്നെ പെൺകുട്ടിക്കുളള മോഹം ഉൽക്കടമായി. പക്ഷേ പിന്നീട് പിറന്നതും ആൺകുട്ടി…..രമേഷ്. അവളുടെ പണ്ടങ്ങളെല്ലാം ഒരു പോറലുപോലുമേൽക്കാതെ സൂക്ഷിച്ചു വച്ചിട്ടുണ്ട്……….പുത്രവധുക്കൾക്കായി. സുരേഷ് മദാമ്മയെ കെട്ടിയപ്പോൾ പിന്നെ സതീഷിനെയും രമേഷിനെയും ഉടനെ കല്ല്യാണം കഴിപ്പിക്കണമെന്ന് തീരുമാനിച്ചു.
സതീഷിന് ഐ.എ.എസ് കിട്ടിയപ്പോൾ വലിയ വലിയ ഇടങ്ങളിൽ നിന്നും കല്യാണാലോചനകളുടെ ബഹളമായി. സുരേഷിന്റെ വിവാഹം ഞങ്ങളുടെ ഉപബോധമനസ്സിലുണ്ടാക്കിയ നഷ്ടബോധം കൊണ്ടാകാം. പണം കൊണ്ടും പ്രതാപംകൊണ്ടും ഉയർന്ന ഒരിടത്തുനിന്ന് തന്നെ ഒരു പെണ്ണിനെ തിരഞ്ഞുപിടിച്ചു കല്ല്യാണം കഴിപ്പിച്ചു.
കല്ല്യാണത്തിന് ഒരു മാസം മുമ്പെ തുടങ്ങി ഒരുക്കങ്ങൾ. കാർ പുതിയ പെയിന്റടിച്ചു. സീറ്റുകവറൊക്കെ മാറ്റി. വീടു പെയിന്റു ചെയ്‌തു. മെയിന്റിനൻസുമൊക്കെ ചെയ്തു. മുറ്റത്തെ തോട്ടമെല്ലാം വെടിപ്പാക്കി………പുതിയ പൂച്ചെട്ടികളും ചെടികളും ഒക്കെ വാങ്ങി വച്ചു. പഴയതും നിറം മങ്ങിയതുമായ പാത്രങ്ങളൊക്കെ മാറ്റി പുതിയതു മേടിച്ചു. കർട്ടനുകളൊക്കെ മാറ്റി. അങ്ങിനെ എല്ലാം മോടിപ്പിടിപ്പിച്ചു. കേമമായിട്ടായിരുന്നു കല്ല്യാണം. പെൺമക്കളില്ലാത്തതല്ലേ? മുറ്റം നിറയെ പന്തലിട്ടു. വിവാഹത്തോടനുബനന്ധിച്ച് ഗംഭീരമായിട്ടായിട്ടൊരു ചായസൽക്കാരവും നടത്തി.
Generated from archived content: vezhambalukal2.html Author: shakuntala_gopinath