ഉസ്‌മാൻ ഇരുമ്പുഴിയുടെ പ്രവാസിക്കഥകളിലൂടെ

കാറ്റും കോളും നിറഞ്ഞ കടലിലൂടെ നിറയെ യാത്രക്കാരുമായി നീങ്ങുന്ന കപ്പലിനോട്‌ -പ്രാരാബ്‌ധങ്ങളുടെ നടുക്കടലിൽ നീന്തുന്ന പ്രവാസിയുടെ ജീവിതത്തെ താരതമ്യപ്പെടുത്താം. പിറന്ന നാടിന്റെ ചൂടും ചൂരും വിട്ട്‌ മരുഭൂമിയിലെ ഊഷരതയിൽ, ആൾക്കൂട്ടത്തിലെ കനംവെയ്‌ക്കുന്ന ഏകാന്തതയോട്‌ മല്ലടിച്ച്‌ അടുത്ത അവധിക്ക്‌ വേണ്ടി കാത്തിരിക്കുന്ന പ്രവാസിയുടെയും, അയാളുടെ സാമീപ്യം കൊതിക്കുന്ന ബന്ധുജനങ്ങളുടെയും മൗനനൊമ്പരങ്ങളും വിഹ്വലതകളും പ്രമേയങ്ങളാകുന്ന കഥകളാണ്‌ ഉസ്‌മാൻ ഇരുമ്പഴിയുടെ പ്രവാസികഥകൾ.

വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരം, മിത്രവേദി പുരസ്‌കാരം, 2003-ലെ ഏഷ്യനെറ്റ്‌-അറ്റ്‌ലസ്‌ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയ ഉസ്‌മാൻ ഇരുമ്പുഴി, പ്രവാസലോകത്തെ രണ്ട്‌ പതിറ്റാണ്ടുകാലത്തെ അനുഭവജീവിതത്തിൽ നിന്നുമാണ്‌ തന്റെ കഥകൾക്ക്‌ പ്രമേയങ്ങൾ കണ്ടെത്തുന്നത്‌. അതുകൊണ്ടുതന്നെ ഉസ്‌മാന്റെ പ്രവാസികഥകളിൽ ഭാഷയുടെ സാങ്കേതികതകൾക്കപ്പുറം, പ്രവാസത്തിന്റെ നേരും നെറിയും, വൈകാരികതയുടെ ഇഴയടുപ്പവും കൂടും. പ്രവാസിയുടെ അകംപൊളളയായ ജീവിതത്തിന്റെ ആഴങ്ങളിലേക്കിറങ്ങി ചെല്ലുന്ന ഉസ്‌മാൻ പുറത്തുകൊണ്ടുവരുന്നത്‌ ഒരുപാട്‌ ദുഃഖയാഥാർത്ഥ്യങ്ങളും, വായനക്കാരന്റെ മനസ്സിലേക്കെറിഞ്ഞു തരുന്നത്‌ ഉത്തരം കിട്ടാത്ത ഒരുപാട്‌ ചോദ്യങ്ങളുമാണ്‌. ഓർമ്മത്തെറ്റ്‌, കൂടണയുമ്പോൾ, അറേബ്യൻ വസന്തങ്ങൾ തുടങ്ങിയവയാണ്‌ ഉസ്‌മാൻ ഇരുമ്പഴിയുടെ കഥാസമാഹാരങ്ങളായി പുറത്തിറങ്ങിയ പുസ്‌തകങ്ങൾ. ലേഖന സമാഹാരമായി “പ്രവാസിയുടെ പുസ്‌തകം” എന്ന കൃതിയും പുറത്തിറങ്ങി. പ്രവാസിയുടെ പുസ്‌തകത്തിന്‌ ആമുഖമെഴുതിയിരിക്കുന്നത്‌ എം.എൻ.കാരശ്ശേരിയാണ്‌.

ഉസ്‌മാൻ ഇരുമ്പുഴിയുടെ “ഓർമ്മത്തെറ്റ്‌” എന്ന കഥാസമാഹാരത്തിൽ പ്രസിദ്ധീകരിച്ച ‘കത്തുന്ന ചിറകുകൾ’ എന്ന കഥ പ്രവാസത്തിന്റെ മോഹവലയത്തിൽപ്പെട്ട്‌ പ്രിയപ്പെട്ട മകളുടെ വേർപാടിൽ തകർന്നടിയുന്ന യൂസുഫിന്റെ കഥയാണ്‌. എല്ലാ പ്രവാസികളെയുംപോലെ സ്വന്തമായൊരു വീട്‌ നിർമ്മിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഗൾഫിലെത്തുന്ന യൂസുഫ്‌ തന്റെ സ്വപ്‌നങ്ങൾ പെട്ടെന്ന്‌ പൂവണിയുന്നില്ലെന്ന്‌ മനസ്സിലാകുമ്പോൾ ചകിതനാകുന്നു. ഗർഭിണിയായ ഭാര്യയെ നാട്ടിലാക്കി ഒരുപാട്‌ നാളത്തെ അലച്ചിലുകൾക്കുശേഷം ഗൾഫിൽ ജോലി കണ്ടെത്തുന്ന യൂസുഫ്‌- തന്റെ പ്രാരാബ്‌ധങ്ങളെല്ലാം തീർത്ത്‌ നാട്ടിലേക്ക്‌ മടങ്ങാനിരിക്കുമ്പോഴാണ്‌ താനൊരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത മകളുടെ മരണവാർത്ത അറിയുന്നത്‌. മനസ്സിൽ മാത്രം രൂപപ്പെടുത്തിയ മകളുടെ രൂപം നിശ്ചലതയിലേക്ക്‌ മാഞ്ഞുപോകുമ്പോൾ യൂസുഫിന്റെ ഹൃദയവേദനയോടൊപ്പം വായനക്കാരനും വല്ലാത്തൊരു ആത്മസംഘർഷത്തിലകപ്പെടും.

സുമൈറയെന്ന നിഷ്‌കളങ്കയായ പെൺകുട്ടിയുടെ ജീവിതം ശീട്ടുകൊട്ടാരം പോലെ തകർന്നുവീഴുന്ന കഥയാണ്‌ “കൂടണയുമ്പോൾ” എന്ന കഥാസമാഹാരത്തിൽ പ്രസിദ്ധീകരിച്ച ‘പൊരുളില്ലാത്ത മൊഴി’ എന്ന കഥ. പിതാവിന്റെ നീണ്ടനാളത്തെ അന്വേഷണങ്ങൾക്കുശേഷം ഷെരീഫ്‌ എന്ന ഗൾഫുകാരൻ സുമൈറയുടെ ജീവിതത്തിലേക്ക്‌ കടന്നുവരുന്നു. പക്ഷെ അവരുടെ ദാമ്പത്യജീവിതം നിക്കാഹിൽ ഒതുങ്ങിനില്‌ക്കുന്നു. എണ്ണപ്പെട്ട അവധിദിനം മാത്രം ബാക്കിയുളളതിനാൽ സുമൈറയെ നിക്കാഹ്‌ കഴിച്ച്‌ ഗൾഫിലേക്ക്‌ മടങ്ങുന്ന ഷെരീഫും ദാമ്പത്യത്തെക്കുറിച്ചുളള ഒളിമങ്ങാത്ത ഓർമ്മകളുമായി ഷെരീഫിന്റെ എഴുത്തുകൾക്കായി കാത്തുനില്‌ക്കുന്ന സുമൈറയും മിക്ക പ്രവാസി കുടുംബങ്ങളിലെയും ജീവിക്കുന്ന കഥാപാത്രങ്ങളാണ്‌. ഷെരീഫിന്റെ സഹോദരിയുടെ വിവാഹദിനത്തിൽ ഷെരീഫിന്റെ വീടും തങ്ങൾക്കായുളള അറയുമെല്ലാം നിർവൃതിയോടെ നോക്കിക്കാണുന്ന സുമൈറ. തന്റെ പ്രിയതമൻ മറ്റൊരു പെൺകുട്ടിയിൽ അനുരക്തനാണെന്നറിയുമ്പോൾ ഉളളം പിടഞ്ഞുപോകുന്നു. ഷെരീഫിന്റെ അർത്ഥം വെച്ചുളള കുറിപ്പുകൾക്കും, എഴുത്തിലെ നീണ്ട ഇടവേളകൾക്കും ശേഷം സുമൈറയെ മൊഴിചൊല്ലിയതായുളള എഴുത്ത്‌ സുമൈറയുടെ പിതാവിന്‌ ലഭിക്കുന്നു. മകളുടെ ഉടയാത്ത കന്യകത്വത്തിൽ പിതാവ്‌ ഊറ്റം കൊളളുമ്പോൾ, സുമൈറ തന്റെ ദാമ്പത്യസ്വപ്‌നങ്ങൾ പെരുവഴിയുപേക്ഷിച്ച്‌ സ്വപ്‌നലോകത്തിലൂടെ മനസ്സിനെ മേയാൻ വിടുന്നു.

വീടുനിർമ്മാണത്തെക്കുറിച്ചുളള വീട്ടുകാരുടെ അമിതമായ സ്വപ്‌നങ്ങൾ ഒരാളെ എങ്ങിനെ അറ്റമില്ലാത്ത പ്രയാസത്തിന്റെ ആഴക്കടലിൽ പെടുത്താം എന്ന്‌ വിവരിക്കുന്ന കഥയാണ്‌ “അറ്റമില്ലാത്ത ഗോവണി.” കഠിനാദ്ധ്വാനിയായ അയാൾ കഷ്‌ടപ്പെട്ട്‌ അദ്ധ്വാനിച്ചാണ്‌ വീടുവെയ്‌ക്കാനുളള സ്ഥലം സ്വന്തമാക്കിയത്‌. നാട്ടിൽ കഠിനാധ്വാനം ചെയ്‌തിട്ടും വീടെന്ന സ്വപ്‌നം ബാക്കിയായപ്പോൾ മറ്റു പ്രവാസികളെപോലെ അയാളും മരുഭൂമിയുടെ മാറിൽ വിയർപ്പൊഴുക്കുകയാണ്‌. വീട്‌ പണിയുടെ മേൽനോട്ടം വഹിക്കുന്ന ഉപ്പയ്‌ക്ക്‌ ശമ്പളം കിട്ടുന്ന അന്നുതന്നെ പണമയച്ച്‌ ഗൃഹനിർമ്മാണം പുരോഗമിക്കുമ്പോൾ വിലകയറ്റത്തെക്കുറിച്ചുളള ഉപ്പയുടെ പരിഭവങ്ങൾ അയാളെ ആധിയിലകപ്പെടുത്തുന്നു. തന്റെ സഹപ്രവർത്തകർ ജോലിയിലെ പ്രയാസത്തെക്കുറിച്ചും വിരഹത്തെക്കുറിച്ചും ചർച്ച നടത്തുമ്പോൾ, അയാൾ അവർക്ക്‌ താല്പര്യമില്ലാത്ത വീട്‌ നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റത്തെക്കുറിച്ച്‌ പറഞ്ഞ്‌ അവരെ അലോസരപ്പെടുത്തുന്നു. കഷ്‌ടപ്പെട്ടും ഇഴഞ്ഞുനീങ്ങിയും വീടുപണി തീരാറായപ്പോഴാണ്‌ നാട്ടിൽനിന്നും വീടിന്‌ ഒരു ഗോവണികൂടി പണിയണമെന്ന നിർദ്ദേശവുമായി എഴുത്തുവരുന്നത്‌. വളരെ അത്യാവശ്യമായിട്ടും മുൻപ്‌ അതിനെക്കുറിച്ച്‌ ചിന്തിക്കാത്തതിലും കുണ്‌ഠിതം തോന്നി നാട്ടിൽ പോകാനായി കരുതിവെച്ച പണംകൂടി അയച്ചുകൊടുത്ത്‌ അയാൾ ഗോവണി പണിയിക്കുന്നു. ഗോവണി പണിതു കഴിഞ്ഞപ്പോഴാണ്‌ ഉപ്പയുടെ എഴുത്ത്‌- ഏതായാലും ഗോവണി പണിതു അതുകൊണ്ട്‌ മുകളിൽ ഒരു നിലകൂടി പണിയാമെന്ന്‌ തീരുമാനിച്ചുവെന്നും പലരിൽനിന്നും കടം വാങ്ങി പണി തുടങ്ങിയിട്ടുണ്ടെന്നും ഉടൻ കാശ്‌ അയച്ചുകൊടുക്കണമെന്ന നിർദ്ദേശം വരുന്നതും.

വിവരണങ്ങളിലൊതുങ്ങാത്ത പ്രയാസങ്ങൾ സഹിച്ച്‌ മരുഭൂമിയിൽ ചിന്തുന്ന വിയർപ്പുമണികൾ സിമന്റും കമ്പികളുമായി രൂപാന്തരപ്പെടുമ്പോൾ ഒന്നാം നിലയിൽ കൂടി ഗോവണി പണിത്‌ തന്റെ ജീവിതം മരുഭൂമിയിലൊടുങ്ങുമോ എന്ന ഭയം സാധാരണ പ്രവാസിയെയും പോലെ അയാളെയും ആത്മസംഘർഷത്തിലകപ്പെടുത്തുന്നു.

പ്രവാസിയുടെ മൗനനൊമ്പരങ്ങൾ ചാലിച്ചെടുത്ത്‌ ഉളളു നിറയ്‌ക്കുന്ന കഥകളായി രൂപപ്പെടുത്തുമ്പോൾ പ്രവാസിയുടെ സംഘർഷങ്ങൾക്ക്‌ പുറമെയുളളവരിലേക്ക്‌ വിരൽ ചൂണ്ടുന്നതിനെക്കാൾ, സ്വയം ആത്മവിമർശനം നടത്താനാണ്‌ ഉസ്‌മാൻ ഇരുമ്പുഴി പ്രവാസികളെ ഉണർത്തുന്നത്‌. ധൂർത്തും പൊങ്ങച്ചവും കാണിച്ച്‌ അകം പൊളളയായ ജീവിതം നയിക്കുന്ന പ്രവാസിയുടെ ജീവിതം സ്വയം വിമർശനത്തോടെ ഉസ്‌മാൻ തന്റെ കഥകളിൽ അവതരിപ്പിക്കുമ്പോൾ നല്ലൊരു സർഗ്ഗസൃഷ്‌ടി വായിക്കുന്നതിനേക്കാൾ സ്വത്വത്തിലേക്ക്‌ കണ്ണോടിക്കുവാനും കേടുപാടുകളുളളിടത്ത്‌ തകരാറുകൾ തീർക്കാനും വായനക്കാരനു കഴിയും.

Generated from archived content: book1_dec30.html Author: shajid

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English