സാരാര്‍ത്ഥം പല മട്ടു കാട്ടി കവിത-
ക്കോലുന്ന കാവ്യത്തിനെ-
ച്ചേരുംവണ്ണമിണച്ചു കെട്ടി പദ പാ-
ദങ്ങള്‍ പടുത്തൂ ചിലര്‍
നേരം പോക്കിനു കോലമിട്ടു, ചിലരോ
നാല്‍ക്കാലികള്‍ തീര്‍ക്കവേ
നേരാണാളുകളോടിമാറി; നെടുനാള്‍
ശ്ലോകം രസം കെട്ടുപോയ്.
പിന്നെക്കാവ്യകുലാംഗനക്കു വഴിയേ
ചാന്തും കുറിക്കൂട്ടുമായ്
വന്നോര്‍ ചാര്‍ത്തിയ നൂപുരധ്വനികളാല്‍
ലാസ്യം തുടര്‍ന്നോമലാള്‍!
കന്നിക്കൊയ്ത്തു വരച്ചുവച്ച കവിയും,
മണ്ണിന്‍ മണം ചേര്‍ത്ത ശീല്‍
തുന്നിക്കൂട്ടിയ പാലയും സ്മരണയില്‍
തിങ്ങും മഹാ മാന്ത്രികര്‍
വാനിന്‍ ചോന്ന നിറം പകര്‍ന്നു വയലാര്‍
തൊട്ടിട്ട ഗീതങ്ങളില്‍
താനേ തല്ലിയലച്ചുണര്‍ന്നു കവിതാ-
സര്‍ഗ്ഗക്കൊടും കാറ്റുകള്‍
സ്വര്‍ണ്ണത്തൂലികയില്‍ത്തുടിച്ച കവിതാ
സാന്നിദ്ധ്യമായ് ഭാസ്കരന്‍,
ഇന്നും നിന്നു കടഞ്ഞെടുത്ത കവിതാ
സഫല്യമോയെന്‍വിയും.
കഷ്ടം പിന്നെ,യകന്നകന്നു ഗതകാ-
ലത്തിന്‍ കണികൊന്നകള്‍
പുഷ്പിച്ചില്ല,യടര്‍ന്നവിത്തു പലനാള്‍
മണ്ണില്‍പ്പുതഞ്ഞിങ്ങനെ
അഷ്ടിക്കുള്ള വകയ്ക്കു വേണ്ടിയെഴുതാ-
നാളേറെ,യിക്കാലമോ
തട്ടിക്കൂട്ടിയ ശബ്ദ, ഭാവ പരിവേ-
ഷത്തിന്‍ പുറം കാഴ്ച്ചകള്‍
ഇഷ്ടം പോലെ നടത്തിടേണ്ട കവനം,
കാവ്യാംഗനക്കൊത്ത പോ-
ലേറ്റം നല്ല പണിത്തരത്തിലഴകായ്
തീര്‍ക്കട്ടെ വസ്ത്രാഞ്ചലം
ക്ഷിപ്രം കോറിവരച്ചിടുന്ന ഗവിതാ
ഗദ്യങ്ങള്‍ കണ്ടെപ്പൊഴോ
കഷ്ടം! കൈരളി കണ്ണുപൂട്ടി, യുണരാന്‍
ഞാനെന്തു ചെയ്യേണ്ടിനി?
കാണും കാഴ്ച്ചകള്‍ മങ്ങിടൊല്ല, കലികാ-
ലത്തിന്‍ പടപ്പാച്ചിലില്‍
വേണം ചെറ്റു വെളിച്ചവും കരുണയും
തൂകിക്കിളിര്‍പ്പിക്കണം.
ചേണാര്‍ന്നോരില,യീരിലച്ചെടികളായ്
മണ്ണില്‍പ്പടര്‍ന്നോട്ടെ,യെ-
ന്നീണം കെട്ടിയ തൂലികത്തെളിമയാല്‍
ഞാന്‍ കോറിടും കാഴ്ച്ചകള്‍
Generated from archived content: poem3_june4_12.html Author: shaji.nayaramabalam