എ.രാമചന്ദ്രന്റെ ‘വര’മൊഴികൾ – മികച്ച വായനാനുഭവം

“ഇന്ത്യയ്‌ക്ക്‌ കേരളം നല്‌കിയതും, ഇന്ത്യ ലോകത്തിനു നല്‌കിയതുമായ അപൂർവ്വം ചിലരിൽ ഒരാൾ. അതാണ്‌ എ.രാമചന്ദ്രൻ”. ഈ പുസ്‌തകത്തിന്റെ പ്രസാധകക്കുറിപ്പിൽ എൻ.രാജേഷ്‌കുമാർ എ.രാമചന്ദ്രനെ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്‌.

രാജാരവിവർമ്മ പുരസ്‌കാരത്തിന്‌ എ.രാമചന്ദ്രൻ അർഹനായ വേളയിൽ ഡി.വിനയചന്ദ്രൻ എ.രാമചന്ദ്രനുമായി നടത്തുന്ന സുദീർഘസംഭാഷണം ‘റെയിൻബോ ബുക്‌സ്‌’ പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിച്ചതാണ്‌ എ.രാമചന്ദ്രന്റെ ‘വര’മൊഴികൾ.

ചിത്രകലയുടെ സാങ്കേതികവശങ്ങൾ അറിയാത്ത ആളാണ്‌ എ.രാമചന്ദ്രനുമായി സംസാരിക്കുന്നതെന്ന്‌ ഡി.വിജയമോഹൻ തുടക്കത്തിൽ പറഞ്ഞുവെക്കുന്നുണ്ട്‌. ഒരുപക്ഷെ ചിത്രകലയുടെ സാങ്കേതികവശങ്ങൾ അറിയാത്ത ഒരു നല്ല ആസ്വാദകൻ തന്നെ എ.രാമചന്ദ്രനുമായി സംസാരിച്ചതു നന്നായി. ചിത്രകലയിൽ ഗവേഷണം നടത്തുന്നവർക്കും ചിത്രകലയെ താത്‌പര്യത്തോടെ സമീപിക്കുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ്‌ ഡി.വിജയമോഹന്റെ അന്വേഷണത്വരയും അവയ്‌ക്കുളള വ്യക്തവും വിശദവുമായുളള എ.രാമചന്ദ്രന്റെ മറുപടികളും.

എ.രാമചന്ദ്രന്റെ ചിത്രപ്രദർശനങ്ങൾ കാണുമ്പോഴുണ്ടാകുന്ന നിർവൃതിയെക്കുറിച്ച്‌ ഡി.വിജയമോഹൻ പുസ്‌തകത്തിന്റെ തുടക്കത്തിൽ കുറിച്ചിടുന്നതിങ്ങനെയാണ്‌ “എ.രാമചന്ദ്രന്റെ ചിത്രങ്ങൾ വർണ്ണോത്സവങ്ങളാണ്‌. ഉത്‌സവം കണ്ടുതീരാനാവാതെയും മതിവരാതെയും മടങ്ങിപോകേണ്ടിവരുന്ന കുട്ടിയുടെ മനസ്സോടെയാണ്‌ പലപ്പോഴും രാമചന്ദ്രന്റെ പ്രദർശനങ്ങൾ കണ്ടുമടങ്ങിയിട്ടുളളത്‌.

എന്തിനും വിവാദങ്ങൾ സൃഷ്‌ടിച്ച്‌ പ്രശസ്തിയിലേക്കുയരാൻ തിടുക്കം കാട്ടുന്ന ഇക്കാലത്ത്‌ അതിനൊന്നും പോകാതെ ഗവേഷകന്റെ മനസ്സോടെ ചിത്രകലയിൽ തന്റെ ദർശനങ്ങളെക്കുറിച്ച്‌, ചിത്രകലയിലെ സങ്കീർണ്ണതകളെക്കുറിച്ച്‌, സൃഷ്‌ടിയുടെ വേളയിൽ താനനുഭവിക്കുന്ന വേദനകളെക്കുറിച്ച്‌ വർണങ്ങളുടെയും വരയുടെയും ഏകാന്തതയുടെയും ഏകാഗ്രതയുടെയും ലോകത്തെക്കുറിച്ചെല്ലാം രാമചന്ദ്രൻ വിജയമോഹനുമായി അഭിമുഖത്തിലൂടെ പങ്കുവെക്കുന്നുണ്ട്‌.

ഇന്ത്യയിലെ പാരമ്പര്യ ചിത്രകലകളെക്കുറിച്ച്‌ പ്രത്യേകിച്ചും ചുമർചിത്രങ്ങളെയും ഗുഹാചിത്രങ്ങളെയും വിശദമായി ചർച്ച ചെയ്യപ്പെടുന്നതോടൊപ്പം ആധുനിക ചിത്രകലയേയും പാരമ്പര്യചിത്രകലയേയും താരതമ്യം നടത്താനും രാമചന്ദ്രൻ ശ്രമം നടത്തുന്നുണ്ട്‌. പാശ്ചാത്യചിത്രകലയെക്കുറിച്ച്‌ ചർച്ചചെയ്യുന്നതോടൊപ്പം ഇന്ത്യൻ ചിത്രകലയിൽ പാശ്ചാത്യചിത്രകലയ്‌ക്കുളള സ്വാധീനത്തെക്കുറിച്ചും തിരിച്ചും അഭിമുഖത്തിൽ രാമചന്ദ്രൻ വാചാലനാകുന്നു.

രാജാരവിവർമ്മയുടെ പേരിലുളള പുരസ്‌കാരത്തിന്‌ അർഹനായിട്ടും, രവിവർമ്മ തന്റെ ചിത്രങ്ങളിൽ അനുവാചകരുടെ ചിന്തയ്‌ക്ക്‌ പ്രാധാന്യം കല്പിക്കുന്നില്ല എന്ന്‌ പറയാനും രാമചന്ദ്രൻ മടിക്കുന്നില്ല. ചിത്രകലയുടെ വിവിധ വശങ്ങളെക്കുറിച്ച്‌ പറയുമ്പോഴും മനസ്സിലുളളതു മുഴുവൻ പൂർണ്ണമായി ആവിഷ്‌ക്കരിക്കാൻ ചിത്രകലയ്‌ക്കാവില്ലെന്നും തുറന്നു സമ്മതിക്കുന്നുണ്ട്‌ രാമചന്ദ്രൻ. ഒരു കലാകാരൻ എന്ന നിലയ്‌ക്ക്‌ നമുക്ക്‌ ഒരിക്കലും പൂർണ്ണത ലഭിക്കില്ലെന്നും ആരെങ്കിലും അങ്ങിനെ പറയുന്നുണ്ടെങ്കിൽ അത്‌ ശരിയല്ലെന്നും അദ്ദേഹം പറയുന്നു.

ഒരു ചിത്രകാരനെ സാഹിത്യവും സംഗീതവുമെല്ലാം സ്വാധീനം ചെലുത്തുമെന്നും മലയാളത്തിൽ കുഞ്ചൻ നമ്പ്യാരും പൊറ്റക്കാടും ബഷീറുമെല്ലാം തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്‌. കാളീപൂജ പോലെയുളള ചിത്രങ്ങൾ ചെയ്യണമെങ്കിൽ അതിനനുസരിച്ചുളള മാനസികാവസ്ഥ വേണമെന്നും ദസ്‌തേവിസ്‌കിയെപോലുളള കൃതികൾ മനസ്സിനെ കണ്ടീഷൻ ചെയ്യാൻ സഹായിക്കുന്നവയാണെന്നും കാഫ്‌ക, കമ്യൂ തുടങ്ങിയവരുടെ കൃതികളെല്ലാം മനസ്സിനെ സ്വാധീനിച്ച കൃതികളാണെന്നും പറയാൻ രാമചന്ദ്രന്‌ സന്തോഷമേയുളളു.

പുസ്‌തകത്തിന്‌ അനുബന്ധമായി ഉത്തരം നല്‌കുന്ന ചിത്രങ്ങൾ എന്ന എം.മുകുന്ദന്റെ ലേഖനവും ഉൾപ്പെടുത്തിയിട്ടുണ്ട്‌. പുസ്‌തകത്തിന്റെ കവർ ഡിസൈൻ ചെയ്‌തിരിക്കുന്നത്‌ എ.രാമചന്ദ്രൻ തന്നെയാണ്‌. വിജയമോഹന്റെ സങ്കീർണ്ണതകളില്ലാത്ത ലളിതമായ ചോദ്യങ്ങളും അവയ്‌ക്കുളള ഗഹനവും എന്നാൽ ഭാഷയുടെ വളച്ചുകെട്ടില്ലാത്ത ഉത്തരങ്ങളും ഈ പുസ്‌തകം മികച്ചൊരു വായനാനുഭവം നല്‌കുന്നു. റെയിൻബോ ബുക്‌സാണ്‌ പുസ്‌തകത്തിന്റെ പ്രസാധകർ.

എ. രാമചന്ദ്രന്റെ ‘വര’മൊഴികൾ, പ്രസാധനംഃ റെയിൻബോ

Generated from archived content: book1_june15_05.html Author: shajid

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here