ഫോർവേഡിൽ വിരലമർത്തിയപ്പോൾ ഡാഡിയുടെ ഫ്രെയിമിനു മറയായി നിന്നിരുന്ന ജെയിംസ് ബോണ്ട് അമുലിനടുത്തേക്ക് സ്ലോ മോഷനിൽ ഓടാൻ തുടങ്ങി. സ്‌റ്റണ്ട്‌മ്യൂസിക്കോടെ തന്റെയടുത്തേക്ക് വരുന്നത് ജെയിംസ് ബോണ്ടല്ല ഡാഡിയാണെന്ന് അമുലിന് തോന്നി. അവനിൽ ഒരു കുളിര് കയറി. അമുലിനെ തൊട്ടതും പാന്റ്‌സിൽ കുടുങ്ങിയിരുന്ന ഡാഡിയുടെ കൈകൾ മ്യൂസിക്കിന്റെ പാരമ്യത്തോടൊപ്പം ഉയർന്ന് വന്ന് അവനുനേരെ കടലാസ് പൂക്കൾ വിതറി. പൊടുന്നനെ ഡാഡിയുടെ മുഖം ഗൗരവമണിഞ്ഞത് കണ്ടപ്പോൾ അമുലിന്റെ മുഖം മങ്ങി. അവൻ പൂക്കൾ ഉപേക്ഷിച്ച് റിമോട്ടിൽ തുരുതുരാ ഞെക്കി. ചുമരുകളിലങ്ങിങ്ങായി തട്ടിത്തെറിച്ച് ജെയിംസ് ബോണ്ട് ബെഡ്‌റൂമിലെ സോഫായുടെ ഇരുട്ടിലേക്ക് നൂണ്ട് കയറി.
റിമോട്ട് ടിപ്പോയിയിൽ വെച്ച്, നിലത്ത് കമിഴ്‌ന്ന് കിടന്ന് ചിത്രം വരക്കുകയായിരുന്ന അനിയത്തി വീണക്ക് ഒരു തട്ടുകൊടുത്ത് അവൻ കണ്ണാടിയിലേക്ക് ചാടി. എന്നും സുരേഷ്‌ഗോപിയായി നിവർന്ന് നില്‌ക്കാറുണ്ടായിരുന്ന അവന് ഇന്ന് ഒരു രസവും വന്നില്ല. കണ്ണാടിയിലൂടെ മാറി നോക്കിനിന്നപ്പോൾ താൻ ഒരു ജയിലിലാണെന്ന് അമുലിന് തോന്നി. അവരെ തനിച്ചാക്കി വീട് പൂട്ടി ഷോപ്പിംഗിനെന്നും പറഞ്ഞ് മമ്മി പോയിട്ട് മണിക്കൂറുകളായി. ഇരുട്ട് വീടിനെ നക്കിയെടുക്കാൻ തുടങ്ങിയിട്ടുണ്ട്. രാത്രിയിൽ ഉറക്കംവരാതെ വീട്ടിൽ ഒറ്റക്കായ ഒരു കുട്ടിയുടെ അവസ്ഥ ഓർത്തപ്പോൾ തന്നെ അമുലിന് പേടിവന്നു.
ഒന്നും ചെയ്യാനും തോന്നുന്നില്ല. കളിക്കാനും രസമില്ല. അവന് വല്ലാതെ വീർപ്പുമുട്ടി. ചത്തപട്ടിയുടെ നാവുപോലെ കിടന്നിരുന്ന ടൈ മുന്നോട്ട് വലിച്ച് കൊണ്ട് അവൻ ചാരുകസേരയിലേക്ക് കയറി ടി.വി. ഓണാക്കി.
വലിയ കഴുകനെപ്പോലെ നാലുപേർ ഒരു സ്‌ത്രീക്കുമേൽ ചിറകുകൾ വിരിക്കുകയാണ്. അമുലിന് വല്ലാത്ത കൗതുകംതോന്നി. അവൻ തല കൈയ്യിലേക്കിട്ട് ആ നീലയിലേക്ക് വീണു. ആ സ്‌ത്രീയുടെ ശിരസ്സ് ക്ലോസപ്പിൽ വന്നപ്പോൾ അവിടെ കിടക്കുന്നത് തന്റെ അമ്മയാണെന്ന് ഇത്തവണ അവന് തോന്നി. അങ്ങനെ അവൻ സീൽക്കാരത്തിനിടയിലൂടെ ഒരോർമ്മയിലേക്ക് ഊളിയിട്ടു.
നേരത്തെ വിട്ട ഒരു വൈകുന്നേരം ബാഗ് സ്പിന്നാക്കി ബെഡ്‌റൂമിലേക്ക് എറിയുമ്പോൾ കണ്ടു, കട്ടിലിൽ മമ്മിക്ക് മീതെ ഒരു ഓന്തുപോലെ ജോർജ്ജങ്കിൾ. ബാഗ് തലകുത്തനെ വീഴുമ്പോൾ ഞെട്ടലിന്റെ ചുവപ്പ് നിറം ബാധിച്ച് ഞെട്ടിത്തിരിയുന്ന ജോർജ്ജങ്കിൾ. തന്നെ കണ്ടതും വിളർച്ചയുടെ പച്ച കയറി കണ്ണടക്ക് തിരയുന്ന ജോർജ്ജങ്കിൾ. അടുത്ത നിമിഷം ‘അമൂള്‌മോനോ’ എന്ന മൂക്കൻ ശബ്‌ദവുമായി വായിൽ നിറഞ്ഞ പല്ലുകൾ കാട്ടി സന്തോഷത്തിന്റെ കറുപ്പ് ഷർട്ടിട്ട് കിറ്റ് കാറ്റെടുത്ത് ജോർജ്ജങ്കിൾ വരുമ്പോൾ ചോര കുടിക്കാതിരിക്കാൻ അമുൽ തുപ്പൽ കൈയ്യിലാക്കി കുടുക്ക് പൊട്ടിച്ച് നെഞ്ചാംകുഴിയിൽ നിറച്ചു.
‘മമ്മിക്ക് പനിയാണ് മോനേ’ എന്നും പറഞ്ഞ് കിറ്റ്‌കാറ്റ് ഇടത്തേകൈയ്യിൽ വെച്ച് തന്ന് ഒറ്റത്തിരി തിരിച്ച് ജോർജ്ജങ്കിൾ നടന്നപ്പോൾ പൊന്തിവന്ന നിലവിളി എവിടെയോ താണുപോയി. ആ നിലവിളി അറിയാതെ ഇപ്പോൾ അമുലിലേക്ക് പടർന്നു.
ചണ്ടികൾ ചേർത്ത് വെച്ചുണ്ടാക്കിയ ഒരു രൂപംപോലെ നാലുപേരും ഇട്ടുപോയ അവൾ ഇപ്പോൾ വിതുമ്പുകയാണ്. അമുലിന്റെ നിലവിളി പടരും മുമ്പ് അവനെ ആരോ പിടിച്ച് ന്യൂജനറേഷൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സന്മാർഗ്ഗോപദേശങ്ങൾ എഴുതിയ ചുമരിനടുത്തേക്ക് എറിഞ്ഞു. ജെയ്‌മോൻ ജോസഫ് കൊണ്ടുവന്ന സച്ചിൻ ടെണ്ടുൽക്കറുടെ അറുപത് വ്യത്യസ്തചിത്രങ്ങൾ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ടെറൻസൺ എല്ലും തോലും കെട്ട നഗ്‌നയായ ഒരു കറുത്തപെൺകുട്ടിയെ സച്ചിനു മേലേക്കിട്ടത്. എല്ലാവരും ഭയങ്കര വെറുപ്പോടെ അതിൽ കണ്ണുകൾ വെച്ചപ്പോൾ അമുലിന്റെയും പോൾസൺ പീറ്ററിന്റെയും ചുമലുകളിലൂടെ ഒരു വെളളിക്കെട്ടനെപോലെ വിരലുകൾ ചലിപ്പിച്ചുകൊണ്ട് ടെറൻസൺ പറഞ്ഞുഃ ഫന്റാസ്‌റ്റിക് പീസായിരുന്നൂത്രേടാ ഇത്. എന്റെ ഡാഡി പിറകെ നടന്ന് പിടിച്ചതാടാ ഇവളെ. പാവം അപ്പോന്നെ ചത്തു. ഡാഡിന്ന്യൊയിരുന്നു അന്വേഷിച്ചതും. ഫോട്ടോ, ഫയല്, പത്രം…. അവസാനം ആരാ കൊന്നേന്ന് ഡാഡ്യന്നെ കണ്ടുപിടിച്ചു, ഓൾടെ അച്‌ഛൻ! ഇപ്പം ഡാഡി കമ്മീഷണറാ…
സിസ്‌റ്റർ സെലിൻ ടീച്ചർ അടുത്തുകൂടി വരുമ്പോൾ ടെറൻസൺ ഒരാമയെപോലെ അവർക്കിടയിലേക്ക് തലപൂഴ്‌ത്തി ശബ്‌ദം താഴ്‌ത്തിഃ എന്റെ ഡാഡി എന്ത് ഭാഗ്യവാനാണെന്നറിയ്യ്യോ. ആറെണ്ണത്തിന്യാ ബലാത്സംഗം ചെയ്‌തത്. ഈ ടീച്ചറേം ഡാഡി ലൗവാക്കീനെത്രെ. പിന്നെ വേറൊരു കാര്യം ഡാഡി പറഞ്ഞത്, രസം റേപ്പ് ചെയ്യാനാണത്രെ. റേപ്പ് ചെയ്‌തിറ്റ് അതില് വീണ പെണ്ണ് കരയുമ്പം ഡാഡിക്ക് ഇങ്ങനെന്നെ കുളിര് കേറൂത്രേ.
വാ പൊളിച്ചു നിന്നിരുന്ന അമുലിന്റെ വായിലേക്ക് ആ പെൺകുട്ടിയെ ചുരുട്ടിയിട്ട് ടെറൻസൺ തുടർന്നു. ‘രാവിലെ സെലിൻടീച്ചറ് എന്താണമ്പീഷനെന്ന് ചോദിച്ചില്ലേ. എന്നോട് ചോദിച്ചിരുന്നെങ്കിൽ ഞാൻ തൊണ്ടപൊട്ടും ശബ്‌ദത്തിൽ പറഞ്ഞേനെ, ഗുഡ് റേപ്പറാവണമെന്ന്.’ ടെറൻസൺ വായിലിട്ട ഫോട്ടോ ഇപ്പോഴും അണ്ണാക്കിൽ പറ്റിക്കിടപ്പുണ്ടെന്ന് അമുലിന് തോന്നി. അവൻ ഉറക്കെ കറക്കിക്കൊണ്ട് പ്രോഗ്രസ് ഞെക്കി.
അവിടെ പെപ്‌സിയുടെ പരസ്യമായിരുന്നു. പെപ്‌സി കറക്കാൻ തുടങ്ങിയതേയുളളൂ. താരാശർമ്മ ചുംബിക്കാനായി നില്‌ക്കുന്നുണ്ട്. ഷാരൂഖ്‌ഖാൻ താരയിൽ തന്നെയാണ്. ഒന്നാമത്തെ തിരിച്ചലിൽ ഒരു നെടുവീർപ്പ് ചിഹ്‌നംപോലെ പെപ്‌സി ചെന്നായ്‌മുഖമുളള ഒരുത്തനിൽ വന്നു. ഷാരൂഖ്‌ബാന്റെ നിരാശ ക്ലോസപ്പിൽ. രണ്ടാമത്തെ തവണ വെളളത്തിൽ കുതിർന്ന പാവപോലെയുളള ഒരുത്തനിൽ വന്നു. മൂന്നാം തവണ ഇതാ നുണക്കുഴി ഷാരൂഖ്‌ഖാൻ! അമുൽ തുളളിക്കൈയ്യടിച്ചു. എന്നാൽ താരാശർമ്മ ഒന്നും മിണ്ടാതെ നില്‌ക്കുന്നത് കണ്ടപ്പോൾ വിഷാദവാനായി ഷാരൂഖ്. വിഷമം കണ്ട് അലിഞ്ഞ് മ്യൂസിക്ക് പിടിച്ച് താരാശർമ്മ ഷാരൂഖ്‌ഖാനെ ആലിംഗനം ചെയ്‌ത് ചുംബിക്കുന്നു. അവസാനം ‘ആഹാ’. വീണ്ടും അതേ പരസ്യം. അമുലിന് നല്ല രസം തോന്നി.
അവൻ ഫ്രിഡ്‌ജിൽ നിന്ന് ഒരു പെപ്‌സിയുമെടുത്ത് വന്നു. ‘വാന്നേ വീണേ, നമ്മക്ക് ഉമ്മംവെച്ച് കളിക്കാലോ…’ വീണ മിണ്ടിയതേയില്ല. അവൾ ചിത്രം വരയിൽ തന്നെ മുഴുകിയിരുന്നു. അമുലിന് ദേഷ്യം വന്നു. തരിപ്പ് കൈയ്യിൽ ചുരുട്ടി അവൻ അവൾക്കടുത്തേക്ക് ചെന്നു. അവൾ വരക്കുകതന്നെയാണ്. ശ്രദ്ധ കൂടിയ വരകണ്ട് അവൻ പിന്തിരിഞ്ഞു.
പരസ്യം കഴിഞ്ഞിരുന്നു. ഒരു യുദ്ധമാണ് ചാനലിൽ. അമുലിൽ ഒരു പനി കയറി. അങ്ങനെയാണ് അവന്, ചോര കാണുമ്പോൾ ഒരു ചൂട് പടർന്നുകയറും. റിമോട്ടെടുക്കാനാവാതെ അവൻ ചാരുകസേരയിൽ ഉറഞ്ഞുപോയി.
ഒരു മല നെടുകെ പിളർന്നുണ്ടായ രണ്ട് കുന്നുകൾക്കിടയിലായിരുന്നു ടെന്റ്. ടെന്റിന്റെ നടുവിലായി ആറ് ജഡങ്ങൾ കൂട്ടിയിട്ടിരുന്നു. എല്ലാത്തിനും മുകളിലായി തൂങ്ങിക്കിടന്നിരുന്ന കറുത്ത ജഡത്തിൽ നിന്നും ചോരയോട്ടം നിലച്ചിരുന്നില്ല. വായ മലർക്കെ തുറന്നുളള അതിന്റെ കിടപ്പ് ഇൻർവ്യൂ നന്നായി ചെയ്‌ത് സംതൃപ്‌തിയോടെ വീട്ടിലേക്ക് തിരിക്കുന്നവന് നേരിട്ട ദുരന്തം കാണിച്ചു. മഴപോലെ ടെന്റിന്‌മേൽ മഞ്ഞ് വീണ് ചിതറി ഡിസംബർ അവസാനമാണെന്ന സൂചന തന്നു. ആരും കമ്പിളി ധരിച്ചിരുന്നില്ല. മിക്കതും വെറും കൊളളികളായ ശരീരങ്ങളെ തന്നെ നോക്കിയിരുന്നു. അവരെല്ലാം അസ്വസ്ഥരായിരുന്നു. വിശപ്പും ദാഹവും മാത്രമായിരുന്നില്ല അകാരണമായ ഒരു ഭയം അവരിൽ പുകഞ്ഞിരുന്നു. മിലിട്ടറി വേഷം മാറ്റി തണുപ്പ് സ്വീകരിച്ച് കൊണ്ടിരുന്ന കുടവയറുളള ഒരു മെലിഞ്ഞവൻ ചോര നിലക്കാത്തവന്റെ കൈ വെട്ടിയെടത്ത് ആർത്തിയോടെ ഈമ്പിത്തിന്നാൻ തുടങ്ങി. അമുൽ ചാരുകസേരയിൽ ഞെളിപിരികൊണ്ടു. അവന്റെ ഹൃദയമിടിപ്പ് ചാനലിലെ ഇരുട്ട് തകർത്ത് മുന്നേറി. പെട്ടെന്നായിരുന്നു വല്ലാത്ത വേവലാതി തരുന്ന കണ്ണുകളുളള ഒരുവൻ ബാരക്കിൽ നിന്ന് തോക്ക് തിരിച്ചെടുത്ത് ടെന്റിനപ്പുറത്തേക്ക് കാഞ്ചിതൊടുത്തത്. വീട് സ്വപ്‌നത്തിൽ നിറച്ച് മതിയാക്കി അതേപോലെ തോക്ക് എടുത്ത് കാഞ്ചിവലിക്കുന്ന ആറടി പൊക്കക്കാരനായിരുന്നു വെടിയേറ്റത്. അവന്റെ ഹൃദയത്തെ ഒന്നാകെ വെടിയുണ്ടകളെടുത്തു. കീ കൊടുത്ത ജെയിംസ് ബോണ്ടുകൾ പോലെ വെടിവെപ്പ് തന്നെയായിരുന്നു. പിന്നെ ടെന്റ് തന്നെ ഒരു തോക്കായി മാറി. ചത്ത് വീഴുന്നതിലുപരി അവരെന്താണ് ഒന്നു ഞരങ്ങുകപോലും ചെയ്യാത്തതെന്നാലോചിച്ച് അമുൽ തളർന്നു. അവനിൽ പനി തിക്കിക്കയറി. ഒരു മ്യൂസിക്ക് പോലുമില്ലാതെയുളള ആ ചോരച്ചാല് തീർക്കലിൽ അവന്റെ കണ്ണുകൾ തറഞ്ഞുനിന്നു. താഴെ വന്ന ചെറിയ എട്ട് അക്ഷരങ്ങൾ അവൻ ചേർത്ത് വായിക്കാൻ ശ്രമിച്ചു. ******* അവനൊന്നും മനസ്സിലായില്ല.
പനിയെ ഒന്നാകെ എറിഞ്ഞുകളയാൻ ശ്രമിച്ചുകൊണ്ട് അവൻ ടീപ്പോയിക്കടുത്തേക്ക് പിടഞ്ഞ് പാഞ്ഞ് റിമോട്ടെടുത്ത് എവിടെയോ ഞെക്കി. തന്നിലെ പനി എന്തെല്ലാമോ ആയി മാറുകയാണെന്ന് ആ പാവം ആറുവയസ്സുകാരൻ അറിഞ്ഞു. റിമോട്ട് ഒരഭയമായി നെഞ്ചോട് ചേർത്ത് പിടിച്ച് അവനങ്ങനെ നിന്നു.
അതിവേഗതയുളള ഒരു ആറ് മിനുട്ടാണ് പിന്നീടുണ്ടായത്. ഒരു റെക്കോർഡ് ബോക്‌സിംഗ് അമുലിലേക്ക് ചേർന്നു. മസിലുകൾ വിറപ്പിച്ച് കറുപ്പ് കാണിച്ച് അവർ അടിയോടടി തന്നെയായിരുന്നു. ഒരാൾക്കല്പം നീളം കുറവായിരുന്നെങ്കിലും ശരീരത്തിൽ രണ്ട് പേരും തുല്യരായിരുന്നു. അനങ്ങുമ്പോൾ പിടയുന്ന മസിലുകൾ ക്ലോസപ്പിൽ മിന്നിമറഞ്ഞു. റിംഗുകളില്ലാത്തതായിരുന്നു സ്‌റ്റേജ്. ഷാമ്പെയ്‌നുകൾ ചുറ്റും പൂത്തിരികൾ സൃഷ്‌ടിച്ചു. ചെറിയവൻ പഞ്ചിൽവെച്ച കല്ലുകൾ മുന്നിലാക്കി വലിയവന്റെ നെറ്റി ലാക്കാക്കി കൊടുത്തതോടെയായിരുന്നു തുടക്കം. ചീറിവന്ന ചോര വായിലാക്കി രണ്ടാമൻ ഒന്നാമന്റെ ചെകിടിന് ആഞ്ഞടിച്ചു. അതിന്റെ ആഘാതത്തിൽ ഒന്നാമന്റെ കൈകൾ നെഞ്ചിലേക്ക് വീണു. ചവിട്ടിത്തെറിപ്പിക്കൽ, ചുഴറ്റിയെറിയൽ, മലർത്തിയടിക്കൽ, നെഞ്ചിൻകൂട് കീറൽ.. രണ്ടുപേരും തങ്ങളുടെ വിയർപ്പൊന്നാകെ അമുലിന് നേരെ തേവി. അവനിൽ നിന്ന് പനി പറന്നു. റിമോട്ട് പിടിച്ചുകൊണ്ടുതന്നെ അവൻ വീണയെ ചുരുട്ടിയെടുത്തു. കൈകളിൽ കല്ലുകൾ നിറച്ച് വയറ്റിനു തന്നെ പ്രഹരിച്ചു. കൈകൾ ഉയർത്തിക്കൊണ്ട് ‘ഏട്ടാ തല്ലരുതേട്ടാ, ഇത് ഞാനാണേട്ടാ’ എന്ന് നിസ്സഹായയായി അവൾ നിലവിളിക്കുന്നുണ്ടായിരുന്നു. അമുലതൊന്നും കേട്ടതേയില്ല. നിമിഷനേരം കൊണ്ട് അവയവങ്ങൾ ഉറച്ചിട്ടില്ലാത്ത അവന്റെ ഇളം ശരീരം കോർട്ടിലെ മസിൽമാനായി രൂപാന്തരപ്പെടുകയായിരുന്നു. തന്റെ ചുറ്റും പൂത്തിരികൾ വിരിയുന്നത് അവൻ കണ്ടു. ഫ്രോക്കിൽ പിടിച്ചുയർത്തി അവനൊരു കുട ചുഴറ്റും പോലെ അവളെ കറക്കി നിലത്ത് നിർത്തി വീണ്ടും വയറ്റിനു തൊഴിച്ചു. ഒരു നിമിഷം ഏട്ടന്റെ കൈയ്യയഞ്ഞത് കണ്ട് പ്രാണന് വേണ്ടി അവൾ ഓടാൻ തിരിഞ്ഞപ്പോൾ ടി.വി.സ്‌റ്റാന്റിൽ ചവിട്ടി കമിഴ്‌ന്ന് വീണു. കാണികളുടെ എണ്ണം കൂടുകയായിരുന്നു. വീണയുടെ ഇളംതൊലി ഷർട്ടിന്റെ കോളറ് പോലെ പിടിച്ചുയർത്തി അവളുടെ കരച്ചിലുകളെയൊന്നാകെ ഒരു നിമിഷത്തിലേക്ക് ചുരുക്കി എല്ലാശക്‌തിയും കൈകളിൽ നിറച്ച് കണ്ണാടി പതിപ്പിച്ച ചുമരിൽ അവൻ അവളെ ഊക്കിൽ കുത്തിവിട്ടു. ഒരു ഞരക്കം മാത്രമായി കണ്ണുകൾ തുറിച്ച് അവൾ ചുമരിൽ നിന്ന് വഴുതിവീണു.
ഷാമ്പെയ്‌നുകൾ പതയുകയായിരുന്നു. അവൻ ചാനലിലേക്ക് തലതിരിച്ചു. മത്സരം തീർന്നിരിക്കുന്നു, വിറച്ച് പോയി. യാഥാർത്ഥ്യം മനസ്സിലാവാതെ അവൻ ചോര പടർന്ന തന്നെത്തന്നെ തുറിച്ച് നോക്കി. നിലത്ത് വീണ് കിടക്കുന്ന വീണയെ അവൻ കണ്ടു. അലറിക്കരഞ്ഞുകൊണ്ട് അവൻ വീണയെ കുലുക്കി വിളിച്ചു. കണ്ണുതുറിച്ചുളള നോട്ടം മാത്രം ബാക്കിയായിരുന്നു. അമുലിന്റെ കൈയ്യിൽ നിന്നൂർന്ന് അവൾ കാർപെറ്റിനെ ഉമ്മ വെച്ചു.
അമുൽ വീണ വരച്ച ചിത്രത്തിലേക്ക് കരയാനാവാതെ തളർച്ചയോടെ മലർന്നു വീണു.
അതിലൊരു പുഴയുണ്ടായിരുന്നു. കിളികളുണ്ടായിരുന്നു. പൂക്കളുണ്ടായിരുന്നു. അങ്ങനെ പലതുമുണ്ടായിരുന്നു.
Generated from archived content: story_jan29.html Author: shajikumar
Click this button or press Ctrl+G to toggle between Malayalam and English