ആത്മാവ്

എവിടെയാണ് നീ എന്ന് ഇത് വരെ എനിക്ക് അറിയില്ലായിരുന്നു…. കാരണം ഇത്രയും നാളും ഞാന്‍ നിന്നെ അന്വേഷിച്ചു നടക്കുകയായിരുന്നു … കാലത്തിന്‍റെ കണക്കു പുസ്തകത്തില്‍ നിന്‍റെ പേര് മാഞ്ഞു തുടങ്ങിയിരുന്നു… പക്ഷെ ഇതാ അവള്‍ എന്‍റെ മുന്നില്‍ അവതരിച്ചിരിക്കുന്നു…. തിരഞ്ഞു തിരഞ്ഞു മടുത്തപ്പോള്‍ അറിയാതെ പറഞ്ഞു പോയി “പോട്ടെ …എല്ലാവരും പോവട്ടെ…എനിക്കാരും വേണ്ട…ആരും വേണ്ട..ബന്ധുക്കളും ..സുഹൃത്തുക്കളും..നാട്ടുകാരും… ആരും വേണ്ട…ഞാന്‍ മാത്രം മതി എനിക്ക്…ഞാന്‍ മാത്രം…മനസ്സില്‍ ഞാന്‍ ഭ്രാന്തമായി പറഞ്ഞു . അവള്‍ എന്നോട് ചോദിച്ചു ” പിണക്കമാണോ “? ” അതെ എന്താ എനിക്ക് പിണങ്ങിക്കൂടെ” ? വര്‍ഷങ്ങളായി തിരഞ്ഞു തിരഞ്ഞു മടുത്തു…ഒന്ന് കാണാന്‍ കൊതിച്ച്…..ആ എനിക്ക് പിണങ്ങാന്‍ കൂടി പറ്റില്ലേ? അവള്‍ അത് കേട്ട് മന്ദഹസിച്ചു … ” എന്നോട് മിണ്ടില്ലേ? ” നിന്നോട് പറയാനുള്ള വാക്കുകള്‍ മനസ്സില്‍ താലോലിച്ചു നടന്നു..ഒടുവില്‍ ആ ചവറ്റുകുട്ടയില്‍ തന്നെ ഞാന്‍ എന്നെ ചുരുട്ടി തള്ളി … ” ഇല്ല നിന്നോട് ഒരക്ഷരം ഞാന്‍ മിണ്ടില്ല..” വീണ്ടും മന്ദഹാസം മാത്രം .. “എന്നോട് സ്നേഹമില്ലേ”? ഒന്ന് പകരുവാന്‍ കൈക്കുമ്പിളില്‍ കരുതി നടന്നു….ഒടുവില്‍ അത് മുഴുവന്‍ ചോര്‍ന്ന് …ചോര്‍ന്ന്.. “ഹ്ഉമം സ്നേഹം ഇവള്‍ ആര്..മഹാറാണിയോ? നിന്നെ ഞാന്‍ എന്തിനു സ്നേഹിക്കണം ? ” അവളുടെ കണ്ണുകളില്‍ പൊഴിയുന്ന കണ്ണുനീര്‍ കണ്ടപ്പോള്‍ വിജയിച്ചവനെപ്പോലെ ഞാന്‍ നിന്നു…അത് കാണാന്‍ വേണ്ടിയാണല്ലോ ഞാന്‍ കൊതിച്ചതും…. ഇടറിക്കൊണ്ട് അവള്‍ പറയുകയാണ് .. ” ഇല്ല എന്നോട് പിണങ്ങണോ…മിണ്ടാതിരിക്കുവനോ ..സ്നേഹിക്കാതിരിക്കുവനോ നിനക്ക് കഴിയില്ല ..” അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവള്‍ പൊട്ടിക്കരഞ്ഞു പോയി… അത്രയും നേരത്തെ ദേഷ്യം മുഴുവന്‍ ചോര്‍ന്ന് പോവുന്നത് അറിഞ്ഞു കൊണ്ടാണെങ്കിലും വാക്കുകളില്‍ ശക്തി ആവാഹിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു… ” അത് പറയാന്‍ നീ എന്‍റെ ആരാ..?” അവള്‍ ഒരു നിമിഷം മൌനമായി നിന്നു പിന്നെ പതുക്കെ പറഞ്ഞു… “നിന്‍റെ ആത്മാവ് …”

Generated from archived content: story1_july23_12.html Author: shajikollenkodu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here