ഇരുള്‍ പടര്‍ന്നു തുടങ്ങിയിരിക്കുന്നു. വടക്കുമുറിയില്‍ ബസ്സിറങ്ങി ഒരു പീടിക കോലായില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു മണിക്കൂറായി . മഴ തോരുന്നില്ല. പാതിരുട്ടി കാവിനടുത്തേക്കുള്ള ഒരു ബസ്സും വരുന്നില്ല. തുള്ളിക്കൊരു കുടം എന്ന പോലെ പെയ്യുന്ന മഴയത്ത് എങ്ങനെ വണ്ടി ഓടിക്കാനാണ്? ബസ്സ് വല്ലയിടത്തും ഒതുക്കിയിട്ട് മഴയൊന്നു തോരാന്‍ കാത്തു നില്‍ക്കുകയായിരിക്കും. ശേഖരന്‍ വാച്ചിലേക്കു നോക്കി. അഞ്ചരയേ ആയിട്ടുള്ളു എങ്കിലും ആകാശത്ത് മഴമേഘങ്ങള്‍ നിറഞ്ഞ് കാഴ്ചയെ മറച്ചിരിക്കുന്നു.
ഇനിയും നോക്കി നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. ഉടുത്തിരുന്ന കാവി മുണ്ട് മടക്കിക്കുത്തി, കുട നിവര്‍ത്തി നടക്കാന്‍ തുടങ്ങി. കാറ്റു പിടിച്ച് കുടയെ നിയന്ത്രിക്കാന്‍ ശേഖരന്‍ പാടുപെട്ടു. കാറ്റ് ശീലയില്‍ പിടിക്കുമ്പോള്‍ വില്ലുകള്‍ മുകളിലേക്കായി കുട നിസ്സഹായവസ്ഥ പ്രകടിപ്പിച്ചു. കോടേരി മലയുടെ മുകളില്‍ നിന്നും കുത്തിയൊലിച്ചുവരുന്ന മലവെള്ളം റോഡിനെ ഒരു പുഴയാക്കി മാറ്റിയിരിക്കുന്നു. പിച്ച വെച്ചു നടക്കാന്‍ പഠിക്കുന്ന കുട്ടിയേപ്പോലെ ഓരോ കാലും ശ്രദ്ധയോടെ മുന്നോട്ടു വെക്കാന്‍ ശ്രമിച്ചു. ബാല്യത്തിലും , യവ്വനത്തിലും നടന്നും ബസ്സിലും മോട്ടോര്‍ സൈക്കിളിലും എത്രയോ തവണ യാത്ര ചെയ്ത വഴിയാണിത്. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. അന്ന് ഈ വഴിയില്‍ അധികം വീടുകളില്ലായിരുന്നു. ഒരു കമ്പാര കോളനി മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ കോണ്‍ക്രീറ്റ് സൗധങ്ങള്‍ തോളോടു തോളുരുമ്മി നില്‍ക്കുകയാണ്. മാവുകളും കശുമാവുകളും നിറഞ്ഞ വഴിയായിരുന്നു ഇത്. പണ്ടത്തെയത്ര ഇല്ലെങ്കിലും പ്ലാവുകള്‍ മുഴുവനും വെട്ടിയിട്ടില്ല. നടന്നു മാവിന്‍ ചുവട്ടിലെത്തുമ്പോള്‍ ഇലകളില്‍ മഴവെള്ളം വീഴുമ്പോഴുള്ള മര്‍മ്മരം അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.
രാധ ഇപ്പോള്‍ എവിടെയായിരിക്കും ? വിശ്വന്‍ ഇപ്പോള്‍ രാധയെ കാണാറുണ്ടായിരിക്കുമോ…? പണ്ട് സ്കൂളടച്ചാല്‍ അടുത്ത ദിവസം തന്നെ വിശ്വത്തിന്റെ അടുത്തെത്തും. പിന്നെ സ്കൂളു തുറക്കുന്നത് വരെ തങ്ങാലൂരു തന്നെ. എന്റെ അമ്മാവനാണ് വിശ്വന്‍. അമ്മയുടെ ആങ്ങള. ഞങ്ങള്‍ രണ്ടു പേരും ഒരേ പ്രായക്കാരാണ്. വിശ്വന്റെ അടുത്തു വരുമ്പോള്‍ മാത്രമാണ് ഞാന്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നത് . ഞാന്‍ തങ്ങാലൂരു വന്നാല്‍ പിന്നെ ആഘോഷമാണ്. പകല്‍ മുഴുവന്‍ പറമ്പിലെ മാവിന്റെ മുകളിലായിരിക്കും. ചിലപ്പോള്‍ ചൂണ്ടയിടാന്‍ അമ്മാവന്റെ പുരയിടത്തിനരികിലൂടെ ഒഴുകുന്ന തങ്ങാലൂര്‍ പുഴയുടെ ഓരത്തായിരിക്കും. വൈകിയുള്ള സമയങ്ങളില്‍ സൈക്കിളില്‍ ആ ദേശം മുഴുവന്‍ ചുറ്റും. അങ്ങനെ ചുറ്റുന്ന ഒരു ദിവസമാണ് രാധയെ ആദ്യമായി കാണുന്നത്. മഞ്ഞ കസവു പാവാടയും കുപ്പായവുമിട്ട് പാതിരുട്ടി കാവില്‍ തൊഴുതു വരുന്ന രാധയെ ഇപ്പോഴും ഓര്‍മ്മയുണ്ട്. ഞങ്ങള്‍ ഒരിക്കലും അവളോട് സംസാരിച്ചിട്ടില്ല. വിശ്വന്‍ അവന്റെ കൂട്ടുകാരിലൂടെയാണ് അവളുടെ പേരറിഞ്ഞത്. അവള്‍ അവണൂര്‍ ശാന്ത ഹൈസ്കൂളിലാണ് പഠിക്കുന്നതെന്ന് വിശ്വന്‍ പിന്നീട് അന്വേഷിച്ചറിഞ്ഞു. എന്നും ഞങ്ങള്‍ അവളുടെ വിടിന് മുന്നിലൂടെ സൈക്കിളില്‍ പോകും. വെറുതെ ഒരു രസത്തിന് വര്‍ഷങ്ങളെത്ര കടന്നു പോയിരിക്കുന്നു. ഓര്‍മ്മകളുടെ ഭാണ്ഡവും പേറി ഇനിയെത്ര ദൂരം….?
അമ്പലത്തിനടുത്തുള്ള വെങ്കിട്ടരാമന്‍ സ്കൂളിനരികിലൂടെ ഇടത്തോട്ടുള്ള ഊടുവഴിയിലേക്ക് കടന്നു സ്കൂള്‍ അതിരില്‍ നിന്നും റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഞാവല്‍പ്പഴം ഇപ്പോഴും അവിടെയുണ്ട് . ഞാനും വിശ്വനും കൂടി എത്രയോ തവണ കയറി ഞാവല്‍ പഴം പറിച്ചിട്ടുള്ളതാണ്. റോഡിനോടു ചേര്‍ന്നു നില്‍ക്കുന്ന ഒരു വീടിന്റെ ഉമ്മറ കോലായില്‍ നിന്ന് ഒരു ശ്വാനന്‍ എന്നെ നോക്കി കുരച്ചു. അപരിചിതന്റെ വരവ് യജമാനനെ അറിയിക്കാനായിരിക്കും . ഉണ്ട ചോറിന് നന്ദി കാണിക്കുന്ന ആകെ ഒരു വര്‍ഗ്ഗമുള്ളത് ഇവര്‍ മാത്രമല്ലേയുള്ളു. ഇനി ഒരിറക്കമാണ്. പിന്നെ വിശാലമായ മുണ്ടകന്‍ പാടം. പാടത്തിനുമപ്പുറത്ത് തങ്ങാലൂര്‍ പുഴ. ഈ പുഴയൊഴുകി ചെന്നു ചേരുന്നത് അറബി കടലിലേക്കാണ്. എത്ര ദൂരം താണ്ടി, അനേക രൂപം പൂണ്ട് അവസാനം സാഗര സംഗമം. മഴ വെള്ളം വീണ് പാറയില്‍ വഴുക്കല്‍ പിടിച്ചിരിക്കുന്നു. കാലൊന്നു തെറ്റിയാല്‍ പാറയില്‍ വീണ് തല പൊട്ടും. ശേഖരന്‍ സൂക്ഷിച്ച് നടയിറങ്ങി. പാടവരമ്പ് വെള്ളത്തില്‍ മുങ്ങി കിടക്കുകയാണ്. ഒരു നിര്‍ണ്ണയം വച്ച് നടന്നു. പരിചയമില്ലാത്ത കാരണം ഒന്നു രണ്ടു തവണ കാലു വഴുക്കി കണ്ടത്തിലേക്ക് വീഴാന്‍ പോയി. തങ്ങാലൂര്‍ പുഴ കൂലം കുത്തി ഒഴുകുകയാണ്. ആ ഒഴുക്കിന്റെ ശബ്ദത്തില്‍ രൗദ്രഭാവം നിറഞ്ഞു നിന്നിരുന്നു. പുഴയുടെ കരയിലെ കൈതകൂട്ടങ്ങളില്‍ നിന്ന് കുളക്കോഴികള്‍ ഭീതിയോടെ ചിലക്കുന്നുണ്ടായിരുന്നു. പുഴയുടെ ക്രൗര്യ ഭാവം അവരെ ഭയപ്പെടുത്തുണ്ടായിരിക്കാം. തെങ്ങു തടികൊണ്ടു തീര്‍ത്ത പാലം വിറക്കുന്നുണ്ടായിരുന്നു. ഏതു നിമിഷവും പാലം ഒഴുക്കില്‍ പെട്ടു പോയേക്കാം. ഒരു വിധത്തില്‍ അക്കരയെത്തി. ഇടത് വശത്ത് കാണുന്നത് വിശ്വന്റെ പറമ്പാണ്. അച്ഛാച്ചനും അമ്മമ്മയും ഉണ്ടായിരുന്ന കാലത്ത് ഈ പറമ്പ് മുഴുവന്‍ കപ്പയും കൂര്‍ക്കയും പയറും നേന്ത്രവാഴയും കൃഷി ചെയ്തിരുന്നു. അവരെല്ലാം മണ്മറഞ്ഞ് എത്രയോ വര്‍ഷങ്ങളായി. വിശ്വന്‍ വേറെ വീട് പണിതിരിക്കുന്നു . നല്ല ഭംഗിയുള്ള വീട്. എന്റെ ഒരു പാട് സന്തോഷങ്ങളും സ്വപ്നങ്ങളും നിറഞ്ഞു നിന്നിരുന്ന ആ പഴയ ഓടിട്ട തറവാട്ടു വീടു പൊളിച്ചു മാറ്റി അവിടെയാണ് പുതിയ വീട് ഉയര്‍ന്നിരിക്കുന്നത്. മുറ്റത്തെ കരിവേപ്പ് വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നുണ്ട്.
വീടിന്റെ ഉമ്മറത്ത് ഇലട്രിക് ബള്‍ബിന്റെ മഞ്ഞ വെളിച്ചം പടര്‍ന്നു നില്‍ക്കുന്നുണ്ട്. ആരേയും ഉമ്മറത്ത് കാണുന്നില്ല. ആകാംക്ഷയോടെ ഞാന്‍ കോളിങ്ങ് ബെല്ലില്‍ വിരലമര്‍ത്തി.
‘’ ആരാ….?’‘
ഉള്ളില്‍ നിന്ന് കേട്ട വിശ്വന്റെ ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞു. വിശ്വന്‍ ഉമ്മറത്തേക്ക് വന്ന് കണ്ണട മൂക്കില്‍ കയറ്റി വച്ച് എന്നെ സൂക്ഷിച്ചു നോക്കി. എന്റെ നരച്ച നീണ്ട മുടിയും , താടിയുമുള്ള രൂപം അവന്‍ തിരിച്ചറിഞ്ഞിട്ടില്ല. അവന്‍ തടിച്ചിരിക്കുന്നു കുറവയറും ഉണ്ട് .കാലം വിശ്വനില്‍ വരുത്തിയ മാറ്റങ്ങള്‍ ഞാന്‍ നോക്കി നിന്നു.
‘’ആരാ മനസിലായില്ലല്ലോ…?’‘
‘’വിശ്വാ, ഇതു ഞാനാടാ…’‘
ഇത്ര സ്വാതന്ത്ര്യത്തോടെ ഞാന്‍ മാത്രമേ വിളിക്കാറുള്ളു.
‘’ശേഖരാ നീ എവിടെയായിരുന്നെടാ ഇത്രയും നാളും…?’‘
അവന്റെ കണ്ണില്‍ വെള്ളം നിറയുന്നത് ഞാനറിഞ്ഞു. അമ്മാവനും മരുമകനും എന്നതിലുപരി ആത്മമിത്രങ്ങളെപ്പോലെയാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്. അഴുകി മുഷിഞ്ഞതാണ് എന്റെ വേഷമെങ്കിലും ഞാനവനെ എന്റെ നെഞ്ചോട് ചേര്‍ത്ത് പുണര്‍ന്നു. എനിക്കും കണ്ണുനീരടക്കാന്‍ കഴിയുമായിരുന്നില്ല.
‘’ശേഖരാ, നീ എന്തുപണിയാടാ കാട്ടിയത്? ഒരു വിവരവും നിന്നെ കുറിച്ചില്ലായിരുന്നല്ലോ…? എത്ര വര്‍ഷമായി നീ പോയിട്ട്…?”
‘’ വിശ്വാ , ആവുന്ന കാലമത്രെയും കുടുംബത്തിനു വേണ്ടി കഷടപ്പെട്ടവനാണു ഞാന്‍. എന്നെ മനസിലാക്കാന്‍ കഴിയാത്തവര്‍ക്കു വേണ്ടിയാണ് ഞാന്‍ ജീവിച്ചത് എന്നു തിരിച്ചറിഞ്ഞപ്പോളാണ് ഇങ്ങനെ ഒരു തീരുമാനമെടുത്ത് ഇറങ്ങിയത്….’‘
‘’വിശ്വാ, നിന്നെ ഒന്നു കാണണമെന്നു തോന്നി അതാ വന്നത്’ ‘ ‘’ നന്നായി ശേഖരാ , ഇനി നീ നാട്ടില്‍ തന്നെ തങ്ങണം..’‘
കുളിയും , ഭക്ഷണവും കഴിഞ്ഞ് പുലരുന്നത് വരെ ഞങ്ങള്‍ ക്ലാവു പിടിച്ച ഓര്‍മ്മകളെ തേച്ചു മിനുക്കി. രാവിലെ വളരെ വൈകിയാണ് ഞങ്ങളുണര്‍ന്നത്. മഴ തോര്‍ന്നിരിക്കുന്നു. സൂര്യ കിരണങ്ങള്‍ പുല്‍നാമ്പുകളില്‍ തങ്ങി നിന്ന മഴത്തുള്ളികളില്‍ വര്‍ണപ്രപഞ്ചം തീര്‍ക്കുന്നുണ്ടായിരുന്നു. മനസിന് എന്തെന്നില്ലാത്ത സന്തോഷം. പണ്ട് ഓടി കയറി കളിച്ചിരുന്ന പുളിയന്‍ മാവിനും മൂവാണ്ടന്‍ മാവിനും എന്നെ പോലെ പ്രായമായിരിക്കുന്നു. ചില്ലകളില്‍ മുഴുവന്‍ ഇത്തിള്‍ക്കണ്ണികള്‍ പടര്‍ന്ന് ശിഖരങ്ങളെ ശ്വാസം മുട്ടിക്കുന്നതുപോലെ. തൊടിയുടെ അതിരില്‍ പുഴയോടു ചേര്‍ന്നു നില്‍ക്കുന്ന പ്ലാശിനും വാര്‍ദ്ധക്യം ബാധിച്ചിട്ടുണ്ട്. എത്രയോ സദ്യകള്‍ക്ക് ഇല നല്‍കിയവനാണീ വൃക്ഷം.
ഒന്നു മുങ്ങിക്കുളിക്കാന്‍ പഴയ ഓര്‍മകള്‍ പുതുക്കാന്‍ വിശ്വനേയും കൂട്ടി പുഴയുടെ പടവുകളിറങ്ങി.
‘’ ശേഖരാ, അധികം താഴേക്കിറങ്ങണ്ട നല്ല ഒഴുക്കുണ്ട്…’‘
വിശ്വന്റെ വാക്കുകളവഗണിച്ച് ശേഖരന്‍ താഴേക്കിറങ്ങി. ഒന്നു മുങ്ങി നിവര്‍ന്നപ്പോഴേക്കും കാലിന്റെ പിടി വിട്ടിരുന്നു.
‘’ ശേഖരാ …’‘ എന്നുള്ള വിശ്വന്റെ ഒരു വിളി മാത്രം കേട്ടു. പിന്നെ മുങ്ങിത്താഴലുകളുടെ ഘോഷയാത്രയായിരുന്നു . തങ്ങാലൂര്‍ പുഴ ശേഖരനേയും തോളിലേറ്റി ഒഴുകിയകന്നു. എത്രയോ ജന്മങ്ങള്‍ക്ക് മോക്ഷം നല്‍കിയവളാണീ തങ്ങാലൂര്‍ പുഴ.
Generated from archived content: story1_july5_12.html Author: shaji_mooleppatt