വാസുവിനു വയറ്റുനോവ്. നോവെന്നു പറഞ്ഞാൽ….. നോവുവരുമ്പോഴേക്കും അയാൾ കൊഞ്ചു ചുരുളുന്നതുപോലെയങ്ങു ചുരുണ്ടുപോകും. തൊട്ടിലുപോലെ തൂങ്ങിക്കിടക്കുന്ന കയറ്റുകട്ടിലിനുള്ളിൽ നിന്നും ഉരുണ്ടുപിരണ്ടെണീച്ച്…. ഒരോട്ടമാണിറയത്തേക്ക്. ഇറയത്തുചെന്ന് ഒരു കൈ വല്ലവിധേനെയും ഉയർത്തി വാരിയിൽ പിടിച്ചു തൂങ്ങി…. വളഞ്ഞുകുത്തിനിന്നുകൊണ്ട് ഓക്കാനാവും…. ഛർദ്ദിയും. എവിടെ കേൾക്കാം…..ഓക്കാനം… വയറ്റിലുള്ളതത്രയും പുറത്തുപോയി…. കുടലു വായിൽ വന്നാലും ഓക്കാനം നിയ്‌ക്കത്തില്ല.
വാസു ഇറയത്തേക്കോടുന്നതുകാണുമ്പോൾ നാണി പതുക്കെ വെറ്റേമ്മാൻ ചെല്ലമെടുക്കും. ചെല്ലവും എടുത്തുകൊണ്ട്…. ഇറയത്ത്…. അങ്ങു ദൂരെ മാറി…. തൂണും ചാരി ഇരുന്നുകൊണ്ട്…. വെറ്റിലയിൽ നൂറുതേച്ച് അടയ്‌ക്കയും വാസനപുകയിലയും കൂട്ടി വായിലിട്ടു ചവച്ച് രസം പിടിച്ചുവരുമ്പോൾ പതുക്കെ ഓരോന്നും പറഞ്ഞുതുടങ്ങും.
“എടോ….ഇയാളന്നദാനം കൊടുത്തിട്ടുണ്ടോ?…. ആർക്കേലും… വിശന്നുവലഞ്ഞു കേറി വരുമ്പം ഒരിറ്റുവെള്ളം കൊടുത്തുപോയാലെന്നെ തല്ലിക്കൊല്ലും. അതാ…. അന്നത്തിന്റെ മയം വയറ്റിക്കാണിയ്‌ക്കാനൊക്കാത്തെ ഓർമ്മിയ്‌ക്കുന്നോ….. വർഷങ്ങൾക്കുമുമ്പ്….. ഞാൻ രാകവനെ….. നെറവയറോടെ ഇരിക്കുമ്പം…. ഒരു സന്ധ്യാനേരത്ത്… ഒരു പാവം മൂപ്പിനു വന്ന്… അടുക്കളവാതുക്കെ വന്നു നിന്നോണ്ടുയാചിച്ചു…..”തമ്പ്രാട്ടിയേ…… ഇന്നടിയന് …. വെന്തവകയൊന്നും കിട്ടിയില്ലാ…. വയറു കാഞ്ഞു…. കാഞ്ഞു മാന്തിപ്പറിയ്‌ക്കുന്നു. എന്തേലുമിത്തിരി വെശപ്പടക്കാൻ തരണേ…. മാളോരേ…..“
ചോറ്, അടച്ചിട്ടിരിയ്‌ക്കുന്നു – അയിലക്കറി അടുപ്പേക്കിടന്നു തിളയ്‌ക്കുന്നു. അയാളുടെ നില്‌പും പടുതീം കണ്ടുകൊണ്ട് ഞാൻ വെക്കം ഒരിലമുറിച്ച് കുറച്ചുചോറുമിട്ട് കുറച്ചയലക്കറീം ഒഴിച്ചു മുറ്റത്തു വച്ചുകൊടുത്തു. ഇയാളും പണികഴിഞ്ഞ് കുളത്തിലിറങ്ങി കുളീം കഴിഞ്ഞു കയറിവരുമ്പോ…. ആ പാവം ആർത്തിയോടെ ആ ചോറുവാരിത്തിന്നോണ്ടിരിയ്‌ക്കുന്നതാ കാണുന്നത്. അതു കണ്ടതും എന്നെ മുട്ടനൊരു ചീത്തേം വിളിച്ചോണ്ടോടിക്കേറിവന്നെന്റെ മുടിയ്‌ക്കുകുത്തിപ്പിടിച്ച്…. കരണത്തൊരടി…. എന്റെ കണ്ണീന്നു പൊന്നീച്ചപറന്നു. അയാളാ ചോറിട്ടേച്ച്….. ഓടി എണീച്ചുനിന്നു തൊഴുതുകൊണ്ടു പറഞ്ഞു, ”അയ്യോ….. തമ്പ്രാനേ….. നെറവയറോടെ നിക്കുന്ന യാ തമ്പ്രാട്ടിയെ ഒന്നും ചെയ്യല്ലേ….. നാളെ യീ നേരത്തിനു മുമ്പേ ഞാൻ ഭിക്ഷയെടുത്തുകിട്ടുന്നയരി…. ഇവടെക്കൊണ്ടന്നു കൊടുത്തോളാമേ.“ അയാളും വിറച്ചുകൊണ്ടായിലയും ചുരുട്ടി എടുത്തോണ്ടുപോയി. പിന്നെങ്ങിനെ ഇയ്യാക്കന്നമിറങ്ങും.”
വാസു കണ്ണുകൾ ചുഴറ്റി അവരെ ദഹിപ്പിക്കുന്ന ഒരു നോട്ടംനോക്കി. കാലുവലിച്ച് ഒരു തൊഴിവച്ചുകൊടുക്കാനാണു തോന്നിയത്. വയറ്റിലെ കൊളുത്തിപ്പിടുത്തം കാരണം കാലനക്കാനുമാവുന്നില്ല. ഓക്കാനത്തിനും ഛർദ്ദിയ്‌ക്കുമിടയിൽ ഒരു ചീത്തവിളിയ്‌ക്കാനുമാവാതെ വാരിയിൽ തൂങ്ങിനിന്ന് ചക്രവളയം വളയുമ്പോൾ നാണി വീണ്ടും തുടങ്ങി.
“പിന്നെ…. ഞാൻ കടിഞ്ഞൂലുപെറ്റയാ കൊച്ച്…. രാകവൻ…. അവന്റെ കാരിയമോർക്കുമ്പോളെനിയ്‌ക്കിന്നും തുക്കമാ….” ഇടറിയ ശബ്‌ദത്തിൽ അവർ തുടർന്നു.. “നാലുവയസ്സുവരെ…. നിലത്തും നെറുകയിലും വയ്‌ക്കാതെ …. കൊണ്ടുനടന്നു വളർത്തി. നാലാമത്തെ വയസ്സിലൊരു ദീനം വന്നു…
ദേഹമാസകലം നീരുവന്നു മുറ്റി. വയറൊക്കെ… മിനുമിനാന്നായി….. യങ്ങുമിനുങ്ങി. വാറലരിവെള്ളം തിളപ്പിച്ച്… ഇച്ചരെ പാലും ചേർത്ത് കൊടുക്കും…. വേറൊന്നും കൊടുത്തൂടാ…. പത്ത്യം കാക്കണം. പിന്നപിന്നതു കുടിയ്‌ക്കാതായി. വൈധ്യരു പറഞ്ഞു ഇനി പത്ത്യമൊന്നും നോക്കണ്ടാ….. അവനാശിയ്‌ക്കുന്നതെല്ലാം കൊടുത്തോളാണൻ. അങ്ങിനെ കൊടക്കുമ്പം ആ നാട്ടിലേക്കും വലിയ തോട്ടത്തിൽ തറവാട്ടിലൊരു പതിനാറടിയന്തിരം വന്നു. ഇയാളും പോയി…. പാചകക്കാരുടെ കൂടെ ദേഹണ്ണിയ്‌ക്കാൻ. അങ്ങിനെ പോകാനിറങ്ങുമ്പം അവൻ അവിടെ കെടന്നോണ്ടു പറഞ്ഞു ”അച്ഛാ… എനിക്കിച്ചിരെ പായസോം പപ്പടോം…. കൊണ്ടത്തരണേ. “ങ്ങാ…. കൊണ്ടത്തരാം” എന്നു പറഞ്ഞുപോയി. അന്നു രാത്രി ഒരു പത്തുനാഴികയിരുന്നതുവരേയും അവനച്ഛനെ കാത്തുകാത്തിരുന്നു. അവസാനം അച്ഛന്റെ നിഴലു മുറ്റത്തുകണ്ടപ്പഴത്തേക്കും തപ്പിപിടഞ്ഞെണീറ്റിരുന്നു പായസം കുടിയ്‌ക്കാൻ. അയാളുപറഞ്ഞു “ങ്ങാ…. ഇനി ഞാ നാളെ എവിടുന്നേലും കൊണ്ടത്തരാം – ഇന്നവിടെ വച്ചതൊന്നും തെകഞ്ഞില്ല.” അവനൊരക്ഷരം മിണ്ടാതെ തിരിഞ്ഞുകിടന്നു. അടുത്ത ദിവസം തന്നെ ചാവുകേം ചെയ്‌തു. പായസം കൊണ്ടന്നില്ലെന്നുപറഞ്ഞപ്പോഴത്തെ ആ മുഖത്തെയൊരു ഭാവം…. ഇപ്പോഴുമെന്റെ കൺമുന്നിലൊണ്ട്. പിന്നവൻ ജലപാനം കഴിച്ചിട്ടില്ല. ആ ക്ഷാത്രം ഇന്നുമെന്റെ നെഞ്ചിലുണ്ട്. ഇയ്യാക്കെങ്ങിനെ അന്നമിറങ്ങും.“ അരിശം സഹിയ്‌ക്കാതെയും വേദനസഹിയ്‌ക്കാതെയും വാസുവാരിയിൽ തൂങ്ങിനിന്നു ഞെരിപിരിക്കൊള്ളുമ്പോൾ നാണി മുറുക്കാന്റെ രസം പിടിച്ച്…. ഇരുത്തി…. ഇരുത്തി….. മൂളിക്കൊണ്ട്….ആ കാഴ്‌ചകണ്ടിരുന്നു.
Generated from archived content: story1_dec16_10.html Author: shakuntala_gopinath