തപോവനം

വെള്ള മയിലുകള്‍ നിശ്ശബ്ദ സൂത്രങ്ങള്‍
ചിക്കിച്ചികയുന്ന കൂവളക്കാടുകള്‍

മരവുരി നിറമാര്‍ന്ന പുകനീലക്കണ്ണുമായ്
കര്‍പ്പൂരഗന്ധിയാ മാന്‍പേട സ്തബ്ധയായ്

തീമറന്നരണികള്‍ നിശ്ശബ്ദം നിര്‍ജ്ജീവം
മന്വന്തരങ്ങളില്‍ ഊര്‍ജ്ജം പകര്‍ന്നവ

കായാമ്പൂ കത്തുന്ന കണ്ണുമായ് കന്യക
കടയുന്നു കാമാഗ്നി യജ്ഞകുണ്ഡത്തിങ്കല്‍

വാടത്തിനപ്പുറം രേണുക കബന്ധമായ്
തന്‍ പാപ രക്തം കരഞ്ഞൊഴുക്കീടുന്നു

ചക്രവാളം നിറഞ്ഞെങ്ങും മുഴങ്ങുന്നു
ഹത്യതര്‍ ദൂതരീ പരശു സീല്ക്കാരങ്ങള്‍

കാടു വിറക്കുന്ന കാറ്റില്‍ കലിക്കുന്നു
ദിക്കു ഭേദിക്കുന്ന താടകാരോദനം

അക്ഷഹിണികള്‍ തന്‍ ധൂളിയില്‍ പൊങ്ങുന്നു
ജംബൂക രോദനം നിതാന്തമാം ചോദ്യം

ശൂന്യവും പൂര്‍ണ്ണവും ഒന്നായതെന്തെന്ന
മൗന മനനത്തല്‍ ബുദ്ധനാം ശിഷ്യനും

ആരണ്യകത്തില്‍ തമസ്സില്‍ തിരയുന്നു
ഗുരുവിനെ, വഴിവിളക്കായി വേണ്ടുന്നോനെ

ജ്ഞാനത്തിലേക്കും അജ്ഞാനത്തിലേക്കും
ഒരുപോലെ ധ്യാനിക്കുന്ന മൂകത്രിസന്ധ്യയില്‍

ദ്വൈതങ്ങളില്ലാത്ത നീല വിഹായസ്സില്‍
ഏകതാരം മാത്രം സാക്ഷിയായി നില്ക്കവെ

ആദ്യന്തമില്ലാത്ത വഴികളില്‍ തന്‍ വഴി-
യേതെന്നു തിട്ടം വരുത്തുവാനാവാതെ

ജന്മകര്‍മങ്ങള്‍ തന്‍ ജാലക്കുരുക്കിതില്‍
സാത്ഭുതം മാമുനി എങ്ങോ നടന്നുപോയ്.

Generated from archived content: poem1_nov20_13.html Author: shaji_tv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here