ദൈവത്തിന്റെ സ്വന്തം നാട്‌

പകലൊടുങ്ങീടുമ്പോൾ ഇരുളിന്റെ മറ പറ്റി

നിണം വാർന്ന വാളുകൾ കൈയ്യിലേന്തുന്നു

വെട്ടി നുറുക്കിയ കബന്ധങ്ങൾക്കിടയിൽ നി-

ന്നൊരു കൊച്ചു നിലവിളി കെട്ടടങ്ങീടുന്നു

എരിയുന്ന വെയിലത്ത്‌ പൊരിയുന്ന വയറോടെ

തെരുവുകൾ തെണ്ടും മനുഷ്യക്കുരുന്നുകൾ

പിന്നാമ്പുറങ്ങളിലെ എച്ചില പാത്രത്തിൽ

നായ്‌ക്കളുമായ്‌ അങ്കം വെട്ടി തളരുന്നു

അര വയർ നിറയാത്ത ഒരു കൊച്ചു പെണ്ണിന്റെ

അരമണി പൊട്ടിച്ചു വലിച്ചെറിയുന്നു.

കാമം ചവിട്ടി മെതിച്ചൊരാ ജീവിതം

ഒരുപിടി മണ്ണിലൊരാശ്രയം തേടുന്നു

ഇതു കണ്ടു കരയുന്ന കാവിലെ ദേവിയെ

ഒരു മുഴം കയറിലായ്‌ കഴുവേറ്റിടുന്നു

വറ്റി വരളുന്ന നദിയുടെ മാറിലൊ-

രിത്തിരി ജീവന്റെ അന്ത്യമൊടുങ്ങുന്നു

മണലുകൾ മാന്തുന്നു ആറുകൾ മറയുന്നു

തോടുകൾ കേവലം ഓടയായ്‌ മാറുന്നു

ആലുകൾ വാടുന്നു കാവുകൾ മാറുന്നു

അമ്പലക്കുളത്തിലെ തവളകൾ ചാവുന്നു

ഇതെന്റെ നാട്‌ നമ്മുടെ നാട്‌!

ദൈവത്തിന്റേതെന്നവകാശപ്പെടും നാട്‌

എനിക്കു പിഴച്ചുവൊ വാദിക്കാം നിങ്ങൾക്ക്‌,

ഞാനൊന്നു മെല്ലെ തല ചായ്‌ച്ചീടട്ടെ.

Generated from archived content: poem1_may6.html Author: shaji_nellikkunnel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here