അർദ്ധരാത്രിയുടെ നിശബ്ദതയിൽ മുകളിലത്തെ നിലയിൽ എന്തോ വീണുടയുന്ന ശബ്ദം കേട്ട് പത്മനാഭൻ
തമ്പിയും ദേവകിയും ഞെട്ടിയുണർന്നു…….. തമ്പി വേഗം തലയിണയുടെ അടിയിൽ നിന്നും ടോർച്ചു
തപ്പിയെടുത്തുകൊണ്ട് “ആരാത്” എന്നു ചോദിയ്‌ക്കുമ്പോൾ ദേവകി വിറയാർന്ന കൈത്തലം കൊണ്ടദ്ദേഹത്തിന്റെ
വായപൊത്തിപ്പിടിച്ച് ശബ്ദമടക്കി പറഞ്ഞു. “അനങ്ങണ്ടാ…… എന്തെങ്കിലുമാവട്ടെ………” അവർ ശ്വാസം കഴിക്കാൻ
നന്നേ ബുദ്ധിമുട്ടുന്നതു പോലെ തോന്നി തമ്പിയ്‌ക്ക്.
ശരിയാണവർ പറഞ്ഞത്. നടക്കാൻ തന്നെ ഊന്നുവടി വേണം…… ആ താൻ എണീറ്റു ചെന്നിട്ടെന്തു
ചെയ്യാനാ…….അനങ്ങാതെ കിടക്കാം………നേരം വെളുക്കട്ടെ.
തമ്പി അങ്ങനെ തീർച്ചപ്പെടുത്തി.
പിന്നെ ആ രാത്രി രണ്ടുപേർക്കും ഉറങ്ങാനായായില്ല. കാലൊച്ചകൾ കേൾക്കുന്നുണ്ടോ…….അവ അടുത്തടുത്ത്
വരുന്നുണ്ടോ………എന്നിട്ടങ്ങനെ ചെവിയോർത്തു കിടന്നു.
ദേവകിയ്‌ക്ക് ശ്വാസം മുട്ടലിന്റെ അസുഖം ഉളളതുകാരണം അവൾ നന്നേ പുലർന്നിട്ടേ
എണീയ്‌ക്കാറുളളൂ…..ഈയിടെയായി. പക്ഷേ തനിക്ക് അങ്ങനെ കിടക്കാനാവില്ല. അഞ്ചുമണിവരെ
എങ്ങിനെയെങ്കിലുമൊക്കെ കടിച്ചുപിടിച്ച് കിടക്കും. പിന്നെ എണീറ്റ് രണ്ടുഗ്ലാസ് താനും കുടിക്കും. രാവിലെ
ഇത്തിരി ചൂടുവെളളം കുടിക്കാൻ കിട്ടുന്നത് ദേവകിയ്‌ക്ക് വലിയ ആശ്വാസമാണ്.
പണ്ടു താൻ അടുക്കളോ അടുക്കളത്തളമോ ഒന്നും കണ്ടിട്ടുതന്നെയില്ല. അതൊക്കെ പെണ്ണുങ്ങളുടെ
ഡിപ്പാർട്ടുമെന്റായിരുന്നു. അടുക്കളപണിക്കും പുറംപണിയ്‌ക്കുമൊക്കെ വെവ്വേറെ ആളുകളുമുണ്ടായിരുന്നു.
എന്നാലും തനിക്കുളള ചായ ദേവകി തന്നെയാണ് ഉണ്ടാക്കിത്തന്നിരുന്നത്. കടുപ്പത്തിനും മധുരത്തിനും പാലിന്റെ
അളവിനും ഒന്നും ഒരു വ്യത്യാസം വരാതെ അവൾ തന്നെ ഉണ്ടാക്കിത്തന്നിരുന്നു. അതുപോലെ തനിക്ക് പ്രിയപ്പെട്ട
ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോൾ അവിടെയും അവളുടെ കൈ എത്തിയിരുന്നു. അവളാന്നു തന്നെ ചായ
ഉണ്ടാക്കാനും ഗ്യാസ് അണയ്‌ക്കാനും കത്തിക്കാനും ഒക്കെ പഠിപ്പിച്ചു തന്നത്. അതു ശീലമാക്കാൻ തന്നെ
നിർബന്ധിക്കുമ്പോൾ അവൾ പറഞ്ഞു “ പഴയകാലമൊന്നുമല്ല….ഞാൻ രണ്ടീസം കിടപ്പിലായിപ്പോയാൽ……ങ്ങക്ക്
ഇത്തിരി വെളളം കുടിക്കണോല്ലോ ”. ഗൃഹപാഠം ചെയ്യുന്ന ഒരു കൊച്ചുകുട്ടിയുടെ കരുതലോടെയും
കണിശ്ശത്തോടെയുമാണ് താനതു ചെയ്യുന്നത്.. ഒന്നര ഗ്ലാസുവെളളം…..അരഗ്ലാസ് പാൽ…..നാലുസ്‌പൂൺ
പഞ്ചസാര…….ഇത്രയും ഒരു സാസ്‌പാനിലാക്കി………ഗ്യാസ് കത്തിച്ച് അടുപ്പിൽ വയ്‌ക്കും. തിളച്ചുവരുന്നതിനു
മുൻപായിത്തന്നെ രണ്ടുസ്‌പൂൺ തേയില ഇടും. തിളക്കാൻ കാത്തുനിന്നാൽ തേയില ഇടലും ഗ്യാസ്
അണയ്‌ക്കലും ഒക്കെ കൂടി ഒന്നിച്ച് നടക്കില്ല. തിളച്ചുതൂകി പകുതിയും പുറത്തുപോകും. അല്ലെങ്കിൽ തിളച്ചു
പൊങ്ങി വരുന്നതു കണ്ടു വെപ്രാളപ്പെട്ടു കയറിപിടിച്ച് കൈ പൊളളിക്കും. അങ്ങുനെയെത്ര പ്രാവശ്യം
പൊളളിയിരിക്കുന്നു. ആ ചായ രണ്ടു ഗ്ലാസുകളിലായി പകരുമ്പോൾ ഓർത്തു ഇപ്പോൾ ഈ വിശാലമായ
അടുക്കളയും അടുക്കളത്തളവും എല്ലാം ശൂന്യം.
ഒരു ഗ്ലാസു ചായ ദേവകിയ്‌ക്കു കൊടുത്തുകൊണ്ട് തന്റെ ചായ മൊത്തിക്കുടിച്ചു കൊണ്ടിരിക്കുമ്പോൾ തമ്പി
വീണ്ടും ഓർത്തു. “തളത്തിലേക്ക് ആരും ഇറങ്ങാറുതന്നെയില്ല. ഒരു പണിക്കാരിയുളളത് ആഴ്‌ചയിൽ രണ്ടോ
മൂന്നോ ദിവസം വന്നാലായി. മുറ്റമെല്ലാം കാടുംപടലും കയറി വനംപോലെയായി. അവൾ വരുന്ന ദിവസം
മുൻവശത്ത് ഒരിത്തിരി ഭാഗത്ത് പുല്ലിന്റെ മീതെ ചൂലിട്ടുരയ്‌ക്കുന്നതു കാണാം. അരിശം കടിച്ചമർത്തിക്കൊണ്ട്
മറ്റെവിടെയെങ്കിലും നോക്കിയിരിക്കും. മിണ്ടിപ്പോയാൽ പിന്നവളും വരാതെയായാലോ എന്ന ഭയമാണ്. വലിയ
ബംഗ്ലാവും മുറ്റവും ഒക്കെ കാണുമ്പോൾ പണിക്കുപോലും ആരും വരില്ല. ഒരിക്കൽ അഭിമാനമായിരുന്ന ഈ
ബംഗ്ലാവും വിശാലമായ മുറ്റവുമെല്ലാം ഇന്നു താങ്ങാനാവാത്ത ഭാരമായി……..ശാപമായി. ഇപ്പോൾ ആകെ
ഉപയോഗിക്കുന്നത് സ്വീകരണമുറിയും അതിന്റെ ഒരു ഭാഗത്തായി ഉളള ഒരു കിടക്കമുറിയും ഊണുമുറിയും
അടുക്കളയും മാത്രം. ശരിക്കും ഇതിൽ ഒരു മുറി മാത്രമേ ദേവകിയ്‌ക്കും തനിയ്‌ക്കും താമസിക്കാൻ ആവശ്യമുളളൂ.
പുറത്തുനിന്നും വന്നു കയറാൻ സ്വീകരണമുറി കടന്നല്ലേ പറ്റൂ. അതുപോലെ അടുക്കളയിലേയ്‌ക്ക്
പോകണമെങ്കിൽ ഊണുമുറിയും കടക്കണം. മറുഭാഗത്ത് വിരുന്നുകാർക്ക് വേണ്ടി ഉണ്ടാക്കിയ മുറിയും അറ്റാച്ച്‌ഡ്
ബാത്ത്‌റൂം മറ്റും പൊടി പിടിച്ച്………മാറാല പിടിച്ച്…….അടഞ്ഞുകിടക്കുന്നു. വിരുന്നുകാർ വന്നകാലം മറന്നു.
മുകളിൽ മൂന്നു മക്കൾക്കുവേണ്ടി പണിത മൂന്നു കിടക്കമുറികളും അതിനോടൊക്കെ ചേർന്നുളള ബാത്ത്‌റൂമുകളും
സെൻട്രൽ ഹാളും ബാൽക്കണിയുമൊക്കെ പൊടിപിടിച്ച് മാറാലപിടിച്ച് അടഞ്ഞു കകിടക്കുന്നു. എത്രനാളായി
അങ്ങോട്ടൊന്നു കയറി നോക്കിയിട്ടുതന്നെ. അങ്ങോട്ടെങ്ങും കയറാൻ ദേവകി സമ്മതിക്കില്ല. പിന്നെ ഈ
പടികളൊക്കെ ചവി്ുട്ടിക്കയറാനുളള ബുദ്ധിമുട്ടും ഉണ്ട്.
ചായ കുടിച്ചു കഴിഞ്ഞപ്പോൾ ഒരു ഉന്മേഷം. നേരം നന്നേ വെളുത്തും കഴിഞ്ഞു. ഇനി തലേന്നാൾ മുകളിൽ
വീണുടഞ്ഞതെന്താണ്……..എന്താണവിടെ സംഭവിച്ചത് എന്നൊക്കെ ഒന്നു നോക്കിയിട്ടു തന്നെ വേറെ കാര്യം.
തമ്പി വടിയും കുത്തിപ്പിടിച്ച് കോണി കയറുന്നതു കണ്ടുകൊണ്ട് ദേവകി വിളിച്ചു പറഞ്ഞു. ”വേണ്ട……..
അരുതത്തതൊന്നും ചെയ്യണ്ടാ……. ഉടഞ്ഞതെന്തെങ്കിലുമാവട്ടെ……എങ്ങിനെയെങ്കിലുമാവട്ടെ…….പാടില്ലാത്തവരെന്തിനാ
അതൊക്കെ അന്വേഷിക്കണെ……… നിധി കാക്കുന്ന ഭൂതത്താന്മാരെപ്പോലെ…..നമ്മളിതും കാത്തുസൂക്ഷിച്ചുും
കൊണ്ടിങ്ങനെ…….കാലുവഴുതിയെങ്ങാനും……..ഓർമ്മേണ്ടല്ലോ…….ഒരിക്കൽ ഒന്നു വീണതിന്റെ കഥ……..“ ഒന്നും
കേൾക്കാത്ത മട്ടിൽ തമ്പി സൂക്ഷിച്ച്………ഓരോ പടിയും ചവുട്ടിക്കയറുമ്പോൾ ദേവകി ഓർമ്മിപ്പിച്ച………..ആ
വീഴ്‌ചയുടെ കഥയായിരുന്നു മനസ്സിൽ.
ഒരു ദിവസം രാത്രി അത്താഴമൊക്കെ കഴിഞ്ഞു വെറുതേ നിമിഷങ്ങൾ എണ്ണിയിരിക്കുമ്പോൾ ദേവകി പറഞ്ഞ. ”
ആ കാസറ്റൊന്നിടൂ………കുറച്ചുനേരം അതും കണ്ടിരിക്കാം. മണി എട്ടരയാവണേയുളളു. ഇപ്പോഴേ കിടന്നാൽ ഒരു
പാതിരാവാകുമ്പഴേക്കും പിന്നെ ഉറങ്ങാൻ പറ്റില“.
തമ്പി ചിരിച്ചുകോണ്ടു പറഞ്ഞു. ”എത്രമത്തെ തവണയാ നമ്മൾ ഈ ചിത്രം കാണുന്നത്……..എന്നാലും
കണ്ടുകളയാം. അല്ലാതെന്താ ഒരു വഴി“. കാസറ്റിടുമ്പോൾ തമ്പി വീണ്ടും ഓർത്തു. ”ഈ കാസറ്റ് മുടങ്ങാതെ
രണ്ടാഴ്‌ചയായി കാണുന്നു. ഇനി ഇതു മടക്കി കൊടുത്തിട്ട് വേറെ ഒരെണ്ണം എടുത്തു കിട്ടാൻ രണ്ടാംശനിയാഴ്‌ച
വരെ കാത്തിരിക്കണം. കുട്ടപ്പൻ അന്നാണല്ലോ വരാറ് പതിവ്. അവൻ കാറും കൊണ്ടു വന്നാൽ…….ബാങ്കിൽ
പോയി കുറച്ചു പണം എടുക്കണം…….മരുന്നു വാങ്ങണം………കാസറ്റ് മടക്കി കൊടുത്ത്……വേറൊരെണ്ണം
എടുക്കണം…….പിന്നെ വീട്ടാവശ്യത്തിനുളളതെല്ലാം വാങ്ങണം. ഓരോന്നും ഓർക്കുമ്പോൾ അപ്പപ്പോൾത്തന്നെ
കുറിച്ചുവയ്‌ക്കും. കുട്ടപ്പൻ വരുമ്പോഴാണതെല്ലാം വാങ്ങുന്നത്. അവൻ ഇവിടെ ഈ ടൗണിൽ തന്നെ മാറ്റമായി
വന്നതു ഭാഗ്യം. ഒരു സെക്കന്റ് സാറ്റർഡേയ്‌ക്ക് അവനെന്തങ്കിലും അസൗകര്യമായി വരാനൊക്കാതെ
വന്നാൽപോലും അടുത്ത സെക്കന്റ് സാറ്റർഡേയ്‌ക്ക് വരെ കാത്തിരിക്കണം. തന്റെ കാർ ഷെഡ്‌ഡിൽ കിടന്നു
തുരുമ്പെടുക്കുന്നു. അതോടിയ്‌ക്കാനൊരാളെ കിട്ടണ്ടേ? ആയിരവും ആയിരത്തിഅഞ്ഞൂറുമൊക്കെയുമാണ് ശമ്പളം
ചോദിക്കുന്നത്. വല്ലപ്പോഴുമൊന്നു പുറത്തേക്കു കൊണ്ടുപോകാനൊരു ഭ്രൈവറെ കിട്ടാതായതു മുതൽ അതിങ്ങനെ
പൊടിപിടിച്ച്….തുരുമ്പെടുത്ത് കിടക്കുകയാണ. വിറ്റു കളയാൻ മനസ്സു വരുന്നില്ല. വിറ്റാലൊന്നും കിട്ടാനും
പോകുന്നില്ല.
കാസറ്റിട്ടിട്ട് തമ്പി കിടക്കമുറിയിലേക്കൊന്നു പോകാൻ തുടങ്ങുമ്പോൾ
എങ്ങിനെയോ…….എന്തോ……..കാലുമടങ്ങിവിട്ടാവാം……….ഒരു വശമിടിച്ചു വീണുപോയി. നെറ്റി കസേരമേലിടിച്ച് അല്പം
മുറിഞ്ഞു…….ചോര വാർന്നൊഴുകി…….. ദേവകി ഓടി വന്ന് എഴുന്നേൽപ്പിക്കുവാൻ ശ്രമിച്ചു ഒരു ചിമിഴിനോളം പോന്ന
അവൾക്ക് ആജാനുബാഹുവായ തന്നെ പിടിച്ചുപൊക്കാനാവുമോ? ചോരവാർന്നൊഴുകുന്നതു കണ്ട് അവൾ
അലമുറയിടുമ്പോൾ പറഞ്ഞു. “ എന്തിനാ ………നീ………..വെറുതേ കിടന്ന് ബഹളമുണ്ടാക്കുന്നത്………ആരു
കേൾക്കാനാ……….നീ……….കുറച്ചു തണുത്തവെളളം കൊണ്ടുന്നു തരൂ”
അവൾ കൊണ്ടുത്തന്ന തണുത്തവെളളം അവിടെ കിടന്നുകൊണ്ടു തന്നെ കുടിച്ചു. കുറച്ചുവെളളം കൊണ്ടു
നെറ്റിയും മുഖവും ചരുവത്തിലേക്ക് തന്നെ കഴുകി അവൾ രണ്ടാംമുണ്ടുകൊണ്ടു ചോര ഒപ്പിയെടുത്തു. പിന്നെ
വെളളത്തുണി കീറി ഒരു കെട്ടും കെട്ടി തന്നു. ഒന്നെണീറ്റുപോയി കട്ടിലിൽ കയറി കിടക്കാൻ
സാധിക്കാത്തതുകാരണം ഒരു തലയിണവച്ച് അവിടെത്തന്നെ കിടന്നു. തങ്ങളുടെ നിസ്സഹായ അവസ്ഥയെക്കുറിച്ച്
കരഞ്ഞും പറഞ്ഞും ദേവകിയും അരികത്തു തന്നെ കിടന്നു. “ നിനക്കു വലിവുളളതല്ലേ………ദേവകി……..തറയിൽ
കിടക്കണ്ടാ……….കട്ടിലിൽ പോയി കിടന്നോളൂ…..എന്തെങ്കിലും ആവശ്യാച്ചാൽ ഞാൻ വിളിച്ചോളാം”. എന്നു പറഞ്ഞിട്ട്
അവളതു കൂട്ടാക്കിയില്ല. നേരം നന്നേ പുലർന്ന് കഴിഞ്ഞ് ദേവകി കുട്ടപ്പനെ വിളിച്ചു വരുത്തിയാണ് എന്നെ
പിടിച്ചെണീപ്പീച്ച് അകത്തു കട്ടിലിൽ കൊണ്ടുപോയി കിടത്തിയത്. കുട്ടപ്പൻ ഓഫീസിലേക്കു പോകുന്ന
തിരക്കിലായിരുന്നു.. എന്നിട്ടും ഒരു ഡോക്ടറെ കൂട്ടിക്കൊണ്ടുവന്ന് പരിശോധിപ്പിച്ച് ആവശ്യമായ മരുന്നുകളും
വാങ്ങിത്തന്ന് ഒരു നേഴ്‌സിനെ കൂട്ടിക്കൊണ്ടുവന്ന് കുത്തിവെയ്‌പ്പിച്ചിട്ടെ.ക്കെയാണ് പോയത്. അന്നവൻ
അരദിവസത്തെ അവധി എടുക്കേണ്ടിവന്നു. ശരീരത്തിന്റെ അസ്വസ്ഥതളെക്കാളേറെ തന്നെ വേദനിപ്പിച്ചത്
സഹായിക്കാൻ മനസ്സുളളവരെ ബുദ്ധിമുട്ടിക്കേണ്ടി വന്നതിലായിരുന്നു.
മുകളിലത്തെ നിലയിലെത്തിയ തമ്പി ആദ്യം ഒന്നാമത്തെ മുറി………സുരേഷിന്റെ മുറിയാണ് തുറക്കാൻ തുനിഞ്ഞത്.
അതിന്റെ വാതിൽക്കൽ അവന്റെ പേരെഴുതി വച്ചിരുന്നു. ഒരു കൊച്ചു നെയിംപ്ലേറ്റിൽ മുറിയുടെ നമ്പരും ഉണ്ട്.
എല്ലാ മുറിവാൽക്കലും മക്കളുടെ പേരും മുറിയുടെ നമ്പരും എഴുതിവച്ചിട്ടുണ്ട്. അമ്മയ്‌ക്ക് താഴെ നിന്നു കൊണ്ട്
ആരെയെങ്കിലും വിളിക്കണമെങ്കിൽ അവരുടെ നമ്പറനുസരിച്ച് മണി അടിക്കണം. അങ്ങനെ ഊണുമുറിയിലിരുന്ന്
കൊണ്ട് ആവശ്യമുളളവരെ വിളിക്കാനായുളള ഒരു സംവിധാനമാണിത്. ഇപ്പോൾ ഒരു മണി അടിച്ചാൽ സുരേഷ്
കേൾക്കില്ല. ഫോൺ ബെല്ലടിച്ചാൽ അവൻ അമേരിക്കയിലിരുന്നുകൊണ്ട് ഫോണെടുക്കും. അമ്മയ്‌ക്കും അച്ഛനും
സുഖമാണോ? “അതേ……..മോനേ…..പരമസുഖം. മുഖത്തോടു മുഖം നോക്കി വെറുതേയിരിക്കാം…….കംപ്ലീറ്റ്
റെസ്‌റ്റ്……ഒന്നും ചെയ്യാനുളള ആരോഗ്യമില്ലല്ലോ………അപ്പോൾ പിന്നെ റെസ്‌റ്റ്
തന്നെ…….ഇടയ്‌ക്കിടെ………..വിശപ്പും………..ദാഹവുമൊക്കെ ഉണ്ടാകുന്നു. അതാണൊരു ബുദ്ധിമുട്ട്”.
“ഞാനയച്ച ഡ്രാപ്‌റ്റ് കിട്ടിയോ?”
“കിട്ടി……….കിട്ടീ……….അതും ബാങ്കിൽ കൊണ്ടുപോയി നിക്ഷേപിച്ചിട്ടുണ്ട്. അവിടെ കിടന്നതു വർദ്ധിക്കട്ടെ.
പണംകൊണ്ടു ഞങ്ങളെന്തു ചെയ്യാനാ………അവശ്യ സാധനങ്ങൾപോലും
വേണ്ടെന്നുവയ്‌ക്കുകയാ……വാങ്ങിത്തരാനൊരാളില്ലാത്ത്‌ത്തതു കാരണം.
ഇരുമ്പു പിടിച്ച പൂട്ടു തുറക്കാൻ തന്നേ പണിപ്പെടേണ്ടി വന്നു. ബലം പ്രയോഗിച്ച് വിയർത്തുപോയി. അവസാനം
അത് തുറന്നപ്പോൾ ഭാർഗവീനിലയംപോലെ……ഊന്നുവടികൊണ്ട് മാറാല ചുറ്റി ചുറ്റി മാറ്റിയിട്ടാണകത്തേക്ക്
കടന്നത്. ഈട്ടിത്തടിയിൽ കൊത്തുപണികൾ ചെയ്‌ത ഡ്രെസിംഗ് ടേബിളാണാദ്യം കണ്ണിൽപ്പെട്ടത്. അതിൽ
ഉറപ്പിച്ചിരിക്കുന്നത് വിലകൂടിയ ബെൽജിയം മിററാണ്. ഓവൽ ഷേപ്പുളള വലിയ മിറർ. അതിലേക്ക് നോക്കിയിട്ട്
ഒന്നും കാണാൻ മേല. തോളത്തു കിടന്ന തോർത്തെടുത്ത് അതൊന്നു തട്ടി തുടച്ചു നോക്കി. ഒരിഞ്ചു
ഘനത്തിലാണ് പൊടി. അവിടമാകെ പൊടി പറന്നു. താൻ തുമ്മാനും തുടങ്ങി……..തുമ്മി തുമ്മി……ശ്വാസം
മുട്ടിപ്പോയി.
തുമ്മലിന്റെ ശബ്‌ദം കേട്ടുകൊണ്ട് ദേവകി താഴെ നിന്നും വീണ്ടും വീണ്ടും വിളിച്ചു. ”ഇങ്ങോട്ട്
പോരൂന്ന്…….മതി………ഇനി അതവിടെ കിടന്നോട്ടെ……..ആ പൊടിയൊക്കെ മൂക്കിലു
വലിച്ചുകയറ്റീട്ടിനി………നീരെളക്കോം പനീം ഒന്നും വരുത്തിവയ്‌ക്കണ്ട……… ഒരു മരുന്നു വാങ്ങിത്തരാൻ പോലും
ആരുമില്ലെന്നറിയാലോ“.
തമ്പി മിണ്ടിയില്ല. ”ഏതായാലും കയറി വന്നില്ലേ. ഇനി എല്ലായിടവും ഒന്നുനോക്കിയിട്ടേ ഇറങ്ങുന്നുളളൂ. വരുന്നതു
വരട്ടെ“.
എല്ലാ മുറികളിലും ഇതേ മാതിരിയുളള ഡ്രെസ്സിംഗ് ടേബിളും റൈറ്റിംങ്ങ് ടേബിളും കട്ടിലും
ഒക്കെത്തന്നെയാണിട്ടിരിക്കുന്നത്. പക്ഷഡേദം കാണിച്ചൂന്ന് മക്കൾക്ക് തോന്നരുതല്ലോ.
അപ്പോഴാണ് കണ്ടത്………പത്തിഞ്ചിന്റെ ഫോം ബെഡ്‌ഡിൽ എലി പെറ്റുകിടക്കുന്നു.. സുരേഷ്‌മോന്റെ
കുഞ്ഞുങ്ങൾ…………ഞങ്ങളുടെ പേരക്കിടാങ്ങൾ കിടക്കേണ്ട ബെഡ്‌ഡിലാണവർ കിടക്കുന്നത്. ഇരച്ചുവന്നു…….അരിശം.
ഊന്നുവടിയുടെ അറ്റംകൊണ്ട് അവയെ തോണ്ടി ഒരേറു കൊടുക്കാനാണ് തോന്നിയത്.പിന്നെ തോന്നി………അതു
വേണ്ടെന്ന്. കുഞ്ഞുങ്ങൾ മോന്റെയായാലും എലിയുടേതായാലും കുഞ്ഞുങ്ങൾ തന്നെയല്ലെ. അവറ്റ
കണ്ണുകളടച്ച്…………..ശാന്തമായി കിടന്നുറങ്ങുന്നതു കണ്ടപ്പോൾ പിന്നെ ഒന്നും ചെയ്യാൻ തോന്നിയില്ല.
പിന്നെ രണ്ടാമന്റെ……….സതീഷിന്റെ മുറി തുറക്കാനുളള ശ്രമമായി. ഏറെ പണിപ്പെട്ട് അവസാനം അതു
തളളിത്തുറന്നപ്പോൾ ഒരു പൂച്ച……….ചാടി ഓടി………..ചില്ലു പൊട്ടിയ ജനാലവഴി പുറത്തുചൂടി. ആദ്യത്തേതിന്റെ
പിന്നേത്തേതു തന്നെയാണീ മുറിയും. ഇവിടെ ഡൺലപ്പ്……….ഫോം മെത്ത പൂച്ച മാന്തിക്കീറി പൊളിച്ചിട്ടുകൂടി
ഉണ്ടെന്നുമാത്രം. ഒരു പെഡസ്‌റ്റൽ ഫാൻ ഡ്രെസിംങ്ങ് ടേബിളിലെ കണ്ണാടിയുടെ മീതെ മറിഞ്ഞു വീണ് അതു
ഉടഞ്ഞുവാരി കിടക്കുന്നു. ഇതു വീണുടഞ്ഞ ശബ്ദമാണ് തലേന്നാൾ രാത്രി കേട്ടത്. കളളന്മാരു കയറിയതാണെന്നു
കരുതിയാണ് ദേവകി അത്രയും ഭയന്നത്. താനും കരുതിയത് അങ്ങിനെ തന്നെയാണല്ലോ. ദേവകിയ്‌ക്കിപ്പോൾ
വലിയ ഭയമാണ്. ഒരി കരിയില അനങ്ങിയാൽപോലും അവൾ ഞെട്ടി വറയ്‌ക്കും. ശരിക്കും ഉറക്കം തന്നെ
കിക്കണൊണ്ടോന്നു സംശസയം. ഇടയ്‌ക്കിടെ അവൾ പറയും. വല്ലവരും വന്നു കഴുത്തറുത്തിട്ട് പോയാൽ പോലും
ആരും അറിയില്ല. അങ്ങിനെയുളള വാർത്തകളാണല്ലോ പത്രത്തിൽ കാണുന്നത്. വയസായവർ തനിയെ
താമസിക്കുന്ന വീടുകളിൽ കയറി അവരെ കഴുത്തറുത്തോ കമ്പിപാര കൊണ്ടടിച്ചോ കൊന്നിട്ട് വീട്ടിലുളളതെല്ലാം
തൂത്തുവാരി കൊണ്ടുപോകുക. പിന്നെങ്ങിനെ ഭയപ്പെടാതിരിക്കും.
ഈ വലിയ ബംഗ്ലാവും പറമ്പും ഒക്കെ കാണുമ്പോൾ ഇവിടെയെന്തോ നിധിയുണ്ടെന്നൊക്കെ ആർക്കും
തോന്നിപ്പോകും. പിന്നെ തൂത്തുവാരിയൊക്കെ എടുക്കാനാണെങ്കിൽ പലതും ഉണ്ടല്ലോ. മോശമല്ലാത്ത ഒരു
തുകയും കാണും. എന്നുമെന്നും ബാങ്കിൽ പോകാനാരിരിയ്‌ക്കുന്നു. അതുകൊണ്ട് പോകുമ്പോൾ ഒരു തുക
എടുത്ത് വയ്‌ക്കും. മൂന്നുമക്കളും അയയ്‌ക്കുന്ന പൈസയൊക്കെ ബാങ്കിൽ കിടക്കുകയല്ലേ.
രണ്ടാമൻ സതീഷ് കൂടെക്കൂടെ എഴുതും. അച്ഛനും അമ്മയ്‌ക്കും ഞാനനയ്‌ക്കുന്നതു കൂടാതെ എത്ര തുക
വേണമെങ്കിലും അറീക്കണം. ഞാനയച്ചുതരാം. ”സന്തോഷം…….മോനെ…..ഈ വയസു കാലത്ത് അച്ഛനും അമ്മയ്‌ക്കും
ഇനി പൈസാ എന്തു നേടിത്തരാനാ…….നിങ്ങളേയും ഞങ്ങളുടെ കുഞ്ഞുമക്കളേയും ഒന്നു കാണാൻ
കഴിയുന്നതാ………ഞങ്ങളുടെ ഭാഗ്യം“.
ഇനിയുളള മുറി ഇന്നിനി കണാതിരിക്കുന്നതാ നല്ലതെന്നു തോന്നി തമ്പിയ്‌ക്ക്. കൂടാതെ വിശപ്പും
തുടങ്ങി……..അതിനി നാളെയാകാം. വെറുതെ ബാൽക്കണിയിലേക്കൊന്നിറങ്ങി നിന്നു. ഈ ബംഗ്ലാവിന്റെ
പുറകുവശത്തെ മതിലിനോട് ചേർന്നു കാണുന്നത് ഒരു ഹോട്ടലാണ്. അവിടെ നിന്നും കാറ്റിലലിഞ്ഞെത്തുന്ന
നെയ്‌റോസ്‌റ്റിന്റെയും മസാലദോശയുടേയും സാമ്പാറിന്റേയും ഒക്കെ മണം. നെയ്യിൽ മൊരിയുന്ന
നെയ്‌റോസ്‌റ്റിന്റെ മണം മൂക്കിലെത്തിയപ്പോൾ തമ്പിയുടെ നാവിൽ വെളളമൂറി. സേഫിൽ നോട്ടുകെട്ടുകൾ
അട്ടിയായിട്ടുണ്ട്. ബാങ്കിൽ അളവറ്റ സംഖ്യയുണ്ട്. പക്ഷെ ഒരു നെയ്‌റോസ്‌റ്റ് തിന്നാൻ മോഹം. ആഹോട്ടലിൽ
പോണെമെങ്കിൽ റോഡിലിറങ്ങി ഒരു ചുറ്റു നടക്കണം. തപ്പിയും തടഞ്ഞും ഈ തിരക്കുളള റോഡിലൂടെ നടക്കാൻ
പറ്റില്ല. മോഹമുളളത് എന്തെങ്കിലും തിന്നാനുളള ആഗ്രഹം കൊണ്ട് എങ്ങിനെയും പോകാമെന്ന് വച്ചാൽ ദേവകി
സമ്മതിയ്‌ക്കില്ല. മടങ്ങിയെത്തും വരെ അവൾ സിറ്റൂട്ടിലിറങ്ങി നാമം ജപിച്ചിരിക്കും.
കഴിഞ്ഞ പ്രാവശ്യം സതീഷ് വന്നപ്പോൾ അവനാ ഹോട്ടലിൽ ചെന്നു ഏർപ്പാടിക്കിയിരുന്നു. വൈകിട്ട് വൈകീട്ട്
മസാലദോശയോ നെയ്‌റോസ്‌റ്റോ ഒക്കെ കൊണ്ടുവന്നുതരാൻ. അവൻ പോകുന്നതുവരെയും എന്നും
ഇഷ്ടമുളളതെല്ലാം വാങ്ങിക്കൊണ്ടുവന്നു തന്നു. അവനേർപ്പാടു ചെയ്‌ത പയ്യൻ നാലഞ്ചുദിവസം കൊണ്ടുവന്നു
തന്നു. പിന്നെ വരാതായി, രണ്ടുമൂന്നു ദിവസം കാത്തിരുന്നിട്ട് പിന്നെ ഉണക്കറൊട്ടി കടിച്ചുപറിച്ചു തിന്നു.
അതാണല്ലോ എപ്പോഴും തിന്നാൻ കിട്ടുന്ന സാധനം. അത് ഒന്നിച്ചു വാങ്ങി ഫ്രിഡ്‌ജിൽ അടുക്കിവയ്‌ക്കും.
പഴക്കവും പിന്നെ തണുത്തതുകൊണ്ടുളള മരവിപ്പും കൂടിയാകുമ്പോൾ വിറകുകൊളളിപോലെയിരിക്കും.
ചിലപ്പോൾ ദേവകി അത് ഇഡ്‌ഢലി കുട്ടകത്തിന്റെ തട്ടിൽവച്ച് ഒന്ന് ആവി കയറ്റി എടുക്കും. അങ്ങിനെ ആവി
കയറ്റിയാൽ നല്ല മാർദ്ദവമുണ്ടാകും. വിഴുങ്ങാൻ ബുദ്ധിമുട്ടുണ്ടാവില്ല. ദേവകിയ്‌ക്ക് വലിവും ക്ഷീണവും ഒക്കെ ഉളള
സമയമാണെങ്കിൽ പിന്നെ ചൂടുചായയിലോ കാപ്പിയിലോ മുക്കി ഒന്നു കുതിർത്തു തിന്നാനേ പറ്റുകയുളളൂ.
അങ്ങിനെ കുതിർത്തു തിന്നുമ്പോൾ എപ്പോഴും ഓർത്തുപോകാറുണ്ട് അമ്മ പണ്ട് വട്ടചരുവത്തിലെ
കാടിവെളളത്തിൽ തേങ്ങാപിണ്ണാക്കിട്ടുവയ്‌ക്കുന്നത്……….കറാച്ചി പശുവിന് കൊടുക്കാൻ. കുതിർന്ന റൊട്ടിക്കഷണം
പോലെ പിണ്ണാക്കും കുതിർന്നിരിക്കും…….. ആകൃതിയ്‌ക്ക് ഒരു വ്യത്യാസവും വരാതെ…..
Generated from archived content: vezhambalukal1.html Author: shakuntala_gopinath