ആവേശവും സാഹസികതയും നിറഞ്ഞുനിന്ന ഒരു യാത്രയുടെ ഓർമ്മയ്‌ക്ക്‌

മഴ അൽപം വിട്ടുമാറിയ ആഗസ്‌റ്റ്‌ മാസത്തിലെ ഒരു തെളിഞ്ഞ ദിനത്തിലാണ്‌ ഞാനും കൂട്ടുകാരും മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത ആഡ്യൻപാറ എന്ന വിനോദസഞ്ചാരകേന്ദ്രം സന്ദർശിക്കാൻ പുറപ്പെട്ടത്‌. സഹ്യന്റെ മടിതട്ടിൽനിന്നും പുറപ്പെടുന്ന ശുദ്ധമായ കാട്ടരുവി നയനമനോഹരമായ വെളളച്ചാട്ടമായി രൂപാന്തരപ്പെടുന്ന സ്ഥലമാണ്‌ ആഡ്യൻപാറ. കടുത്ത വേനലിലും ശുദ്ധജലം കൊണ്ട്‌ സമൃദ്ധമായ ഈ കാട്ടരുവി നിരവധി ഔഷധഗുണങ്ങൾ കൊണ്ട്‌ സമൃദ്ധമാണെന്നും പറയപ്പെടുന്നു.

മാരുതിവാനിൽ ആറുപേരുളള ഒരു സംഘമായാണ്‌ ഞങ്ങൾ ആഡ്യൻപാറയിലെ സാഹസികത ആസ്വദിക്കാൻ പുറപ്പെട്ടത്‌. ഞങ്ങൾ യാത്രപുറപ്പെടുമ്പോൾ ഞങ്ങൾക്ക്‌ കൂട്ട്‌ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. എന്നാൽ ഞങ്ങൾ നിലമ്പൂരിലേക്ക്‌ അടുക്കുന്തോറും അന്തരീക്ഷം കറുത്തുവന്നു. നിലമ്പൂരിലെത്തിയതോടെ മഴ അതിന്റെ സകലശക്‌തിയോടെയും പെയ്യാൻ തുടങ്ങി. വാഹനത്തിന്റെ വൈപ്പർ പ്രവർത്തിപ്പിച്ചിട്ടും എതിർദിശയിൽകൂടി വരുന്ന വാഹനങ്ങൾ ദൃശ്യമാകാത്ത അത്രയും ശക്തമായ മഴ. വേഗത കുറച്ചും, ലൈറ്റ്‌ തെളിയിച്ചും നിലമ്പൂരിൽനിന്നും അകമ്പാടം വഴി ഞങ്ങൾ ആഡ്യൻപാറ ലക്ഷ്യമാക്കി നീങ്ങി.

വാഹനങ്ങൾക്ക്‌ എത്തിപ്പെടാവുന്ന സ്ഥലത്തുനിന്നും ഏകദേശം ഒരു കിലോമീറ്റർ കുത്തനെ കയറ്റം നടന്നു കയറിവേണം വെളളചാട്ടത്തിന്‌ സമീപമെത്താൻ. ഞങ്ങൾ സന്ദർശകരുടെ വാഹനങ്ങൾ പാർക്കുചെയ്യുന്ന കടയുടെ മുന്നിൽ വണ്ടി ഒതുക്കി നിർത്തിയിട്ടു. അപ്പോഴും മഴയുടെ ശക്‌തി കുറഞ്ഞിരുന്നില്ല. കാട്ടരുവിയിൽ ഇറങ്ങി കുളിക്കണമെന്ന്‌ ആഗ്രഹിച്ചതുകൊണ്ട്‌ എല്ലാവരും കുളിക്കാനുളള തയ്യാറെടുപ്പോടെ കോരിചൊരിയുന്ന മഴയത്ത്‌ കുത്തനെയുളള വഴി നടന്നു കയറാൻ തുടങ്ങി. മഴ വകവെക്കാതെയുളള ഞങ്ങളുടെ നടത്തം സമീപവാസികൾ വിസ്‌മയത്തോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. കയറ്റം കയറുന്നതിനനുസരിച്ച്‌ അരുവിയിൽ കൂടി വെളളം ഒഴുകിക്കൊണ്ടിരിക്കുന്ന ശബ്‌ദം അടുത്തുവന്നുകൊണ്ടിരുന്നു. മലയുടെ മുകളിലെത്തി പാറയിലൂടെ അല്പം താഴോട്ട്‌ ഇറങ്ങിവേണം വെളളച്ചാട്ടത്തിന്‌ സമീപമെത്താൻ. “പാറ വഴുക്കുന്നുണ്ട്‌. സൂക്ഷിക്കണം” എന്ന സമീപവാസികൾ സ്ഥാപിച്ച മുന്നറിയിപ്പ്‌ ബോർഡാണ്‌ കീഴോട്ടുളള പാതയിൽ ഞങ്ങളെ വരവേറ്റത്‌.

ആവേശത്തോടെ ഞങ്ങൾ അരുവി ലക്ഷ്യമാക്കി നടന്നു. മുന്നറിയിപ്പ്‌ ബോർഡ്‌ സൂചിപ്പിച്ചതുപോലെ പാറ നല്ലപോലെ വഴുക്കുന്നുണ്ടായിരുന്നു. പലരും പാറയിൽ അടിതെറ്റി വീണുക്കൊണ്ടിരുന്നു. മണിക്കൂറോളമായി മഴ തിമിർത്തു പെയ്യാൻ തുടങ്ങിയിട്ടും അരുവിയിലെ വെളളത്തിന്‌ നല്ല തെളിമയുണ്ടായിരുന്നു. നല്ല കുളിരും. ഞങ്ങളെല്ലാവരും വെളളത്തിലിറങ്ങി. തെളിഞ്ഞ അരുവിയിലെ കുളിര്‌ നല്ലപോലെ ആസ്വദിച്ചു. ഞങ്ങൾ കുളിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്തുനിന്നും അല്പം താഴോട്ടിറങ്ങിവേണം വെളളച്ചാട്ടം ദൃശ്യമാകുവാൻ.

കാട്ടരുവി കരിമ്പാറയിൽ തട്ടി പതഞ്ഞുപൊങ്ങി, പാൽ നിറത്തോടെ വെളളച്ചാട്ടമായി കുത്തനെ താഴോട്ട്‌ പതിക്കുന്ന കാഴ്‌ച കണ്ണിന്‌ നല്ലൊരു വിരുന്നും, വെളളച്ചാട്ടത്തിന്റെ സംഗീതം കാതിന്‌ നല്ലൊരു വിഭവവുമായിരുന്നു. കോരിച്ചൊരിയുന്ന മഴ വകവെക്കാതെ പ്രകൃതി ഒരുക്കിയ ദൃശ്യവിസ്‌മയത്തിൽ ഞങ്ങൾ അലിഞ്ഞുചേർന്നു. കഥകൾ പറഞ്ഞും പാട്ടുപാടിയും കുസൃതികളൊപ്പിച്ചും ആ സുന്ദര നിമിഷങ്ങൾക്ക്‌ ഞങ്ങൾ ഊഷ്‌മളതയേകി. പാറയിലെ ചില അടിതെറ്റലുകളൊഴിച്ചാൽ അവിടംവരെ സാഹസികതയുടെ ഭീകരതയൊന്നും അനുഭവിക്കേണ്ടിവന്നില്ല.

സാഹസികതയുടെ അനുഭൂതി അൽപംകൂടി ആസ്വദിക്കണമെന്ന അടക്കിവെക്കാനാവാത്ത ആഗ്രഹംമൂലം ഞങ്ങൾ വെളളച്ചാട്ടത്തിന്റെ രൗദ്രത കൂടുതൽ അനുഭവിക്കുവാൻ തീരുമാനിച്ചു. ഞാനും സുഹൃത്തുംകൂടി വെളളച്ചാട്ടത്തിന്‌ സമീപത്തെ കുത്തനെയുളള പാറയിൽ അളളിപ്പിടിച്ച്‌ കീഴോട്ടിറങ്ങാൻ തുടങ്ങി. പാറയിലെ വഴുവഴുപ്പിനെ വകവെക്കാതെ ഞാനും സുഹൃത്തും അളളിപ്പിടിച്ചും, ഇഴഞ്ഞുനീങ്ങിയും മുന്നോട്ട്‌ നീങ്ങിക്കൊണ്ടിരുന്നു. വിജയകരമായി ഈ ഇറക്കമിറങ്ങിയാൽ താഴെയുളള വിശാലമായ തടാകംപോലെയുളള സ്ഥലത്ത്‌ നീന്തിത്തുടിക്കാമെന്നതുകൊണ്ട്‌ ഞങ്ങളുടെ ആവേശം ഇരട്ടിച്ചു. മുന്നോട്ട്‌ പോകുന്തോറും കുത്തനെയുളള പാറയിലെ വഴുവഴുപ്പ്‌ വർദ്ധിച്ചുകൊണ്ടിരുന്നു.

പെട്ടെന്ന്‌ ചരിഞ്ഞപാറയിലെ എന്റെ പിടുത്തം നഷ്‌ടപ്പെട്ട്‌ കുത്തനെ കീഴോട്ട്‌. ഞാൻ ദൈവത്തെ മനസ്സിൽ ധ്യാനിച്ച്‌ സകലശക്‌തിയുമുപയോഗിച്ച്‌ വെളളം കെട്ടിനില്‌ക്കുന്ന സ്ഥലത്തേക്ക്‌ എടുത്തുചാടി. എന്റെ താഴ്‌ഭാഗത്തെ ആർത്തനാദവും വീഴ്‌ചയുമെല്ലാമായപ്പോൾ സുഹൃത്തും അയാളുടെ പിടിവിട്ട്‌ വെളളത്തിന്റെ കയങ്ങളിലേക്ക്‌ എടുത്തുചാടി. വെളളച്ചാട്ടം വന്നു പതിക്കുന്ന സ്ഥലമായതുകൊണ്ട്‌ ആ ഭാഗത്തിന്‌ നല്ല ആഴവും ശരീരം തുളച്ചു കയറുന്ന തണുപ്പുമുണ്ടായിരുന്നു. ഞങ്ങൾ സകലശക്‌തിയുമെടുത്ത്‌ കരഭാഗത്തേക്ക്‌ നീന്തികയറാൻ ശ്രമിച്ചു. അല്പംകൂടി മുന്നോട്ട്‌ നീങ്ങിയാൽ വെളളച്ചാട്ടത്തിലെ ഒഴുക്കിൽപ്പെട്ട്‌ നിലംകിട്ടാതെ ഒരുപക്ഷെ ഞങ്ങൾ ആ കുത്തൊഴുക്കിന്റെ ആഴങ്ങളിലെത്തിപ്പെടുമായിരുന്നു.

മുകളിലിരിക്കുന്ന ഞങ്ങളുടെ സുഹൃത്തുക്കൾ നിസ്സഹായരായി ഞങ്ങൾക്കുവേണ്ടി ആർത്തുവിളിച്ചു. സകലശക്തിയുമെടുത്ത്‌ നീന്തി കരയ്‌ക്കടുത്തപ്പോൾ കുത്തനെയുളള പാറയായിരുന്നു ഞങ്ങളെ എതിരേറ്റത്‌. വെളളത്തിന്‌ നല്ല ഒഴുക്കുമുണ്ട്‌. എവിടെയൊക്കെയോ അളളിപ്പിടിച്ചും, ഇഴഞ്ഞുകയറിയും, കാട്ടുപ്പുല്ലുകളിൽ തൂങ്ങിയും ഒരുവിധം കരയിലുളള കൂട്ടുകാരുടെ അടുത്തെത്തി.

സാഹസികതയുടെ മൂർദ്ധധ്യതക്കിടയിൽ വലിയ ഒരപകടത്തിൽനിന്നും രക്ഷപ്പെട്ട ആശ്വാസവുമായി വാഹനം പാർക്കു ചെയ്തിരിക്കുന്ന സ്ഥലത്തേക്ക്‌ ഞങ്ങൾ തിരിഞ്ഞുനടക്കുമ്പോൾ ശരീരത്തിന്റെ പല ഭാഗത്തായി തൊലിനീങ്ങി, ചുവന്ന പാടുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു.

Generated from archived content: orma_may27.html Author: shajid

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here