ദുബായിലെ മഴ

പുറത്ത്‌ മഴ കോരിച്ചൊരിയുകയാണ്‌. നീലക്കുറിഞ്ഞികൾ പൂക്കുന്ന പോലെ മരുഭൂമിയിലെ അപൂർവ്വമായ മഴ. മഴയുടെ കുളിരനുഭവിക്കാൻ ഞാൻ കുടയുമെടുത്ത്‌ ബിൽഡിങ്ങിന്‌ പുറത്തിറങ്ങി. പോലീസു വണ്ടികളുടെയും, ആമ്പുലൻസുകളുടെയും ആരവം മാത്രം. ശക്തിയേറിയ ഇടിയും മിന്നലും. പുറത്ത്‌ നടക്കുന്നത്‌ സുരക്ഷിതമല്ലെന്ന്‌ തോന്നി റൂമിലേക്ക്‌ തിരിച്ചു.

വിൻഡോ ഏസിയുടെ അരികിലുള്ള പഴുതിലൂടെ വെള്ളം കിനിഞ്ഞിറങ്ങാൻ തുടങ്ങിയിരിക്കുന്നു. മുപ്പത്തഞ്ച്‌ വർഷത്തിനുമേൽ പഴക്കമുള്ള കെട്ടിടമാണിത്‌. ചുവരുകളും ജനലും, വാതിലുകളും വാർദ്ധക്യ സഹജമായ ദുർബലതകൾ കാണിക്കാൻ തുടങ്ങിയിട്ടുണ്ട്‌. വെള്ളം കിനിഞ്ഞിറങ്ങി ചുവരരികിൽ കിടക്കുന്ന നല്ല സോഫയും, ചവിട്ടിയും നനയുമോ…..? നനഞ്ഞോട്ടെ….! ! വെറുതെ നിർവികാരനായി നോക്കിയിരിക്കാനെ എനിക്ക്‌ കഴിഞ്ഞുള്ളൂ. മഴ കണ്ട്‌ മനം കുളിർത്തിട്ടും ഒരു നിർവികാരത. ഏകാന്തതയുടെ തടവുകാരനെ പോലെ ചില്ലുജാലകത്തിനപ്പുറത്ത്‌ നിന്ന്‌ ആകാശ ചരുവിൽ നിന്ന്‌ വീഴുന്ന മഴത്തുള്ളികളെ നോക്കി നിന്നു. ഒരു കാറ്റ്‌ ചീറിയടിച്ചു. ഞാനൊന്നു ചൂളി നെഞ്ചോട്‌ കൈ ചേർത്തു പിടിച്ചു. മഴത്തുള്ളികൾ കാറ്റിനൊപ്പം ചില്ലിൽ തട്ടി ചിതറി വീണു. തൊട്ടടുത്തുള്ള കെട്ടിടത്തിനു മുകളിലെ ടി.വി. ആന്റിനക്കു മുകളിൽ ഒരു കൂട്ടം കിളികൾ നനഞ്ഞ്‌ കുതിർന്ന്‌ എങ്ങു പോകണമെന്നറിയാതെ നിസ്സഹായരായിരിക്കുന്നു. കാടും, മലകളും, പച്ചപ്പും നിറഞ്ഞ ജന്മഭൂമി വെടിഞ്ഞ്‌ മരുഭൂമി തേടി വന്ന പ്രവാസികളായിരിക്കുമോ ഇവരും….?

വെള്ളിയാഴ്‌ചയാണെങ്കിലും വൈകി അഞ്ചു മണിക്ക്‌ ഡി.സി. ബുക്‌സ്‌ തുറക്കും. ഹൈദ്രാലിയെ വിളിച്ചിരുന്നു. മുടി പറ്റെ വെട്ടി കുറ്റിതാടിയും ചുണ്ടിൽ ചെറു പുഞ്ചിരിയുമായി ഇരിക്കുന്ന ഹൈദ്രാലി തന്നെയാണ്‌ ദുബായ്‌ ഡിസിയുടെ ആകർഷണം. ഇന്ന്‌ ജോഷിയും വരാമെന്നു പറഞ്ഞിട്ടുണ്ട്‌. ഞങ്ങൾ മൂന്നുപേരും കൂടി സാഹിത്യ പുസ്‌തകങ്ങളെ പറ്റിയും, എം.ടി.യേയും, പുനത്തിലിനെയും പറ്റി ഒരു ചർച്ച. നാട്ടിൽ പുറത്തെ കലുങ്കിലിരുന്ന്‌ വാർത്തകൾ വിശകലം ചെയ്യുന്ന ഒരു പ്രതീതിയാണപ്പോൾ.

ബർദുബായിൽ നിന്ന്‌ കരാമയിലേക്ക്‌ നടക്കാൻ തീരുമാനിച്ചു. കുടയെടുത്ത്‌ പുറത്തിറങ്ങി. “മഴയത്ത്‌ നടന്ന്‌ പനിപിടിപ്പിക്കേണ്ട” എന്നു പറയാൻ ഭാര്യകൂടെയില്ല. പ്രവാസഭൂമിയിൽ എല്ലാം ഉപേക്ഷിച്ച്‌ കഴിയാൻ ആഗ്രഹമുണ്ടായിട്ടല്ല. സാഹചര്യങ്ങൾ പിടിച്ച്‌ നിർത്തുകയാണ്‌. വീടിന്റെ പണിക്കായി ദുബായ്‌ ബാങ്കിൽ നിന്നെടുത്ത ലോൺ ഇതുവരെ അടഞ്ഞു തീർന്നിട്ടില്ല. ഇനിയും രണ്ടുവർഷം വേണം അടച്ചുതീരാൻ. മക്കളുടെ പഠിപ്പിനും, വീട്ടു ചെലവിനും നാട്ടിൽ നിന്നാൽ എവിടെ നിന്നാണ്‌ പണമുണ്ടാവുക. ഈ ഏകാന്തത ചിലപ്പോൾ ഭ്രാന്തു പിടിപ്പിക്കാറുണ്ട്‌. പ്രവാസി എന്നും ഏകനാണ്‌, ഏകാന്ത പഥികൻ…. അവന്‌ സ്വപ്‌നങ്ങൾ മാത്രമേ സ്വന്തമായുള്ളൂ. അതിനേ അധികാരമുള്ളൂ. അവന്റെ വഴിത്താരകൾ ചുട്ടു പഴുത്ത മണൽ വിരിച്ചതാണ്‌. ഒട്ടകത്തെപ്പോലെ ഭാരം പേറി തളർന്നു വീഴുന്നത്‌ വരെ നടന്നേ തീരു. ദേശാടന കിളികളെപോലെ, ഒരു ദേശം അവനെ തഴഞ്ഞാൽ, അടുത്തത്‌ തേടി അവൻ പറക്കും. അത്‌ അവന്റെ ജന്മ നിയോഗമാണ്‌.

ദേഹത്ത്‌ വെള്ളം ആഞ്ഞു പതിച്ചപ്പോഴാണ്‌ ചിന്തയിൽ നിന്നുണർന്നത്‌. ഒരു മിത്‌സുബിഷി പജേറോ വാഹനം വേഗത്തിൽ പോയപ്പോൾ റോഡിലെ വെള്ളം തെറിച്ചതാണ്‌. ഉള്ളു മുഴുവൻ വെള്ളത്തിൽ മുങ്ങി കിടക്കുന്നവന്റെ ദേഹത്ത്‌ കുറച്ച്‌ വെള്ളം തെറിച്ചാൽ എന്താവാൻ….? ബർദുബായിൽ നിന്ന്‌ കരാമയിലേക്ക്‌ മൂന്നു കിലോമീറ്റർ ദൂരമുണ്ട്‌. ആഞ്ഞു നടന്നു. കുട കയ്യിലുള്ള കാരണം നടത്തത്തിന്‌ വേഗം പോര.

കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ മക്കൾ രണ്ടു പേരും കയ്യിൽ തൂങ്ങി പറഞ്ഞു…..

“അച്ഛാ ഈ വെക്കേഷന്‌ ഞങ്ങളെ ദുബായിലേക്ക്‌ കൊണ്ടുപോകുമോ…?”

“അമ്മായിയും, റിജുവും, ജീനയും വെക്കേഷന്‌ ദുബായിൽ പോകുന്നുണ്ടത്രേ…. എന്താ ജീനയുടെ ഒരു പത്രാസ്‌….”

“മക്കളെ അച്ഛൻ ഒരിക്കൽ കൊണ്ടുപോകാട്ടോ…..”

“ഈ വെക്കേഷന്‌ തന്നെ വേണം അച്ഛാ…..”

“അച്ഛന്‌ ദേഷ്യം പിടിപ്പിക്കാതെ രണ്ടാളും പോയി കളിച്ചേ…..”

വിഷമിച്ച്‌ നടന്നകലുന്ന കുരുന്നുകളെ നോക്കി നിറകണ്ണുകളോടെ നിൽക്കാനേ എനിക്ക്‌ കഴിഞ്ഞുള്ളൂ. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്‌ടപ്പെടുന്ന ഞാൻ എങ്ങനെയാണ്‌ മക്കളേയും, ഭാര്യയേയും ദുബായിലേക്ക്‌ കൊണ്ടു പോവുക….? വിസിറ്റ്‌ വിസ എടുക്കാൻ തന്നെ ഒരാൾക്ക്‌ ആയിരം ദിർഹം വേണം. പിന്നെ ടിക്കറ്റ്‌, താമസത്തിന്‌, മറ്റു ചെലവുകൾ…… മുവ്വായിരം ദിർഹം ശമ്പളം കിട്ടുന്ന ഞാൻ ആഗ്രഹിക്കുന്നതിനും ഒരു പരിധിയില്ലേ….? എല്ലാം സ്വപ്‌നങ്ങളായി തന്നെ ഇരിക്കട്ടെ. ഇത്‌ പ്രവാസികൾക്കു മാത്രമുള്ള ഒരു ഭാഗ്യമല്ലേ….. സ്വപ്‌നങ്ങൾ.

ദുബായ്‌ മെട്രോ റെയിൽ പാലത്തിനടിയിൽ റോഡ്‌ മുറിച്ചു കടക്കാൻ വേണ്ടി കുറച്ചു നേരം നിന്നു. കാറ്റ്‌ ആഞ്ഞു വീശുകയാണ്‌. കാറ്റിന്റെ മൂളലിൽ ഒരു രൗദ്രത നിറഞ്ഞു നിന്നിരുന്നു. റോഡരികിൽ നിൽക്കുന്ന ആര്യവേപ്പ്‌ മരങ്ങൾ കാറ്റിന്റെ താണ്ഡവം സഹിക്ക വയ്യാതെ നടു വളഞ്ഞ്‌ ആടുകയാണ്‌. കാറ്റടിക്കുമ്പോൾ കുട ഇടക്ക്‌ മലക്കം മറിഞ്ഞ്‌ മുകളിലേക്ക്‌ തിരിയും. ചൈനാക്കാരന്റെ കുടയല്ലേ….. അത്രയേ ഉറപ്പു കാണൂ. കാറ്റിൽ പെട്ട്‌ കുടയുടെ വില്ലുകളെല്ലാം പറിഞ്ഞു പോകുമെന്നാണ്‌ തോന്നുന്നത്‌.

കരാമ ഷോപ്പിങ്ങ്‌ സെന്ററും കഴിഞ്ഞ്‌ ഇടത്തോട്ടുള്ള ഇട വഴിയിലൂടെ നടന്നു. നിര നിരയായി പാർക്കു ചെയ്‌തിട്ടുള്ള കാറുകൾക്കിടയിൽ കുട പിടിച്ച്‌ ഒരമ്മയും മകനും നിൽക്കുന്നുണ്ട്‌. അമ്മ മകന്‌ കടലാസു വഞ്ചികൾ ഉണ്ടാക്കി കൊടുക്കുകയാണ്‌. മകൻ അത്‌ കാർ പാർക്കിൽ കെട്ടികിടക്കുന്ന വെള്ളത്തിൽ ഇറക്കുന്നു. കാറ്റിനൊത്ത്‌ വഞ്ചികൾ ഓടികളിക്കുന്നുണ്ട്‌. ഓരോ വഞ്ചിയും മുങ്ങാതെ ഒഴുകി നീങ്ങുമ്പോൾ അവന്റെ മുഖം സന്തോഷത്തിൽ തിളങ്ങുന്നു. കാറ്റടിച്ച്‌ മുങ്ങുന്ന വഞ്ചികൾ എടുത്ത്‌ വെള്ളം വീശി കളഞ്ഞ്‌ ക്ഷമേയാടെ വീണ്ടും വെള്ളത്തിലിറക്കുന്നു. വഞ്ചികൾ മുങ്ങുമ്പോൾ അവന്റെ മുഖം ംലാനമാകുന്നത്‌ കാണാം. എല്ലാം സഹിക്കാൻ അവൻ ഇപ്പോൾ തന്നെ പഠിക്കുകയാണോ….? ഇവനും ഭാവിയിൽ ഒരു പ്രവാസിയാകുമോ….? ആർക്കറിയാം !!

രാത്രി മുഴുവൻ മഴ സംഹാര താണ്ഡവം നടത്തി. ഇനിയും രണ്ടു ദിവസം കൂടി മഴയുണ്ടാവുമെന്ന്‌ ടി.വി. യിൽ പറഞ്ഞു. രാവിലെ ഓഫീസിലേക്ക്‌ പോകാൻ നിൽക്കുമ്പോഴാണ്‌ പ്രകാശന്റെ ഫോൺ വന്നത്‌. “നമ്മുടെ കുമാരേട്ടൻ ഇന്നലെ മരിച്ചു. ഹാർട്ടറ്റാക്കായിരുന്നു. മൃതദേഹം മക്‌തും ഹോസ്‌പ്പിറ്റലിലെ മോർച്ചറിയിലാണ്‌ വെച്ചിരിക്കുന്നത്‌. ഇന്ന്‌ ഉച്ചയോടെ നാട്ടിലേക്ക്‌ കൊണ്ടു പോകും…..” ഒറ്റ ശ്വാസത്തിലാണ്‌ പ്രകാശൻ ഇത്‌ പറഞ്ഞത്‌. എന്റെ കണ്ണുകളിൽ ഇരുട്ടു കയറി. ഒന്നും പറയാനാവാതെ ഞാൻ കസേരയിൽ തളർന്നിരുന്നു. ജീവിതത്തിന്റെ നിരർഥകത മനസ്സിലേക്കോടിയെത്തി. എത്ര കൊണ്ടാലും പഠിക്കാത്ത മനുഷ്യർ, എല്ലാം തിരിച്ചറിയുമ്പോഴേക്കും സമയം കടന്നു പോകുന്നു. എന്നും ഒരു വല്യേട്ടനെ പോലെ എന്തിനും ഏതിനും ഒരു താങ്ങായി നിന്ന കുമാരേട്ടൻ. സ്വന്തക്കാരെല്ലാം കയ്യൊഴിഞ്ഞ പല ഘട്ടങ്ങളിലും സഹായത്തിന്റെ തിരിനാളമായി കുമാരേട്ടനായിരുന്നു അത്താണി. കുമാരേട്ടൻ എല്ലാവർക്കും ഒരു വല്യേട്ടൻ തന്നെയായിരുന്നു. കഴിഞ്ഞ ആഴ്‌ച കണ്ടപ്പോൾ കുമാരേട്ടൻ പറഞ്ഞത്‌ ഓർമ്മ വന്നു.

“മടുത്തു മോനെ ഇവിടത്തെ ജിവിതം. ഇരുപത്‌ വർഷമായി ഇവിടെ. മകളുടെ വിവാഹം കഴിഞ്ഞിട്ടു വേണം ഇവിടെ നിന്നും പോകാൻ….”

മകളുടെ വിവാഹം കഴിയാൻ കാത്തു നിൽക്കാതെ നിയോഗങ്ങൾ പാതി വഴിയിലുപേക്ഷിച്ച്‌ കുമാരേട്ടൻ മടങ്ങി. മരണമെന്ന സത്യത്തിന്റെ കൈകളിലെ പാവയായ മനുഷ്യൻ…. നാളെയെന്തെന്നറിയാത്ത നമ്മൾ സ്വപ്‌നത്തിൻ പളുങ്കു കൊട്ടാരങ്ങൾ പണിതുയർത്തുന്നു…. നല്ല നാളേക്കു വേണ്ടി……!!! ജീവിതത്തിന്റെ മുക്കാൽ ഭാഗവും പ്രവാസ ജീവിതം നയിച്ച്‌ എന്താണു നേടിയത്‌…..?

മോർച്ചറിയിൽ നിന്ന്‌ മൃതദേഹങ്ങൾ വരിവരിയായി ആംബുലൻസിൽ കയറ്റി എയർപ്പോർട്ടിലേക്ക്‌ പോയികൊണ്ടിരുന്നു. പാകിസ്‌ഥാനി വിളിച്ചു പറഞ്ഞു. “കുമാരൻ, കാണാനുള്ളവർ വരിക…;” വെള്ള പുതച്ച്‌ കിടക്കുന്ന കുമാരേട്ടന്റെ മുഖത്ത്‌ ഒരിക്കലും കാണാത്ത ശാന്തതയായിരുന്നു. എല്ലാറ്റിൽ നിന്നും രക്ഷപ്പെട്ടു എന്നാണോ അതിനർത്ഥം.?.. “സ്വന്തം നാട്ടിൽ കിടന്നു മരിക്കണം” എന്ന്‌ കുമാരേട്ടൻ ഇടക്ക്‌ പറയുമായിരുന്നു. എല്ലാം സ്വപ്‌നങ്ങൾ മാത്രമായി. കുടുംബത്തിന്റെ കഷ്‌ടപ്പാടകറ്റാൻ ഒരു വസന്തം സ്വപ്‌നം കണ്ട്‌ പ്രവാസി കടലിന്റെ അഗാധതയിലേക്ക്‌ ഊളിയിടുന്നു. ചുരുക്കം ചിലർ മുത്തുകളുമായി മടങ്ങിവരുന്നു….. മറ്റുള്ളവർ അടിത്തട്ടിൽ പിടഞ്ഞു വീഴുന്നു. നിയതിയുടെ വിളയാട്ടങ്ങൾ ! ! !

എല്ലാം അവസാനിച്ചിരിക്കുന്നു. കുമാരേട്ടന്റെ മൃതദേഹം ആംബുലൻസിൽ കയറ്റി എയർപോർട്ടിലേക്ക്‌ തിരിച്ചു. എന്തു ചെയ്യണമെന്നറിയാതെ ഞാൻ മഴയത്ത്‌ നനഞ്ഞു കുതിർന്നു നിന്നു. നിറഞ്ഞൊഴുകുന്ന കണ്ണുനീർ മഴത്തുള്ളികളിൽ അലിഞ്ഞ്‌ ഒഴുകിയിറങ്ങി. ആമ്പുലൻസ്‌ ഒരു പൊട്ടു പോലെ കാഴ്‌ചയിൽ നിന്നുമകന്നു. മഴ കനക്കുകയായിരുന്നു.

Generated from archived content: story1_apr16_10.html Author: shaji_mooleppatt

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here