“ഏട്ടാ… വാരമ്മാൻ… വിളിച്ചുവോ?” ശ്രീക്കുട്ടി കരഞ്ഞു. “ന്താ…യീ കേക്കണേ… ഇനീ…പ്പോന്താ ചെയ്യാ?”
“ഇപ്പൊങ്ങട്ടു വിളിച്ചു… ഫോൺ…വെച്ചതേള്ളൂ… നീ കരയാണ്ടിരിയ്‌ക്കൂ ശ്രീക്കുട്ടീ….ന്തെങ്കിലുമൊരു വഴീണ്ടാക്കാം…. ദിവാകരനെത്തിയോ?”
“ഇല്ല്യാ… ഏഴര കഴിയും എത്തുമ്പെ… ഞാൻ വിളിച്ചറിയീച്ചിട്ടുണ്ട്”.
“അവിടെയാരാ ഒരു സഹായത്തിന്… വാരരമ്മാനല്ലാതെ.. ആ പട്ടിക്കാട്ടില് ഒരു ഡാക്ടറുണ്ടോ.. ഒരു നല്ല ആശുപത്രീണ്ടോ…? ആരുമൊരു സഹായമില്ലാതെ… അമ്മയെന്തു ചെയ്യും… എത്രനാളായി പറേണു… ഇങ്ങോട്ടുപോരാൻ… അവടത്തെ കാവും കളരിയും… ഒരു കളരിദൈവങ്ങളും…” ശ്രീക്കുട്ടനു ദേഷ്യം വന്നു.
“അച്ഛനാ… പാടത്തെ കൃഷിയും… പശുക്കിടാങ്ങളേയും ഒന്നും വിട്ടുപോരില്ല. അതൊക്കെ നോക്കി നടത്തീട്ടാ നമ്മളെ രണ്ടാളേം വളർത്തി വലുതാക്കീത്… എന്ന് നാഴികയ്‌ക്ക് നാല്പതുവട്ടം പറയും… ഇനീ…പ്പോ… ഈ പ്രായത്തില് അതൊക്കെ വിട്ട് പോരുമോ.. ഏട്ടാ?”
“പിന്നിപ്പ… ന്താ ചെയ്യാ… കുട്ട്യോളേ.. ഇവടത്തെ സ്‌കൂളിൽ ചേർത്തു… വലിയ ക്ലാസുകളിലുമായി… നിന്റെ കുട്ടി സെക്കൻഡു സ്‌റ്റാൻഡേർഡിലേ ആയട്ടൊള്ളെങ്കിലും അവൾക്കിനി അവിടുത്തെ മലയാളം സ്‌കൂളിൽ ചേർന്നു പഠിക്കാൻ പറ്റ്വോ? നമ്മൾക്ക് ജോലി കളഞ്ഞിട്ടു പോകാൻ പറ്റ്വോ… ചോറായിപ്പോയില്ല്യേ… അതച്ഛൻ മനസ്സിലാക്കണില്ലല്ലൊ?”
“ഇപ്പോ… കിടപ്പിലായി പോയില്ല്യേ… ഇനീ…തൊന്നും കൊണ്ടുനടക്കാൻ പറ്റില്ല്യാന്നച്ഛൻ മനസ്സിലാക്കില്ല്യേ… ദിവാകരേട്ടൻ ഒന്നെത്തിയ്‌ക്കോട്ടെ… നമുക്കുടനെ പോകണം… പാവം… അമ്മ… വല്ലാണ്ടു വിഷമിയ്‌ക്കണൊണ്ടാവും…”
അങ്ങിനെ മുകുന്ദൻ മാഷ് കയ്യോ വളരുന്നത്, കാലോ വളരുന്നത് എന്നു നോക്കി നോക്കി വളർത്തിയ മക്കൾക്ക് ഫോണിലൂടെ കരഞ്ഞും പറഞ്ഞും രണ്ടു കുടുംബങ്ങളിലെ ദമ്പതിമാർക്കും അവരുടെ കുട്ടികൾക്കും ഒന്നിച്ച് ഒരവധി കിട്ടാൻ മാസങ്ങൾ തന്നെ കാത്തിരിയ്‌ക്കേണ്ടിവന്നു. അവസാനം മകന്റേയും മകളുടേയും കാറുകൾ മാഷിന്റെ മുറ്റത്തേയ്‌ക്ക് ഇരച്ചുകയറി നിന്നതും ശ്രീക്കുട്ടി ഇറങ്ങി ഓടിവന്ന് അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു.
“ന്റെയഛനേ…. ഈയവസ്ഥേലു കാണേണ്ടിവന്നൂലോ… ന്റീശ്വരന്മാരേ…”
ശ്രീക്കുട്ടൻ വന്നു… മാഷിനോടു ചേർന്നിരുന്ന്… അടുക്കിപ്പിടിച്ചു “അച്ഛാ… അച്ഛനൊന്നൂല്ല്യാ…തൊക്കെ… മാറി…ന്റച്ഛൻ ഓടി നടക്കൂല്ലെ… ഞങ്ങളില്ലെ… യച്ഛന്.. അച്ഛൻ സമാധാനയിട്ടിരിയ്‌ക്കൂ”
“നി….യ്‌ക്കൊക്കൂല്ല്യാ… കുട്ട്യോളേ… പ്പൊക്കെ മാറീ…” എന്നു പറഞ്ഞവരെ സമാധാനിപ്പിയ്‌ക്കുമ്പോൾ പുത്രവാത്സല്യം കൊണ്ട് കണ്ണുകൾ തുളുമ്പിപ്പോയി.
ദേവകി പറഞ്ഞു “കുട്ട്യോളെക്കണ്ടപ്പൊ പിന്നച്ഛനൊരസ്‌ക്യതേമില്ല… ക്കെ.. സുഖായി…”
പിന്നത്തെ ദിവസങ്ങളെല്ലാം അവർക്കു തിരക്കിട്ടതായിരുന്നു. സ്വത്തും മുതലും പങ്കുവച്ചപ്പോൾ അവർ അമ്മയേയും അച്ഛനേയും പങ്കുവച്ചു. വേഗം വിറ്റു കാശാക്കാൻ പറ്റുന്ന റോഡരുകിലുള്ള പറമ്പും ഒരുവശം തളർന്നയച്ഛനും ഒരുവീതം. വയ്യാവേലി പിടിച്ച കാവും, കളരിയും, ഇരിക്കുന്ന പറമ്പും പഴയ തറവാടും അമ്മയും ഒരുവീതം. ബാംഗ്ലൂരിൽ താമസിയ്‌ക്കുന്ന ശ്രീക്കുട്ടനും ശ്രീക്കുട്ടിയ്‌ക്കും റോഡരികിലുള്ള പറമ്പിൽത്തന്നെയായിരുന്നു നോട്ടം. പക്ഷെ ഒരുവശം തളർന്ന അച്ഛനെ പരിചരിയ്‌ക്കാനും കൂടെക്കൂടെ ഡാക്ടറെക്കൊണ്ടുപോയി കാണിയ്‌ക്കാനുമൊന്നും രണ്ടു പീക്കിരി പിള്ളേരേം കൊണ്ട് ഓഫീസും വീടുമായി ഓടുന്ന ശ്രീക്കുട്ടിയ്‌ക്കൊ.. രാവിലെ ഏഴരയ്‌ക്കു പോയാൽപ്പിന്നെ രാത്രി ഏഴരയ്‌ക്കു വീടണയുന്ന ദിവാകരനോ സാധിയ്‌ക്കുമായിരുന്നില്ല. പിന്നെ അമ്മ കുട്ടിയെ നോക്കാനും ഒരു വീടുകാവലിനും ഒക്കെ സഹായമാവുകയും ചെയ്യും. അതുകൊണ്ട്… തങ്ങളുടെ സ്വന്തം ഫ്ലാറ്റൊന്നും പുതിയ കാറെന്നും ഒക്കെയുള്ള സ്വപ്നങ്ങൾക്ക് തൽക്കാലം ഒരവധി കൊടുക്കുകയേ നിവൃത്തിയുള്ളൂ. കാവും കളരിയും മതിൽകെട്ടി വേർതിരിച്ചിട്ട് വീടും പറമ്പും വിൽക്കാം. അതിനു കുറച്ചു സമയമെടുക്കുമെന്നു മാത്രം. അവൾ മനസ്സില്ലാ മനസ്സോടെയാണെങ്കിലും മൗനസമ്മതം നൽകി.
ശ്രീക്കുട്ടൻ തന്റെ ന്യായങ്ങൾ നിരത്തി. “സുഖമില്ലാത്തയച്ഛന്… അപ്പപ്പോൾ വേണ്ട ചികിത്സയും ശുശ്രൂഷയും ഒക്കെ കൊടുക്കാൻ റാണിയുള്ളത് ഞങ്ങളുടെ കൂടെ കൊണ്ടുപോയാൽ സാധിക്കും. അതിനു പിന്നൊരു ഡാക്ടറെ അന്വേഷിച്ചുപോകേണ്ടല്ലൊ… അതാണു… ഞാനച്ഛനെ…” എന്നു പറഞ്ഞയവൻ തിരുത്തി “ഞങ്ങളച്ഛനെ കൊണ്ടുപോകാമെന്നു പറയുന്നത്” എന്നു പറയുമ്പോൾ അറുത്തുകൊല്ലി പലിശക്കാരൻ ഈനാശുവിന്റെ… കഷായം കുടിച്ചതുമാതിരിയുള്ള മുഖമായിരുന്നു മനസ്സിൽ. കൂടാതെ റാണിയുടെ അന്തസ്സിനു ചേർന്നതരത്തിൽ ഒരു ഫ്ലാറ്റു വാങ്ങിയതിന്റെ തവണ അടയ്‌ക്കൽ… രണ്ടു കാറുകളുടെ തവണ അടയ്‌ക്കൽ… ഇന്റർനാഷണൽ സ്‌കൂളിൽ പഠിയ്‌ക്കുന്ന രണ്ടു കുട്ടികളുടെ പഠിത്തച്ചിലവ്… റാണിയുടെ പൊങ്ങച്ചത്തിന്റെ ചിലവുകൾ… ആകെക്കൂടി… അവൻ മൂക്കോളം കടത്തിൽ മുങ്ങി നിൽക്കുകയാണ്. അവനു ശ്വാസം നേരേ വിടാൻ വീതം വിൽക്കുക എന്ന ഒരേയൊരു മാർഗ്ഗമേയുള്ളൂ.
ശ്രീക്കുട്ടനും ദിവാകരനും ഓടിനടന്ന് രണ്ടുദിവസം കൊണ്ടുതന്നെ ഭാഗപത്രം രജിസ്‌റ്ററാക്കി. അവർ പറഞ്ഞിടത്തെല്ലാം വിരലടയാളം വച്ചുകൊടുക്കുമ്പോൾ മാഷിന്റെ മനസ്സിനൊരു വിങ്ങൽ.
“അവർ… തന്നോടൊരു അഭിപ്രായം കൂടി ചോദിച്ചില്ലല്ലൊ… താനൊരുമല്ലാതെ.. ഒന്നുമല്ലാതെ… ഒരു പാഴ്‌വസ്തുവായിപ്പോയോ?”
മക്കൾ വസ്തുവിൽക്കാൻ ബ്രോക്കറെ ഏല്പിച്ചതറിയാതെ തന്നെ ഈർഷ്യയോടെ മാഷു പറഞ്ഞു. “നിങ്ങളെ ന്താച്ചാൽ ചെയ്തോളൂ… പക്ഷെ… ഞാനെവിടേക്കുമില്ല.”
ശ്രീക്കുട്ടൻ തന്റെ തുറുപ്പുചീട്ടിറക്കി. “അത്രയ്‌ക്കു നിർബന്ധാച്ചാൽ… അച്ഛൻ ഈനാടും വീടുംവിട്ടെവിടേയ്‌ക്കും വരണ്ടാ… ഞങ്ങൾ… ഞങ്ങളുടെ ജോലി കളഞ്ഞിട്ടിങ്ങോട്ടുപോരാം. സുഖമില്ലാത്തയച്ഛനേയും പ്രായമായ അമ്മയേയും ഇവിടെത്തനിച്ചാക്കിയിട്ട് ഞങ്ങൾക്ക് ഒന്നും നേടണ്ടാ… ഉള്ളതുപോലെയൊക്കെ ഇവിടെക്കഴിയാം…” അവന്റെ പിതൃസ്നേഹത്തിന്റെ മുന്നിൽ മാഷിന്റെ നാവടഞ്ഞുപോയി. എന്നാലും… തൊണ്ടയിലൂടെ ഒന്നും താഴേയ്‌ക്കിറങ്ങുന്നില്ല.
റാണി മെയ്യനങ്ങിയാൽ തന്റെ ഗമവിട്ടുപോകുമെന്നു ഭാവത്തോടെ അവരുടെ മുറിയിൽത്തന്നെയിരുന്നു വായിച്ചു. ശ്രീക്കുട്ടിയ്‌ക്ക് ചൊറിഞ്ഞു വരുന്നുണ്ടെങ്കിലും പ്രസന്നത ഭാവിച്ചുകൊണ്ട് അച്ഛനേയും അമ്മയേയും കൊണ്ടുള്ള യാത്രയ്‌ക്കു വേണ്ട തയ്യാറെടുപ്പുകൾക്ക് ശ്രീക്കുട്ടനേയും ദിവാകരനേയും സഹായിച്ചും കൊണ്ട് ഓടിനടന്നു. അതിനിടയിലും അച്ഛന്റെ മനസ്സിൽ വിങ്ങൽ മനസ്സിലാക്കിക്കൊണ്ട് ശ്രീക്കുട്ടി പറഞ്ഞു. “ഏടത്ത്യമ്മ കൂടെയുണ്ടാവുമ്പൊ… അച്ഛന്… അപ്പപ്പോൾ വേണ്ട ചികിത്സയും മരുന്നും ശുശ്രൂഷയും ഒക്കെ… കിട്ടൂല്ലോ.. അപ്പോ പിന്നീയസുഖോക്കെ മാറും. മാറി… അച്ഛനോടി നടക്കും. എന്നട്ട് നമുക്കെല്ലാവർക്കും കൂടൊരവധിക്കാലത്ത്… ഇവടെവന്ന്… പഴയതുപോലെ… ഒരുപത്തീസമെങ്കിലും ഒന്നു ജീവിയ്‌ക്കണം. കുട്ട്യോൾക്കും… വലിയ സന്തോഷാവും… അവരവിടെ… ഒരുമുറീലടച്ചു ജീവിയ്‌ക്കണതല്ലേ…”
“അച്ഛനിതെങ്കിലും കുടിയ്‌ക്കൂ…”ന്നു പറഞ്ഞ് ശ്രീക്കുട്ടി ഒരു ഗ്ലാസ്സു ഹോർലിക്സ് കൊണ്ടന്ന് അച്ഛന്റെ കയ്യിൽ കൊടുത്തു. അത് മാഷിന്റെ കയ്യിൽത്തന്നെയിരുന്നു. ഒന്നും ഇറങ്ങുന്നില്ല. തന്റെ വിയർപ്പിന്റെ ഗന്ധമുള്ളയീ മണ്ണും ഒരു ജീവിതത്തിന്റെ മുഴുവൻ സുഖദുഃഖങ്ങളും അനുഭവിച്ചു ജീവിച്ച വീടും… എന്നും ഏതിനും… തുണയായിരുന്ന തേവനും.. തേവിയും.. തന്റെ ശബ്ദം കേൾക്കുന്ന മാത്രയിൽ അമറിവിളിയ്‌ക്കുന്ന പശുക്കിടാവും… എല്ലാം… ഇട്ടെറിഞ്ഞുള്ള ഒരു പോക്ക്… അതു മക്കളുടെകൂടെയാണല്ലോ എന്നു സമാധാനിയ്‌ക്കാൻ ശ്രമിച്ചു.
തറവെട്ടം വീഴും മുന്നേ തന്നെ കാറുകൾ മുറ്റത്തു തിണ്ണയോടു ചേർത്തുനിർത്തി. മാഷിനെ താങ്ങി കാറിൽ കയറ്റുമ്പോൾ… സഹായിച്ചുകൊണ്ടു പിന്നിൽ നിന്നിരുന്ന ദേവകിയെ… മകൾ കൈപിടിച്ചുകൊണ്ടുപോയി. “അമ്മ… ഞങ്ങളുടെ കൂടെയല്ലേ… വരുന്നത്… ഈ കാറിലാണു കയറേണ്ടത്. സംസാരശേഷി പൂർണ്ണമായും നശിച്ചിട്ടില്ലാത്ത മാഷ്… അവ്യക്തമായ ഭാഷയിൽ… അവൾ… ഇവിടെ… കയറട്ടേ…” എന്നു പറയുമ്പോഴേക്കും മകളുടെ കാർ നീങ്ങിക്കഴിഞ്ഞു. പിന്നാലേ മാഷിനേയും കൊണ്ടുള്ള കാറും. കാറുകൾ നിരത്തിൽ കയറുന്നതുവരേയും കണ്ണുനീരിന്റെ നനവിലൂടെ ദേവകിയേയും കൊണ്ടു പായുന്ന കാർ കാണുന്നുണ്ടായിരുന്നു. പിന്നെ പല പല കാറുകൾക്കിടയിൽ അതെവിടെയോ മറഞ്ഞു. ഒരു നടുക്കത്തോടെ മാഷു മനസ്സിലാക്കി… അവർ… തങ്ങളേയും വീതം വച്ചുകഴിഞ്ഞിരിക്കുന്നു എന്ന്. ശരീരത്തിന്റെ ഒരുവശം തളർന്നിട്ടും തളരാതിരുന്ന മനസ്സ് തളർന്നുപോയി. തലേന്നാളത്തെ ഉറക്കമില്ലായ്മയും മനസ്സിന്റെ തളർച്ചയും കാരണം മാഷ് ഉറങ്ങിപ്പോയി.
സന്ധ്യാനേരത്ത് കാറ് ഒരു കുലുക്കത്തോടെ നിന്നപ്പോഴാണ്. മാഷ് ഉണരുന്നത്. എവിടെയാണെന്നൊന്നും ഒരെത്തും പിടിയും കിട്ടുന്നില്ല. മകൻ മൂന്നുനാലാളുകളെ കൂട്ടിവന്ന്… ഒരു കസേരയിലിരുത്തി പൊക്കി… കൊണ്ടുപോയി… ഒരു കുടുസ്സുമുറിയിലാക്കി. കുടിലിൽ കയറ്റിക്കിടത്താൻ തന്നെ. നന്നെ പണിപ്പെട്ടു. കയ്യും കാലുമെല്ലാം… ഒടിച്ചുമടക്കി വച്ചുകൊണ്ടുള്ള എട്ടുപത്തു മണിക്കൂർ നേരത്തെ യാത്രകാരണം അവ നിവരുന്നില്ല. ക്ഷീണം കാരണം മാഷുവീണ്ടും ഉറങ്ങിപ്പോയി.
രാവിലേ ശ്രീക്കുട്ടൻ വിളിച്ചുണർത്തുമ്പോൾ അവിടെയാകെ ഒരു ബഹളം… തന്റെ കിടക്കയും വസ്ര്തങ്ങളുമെല്ലാം നനഞ്ഞിരിയ്‌ക്കുന്നു. അവൻ സ്നേഹത്തോടെ… നനഞ്ഞ വസ്ര്തങ്ങളെല്ലാം മാറ്റിക്കൊടുത്തു. തന്നെത്താങ്ങി ഒരു കസേരയിലിരുത്തിയിട്ട് കിടക്കവിരി മാറ്റി. തറയിലൂടെ ഒഴുകി അടുത്ത മുറിയിലും എത്തിയിരിയ്‌ക്കുന്നു തന്റെ മൂത്രം. ഇംഗ്ലീഷു വശമില്ലെങ്കിലും അവിടെ റാണിയും കുട്ടികളും ശ്രീക്കുട്ടനും തമ്മിൽ ഇംഗ്ലീഷിൽ ഒരു കശപിശ… അതിന്റെ പൊരുൾ തന്റെ മൂത്രമാണെന്ന് വിഷണ്ണതയോടെ മാഷു മനസ്സിലാക്കി. ശ്രീക്കുട്ടൻ തറ തുടച്ചു വൃത്തിയാക്കുമ്പോൾ മാഷ് ഒരു നനഞ്ഞ എലിയെപ്പോലെ കട്ടിലിന്റെ ഒരു മൂലയിൽ ഇരുന്നു വിറച്ചു. കുട്ടികൾ ഒരപൂർവ്വ ജീവിയെ കാണുന്നതുപോലെ ദൂരെ മാറിനിന്നൊളിഞ്ഞു നോക്കി.
“ആരോരുമറിയാതെ… താൻ പോലുമറിയാതെ… ദേവകി… എത്രയെത്ര മൂത്രത്തുണികൾ കഴുകിത്തന്നിരിക്കുന്നു…. തറ തുടച്ചു വൃത്തിയാക്കിയിരിക്കുന്നു. ഒരുവശം തളർന്നതിലുള്ള ബലഹീനത പോലും താൻ പൂർണ്ണമായും അറിഞ്ഞിട്ടില്ല. ഇപ്പോൾ… ഈ… മക്കൾ… അവളെ തന്നിൽ നിന്നും അകറ്റി. പത്തറുപതുവർഷം സുഖവും ദുഃഖവും പങ്കുവെച്ച്… ഒരുമിച്ചു ജീവിച്ച തങ്ങളെ തമ്മിൽ വേർപിരിക്കാൻ ഇവർക്കെന്തവകാശം”. മാഷിന് കലശലായ അരിശം വന്നു. മകൻ കൊണ്ടുവന്ന കാപ്പി തട്ടി ദൂരെയെറിഞ്ഞു. മുന്നിൽ കൊണ്ടുവന്നു വയ്‌ക്കുന്നതെല്ലാം തട്ടി എറിഞ്ഞു. ജലപാനം കഴിക്കാതെ കിടന്നു.
മകൾ കൊണ്ടുപോയ ദേവകി പുതിയ ലോകത്തിലാണു ചെന്നുപെട്ടത്. ചെറിയ ഒരു കൈത്തോക്കുകൊണ്ട് അടുപ്പിലേക്കു വെടിവെയ്‌ക്കുമ്പോൾ ക്രമമായി ഇളം നീല നിറത്തിലുള്ള തീ ഉതിർക്കുന്ന അടുപ്പ്… നിമിഷം കൊണ്ട് ഒരു മൂളലോടെ… ചട്ടിണിയും കറികൾക്കും അരച്ചുതരുന്ന മെഷീൻ… തുണികൾ തന്നെ തിരുമ്മി…പ്പിഴിഞ്ഞു തരുന്ന മെഷീൻ… ഇതിനിടയിൽ മറ്റൊരു മെഷീൻ പോലെ നിന്നു നൃത്തം തുള്ളുന്ന മകൾ… ദേവകി ഒരു മൂലയിലേക്കൊതുങ്ങി നിന്നു. ഏഴരമണിയാകുമ്പോഴത്തേയ്‌ക്കും അച്ഛനും അമ്മയും മകളും ചോറുപൊതികളും ബാഗുകളിലാക്കി വീട് ഒരു യുദ്ധക്കളംപോലെ ഉപേക്ഷിച്ചിട്ട് പടികൾ ഓടിയിറങ്ങി പൊയ്‌ക്കഴിയും. ആ പോകുന്ന പോക്കിൽ മകൾ സ്നേഹമസൃണമായ സ്വരത്തിൽ വിളിച്ചുപറയും “അമ്മ… സമയാസമയങ്ങളിലെല്ലാം എടുത്തു കഴിച്ചോളണേ… അവനുച്ചയ്‌ക്കിത്തിരി ചോറു കൊടുത്താൽ… പിന്നങ്ങുറങ്ങിക്കോളും….”
മകൾക്ക് ഒരു സഹായമാവട്ടെയെന്നു കരുതി ദേവകി ഓരോ പണികളും സ്വയം ഏറ്റെടുത്തു. വാഷിംഗ് മെഷീനിൽ നിന്നും ബക്കറ്റിൽ എടുത്തുവച്ചിരിയ്‌ക്കുന്ന തുണി തോരയിടുക… കുട്ടിയുടെ പിന്നാലേ ഓടുക… അവനെ ഒക്കത്തെടുത്തും കൊണ്ട് മൂന്നുനിലകളും ഇറങ്ങിവന്ന് ബസ്‌സ്‌റ്റോപ്പിൽ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടുവരിക… രാവിലത്തെ പാചകം കഴിഞ്ഞു കുന്നുകൂടി കിടക്കുന്ന പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കുക… വീടെല്ലാം അടുക്കിപെറുക്കുക… ഒരാഴ്‌ചകൊണ്ടുതന്നെ ദേവകി കുഴഞ്ഞു.
അപ്പോഴും ആശ്വാസം മാഷിനു സമയാസമയത്തു വേണ്ട മരുന്നും ചികിത്സയും കിട്ടുന്നുണ്ടാവുമല്ലൊ… വീട്ടിൽത്തന്നെയുണ്ടല്ലൊ… ഡാക്ടർ. അസുഖം ഭേദമായാൽ… മാഷ് ഒന്നു പരസഹായം കൂടാതെ നടന്നു തുടങ്ങിയാൽ… പിന്നെ സ്വന്തം നാട്ടിലേക്കുതന്നെ മടങ്ങാമല്ലൊ എന്നായിരുന്നു…
മകന്റെ വീട്ടിൽ മാഷ് ഒന്നും ഉരിയാടാതെ, ചിലപ്പോൾ കൊടുക്കുന്നതു കുടിച്ചും ചിലപ്പോൾ ചുണ്ടുകൾ ഇറുക്കി അടച്ചും വെട്ടിയിട്ട വാഴ കണക്കെ… അനങ്ങാതെ ഒരേ കിടപ്പു കിടന്നു. മലമൂത്ര വിസർജ്ജനമെല്ലാം കിടന്ന കിടപ്പിൽത്തന്നെയായപ്പോൾ ശ്രീക്കുട്ടൻ ആകെ കുഴഞ്ഞു. ഓഫീസിൽ പോകാനും നിവൃത്തിയില്ലാതായി. റാണി പറഞ്ഞു “നീ….പ്പോ..ന്താ…ചിയ്യാ…? ഹോസ്പിറ്റലൈസുചെയ്യാം, അവിടെയാകുമ്പൊ.. നേഴ്‌സസും അറ്റന്റേഴ്‌സും നോക്കിക്കോളും. പിന്നേതു സമയത്തും ഞാനുണ്ടല്ലോ…. അവിടെ”
ചെറിയ ഒരു കുടുസ്സുമുറിയിൽ നിന്നും മാഷിന് വിശാലമായ ഒരു ഹാളിൽ നിരത്തിയിട്ട കട്ടിലുകളിലൊന്നിൽ ഇടം കിട്ടി. ഇരുളും വെളിവും അറിയാതെ സുഖമായി ഉറങ്ങിക്കിടന്നു. ഇടയ്്ക്കിടെ ഓർമ്മ തെളിയുമ്പോൾ ചുറ്റിലും ദേവകിയെ പരതി. ജന്നാലയിലൂടെ അരിച്ചുവരുന്ന നേരിയ കാറ്റിന് പുന്നെല്ലിന്റെ സുഗന്ധം. പച്ചവിരിച്ച വിശാലമായ പാടവും പാടത്തുപണിയെടുത്തു നിൽക്കുന്ന തേവനേയും തേവിയേയും കണ്ടു. വീണ്ടും മയക്കത്തിലേക്ക്.
Generated from archived content: story1_jan20_08.html Author: shakuntala_gopinath
Click this button or press Ctrl+G to toggle between Malayalam and English