എന്റെ വെള്ളിയാഴ്‌ച്ചകൾ

വിജയൻ ജനലിന്റെ വിരികൾ വലിച്ച്‌ നീക്കി പുറത്തേക്ക്‌ നോക്കി. സമയം പതിനൊന്നു മണി ആയിരിക്കുന്നു. യാമിനിയും മക്കളും നല്ല ഉറക്കമാണ്‌. ഉറങ്ങിക്കോട്ടെ! ഇന്നലെ വളരെ വൈകിയാണ്‌ ഉറങ്ങിയത്‌. ഷാർജ കോൺകോർഡ്‌ സിനിമയിൽ പോയി ഒരു മലയാളം പടം കണ്ടു. വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും രണ്ടു മണി ആയി. പുറത്ത്‌ സൂര്യൻ മരുഭൂമിയെ തിളപ്പിക്കുകയാണ്‌. ഈന്തപ്പഴങ്ങൾ പഴുത്ത്‌ വീഴാൻ തുടങ്ങിയിരിക്കുന്നു. ചൂട്‌ അതിന്റെ പാരമ്യതയിൽ എത്തുമ്പോഴാണ്‌ ഈന്തപ്പഴങ്ങൾ പാകമായി വീഴുക. ജൂലയ്‌ മാസമല്ലെ! ഇനിയും നാലു മാസം കഴിയണം ഒന്നു തണുക്കാൻ.

ചായ ഉണ്ടാക്കാനായി അടുക്കളയിലേക്കെത്തിയപ്പോഴാണ്‌ തന്റെ കൂട്ടുകാരെ പറ്റി ഓർത്തത്‌. എന്നും രാവിലെ ഏഴുമണിക്ക്‌ അവർക്ക്‌ പ്രാതൽ കൊടുക്കാറുള്ളതാണ്‌. അടുക്കളയുടെ ജനൽ വാതിൽ തള്ളിത്തുറന്നു. ചൂട്‌ കാറ്റ്‌ അകത്തേക്ക്‌ തള്ളിക്കയറി. എന്തേ വാതിൽ തുറക്കുന്ന ശബ്‌ദം കേട്ടിട്ടും അവർ വന്നില്ല? സമയം വൈകിയതു കൊണ്ടാവുമോ? വിജയൻ പുറത്തേക്ക്‌ തലയിട്ട്‌ നോക്കി. ചൂട്‌ കാരണം അധിക നേരം വാതിൽ തുറന്നിടാൻ കഴിഞ്ഞില്ല. അപ്പോഴേക്കും ഓരോരുത്തരായി പറന്ന്‌ വരാൻ തുടങ്ങി. ഷാർജയിലെ അൽ-വാദാ സ്‌ട്രീറ്റിലെ ജെ.വി.സി. ബിൽഡിങ്ങിനോട്‌ ചേർന്ന്‌ നിൽക്കുന്ന മസ്‌ജിദിലെ താമസക്കാരായ പ്രാവുകളാണവർ. അരി മണികൾ ജനലിനോടു ചേർന്ന ചുമരരികിൽ വിതറി കൊടുത്തു. തല ചരിച്ചും കുണുങ്ങിയും അവർ അകത്തേക്ക്‌ നോക്കി. “ഇത്ര നേരം എവിടെയായിരുന്നു?” എന്ന ചോദ്യം ആ നോട്ടത്തിലില്ലേ, എന്നെനിക്ക്‌ തോന്നി. ചില്ലുജാലകത്തിനപ്പുറത്ത്‌ പ്രാതൽ കഴിക്കുന്ന അവരെ നോക്കി നിന്നു. ചൂട്‌ സഹിക്കാനാവാതെ പലരുടെയും ശരീരം വാടിയിരിക്കുന്നു. കൺസ്‌ട്രക്ഷൻ സൈറ്റിയിലെ ജോലിക്കാരെ പോലെയാണ്‌ ഇവരുടെ അവസ്‌ഥ.

ചായ ഉണ്ടാക്കി ഹാളിലെ സോഫയിൽ വന്നിരുന്നു. വെള്ളിയാഴ്‌ച ആയ കാരണം എല്ലാറ്റിനും ഒരു മടി. വാതിൽ തുറന്ന്‌ ഗൾഫ്‌ ന്യൂസ്സ്‌ പത്രം എടുത്ത്‌ അലസമായി താളുകൾ മറിച്ചു. എല്ലായിടത്തും അക്രമവും വെടിവെപ്പും തന്നെ. ഇ.സി.യുടെ തണുപ്പിൽ വീണ്ടും സെറ്റിയിൽ ചാരിയിരുന്ന്‌ മയങ്ങാൻ തുടങ്ങി. അറിയാതെയാണ്‌ ഒരിക്കലും ഓർക്കാൻ ഇഷ്‌ടപ്പെടാത്ത തന്റെ കഴിഞ്ഞകാലങ്ങളിലേക്ക്‌ വഴുതി വീണത്‌. എല്ലാം ഇന്നലെ കഴിഞ്ഞ പോലെയാണ്‌ തോന്നുന്നത്‌. കാലത്തിന്റെ ഇടനാഴികയിലൂടെ തിരിഞ്ഞ്‌ നോക്കുമ്പോൾ ഇരുട്ട്‌ മാത്രമായിരുന്നില്ല, മധുരത്തിന്റെ കിനിവും തങ്ങി നിന്നിരുന്നു. എന്റെ ഗായത്രി, മണിമാമന്റെ മകളായിരുന്നു. ചെറുപ്പം മുതലേയുള്ള സ്‌നേഹം വളർന്നപ്പോൾ പ്രണയമായത്‌ ഞങ്ങളറിഞ്ഞില്ല. ഡിഗ്രിക്ക്‌ പട്ടണത്തിലെ കോളേജ്‌ ഹോസ്‌റ്റലിൽ അവൾ താമസമാക്കിയപ്പോഴാണ്‌ ആ പ്രണയവേദന ഞാൻ അറിഞ്ഞത്‌. ഒരിക്കൽ കോളേജ്‌ മുടക്കത്തിന്‌ വീട്ടിൽ വന്നപ്പോൾ അവളുടെ കൂടെ തൊടിയിൽ നടക്കുന്നതിനിടെയാണ്‌ അമ്മായി വിലക്കിയത്‌. “വിജയാ, ആളുകളെകൊണ്ട്‌ അതും ഇതും പറയിപ്പിക്കരുത്‌, അവളുടെ ഭാവി കളയരുത്‌….” സത്യം തന്നെയായിരുന്നു. എനിക്ക്‌ ആഗ്രഹിക്കാൻ കഴിയുന്നതിലും ഉയരത്തിലായിരുന്നു മാമന്റെ സാമ്പത്തിക സ്‌ഥിതി. ഒളിച്ച്‌ പല തവണ അവളെ കാണാൻ ശ്രമിച്ചു. പക്ഷെ ഗായത്രിയും അകലം പാലിക്കാൻ തുടങ്ങി. എല്ലാറ്റിനും സാമ്പത്തിക മാനദണ്ഡങ്ങൾ കാണുന്ന ആളുകൾക്കിടയിലേക്ക്‌ അവളും ചേർന്നുവോ? ആയിരിക്കാം. അതല്ലേ ഈ അകൽച്ചയുടെ പൊരുൾ.!

നാല്‌ സഹോദരിമാർക്ക്‌ താഴെയാണ്‌ ഞാൻ. ആകെയുള്ളത്‌ ഇരുപത്തഞ്ചു സെന്റ്‌ ഭൂമിയാണ്‌. വേറെ ഒന്നും സമ്പാദ്യമായി അച്ഛനില്ല. ചേച്ചിമാർക്ക്‌ കല്ല്യാണ ആലോചനകൾ പലതും വരാൻ തുടങ്ങി. പക്ഷേ കുടുംബത്തിന്റേ ധനഃസ്‌ഥിതി എല്ലാ ആലോചനകളെയും അകറ്റി നിർത്തി. ആ ഇടക്കാണ്‌ കൂട്ടുകാരൻ ഹംസ ഷാർജയിൽ നിന്ന്‌ നാട്ടിൽ വന്നത്‌. അവന്റെ കാരുണ്യത്തിൽ ഒരു ഫ്രീ വിസ സംഘടിപ്പിച്ച്‌ ഷാർജയിലെത്തി. വന്ന അന്നുമുതൽ എത്രയെത്ര പീഢന അനുഭവങ്ങൾ! പിടിച്ച്‌ നിൽക്കാൻ വേണ്ടി അഭിമാനം കാറ്റിൽ പറത്തി. എല്ലാം തന്റെ നാട്ടിലുള്ള പെങ്ങൾമാർക്കും, അച്‌ഛനും, അമ്മക്കും വേണ്ടി ആയിരുന്നു.

ഒരു ജോലി കിട്ടാൻ വേണ്ടി എവിടെയെല്ലാം അലഞ്ഞു. ജൂൺ മാസത്തിലെ ചൂടിൽ ബയോഡാറ്റയുമായി നടത്തം തന്നെയായിരുന്നു. അന്ന്‌ അജ്‌മാൻ അതിർത്തിയിലുള്ള ഒരു ഓഫീസിൽ ഇന്റർവ്യൂവിന്‌ പോയതായിരുന്നു. ഇന്നത്തേതു പോലെ ഫോൺ സൗകര്യം ഇല്ലാത്ത കാരണം മണിക്കൂറുകൾ നടന്നു. ഓഫീസ്‌ കണ്ടു പിടിക്കാനായില്ല. അവസാനം തളർന്ന്‌ ഒരു മസ്‌ജിദിന്റെ മുന്നിലുള്ള ടാപ്പിൽ നിന്ന്‌ വെള്ളം കുടിക്കാൻ വേണ്ടി നിന്നതായിരുന്നു. തളർച്ചകൊണ്ട്‌ വീഴാൻ പോകുന്നത്‌ മാത്രം ഓർമ്മയുണ്ട്‌. പള്ളി മീനാരത്തിൽ നിന്നുയർന്ന “അല്ലാഹു അക്‌ബർ”. വിളികേട്ടാണ്‌ ഞാനുണർന്നത്‌. ആരൊക്കെയോ ചേർന്ന്‌ എന്നെ പള്ളിയുടെ ഉമ്മറത്തെത്തിച്ചിരിക്കുന്നു. ഹൃദയത്തിൽ നിന്നുയർന്ന ആ ബാങ്കു വിളി എന്റെ സകല നിയന്ത്രണവും തെറ്റിച്ചു. നിറഞ്ഞ കണ്ണുകളുമായി ഞാൻ രണ്ടു കൈകളും ഉയർത്തി പ്രാർത്ഥിച്ചു…..

“പരമ കാരുണികനായ അല്ലാഹുവെ എന്നോട്‌ കരുണ കാണിക്കേണമേ…. ഈ മരുഭൂമിയിൽ നീയല്ലാതെ വേറാരുമെനിക്കാശ്രയമില്ല…..”

പൊട്ടിക്കരഞ്ഞ്‌ നെറ്റി തറയിൽ മുട്ടി. നിസ്‌ക്കരിച്ച്‌ പള്ളിയിൽ നിന്ന്‌ പുറത്തേക്ക്‌ വന്ന ഒരു മലയാളി “എന്തേ കരയുന്നത്‌….?” എന്നു തിരക്കി. കണ്ണുനീരോടു കൂടി ഷംസുവിനോട്‌ എന്റെ ദുഃഖങ്ങൾ പറഞ്ഞു. അടുത്തുള്ള ഒരു ഗ്രോസറിയിലാണ്‌ ഷംസു ജോലി ചെയ്യുന്നത്‌. കുറച്ച്‌ നേരം ചിന്തിച്ച്‌ നിന്ന്‌ അവൻ പള്ളിയുടെ ഉള്ളിലേക്ക്‌ കയറി. ഒരു ദിവ്യനെ പോലെ തോന്നിക്കുന്ന വെളുത്ത താടിയും, വെള്ള വസ്‌ത്രവും ധരിച്ച ഒരു അറബിയുമായാണ്‌ അവൻ തിരിച്ചു വന്നത്‌. എന്റെ വിഷമങ്ങൾ അവൻ നല്ലവനായ അറബിയോട്‌ പറഞ്ഞു. ഉടനെ തന്നെ അദ്ദേഹം പോക്കറ്റിൽ നിന്ന്‌ വിസിറ്റിങ്ങ്‌ കാർഡ്‌ തന്നു. രണ്ടു ദിവസം കഴിഞ്ഞ്‌ ഷാർജയിലെ റോളയിലുള്ള തന്റെ ട്രേഡിങ്ങ്‌ കമ്പനിയിൽ വന്ന്‌ കാണാൻ പറഞ്ഞു. നല്ലവരായ ഷംസുവിന്റെയും, അറബിയുടെയും രൂപത്തിൽ വന്ന അല്ലാഹുവിനോട്‌ നന്ദി പറഞ്ഞ്‌ അന്ന്‌ തുടങ്ങിയതാണ്‌ ഗൾഫ്‌ ജീവിതം. ഇന്നും ആ കരുണാമയനായ അല്ലാഹു എന്നെ നേർ വഴിക്ക്‌ നയിക്കുന്നു.

നീണ്ട മുപ്പത്‌ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. പെങ്ങൻമാരെയെല്ലാം വിവാഹം കഴിപ്പിച്ചയച്ചു. ഇന്ന്‌ എല്ലാവരും നല്ല നിലയിൽ കഴിയുന്നു. അവർ കഴിഞ്ഞ കാലമെല്ലാം മറന്നിരിക്കുന്നു.

“മറവി ഒരനുഗ്രഹമാണല്ലോ…. അല്ലേ….?”

ഇന്ന്‌ അവരുടെയെല്ലാം ഏറ്റവും വലിയ ശത്രു ഞാനാണ്‌. അച്ഛനും, അമ്മയും പോലും ആ ഒഴുക്കിൽ തന്നെ. വിധിയുടെ വിളയാട്ടം…. അല്ലേ….?

ഹാൾക്രോ കൺസ്‌ട്രക്ഷൻ കമ്പനിയുടെ പ്രോജക്‌ട്‌ മാനേജരായി ഇന്ന്‌ ഇരിക്കുമ്പോൾ അഭിമാനം തോന്നാറുണ്ട്‌. എല്ലാം ദൈവത്തിന്റെ അനുഗ്രഹം, പിന്നെ തന്റെ കഠിനാധ്വാനവും. രക്തബന്ധങ്ങൾക്ക്‌ വെറുക്കപ്പെട്ടവനായി ഞാനും എന്റെ കുടുംബവും ഷാർജയിൽ കഴിയുന്നു. ഇത്രമാത്രം വെറുക്കപ്പെടാൻ ഞാൻ എന്തു തെറ്റാണ്‌ ചെയ്‌തത്‌. സഹോദരിമാർക്ക്‌ ഒരു കുറവും വരുത്താതെ എല്ലാ കാര്യങ്ങളും ചെയ്‌ത്‌ കൊടുത്തതോ….?

കഠിന ഹൃദയനല്ലാത്ത കാരണം കണ്ണുനീർ തടുക്കാനായില്ല. എല്ലാ ദുഃഖങ്ങളെയും മയക്കി ഉറക്കാൻ ഞാൻ ഫ്രിഡ്‌ജ്‌ തുറന്ന്‌ ബക്കാർഡി റം കുപ്പി പുറത്തേക്കെടുത്തു. ഫ്രിഡ്‌ജ്‌ തുറക്കുന്ന ശബ്‌ദം കേട്ടിട്ടാണെന്നു തോന്നുന്നു യാമിനി എഴുന്നേറ്റ്‌ വന്നു. “വിജയേട്ടാ, അധികമാവണ്ട, എന്താ ഇന്ന്‌ നേരത്തെ തുടങ്ങിയോ വീട്ടിലെ വിഷമം….?” കണ്ണുകൾ തിരുമ്മി കൊണ്ടവൾ ചോദിച്ചു. അവൾക്കറിയാം ഞാനധികമാവില്ല എന്ന്‌. പിന്നെ ആകെ വെള്ളിയാഴ്‌ച മാത്രമേ സങ്കടം വരാറുള്ളൂ. ബാക്കിയുള്ള ദിവസങ്ങളിലെല്ലാം ഒന്നിനും സമയം കിട്ടാറില്ല എന്നതാണ്‌ ചുരുക്കം. രാവിലെ ഏഴുമണിക്ക്‌ ഓഫിസിൽ പോയാൽ വൈകി ഏഴു മണിക്കാണ്‌ തിരികെ ഫ്ലാറ്റിലെത്തുക. പിന്നെ ആലോചിക്കാൻ എവിടെ സമയം….?

ബെക്കാർഡി തന്റെ മൃദുലമായ കൈകൾ കൊണ്ടെന്റെ ഓർമ്മകളെ മറച്ചു പിടിച്ചു. ആ തഴുകലിൽ ഞാനെപ്പോഴോ മയങ്ങിപ്പോയി. മോളുടെ വിളി കേട്ടാണ്‌ ഉണർന്നത്‌.

“ഡാഡീ, എഴുന്നേൽക്ക്‌ ഊണു കഴിക്കാൻ സമയമായി.”

വിജയന്‌ അരിശം വന്നു.

“എത്ര തവണ പറഞ്ഞതാ അച്ഛൻ എന്നു വിളിക്കാൻ….?

”സോറി അച്ഛാ, ഇനി ഡാഡി എന്നു വിളിക്കില്ല…“

ഞാൻ ദേഷ്യപ്പെട്ട കാരണം വാടിയ മുഖവുമായവൾ തിരിഞ്ഞു നടന്നു. പാവം, കുട്ടികളല്ലേ? പക്ഷേ രണ്ട്‌ മക്കളും മലയാളം ഒരക്ഷരം പറയില്ല. എപ്പോളും ഇംഗ്ലീഷ്‌ തന്നെ. എങ്ങനെയാ ഇവരൊക്കെ കേരളത്തിൽ ചെന്നാൽ ജീവിക്കുക?

കഴിഞ്ഞ തവണ സ്‌കൂൾ അവധിക്ക്‌ നാട്ടിൽ ചെന്നപ്പോൾ ഇവരെ പൊറുപ്പിക്കാൻ ബുദ്ധിമുട്ടി. ഈച്ച, കൊതുക്‌, ചീത്ത മണം, ചൂട്‌, ഇ.സി. ഇല്ല…. എന്തൊക്കെ പരാതികളായിരുന്നു. പെങ്ങൾമാരുടെ മക്കൾ ഇവരെ ”ശീമക്കുട്ടികൾ“ എന്നാണ്‌ വിളിച്ചിരുന്നത്‌. ശരിക്ക്‌ മലയാളം സംസാരിക്കാൻ അറിയാത്ത കാരണം. തെറ്റ്‌ എന്റേതു കൂടിയാണ്‌. ഞാൻ യാമിനിയോട്‌ എന്നും പറയും മക്കളെ മലയാളം പഠിപ്പിക്കണം എന്ന്‌. പക്ഷേ അവൾക്ക്‌ കുട്ടികളെ മലയാളം പഠിപ്പിക്കാൻ തീരെ താൽപ്പര്യമില്ല. ഞാൻ തന്നെ പഠിപ്പിച്ചാൽ മതിയായിരുന്നു. വൈകിപ്പോയോ എന്നെനിക്ക്‌ തോന്നി. അതിന്‌ ശേഷമാണ്‌ അവരെകൊണ്ട്‌ നിർബന്ധമായും പറയിപ്പിക്കുന്നത്‌. നാട്ടിൽ ചെന്നാൽ ഇവർ മറ്റുള്ളവർക്ക്‌ ഒരു തമാശയാണ്‌.

കഴിഞ്ഞ വെള്ളിയാഴ്‌ച അരുൺ പറഞ്ഞത്‌ കേട്ട്‌ ഞാൻ ഞെട്ടി. അവന്റെ ഗേൾ ഫ്രണ്ട്‌ ദുബായിലെ ലാംസി പ്ലാസയിൽ സിനിമക്ക്‌ പോകുന്നുണ്ട്‌. അവനെ ഞാൻ ലാംസിയിൽ ഒന്ന്‌ ഡ്രോപ്പ്‌ ചെയ്യണമെന്ന്‌. കാലം പോയ പോക്കേയ്‌. സ്വന്തം അച്ഛനോടാണ്‌ പെൺകുട്ടികളുടെ കൂടെ സിനിമക്ക്‌ പോവാൻ ഡ്രോപ്പ്‌ ചെയ്യാൻ പറയുന്നത്‌. സമയം ആറുമണി ആയിരിക്കുന്നു. ഹാളിൽ അമ്മയും മക്കളും തിരക്കിലാണ്‌. എന്തൊക്കെയോ പറഞ്ഞ്‌ തർക്കങ്ങൾ നടക്കുന്നു. ബെക്കാർഡിയുടെ കൈകൾ മുഴുവനായും അയഞ്ഞിരിക്കുന്നു. എങ്കിലും കണ്ണും പൂട്ടി ഏസി യുടെ തണുപ്പിൽ ചുരുണ്ട്‌ കിടക്കാൻ ഒരു സുഖം. നാളെ ശനിയാഴ്‌ചയാണ്‌. വീണ്ടും ഒരാഴ്‌ച ഓട്ടം തന്നെ. ഒരാഴ്‌ച മുഴുവൻ അടുത്ത വെള്ളിയാഴ്‌ചക്ക്‌ വേണ്ടിയുള്ള കാത്തിരിപ്പ്‌. ആ കാത്തിരിപ്പിനും ഒരു സുഖം ഉണ്ട്‌. രാവിലെ എഴുന്നേറ്റ്‌ ജോലിക്ക്‌ ഓടുന്നു. രാത്രി വളരെ വൈകി തിരിച്ചെത്തുന്നു. ഈ യാന്ത്രികമായ ജീവിതത്തോട്‌ മടുപ്പ്‌ കയറിയിരിക്കുന്നു.

പലപ്പോഴും ഈ പ്രവാസ ഭൂമിയെ പഴിക്കാൻ ശ്രമിച്ചിട്ടുണ്ട്‌. പക്ഷേ മനസ്സ്‌ എന്നെ ഓർമ്മിപ്പിക്കും ”അരുത്‌, പഴിക്കരുത്‌….. ഒരു ഗതിയുമില്ലാതെ നടന്നിരുന്ന കാലത്ത്‌ ഒരു താങ്ങായതാണ്‌ ഈ ഭൂമി. ആത്മഹത്യയുടെ മുനമ്പിൽ നിന്ന്‌ നിന്നെ കൈ പിടിച്ച്‌ തിരികെ കൊണ്ടു വന്നതാണീ ഭൂമി. ജന്മഭൂമിയെ പോലെ ഈ ഭൂമിയും നിനക്ക്‌ മഹത്തരമാണ്‌.“

Generated from archived content: story1_sep4_10.html Author: shaji_mooleppatt

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here