സ്വാമി വിവേകാനന്ദന്റെ നൂറ്റമ്പതാം ജന്മവര്‍ഷമാഘോഷിക്കുന്ന സന്ദര്‍ഭമാണിത്. പുതുതലമുറയ്ക്ക് ആവേശത്തിന്റെ ചിറകുകള്‍ നല്‍കിയ, ഭാരതീയയുവതയ്ക്ക് തീക്ഷ്ണ സ്വപ്‌നങ്ങള്‍ സമ്മാനിച്ച സ്വാമി വിവേകാനന്ദനെ അടുത്തറിയേണ്ടത് ഏതൊരു ഭാരതീയന്റെയും അവകാശവും കടമയുമാണ്. ആ ലക്ഷ്യപ്രാപ്തിക്കു സഹായകരമായ വിവിധ പുസ്തകങ്ങള്‍ വ്യത്യസ്ത ഭാഷയില്‍ പുറത്തിറങ്ങുന്നുണ്ട്. മലയാളത്തിലുമുണ്ട് നിരവധി വിവേകാനന്ദ കൃതികളും പഠനങ്ങളും.
ജീവചരിത്ര ഗ്രന്ഥങ്ങള്‍ നല്‍കുന്ന പാഠങ്ങളും മാതൃകയും ഏറെ പ്രധാനമാണ്. എന്നാല്‍ ചരിത്രത്താളുകളേക്കാള്‍ ബാലകര്‍ ഇഷ്ടപ്പെടുന്നത് കഥാതന്തുക്കളാണ്. ആ നിലയ്ക്കു പരിശോധിക്കുമ്പോള്‍ സ്വാമി വിവേകാനന്ദനെ കുട്ടികള്‍ക്കു മുന്നില്‍ പരിചയപ്പെടുത്താന്‍ ഉപയുക്തമായ മാര്‍ഗം കഥാകഥനം തന്നെയാണെന്നു കാണാം. ആ പരമാര്‍ഥം ഗ്രഹിച്ച ബാലസാഹിത്യകാരനാണ് സത്യന്‍ താന്നിപ്പുഴ. അതുകൊണ്ടാണ് ഈ ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
26 ലഘുകഥകളായി വിവേകാനന്ദ ചരിതവും സന്ദേശവും ഈ പുസ്തകത്തില്‍ ഇതല്‍ വിരിയുന്നു. ‘ ഏകാഗ്രചിന്ത’ എന്ന പ്രഥമാധ്യായം ജന്മവിശേഷവും ശൈശവത്തിലെ ശ്രദ്ധേയമായൊരു സംഭവവും കൊണ്ട് സമ്പന്നമാണ്. പിന്നീടങ്ങോട്ട് കുതിരസവാരി, ചിക്കാഗോ പ്രസംഗം, രാമകൃഷ്ണമഠം എന്ന എല്ലാ കഥകളിലും ‘കഥയുണ്ട്’. ഒപ്പം കാര്യവുമുണ്ട്. ‘ഉത്തിഷ്ഠത ജാഗ്രത’എന്ന അവസാന ഖണ്ഡത്തിലെത്തുമ്പോള്‍ സ്വാമിജിയുടെ മഹാസമാധിയെക്കുറിച്ചു നാം വായിക്കുന്നു.
വളച്ചുകെട്ടില്ലാത്ത ശൈലി, ചെറിയ ചെറിയ വാക്യങ്ങള്‍, സൗഹൃദ ഭാഷണത്തിന്റെ ഭാഷ, ആശയാവതരണത്തിലെ വ്യക്തത എന്നിവയെല്ലാം സത്യന്‍ താന്നിപ്പുഴയുടെ രചനകളില്‍ കാണുന്ന ഗുണങ്ങളാണ്. ജീവിത പരിസരങ്ങളില്‍ നിന്നു കണ്ടെടുക്കുന്ന വ്യക്തികളെയും സംഭവങ്ങളെയും സന്ദര്‍ഭങ്ങളെയും ആസ്പദമാക്കി എത്രയോ ബാലകഥകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. നാല്‍പതോളം ബാലസാഹിത്യ കൃതികളിലായി അവ സമാഹരിച്ചിരിക്കുന്നു. ആ രചന പരിചയത്തില്‍ നിന്നുകൊണ്ട് അദ്ദേഹമെഴുതിയ വിവേകാനന്ദ കഥകള്‍ തീര്‍ച്ചയായും മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ പ്രകാശിപ്പിക്കുന്നവയാണ്.
കഥയുടെ മധുരമാസ്വദിച്ചു കൊണ്ട് സ്വാമി വിവേകാനന്ദന്‍ എന്ന മഹാപുരുഷന്റെ ജീവിത തത്വങ്ങള്‍ ഗ്രഹിക്കാന്‍ കേരളീയ ബാലകര്‍ക്ക് ഈ ഗ്രന്ഥം അവസരമൊരുക്കുന്നു. അതുകൊണ്ട് തന്നെ ഇത് കേരളത്തിലെ ബാലക ലക്ഷങ്ങള്‍ക്ക് ഒരുത്തമ ഉപഹാരം തന്നെയായി മാറുന്നു. ഗ്രന്ഥകാരന്‍ ആമുഖത്തില്‍ കുറിക്കുന്നതുപോലെ, മഹാത്മാക്കളുടെ ജീവിതകഥകള്‍ കുട്ടികളുടെ സ്വഭാവരൂപീകരണത്തിനു വഴിയും വഴികാട്ടിയുമായി തീരുമെന്ന വിശ്വാസം ഈ ഗ്രന്ഥം ഏവര്‍ക്കും നല്‍കുന്നു.
സ്വാമി വിവേകാനന്ദ കഥകള്‍
സൈകതം ബുക്‌സ്, കോതമംഗലം
സത്യന്‍ താന്നിപ്പുഴ
പേജ്- 64
വില- 50 രൂപ
Generated from archived content: book1_aug7_13.html Author: shaji_malippara
Click this button or press Ctrl+G to toggle between Malayalam and English