വളരെ താമസിച്ചാണ് ടോം രാവിലെ കട്ടിലിൽ നിന്നു എണീക്കുന്നത്. ക്ഷീണം കാരണം ടോം അറിയാതെ കൂടുതൽ ഉറങ്ങിപോയി. എണീറ്റതു താമസിച്ചാണെങ്കിലും, ടോമിനു ശരീരത്തിനു നല്ല സുഖം തോന്നിയില്ല. ടോമിന്റെ ഭാര്യ അപ്പോഴേയ്‌ക്കും ജോലിയ്‌ക്കു പോയി കഴിഞ്ഞു. ജോലിയ്‌ക്കു പോണോ എന്നു ടോമിനു തോന്നിയെങ്കിലും അവസാനം ജോലിയ്‌ക്കു പോകാൻ തന്നെ തീരുമാനിച്ചു. അന്തരീക്ഷം കാർമേഘം കൊണ്ടു നിറയാൻ തുടങ്ങി. കനത്ത മഴയെ അവഗണിച്ചു ടോം ജോലിയ്‌ക്കു പോകാനായി കാറിൽ കയറി. താമസിച്ചു വന്ന ടോമിനു ജോലിയിൽ കാര്യമായി ശ്രദ്ധ ചെലുത്താൻ പറ്റിയില്ല. പൊതുവെ വാചാലനായ ടോം അന്നു പൊതുവെ ശാന്തനായിരുന്നു. പനിയ്‌ക്കുള്ള തുടക്കം ആയിരിയ്‌ക്കാം എന്നു ടോം കരുതി.
അപ്രതീക്ഷിതമായിട്ടാണു ടോം ജോലി സ്‌ഥലത്തു വച്ചു ബോധരഹിതനായി തറയിലേയ്‌ക്കു വീണത്. തറയിൽ വീണ ഉടനെ തന്നെ ടോമിന്റെ ബോധം പോയി. മൂക്കിൽ നിന്നു രക്തം ശക്തിയായി ബ്ലീഡു ചെയ്യാൻ തുടങ്ങി. അടുത്തു നിന്നവർ അപ്പോഴേയ്‌ക്കും ടോമിനെ ആംബുലൻസിൽ ഹോസ്‌പിറ്റലിൽ എത്തിച്ചു. ഉടനെ തന്നെ ടോമിനെ ഇന്റെൻസീവ് കെയർ യൂണിറ്റിലേയ്‌ക്കു മാറ്റി. ടോമിന്റെ ജീവൻ രക്ഷിക്കാനായി ഡോക്‌ടർമാർ അതീവ പരിശ്രമം നടത്തി. ഇൻ ട്രാ സെറിബ്രൽ ഹെമൊറേജ് ആണെന്നു ഡോക്‌ടർമാർ പറഞ്ഞു. ഇത്തരം സൃറ്റോക്ക് വന്നാൽ തലച്ചോറു ഭാഗികമായി പ്രവർത്തന രഹിതമാകും. ടോമിനെ പിന്നീടു വെന്റിലേറ്ററിലേയ്‌ക്കു മാറ്റി.
രക്ഷപെടാനുള്ള സാധ്യത വളരെ കുറവാണെന്നു ഡോക്‌ടർ പറഞ്ഞു. ടോമിന്റെ ശരീരം ഭാഗികമായി തളർന്നു. ടോമിന്റെ സംസാരശേഷി നഷ്‌ടപെട്ടു. ഇതിനകം ടോമിന്റെ ഭാര്യ അവിടെ എത്തി. ടോമിന്റെ ഏക മകളെ ഫോൺ വിളിച്ചു വിവരം അറിയിച്ചു. ജോലി തിരക്കു കാരണം അവൾക്കു പെട്ടെന്നു ആശുപത്രിയിൽ എത്താൻ പറ്റിയില്ല. പകരം ആശുപത്രിയിലേയ്‌ക്ക് ആശംസാകാർഡോടുകൂടി പൂക്കൾ അയച്ചു കൊടുത്തു. ഡ്യൂട്ടിയിൽ നിന്ന നേഴ്‌സു ആ പൂക്കൾ മനോഹരമായ ഫേസ്സിൽ ഭംഗിയായി ടോമിന്റെ ബെഡ്‌ഡിന്റെ സമീപം വച്ചു. മണിക്കൂറുകൾ പലതും കടന്നുപോയി.
ടോമിനു രക്ഷപെടാനുള്ള സാധ്യത വളരെ കുറഞ്ഞു വന്നു. ടോമിന്റെ ആത്‌മാവു അന്ത്യയാത്രയ്‌ക്കുള്ള ഒരുക്കം തുടങ്ങി. ടോമിന്റെ സമീപം ഇരുന്ന പൂക്കൾ ടോമിന്റെ മുഖത്തേക്കു നോക്കി. വേദനയോടെ അന്ത്യ യാത്രയ്‌ക്കായി ഒരുങ്ങുന്ന ടോമിന്റെ ആത്മാവിനെ നോക്കി പൂക്കൾ പറഞ്ഞു “ഏതാനും ദിവസം ഈ മനോഹരമായ ഭൂമിയിൽ ജീവിച്ച ഞങ്ങൾ സന്തോഷമായി ഇവിടെ നിന്നു യാത്ര പറയാൻ ഒരുങ്ങുകയാണ്. എന്തിനാണു നീ വേദനിയ്‌ക്കുന്നത്?” ടോമിന്റെ ആത്മാവു ഒന്നും മറുപടി പറഞ്ഞില്ല. പൂക്കൾ വീണ്ടും പറഞ്ഞുഃ “അറുപതു വർഷത്തോളം ഈ ഭൂമിയിൽ ജീവിച്ച നീ എത്രയോ ഭാഗ്യവാനാണ്”?. ടോമിന്റെ ആത്മാവു അപ്പോഴും ഒന്നും മറുപടി പറഞ്ഞില്ല. പൂക്കൾ വീണ്ടും പറഞ്ഞുഃ “ഞങ്ങളിൽ നിന്നു പ്രവഹിയ്‌ക്കുന്ന മണം പലരെയും ആശ്വസിപ്പിച്ചിട്ടുണ്ട്. ഈ ലോകത്തിനു മറ്റൊന്നും ഞങ്ങൾക്കു കൊടുക്കാനില്ല. ഞങ്ങൾക്കു ജീവിയ്‌ക്കാൻ കിട്ടിയതു ഏതാനും ദിവസങ്ങൾ മാത്രമാണ്. ഞങ്ങൾ അതിൽ വളരെ സംതൃപ്‌തരാണ്. ടോമിന്റെ ആത്‌മാവ് അപ്പോഴും മൗനം പാലിച്ചു. സമയം പിന്നെയും ഇഴഞ്ഞു നീങ്ങികൊണ്ടിരുന്നു. ടോമിന്റെ മരണത്തിലേയ്‌ക്കുള്ള സമയം അടുത്തുകൊണ്ടിരുന്നു. ടോമിനു വേണ്ടി പൂക്കൾ മനോഹരമായ ഒരു ഗാനം ആലപിച്ചു. പൂക്കൾ പാടിയ പാട്ട് ടോമിന്റെ മനസ്സിനെ ഉണർത്തി. ടോമിന്റെ ആത്‌മാവ് ആ പൂക്കളെ നോക്കി ഇങ്ങനെ പറഞ്ഞു. ”നിങ്ങൾ പറയുന്നതു എന്റെ കാര്യത്തിൽ ശരിയല്ല.
ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച ഞാൻ ജീവിതത്തിൽ ഒരിക്കലും സുഖം അനുഭവിച്ചിട്ടില്ല. ചെറുപ്പത്തിലെ എന്റെ പിതാവു മരിച്ചു. കുടുംബത്തിന്റെ ഭാരം എന്റെ തോളിൽ ആയിരുന്നു. എന്റെ വിവാഹത്തിനുശേഷം ജീവിതത്തിന്റെ നല്ലൊരുഭാഗം ഞാൻ ചിലവഴിച്ചതു എന്റെ ഭാര്യയ്‌ക്കും എന്റെ ഏക മകൾക്കുമാണ്. ഞാൻ വിശ്രമം ഇല്ലാതെ വർഷങ്ങളോളം ജോലി ചെയ്‌തിരുന്നു. വിശ്രമം ഇല്ലാത്ത ജീവിതം എന്റെ ആരോഗ്യത്തെ തളർത്തി. കാലക്രമേണ ഞാൻ ഒരു രോഗിയായി മാറി. വിവാഹബന്ധത്തിലെ വിള്ളലുകൾ എന്നെ കൂടുതൽ രോഗിയാക്കി. എന്റെ അവസാനത്തെ മണിക്കൂറിൽ ഇവർ രണ്ടു പേരും എന്റെ സമീപത്തില്ല. എന്റെ മകൾ ജോലി തിരക്കിലാണ്. അവൾക്കു എന്നെ വന്നു കാണാൻ സമയം ഇല്ല. എന്റെ ഭാര്യ ഒരു പക്ഷെ ഏതെങ്കിലും ഇൻഷുറൻസ് ഏജന്റിന്റെ അടുത്തായിരിയ്‌ക്കും.“ അപ്പോഴേയ്‌ക്കും ടോമിന്റെ നാവു വരണ്ടു തുടങ്ങി. ശരീരത്തിന്റെ നല്ലൊരു ഭാഗവും നിലച്ചു. ടോമിന്റെ സമിപം വച്ചിരിയ്‌ക്കുന്ന പൂക്കളെ നൊക്കി പുഞ്ചിരിച്ചുകൊണ്ട് ടോമിന്റെ ആത്മാവു ഈ ലോകത്തോടു വിട പറഞ്ഞു. ഏതാനും മണിക്കൂറുകൾക്കകം ടോമിന്റെ ഭാര്യയും ബന്ധുക്കളും എത്തിയെങ്കിലും അവർക്ക് ജീവനുള്ള ടോമിനെ കാണാൻ പറ്റിയില്ല. ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി, ടോമിന്റെ ശവം ഹോസ്‌പിറ്റലിൽ നിന്നു കൊണ്ടുപോയി. ടോം അവരുടെ ബന്ധുക്കൾക്ക് വെറും ഓർമയായി അവശേഷിച്ചു. ടോമിന്റെ അവസാന നിമിഷത്തുകൂടെ നിന്ന പൂക്കളും ഉണങ്ങി തുടങ്ങി. ഉണങ്ങിയ പൂക്കളും അവസാനം മണ്ണിലേയ്‌ക്കു അലിഞ്ഞു ചേർന്നു.
Generated from archived content: story1_may14_10.html Author: shaji.george_pazhuparambil