“അതിരുകളിൽ സഞ്ചരിക്കുന്നവയുടെ കാഴ്‌ചകൾക്ക്
എത്ര അടരുകൾ,
എത്രമാത്രം പടർപ്പുകൾ,
എന്തുമാത്രം ശിഖരങ്ങൾ…”
– ആരോ ഒരാൾ, ഒരുപക്ഷേ ഞാൻ തന്നെ.
പ്രതിമയും രാജകുമാരിയും സമ്മാനിച്ച ആകാംക്ഷമുറ്റിയ വായനാനുഭവം മനസ്സിലുണർത്തിയ അസംഖ്യം ചോദ്യങ്ങളിൽ പ്രാഥമിക പരിഗണന അർഹിക്കുന്നത്, ആഖ്യാനത്തിലെ നിർണ്ണായക പ്രാധാന്യമുളള ഒരു അഭാവവുമായി ബന്ധപ്പെട്ടതാണ്. മലയാള നോവലിൽ അത്ര പതിവില്ലാത്തവിധം ഇച്ഛയുടെയും സ്വത്വത്തിന്റെയും അധികാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രശ്‌നങ്ങൾ, സങ്കീർണ്ണ സ്വഭാവമുളള മനുഷ്യബന്ധങ്ങളുടെ പശ്ചാത്തലത്തിൽ പരിചരിക്കാൻ ശ്രമിക്കുന്ന ഈ നോവലിൽ സ്വതന്ത്രമായ പാത്രഭാഷണങ്ങൾ ഇല്ലെന്നതാണത്.
അന്തരംഗലോകങ്ങളുടെ സ്വതന്ത്രമായ പ്രകാശനങ്ങൾ നിഷേധിക്കപ്പെട്ട കഥാപാത്രങ്ങളോട് സംവദിക്കാനുളള ശ്രമമാണ് ഈ പഠനം മുഖ്യമായും നടത്തുന്നത്…
ഈ സംവാദപ്രക്രിയയിലെ ചോദ്യകർത്താവിനെ ഞാൻ മിസ്‌റ്റർ എസ് എന്നു വിളിക്കട്ടെ. പ്രതിമ, രാജകുമാരി എന്നീ കഥാപാത്രങ്ങളോടു മാത്രമാണ് നാമിവിടെ സംസാരിക്കുന്നത്. ‘പ്രതിനിധാന’ വധകർമത്തിലൂടെ കൂടുതൽ അമർച്ച ചെയ്യപ്പെട്ടത് അവരായതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പ്. ചെറിയ കഥാപാത്രങ്ങൾ അപ്രധാനമാണെന്ന വിചാരംകൊണ്ടല്ല. ധീരുലാൽ, വൈരം, രാജാവ്, ജനം ഇവർ ക്ഷമിക്കുമെന്നു പ്രതീക്ഷിക്കട്ടെ. പ്രതിമയുമായി സംസാരിച്ചുകൊണ്ട് നമുക്ക് ആരംഭിക്കാം. അയാളെ ഏതു പേരിൽ വിളിക്കണം എന്ന സന്ദിഗ്‌ദ്ധത പങ്കുവെച്ചുകൊണ്ട് തുടങ്ങാം എന്നു തോന്നുന്നു.
മിസ്‌റ്റർ എസ്‌ഃ ഞാൻ താങ്കളെ ഒരു ട്രാജിക് ഹീറോ എന്ന് അഭിസംബോധന ചെയ്‌തോട്ടെ?
പ്രതിമഃ (മൗനം)
മിസ്‌റ്റർ എസ്‌ഃ നിങ്ങൾ വിയോജിക്കുന്നു?
പ്രതിമഃ എന്റെ വിയോജിപ്പ് ഞാൻ രേഖപ്പെടുത്താറുളളത് അടിയന്തര സന്ദർഭങ്ങളിലാണ്. മിക്കവാറും നിങ്ങൾ പ്രതീക്ഷിക്കാത്ത കടുത്ത ഇടപെടലാവുമത്. ഒരുപക്ഷേ, എന്റെ ജീവിതകഥയിലൂടെ ശ്രദ്ധപൂർവ്വം കടന്നുപോയിട്ടുണ്ടെങ്കിൽ നിങ്ങൾക്കത് മനസ്സിലായിട്ടുണ്ടാകും.
മിസ്‌റ്റർ എസ് ഒരു നിമിഷം നടുങ്ങുന്നു. ധീരുലാലിന്റെ പിളർന്ന ശിരസ്സിൽനിന്നൊഴുകിയ ചുടുരക്തം ഇപ്പോൾ അയാളുടെ ഭീതിയുടെ ഇന്ധനമായി തുടങ്ങിയിട്ടുണ്ട്‌ഃ “വാസ്‌തവത്തിൽ ആ വിളിയിൽ എന്താണ് കുഴപ്പം?”
പ്രതിമ എന്നെ ചുഴിഞ്ഞു നോക്കി. വികാരരഹിതമായ നോട്ടം.
പ്രതിമഃ കഥാകാരൻ എന്നെ പ്രതിമയെന്നു വിളിച്ചു. ശീർഷകം മുതൽ അതുകാണാം. നിങ്ങൾ വായിച്ച പുസ്‌തകത്തിൽ എനിക്കുളളത് പ്രതീകമൂല്യമാണ്. ഓരോ പേരുവിളിയും എന്റെ കൊലയാണ് നിർവ്വഹിക്കുന്നത്. ധീരുലാലിന്റെ തമാശക്കോട്ടയ്‌ക്ക് പുറത്തെ എന്റെ ജീവിതങ്ങൾ പരിഗണിക്കാതെ നിങ്ങളിൽ ചിലർ എന്നെ പ്രതിമയായി കണ്ടു. അരുന്ധതി ആദ്യം എന്നെ ‘വിസ്‌മയ’മെന്ന് ആദരവോടെ വിളിച്ചു. പിന്നീടെപ്പോഴോ അവളുടെ കണ്ണിൽ ഞാൻ അടിമയായി. ധീരുലാലിന് ഞാൻ ചുപ്പനായിരുന്നു. വൈരത്തിന് ഗോവിന്ദും. നിങ്ങൾക്കോരോരുത്തർക്കും അവരവരുടെ വ്യാഖ്യാനങ്ങൾ കാണും. ആ വ്യാഖ്യാനങ്ങൾ പ്രസക്തമാകുന്ന സ്ഥലകാലങ്ങൾക്ക് പുറത്ത്, ആ വീക്ഷണങ്ങൾ സാധുവാക്കപ്പെടുന്ന ഭൂരിപക്ഷബോധത്തിന് പുറത്ത് ഞാൻ മറ്റു പലതുമാണ്.“
മിസ്‌റ്റർ എസ്‌ഃ ശരി. എനിക്ക് മനസ്സിലായി. താങ്കളെ ഈ നോവലിൽ ചിത്രീകരിച്ചിരിക്കുന്നത് അതിമാനുഷിക ഗുണങ്ങളുളള ഒരാളായിട്ടാണ്- മാനുഷിക സിദ്ധികളുടെ അഭാവകേന്ദ്രമായിട്ടും. ഈ സങ്കല്പനം ശരിയാണെന്ന് തോന്നുന്നുണ്ടോ?
പ്രതിമഃ ആദ്യംതന്നെ പറയട്ടെ; നിങ്ങൾ ഒരു ചീത്ത വായനക്കാരനാണ്. മുഴുത്ത അക്ഷരം മാത്രം കാണുന്ന ഹ്രസ്വദൃഷ്‌ടിക്കാരൻ. ഭൗതികം&അതിഭൗതികം എന്ന മട്ടിലുളള വിഭജനങ്ങളോട് എനിക്ക് മതിപ്പില്ല. അസാധ്യം എന്ന് ഉറപ്പാക്കപ്പെട്ട ഒരു കാര്യം ഒരാളിന്റെ പ്രവൃത്തിയാകുന്നതോടെ ആ സംഗതി മനുഷ്യസാധ്യതയുടെ പട്ടികയിൽ വരികയാണ്. അല്ലാതെ ആ മനുഷ്യൻ അതിമാനുഷനാവുകയല്ല…
മിസ്‌റ്റർ എസ്‌ഃ അരുന്ധതിയെക്കുറിച്ചുളള സൂചന കേട്ട് ചോദിച്ചുപോവുകയാണ്. ആ പ്രണയത്തെ ഇപ്പോൾ താങ്കൾ എങ്ങനെയാണ് കാണുന്നത്?
പ്രതിമഃ എന്റെ അസ്‌തിത്വത്തെ ആഴത്തിൽ പ്രകമ്പനം കൊളളിച്ച അനുഭവം. ലോകം മുഴുവൻ എന്നെ അചേതനവസ്‌തുവായി കണ്ടപ്പോൾ അവൾ ചേതന കണ്ടു, ആസക്തികൾ കണ്ടു. എല്ലാവരും, ഒച്ചയും അനക്കവുമില്ലാത്ത വിചിത്രജന്മത്തെ ചലിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവളെന്റെ കണ്ണുകളിൽ ഒടുങ്ങാത്ത തിരയിളക്കങ്ങൾ കണ്ടു; സ്വത്വത്തിന്റെ മറ്റനേക മുഖങ്ങൾ കണ്ടു. ഒരുപക്ഷേ, ഞാൻ പോലും തന്മയീഭവിച്ചു തുടങ്ങിയ പ്രതിമാനാടകത്തിലെ സുസ്ഥിര വ്യക്തിത്വത്തിനു മീതെ അതൊരു പ്രഹരമായി. എല്ലാ പ്രണയങ്ങളിലുമെന്നതുപോലെ വിധ്വംസകമായ അന്തർസ്‌ഫോടനങ്ങളുണ്ടായി. അവളെ മത്സരത്തിൽ പരാജയപ്പെടുത്തിയ ദിവസം എന്റെ താങ്ങാനാവാത്ത പരാജയമുഹൂർത്തമായി. ലളിതമായ വിജയപരാജയയുക്തിയിൽ കാര്യങ്ങളെ മനസ്സിലാക്കാൻ തുടങ്ങിയത് അന്നുമുതൽക്കാണ്. നിങ്ങൾ വായിച്ചറിഞ്ഞതിനെക്കാൾ വേദന നിറഞ്ഞതായിരുന്നു ആ രാത്രി. അന്നുരാത്രി സൈക്കിളിൽ ഇരുളിലേക്ക് അന്തർധാനം ചെയ്‌തപ്പോൾ രാത്രി എന്നെ വിഴുങ്ങണമെന്ന്, മരുഭൂമിയുടെ നിശ്വാസത്തിൽ ഞാൻ ദഹിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോയി. ആ രാത്രി യാതനയുടെ, ആത്മനിന്ദയുടെ, സ്വയം വിചാരണയുടെ മാതൃകാരാത്രി ആയിരുന്നു. തെളിഞ്ഞ ജലത്തിൽ പ്രതിബിംബം കണ്ട്, അതിൽ വൈരുദ്ധ്യങ്ങളില്ലാത്ത ആത്മബിംബത്തിന്റെ ഏകത വിഭാവനം ചെയ്‌ത് ലയിച്ചിരുന്ന പഴങ്കഥയിലെ സുന്ദരൻ ഞാനാണെന്ന് തോന്നിപ്പോയി. അന്ന് എന്റെ സൈക്കിൾ സഞ്ചരിച്ച വേഗത്തെ നിങ്ങൾക്ക് പ്രകാശവേഗം കൊണ്ട് അളക്കാൻ കഴിയില്ല. നിങ്ങളാ വിലാപയാത്രയ്‌ക്ക് സാക്ഷ്യം വഹിച്ചിരുന്നെങ്കിൽ, വിഷമവൃത്തത്തിലകപ്പെട്ട ആ പരക്കംപാച്ചിലിനെ എട്ടാമത്തെ അത്ഭുതമായി വ്യാഖ്യാനിക്കുമായിരുന്നു.
മിസ്‌റ്റർ എസ്‌ഃ അരുന്ധതിയുടെ പരാതി, നോവലിൽ വെളിച്ചപ്പെടുന്ന മുഖ്യ നിരീക്ഷണവുമതേ-നിങ്ങൾക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുളള കഴിവില്ലെന്നതാണ്. അവളാരാധിക്കുന്ന ബിംബം, മുൻകൈ ഇല്ലാത്ത, ചിന്തയില്ലാത്ത, അധികാരബോധമില്ലാത്ത, സ്വാതന്ത്ര്യതൃഷ്‌ണയില്ലാത്ത അടിമയാണെന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ ഞെട്ടലാണ് പ്രണയത്തിന്റെ വിളളൽ സൃഷ്‌ടിച്ചത്. നിങ്ങൾ എന്തു കരുതുന്നു?
പ്രതിമഃ എനിക്ക് തീരുമാനങ്ങളെടുക്കാൻ കഴിവില്ലെന്ന മിഥ്യാധാരണയുടെ ഫലമാണ് അരുന്ധതിയും ധീരുലാലും വൈരവും അനുഭവിച്ചത്. അതേ യുക്തിഭ്രമത്തിന്റെ ഇരയാണ് നിങ്ങളും. ധീരുലാലിന്റെ തമാശക്കോട്ടയിൽ തൊഴിൽ തേടാമെന്ന് തീരുമാനിച്ചതും ഏതു പണിയും ചെയ്യാമെന്ന് പ്രഖ്യാപിച്ചതും ഞാനാണ്. എന്റെ രാത്രികളുടെ മീതെ പരമാധികാരം വേണമെന്ന് ഉറച്ച തീരുമാനം മറ്റാരുടേതുമല്ല. ലോകം മുഴുവൻ തലകുത്തിമറിഞ്ഞിട്ടും എന്നെ ഇളക്കാൻ കഴിഞ്ഞില്ല. അതാരുടെ ഇച്ഛാശക്തിയുടെ പ്രകാശനമാണ്? വൈരത്തിന്റെ പ്രലോഭനത്തെ ഞാൻ കർക്കശമായി അകറ്റിനിർത്തി. ധീരുലാൽ എനിക്ക് ശിക്ഷ വിധിച്ചപ്പോൾ വൈരത്തിന്റെ സഹായവാഗ്‌ദാനം ഞാൻ സ്വീകരിച്ചു. ധീരുലാൽ കരുതിയതുപോലെ മത്സരത്തിന്റെ പിറ്റേന്നാൾ ഞാൻ വീണ്ടും ജോലിക്കെത്തിയത് സ്വയമേവ യന്ത്രമായി തീർന്നതുകൊണ്ടല്ല; അതല്ലാത്തതുകൊണ്ടാണ്. അരുന്ധതിയെ എന്നെങ്കിലും കാണാമെന്ന പ്രതീക്ഷ. രാത്രികളിൽ ഞാൻ അനുഭവിച്ചിരുന്ന അതിരില്ലാത്ത സ്വാതന്ത്ര്യത്തിന്റെ നന്നേ ചെറിയൊരു മുഖമാണ് വൈരം കണ്ടത്. ആരൊക്കെ വിലക്കാൻ ശ്രമിച്ചിട്ടും ദ്വീപിലെ സ്വർഗ്ഗം എന്ന അഭിലാഷം ഞാൻ ഉപേക്ഷിച്ചില്ല. ഏറ്റവും ഒടുവിൽ നിർണ്ണായക സന്ദർഭത്തിൽ, ധീരുലാലും അരുന്ധതിയും കൈമാറ്റം ചെയ്യാവുന്ന ചരക്കെന്നതുപോലെ തന്റെ പേരിൽ വിലപേശൽ നടത്തിയപ്പോൾ എന്റെ രുദ്രമുഖം നിങ്ങൾ കണ്ടു.
മിസ്‌റ്റർ എസ്‌ഃ നിങ്ങൾ പറയുന്നതിൽ പകുതി കാര്യമുണ്ട്. മറ്റുപാതിയാവട്ടെ ആത്മസ്ഥാപനത്തിനുളള വ്യഗ്രതയാണ്. ഞാൻ വ്യക്തമായി പറയാം. അസാധാരണ സിദ്ധികളുളള നിങ്ങൾക്ക് പ്രവൃത്തിക്കുമുൻപേ മറ്റൊരാളുടെ ചിന്തയുടെ ദിശാസൂചന വേണം. ധീരുലാലിന്റെ തടവിൽനിന്നും സ്വയം രക്ഷിക്കാൻ നിങ്ങൾക്കായില്ല. ദ്വീപിലെ സ്വർഗ്ഗം പരസഹായം കൂടാതെ സാക്ഷാത്‌കരിക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ല. ധീരുലാലിന്റെയോ വൈരത്തിന്റെയോ അരുന്ധതിയുടെയോ വക്രവിചാരങ്ങൾ ആദ്യഘട്ടങ്ങളിൽ നിങ്ങൾ തിരിച്ചറിഞ്ഞില്ല. അരുന്ധതി ഒരു പ്രത്യേക സന്ദർശം എടുത്തു പറയുന്നുണ്ട്. അരുന്ധതിയെ ആക്രമിച്ച തെമ്മാടിയായ ചങ്ങാതിയിൽനിന്ന് അവളെ രക്ഷിക്കാൻ സ്വമേധയാ നിങ്ങൾ തയ്യാറായില്ല. നിങ്ങളുടേത് ഒരു വിധേയ കർത്തൃത്വമാണെന്ന് ഞാൻ ആരോപിച്ചാൽ പരിഭവിക്കുമോ?
പ്രതിമഃ നിങ്ങളെന്റെ ക്ഷമയെ പരീക്ഷിക്കുകയാണ്. ഞാൻ സമുദ്രാന്തർഭാഗത്ത് യാത്ര നടത്തുന്നത് ആരുടെ ഭാവനയുടെ ചിറകിലാണ്? ഉയരങ്ങളിൽനിന്ന് താഴേക്ക് കുതിക്കണമെന്ന ഇച്ഛ ആരുടേതാണ്. എന്റെ സ്വന്തം ലോകത്ത് എനിക്ക് ആരുടെയും ചിന്തയുടെ ആവശ്യമില്ല. കുടിലയുക്തികൾ നിറഞ്ഞ നിങ്ങളുടെ ലോകത്ത് അത് വേണമായിരിക്കാം. തിരിച്ച് ചിന്തിക്കൂ. എന്റെ പ്രവൃത്തി മുന്നിൽ കണ്ടുകൊണ്ടല്ലാതെ ധീരുലാലിനോ അരുന്ധതിക്കോ വൈരത്തിനോ ചിന്തിക്കാൻ കഴിയില്ല. എന്റെ സാന്നിധ്യത്തിൽ മാത്രം പൂർണ്ണമാകുന്ന കർത്തൃത്വങ്ങളാണവരുടേത്. നിങ്ങളുടെ ചോദ്യം പഴയൊരു തർക്കത്തിന്റെ മുടിഞ്ഞ യുക്തിയാണ്- അണ്ടിയോ മാങ്ങയോ ആദ്യം? വിട്ടുകള; എനിക്ക് അതിൽ താത്‌പര്യമില്ല. പിന്നെ നിങ്ങൾ സൂചിപ്പിച്ച അരുന്ധതിയുടെ അനുഭവത്തിന്റെ കാര്യം. അവളും നിങ്ങളും സ്വംശീകരിച്ച പുരുഷ മേൽക്കോയ്‌മയുടെ മൂല്യങ്ങൾക്ക് എന്നെ ഉത്തരവാദിയാക്കരുത്. സ്വന്തം ഉടമസ്ഥതയിലുളള വസ്‌തുവിനെ മറ്റൊരുത്തൻ സ്‌പർശിക്കുന്ന മാത്രയിൽ രോഷാകുലനാവുന്ന നായകവേഷം കെട്ടാൻ എനിക്ക് താത്‌പര്യമില്ല. ഉടമസ്ഥാവകാശമാണ് പ്രണയം എന്ന് ഞാൻ നിർവ്വചിച്ചിട്ടില്ല. അരുന്ധതിക്ക് കൈകാര്യം ചെയ്യാവുന്ന ലളിതപ്രശ്‌നമായിരുന്നു അത്. എനിക്ക് നായകഗുണമില്ല എന്നോ മറ്റോ ആണ് ആ വിമർശനത്തിന്റെ സാരം. വാസ്‌തവത്തിൽ ആ പരാതിയുടെ അർത്ഥം ഇതാണ്. അവൾക്ക് സ്വന്തം നായകത്വം ഇല്ല; സ്വാതന്ത്ര്യബോധം ഇല്ല; സ്വത്വത്തിനുമേൽ അധികാരമില്ല. ഇതിനൊന്നും എന്നെ പഴിപറയരുത്. നിങ്ങളുടെ വാക്ക് കടമെടുത്ത് പറഞ്ഞാൽ എന്റെ കർത്തൃത്വശൂന്യതയല്ല ഇവിടെ പ്രശ്‌നം. കർത്തൃത്വത്തെ സംബന്ധിക്കുന്ന നിങ്ങളുടെ മുൻവിധികളാണ്; വ്യത്യാസങ്ങളെ രുചിക്കാത്ത മാനദണ്ഡങ്ങളാണ്. എന്റെ അഭാവമായി നിങ്ങൾ കരുതുന്ന പലതും വാസ്‌തവത്തിൽ വേറിട്ട സ്വഭാവങ്ങളാണ്. നിലവാരം കെട്ട മത്സരബുദ്ധി, നീചമായ ചതിപ്രയോഗങ്ങൾ, കൗശലം ഇവയുടെ അഭാവമായിരിക്കാം എന്റെ ചില പരാജയങ്ങൾക്ക് കാരണം. ധീരുലാലിന്റെയും അരുന്ധതിയുടെയും ദുരന്തകാരണവും അവൾക്കുണ്ടായിരുന്ന ഈ സവിശേഷതകളാണെന്ന് പരിഗണിക്കുമ്പോഴാണ് ഇതൊരു ലളിതമായ തർക്കപ്രശ്‌നമല്ലെന്ന് മനസ്സിലാവുക. പുതിയ ലോകം സ്വയം വിമർശനാത്മകമായി നോക്കിക്കാണേണ്ട ചില വിഷയങ്ങൾ ഞാനതിൽ കാണുന്നുണ്ട്. എന്റെ അധികാരശൂന്യതയെക്കുറിച്ച് നിങ്ങൾ പരാമർശിച്ചിട്ടുണ്ടല്ലോ. മറ്റുളളവർക്ക് കീഴടക്കിയേ തീരു. കാരണം അവരോരോരുത്തരും കീഴടക്കപ്പെട്ടവരാണ്. ആർജ്ജവമുളള ഒരു മനുഷ്യന് സ്വത്വത്തിന് മീതെയുളള അധികാരം ഒരു പ്രകടനമല്ല, സ്വാംശീകരണമാണ്. നിങ്ങളുടെ ഭാഷയിൽ ലോകബോധത്തിൽ, വ്യാകരണത്തിൽ, ധർമ്മശാസ്‌ത്രത്തിൽ പ്രതിബിംബിക്കാത്ത തനിമകളെ ശൂന്യതകളെന്നു വിളിക്കുന്നത് കണ്ണടച്ചിരുട്ടാക്കലാണ്. ഇതൊക്കെയാണെങ്കിലും അരുന്ധതിയോടും ധീരുലാലിനോടും ഞാൻ നന്ദിയുളളവനാണ്. ഞങ്ങൾ മൂവരും അവസാനമായി കൂടിയിരുന്ന ആ രാത്രിയിലെ ആഘാതങ്ങൾ എന്നെ പലതും പുതുതായി പഠിപ്പിച്ചു. സംസ്‌കാരത്തിന്റെ മൂന്നാംമുറ എന്നു ഞാനതിനെ വിളിക്കും. നിഷേധാത്മകമായ ഒരു ഭാവസത്ത ഞാൻ ആർജ്ജിക്കുന്നത്, ഹിംസയുടെ സാന്ദർഭികമായ അനിവാര്യത ഞാൻ തിരിച്ചറിയുന്നത്, പ്രകോപനത്തിന്റെ വിധ്വംസകമൂല്യം മനസ്സിലാകുന്നത് അന്നാണ്. ഞാൻ പരിവർത്തിപ്പിക്കാൻ ശ്രമിക്കാത്ത ദുഷ്‌ടലോകം. എന്നെ സ്വാംശീകരിക്കാൻ സദാ സന്നദ്ധമാണെന്ന പാഠം ഉൾക്കൊണ്ടതുമന്നാണ്….
*******
മിസ്‌റ്റർ എസ്‌ഃ പ്രിയ രാജകുമാരി, നിങ്ങളുടെ കഥയിലൂടെ കടന്നുപോയ വായനക്കാരനാണു ഞാൻ. ഗോവിന്ദുമായി നടത്തിയ സംഭാഷണങ്ങൾക്കുശേഷവും അഴിയാത്ത കുരുക്കുകളുമായാണ് ഞാൻ വന്നിട്ടുളളത്. ദയവു…
ഞാൻ പൂർത്തിയാക്കുന്നതിനുമുൻപ് രാജകുമാരി ക്ഷോഭത്തോടെ ഇടപെട്ടു.
രാജകുമാരിഃ നിങ്ങളുടെ അഭിസംബോധനതന്നെ എന്നെ വെറുപ്പിക്കുന്നു. ആഖ്യാതാവിന്റെ വ്യാഖ്യാതാവാണ് നിങ്ങളെങ്കിൽ ഒന്നും സംസാരിക്കണമെന്നില്ല. ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമാണെന്റേത്. വെപ്പാട്ടി, രാജകുമാരി, വിഷയലമ്പട, ലഹരി തീറ്റക്കാരി, ഒറ്റുകാരി, സാമർത്ഥ്യക്കാരി….നിങ്ങൾ മലയാളികൾക്ക് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട വാർപ്പുമാതൃകകളിൽ മാത്രമേ സ്‌ത്രീകളെ ചിത്രീകരിക്കാൻ കഴിയൂ. ഏതായാലും കുലീനയായ കുടുംബിനിയായി അവതരിക്കപ്പെടാത്തതിൽ എനിക്കാഹ്ലാദമുണ്ട്.
മിസ്‌റ്റർ എസ്‌ഃ ക്ഷമിക്കണം. ആഖ്യാനത്തിൽ വളച്ചൊടിക്കപ്പെട്ടിട്ടുളള നിങ്ങളുടെ ഭാഷണത്തിന്റെ സത്യാവസ്ഥ അറിയാനാണ് ഞാൻ വന്നിട്ടുളളത്. നിങ്ങളെക്കുറിച്ച്, ഗോവിന്ദുമായുളള സ്‌നേഹബന്ധത്തെക്കുറിച്ച്…”
രാജകുമാരി ചിന്തയിലാണ്ടു. മുഖത്ത് വികാരങ്ങൾ മിന്നിമറയുന്നത് കാണായി.
രാജകുമാരിഃ എന്നെക്കുറിച്ച് ഞാൻ നിങ്ങളോട് സംസാരിക്കേണ്ടതുണ്ടോ എന്നകാര്യം വഴിയെ തീരുമാനിക്കാം. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങാം. ഗോവിന്ദ് എനിക്ക് ആദ്യനാളിലെ ‘വിസ്‌മയ’മായി. പുറംലോകത്തിന്റെ ആസക്തി നിറഞ്ഞ ചുഴിഞ്ഞുനോട്ടങ്ങൾ കണ്ടുകൊണ്ടാണ് ഞാൻ വളർന്നത്. വൃത്തികെട്ട തുറിച്ചുനോട്ടംകൊണ്ട് എന്നെ വിവസ്‌ത്രയാക്കാത്ത പുരുഷൻമാരെ ഗോവിന്ദിനുമുൻപ് ഞാൻ കണ്ടിട്ടില്ല. ഗോവിന്ദ് എനിക്ക് സ്‌ത്രൈണാന്തസ്സിന്റെ പുതിയ പദവി തന്നു. ഞാൻ മറ്റുളളവരുടെ ആഗ്രഹവസ്‌തുവായിരുന്നിട്ടേ ഉളളൂ. അന്നാദ്യമായി ഗോവിന്ദ് എന്റെ ആഗ്രഹലോകത്തിലെ കേന്ദ്രകഥാപാത്രമായി.
Generated from archived content: essay2_july14.html Author: shaju_vv