ആനന്ദിന്റെ കഥകൾ

മനുഷ്യാനുഭവങ്ങളെ ചരിത്രവൽക്കരിക്കുകയും ചരിത്രത്തെ അനുഭവവൽക്കരിക്കുകയും ചെയ്യുന്നതിൽ സമാനതകളില്ലാത്ത മലയാള ഭാവനയാണ്‌ ആനന്ദിന്റേത്‌. ചരിത്രത്തിലും മനുഷ്യാനുഭവത്തിലും ആനന്ദ്‌ അന്വേഷിക്കുന്നതാകട്ടെ, നീതി ഒരു തീപോലെ ആവേശിക്കേണ്ട സമൂഹബോധത്തേയും. 1960-കൾ തൊട്ട്‌ 2002 വരെ ആനന്ദ്‌ എഴുതിയ ചെറുകഥകളുടെ ഈ സമാഹാരം, ഒരേസമയം മലയാളകഥ ആഖ്യാനകലയിൽ നാലു പതിറ്റാണ്ടു പിന്നിട്ടതിന്റെ ചരിത്രരേഖയും ആധുനികതയിൽ നിന്ന്‌ ആധുനികാനന്തരതയിലേക്ക്‌ പരിണമിച്ചതിന്റെ രാഷ്‌ട്രീയരേഖയുമായി മാറുന്നു. ആഖ്യാനകലയിലെ രാഷ്‌ട്രീയസ്വഭാവവും ചരിത്രപരതയും മുൻനിർത്തി മുഖ്യമായും നാലു ഘട്ടങ്ങളായി ആനന്ദിന്റെ കഥകളെ വിഭജിക്കാൻ കഴിയും. രചനയിൽ നാലു പതിറ്റാണ്ടു വ്യാപിച്ചു നിൽക്കുന്ന ഈ കഥകളെ രൂപപ്പെടുത്തുന്ന ഭാവകത്വങ്ങളുടെ വൈവിധ്യവും സാമാന്യമായി സൂചിപ്പിച്ചു പോകാനേ ഇവിടെ കഴിയൂ. 1975 വരെയുളളവയാണ്‌ ആദ്യഘട്ടത്തിലെ കഥകൾ. ‘വീടും തടവും’ എന്ന സമാഹാരത്തിലാണ്‌ ഈ കഥകൾ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്‌. അതേ ശീർഷകത്തിൽ ഇവിടെയും ഈ കഥകൾ ക്രമീകരിച്ചിരിക്കുന്നു.

ഈ ആദ്യകാല കഥകളിലാണ്‌ ആനന്ദ്‌ ആധുനികതയുടെ പൊതുശീലങ്ങളിൽ പലതും സ്വാഭാവികമായി ആവിഷ്‌കരിക്കുന്നത്‌. മലയാളി എന്ന സ്വത്വം, സാഹിത്യത്തിന്റെ ‘സാഹിതീയത’ എന്നീ ഘടകങ്ങളെ ഇത്രമേൽ നിരസിച്ച മറ്റൊരു എഴുത്തുകാരൻ നമുക്കില്ല എന്നും ഈ രചനകൾ തെളിയിച്ചു.

അസാധാരണമായ മനുഷ്യാനുഭവങ്ങൾ, മൂർത്തമായ ദുരന്തങ്ങൾ, ചരിത്രപശ്ചാത്തലത്തിലുളള സംവാദങ്ങൾ, ചരിത്രത്തിന്റെ തന്നെ അന്യാപദേശങ്ങൾ എന്നിങ്ങനെ ഈ കഥകളുടെ ആഖ്യാനലോകം ‘ആൾക്കൂട്ട’ത്തിലും ‘അഭയാർത്ഥി’കളിലും മലയാളി കണ്ട ജീവിതത്തിന്റെ ഇരുണ്ട ഭൂഖണ്‌ഡങ്ങളുടെ ചെറുഖണ്‌ഡങ്ങളായി അടയാളപ്പെടുത്തുന്നു. രണ്ടാമത്തെ ഘട്ടമായി കാണാവുന്ന കഥകൾ ‘ഇര’, ‘ഒടിയുന്ന കുരിശ്‌’ എന്നീ സമാഹാരങ്ങളിലേതാണ്‌. 1975-80 കാലയളവിൽ രചിച്ചവ. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കെതിരെ മലയാളത്തിൽ എഴുതപ്പെട്ട ഏറ്റവും തീക്ഷ്‌ണമായ രചനകളിൽ ചിലത്‌ ഈ ഭാഗത്തുണ്ട്‌. ചരിത്രത്തിലും വർത്തമാനകാലരാഷ്‌ട്രീയത്തിന്‌ പരകായപ്രവേശം നൽകിയ കഥകൾ. രാഷ്‌ട്രീയ വിമർശനത്തിന്റെയും ചരിത്രവിചാരണയുടെയും സർവാധിപത്യധ്വംസനത്തിന്റെയും അലിഗറികളും ഫാന്റസികളുമാണ്‌ ഈ രചനകൾ. കുഴി, കൊടുമുടി, ബാദ്‌ഷാനാമ എന്നിങ്ങനെ. ഒരുപക്ഷേ എൺപതുകളിലെ കഥകളിൽ കാണുന്ന അതിതീക്ഷ്‌ണവും വ്യക്തികേന്ദ്രിതവുമായ ജീവിതാനുഭവങ്ങളിലേക്ക്‌ ആദ്യകാല കഥകളിൽ നിന്നുളള തുടർച്ച ഇവയിൽ അറ്റുപോകുന്നുവെന്നും പറയും.

1989-ൽ എഴുതിയ ‘ആറാമത്തെ വിരൽ’ തൊട്ടുളള കഥകളുടെ ഭാവുകത്വപരിസരം മറ്റൊന്നാണ്‌. ചരിത്രത്തിലേക്കുളള മടക്കയാത്രയിലായിരുന്നു, ഇവയിൽ ചിലത്‌. മിത്തുകളുടെ പുനരാഖ്യാനമാണ്‌ മറ്റു ചിലവ. ഇനിയും ചിലവയാകട്ടെ, സമകാലിക സമൂഹത്തിന്റെ നിശിതമായ സാംസ്‌കാരിക വിചാരണകളും. കൊളോണിയൽ ഭരണത്തിന്റേയും മുഗൾ സാമ്രാജ്യം തൊട്ടു തുടങ്ങുന്ന ഇസ്ലാം അധിനിവേശത്തിന്റെ രണ്ടാം ഘട്ടത്തിന്റെയും ചരിത്രത്തിൽ നിന്ന്‌ (16-​‍ാം നൂറ്റാണ്ട്‌) സ്വീകരിക്കുന്ന സന്ദർഭങ്ങളും പ്രമേയങ്ങളുമാണ്‌ ഈ ഘട്ടത്തിൽ ആനന്ദിന്റെ രചനകളിൽ ഏറ്റവും ശ്രദ്ധേയമായവയിലെ വിഷയം.

ഒരു എഴുത്തുകാരന്റെ രചനാകാലത്തിൽ ഇടമുറിഞ്ഞും വഴി പിരിഞ്ഞും രൂപപ്പെടുന്ന ഭാവുകത്വങ്ങൾ ചിലപ്പോഴെങ്കിലും ആ ഭാഷയിലെ കഥാസാഹിത്യത്തിന്റേതെന്നതിനേക്കാൾ അയാൾ നിലനിൽക്കുന്ന സമൂഹത്തിന്റെ രാഷ്‌ട്രീയ ജീവിതത്തിന്റെ ചരിത്രമായി മാറാറുണ്ട്‌. സമീപകാല മലയാള പശ്ചാത്തലത്തിൽ ഇത്തരമൊരു സ്ഥാനം അടയാളപ്പെടുത്തിയ എഴുത്തുകാരിൽ പ്രമുഖനാണ്‌ ആനന്ദ്‌. അറുപതുകളിലെ ചരിത്രനിഷ്‌ഠമായ സ്വത്വാന്വേഷണവും എഴുപതുകളിലെ മാനവികതയിലൂന്നിയ രാഷ്‌ട്രീയ തീക്ഷ്‌ണതയും എൺപതുകളിലെ ആധുനികതയെ പുനർവായിച്ച ചരിത്രബോധവും തൊണ്ണൂറുകളിലെ നീതിക്കുവേണ്ടിയുളള നിശിതമായ സമരബോധവും കൊണ്ട്‌ ആനന്ദിന്റെ കഥകൾ മലയാള ഭാവനയിൽ അടയാളപ്പെടുത്തുന്നത്‌ മറ്റൊന്നല്ല. വിദൂരഗ്രാമങ്ങളും മഹാനഗരങ്ങളും പദ്ധതിപ്രദേശങ്ങളും പട്ടാളത്താവളങ്ങളും യുദ്ധഭൂമികളും ഫാക്‌ടറികളും ചേരികളും കോട്ടകളും വിപണികളും ചരിത്രസ്‌മാരകങ്ങളും ലൈബ്രറികളും ഈ കഥകളുടെ സ്ഥല, കാല, മനുഷ്യാവസ്ഥകളെ പൂരിപ്പിക്കുന്നു. ചരിത്രത്തിലും വർത്തമാനത്തിലും പുരാണത്തിലും മിത്തുകളിലും നീതിക്കുവേണ്ടിയുളള മനുഷ്യന്റെ സഹനത്തെ കഥയിൽ പുനഃസൃഷ്‌ടിക്കുകയാണ്‌ ആനന്ദ്‌. ‘ആൾക്കൂട്ടം’ തൊട്ടുളള നോവലുകളെന്നപോലെ ഈ കഥകളും, ആധുനികതയിൽ നിന്ന്‌ ആധുനികാനന്തരതയിലേക്കു പരിണമിച്ച കേരളീയ സമൂഹത്തിന്റെ ബൗദ്ധിക ഭൂപടവും മലയാള കഥാസാഹിത്യത്തിന്റെ രചനാമാതൃകകളുമാകുന്നു. ആഖ്യാനകലയിൽ, വ്യക്തികൾക്കിടയിലെ മൂല്യസങ്കൽപ്പങ്ങളിൽ, വ്യക്തിയും സമൂഹവും തമ്മിലുളള സംഘർഷങ്ങളിൽ, ചരിത്രത്തിൽ, ചരിത്രത്തിന്റെ പുനർവായനകളിൽ, സംസ്‌കാരത്തിൽ, ഭരണകൂടവും മതവും നിർമ്മിക്കുന്ന വേട്ടക്കളങ്ങളിൽ, നീതിക്കുവേണ്ടി കാത്തിരിക്കുന്ന പാവം മനുഷ്യരുടെ പ്രജ്ഞയിൽ ഈ കഥകൾ നടത്തുന്ന ഇടപെടലുകൾ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, മനുഷ്യാനുഭവങ്ങളെ ചരിത്രവൽക്കരിക്കുന്നതിന്റെ ഏറ്റവും മികച്ച മലയാള കഥാമാതൃകകളുമാണ്‌.

കടപ്പാട്‌ ഃ തൃശൂർ കറന്റ്‌ ബുക്‌സ്‌ ന്യൂസ്‌ലെറ്റർ

ആനന്ദിന്റെ കഥകൾ

ആനന്ദ്‌, കറന്റ്‌ ബുക്‌സ്‌ തൃശൂർ, വില – 295.00

Generated from archived content: book1_mar24.html Author: shaji_jacob

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here