സിനിമ എങ്ങിനെ യാന്ത്രികമായ ഒരനുഭവമാക്കി മാറ്റാമെന്നും, അതുവഴി സിനിമയുടെ പരാജയം എങ്ങിനെ ഏറ്റുവാങ്ങാമെന്നും സിബിമലയിൽ ‘ദേവദൂത’നിലൂടെ കാട്ടിതന്നു. ഈ പരാജയമായിരിക്കണം സിബിയെ നർമ്മത്തിന്റെ ലോകത്തേയ്‌ക്കു തിരിച്ചെത്തിച്ചത്. അതുവഴി ‘ഇഷ്‌ടം’ എന്ന സിനിമയും പിറന്നത്. അല്പം സന്തോഷിക്കാനും കുറച്ചൊക്കെ രസിക്കാനും വീട്ടുകാരോടൊപ്പം സിനിമാ തീയറ്ററിലെത്തുന്നവരെ ഈ ചിത്രം നിരാശപ്പെടുത്താനിടയില്ല. കേൾക്കാൻ സുഖമുളള ഗാനങ്ങളും, നർമ്മസുന്ദരമായ അന്തരീക്ഷവും ‘ഇഷ്‌ട’ത്തിന്റെ മാറ്റുകൂട്ടുന്നുണ്ട്. നിലവാരമില്ലാത്ത തമാശകളും അനാവശ്യ അടിപിടികളും ഒഴിവാക്കിയിരിക്കുന്നതും നന്ന്. വാർധക്യത്തിൽ ഏകാന്തരായവരെക്കുറിച്ചുളള ശ്രീനിവാസന്റെ ചില സൂചനകളിലൂടെയാണ് ഈ സിനിമ ആരംഭിക്കുന്നത്.
കുട്ടികൃഷ്‌ണമേനോനും (നെടുമുടിവേണു) മകൻ പവൻ.കെ.മേനോനും (ദിലീപ്) പിതൃപുത്രബന്ധത്തിലുപരി സുഹൃത്തുക്കളെപ്പോലെയാണ് കഴിയുന്നത്. ഭാര്യയുടെ നിയന്ത്രണത്തിൽ ഒതുങ്ങിനില്‌ക്കുന്ന മൂത്തമകനായി ശ്രീനിവാസനും ഉണ്ട്. നാലോ അഞ്ചോ രംഗങ്ങളിൽ മാത്രംവരുന്ന ശ്രീനിവാസൻ തന്റെ സാന്നിധ്യം നന്നായി ഉപയോഗിച്ചിട്ടുണ്ട്.
അടുത്ത സുഹൃത്തായ നാരായണന് (ഇന്നസെന്റ്) മേനോൻ പെണ്ണന്വേഷിച്ച് നടക്കുന്നതിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. ഇതിന്റെയൊക്കെ ഭാഗമായി ചില തമാശകളും ഗുലുമാലുകളും ഇവർ സൃഷ്‌ടിക്കാറുമുണ്ട്. ഇത് അതിരുവിടുമ്പോൾ മേനോനെ മകൻ ശാസിക്കാറുമുണ്ട്.
ഇതിനിടയിലേയ്‌ക്കാണ് അഞ്ജന (പുതുമുഖം നവ്യാനായർ) എന്ന പെൺകുട്ടി കടന്നുവരുന്നത്. പണ്ട് എഞ്ചിനീയറിങ്ങ് കോളേജിൽ വച്ച് തന്റെ മുടിമുറിച്ച പവിയോട് മധുരമായി പ്രതികാരം ചെയ്യാനൊരുങ്ങുകയാണ് അഞ്ജന. അത് ഇഷ്‌ടമായി മാറാൻ ഏറെ താമസം എടുക്കുന്നില്ല. എല്ലാ നല്ല ഓർമ്മകളും മനസ്സിൽ ഇന്നും താലോലിക്കുന്ന കുട്ടികൃഷ്‌ണമേനോൻ ഒരു വിവാഹചടങ്ങിൽവച്ച് അവിചാരിതമായി തന്റെ പഴയ കാമുകി ശ്രീദേവിയെ കണ്ടുമുട്ടുന്നു. അതോടെ കഥയ്‌ക്ക് പുതിയൊരു വഴിത്തിരിവുകൂടിയായി. അങ്ങിനെ മകന്റെ ഇഷ്‌ടങ്ങളും അച്ഛന്റെ ഇഷ്‌ടങ്ങളും ഒക്കെയായി ഈ സിനിമ മുന്നോട്ടുപോകുന്നു. ഒടുവിൽ എല്ലാ നർമ്മ സിനിമകളുടെ എന്നപോലെയും ഇതും ശുഭമായി അവസാനിക്കുന്നു. പെണ്ണന്വേഷിച്ച് പരക്കം പായുന്ന നാരായണൻ മാത്രം ഇനി ഏതുവഴിയെന്നാലോചിച്ച് പകച്ചു നില്‌ക്കുന്നുണ്ട്. അത് ഒരു വേദനയായി കാഴ്‌ചക്കാരെ സ്പർശിക്കുന്നില്ല.
‘ഒറ്റയാൾ പട്ടാളം’ എന്ന ചിത്രത്തിൽനിന്ന് ‘ഇഷ്‌ട’ത്തിലെത്തുമ്പോൾ തിരക്കഥാകൃത്ത് കലവൂർ രവികുമാർ കുറച്ച് പ്രതീക്ഷ തരുന്നുണ്ട്. അത്യാവശ്യം കണ്ടിരിക്കാം എന്നു പറയുന്ന ഒരു സിനിമയായി “ഇഷ്‌ടം” മാറുന്നു. കോടികൾ മുടക്കി സ്പിൽ ബർഗാവാൻ ശ്രമിക്കുകയും, ഒപ്പം സിനിമാവ്യവസായം തകർന്നു എന്നു വിലപിക്കുന്നവർക്കും കൊച്ചുകേരളത്തിന്റെ സാധ്യതകൾ മനസ്സിലാക്കി ഇഷ്‌ടത്തിലേക്ക് കണ്ണുതുറക്കാം. ഏറെ വലിയ കാര്യങ്ങൾ ഒന്നും പറയുന്നില്ലെങ്കിലും.
Generated from archived content: ishtam.html Author: shaji_ks