കൈകാലുകൾ പിരിഞ്ഞ്……. ചന്തി തേമ്പി….. വയറുന്തിയ ശരവണൻ നരിച്ചീറുപോലെ കണ്ണകിയുടെ മാറത്തു പറ്റിപിടിച്ചിരുന്ന് മുല ഊറ്റിക്കൊണ്ടിരുന്നു. ഊറ്റി……ഊറ്റി…ഒന്നും കിട്ടാതായപ്പോൾ അവൻ മുലഞ്ഞെട്ടു കടിച്ചു. പ്രാണൻ പറിഞ്ഞുപോകുന്ന വേദനയിൽ കണ്ണകി അവന്റെ എല്ലിച്ച തുടയിൽ ഒരടി വച്ചുകൊടുത്തു. അവൻ അടഞ്ഞ ശബ്‌ദത്തിൽ അലറിക്കരഞ്ഞപ്പോൾ ആണ്ടിമുത്തുവിന് ഉറക്കം കെട്ടു. അവൻ പതിവു പല്ലവി പാടിത്തുടങ്ങുമ്പോൾ വിളളലുകൾ വീണ കിഴക്കേ മൺച്ചുമരിൽ…..ആകെയുളള ഒരു കുടുസുജനാലയുടെ നിഴൽ തെക്കുവടക്കു മിന്നിയും തെളിഞ്ഞും ആലോലമാടുന്നു. കണ്ണകി അലറിക്കരയുന്ന ശരവണനെ നെഞ്ചോടു പറ്റിച്ചുവച്ച് പറഞ്ഞു. “ഹാരാപ്പായിത്?…… ഈ ലാത്തിരീല്…. ഒടിയൻ കീത്തു പായണ നേരത്തിലെ…കുന്നിറങ്കി വരുവത്?……” അവൾ ജനാലയിലൂടെനോക്കുമ്പോൾ…മഞ്ചുനാഥഭട്ടിന്റെ കാര്യസ്ഥൻ…..രാമയ്യൻ………..കൊങ്കിപോലെ…..അകംവളഞ്ഞ…എണ്ണക്കറുപ്പുളള രാമയ്യൻ….ചൂട്ടു മിന്നിച്ച് ……കുന്നിറങ്ങി ഓടുന്നു. ഒരു വെളിപാടുപോലെ അവളുടെ ഉളളിലുണർന്നു…….“ഭട്ട് യശ്‌മായുടെ പൊണ്ടാട്ടിയ്‌ക്ക്…..നോവു കിട്ടിനീ”…… വാർത്ത. അടയ്‌ക്കാ തോട്ടത്തിൽ പണിയെടുത്തു നിൽക്കുമ്പോൾ ഈ വാർത്ത കാതോടുകാതോരം പറന്നെത്തി. എല്ലാ മുഖത്തും സന്തോഷം…….“ ഈ കാണായ അടയ്‌ക്കാതോട്ടത്തിനും…വളളിക്കാടിനും….ഒരകവാസി…..ഭട്ടുയശമാവുടെ കാലം കഴിഞ്ചുപോനാലും നാങ്കളുക്കും….നാങ്കമക്കളുക്കും…… പണി തരുവതുക്ക്…….ഒരു കൊച്ചു യശ്‌മാ……”
നരിച്ചീറുപോലെ മാറത്തുപറ്റിപ്പിടിച്ചിരിക്കുന്ന ശരവണനേയും താങ്ങി……അവൾ പുറത്തിറങ്ങി. .കൂക്കി വിളിച്ചു. മറുവിളി കിട്ടാത്തപ്പോൾ ഉളളു പിടഞ്ഞു. വീണ്ടും കൂക്കിവിളിച്ചു. കുറുക്കൻ കുന്നിൽ നിന്നും ഒറോത മറുവിളി കൂക്കി. അവളും കണ്ടു രാമയ്യന്റെ പാച്ചിൽ. കണ്ണകി വീണ്ടും കൂക്കി. ഒറോത വേഗം ചൂട്ടുകത്തിച്ച് അതും മിന്നിച്ചുമിന്നിച്ച് കുന്നിറങ്ങി ഓടിവന്നു. അവർ രണ്ടുപേരും കൂടി ഭട്ടിന്റെ ബംഗ്ലാവിന്റെ നേർക്കോടി. ബംഗ്ലാവിന്റെ മുറ്റത്ത് ആൾക്കുട്ടം…..രാമയ്യൻ അവരെ വകഞ്ഞു മാറ്റിക്കൊണ്ട് ഒരു സഞ്ചിയും തൂക്കി….മറിയ താത്തിയെയും തെളിച്ചുകൊണ്ട് കെട്ടിലേക്കു കയറിപ്പോയി.
ഭട്ടിന്റെ കുടിയാൻമാർ….. പലനാട്ടിൽ നിന്നും വന്ന കൂടിയേറ്റക്കാർ മൂക്കത്തുവിരൽ വച്ച “എന്തൊക്കെയാണപ്പാ…ഈ കാണുന്നത്?…….മാടിനെ തിന്നുന്ന മാപ്ലേച്ചി……മടത്തിൽ കയറി…..ചുത്തം കെടുത്തണതെന്തപ്പാ……? അവരുടെ ഉളളിൽ ഭയത്തിന്റെ നിഴലാട്ടം.
ചുപ്പമ്മയുടെ മുഖം കൂമ്പാള ഇരിഞ്ഞതുപോലെ വിളറി വെളുത്തു. തുറിച്ച കണ്ണുകളോടെ…….വിറയലോടെ……….രാമയ്യനെ മാറ്റി നിർത്തിയവർ പറഞ്ഞു ”ഇതെന്ന…….കസ്‌റ്റമോ?………തെരിയലെ……നാൻ എന്നശൈവേൻ………ചൊല്ല്…….താൻ എന്നെശൈവേൻ…….നാൻ എപ്പടി ചൊല്ലും…… ഒണ്ണു…..മെനക്കു തെരിയലെ….കടവുളേ…….“ അവൾ നിന്നു വിറച്ചു.
”ശൊല്ല്…..എതുക്കും……നീ…..എങ്കിട്ടെ…ശൊല്ല്…..ശൊല്ലാമ……ഇറംന്താ……അതു……തപ്പ് “
അവൾ വിറച്ചു……വിറച്ചു……ഭയചകിതയായി പറഞ്ഞു. ”ഇന്ത…….കുഴന്തൈ….ശാശു ബാധിച്ച കുഴന്തൈ…..ദുർദേവതമാർഹളുടെ…….അവതാരം….കുഴന്തൈയുടെ……..ശിരസിലെ…….ശിരസിലെ……ഒരു……ഒരു……കൊമ്പ്……… കൊമ്പുളള കുഴന്തൈ……..ഒറ്റക്കൊമ്പൻ“
”കുഴന്തൈയ്‌ക്കു…ശിരസിലെ……കൊമ്പാ……..നീ പൈത്തം……ശൊല്ലാതെടീ……….ഉൻ…….ശിരസെപ്പോയിടും……തെരിഞ്ചിതാ……..“
”താൽ…..എന്നത്തിക്ക്….പൊയ് ശൊല്ലണം?……………ഏൻ കൈ…….. ഉളെളപ്പോട്ടു പാത്തായെ…….അപ്പോത്……ശിരസിലെ ഒരു കൊമ്പ്……..എന്ന………കസ്‌റ്റമോ?……….തെരിയലെ………….അവൻ ഈ……….പൂമീലു……പിറന്തുവീണാ………..ഈ കുടി മുടിഞ്ഞുപോം……….ഈ ഊരാകെ……വെന്തുപോം. പത്തായിരം കുഴന്തൈകളെ………വാങ്കിയ കൈതാനിത്…..ഇപ്പടി……ഒരു കുഴന്തൈ…………മുന്നമേ……കാണതില്ലൈ. ഒരു തടവു….എൻ പാട്ടി വാങ്കിയ ഒരു കുഴന്തൈയ്‌ക്ക്…..നെറ്റിയിലെ…..ഒരു കണ്ണ്……..ഒറ്റക്കണ്ണൻ…….അവൻ പൂമീലെ പിറന്തുവീഴാതെ പാട്ടി……കൈകളിലെ……വാങ്കി………പീഠത്തിലുവന്ത്………വട്ടചെമ്പിതാലെ…..തടിവയ്‌ത്ത്…….നീ ശീഘ്രം പുരോഹിതനോടെ………കേട്ടുവാ……….യശ്‌മാവോടെ കേള്……….“
വിവരമറിഞ്ഞ മഞ്ചുനാഥൻ ഒരലർച്ചയോടെ പിറകിലേക്കു മറിഞ്ഞു. പുരോഹിതൻ കണ്ണുകളടച്ച്……ചിന്തിച്ച്……..പിന്നെ തലയ്‌ക്കടിച്ചുകൊണ്ടു പറഞ്ഞു; ”ഇന്ത കുഴന്തൈ…പൂമിയ്‌ക്കുമീതെ വച്ചുകൂടാത്. കുലവും…….ഊരുമെല്ലാം വെന്തുവെണ്ണീറായിടും. ഇരുചെവിയിലെ…..പോകാതെ……..എതുക്കും……ചുപ്പമ്മ പോതും.“
രാമയ്യൻ ചാരായ കുപ്പികളടങ്ങിയ സഞ്ചി ചുപ്പമ്മയുടെ കയ്യിൽ കൊടുത്തിട്ട്….പാത്രപ്പുരയിലേക്കു ചാടി…….. ഒരു വട്ടചെമ്പെടുത്തു കൊണ്ടുവന്നു കൊടുത്തു. വേദന കൊണ്ടു പിടയുന്ന മുന്നാബായിയെ നോക്കാതെ കുപ്പിയിൽ നിന്നും നേരിട്ടു തന്നെ ആ ചാരായം മോന്തി. മറിയ താത്തിക്കും ഒഴിച്ചുകൊടുത്തു. ഇനി കൊമ്പുളള കുട്ടിയ്‌ക്ക് ഒരു വാലും കൂടിയായാലും തനിയ്‌ക്കൊരു ചുക്കുമില്ലെന്ന മട്ടിൽ മറിയതാത്തിയുമായി മുന്നാബായിയുടെ അടുത്തു വന്ന് അവൾ പിടയുന്നതും നോക്കിയിരുന്നു. ചൂണ്ടുവിരൽ നിവർത്തിപ്പിടിച്ച കുഞ്ഞിക്കൈ ശിരസിലേക്കു ചേർത്തുവച്ച് സൂര്യ തേജസുളള കുട്ടി……മഞ്ചുനാഥഭട്ടിന്റെ……..അവകാശി………ഒരലറിക്കരച്ചിലോടെ…..ചുപ്പമ്മയുടെ കൈകളിലേക്ക് പിറന്നുവീണ് കൈകാലുകൾ കുടഞ്ഞു. ”എവിടെ ……കൊമ്പ്?…….കൊമ്പെവിടെ……..“ ചുപ്പമ്മ നിന്നു പതറി. മറിയ താത്തിയും. ഇവൻ കൊമ്പുളള കുട്ടി തന്നെ. അല്ലെങ്കിൽ ഭട്ടും ഭട്ടിന്റെ കൂട്ടരും തങ്ങളുടെ തല തല്ലിചതയ്‌ക്കും…..അവൾ മറിയ താത്തിയുടെ കാൽപിടിച്ചു. അവർ കുട്ടിയെ ഒരു തുണികൊണ്ടു മൂടി…..ചെമ്പുകൊണ്ടടച്ചു വച്ചു. യമുനാബായി ഹൃദയം പൊട്ടിക്കരഞ്ഞുകൊണ്ട് കേണപേക്ഷിച്ചു. ” ആറ്റു…..നോറ്റ്…..നേർച്ചേം…നടത്തി…….നമ്മക്കു കിട്ടിയ…….നമ്മുടെ…… മകൻ…….ഈ മഠത്തിന്റെ അവകാശി…………നങ്ങൾക്ക് ഒന്നു…….കാണാൻ………കൊടുക്കൂ…….ചുപ്പമ്മാ……..“
മറിയതാത്തിയും………ചുപ്പമ്മയും………മുഖത്തോടു മുഖം നോക്കിയിരുന്നു വിയർത്തു. ചെമ്പിനകത്തെ കരച്ചിൽ നേർത്തു……നേർത്തില്ലാതായപ്പോൾ അവൾ ആ കുട്ടിയെ തുണിയിൽ പൊതിഞ്ഞെടുത്ത്……..യമുനാബായിയുടെ രോദനം കേട്ടുകൊണ്ട്………രാമയ്യൻ ആഴത്തിൽ വെട്ടിയ കുഴിയിൽ വച്ചുകൊടുത്തു.
Generated from archived content: story2_nov15_06.html Author: shakuntala_gopinath